കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

8/9/14

ഗസ്സ, ഒരു ചോരക്കാഴ്ച്ച!



ഫേസ്ബുക്കില്‍ കുഞ്ഞുങ്ങളുടെ
ശവങ്ങളുടെ കൊളാഷ്,
ആയുധമഴ കൊള്ളുന്ന ജനക്കൂട്ടം,
ചുണ്ടങ്ങയുടെയും വഴുതനങ്ങയുടെയും
തമാശ പറഞ്ഞു ഞങ്ങള്‍ ആര്‍ത്തു ചിരിച്ചു.

ഇളംമാംസം,
പൂത്തിരി പോല്‍ ചിതറുന്ന കാഴ്ച്ച,
എത്രവട്ടം കണ്ടിട്ടും മതിവരുന്നില്ല.
ഹാ... ചുട്ടമാംസത്തിന്റെ മണം
മൂക്കിലേക്ക് തുളച്ചു കയറുന്നു...

ഗസ്സ...
ലോകത്തിലെ ഏറ്റവും വലിയ
തുറന്ന ജയില്‍ എന്നാരാണ് പറഞ്ഞത്?
ചുറ്റുഭാഗവും ഞങ്ങള്‍
മതില്‍ കെട്ടി അടച്ചിട്ടുണ്ടല്ലോ?
ഞങ്ങളുടെ കൊലക്കോപ്പുകള്‍
നിത്യേനെയെന്നോണം
അവിടെ പരീക്ഷിക്കുന്നുമുണ്ട്.

എന്നിട്ടും,
മൃതപ്രായമായ ശരീരത്തില്‍
നിലക്കാത്ത സ്പന്ദനം പോലെ,
ഇടയ്ക്കിടെ വരുന്ന റോക്കറ്റുകള്‍,
എന്തൊരു ശല്യമാണെന്നോ?
എലിവാണം പോലുള്ള റോക്കറ്റുകളില്‍
കീഴടങ്ങില്ലെന്ന് ഇത്ര കടുപ്പത്തില്‍
അവര്‍ എഴുതിവെച്ചതെങ്ങിനെ?
എത്ര കിട്ടിയാലാണ് ഇവര്‍
കീഴടങ്ങാന്‍ പഠിക്കുക?

ഇവരുടെ നേതാക്കള്ക്കു
ജനക്കൂട്ടത്തില്‍ നിന്നകന്നു
കൊട്ടാരങ്ങളില്‍ ജീവിച്ചു കൂടെ?
അവരെന്തിനാണ് ജനങ്ങള്‍ക്കിടയില്‍,
ജലത്തില്‍ മത്സ്യങ്ങളെന്ന പോലെ, ജീവിക്കുന്നത്?

കീഴടങ്ങലിന്റെ
സുഖവും സമാധാനവും,
ഇവര്‍ക്കെന്നാണ് ബോദ്ധ്യപ്പെടുക?

അപ്പുറത്ത്,കൊട്ടാരത്തില്‍,
ഞങ്ങള്‍ വളര്‍ത്തുന്നുണ്ടൊന്നിനെ.
ഇടക്കിടെ മോങ്ങുമെന്നല്ലാതെ, ഒരു ശല്യവുമില്ല.
അങ്ങിനെ, എത്രയെത്ര കൊട്ടാരങ്ങൾ!

ഞങ്ങൾ ചരിത്രത്തിൽ നിന്നും
പാഠം പഠിച്ചവരാണ്
ഹിറ്റ്ലരിൽ നിഷ്ടൂരത,
ഗീബല്സിൽ നിന്നും തന്ത്രം,
ഫരോവയിൽ നിന്നും ശിശുഹത്യ.

കുഞ്ഞുങ്ങള്‍...
അവരെയാണ് കൊല്ലേണ്ടത്.
ആണവശക്തിയെ, കരിങ്കല്‍ ചീളു
കൊണ്ടെതിര്‍ക്കാന്‍ വരുന്ന
ചങ്കൂറ്റ്‌ത്തിന്റെ വിത്തുകള്‍,
ഞങ്ങളെങ്ങിനെ വളരാന്‍ വിടും...
ചിതറിക്കിടക്കുന്നത് കണ്ടില്ലേ,
വിപ്ലവത്തിന്റെ ചെഞ്ചോരപ്പൂക്കൾ!
മരണം ഭയക്കാത്ത പോരാളികള്‍ക്ക്
ഞങ്ങളുടെ സമ്മാനം!

ഭയമുണ്ട് ഞങ്ങള്‍ക്ക്.
നിരപരാധിയുടെ ചോര
കൈകളില്‍ പുരളുമ്പോള്‍,
അനീതിയുടെ മണ്ണില്‍
ചവിട്ടി നില്‍ക്കുമ്പോള്‍,
ഞങ്ങള്‍ എങ്ങിനെ ഭയക്കാതിരിക്കും...

ഒഷ്വിട്സിലെ കാപാലികരുടെ കണ്ണിലും
ഇതേ ഭയം ഉണ്ടായിരുന്നുവത്രേ...

ഒട്ടും പ്രതിഷേധിക്കാതെ,
എത്ര അനുസരണയോടെയാണ്
അന്ന് ഞങ്ങള്‍ കോന്സേന്ട്രഷ്ന്‍
കാമ്പിലേക്കു നടന്നു പോയത്.
പക്ഷെ...
എന്നിട്ടും, എത്ര ശവങ്ങളാണ്
ലോറികളില്‍ അട്ടിയട്ടിയായ്
തിരിച്ചു പോയത്.

ചരിത്രത്തില്‍ നിന്നും
ചില പക്ഷേകള്‍
ഇളിച്ചു കാണിക്കുന്നുണ്ട്.

അന്ന് വേട്ടക്കാര്‍ക്കൊപ്പം കുരച്ചവര്‍
ഇന്ന് ഞങ്ങളോടൊപ്പം കുരക്കുന്നുന്ടു.
ചോരയുടെ മണമോര്ത്തു
നൊട്ടി നുണക്കുന്നുന്ടു.
വേട്ടക്കാരുടെ ഉച്ചിഷ്ടം
അവര്‍ക്കുള്ളതാണത്രേ!

Photo:Reuters

4/4/13

ജീര്‍ണ്ണ സന്യാസികള്‍

ട്രാക്കില്‍ നിന്ന്
ഉടല്‍പ്പൊളികള്‍
പെറുക്കിക്കൂട്ടുന്നവനോട്
മരിച്ചവനേ....നിങ്ങള്‍
നമസ്‌ക്കരിക്കണം.

അറ്റതല വേറെ.
തുടയ്ക്കുതാഴെ
കഷ്ണിച്ച കാലുകള്‍ വെവ്വേറെ.
ചക്രങ്ങളീര്‍ച്ചിച്ചുകൂട്ടിയ
ചോര, മാംസ്യപ്പൂക്കള്‍,
തലയും കാലുമില്ലാതെ
വെട്ടിയിട്ട തെങ്ങുതടിപോലെ
തൊലിയുരിഞ്ഞെല്ലുവെളിവായ
നിന്റെയസ്തികൂടാരം,
ഓരോന്നോരാന്നായി
പെറുക്കിയെടുക്കുമ്പോള്‍
നോക്കിനില്‍ക്കുന്നവര്‍
കൈയ്യിലെ ഒറ്റക്കണ്ണുകള്‍ മിന്നിക്കുന്നു.
ചിലര്‍ രണ്ടുകണ്ണും പൊത്തുന്നു.
ചിലര്‍ തലചുറ്റി വീഴുന്നു .

ചോരയിലുച്ചവെയില്‍മൂത്തു പൊള്ളിയ
ഉടല്‍പ്പൊളി പെറുക്കുന്നവനേ....
ചോരകണ്ട് നിന്റയറപ്പുമാറണേ...

വാറ്റ് ചാരായമൊഴിച്ച്
പണ്ട് കുടിച്ച
മുലപ്പാലിന്റെയോര്‍മ്മകള്‍ക്ക്
തീകൊടുക്കണേ...

തമ്പാക്കില്‍ ചുണ്ണാമ്പുകൂട്ടി
നാവഴുകിയ വായില്‍ നിന്ന്
ചുടലയുടെ ചുടുകാറ്റു പൊന്തണേ...

പുണ്ണുപൊത്തിയ യോനികള്‍ തുരന്ന്
മുള്ളുകൊള്ളാതെ നീ നിന്റെ രേതസ്സൊടുക്കണേ..

ജീര്‍ണ്ണതകളെ
പ്രകീര്‍ണ്ണനം ചെയ്ത്
ഒരോന്നിലും മുങ്ങി
ഉടലും മനസ്സും ജീര്‍ണ്ണ ശവമാക്കി
ധ്യാനിച്ചു പഠിക്കണേ...

വീണ്ടുവിചാരമില്ലാതെ
ലോകത്തിന്നീര്‍ച്ചവേഗങ്ങളില്‍
വീണു ചിതറി മരിച്ചവരേ....
മരിക്കുന്നവരേ....
മരിക്കാനിരിക്കുന്നവരെ....
നിങ്ങളെ പെറുക്കിയെടുക്കുവാന്‍
വരുന്നു
നാനാ 'ചേരി' യില്‍ നിന്നിതാ
ജീര്‍ണ്ണ സന്യാസികള്‍.

25/12/12

മലാലയും റുബാബും ഞാനും; റുബാബും ഞാനും ഡെൽഹിയും


റുബാബ് സുന്ദരിയാണ്, വിളഞ്ഞ നെല്ലിന്റെ നിറമുള്ള നീളൻ മുടി
താലിബാൻ കർശനങ്ങളിൽ നിന്ന് കുതറിമാറിയലസിയ തട്ടം
പാക്കിസ്ഥാനിൽ നിന്ന് വിസിറ്റ് വിസയിലെത്തി
ദുബായിൽ ജോലി നോക്കിക്കൊണ്ടിരിക്കുന്ന അനേകശതത്തിലൊരുവൾ.


ഒരു ബയോഡാറ്റ ഉണ്ടാക്കിത്തരാൻ പറഞ്ഞു
പാസ്പോർട്ട് സൈസ് ഫോട്ടോയും
മൊബൈൽ നമ്പരും തന്നിരുന്നതിനാൽ,
പഞ്ചാബി സ്ലാങ്ങിലുള്ള അവളുടെ ഉറുദു
തൃശ്ശൂർ മലയാളം പോലെ താളാത്മകമായിരുന്നു...

ദോഷം പറയരുതല്ലോ
അവളുടെ മുൻ വരിയിലെ പല്ലുകൾ നിത്യാമേനോന്റെയും
താഴ്വരിയിലെ പല്ലുകളും ചുണ്ടും
ജനീലിയ ഡിസൂസയുടേതിനേക്കാളും സുന്ദരവുമായിരുന്നു...
ഫേസ് ബുക്കിലൂടെ നിരന്തരം വരുന്ന
മലാല വാർത്തകൾ മെസ്സേജ് ചെയ്തും
ഷെയർ ചെയ്തുമാണ് ഞാനവളെ
കുഴക്കുന്ന പലചോദ്യങ്ങളിൽ നിന്നും
പിന്വലിയിച്ച് ഉത്തരം മുട്ടിച്ചിരുന്നത്..

മലാലയെന്ന് കേട്ടാൽ വലിയൊരപരാധം പോലെ
തലതാഴ്ത്തിയിരിക്കുന്ന അവളുടെ
ഉദയം പോലുള്ള കവിളുകൾ
ചുംബിയ്ക്കുവാൻ വേണ്ടി മാത്രം സൃഷ്ടിച്ചിട്ടുള്ളതാണോ
എന്ന് ദാഹം തോന്നിയിട്ടുണ്ട് പലപ്പോഴും...

കർദോ (kar2) എന്ന് 'ഹിംഗ്ലീഷിൽ' ടെക്സ്റ്റ് ചെയ്യുമ്പോൾ
കർ (Kar) എന്നതിനു ശേഷം 2 (ദോ) എഴുതുന്ന രീതി
ഞാനവളിൽ നിന്നാണ് പഠിച്ചത്....

റുബാബും ഞാനുമായി നല്ല സൗഹൃദത്തിലായതിന്
മലാല ഒരു കാരണമായിരുന്നെങ്കിലും,
അതിനെക്കാൾ ദുരന്തപര്യവസാനിയായ
നിരവധി പെണ്മുളകളെക്കുറിച്ച് അവളെപ്പോഴും
ഓർമ്മപ്പെടുത്താറുണ്ടായിരുന്നു...

എത്രമേൽ സംസ്കരിക്കപ്പെട്ടാലും
പുരുഷബിംബങ്ങളൊക്കെയും
ചില സ്ത്രൈണപർവ്വങ്ങളിൽ വിടന്മാരുകുന്നത്
മുൻപേ അറിയാമായിരുന്നുവെന്നും
പുതിയ അറേബ്യൻ അത്തർത്താടികൾ
അതൊന്നുകൂടി ബലപ്പെടുത്തിത്തരുന്നുണ്ടെന്നും
ചില ഇന്റർവ്യൂ തൽസമയ സംപ്രേക്ഷണങ്ങളിലൂടെ
അവളെനിക്ക് വിശദീകരിച്ച് തരാറുമുണ്ട്...

ഡിസംബർ തണുപ്പിൽ ഒന്നിച്ചൊരു ഗ്ലോബൽ വില്ലേജ്
യാത്രയിലൂടെ ഇന്ത്യാ പാക് സംഘർഷത്തിന്
അൽപ്പം അയവ് വരുത്തണം എന്ന് ഞങ്ങൾ
തമ്മിൽതമ്മിലുറപ്പിച്ചു....
സബർവാൻ മലനിരകളിൽ നിന്ന് ദാൽ തടാകത്തിലേയ്ക്ക്
ഇലാസ്റ്റിക് കയറുകൾ കെട്ടാതെ ബഞ്ചീ ജംബിംഗ് ചെയ്യുന്ന
സ്വപ്നം ഞാൻ ഇടക്കിടെ കണ്ടുകൊണ്ടിരുന്നു...

ഇന്നലെ ഡൽഹി സംഭവത്തിന്റെ നിശ്ചല ദൃശ്യങ്ങൾ
മെയിലച്ചു കൊണ്ട്, ബസിൽ വച്ച് നിങ്ങളവളോട് ചെയ്തത്
മുജ്സേ ബീ കർദോ എന്നവൾ കണ്ണുരുട്ടിയപ്പോൾ
മഞ്ഞുപൊതിഞ്ഞ് കാത്ത് വെച്ച മദ്ധ്യാവയങ്ങൾ ഒലിച്ചിറങ്ങി
പല സംഘടനകൾ കാശ്മീരിനെ വരക്കുന്ന ഭൂപടം പോൽ
വികൃതമായി ഞാൻ......

ഇനിയെനിക്ക് ജലപീരങ്കി കൊള്ളുന്ന പ്രതിഷേധത്തിന്റെ
ചിത്രങ്ങളെടുക്കണം...

6/11/12

ഒറ്റയ്ക്ക് ബസിറങ്ങുന്ന പെണ്‍കുട്ടി



സന്തോഷ് പല്ലശ്ശന
**************

സീന്‍ ഒന്ന് :
ബസ് വന്നു നിന്നു
ഒരു പതിനേഴുകാരി മാത്രം ഇറങ്ങി.
സ്റ്റോപ്പിലുണ്ടായിരുന്ന എല്ലാവരും കയറി.
ബസ് പോയി...

പെട്ടെന്ന്
വഴിവിളക്കുകള്‍ ഒരുമിച്ചു കെടുന്നു.
ഇരുളുറ ധരിച്ചൊരു രാത്രി
താഴ്‌വരയില്‍ വന്ന് നിറയുന്നു...
കൈതത്തോട്ടത്തിനരികിലെ
വയല്‍വെള്ളത്തില്‍ നിലാവിന്റെ
നേര്‍ത്ത ചില്ലുകള്‍ മിന്നുന്നു.....
ചീവീടുകളുടെ ഈര്‍ച്ചപ്പെരുക്കം...

കറന്റുവന്നു...

നാട്ടു കവലയില്‍ ചുരുണ്ടു കിടന്നുറങ്ങുന്ന
രാത്രിയിലേക്ക്
ഒറ്റയ്ക്ക് ബിസ്സിറങ്ങിയ
പാവം പൊട്ടിപ്പെണ്ണെന്ന് കളിപറഞ്ഞ്....
വഴിവിളക്കുകള്‍
ഇപ്പോള്‍ വീണ്ടും കത്തുന്നു.

കട്ട്...!!

വഴിവിളക്കുകള്‍ ഒരുമിച്ചുകെട്ടതും
ഒരു പെണ്‍നിലവിളി
നിങ്ങള്‍ കേട്ടുവൊ...?
ഇതെവിടെനിന്നുവന്നുവെന്ന്
അവളും ഞാനും ഒരുമിച്ചിരുന്നു ചിന്തിച്ചു...

നാട്ടില്‍ രാത്രി കറന്റുപോകുന്നത്
പുതിയ വല്ല സംഭവവുമാണൊ ?
ഇതുവരെ ആരും മുറിക്കാത്ത,
പൊക്കിള്‍ക്കൊടിയായിരുന്നല്ലൊ
ഇവള്‍ക്കീ നാട്ടുവഴി....!!

പതിനേഴുകാരി ബസ്സിറങ്ങിയതിലേക്ക്
നീ നിന്റെ പേനയെ ഉദ്ധരിച്ചുകേറ്റല്ലെയെന്ന്
കളിപറഞ്ഞു ചിരിച്ചുകൊണ്ട്
അന്ന് രാത്രി
വീട്ടിലേക്കവള്‍
ഇരുട്ടുവകഞ്ഞ്, വയല്‍കടന്ന്
ഒറ്റക്ക് നടന്നുപോയി.

1/10/12

ഞാനുണ്ട്,ഞാനിപ്പോഴുമുണ്ട്...

ഉരുകുന്നു.
നടന്നുപോവുന്ന ആ പെണ്‍കുട്ടി
നടുറോട്ടില്‍ ഉരുകിയുരുകി ഒലിക്കുന്നു.
അവളുടെ പച്ചപ്പാവാട
ഉരുകിപ്പരക്കുന്നു.
നിമിഷം മുന്‍പ്
അരയ്ക്കു താഴെ ഉരുകിപ്പോയതിനാല്‍
അവള്‍
പച്ചപ്പാവാട വട്ടത്തില്‍
കൂമ്പി നില്‍ക്കുന്ന ജലപുഷ്പം.
ഇപ്പോള്‍ ഈ നിമിഷത്തില്‍
ആ പകുതിയും
ചിതറിച്ചിതറിപ്പോകുന്നു.
നടന്നു വരുന്ന മനുഷ്യരെല്ലാം
പൊടുന്നനെ അരയോളം
ഉരുകിയവരായി നിരത്തില്‍
മുറിഞ്ഞുവീഴുന്നു.
ഒഴുകിയൊഴുകി വരുന്ന ആ‍ കാറ്,
അതിനു പിന്നിലെ അസംഖ്യം കാറുകള്‍
അലിഞ്ഞലിഞ്ഞ് പോകുന്നു.
വരുന്ന വരവില്‍ത്തന്നെ
അവയുടെ തലവിളക്കുകളുടെ
വെളിച്ചങ്ങളില്‍ നിന്ന്
നിറങ്ങള്‍ ♫♫♫♫♫ എന്ന്
പറന്നുപോവുന്നു.
കെട്ടിടനിരകള്‍ അവയുടെ
നിറങ്ങളും ഘടനയും ഉപേക്ഷിച്ച
കേവലഘടനകളാവുന്നു.
അവയും
ആ ചതുരങ്ങളും ദീര്‍ഘചതുരങ്ങളും
ത്രികോണങ്ങളും വൃത്തങ്ങളും
ഇളകിപ്പറക്കുന്നു.
മങ്ങിമങ്ങിമങ്ങി മറയുന്നു.
ആളുകള്‍ വന്നിരിക്കാറുള്ള
ഈ പാര്‍ക്കിലെ
മുഴുവന്‍ ചെടികളില്‍ നിന്ന്,
മുഴുവന്‍ പൂക്കളില്‍ നിന്ന്,
മുഴുവന്‍ പൂമ്പാറ്റകളില്‍ നിന്ന്
അവയുടെ നിറങ്ങള്‍ ഇറങ്ങിപ്പോവുന്നു.
ആകൃതികള്‍ മാത്രം അവശേഷിപ്പിച്ച്
ദ്രവ്യം അതിന്റെ പാട്ടിനു പോവുന്നു.
സുതാര്യതയുടെ ഒരു കടല്‍.
തിരകളുടെ തുമ്പുകളിലെങ്ങാനും
ബോധത്തിന്റെ മീനുകള്‍ കണ്ടേക്കാം


വിദൂരതിയില്‍ നിന്ന് തുടങ്ങിയ ഉരുക്കം
എല്ലാം തകര്‍ത്ത്
ഞാനിരിക്കുന്ന ഈ ഹോട്ടലിനെ സമീപിക്കുന്നു.
എനിക്ക് ചായ അടിക്കുന്ന
ആ മനുഷ്യന്‍ നിന്ന നില്പില്‍
അലിഞ്ഞലിഞ്ഞു പോവുന്നു.
മുന്നിലെ എല്ലാ മേശകളും
ആളുകളും ഉരുകിയുരുകി മായുന്നു.
ഈ മേശപ്പുറത്തുവെച്ച എന്റെ വിരലുകള്‍
ഒരു നിറവുമില്ലാത്ത
ഒരു മണവുമില്ലാത്ത
അഞ്ചുനദികളായി വിരലറ്റങ്ങളില്‍ നിന്ന്
പൊട്ടിപ്പുറപ്പെട്ട് ഒഴുകുന്നു.
ഇളകുന്ന വെള്ളത്തിലെ
തെങ്ങിന്‍ നിഴലുപോലെ
ഉടയുന്നു,
ചിതറുന്നു,
മായുന്നു.
ഞാനുണ്ട്,
ഞാനിപ്പോഴുമുണ്ട്...


7/6/12

പുകയില്ലാത്ത അടുപ്പുകള്‍

വീട്
നേരം വെളുക്കുമ്പത്തൊട്ടന്തിയാവോളം
പലകുറിയിങ്ങനെ
പുകയൂതി... പുകുയൂതി... നിന്നു.

തൊടിയിലെ മുരിങ്ങക്കൊമ്പില്‍,
ശീമക്കൊന്നപ്പൂക്കളില്‍,
അരോടൊ മുഖമിരുണ്ടങ്ങനെ
അടക്കിപ്പിടിച്ചൊരു കരച്ചില്‍പോലെ..
ആരെയൊ വിട്ടുപോകാനോരാതെ
നിന്നു കരയുംമ്പോലെ,
പുക നിന്നഴിക്കുന്നുണ്ട്
പിഞ്ഞുകീറിക്കറുത്ത ചേലകള്‍...

പെരിമുറ്റത്തു നിന്നാല്‍ കാണാം
അടുക്കള ജനാലക്കലൊരു
പെണ്‍ചുമയുടെ കുഴലൂത്ത്..
ചായ, ചോറ്,
ചൂട് വെള്ളം, കറി, കഞ്ഞി...
ജഗ്ഗപൊഗ്ഗ....

ഉള്ളടുപ്പെരിഞ്ഞ്
പുകഞ്ഞ് പുകഞ്ഞ്
കരിമഷിപടര്‍ന്ന കണ്ണടുപ്പുമായ്
അന്തി തീകൂട്ടുന്നതുംനോക്കി
ചലപ്പോഴൊക്കെ
പൂമുഖത്തിരിപ്പതുകാണാം.

ഇല്ലായേം വല്ലായേം പറയല്ലേ..
ഒച്ചകേള്‍പ്പിച്ചിങ്ങനെ
നാട്ടാരുകാണെ കരയല്ലേ...
വെറുതെ പരിഭവം പറയല്ലേ...
എന്ന് മക്കള്‍... മരുമക്കള്‍..

ഉളളുതുറന്ന്
വല്ലപ്പോഴുമൊന്ന്
കരഞ്ഞോട്ടെ..
ഇനിയിതുംകൂടിയില്ലെങ്കില്‍....

വീട് പുതുക്കിപ്പണിതപ്പോള്‍
മകന്‍ പുകയില്ലാത്ത രണ്ടടുപ്പുവച്ചു.

ഇപ്പോഴും കത്തുന്നുണ്ട്
നീലനിറത്തില്‍.
ഏറ്റം ചൂടോടെ അച്ചടക്കത്തോടെ...
പുകയാതെ... കരിമഷി പടരാതെ...
നിന്നുവേവുന്നുണ്ട്
രണ്ട് കണ്ണടുപ്പുകളില്‍,
തിളച്ചുതൂവുന്നുണ്ട്
കണ്ണീര്‍വെള്ളത്തില്‍,
ശിഷ്ടജന്മത്തിന്റെ കനലരികള്‍....

3/5/12

പട്ടാപ്പകല്‍ 11.30 ന് അഥവാ സഞ്ചാര സ്വാതന്ത്ര്യത്തെക്കുറിച്ച് 60 കിലോമീറ്റര്‍ സ്പീഡില്‍ ഒരു കവിത


പട്ടാപ്പകല്‍ 11.30 ന്
ഞങ്ങള്‍ ഒരു തുറന്ന ജീപ്പില്‍ പുറപ്പെട്ടു
ഞങ്ങളുടെ ഡ്രൈവര്‍ ഞങ്ങളെ നോക്കുകില്ല
എന്ന ഉറപ്പില്‍
ഞങ്ങള്‍ ഞങ്ങളുടെ തുണികളൊക്കെ ഊരി
വണ്ടിയുടെ ചുറ്റുമുള്ള കമ്പികളില്‍ കെട്ടിയിട്ടു
വണ്ടി ഒരു അറുപതു കിലോമീറ്റര്‍ സ്പീഡില്‍ വിട്ടു
പോകുന്ന വഴിക്ക് നാല് കവലയുണ്ട്
വേണമെങ്കില്‍ കവലയുടെ എണ്ണം കൂട്ടാം
കാറ്റ് ഞങ്ങളെ അടിച്ച് പിന്നോട്ട്
കാറ്റത്ത് എന്റെ പാന്റ്സും അവളുടെ ചുരിദാറും പിന്നോട്ട്
ഞാനും അവളും കെട്ടിപ്പിടിച്ച് കൂക്കിവിളിച്ചു
ഡ്രൈവര്‍ തിരിഞ്ഞുനോക്കിയോ?
നോക്കിയാല്‍ ഞങ്ങള്‍ക്ക് പുല്ലാണ്
ഞങ്ങള്‍ ചൂളമടിച്ചു
പാട്ടുപാടി
അലറി
വഴിയിലുള്ള മരങ്ങളെ മുഴുവന്‍ പേരെടുത്തുവിളിച്ചു
പ്ലാവേ മാവേ കാറ്റാടീ
കള്ളക്കശുമാവേ മൈരന്‍ റബറേ
എന്നിങ്ങനെ അന്നോളം ആരും വിളിക്കാത്തത്ര സ്നേഹത്തില്‍

ഒന്നാമത്തെ കവല വന്നു
കവലയില്‍ ആളുകള്‍ എന്തൊക്കെ ചെയ്യും
അല്ല,എന്തൊക്കെ ചെയ്യണം?
ഒരുത്തി,അല്ലല്ല,കുറേ ഒരുത്തികള്‍
പച്ചക്കറി വാങ്ങിച്ച് നില്‍ക്കട്ടെ
ഇറച്ചിക്കടക്കാരന്‍ ഇറച്ചിവെട്ടട്ടെ
ഓട്ടോ ടാക്സിക്കാര്‍ പതിവുപോലെ
വായും പൊളിച്ച് നില്‍ക്കട്ടെ
ബസ്‌സ്റ്റോപ്പില്‍ കോളേജ് പിള്ളേര്‍
മൊബൈല്‍ ഫോണ്‍ ചെവിയിലമര്‍ത്തി
ചിരിച്ചും പറഞ്ഞും ചുവക്കട്ടെ
ഞങ്ങളുടെ വണ്ടി പരമാവധി വേഗത കുറയ്ക്കുന്നു
കവല മുഴുവന്‍ ഞങ്ങളെ നോക്കുന്നു
ഞങ്ങള്‍ ഫുള്‍ഡാന്‍സാണ്.
നോക്കിനില്‍ക്കുന്ന അമ്മാവന്മാരെ നോക്കി പൂരപ്പാട്ടാണ്.
അവളുടെ ബള്‍ബ് കണ്ട് ചില വല്യപ്പന്മാര്‍ നാക്ക് നീട്ടുന്നുണ്ട്
എന്റെ മുരിങ്ങക്കായ കണ്ട് ചില അമ്മായിമാര്‍ കണ്ണുപൊത്തുന്നുണ്ട്
ഒലക്കേടെ മൂട്
കോപ്പിലെ സദാചാരം
വണ്ടി പെട്ടെന്ന് വേഗത കൂട്ടി ഒറ്റപ്പോക്കാണ്
ഒരു കവല ഒന്നാകെ ഷോക്കടിച്ച് നില്‍പ്പാണ്
എന്തോ ഒരു മൈര് തലയ്ക്കു ചുറ്റും കറങ്ങുമ്പോലെ
എല്ലാവര്‍ക്കും തോന്നുകയാണ്.
ഞങ്ങടെ ഡ്രൈവര്‍ നല്ല വിടല് വിട്ടു
അവളെന്നെ കെട്ടിപ്പിടിച്ച് രണ്ടുകവിളിലും കടിച്ചു
അടുത്ത കവലയിലും ഇങ്ങനെതന്നെ ചെയ്തു
പ്രേമം മൂത്ത് ആ കവല
ഞങ്ങടെ പിന്നാലെ കുറച്ചുദൂരം ഓടി
ഞങ്ങളെ ജയിക്കാന്‍ പറ്റുമോ
ഞങ്ങള് നല്ല വിടല് വിട്ടു
മുരിങ്ങക്കായ കാട്ടി വിരട്ടി
മൂന്നാമത്തെ കവല കല്ലെറിഞ്ഞു
നാലാമത്തെ കവല പിടിച്ചുവെച്ച്
ഞങ്ങള് മൂന്നെണ്ണത്തിനേം
നല്ല ചാര്‍ത്ത് ചാര്‍ത്തി
ഫുട്ബോള് തട്ടുമ്പോലെ തട്ടി
കയ്യും കാലും പിടിച്ച് ഒരു വിധം കഴിച്ചിലായി.

ലക്ഷ്യസ്ഥാനത്തെത്തിയപ്പോള്‍ അവള്‍ക്കൊരു സംശയം.
അല്ല,കുട്ടാ...നമ്മളീ കാട്ടിയതൊക്കെ
ആരെങ്കിലും കണ്ടോ?
ഞാന്‍ ആലോചിച്ചുനോക്കി
പിന്നെയും ആലോചിച്ചുനോക്കി
ഹേയ് ആരും കണ്ടിട്ടില്ലാ മോളേ.
ഉറപ്പുവരുത്താന്‍
ഒന്നാമത്തെ കവലയിലേക്ക് ഫോണ്‍ ചെയ്തു
അവരാരും ഒന്നും കണ്ടിട്ടില്ലെന്ന് പറഞ്ഞു
രണ്ടാമത്തെ കവലയിലേക്ക് ഫോണ്‍ ചെയ്തു
അവരും ഒന്നും കണ്ടിട്ടില്ലെന്ന് പറഞ്ഞു
മൂന്നാമത്തെയും നാലാമത്തെയും
കവലയിലേക്ക് ഫോണ്‍ ചെയ്തു
അവരും അതു തന്നെ പറഞ്ഞു
എന്നാപ്പിന്നെ നമുക്ക് ഒന്നുകൂടിപ്പോയാലോ
എന്നായി അവള്‍
തിരിക്കെടാ വണ്ടി
ഞങ്ങള്‍ അലറി
വണ്ടി തിരിഞ്ഞു
നാലാമത്തെ കവല ഒന്നാമത്തെ കവലയെപ്പോലെ
ഞങ്ങളെ സ്വീകരിച്ചു
മൂന്നാമത്തെ കവല രണ്ടാമത്തെ കവലയെപ്പോലെ
പിന്നാലെയോടി
രണ്ടാമത്തെകവല കല്ലെറിഞ്ഞു
ഒന്നാമത്തെകവല പിടിച്ചുവെച്ച് ചവിട്ടിക്കൂട്ടി
കയ്യുംകാലും പിടിച്ച് രക്ഷപ്പെട്ടു.
ഒടുവില്‍ തുടങ്ങിയ സ്ഥലത്ത് എത്തി
അപ്പോള്‍ അതേ സംശയം
അവള്‍ വീണ്ടും ചോദിക്കുകയാണ്
അല്ല ,കുട്ടാ...
ഞാന്‍ വീണ്ടും ഫോണ്‍ ചെയ്യുകയാണ്
ആരും ഒന്നും കണ്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ്
എന്നാപ്പിന്നെ വിഡ്രാ വണ്ടി...
ഞങ്ങടെ വണ്ടി ഇതാ കൂക്കിവിളിച്ചുവരുന്നു
മരങ്ങളേ മലകളേ
മാറിനിക്കിനെടാ...കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്

9/3/12

മരങ്ങളുടെ ഓരോ നേരംമ്പോക്കുകള്‍....

സന്തോഷ് പല്ലശ്ശന

കൈകള്‍ മേലോട്ടുയര്‍ത്തി
ഒറ്റയ്‌ക്കൊരുമരം
നിന്നു പ്രാര്‍ത്ഥിക്കുന്നതെന്താവാം...

എന്നെയുംകൂടൊന്ന്
കൊണ്ടുപോണേ...
ഭഗവാനേ... എന്നോ..?

തണ്ണീര്‍തേടിയിറങ്ങിയ
വേരുകള്‍
തിരികെ വന്നില്ലെന്ന്
വേര്‍പ്പെഴുകയാണോ..

ഋതുക്കള്‍ കൂടുകൂട്ടുന്നത്
എന്റെ കൈകളിലെന്ന്,
കാലം എന്നെയല്ല
ഞാന്‍ കാലത്തെയാണ് വരയ്ക്കുന്നെന്ന്....;
കുറേ ഇലകളേയും
പൂക്കളേയും
കാറ്റിലടര്‍ത്തിയിടുകയാവാം.

കൈപ്പാടകലെ നില്‍ക്കുമുറ്റവരെ
വേരയച്ച് പിടിക്കുകയാവാം

ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ
എന്ന പാട്ട്
കാറ്റിനെ പഠിപ്പിക്കുകയുമാവാം.

നോക്കൂ...
ഞാന്‍ വെറുതെ നില്‍ക്കുകയല്ല,
അകമെ നടക്കുകയാണ്,
അകമെ നടക്കുമ്പോഴും
പുറമെ പറക്കുകയാണെന്ന്
എകാന്തതയെ
വിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കയുമാവാം.

തലകീഴായി നടക്കുന്ന
ഞങ്ങള്‍ മനുഷ്യരെ നോക്കി
നിന്നനില്‍പില്‍ നിന്ന്
ലോകം ചുറ്റുന്ന
നിങ്ങള്‍ മരങ്ങള്‍ക്ക്
എന്താ ചെയ്തുകൂടാത്തത്.

23/1/12

മഞ്ഞു കാലം വന്നില്ലെന്നാരാണ് പറഞ്ഞത്?





ഓരോ ചെറു കാറ്റിലും
പ്രതിഷേധം മുരണ്ട് 
ഇളകിയാര്‍ത്ത
ഇലക്കൂട്ടങ്ങളെ,
കുടഞ്ഞെറിഞ്ഞു
തണുപ്പില്‍ നിശ്ശബ്ദം 
വിറങ്ങലിച്ചു നില്‍ക്കുന്ന
വഴിയോരമരങ്ങള്‍.

മരിച്ചു വീഴുമ്പോഴും
വഴിമുടക്കാതിരിക്കാന്‍
വശങ്ങളിലേക്ക്
വലിച്ചു കെട്ടപ്പെട്ടവ..

ചില്ലകളില്‍ മഞ്ഞുറഞ്ഞ
വെളുത്ത രൂപങ്ങള്‍
ആത്മഹത്യ ചെയ്ത
കുടുംബാംഗങ്ങളെ പോലെ
തൂങ്ങിയാടുന്നു.

തൂമഞ്ഞു തൂകിയ
പ്രകൃതി,
ചോര വാര്‍ന്ന
ശവം പോലെ
വിളറി വെളുത്ത് .

സന്ധികളിലേക്ക്
അരിച്ചിറങ്ങുന്ന തണുപ്പ്..
നാക്ക് വളക്കാനാവാതെ,
മുഷ്ടികള്‍ ചുരുട്ടാനാവാതെ,
മരവിപ്പിക്കുന്ന തണുപ്പ്.

ഇരുന്നിരുന്നങ്ങിനെ
തണുത്തുറയുമ്പോള്‍
തിരിച്ചറിയാത്തതാവണം..

ഓരോ ശ്വാസത്തിലും
ഹൃദയത്തോളം തൊട്ടുവരുന്ന
തണുപ്പിന്റെ പൊള്ളല്‍.

എത്ര മരവിച്ചാലും
മരിച്ചു തീരും വരെ
മിടിക്കേണ്ടതിന്റെ ആളല്‍.

തലയോട്ടി പിളര്‍ന്നു
ഉള്ളിലെ അവസാനത്തെ
കനലിലും നനഞ്ഞിറങ്ങുന്ന മഞ്ഞ്..

എന്നിട്ടും..
എന്നിട്ടും..
മഞ്ഞു കാലം വന്നില്ലെന്നാരാണ് പറഞ്ഞത്?




ചിത്രം കടപ്പാട്: http://free-extras.com

10/5/11

ഹില്‍ സ്റ്റേഷന്‍

സന്തോഷ് പല്ലശ്ശന

ഏറെ കാത്തിരുന്നു....
നീയൊന്നു മിണ്ടാന്‍ .

ആരോ വരച്ചൊരു ചിത്രത്തിലെന്നപോല്‍
ഇളകാതെ
പച്ചയില്‍ നിന്റെ കുറുവരകള്‍,
ഉടല്‍വടിവൊത്ത തായ്ത്തടികള്‍ , ചില്ലകള്‍ ...

പലകൈകള്‍ കോര്‍ത്ത്
ആകാശത്തെ മറച്ചു പിടിച്ചിരുന്നു നീ.
ഊര്‍ന്നു വീണിരുന്നു
പിന്നെയും വെയില്‍ നൂലുകള്‍ .

ഒരോര്‍മ്മത്തെറ്റുപോലെ
ഒരു മലമുഴക്കിവേഴാമ്പല്‍
ഒരു പാട്ട് താഴേക്കടര്‍ത്തിയിട്ടു.
നിന്റെ ആത്മഹത്യ മുനമ്പില്‍ നിന്ന്
ഒരു കാറ്റ് എന്റെ മുറിവുകളെ തലോടി
മരണസാന്ത്വനമായി...

ആരെ കാണാനാണ്‌ നീ വന്നത്
എന്നൊരൊറ്റചോദ്യംകൊണ്ടാണ്
നിന്റെ ചില്ലകള്‍ക്ക് ചുഴലിപിടിച്ചത്...

എന്തേ വിഷാദം പൂണ്ടിങ്ങനെയൊക്കെ...?

സന്ദര്‍ശകര്‍ വലിച്ചെറിഞ്ഞ
പ്ലാസ്റ്റിക് കൂനകളില്‍ ചവിട്ടി
ഞാന്‍ നിന്റെ നഗരവഴിയിലൂടെ ഓടി.....

തിരികെ മലയിറങ്ങുമ്പോള്‍
ഒരുപാട് ഇരുട്ടിയിരുന്നു.
കാട്ടുതീ കൈകോര്‍ത്തുപിടിച്ച്
നിന്റെ ഉടയാടകള്‍ കീറി
മേലോട്ടുയര്‍ത്തുന്നതു കണ്ടു...

കച്ചയഴിഞ്ഞ കുറേ മലകളും
അരമാത്രം മറച്ച കുറെ കുന്നുകളും
അടക്കിപ്പിടിച്ച തേങ്ങലുമായി
തലകുമ്പിട്ട് ചുറ്റും നില്‍പ്പുണ്ടായിരുന്നു.


മഹാരാഷ്ട്രയിലെ മാത്തരാന്‍ ഹില്‍സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍ എഴുതിയത്....

24/4/11

ഉമ്മാച്ചു. (രാമചന്ദ്രൻ വെട്ടിക്കാട്ട്)

ഉമ്മാച്ചു.
--------------------
ഉമ്മാച്ചു
നടത്തം തൊടങ്ങീന്ന്.

കൊല്ലത്തിലൊരിക്കെ
ഉമ്മാച്ചു
വീട്ടീന്നെറങ്ങി നടക്കും.
അവിടെക്കണ്ടൂ,
ഇവിടെക്കണ്ടൂന്ന്
ആളോള്
അടക്കം പറയും.

സെക്കന്റ് ഷിഫ്റ്റ്
കഴിഞ്ഞ് വരുമ്പോ
പൊഴക്കെപ്പാടത്ത്
കണ്ടൂന്ന്
സീതാറാം മില്ലീപ്പോണ
ശങ്കരുട്ട്യേട്ടൻ പിറ്റേസം
കുഞ്ഞുണ്ണ്യേട്ടന്റെ
ചായക്കടേല്
പറഞ്ഞ് കഥയുണ്ടാക്കും.

ചൂണ്ടപ്പാടത്തും
ഗുരുവായൂരും
കണ്ടോരുണ്ടാവും
ന്നാല്, ഉമ്മാച്ചു
ആരേനീം
ആരും ഉമ്മാച്ചൂനീം
കണ്ട്ട്ട് ണ്ടാവില്ല.

തെരഞ്ഞ്
തെരഞ്ഞ്
ന്റെ ഉമ്മാച്ച്വോന്ന്
നെലോളിച്ച് തളർന്ന്
കല്ല്യാണിയേടത്തി
നാലുംകൂട്യേ മൂലേലെ
അത്താണീമ്മെ ചാരി
തല കുനിച്ചിരിക്കും.

ഒക്കേത്തിന്റേം
അവസാനം
പടിഞ്ഞാറേക്കോട്ടേലെ
ആശൂത്രീന്ന്
ആരേലും
എങ്ങനേങ്കിലും
പറഞ്ഞറീം
ഉമ്മാച്ചൂനെ കൊണ്ടരാൻ
ചെല്ലാൻ.

ഞാൻ ദാ
അപ്രത്തെ മാധവീടെ
വീട്ടീപ്പോയിട്ട് വരാണെന്ന
മട്ടിൽ ചിരിച്ചോണ്ട്
ഉമ്മാച്ചു
കല്ല്യാണിയേടത്തീടൊപ്പം
ബസ്സിറങ്ങി വരും.

കൊണ്ടോടിപ്പാടത്തെ പുഞ്ച
കൊയ്യാനായിട്ട്
തയ്യാറായി നിക്കണുണ്ടാവും
അപ്പോ.

തോർത്ത് തലേലിട്ട്
അരിവാളും
കറ്റകെട്ടാൻ
വാഴേടെ പോള
ഒണക്കിയ വള്ളീം കൊണ്ട്
ഉമ്മാച്ചു
കല്ല്യാണിയേട്ത്തീടൊപ്പം
പുഞ്ചനെല്ലിന്റെ
കൊതിപ്പിക്കുന്ന
മണത്തിലേക്കിറങ്ങും.
അടുത്ത കൊല്ലത്തേക്കുള്ള
ഉന്മാദത്തിന്റെ
വിത്തിനായിട്ട്.
------------------------------
രാമചന്ദ്രൻ വെട്ടിക്കാട്ട്.

6/4/11

പന്ത്രണ്ടു നിലകളുള്ള ഒരു മരം

സന്തോഷ് പല്ലശ്ശന


 1.
പത്താം നിലയില്‍
ഇന്നലെ ഒരാള്‍ തൂങ്ങിമരിച്ചു.
മരിക്കുമ്പോള്‍
അയല്‍വീട്ടിലെ ശീലാവതിക്ക്
മുന്ന് മാസമായിരുന്നു.

ശവമടങ്ങി
ഗര്‍ഭമലസി.

ജാരരാത്രികളുടെ
തണുതണുത്ത
ഉറകള്‍ക്കുള്ളില്‍
തട്ടാതെ പൊട്ടാതെ
വാസ്തു പിന്നെയും
ഉറങ്ങി.


2.
ഒരു ദിവസം
നേരംവെളുത്തപ്പോള്‍
താഴെ ഒരു നഗ്നനക്ഷത്രം
അടര്‍ന്നു വീണിരിക്കുന്നു.

ഗന്ധര്‍വ്വന്മാര്‍
കൂട്ടത്തോടെ ഒളിവില്‍പോയി.
കുരച്ചുകൊണ്ടോടിയ പോലീസ് നായ
വാട്ടര്‍ടാങ്കില്‍ വീണ് മുങ്ങിച്ചത്തു.
തുറിച്ച കണ്ണിലെ നിലവിളി വായിക്കാതെ
കാക്കികള്‍ നായയെ സെല്യൂട്ടു ചെയ്തു.

3.
അതിവൃഷ്ടിയില്‍
മുകള്‍ നില അഭയാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞു.

ഭൂമികുലുങ്ങിയപ്പോള്‍
സ്വയം മുറുകെ പിടിച്ച്
ഞങ്ങള്‍ ഇറങ്ങിയോടി.

നിബിഢ വാസ്തുക്കളുടെ
വേരുകളുടെ നിലവിളികേട്ട്
അന്ന് തെരുവുകള്‍ ഞെട്ടിവിറച്ചു.

4.
മുറിവുകളില്‍ സിമന്റിട്ടടച്ച്
ഇതളുകളില്‍ ചായം പൂശി
പിന്നെയും നിന്നു
വാസ്തു.

മഞ്ഞപൂതലിച്ച പിത്തച്ചിരിയുമായി
ജാലകക്കണ്ണുകള്‍ രാത്രിയെ
തുറിച്ചുനോക്കി.

ജനം കലങ്ങിമറിഞ്ഞൊഴുകുന്ന
നഗര നദിക്കരെ
കടപുഴങ്ങാതെ
വാസ്തു കഥപറഞ്ഞുനിര്‍ത്തുമ്പോള്‍ ...

ദൂരെ ദൂരെ
ഒരു കാട്ടില്‍
കുറെ പച്ചമരങ്ങള്‍ മഴയില്‍ കുളിച്ച്
ആകാശത്തേക്ക് കൈകള്‍ നീട്ടി
മേഘങ്ങളുടെ യൗവനത്തെ
തൊട്ടുണര്‍ത്തുകയായിരുന്നു.

2/3/11

ആന, ഒരു വീട്ടുമൃഗമല്ല!


കലാം

മന്ദം മന്ദം വീശി
സുഖം പകരുന്ന
വലിയ ചെവികളാണ്
ഭീമാകാരമായ ഒരു ശരീരത്തെ
കണ്ണില്‍ നിന്നും മറച്ചു പിടിക്കുന്നത്‌

അരയാല്‍ തണലിലെ
പനയോല നിറവില്‍
പണിക്കു നിൽക്കുമ്പോഴാണ്
തല വിച്ഛേദിക്കപ്പെടുന്നത്

മുറിവായിൽ
കൊളുത്തി വലിക്കുമ്പോഴും
ചങ്ങലക്കിലുക്കം ആസ്വദിച്ചാണ്
താളത്തില്‍ നടക്കുന്നത്

ജടപിടിച്ച ഒരേയൊരോർമ്മയുടെ മറവില്‍
ഒരു മുറിവു പോലെ
കാട് ഉറങ്ങാതിരിപ്പുണ്ട്.

സ്വാതന്ത്ര്യമെന്നു പറയാവുന്ന
പുളഞ്ഞൊഴുകുന്ന കാട്ടാറില്‍
തിമിര്‍ത്താടിയ കുറുമ്പ്
സിംഹാസനങ്ങളെ നോക്കി
ചിന്നംവിളിച്ച രണ്ട് കുടുസ്സുകണ്ണുകൾ

കടന്നല്‍ കൂട്ടിലേക്കൊരു കല്ലുപോലെ
ആത്മ ബോധത്തിലേക്കൊരു ചവിട്ടു മതി
കരുത്തിന്റെ മല മണ്ണ് കുഴിക്കും

ചങ്ങലകെട്ടുകള്‍ തമാശയാകും
ഏകാധിപത്യം കാട്ടിലേക്കുള്ള വഴി ചോദിക്കും
സ്വാതന്ത്ര്യമെന്നൊക്കെ ആനക്കുട്ടികൾ
റോഡ് മുറിച്ചു കടക്കും

മുറിവേറ്റവരുടെ
ചരിത്രമെന്നൊക്കെ
ചരിത്രത്തിനും മുറിവേറ്റേക്കാം

കരുതിയിരിക്കുക
ആന,ഒരു വീട്ടുമൃഗമല്ല





15/2/11

ചരിത്രബോധം

ഒരു യുദ്ധത്തിനും
സാക്ഷിയായിട്ടില്ല.
ഒരു സൈനികൻ പോലും
വെടിയേറ്റു മരിക്കുന്നത് കണ്ടിട്ടില്ല.
ബോംബ് പൊട്ടുന്നതിന്റെ
ഭീകരശബ്ദവും കേട്ടിട്ടില്ല.
ഒരു വെടിയുണ്ടയേയും
വഴിതെറ്റിപ്പോലും
അഭിമുഖീകരിച്ചിട്ടില്ല.

എന്നിട്ടും
യുദ്ധമെന്നു കേൾക്കുമ്പോൾ
അരയാൽച്ചെടിയായി
പേടിച്ചു വിറയ്ക്കും ഞാൻ.

തീരെ കോൺസെൻട്രേഷനില്ലാത്ത
മണ്ടന്മാരേയും തെമ്മാടികളേയും
അകത്തിട്ടടച്ച
കോൺസെൻട്രേഷൻ ക്യാമ്പിന്റെ
വാതിലിനു മുൻപിൽ
ചൂരൽവടിയുമായി
ദമോദരൻ മാഷിന്റെ രൂപത്തിൽ
ഹിറ്റ്ലർ പ്രത്യക്ഷപ്പെടും

രണ്ടാം ലോകമഹായുദ്ധത്തിന്റെ
പ്രത്യക്ഷകാരണങ്ങളും
പരോക്ഷകാരണങ്ങളും
എന്തെല്ലാമെന്ന്
ശ്വാസം മുട്ടിക്കുന്ന വിഷവാതകം
മുറിയിലേയ്ക്ക് തുറന്നുവിടും.

ഉത്തരമില്ല,
ആർക്കും.
കരയ്ക്ക് പിടിച്ചിട്ട
മീനുകളെപ്പോലെ
ശ്വാസംകിട്ടാതെ പിടയും
മണ്ടന്മാർ.

മീൻ കുട്ടയുടേയോ
വിയർപ്പിന്റെയോ
വർക്ക്ഷോപ്പിലെ ഗ്രീസിന്റെയോ
മണമുള്ള
ജൂതന്മാരും ക്രിസ്ത്യാനികളും
കമ്യൂണിസ്റ്റുകളും
അവിടെ അടിയും വെടിയുമേറ്റ്
പിടഞ്ഞുവീഴും

പക്ഷേ
ഒരാളും മരിച്ചതായി അറിവില്ല.
എന്നിട്ടും
യുദ്ധമെന്നു കേൾക്കുമ്പോൾ
ഒരരയാൽച്ചെടിയായി
പേടിച്ചു വിറയ്ക്കും ഞാൻ

ഇനിയുമൊരു യുദ്ധമുണ്ടാകരുതേയെന്ന്
മനമുരുകിപ്രാർത്ഥിയ്ക്കും
ഞങ്ങൾ X-E ലെ മണ്ടന്മാർ

മൂന്നാമതൊരു
ലോകമഹായുദ്ധമുണ്ടായാലും
ഞങ്ങൾക്കൊരു പ്രശ്നവുമില്ലെന്ന്
നല്ല കൂളായിരിക്കും
തൊട്ടപ്പുറത്തെ ഡിവിഷനിലെ
ബുദ്ധിമാന്മാർ

25/1/11

വെനീസിലെ വ്യാപാരി/ ഡി. സുബിന്‍

കുനുകുനെയെഴുത്തുകള്‍ അറിയിക്കുമെറുമ്പുകള്‍ അടിമുടികവരുന്നു ജനനേന്ദ്രിയം ഉത്തരമതിനില്ലെന്നു കരുതുന്നു ഭാനുമാനും തിരക്കില്‍നിന്നൊഴിവായി കിഴക്കുദിച്ചു പകയേറ്റാനാളുമുണ്ട് പലിശക്കാര്‍വരുംപോകും കിഴക്കിന്റെ വെനീസിലെ മണല്‍ത്തിട്ടയില്‍ ഒരുമൃതദേഹമുണ്ട് ചാഞ്ഞവെയില്‍ വീണിടുന്നു പുകയിലക്കച്ചവടം മുഹമ്മദാലി.

24/1/11

ഒരു തുമ്പപ്പൂ കൊണ്ട്...

ഹൃദയമെങ്ങനെ പറിച്ചെടുത്തു
മരക്കൊമ്പില്‍ വെയ്ക്കും, മരിച്ചു പോകില്ലേ?
കഥയുടെ പകുതിയില്‍
കുഞ്ഞു കൌതുകം കണ്‍ വിടര്‍ത്തുന്നു.

ചതിയുടെ പുഴ നീന്തിക്കടന്ന
കുരങ്ങന്‍റെ കൌശലത്തില്‍
കൈകൊട്ടിയാര്‍ത്തുറങ്ങുമ്പോള്‍
ഉറക്കത്തിലും ഒരു കുഞ്ഞു ചിരിത്തുമ്പ
പൂത്തു നില്‍പ്പുണ്ട് ചുണ്ടരികില്‍..

കഥയില്ലാതെ പുഴ നീന്തി,
കരയില്ലാത്തോരിടത്ത്
കര പറ്റി നില്‍ക്കുമ്പോള്‍, കണ്ണേ,
ഏതു മരക്കൊമ്പിലും കെട്ടിവെക്കാവുന്ന
എത്രയോ ഹൃദയങ്ങളുണ്ട് ജന്മത്തിനെന്നു
നിന്നോട് പറയണമെന്നുണ്ട്.
ഹൃദയം പറിച്ചെടുക്കാനാവുമെന്നും
മരിച്ചു പോവില്ല, മരണത്തെക്കാള്‍
ആഴത്തില്‍, മുറിവില്‍, നിശബ്ദതയില്‍
ജീവിതപ്പെട്ടു പോകുമെന്നും
പറയണമെന്നുണ്ട്.

പക്ഷെ ഒരു തുമ്പച്ചിരിയില്‍ നിന്നും
വാരിയെടുത്ത നിലാവുമായി ഈ രാത്രി
വാക്കുകള്‍ക്ക് മീതെ തുളുമ്പിപ്പോകുന്നു!

സെറീന

15/12/10

തൊട്ടു മുമ്പ്

ശ്വാസമാണത്
അകത്തേക്കോ പുറത്തേക്കോ
പൊട്ടിവീണതാണത്

ഒരു പക്ഷി പറന്നുപോകുന്നത്
ഒരാള്‍ വിമാനം കയറുന്നത്

മരത്തെക്കുറിച്ചിനി പറയരുത്
നാടുവിട്ട മനുഷ്യരെക്കുറിച്ചും പറയരുത്

മരത്തിലൊരു കൂട്
നാട്ടിലൊരു വീട്
മിണ്ടാട്ടം മുട്ടും

അകത്തേക്കൊന്നാഞ്ഞു വലിക്കും
പുറത്തേക്കൊന്നു നോക്കും

കൂടി നില്‍ക്കുന്നവര്‍
തൊട്ട്
തലോടി
ചുംബിച്ച്

ഒന്നു ഛര്‍ദ്ദിക്കും
ചോര

കണ്ണൊന്നടയ്ക്കും
കാണും

മുറ്റത്ത്
പുല്ലിന്റെ-
യറ്റത്ത്
തുമ്പി
പൂവ്


ക്കു
ന്ന
ത്

25/11/10

പേടിയാകുന്നു/കുന്നു/ന്നു

നസീര്‍ കടിക്കാട്

11 ല്‍ പഠിക്കുന്ന മൂത്തവന്
പൂച്ചയെ കണ്ടാല്‍ പേടി
2 ല്‍ പഠിക്കുന്ന ഇളയവന്
എലിയെ കണ്ടാല്‍ പേടി

ഞാന്‍ മൂത്തവന്റെ അച്ഛനായി
ഇവള്‍ ഇളയവന്റെ അമ്മയായി

എന്നെ കണ്ടാല്‍
പൂച്ചയെ പേടിക്കുന്നവനെന്നു തോന്നുമോ
ഇവളെ കണ്ടാല്‍
എലിയെ പേടിക്കുന്നവളെന്നു തോന്നുമോ

വീടാകെ
പേടിച്ചു പേടിച്ച്
ടോം & ജെറി കാണുകയാണ്

28/10/10

ലിപിജീവിതങ്ങൾ

കവി എന്നൊക്കെ നാമെഴുതാറില്ലേ
അതിലെ 'ക' എന്ന ലിപി
വിചാരിച്ചു:
താനൊറ്റയാണെന്നും
സ്വതന്ത്രനാണെന്നും
ഒരു വിശുദ്ധവാഗ്ദാനങ്ങളുടേയും
കയറ് കഴുത്തിൽക്കെട്ടി
നടക്കാത്തവനാണെന്നും ഒക്കെ

അപ്പോളാണ്‌ കാന്ത എന്നൊക്കെ നാമെഴുതാറില്ലേ
അതിലെ
'കാ' എന്നൊരു സുന്ദരലിപി കടന്നു വന്ന്
ജീവിതത്തിന്റെ മറ്റേതലവരെ
നിന്നെയിങ്ങനെ നീട്ടിവലിച്ചോണ്ട് പോകേണ്ടവളല്ലേ
ഞാനെന്ന്
മധുരമായി
ഊണുകഴിക്കാൻ വിളിച്ചത്.

പുലർച്ചയ്ക്ക്
ഓർമ്മകളുടെ മഴക്കുളിരുള്ള
ജാലകത്തിലൂടെ നോക്കുമ്പോൾ
മഴയിലൂടെ കുടപിടിച്ച്
വെയിറ്റിങ്ങ് ഷെഡ്ഡിലേക്കു പോകുന്നു
'കി' എന്ന പഴയ കാമുകി.

വിളക്കുകാലിനു ചുവട്ടിൽ
നീണ്ട സൗഹൃദ സ്വരമുള്ള
'കീ' എന്ന എന്ന ചങ്ങാതി
എതോ ഒരു കാലം മറന്നുവെച്ചതുപോലെ ,
ഒരു പത്രം പോലും നിവർത്തിപ്പിടിക്കാതെ
ഒറ്റയ്ക്ക് നിൽക്കുന്നു.

കൂടെപ്പഠിച്ച 'ക്'എന്നൊരു കൂട്ടുകാരൻ
ഒരു കുട്ടമീനുമായി
പടിപ്പുര കടന്ന്
ഒരു കാർഡിയാക്ക് അറ്റാക്കുപോലെ
മുറ്റത്ത്

പഴയലിപിയിലെഴുതിയ
കു എന്നൊരു കൂട്ടുകാരി
ഒറ്റവൃഷണം മാത്രമുള്ള ഭർത്താവിനോടൊപ്പം
രജിസ്ട്രേഷനില്ലാത്ത ഡോക്ടറെക്കാണാൻ
എവിടേയ്ക്കോ പോകുന്നു...

'കൂ' എന്ന കൂത്തച്ചിപ്പെങ്ങൾ
വളവു തിരിഞ്ഞ്
കവലയിൽ ചുറ്റിത്തിരിഞ്ഞ്
ആരോടൊപ്പമോ എതിർദിശയിലേയ്ക്ക്...

കൃ എന്ന വഴികാട്ടി
തികച്ചും അലസനായി
പഴയ ഊഞ്ഞാൽക്കട്ടിലിൽത്തന്നെയിപ്പൊഴും...

ഓർമ്മയിൽ 'കെ' എന്നൊരു വൃദ്ധലിപി
ചെറുമകന്റെ പിന്നാലെ
വേച്ചു വേച്ച്
കടലുകാണാനും കാറ്റുകൊള്ളാനുമിറങ്ങുന്നു
വരും കൊല്ലമാരെന്നുമെന്തെന്നുമാർക്കറിയാമെന്ന്
കക്കാടിനെ കടന്ന് ഒട്ടുദൂരം പോയി
ആരുമില്ലാത്ത ഭൂതകാലത്തിലേയ്ക്ക്
ഭയത്തോടെ തിരിഞ്ഞ് നോക്കുന്നു...

'കേ' എന്നൊരമ്മ
പഴയ ലാന്റ് ഫോൺ പിടിച്ച്
ദൂരദേശങ്ങളിലേയ്ക്ക് ചെവിയോർത്ത് നിൽക്കുന്നു...

കൈ എന്നൊരു ദീർഘപാതയിൽ
പ്രകടനത്തിനുണ്ട് ഇപ്പോഴും ആ കഷണ്ടിത്തല
മുന്നിലോ പിന്നിലോ..

നഗരത്തിരക്കിലൂടെ
'കൊ'എന്നൊരു പരിചയക്കാരൻ
മുന്നിൽ കുട്ടിയും പിന്നിൽ ഭാര്യയുമായി
പെട്ടെന്ന് ബൈക്കോടിച്ച്....

ഇടത്തും വലത്തും പൊലീസുകാരുമായി,
പണ്ട് പെൻസിലും പേനയും മാത്രം
മോഷ്ടിച്ചിരുന്ന, 'കോ' എന്ന
പിൻബഞ്ചുകാരന്റെ മങ്ങിയ ചിത്രം
പത്രത്തിന്റെ ഉൾപ്പേജിൽ വരുന്നു...

'കൗ'എന്നൊരു ഭ്രഷ്ടകാമുകൻ
തകർന്നപ്രണയത്തിന്റെ
കീറച്ചിഹ്നത്തിലേയ്ക്കുറ്റു നോക്കി
ഒരേയിരുപ്പിൽ
ഒരു ജന്മം കുടിച്ചു തീർക്കുന്നു...

ഇടയിൽ'ക്ത'പോലെ ചിലത്
കൂട്ടക്ഷരങ്ങളായി വർഗ്ഗവഞ്ചനയിലും ,
കൂട്ടുവ്യാപാരത്തിലും,
മുഴുക്കുടിക്കൂട്ടങ്ങളിലും പെട്ടുപോകുന്നു.
'ഷ്ക്ക'പോലെ ചിലത് സംഘരതിയിലും
'ക്ക'പോലെ ചിലത് സ്വവർഗ്ഗരതിയിലും
തളർന്നുപോകുന്നു

ഇങ്ങനെ 'ക' എന്ന ലിപി
ഓരോന്നാലോചിച്ച്
ഒടുവിലെ തിരിവിലെത്തുമ്പോൾ
'കം' എന്നൊരപരിചിതൻ
'ഠ' വട്ടത്തേക്കാൾ ചെറിയൊരു കുഴിയും കുഴിച്ച്
ഹലോ എന്നു പറഞ്ഞ് പരിചയം നടിക്കുന്നു...

മനസിലായില്ലല്ലോയെന്ന് നെറ്റിചുളിയുമ്പോൾ
നിന്റെ പരമ്പരയിലെ
ഒടുവിലത്തെ കക്ഷിയാണെന്ന്
സ്വയം പരിചയപ്പെടുത്തും.

അപ്പോൾ 'ക' എന്ന ലിപി
ഹാ എന്നൊരത്ഭുതം കലർന്ന്
'കഃ' എന്ന് രണ്ട് കണ്ണും തുറിച്ച്
മലർന്നടിച്ച് വീഴും.