അനിയന്‍‌സ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അനിയന്‍‌സ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

4/1/11

ഒരാത്മാവ് മണ്ണിലേക്ക് മടങ്ങുന്നത്

മണ്ണില്‍ നിന്ന്
മരണത്തിന്റെ വണ്ടി പോകുന്ന ശബ്ദം
സ്വര്‍ഗത്തിലും നരകത്തിലും ഇരുന്ന് കേള്‍ക്കുന്നവര്‍
ഒരു പുതിയ അതിഥിക്കുവേണ്ടി
എന്തെങ്കിലുമൊക്കെ ഒരുക്കി വക്കുന്നുണ്ടാവണം.
ഒടുവില്‍
ഇന്ന്
ഈ വഴിക്ക് ആരുമില്ലെന്നോര്‍ത്ത്
വീണ്ടും അടുത്ത വണ്ടിയൊച്ചക്കായി
കാത്തിരിക്കുന്നുണ്ടാവണം.
സ്വര്‍ഗത്തിലേക്കും
നരകത്തിലേക്കുമല്ലാതെ
മരിച്ചവന് യാത്ര ചെയ്തുപോകാന്‍
ഇനിയൊരു ലോകമെവിടെയെന്ന്
ആരെങ്കിലും അമ്പരക്കുന്നുണ്ടാവണം...
ഞാന്‍ കണ്ടിരുന്നു,
മരങ്ങളുടെ മുകളില്‍
മണ്ണിലെ സ്‌നേഹത്തിന്റെ
മണം ശ്വസിച്ച്
ഒരാത്മാവ്
നിന്നിലേക്കുറ്റുനോക്കുന്നത്്...

19/12/10

എവിടെയുമാകാമല്ലോ

എവിടെയുമാകാമല്ലോ...

മരിച്ചവര്‍

മണ്ണ് തൊട്ടശുദ്ധമാക്കാതിരിക്കാന്‍

ശവം പാകം ചെയ്തുതിന്നുന്ന

ആമസോണിലെ ഗോത്രക്കാര്‍ക്കിടയില്‍,

ജീവിച്ചിരിക്കുന്നവര്‍

ദൈവത്തെ തൊട്ടുപോകാതിരിക്കാന്‍

അറിവുകൊണ്ട് മതിലുകെട്ടുന്ന

പുതുഗോത്രങ്ങള്‍ക്കരികില്‍...

എവിടെയുമാകാമല്ലോ...

ജീവിതത്തിനും മരണത്തിനും മധ്യേ

കഴിഞ്ഞുപോകുന്നവന്റെ

പട്ടിണിക്കാലവും

കുഴഞ്ഞുവീഴുന്നവന്റെ വാര്‍ദ്ധക്യവും.

അടുപ്പില്‍ തിളക്കുന്ന

മസാലക്കൂട്ടുകളില്‍

ചേര്‍ത്തിളക്കാന്‍

ഒരു ജന്മത്തിന്റെ ചോരയും മാംസവും മാത്രം

ശേഷിപ്പിക്കുന്നവന്റെ പിന്നിലൂടെ ചെന്ന്

ഒറ്റ മുരള്‍ച്ചകൊണ്ട് ഞെട്ടിക്കുവാന്‍

കഴുകനാവുകയൊന്നും വേണ്ട,

കാക്കക്കരച്ചിലിന്റെ പരുത്ത ശബ്ദം പോലും വേണ്ട,

ഒരു നിഴലനക്കം മാത്രമായാല്‍ മതി.

അത്

എവിടെയുമാകാമല്ലോ...

പരസ്പരം ചോര പുരട്ടി

എയ്‌തൊഴിക്കുന്ന അമ്പിന്

വിഷച്ചുവയാണെന്ന് എപ്പോഴും ഉറപ്പിക്കുന്ന

നഗരത്തിരക്കിലോ

നിന്റെ ശബ്ദം അകന്നുപോയിടത്ത്

നിറച്ചുവച്ച നിശബ്ദതയിലോ

എവിടെയുമാകാമല്ലോ,

വേട്ടക്കാരന്റെയും ഇരയുടെയും

സ്വപ്‌നങ്ങള്‍ ഒരുമിച്ച്് തന്റേതാക്കിത്തീര്‍ക്കുന്ന

ഗതികേടുകാരന്റെ

തുടക്കവും ഒടുക്കവും..

28/9/09

കാടും മലകളും പുഴയും

അപ്പുറത്തും
ഇപ്പുറത്തുമായി നിൽക്കുമ്പോൾ
നിശബ്ദതയുടെ
ഒരു കുത്തൊഴുക്ക്
നമുക്കിടയിലൂടെ കടന്നുപോകുന്നതിനെയാവണം
പുഴയെന്ന് വിളിക്കുന്നത്.
സ്പർശത്തിന്റെയോ
ഒരു പുഞ്ചിരിയുടെ പോലുമോ
ശൂന്യത
വളർന്നു വളർന്നു പോകുന്നതിനെയാവണം
മല എന്ന് പറയുന്നത്.
കൊമ്പുകളും
ദംഷ്ട്രകളും പോലെ
മൂർച്ചകൂട്ടപ്പെടുന്ന സ്നേഹമില്ലായ്മയെയാവണം
കാടെന്ന് കണ്ടുപോകുന്നത്.
ഇനി പറയൂ,
ഈ കാടും മലകളും പുഴകളുമൊന്നുമില്ലാതെ
എന്താണൊരു ജീവിതം?

24/9/09

കഷ്ടപ്പാട്

സത്യം പറയാം സാറേ..
അവിടെം ഇവിടേം
തൊട്ടുനോക്കി വെറുതെയങ്ങനെ
നിന്നെന്നേയൊള്ള്.
അമ്മച്ചിയാണെ
സാധനം അടിച്ചുമാറ്റാനൊന്നും
എന്നെക്കൊണ്ട് കൊള്ളൂല്ല.
അപ്പറത്തൂടെ
ഇന്നാളെനിക്ക് കടം തന്ന
ഒരു തായോളി വരുന്നൊണ്ട്.
എപ്പം കണ്ടാലും കാശ് ചോദിച്ചുകളയും.
കൊടുക്കാനല്ലെങ്കിപ്പിന്നെ
ആരേലും കടം വാങ്ങിക്ക്വോ?
ഇപ്പം ഇല്ലാത്തോണ്ടല്ലീ,
അത് അങ്ങേരും അറിയണ്ടേ?
വെറുതെ ചോദിപ്പിക്കണ്ടെന്ന് വിചാരിച്ച്
ഇപ്പറത്തോട്ട് മാറി നിന്നെന്നേയൊള്ള്.
അതിന് സാറിനെപ്പോലത്തെ മാന്യമ്മാര്
ഇങ്ങനക്കെ പറഞ്ഞാലാ?
ഒന്നുമില്ലേലും നമ്മക്കൊക്കെ വരൂല്ലീ സാറേ
കഷ്ടപ്പാടുകള്...

20/9/09

കിട്ടുന്നേയില്ല ആ വാക്ക്

ഒറ്റ വരിയിൽ
വരചുതീർക്കുന്നതാണ്
കവിതയെങ്കിൽ
ചങ്ങാതീ ഞാൻ നിങ്ങളെ
ബോറടിപ്പിച്ചുകൊണ്ടേയിരിക്കും.
ഒറ്റവാക്കിൽ
എഴുതി നിർത്താവുന്നതാണ്
ജീവിതമെങ്കിൽ
ആ വാക്ക് കിട്ടും വരെയും
ഞാൻ തിരഞ്ഞുകൊണ്ടേയിരിക്കും.

14/9/09

കാവ്യനീതി

അവടെയൊരു പങ്കജാക്ഷൻ കടൽ വർണ്ണൻ...
എന്നാലും എന്റെ ഏലിച്ചേടത്തീ,
പ്രായമായ പെങ്കൊച്ചുങ്ങളല്ലിയോ.
പെൺപിള്ളാരക്ക് അറിയത്തില്ലേൽ
തള്ളേം തന്തേമല്ലിയോ
പറഞ്ഞുകൊടുക്കണ്ടത്..
ഇത് മൂടും മൊലേം കുലുക്കി,
നാട്ടുകാരടെ മുമ്പീക്കെടന്ന്...
അശ്ശേ, ഓർത്തിട്ടുതന്നെ
എനിക്ക് ഏതാണ്ടുപോലക്കെ വരുന്നൊണ്ട്.
ആ, കണ്ടിട്ടും പടിക്കാൻ മേലെങ്കില്
കൊള്ളുമ്പം പടിച്ചോളും...

എന്റമ്മച്ചീ,
ഒരു മതിലിന്റെ അപ്പറേം ഇപ്പറേം ഇരിക്കുമ്പഴ്
അവരിങ്ങനക്കെ
പറായാൻ കൊള്ളാവോ?
അസൂയയാന്നേ..
അവിടേം ഒണ്ടല്ലോ ഒരാൺ വിത്ത്.
ചുക്കിനും ചുണ്ണാമ്പിനും
കൊള്ളുവേല.
അയ്യേഎസീനു പടിക്കുവാണന്നല്ലിയോ
പോക്കുകണ്ടാ തോന്നുവൊള്ള്.
എല്ലാരേം ജയിപ്പിച്ചിട്ടും സർക്കാര്
പന്ത്രണ്ടാം ക്ലാസ്സില്
മൂന്നുവട്ടം തോപ്പിച്ചിട്ടിരിക്കുവാ
ആ ചെക്കനെ.

എന്തോന്നാ സാറേ,
ഇതിലൊക്കെ എന്തോന്നാ ഇത്ര മോശം?
രണ്ടും അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത വർഗവാ.
എന്നെക്കൊണ്ട് ഇതക്കെയല്ലേ സാറെ ചെയ്യാമ്പറ്റൂ.
ഇത്രയേലും ചെയ്തില്ലേ
എന്തോന്നാ സാറേ, അതിന്റെയൊരു...
ഒരു... കാവ്യനീതി?

13/11/08

തോന്നല്‍

എന്തൊരു ശൂന്യത.
ഇന്നലെ
നീ ഇവിടെയുണ്ടായിരുന്നപ്പോള്‍
ആരുമില്ലെന്ന തോന്നല്‍..
ഇന്ന്
നീ പോയപ്പോള്‍
‍ആരോ ഇല്ലാതാ‍യെന്ന്...
നാളെ
നീ തിരിച്ചുവന്നാലും ഉണ്ടാകും
ആരോ വരാനുണ്ടെന്ന തോന്നല്‍..
നിന്റെ ശബ്ദം,
വല്ലാത്തൊരു മൌനം പോലെ.
ഹൃദയമിടിപ്പുകള്‍
‍വല്ലാത്ത മുഴക്കത്തോടെ.
എടുക്കാത്ത ഒരു നാണയം
എവിടെയോ കിലുങ്ങുന്നുണ്ട്.
അതും വെറുമൊരു തോന്നലാവുമോ?

29/10/08

ചുംബനം

ഓരോ തിരയും
കടലിലേക്കുതന്നെ
മടങ്ങാനുള്ളതാണെന്ന്
ചുംബനത്തിനായി
അടുക്കുന്ന രണ്ട് ചുണ്ടുകളെ
എപ്പോഴും ഓര്മ്മിപ്പിക്കേണ്ടിവരുന്നു.
എന്നിട്ടും
ഒരിക്കലും മടങ്ങാത്ത
ഒരു തിരയെ
എന്റെ ചുണ്ടുകള്
കൊതിച്ചിരിക്കുന്നതെന്തിന്?

8/10/08

ഷേക്സ്പിയര്‍ പറയാത്തത്

നിന്നെ
പ്രണയിക്കുന്നതുകൊണ്ട്
കൊല്ലാതെവയ്യെന്ന്
ഒഥല്ലോ
ഡെസ്ഡിമോണയോട്
പറഞ്ഞിരുന്നുവോ?
ഇല്ലെങ്കില്‍,
ഇല്ലെങ്കില്‍ മാത്രം
എനിക്ക് നിന്നോട്
അങ്ങനെ പറയാമായിരുന്നു.
അതിനിടയില്‍ ഒരു ഇയാഗോയുടെ
ആവശ്യമൊന്നുമില്ലെങ്കിലും.
പ്രണയം കൊലപാതകമാകുന്നത്
അസൂയയില്‍ മാത്രമൊന്നുമല്ലെന്ന്
എഴുതിവച്ച്
എനിക്ക് ചരിത്രത്തിലേക്ക്
കടക്കണം.

21/9/08

ജീവിതം എന്നെ എന്ത് പഠിപ്പിച്ചു?

കണ്ടിട്ടേയില്ല ‍

ഇതുവരെയും,

ജീവിതം എന്നെ എന്ത് പഠിപ്പിച്ചു

എന്ന ചോദ്യത്തിന്

സന്തോഷത്തോടെയോ

ദു:ഖത്തോടെയോ മരിക്കാന്‍

‍എന്ന് പറയുന്ന

ഒറ്റയാളെപ്പോലും...

മരണം പഠിക്കാനല്ലെങ്കില്‍

പിന്നെന്തിനാണ് ചങ്ങാതീ

ഇങ്ങനെയൊരു ജീവിതം?

16/9/08

വഴി

തെക്കേയറ്റത്തുനിന്നും
നടന്നു തുടങ്ങുമ്പോഴാണ്
കണ്‍ഫ്യൂഷന്‍.
വഴി വടക്കോട്ട് മാത്രമല്ല.
കിഴക്കും പടിഞ്ഞാറും
ടാറിട്ടും ഇടാതെയും
കറുത്തും ചുവന്നും...
ഒത്ത നടുക്കായാലോ
തെക്കോട്ടും നടക്കാം,
കൈത്തോട് ചാടിയും
ചെളിയില്‍ ചവിട്ടിയും.
വീട്ടിലേക്ക്
ഏതാണ് വഴിയെന്ന്
ചോദിക്കുമ്പോഴാണ്
കുട്ടിക്കാലത്തേക്ക്
തിരിച്ചുനടക്കാനുള്ള
വഴി തേടുന്നത്.
ഒരു ദിക്കിലും കാണുന്നില്ല,
കുരുത്തക്കേടുകളുടെ
വ്യാകരണപ്പിശകുകള്‍ കലര്‍ന്ന
ഒറ്റവഴി പോലും...

ആരും വായിക്കാത്തത്

കവിത

ആരും വായിക്കാത്ത

ഒരു വാക്കായിപ്പോയത്

ആരും എഴുതിവക്കാത്തതുകൊണ്ടാണ്,

എഴുതാന്‍ ആരുമില്ലാത്തതുകൊണ്ടല്ല.

16/8/08

പകരം വീട്ടല്‍

ഇനിവയ്യ എനിക്കിതൊന്നും താങ്ങാന്‍
അങ്ങനെയ്യങ്ങ് വിട്ടുകൊടുക്കാനും
എങ്ങനെയാണ് ഒന്ന് പകരം വീട്ടുക?
ഒളിച്ചിരുന്ന്,
അല്ലെങ്കില്‍ കൂലിക്ക്
ആളിനെയെടുത്ത്.
വേണ്ട
ഈ ജീവിതം ഇങ്ങനെയങ്ങ്
ജീവിച്ചുതീര്‍ക്കാം.
അവനവനോട്
പക തീര്‍ക്കേണ്ടി വരുമ്പോള്‍
വരും തലമുറയെക്കുറിച്ചോര്‍ത്ത്
നെടുവീര്‍പ്പിട്ടിട്ട് കാര്യമില്ലല്ലോ.

8/8/08

ഗര്‍ദ്ദഭം

എത്രയോ നാളുകളായി
ചുമന്നുകൊണ്ട് നടക്കുന്നു
എന്നിട്ടും ഇതുവരെ
എന്നെയൊന്ന് കണ്ടിട്ടേയില്ല ഞാന്‍

7/8/08

സൂക്ഷിച്ചുവയ്ക്കാം

എന്തൊക്കെയോ പറയാനുണ്ടായിരുന്നല്ലോ..
പറഞ്ഞു തീര്‍ക്കേണ്ട,
വാക്കുകള്‍ തീരുന്ന കാ‍ലത്ത് ഉപയോഗം വരും.