വിവര്‍ത്തനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിവര്‍ത്തനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

21/3/10

ലോക കവിത

മൊഴിമാറ്റം  ബിജുരാജ്
      ഫലസ്തീന്‍ കവിത
നദാലി ഹന്‍‌ദാല്‍  


ബെത്‌ലെഹേം

രഹസ്യങ്ങള്‍ നമ്മുടെ ചുവടുകള്‍ക്കിടയിലെ അകലങ്ങളില്‍ ജീവിക്കുന്നു.
മുത്തശ്ശന്റെ വാക്കുകള്‍ എന്റെ സ്വപ്നങ്ങളില്‍ മുഴങ്ങി;
വര്‍ഷങ്ങള്‍ മുത്തശ്ശന്റെ ജപമാലയേയും പട്ടണത്തേയും കാത്തുവെച്ചു.
ഞാന്‍ ബെത്‌ലെഹേം കണ്ടു.
എല്ലാം പൊടി നിറഞ്ഞ ഒഴിഞ്ഞ പട്ടണം.
ഒരു വാര്‍ത്താപത്രത്തിന്റെ കീറിയ ശകലം
അതിന്റെ ഇടുങ്ങിയ തെരുവുകളില്‍ നഷ്ടപ്പെട്ടിരിക്കുന്നു.
എല്ലാവരും എവിടെയായിരുന്നിരിക്കും?
ഭിത്തികളിലെ വരകളും കല്ലുകളും ഉത്തരം പറഞ്ഞു.
എവിടെയായിരുന്നു ശരിക്കുമുള്ള ബെത്‌ലെഹേം-
എന്റെ മുത്തശ്ശന്‍ വന്നയിടം?
കൈലേസുകള്‍ എന്റെ കൈകളിലെ വേദനകളെ ഉണക്കി.
ഒലിവുമരങ്ങളും കണ്ണീരും ഓര്‍മ്മിക്കുന്നത് തുടര്‍ന്നു.
ഞാന്‍ പട്ടണത്തിലൂടെ നടന്നു.
വെള്ളമേല്‍ക്കുപ്പായം ധരിച്ച വൃദ്ധനായ അറബിയുള്ളിടം വരെ.
അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തി ഞാന്‍ ചോദിച്ചു:
‘നിങ്ങളല്ലേ എന്റെ മുത്തശ്ശന്റെ കഥകളില്‍ ഞാന്‍ അറിഞ്ഞ മനുഷ്യന്‍?‘
എന്നെ ഒന്നു നോക്കിയ ശേഷം അയാള്‍ അവിടം വിട്ടുപോയി.
ഞാനയാളെ പിന്തുടര്‍ന്നു-
എന്തുകൊണ്ട് സ്ഥലം വിടുന്നു എന്ന് ചോദിച്ചു?
അയാള്‍ നടത്തം തുടര്‍ന്നതേയുള്ളൂ.
ഞാന്‍ ചുറ്റും നോക്കി അറിഞ്ഞു;
തന്റെ കാല്‍ച്ചുവടുകള്‍ക്കിടയിലെ അകലങ്ങളില്‍
അയാള്‍ രഹസ്യങ്ങള്‍ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു.

മൊഴിമാറ്റം:ബിജുരാജ്

ഫലസ്തീന്‍ കവിയും എഴുത്തുകാരിയും നാടകകൃത്തുമാണ് നദാലി ഹന്‍‌ദാല്‍.1969ല്‍ ഹെയ്തിയില്‍ ജനിച്ചു.ബെത്‌ലെഹേമില്‍ നിന്നുള്ളവരാണ് അച്ഛനും അമ്മയും.യൂറോപ്പ്,അമേരിക്ക,കരീബിയ,ലാറ്റിന്‍ അമേരിക്ക,അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ജീവിച്ചു.ഇരുപതിലധികം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.ചിലത് നിര്‍മ്മിക്കുകയും ചെയ്തു.വിവിധ ഭാഷകളിലേക്ക് കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.‘ലൌ ആന്‍ഡ് സ്ട്രെയിഞ്ച് ഹോഴ്സസ്‘,‘ദ ലിവ്സ് ഓഫ് റെയ്‌ന്‍‘,‘ദ നെവര്‍ ഫീല്‍ഡ്’ തുടങ്ങിയവയാണ് കൃതികള്‍.നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.





                   മൊഴിമാറ്റംബിജുരാജ്
രണ്ട് ദക്ഷിണാഫ്രിക്കന്‍ കവിതകള്‍ 


ക്‍ജഫില ഒയ മഗോഗോഡി

ഓടുന്ന ഭക്ഷണം

മുത്തശ്ശി പറയുമായിരുന്നു
ഓടുമ്പോള്‍ ഭക്ഷണം കഴിക്കരുതെന്ന്.
പക്ഷേ ഈ ദിനങ്ങളില്‍ പാത്രങ്ങള്‍ക്ക്
കാലുകള്‍ മുളച്ചിരിക്കുന്നു
ഭക്ഷണം ഓടിക്കൊണ്ടിരിക്കുന്നു.
ആവശ്യക്കാരനില്‍ നിന്ന്
അത്യാഗ്രഹിയിലേക്ക്.

അരങ്ങ്

ദൈവം ഉണ്ടായിരുന്നു
ഇവിടെ.
ഓടിയകന്നു.
കവി അരങ്ങിലേക്ക്
വന്നപ്പോള്‍.

ക്‍ജഫില ഒയ മഗോഗോഡി 1968 ല്‍ ദക്ഷിണാഫ്രിക്കയിലെ ജൊഹെന്നസ് ബര്‍ഗില്‍ ജനിച്ചു.ജാസ് സംഗീതകാരന്‍,കവി,നാടക സംവിധായകന്‍,അധ്യാപകന്‍,എന്നീ നിലകളില്‍ പ്രശസ്തന്‍.വിറ്റ്വാട്ടേഴ്സ് സ്റ്റാന്‍ഡ് സര്‍വകലാശാലയില്‍ അധ്യാപകനാണ്.രാജ്യാന്തര ഷോകളില്‍ നാടകവും സംഗീതവും അവതരിപ്പിച്ചിട്ടുണ്ട്.‘ദ കോണ്ടം കം’,‘ഔട്ട് സ്പോക്കണ്‍’,‘ഐ മൈക്ക് വാട്ട് ഐ ലൈക്ക്’ എന്നിവയാണ് കൃതികള്‍.



  മൊഴിമാറ്റം വെള്ളെഴുത്ത്
            സിറിയന്‍   കവിത

അഡോണിസ്  








Courtesy Photo: Petr Machan/Prague Writers' Festival


കസേര
(ഒരു സ്വപ്നം)


വളരെ നാളുകൾക്ക് മുന്‍പ്
നഗരത്തെനോക്കി
ഞാന്‍ നിലവിളിച്ചിരുന്നു :

ഉള്ളുപൊള്ളയായ ലോകമേ
നിന്നെയാണല്ലോ ഞാൻ കൈകളിൽ
മുറുക്കിപ്പിടിച്ചിരിക്കുന്നത്

നാളുകൾക്ക് മുൻപ്,
കപ്പലിനെ നോക്കി ഞാന്‍
കലമ്പിയിരുന്നു

റോസാദളങ്ങളേക്കാൾ ചുവന്ന
തീജ്വാലകൾക്കുള്ളിൽ നിന്നാണ്
എന്റെ പാട്ടു് വരുന്നത്.
അല്ലെങ്കിൽ
അവ ഒന്നുമല്ല.

ഇപ്പോൾ
തീരെ വയ്യ.
കുട്ടികളേ,
നിങ്ങളും
കടലുകളും
എന്നെ തളർത്തിയിരിക്കുന്നു.
എനിക്ക്
എന്നെ തന്നെ മടുത്തിരിക്കുന്നു.

പേരക്കുഞ്ഞുങ്ങളേ,
ഇനി ആ കസേരയിങ്ങു കൊണ്ടു വരുമോ?

അഡോണിസ്
അലി അഹമ്മദ് സെയ്ദ് എന്നാണ് ശരിയായ പേര്. 1930 ൽ സിറിയയിൽ ജനിച്ചു. വിഅമർശകനും വിവർത്തകനും കവിയും പത്രാധിപരുമായ ‘അഡോണിസ്’ സമകാല അറബ് സാഹിത്യത്തിൽ ഏറ്റവും അധികം അറിയപ്പെടുന്ന വ്യക്തിത്വമാണ്. The Blood of Adonis, Transformations of the Lover, If Only the Sea Could Sleep, The Pages of Day and Night, A Time Between Ashes And Roses തുടങ്ങിയ കൃതികൾ ഇംഗ്ലീഷിൽ ലഭ്യമാണ്.





മൊഴിമാറ്റം കാഞ്ചന ജെ എസ്
                        ഇംഗ്ലീഷ് കവിത
ക്രിസ്റ്റീന ജോർജിന റോസ്സെറ്റി


ചിലപ്പോൾ ഞാൻ ഓർമ്മകളിൽ ജീവിക്കും


പ്രിയപ്പെട്ടവരേ,
ഞാൻ മരിച്ചാൽ എനിക്കു വേണ്ടി
ദുഃഖഗാനങ്ങൾ ആലപിക്കരുതേ;
റോസാപുഷ്പങ്ങൾ കൊണ്ട്
ശിരസ്സ് അലങ്കരിക്കരുതേ;
സൈപ്രസ് മരത്തിന്റെ തണലിൽ
കിടത്തരുതേ;
മഴയും മഞ്ഞുതുള്ളികളും നനഞ്ഞ
പച്ചപുല്ലുകൾ എനിക്കുമീതേ വളരട്ടേ
അവ, ഉണങ്ങിയാൽ ഓർമ്മിക്കുക
അവ ഉണങ്ങിയാൽ, മറന്നേക്കുക

ഞാൻ നിഴലുകൾ കാണില്ല
മഴയെ അറിയില്ല
രാപ്പാടിക്കുയിലിന്റെ വേദന നിറഞ്ഞ
ഗാനം കേൾക്കില്ല
ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യാത്ത
നാട്ടുവെളിച്ചത്തിലിരുന്ന്
കിനാവു കാണുകയാണു ഞാൻ

ചിലപ്പോൾ
ഞാൻ ഓർമ്മകളിൽ ജീവിക്കും
ചിലപ്പോൾ
ഞാൻ വിസ്മരിക്കപ്പെടും.


ക്രിസ്റ്റീന ജോർജിന റോസ്സെറ്റി 
(1830- 1894) ലണ്ടനിൽ ജനനം. Goblim Market എന്ന ദീർഘകാവ്യം സാഹിത്യലോകത്ത് പ്രശസ്തയാക്കി. The Prince's Progress and Other Poems, In the Bleak midwinter, Up-Hill, Love come down at Christmas, All flesh is grass എന്നിവ പ്രധാനകൃതികൾ.
 കാഞ്ചന ജെ എസ്
പ്ലസ് വൺ ശാസ്ത്രം
ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
കരമന, തിരുവനന്തപുരം

30/1/10

ദാഹം- എസ്.അബ്ദുല് റഹിമാന്


വേലിപ്പുറത്തേക്ക് നീണ്ട
ശിഖരങ്ങള് വെട്ടിയരിഞ്ഞ
തോട്ടക്കാരാ
പിരിഞ്ഞിഴഞ്ഞ്
വേലിക്കടിയിലൂടെ
നൂഴുന്ന വേരുകളെ
എന്തു ചെയ്യും?

തിരിയും വെട്ടവും- നിസ്സാറ് ഖബ്ബാനി


വെട്ടം
റാന്തലിനെക്കാള്
മുഖ്യം
നോട്ടുബുക്കിനെക്കാള്
കവിതയും
ചുണ്ടുകളെക്കാള്
ചുംബനവും
മുഖ്യം

എന്നെയും നിന്നെയുംകാള്
പ്രധാനം ഞാന് നിനക്കയച്ച
കത്തുകള്

നിന്റെയഴകും
എന്റെ ഭ്രാന്തും
ലോകമറിയുവാന്
അവ മാത്രമാണ്
ആധാരം

ഈ ലോകത്ത്- ഇസുമി ഷികിബു


ഈ ലോകത്ത്
പ്രണയത്തിന്
നിറമില്ലല്ലോ
എന്നിട്ടും
എന്റെയുടലില്
എത്രയാഴത്തിലാണ്
നിന്റെയുടലിന്റെ
കറ പുരളുന്നത്?

വേനലില്- നിസ്സാറ് ഖബ്ബാനി


തീരത്ത്
വേനല് കായുമ്പോള്
നിന്നെയോറ്ക്കും
കടലിനോട് നിന്നെക്കുറിച്ച്
ഞാന് പറഞ്ഞുവെങ്കില്
തീരങ്ങളുപേക്ഷിച്ച്
ചിപ്പികളും മീനുകളും
ഇട്ടെറിഞ്ഞ് അത്
എന്നോടൊപ്പം
പോരും

ഓരോ ചുംബനവും- നിസ്സാറ് ഖബ്ബാനി


നീണ്ട വിരഹം കഴിഞ്ഞ്
നിന്നെയുമ്മവെക്കുമ്പോള്
തിരക്കിട്ടെഴുതിയ പ്രണയലേഖനം
ചുവന്ന എഴുത്തുപെട്ടിയിലേക്ക്
ഇടുകയാണെന്ന് തോന്നും

ഭാഷ- നിസ്സാറ് ഖബ്ബാനി


ഒരു കാമുകനെങ്ങനെ
ഉപയോഗിക്കും
പഴകിപ്പിഞ്ഞിയ വാക്കുകള്?
കാമുകനു വേണ്ടി
ദാഹിക്കുന്ന ഒരുവള്
ഭാഷാപണ്ഡിതന്റെയോ
വ്യാകരണവിദഗ്ധന്റെയോ
കൂടെക്കിടക്കണമെന്നുണ്ടോ?

എന്റെ പെണ്ണിനോട്
ഞാനൊന്നുമുരിയാടിയില്ല
പ്രണയത്തിന്റെ വിശേഷണങ്ങള്
പെട്ടിയിലാക്കി
എല്ലാ ഭാഷകളില് നിന്നും
രക്ഷപ്പെട്ട്
പലായനം ചെയ്തു

23/10/09

നിശ്ശബ്‌ദലോകം

[ Jeffrey McDaniel (1967 / Philadelphia, Pennsylvania) എഴുതിയ The Quite World എന്ന കവിതയുടെ വിവര്‍ത്തനം. ]

പരസ്പരം കണ്ണില്‍ നോക്കല്‍
കൂടുതലാക്കാന്‍
സർക്കാർ ഓരോ ആൾക്കും
ദിവസം ഉപയോഗത്തിന്‌
നൂറ്റി അറുപത്തേഴുവാക്ക്‌
എന്നു നിശ്ചയിച്ചു

ഫോണടിച്ചാൽ, ഹലോ പറയാതെ
ഞാനത്‌ കാതോടുചേർക്കും
റസ്റ്റോറന്റിൽ ചിക്കൻ നൂഡിൽ
സൂപ്പിനുനേരേ വിരൽ ചൂണ്ടും
പുതിയ വഴിയിലേക്ക്‌ ഞാനിണങ്ങിക്കഴിഞ്ഞു

അർദ്ധരാത്രി, അതിദൂരെയുള്ള
കാമുകിയോട്‌, ഇന്നു ഞാൻ ആകെ
അമ്പത്തൊമ്പത്‌ വാക്കേ
ഉപയോഗിചുള്ളുവെന്ന് ഊറ്റംകൊണ്ടു
ബാക്കി നിനക്കുവേണ്ടി ബാക്കിവച്ചതാണ്‌

അവൾ മറുപടി പറയാതിരിക്കുമ്പോൾ
എനിക്കുമനസിലായി, അവളുടെ മുഴുവൻ
വാക്കുകളും ഉപയോഗിച്ചു കഴിഞ്ഞുവെന്ന്

ഞാൻ പതിയെ 'ഐ ലവ്‌ യു' എന്ന്
ഫോണിൽ മുപ്പത്തിയാറു പ്രാവശ്യം മന്ത്രിച്ചു
ശേഷം, ഞങ്ങൾ പരസ്പരം
നിശ്വാസങ്ങൾ മാത്രം കേട്ട്‌ അങ്ങനെയിരുന്നു.

4/8/09

ബ്ലാഗ ദിമിത്രോവ











തിടുക്കം

നിങ്ങള്‍ മാറ്റിവെയ്ക്കുന്നു-

നാളെയാകുന്നതുവരെ,

മതിയാകുവോളം,
കാര്യങ്ങളനുകൂലമാവുമ്പോഴത്തേയ്ക്ക്,
അറ്റകൈയായ ശുഭപ്രതീക്ഷയിലേക്ക്,
നിങ്ങള്‍ നിങ്ങളെത്തന്നെ
പിന്നെയും പിന്നെയും മാറ്റിവെയ്ക്കുന്നു.

പാറക്കല്ല് നീങ്ങിമാറാന്‍
പുല്‍ക്കൊടിത്തുമ്പ് കാത്തുനില്‍ക്കുന്നില്ല.
വിടവുകളിലൂടെ അത് വളരുന്നു.

പാറക്കല്ലാവട്ടെ,
തുടുപ്പും തിടുക്കവുമുള്ള ജീവനുവേണ്ടി
ഒതുക്കത്തിലനങ്ങി ഇടമുണ്ടാക്കുന്നു.


- ബ്ലാഗ ദിമിത്രോവ

Blaga Dimitrova (1922 - 2003) പ്രഗത്ഭയായ ബള്‍ഗേറിയന്‍ കവയത്രിയായിരുന്നു. രാഷ്ട്രീയ രംഗത്തും സജീവസാന്നിധ്യമായിരുന്ന അവര്‍ 1992 മുതല്‍ 1993 വരെ ബള്‍ഗേറിയയുടെ വൈസ് പ്രസിഡണ്ടായിരുന്നു.

14/7/09

എന്റെ ബാദ്ധ്യതകള്‍‌ -വിവര്‍‌ത്തനം

((അല്‍ബേനിയന്‍ കവി Xhevahir spahiu ന്റെ My debts എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)

(ഇങ്ക്ലീഷ് വിവര്‍‌ത്തനം ഇവിടെ വായിക്കാം)

മരിച്ചുപോകും ഞാന്‍
തീരാക്കടങ്ങളിലാണ്ട് തീര്‍‌ന്നുപോകും.
പുഴയൊഴുക്കിന്റെ ആഴങ്ങള്‍‌,
ഗ്യാസ്ചേം‍ബറുകള്‍‌,
ഇവിടൊന്നുമല്ല മരണം!

കുഴിമാടത്തില്‍‌ തലക്കല്ലിടാഞ്ഞതിന്‌
അമ്മയ്ക്കു ഞാന്‍ കടക്കാരന്‍‌
ഒരു മുന്തിരിത്തല പടര്‍‌ത്താതെ
ഓക്കുമരത്തിനോട്,
കഴിഞ്ഞ ഞായറില്‍‌ കവര്‍‌ന്നതിന്‌
പ്രണയത്തിനോട്,
പേര്‍ചൊല്ലി വിളിക്കാതെ
പാപത്തിനോട്.

മരിച്ചുപോകും ഞാന്‍
ഏറിയ ബാദ്ധ്യതകളിലൊടുങ്ങിപ്പോകും.

സ്വപ്നം കണ്ടില്ല,
വാക്കിനോടു കടം.
ചിറകില്‍‌ വെള്ളതേച്ചില്ല,
കാക്കയോടു കടം.
കടമാണ്‌, 1913 നോട്
തലോടിയില്ലഞാന്‍
അതിന്റെ മുറിവിലൊന്നും.
വാതില്‍‌പ്പടിയില്‍‌ വെച്ചുപോന്ന
വിദൂരഭൂതത്തിന്റെ കറുപ്പിന്‌
വരുംനാളിനോടാണു കടം.

കടങ്ങളില്‍‌മുങ്ങിയാവും എന്റെ ഉയിര്‍പോവുക..

കടക്കാരനാണുഞാന്‍‌
ജീവിച്ചിരിപ്പവരോട് ;
കടക്കാരന്‍‌തന്നെ
മരിച്ചവരോടും.

എല്ലാക്കടങ്ങളുമൊടുക്കാനായി
വില്‍ക്കും ഞാന്‍
കല്ലറയിലെ
എന്റെ ഓര്‍‌മ്മക്കല്ല്.

അത്രതന്നെ..
ഇനി
നീ പറയുക
നീയെനിക്കെന്തുമാത്രം കടപ്പെട്ടവനാണ്‌?

29/1/09

ബഖ്ബുക്ഖ്‌

[Dr. Shihab M. Ghanem എഴുതിയ BAKHBOOKH* എന്ന കവിതയുടെ വിവര്‍ത്തനം]
എന്റെ കൊച്ചുമകൾ ഹനൗഫിന്‌


ഞാൻ ഇടത്‌ കൈപ്പത്തി നടുവിൽ ഒരു നാണയം വച്ചു
അതിന്റെ മേലേക്കൊന്നൂതി
മറുകൈ കൊണ്ടതു മറച്ച്‌
അവളോടു പറഞ്ഞു: " പറ ബഖ്ബുക്ഖ്‌!"
അവൾ പറഞ്ഞു "ബ ബൂ"
ഞാൻ കൈകൾ തുറന്നു കാട്ടി
നാണയം എവിടെ?... എവിടെ?...
ഒരു ഞൊടികൊണ്ട്‌ അതപ്രത്യക്ഷമായി...
അവൾ പൊട്ടിച്ചിരിച്ചു... അദ്ഭുതം
അവളുടെ കണ്ണുകളിൽ തിളങ്ങി
അവൾക്ക്‌ - ദൈവം അവളെ കാക്കട്ടെ - രണ്ടു വയസ്സിൽ
താഴെയാണു പ്രായം
ബഖ്ബുക്ഖ്‌
ഞങ്ങളൂതിയ നാണയം അപ്രത്യക്ഷമായി.
അവൾ വെൽവറ്റുടുപ്പിട്ട
അവളുടെ വലിയ പാവയെ എടുക്കാനോടി
എന്റെ കൈകളിൽ വച്ചുതന്നു പറഞ്ഞു : "ബാ...ബൂ..."
ഞാൻ ഗദ്ഗദംകൊണ്ടടഞ്ഞുപോയ
ശബ്ദത്തിൽ ഒഴിഞ്ഞുമാറി:
"ഈ പാവ അപ്രത്യക്ഷമാക്കാൻ കഴിയുന്നതിനേക്കാളേറെ
മനോഹരമാണ്‌, എന്റെ പൊന്നുമോളേ..."

*"ബഖ്ബുക്ഖ്‌" എന്ന വാക്ക്‌ ചില അറേബ്യൻ രാജ്യങ്ങളിൽ വസ്തുക്കളെ അപ്രത്യക്ഷമാക്കാൻ മാന്ത്രികരുപയോഗിക്കുന്ന വാക്കാണ്‌, "അബ്രകദബ്ര"പോലെ.

21/1/09

ടെററിസ്റ്റ് ,അവന്‍ നോക്കിക്കൊണ്ടിരിക്കുന്നു.

[ Wislawa Szymborska എഴുതിയ The Terrorist, He Watches എന്ന കവിതയുടെ വിവര്‍ത്തനം. ]


ബാറിനുള്ളിൽ ബോംബ്‌ ഉച്ചക്ക്‌ ഒന്നേ ഇരുപതിനു പൊട്ടിത്തെറിക്കും.
ഇപ്പോൾ സമയം ഒന്നേ പതിനാറുമാത്രം
ചിലർക്ക്‌ ഇനിയും അകത്തേക്കു പോകാൻ സമയമുണ്ട്‌,
ചിലർക്ക്‌ പുറത്തേക്കിറങ്ങാനും.
ആ ടെററിസ്റ്റ്‌ തെരുവിന്റെ മറുവശത്തേക്ക്‌ മാറിനിന്നു കഴിഞ്ഞു.
ദൂരം അയാളെ ഏതപകടത്തിൽ നിന്നും രക്ഷിക്കും,
മാത്രമോ, ക്രൗര്യം നിറഞ്ഞ കണ്ണുകൾക്ക്‌
എന്തൊരു കാഴ്ച്ചയാണിത്‌:
മഞ്ഞ ജാക്കറ്റണിഞ്ഞ ഒരു സ്ത്രീ, അവൾ അകത്തേക്കു പോകുന്നു.
കറുത്ത കണ്ണട വച്ചയൊരാൾ, പുറത്തേക്കിറങ്ങി.
ജീൻസിട്ട ചെറുപ്പക്കാർ, അവർ സംസാരിച്ചു കൊണ്ടു നിൽക്കുകയാണവിടെ.
ഒരു മണി പതിനേഴുമിനിട്ട്‌ നാലു സെക്കന്റ്‌.
ആ പൊക്കം കുറഞ്ഞയാൾ ശരിക്കും രക്ഷപെട്ടു, സ്കൂട്ടറിൽ കയറി പോകുന്നു.
ആ പൊക്കം കൂടിയ മനുഷ്യൻ, അയാൾ അകത്തേക്കു കടന്നു.
ഒരു മണി പതിനേഴു മിനിട്ട്‌ നാൽപത്‌ സെക്കന്റ്‌
അവിടെ ആ പെൺകുട്ടി, മുടിയിൽ പച്ച റിബ്ബൺ കെട്ടിയവൾ
കഷ്ടമായിപ്പോയി ബസ്സ്‌ കാഴ്ചയിൽ നിന്നു് അവളെ ഒന്നു മറച്ചത്‌.
ഒന്ന്‌ പതിനെട്ട്‌.
ആ പെൺകുട്ടിയെ അവിടിപ്പോൾ കാണാനില്ല.
അകത്തേക്കു പോകാൻ മാത്രം മണ്ടിയാണോ അവൾ, അതോ കയറിയിട്ടില്ലേ?
അത്‌ അവരെ പുറത്തേക്കെടുത്തുകൊണ്ടു വരുമ്പോൾ നമുക്കു കാണാം.
ഒന്ന്‌ പത്തൊൻപത്‌.
ആരും അകത്തേക്കു പോകുന്ന ലക്ഷണമില്ല.
മറിച്ച്‌, ഒരു തടിയൻ കഷണ്ടി പുറത്തേക്കിറങ്ങി വരുന്നുമുണ്ട്‌
അയാൾ പോക്കറ്റിൽ എന്തോ തപ്പിനോക്കുന്നതുപോലെ, എന്നിട്ട്‌
ഒന്ന് പത്തൊൻപത്‌ അൻപത്‌ സെക്കന്റ്‌
അയാളുടെ വൃത്തികെട്ട കയ്യുറകൾ തപ്പി അകത്തേക്കുതന്നെ തിരിച്ചുപോയി
ഒന്ന് ഇരുപത്‌
സമയം, എത്രയിഴഞ്ഞാണു പോകുന്നത്‌
ഇനി ഏതു നിമിഷത്തിലും സംഭവിക്കാം
ഇതുവരെ ആയിട്ടില്ല
അതെ, ഇതുതന്നെ
ബോംബ്‌, അത്‌ പൊട്ടിത്തെറിച്ചു.

28/12/08

കടമ

ഒരു കുറ്റപ്പെടുത്തലിനുകൂടി

ക്ഷമയോടെ കാത്തിരിക്കുമ്പോള്‍ തന്നെ

അവള്‍അത്താഴത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

ഫ്രീസറില്‍നിന്നെടുത്ത ഇറച്ചി

പാത്രത്തില്‍ നിറച്ച്‌ അടുപ്പില്‍ വെച്ചു,

സ്വകാര്യമായി സങ്കടങ്ങളെ കവിതയില്‍ അടുക്കിവെച്ചു.



വന്നപ്പോള്‍

പതിവുപോലെ

അവന്‍അവളുടെ മനസ്സിനുമേല്‍ വിരുന്നുണ്ടു.



ഈ നേരമ്പോക്ക്‌എത്ര സഫലമായിരിക്കുന്നു....

ഉല്‍ക്കണ്‌ഠയുടെ വിത്തുകള്‍

ഉര്‍വരമായ ചേതനയില്‍ വിതച്ചുകൊണ്ട്‌;

അനവരതമായി ചിത്തഭ്രമത്തിലേക്ക്‌ നാമ്പിട്ടുകൊണ്ട്‌;

ഒരിക്കല്‍ സംൃദ്ധമായിരുന്ന വയലുകളെ

ചേതനയറ്റ വിധേയത്വത്തില്‍ നിലനിര്‍ത്തിക്കൊണ്ട്‌.



വല്ലപ്പോഴും ഉയരുന്ന അഭിപ്രായത്തിണ്റ്റെ കളപറിച്ച്‌

വേരൊടെ കരിച്ചുകൊണ്ട്‌;

പാകമായിപ്പോയവയെ നിരന്തരമായി

അലക്കിവെളുപ്പിച്ച മൌനത്തില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട്‌.



......

റോസന്‍ ജീഗര്‍
പരിഭാഷ:Thallasseri

8/12/08

എന്റെ സഞ്ചാരങ്ങള്‍

(അല്‍ബേനിയന്‍ കവി Xhevahir spahiu ന്റെ My Travels എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)


മേഘമൊന്നിന്നു ഞാന്‍ കോപ്പണിയിയ്ക്കണം
മാമല മേലേ സവാരിക്കു പോകണം
വാടിവരണ്ടവര്‍ നീരിന്നു കേഴുകില്‍
ധാരയാര്‍ന്നശ്രുവാല്‍ ‍ആകെക്കുതിര്‍ക്കണം

കുതിരയൊന്നിന്നു ഞാന്‍ ചമയമൊരുക്കണം
ദ്രുതമതിന്‍മേലേക്കരേറി ഞാന്‍ പായണം
കാറ്റിന്റെ തനിരുചിയേറ്റുവാങ്ങീടണം
കാക്കുന്ന പ്രണയത്തിനരികിലെത്തീടണം

കടലിന്റെ മടിയിലേക്കെന്നെ നയിക്കുവാന്‍
പുഴകളിലൊന്നിനെ പതിയെ മെരുക്കണം
ഒഴുകേണമങ്ങനെയൊഴുകുന്ന നേരമെന്‍
തനുവിലൂടായിരം കപ്പലൂകള്‍ നീങ്ങണം

ഒരുനാളിലെന്നെയെനിയ്ക്കൊരുക്കീടണം
നിറയെ ഫലം തിങ്ങുമൊരു മരമാവണം
കിളിയൊച്ചയെവിടെന്നു പരിതാപമേലാതെ
ധരതന്നഗാധത്തില്‍ ജട പടര്‍ത്തമരണം

സ്വപ്നമൊന്നിന്നിനി ജീനിയിടുവിയ്ക്കണം
സംയതവേഗക്കടിഞ്ഞാണയക്കണം
സ്വാസ്ഥ്യമണയ്ക്കുന്ന വളയങ്ങള്‍ മാറ്റണം
സാഹസി, നാളെയിലേയ്ക്കു കുതിക്കണം

മധുഗാനമൊന്നിന്റെ ലഹരിയില്‍ മുഴുകണം
സുഖദമാലാപനശ്രുതിയെന്നില്‍ നിറയണം
അതിനിശ്ചലത്തിലും ഗതികമുദ്ഘോഷിക്കു-
മതുമൂളവേ തിന്നടിമ ഞാ-നുടമയും

(മൂലകവിതയും ഇങ്ക്‌ളീഷ്‌ വിവര്‍ത്തനവും )


3/12/08

എല്ലാ പ്രഭാതങ്ങളിലും ആയിരക്കണക്കിന് മാലാഖമാരെ കൊന്നതിനു ശേഷം

ജാപ്പാനീസ് കവി റൈയൂച്ചി താമുറയുടെ കവിത

1
ഞാന്‍ ഒരു കുട്ടിയുടെ
“എല്ലാ പ്രഭാതങ്ങളിലും ആയിരക്കണക്കിന്
മാലാഖമാരെ കൊന്നതിനു ശേഷം ”എന്ന
കവിത വായിച്ചു.
കവിത ഞാന്‍ മറന്നു.,പക്ഷേ തലക്കെട്ട്
എന്നെ ഉപേക്ഷിച്ചു പോവുന്നില്ല.
ഞാന്‍ കുറച്ച് കാപ്പി കുടിച്ചു.
ലക്ഷക്കണക്കിനാളുകള്‍ വായിച്ച ഒരു പത്രം വായിച്ചു.
എല്ലാ ദുരിതങ്ങളും ലോകത്തിലെ എല്ലാ നാശവും
തലവാചകങ്ങളിലും ആകര്‍ഷക വാക്യങ്ങളിലും
പറ്റമായി അടുക്കിയിരിക്കുന്നു.
എനിക്ക് വിശ്വാസയോഗ്യമായ ഒരേയൊരു ഭാഗം
സാമ്പത്തിക പേജ് മാത്രമാണ്.

2
ആ കുട്ടിയുടെ പ്രഭാതങ്ങളും
എന്റെ പ്രഭാതങ്ങളും-
എപ്രകാരമാണ് അവ വ്യത്യാസപ്പെട്ടിരിക്കുന്നത്?

3
പക്ഷേ ആ കുട്ടിക്ക് മാലാഖമാരുടെ മുഖങ്ങള്‍ കാണാം.

4
അവരെ കൊന്നതിനു ശേഷം
നീയെന്താണ് ചെയ്യാറുള്ളത്?
ഞാന്‍ പുറത്ത് നടക്കാനിറങ്ങും.
എവിടെ?
വലിയ പാലം മുകളിലുള്ള
ഒരു നദിയിലേക്ക്.

എല്ലാ പ്രഭാതത്തിലും?
എല്ലാ പ്രഭാതത്തിലും എന്റെ കൈകള്‍ രക്തത്താല്‍
നനഞ്ഞിരിക്കുമ്പോള്‍ തന്നെ.

5
എനിക്ക് ആയിരക്കണക്കിന് മാലാഖമാരെ
കൊല്ലാന്‍ കഴിയില്ല.
പക്ഷേ ഒരു വരണ്ട പാതയിലൂടെ
കടല്‍ക്കരയിലേക്ക് ഞാന്‍ നടന്നു.
ചൂടുറ്റ ആകാശം ഇപ്പോഴും
വിയര്‍ത്ത ചുഴലിമേഘങ്ങള്‍ നിറഞ്ഞതാണ്.
കടലിന്റെ പിന്നീടുണ്ടായ നിറംവീഴ്ച്ച
ചക്രവാളത്തിലെ വേനല്‍ ആയിരുന്നില്ല.
ഇരുളിന്റെ എക്കലടിഞ്ഞ സ്ഥലങ്ങളിലൂടെ
ചെറിയ അരുവികള്‍ ഒഴുകുന്നു.
ക്ഷീണിച്ച സൂക്ഷ്മ തന്തുക്കള്‍
എന്റെ നേര്‍ത്ത കൈകളില്‍ പൊന്തിക്കിടക്കുന്നു.
ഒരു വലിയ പാലം നങ്കൂരമുറപ്പിക്കുന്നതിന്
ഇതിലിടമില്ല.

6
പാലത്തിന്റെ ഈയറ്റത്തെ നട്ടുച്ച
സര്‍വവും തിളങ്ങുന്നു.
ഷര്‍ട്ടിന്റെ ബട്ടനുകള്‍
ദ്രവിച്ച പല്ല്
ഒരു എയര്‍ റൈഫിള്‍
നിറമുള്ള ചില്ലു കഷ്ണം
പിങ്കു നിറത്തിലെ പുറന്തോട്
കടല്‍പ്പായലിന്റെ ഗന്ധങ്ങള്‍
നദീജലം സമുദ്രവുമായി ചേരുന്നത്
മണല്‍
കൂടാതെ
അത്രയും ദൂരെ
എന്റെ കാല്‍പ്പാടുകള്‍ പോലെ.

7
ഇനി എന്റെ ഊഴമാണ്
നിന്നോട് ലോകത്തെക്കുറിച്ച് ഞാന്‍ പറയാം
പാലത്തിന്റെ അങ്ങേയറ്റത്ത്
നിഴല്‍ ലോകം
വസ്തുക്കളും ആശയങ്ങളും പൂര്‍ണമായും നിഴല്‍ മാത്രം.
നിഴലുകള്‍ നിഴലുകളെ തിന്നുന്നു,
പടരുന്നു,ക്യാന്‍സര്‍ കോശങ്ങളെപ്പോലെ
ചുറ്റിലും പ്രസരിക്കുന്നു.
മുങ്ങിച്ചത്ത ശരീരങ്ങളിലെ ചീയുന്ന അവയവങ്ങള്‍
പച്ചച്ചിന്തകള്‍ ചീര്‍ത്ത് പുറത്തേക്ക് തള്ളുന്നു.
മധ്യകാല ചന്തകള്‍ കച്ചവടക്കാരേയും വേശ്യകളേയും
സന്യാസിമാരേയും കൊണ്ട് ഇളകിമറിയുന്നു.
പൂച്ചകള്‍ ആടുകള്‍ പന്നികള്‍ ,കുതിരകള്‍, പശുക്കള്‍
എല്ലാത്തരം മാംസങ്ങളും അറവുശാലകളില്‍ തൂങ്ങുന്നു.
പക്ഷേ ഒരിടത്തും രക്തം കാണാനില്ല.


8
അപ്പോള്‍,
ആയിരക്കണക്കിന് മാലാഖമാരെ കൊന്നില്ലെങ്കില്‍
എനിക്ക് പാലം കാണാന്‍ കഴിയില്ലേ?


9
എന്റെ കാമത്തെ പ്രധാനമായും-
ഉത്തേജിപ്പിക്കുന്ന കാഴ്ച്ചയേതാണ്?
കാലം അപ്രത്യക്ഷമായിക്കഴിഞ്ഞു.
സവാരിക്കാരനില്ലാത്ത ഒരു കറുത്തകുതിര
വെളിച്ചത്തിന്റെ ലോകത്തെ മുറിച്ചുകടക്കുന്നു.
പതിയെ,നിഴലുകളുടെ ലോകത്തിലേക്കാണെങ്കിലും
ക്ഷീണിച്ച്,അതു വീഴുന്നു.
കരയുന്ന മൃഗത്തിന്റെ കണ്ണീര്‍,പക്ഷേ ദ്രവിക്കല്‍
തിളക്കമാര്‍ന്ന് നേരിട്ട് എല്ലിലേക്കെത്തുന്നില്ല.
ശുദ്ധമായ വെളുത്ത എല്ല്
പിന്നെ ഭൂമിയിലേക്ക്.
വീണ്ടും പ്രഭാതം എത്തുന്നു.
എനിക്ക് പുറത്തു പോവണം,ജീവിക്കണം.
ആയിരക്കണക്കിന് മാലാഖമാരെ
കൊന്നതിനു ശേഷം.

കവി-റൈയൂച്ചി താമുറ,ജപ്പാന്‍
(Every morning after killing thousands of Angels
-Ryuichi Tamura)

കവിതയെകുറിച്ച് ഇവിടെ

പരിഭാഷ-ജുനൈദ്

2/12/08

തൊടുക

ഹിന്ദി കവിത
കവി: മംഗലേശ് ടബ്രാല്‍

മുന്നിലെ മേശപ്പുറത്തിരിക്കുന്ന വസ്തുക്കളെ തൊടുക
ഘടികാരം പേനയുടെ സ്റ്റാന്‍‌ഡ് പഴയൊരു കത്ത്
ബുദ്ധപ്രതിമ ബ്രെഹ്‌തിന്റെയും ചെഗുവേരയുടെയും ഫോട്ടോകള്‍.
മേശവലിപ്പുതുറന്ന് അതിലെ പഴക്കമുള്ള വിഷാദത്തെ തൊടുക.
വാക്കിന്റെ വിരലുകള്‍ കൊണ്ട് തൊടൂ, ഒന്നുമെഴുതാത്ത ഒരു കടലാസിനെ.
മിനുത്ത കല്ലുകള്‍ വെള്ളത്തെയെന്നപോലെ
വാന്‍‌ഗോഗ് ചിത്രത്തിലെ നിശ്ചലതയെ തൊടുക
അതവിടെ ജീവന്റെ കോലാഹലം സൃഷ്ടിക്കും.
സ്വന്തം നെറ്റിയെ തൊടുക, ഒട്ടുംനാണിക്കാതെയൊട്ടുനേരം
അതിനെ കൈതാങ്ങിയിരിക്കുക.
അരികത്തുതന്നെയായിരിക്കണമെന്നില്ല ഒന്നുതൊടാന്‍, ആരെയും.
അകലത്തായിരിക്കുമ്പോള്‍ പോലും സാധ്യമാണ് ഒരു സ്പര്‍‌ശം.
ദൂരെയായിരിക്കുമ്പോഴും പക്ഷിയുടെ കാവല്‍ അതിന്റെ മുട്ടയെ തൊടുന്നപോലെ.

‘ദയവായി തൊടരുത് ’ ‘തൊടുന്നത് നിരോധിച്ചിരിക്കുന്നു’
തുടങ്ങിയ പ്രയോഗങ്ങളില്‍ ഒരിക്കലും വിശ്വസിക്കരുത്.
കാലങ്ങളായി തുടര്‍‌ന്നുപോരുന്ന ഗൂഢാലോചനകളാണവ.
കൊടികള്‍ വീശുന്ന, ഉത്തരീയങ്ങളും കിരീടങ്ങളുമണിയുന്ന മതപുരോഹിതര്‍
ബോംബെറിയുന്നവര്‍, യുദ്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നവര്‍-
എല്ലാവരെയും അകറ്റിനിര്‍ത്താന്‍ നിലകൊള്ളുന്നവര്‍.
അഴുക്കേറുന്നിടത്ത് അവര്‍ ഏറെയേറെ മാലിന്യം തുപ്പുന്നു.
തൊടാതെയതിനെ വൃത്തിയാക്കുക സാധ്യമല്ല.
തൊടുന്നതുകൊണ്ട് കുഴപ്പങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍പ്പോലും തൊടുക.
ദൈവങ്ങളും പുരോഹിതരും അന്ധവിശ്വാസികളും ഭക്തരും ശിഷ്യന്മാരും
അന്യോന്യം കാലും തലയും തൊടുന്നപോലെ തൊടരുത്.
ഉയര്‍ന്നുനിവര്‍‌ന്ന പുല്ലുകള്‍ ചന്ദ്രനെയും നക്ഷത്രങ്ങളെയും
തൊട്ടുരുമ്മാനായുന്നതുപോലെ തൊടുക.
അവനവന്റെ ഉള്ളിലേക്ക് പോയി ഒരു നനവിനെ തൊടുക
ഈ കലുഷകാലത്തിലും അതവിടെത്തന്നെയുണ്ടോ എന്ന് ഉറപ്പുവരുത്തുക.


മംഗലേശ് ടബ്രാല്‍ നമ്മുടെ കാലത്തെ പ്രമുഖ ഹിന്ദി കവികളിലൊരാളാണ്. 1948 ല്‍ ഉത്തര്‍പ്രദേശിലാണ് അദ്ദേഹം ജനിച്ചത്. അഞ്ച് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‍ജേര്‍ണലിസ്റ്റ്, വിവര്‍ത്തകന്‍, ഏഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക.

നീഗ്രോ പറയുന്നു, നദികളെക്കുറിച്ച്‌

(അമേരിക്കന്‍ കവി Langston Hughes ന്റെ The Negro Speaks Of Rivers )


അറിയാമെനിയ്ക്കുനദികളെ .
ഭൂമിയോളം പ്രാചീനവും
മര്‍ത്ത്യസിരകളിലെ
രക്തപ്പാച്ചിലിനേക്കാളൂം
പഴക്കവുമുള്ള നദികളെ
എനിയ്ക്കറിയാം .

നദികളെപ്പോലെ
ന്റെ ഉള്ളും
ആഴമുള്ളതായിത്തീര്‍ന്നിരിക്കുന്നു .

ഇളയപുലരികളില്‍
കുളിച്ചിട്ടുണ്ട്‌ ഞാന്‍ ,യൂഫ്രട്ടീസില്‍
അരികത്തെ എ
ന്റെ കുടിലില്‍
കോംഗോ എന്നെ താരാട്ടിയുറക്കിയിട്ടുണ്ട്‌ .
നൈലിനെ നോക്കി ,
അതിനും മേലെ
പിരമിഡുകള്‍ പണിഞ്ഞിരിക്കുന്നൂ ഞാന്‍
ലിങ്കണ്‍ ന്യൂഓര്‍ലിയന്‍സില്‍ പോയകാലത്ത്‌
മിസ്സിസ്സിപ്പി പാടുന്നത്‌ കേട്ടിട്ടുണ്ട്‌ .
അസ്തമയവേളയില്‍
അതി
ന്റെ കലങ്ങിയ മാര്‍ത്തടം
സ്വര്‍ണ്ണാഭമാവുന്നതു കണ്ടിട്ടുണ്ട്‌ .

എനിക്കറിയാം നദികളെ
പ്രാചീനമായ ,
ഇരുണ്ട നദികളെ .

അവയെപ്പോലെ
തന്നെ
ആഴത്തില്‍
വളര്‍ന്നിരിക്കുന്നു
ഞാനും.

1/12/08

മൈക്രോസ്കോപ്പിലൂടെ

കവി: മിറോസ്ലാവ് ഹോല്യൂബ്.(1923-1998)
(ലോകപ്രശസ്ത ചെക്ക് കവിയും ക്ലിനിക്കല്‍ പാഥോളജിസ്റ്റും.1923-ല്‍ പഴയ ചെക്കോസ്ലോവാക്യയില്‍ (ചെക്ക് റിപ്പബ്ലിക്) ഒരു റെയില്‍വേ ജീവനക്കാരന്റെയും ഭാഷാധ്യാപികയുടെയും മകനായി ജനിച്ചു. 30-ആം വയസ്സില്‍ കവിതയെഴുതിത്തുടങ്ങി. നിരവധി കവിതകളുടെയും, ഗവേഷണപ്രബന്ധങ്ങളുടെയും(ഇമ്യൂണോളജിയില്‍) കര്‍ത്താവ്. കവിതയെഴുതുന്ന സയന്റിസ്റ്റുകള്‍ മിക്കവരും തങ്ങളുടെ ജോലിഭാരത്തില്‍ നിന്നുള്ള ആശ്വാസമായി കവിതയെ സമീപിച്ചപ്പോള്‍ ഹോല്യൂബ് രണ്ടിനെയും കൂട്ടിയിണക്കാന്‍ പരിശ്രമിച്ചു. ശാസ്ത്ര ഭാവനയും കലാഭാവനയും തമ്മില്‍ ആഴത്തിലുള്ള അന്തരങ്ങളൊന്നും തന്നെയില്ലെന്നും, രണ്ടിലും ഏറ്റവുമധികം അളവില്‍ സര്‍ഗാത്മകതയും സ്വാതന്ത്ര്യവും അടങ്ങിയിട്ടുണ്ടെന്നും ഒരേയൊരു വ്യത്യാസമെന്ന് പറയുന്നത് ശാസ്ത്രം സൈദ്ധാന്തികവും പരീക്ഷണാത്മകവുമാണെങ്കില്‍, കല പരീക്ഷണാത്മകം മാത്രമാണെന്നുമുള്ളതാണെന്നും അദ്ദേഹം വിശ്വസിച്ചു.)

ഇവിടെയുമുണ്ട്,
സ്വപ്നത്തിലാഴ്ന്ന ഭൂതലങ്ങളും
നിശ്ശൂന്യമാം ചാന്ദ്രലോകങ്ങളും.
ഇവിടെയുമുണ്ട്,
മണ്ണിലദ്ധ്വാനിക്കും ജനതതികളും
ഒരു ഗാനത്തിനായ്
ജീവിതം തന്നെയര്‍പ്പിക്കുന്ന
പോരാളി കോശങ്ങളും.

ഉണ്ടിവിടെ,ശ്മശാനങ്ങള്‍,
പെരുമയും പിന്നെ മഞ്ഞും.
കേള്‍ക്കാമെനിക്ക്,
തോട്ടങ്ങളില്‍ വിങ്ങുന്ന
വിപ്ലവത്തിന്റെ മര്‍മരം പോലും.
------------------------------
വിവര്‍ത്തനം: സൂരജ് രാജന്‍.
വിവര്‍ത്തകന്റെ കുറിപ്പ് : നേരിട്ടുള്ള ഒരു ഭാഷാന്തരമല്ല, കവിതയുടെ സ്റ്റാലിനിസ്റ്റ് ചെക്കോസ്ലോവാക്യന്‍ പരിപ്രേക്ഷ്യത്തിനു പ്രാധാന്യം കൊടുത്തുള്ള ഒരു വായനയാണ്. അതിനു ആസ്വാദകന്റേതായ (ദു)സ്വാതന്ത്ര്യം ഞാനെടുത്തിട്ടുണ്ട് :)

എന്ത് കൊണ്ടു ഞാന്‍ ഒരു ചിത്രകാരന്‍ അല്ല? (ഫ്രാന്ക് ഓ ഹാര)

ഞാന്‍ ചിത്രകാരനല്ല, കവിയാണ്‌.
എന്താ അങ്ങനെ? ചിലപ്പോള്‍ തോന്നും
ഞാന്‍ ചിത്രകാരന്‍ ആവേണ്ടിയിരുന്നു എന്ന്, പക്ഷെ
ഞാന്‍ അതല്ലല്ലോ.. ശരി...

ഉദാഹരണത്തിന്,
ഞാന്‍ കയറി ചെല്ലുമ്പോള്‍
മൈക്ക് ഗോള്ട്ബെര്ഗ് വരയ്ക്കാന്‍ ഒരുങ്ങുകയാണ്.
അവന്‍ പറഞ്ഞു, "ഇരിക്ക്, ഇതു കഴിക്ക്"
ഞാന്‍ കുടിച്ചു, ഞങ്ങള്‍ കുടിച്ചു.
മുഖം ഉയര്ത്തി ഞാന്‍ പറഞ്ഞു, ഇതില്‍ മത്സ്യം ചുവയ്ക്കുന്നു.
"ഉവ്വ്, അതില്‍ എന്തോ കൂടി വേണമെന്നു തോന്നി"
"ഓ" എന്ന് മൂളി ഞാന്‍ പോകുന്നു, ദിവസങ്ങളും.
അവന്റെ ചിത്രം പൂര്‍ത്തിയായി.
"മത്സ്യങ്ങള്‍ എവിടെ എന്ന് ഞാന്‍ ചോദിക്കുമ്പോള്‍,
കുറെ വാക്കുകള്‍ മാത്രമാണ് ബാക്കിയാവുന്നത്.
മൈക്ക് പറയുന്നു, " അത് കുറച്ചധികം ആയിരുന്നു"

ഞാനോ? ഒരു ദിനം ഞാനൊരു നിറത്തെ ഓര്‍മ്മിക്കുന്നു.
ഓറഞ്ച്.
ഓറഞ്ച്നെ പറ്റി ഒരു വരി.
വരികള്‍ കടന്നൊരു നിറഞ്ഞ താള്‍.
വീണ്ടുമൊന്ന്, പലത്.
ഓറഞ്ച്നെ പറ്റി,
എത്ര കഠിനം അതെന്ന്, ജീവിതമെന്നും...
ദിവസങ്ങള്‍ കഴിഞ്ഞു .
ഇതു വീണ്ടും തുടരുന്നു, ഗദ്യത്തില്‍ പോലും...
ഞാനൊരു ശരിക്കവി തന്നെ.
എന്റെ കവിത പൂര്‍ത്തിയായി, ഇതേ വരെ
ഓറഞ്ച്നെ പറ്റി പറഞ്ഞിട്ടില്ല ഞാന്‍.
പന്ദ്രണ്ട് കവിതകള്‍, ഞാനവയെ ഓറഞ്ച്കള്‍ എന്ന് വിളിക്കുന്നു.

ഒരു ദിവസം ഗാലറിയില്‍ ഞാന്‍ മൈക്കിന്റെ ചിത്രങ്ങള്‍ കാണുന്നു,
മത്സ്യങ്ങള്‍.

30/11/08

സ്നേഹം

കവി: മിറോസ്ലാവ് ഹോല്യൂബ്.(1923-1998)
(ലോകപ്രശസ്ത ചെക്ക് കവിയും ക്ലിനിക്കല്‍ പാഥോളജിസ്റ്റും.1923-ല്‍ പഴയ ചെക്കോസ്ലോവാക്യയില്‍ (ചെക്ക് റിപ്പബ്ലിക്) ഒരു റെയില്‍വേ ജീവനക്കാരന്റെയും ഭാഷാധ്യാപികയുടെയും മകനായി ജനിച്ചു. 30-ആം വയസ്സില്‍ കവിതയെഴുതിത്തുടങ്ങി. നിരവധി കവിതകളുടെയും, ഗവേഷണപ്രബന്ധങ്ങളുടെയും(ഇമ്യൂണോളജിയില്‍) കര്‍ത്താവ്. കവിതയെഴുതുന്ന സയന്റിസ്റ്റുകള്‍ മിക്കവരും തങ്ങളുടെ ജോലിഭാരത്തില്‍ നിന്നുള്ള ആശ്വാസമായി കവിതയെ സമീപിച്ചപ്പോള്‍ ഹോല്യൂബ് രണ്ടിനെയും കൂട്ടിയിണക്കാന്‍ പരിശ്രമിച്ചു. ശാസ്ത്ര ഭാവനയും കലാഭാവനയും തമ്മില്‍ ആഴത്തിലുള്ള അന്തരങ്ങളൊന്നും തന്നെയില്ലെന്നും, രണ്ടിലും ഏറ്റവുമധികം അളവില്‍ സര്‍ഗാത്മകതയും സ്വാതന്ത്ര്യവും അടങ്ങിയിട്ടുണ്ടെന്നും ഒരേയൊരു വ്യത്യാസമെന്ന് പറയുന്നത് ശാസ്ത്രം സൈദ്ധാന്തികവും പരീക്ഷണാത്മകവുമാണെങ്കില്‍, കല പരീക്ഷണാത്മകം മാത്രമാണെന്നുമുള്ളതാണെന്നും അദ്ദേഹം വിശ്വസിച്ചു.)

രണ്ടായിരം സിഗരറ്റുകള്‍.
ചുമരില്‍ നിന്നും ചുമരിലേക്ക്
ഒരു നൂറു മൈലുകള്‍.
ഒരു അനശ്വരത.
പകുതിയോളം നിരീക്ഷണങ്ങളും
മഞ്ഞിനേക്കാള്‍ ഒഴിഞ്ഞുകിടക്കുന്നത്.

പൂഴിയില്‍ പ്ലാറ്റിപ്പസിന്റെ പാതയോളം പഴക്കമേറിയ
ടണ്‍ കണക്കിന് വാക്കുകള്‍.

ഒരു നൂറുപുസ്തകങ്ങള്‍ നമ്മള്‍ എഴുതിയിട്ടില്ല.
ഒരു നൂറു പിരമിഡുകള്‍ നമ്മള്‍ പണിതിട്ടില്ല.

തൂത്തുവാരല്‍.
പൊടി.

ലോകാരംഭം പോലെ
കയ്പ്പേറിയത്.

എന്നെ വിശ്വസിക്കൂ
അത് സുന്ദരമായിരുന്നെന്ന്
ഞാന്‍ പറയുമ്പോള്‍.
-------------------------
English Translation by Ian Milner
LOVE

Two thousand cigarettes.
A hundred miles
from wall to wall.
An eternity and a half of vigils
blanker than snow.

Tons of words
old as the tracks
of a platypus in the sand

A hundred books we didn't write.
A hundred pyramids we didn't build.

Sweepings.
Dust.

Bitter
as the beginning of the world.

Believe me when I say
it was beautiful.