16/4/23

അഷ്ടമൂർത്തി

 'സൗമ്യമൂർത്തിയുടെ കഥാവഴികൾ'


    ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മിലുള്ള നിതാന്തമായ പൊരുത്തമാണ് : സുകുമാരൻ, സുകുമാരി ;സത്യശീലൻ, സത്യശീല; രമണൻ, രമണിഎന്നിങ്ങനെ... 

കുറച്ചുകൂടി മുതിർന്നപ്പോഴാണ് ജീവിതത്തിൽ ദമ്പതിമാർക്ക് പൊരുത്തമുള്ള പേരുകൾ (പൊരുത്തമേ ഉണ്ടാവാറില്ല ) ഇല്ലല്ലോ എന്ന് ശ്രദ്ധയിൽപ്പെട്ടത്.

അതോടെ പുതിയ പേരുകൾ ശ്രദ്ധിക്കാൻ തുടങ്ങി. മാധവിക്കുട്ടിയുടെ കഥയിലെ മാന്ത്രികസ്പർശമുള്ള ഒരു പേര് അങ്ങനെയാണ് മനസ്സിൽ തട്ടിയത്: സൗമ്യമൂർത്തി!

 സൗമ്യമൂർത്തിയുടെ  പങ്കാളിക്ക് ഇടാൻ പറ്റിയ പേര് എന്തായിരിക്കും? സൗമ്യ? പോരാ... കുറെ ആലോചിച്ച് ഞാൻ ഒരു പേര് കണ്ടെത്തി: ക്ഷമ!

എൻറെ ബാല്യകഥാകൗതുകലോകത്ത് സൗമ്യമൂർത്തിയും ക്ഷമയും സന്തുഷ്ടരായ ദമ്പതിമാരായി സസുഖം വാഴുകയാണ് !

     ഇവിടെ നമ്മുടെ പ്രിയപ്പെട്ട കുട്ടേട്ടൻ അഷ്ടമൂർത്തിയാണ്. അഷ്ടമൂർത്തി എന്നാൽ ശിവൻ, ചിലപ്പോൾ സംഹാരരുദ്രൻ .… ഞാൻ പരിചയപ്പെട്ട  അഷ്ടമൂർത്തിയ്ക്ക് കുറച്ചു കൂടി പറ്റിയ പേര്  സൗമ്യമൂർത്തി എന്നാണ്!(കുട്ടേട്ടൻ ക്ഷമിക്കുക ). സൗമ്യനും  കാരുണ്യവാനുമായ സൗഹൃദങ്ങളുടെ ഈ മൂർത്തി യുടെ  കഥകൾ  ട്രെയിനിലും വീട്ടിലുമായി സന്തോഷത്തോടെ വായിച്ചു. 'പുസ്തകവില്പനക്കാരൻറെ മരണം' എന്ന ഈ സമാഹാരത്തിലെ ഓരോ കഥകളും നന്മയിലേക്കുള്ള ഒരു വാതിൽ തുറക്കൽ ആയി അനുഭവപ്പെടുന്നു.

    പുസ്തകങ്ങൾ, വായനശാലകൾ, പുസ്തക വായന ഒക്കെ ലോകത്തിൽ എമ്പാടും എന്നപോലെ മലയാളത്തിലും കഥയ്ക്കും  നോവലിനുമൊക്കെ വിഷയമായിട്ടുണ്ട്. സക്കറിയ, സി വി ബാലകൃഷ്ണൻ തുടങ്ങി നിരവധി പേർ എഴുതിയിട്ടുണ്ട്.എന്നാൽ അഷ്ടമൂർത്തിയുടെ വായനയെ കുറിച്ചുള്ള ആധി മറ്റൊന്നാണ്: 'ആരും വായിക്കാൻ ഇല്ലെങ്കിൽ പുസ്തകത്തിൻറെ ജീവിതം എങ്ങനെയാണ് സഫലമാവുക?'(എനിക്കും ഈ ആധി മറ്റൊരുരീതിയിലുണ്ട് - വായിക്കാത്ത പുസ്തകങ്ങളുടെ ക്രോധങ്ങളും രോദനങ്ങളും  ദീനങ്ങളും നിറഞ്ഞ ഇടത്താണ്  ഇരിക്കുന്നത് എന്ന് എന്റെ വായനമുറി എന്നെ അനുഭവപ്പെടുത്താറുണ്ട്). അതുകൊണ്ടാവും അഷ്ടമൂർത്തിയുടെ 'ശങ്കരൻകുട്ടിയുടെ പുസ്തകങ്ങൾ 'എന്ന കഥ അത്രമേൽ ഉള്ളിൽ തൊട്ടത്. വിരമിക്കാൻ അഞ്ചു വർഷങ്ങൾ ബാക്കിയുള്ളപ്പോൾ ശങ്കരൻകുട്ടി നാട്ടിൻപുറത്ത്  വീട് വെച്ച് അവിടെ  ഷെൽഫിൽ നിറയെ  പുസ്തകങ്ങളും ഒക്കെയായി അവധികൾ സുന്ദരമാക്കി. നാലുവർഷം കഴിഞ്ഞപ്പോഴേക്കും ശങ്കരൻകുട്ടി അസുഖബാധിതനാവുകയും വൈകാതെ മരിക്കുകയും ചെയ്തതോടെ ആ വീടും പുസ്തകങ്ങളും ആർക്കും വേണ്ടാതെ അനാഥമായി. അനാഥവും അവഗണിതവുമായ ജീവിതം നയിച്ചു മടുത്ത പുസ്തകങ്ങൾ പുറത്തിറങ്ങി ജാഥയായി വായനശാലയിലേക്ക് പുറപ്പെട്ടു. സന്തോഷത്തോടുകൂടി വായനശാലയിൽ എത്തിച്ചേർന്നപ്പോൾ  അവിടം ആളും അനക്കവും ഇല്ലാതെ ഇരുട്ടിലാണ്ട് കിടക്കുകയാണ്. അവിടെനിന്നും 'മാർത്താണ്ഡവർമ്മ' പുറത്തേക്ക് പോകുന്നതാണ്  അതിഥികൾ കണ്ടത്. ലൈബ്രറിയുടെ ദൈന്യം മാർത്താണ്ഡവർമ്മ അതിഥികളായ പുസ്തകങ്ങളെ അറിയിച്ചു:"കുറച്ചുകാലമായി കുഞ്ഞു കൃഷ്ണക്കിടാവല്ലാതെ(ലൈബ്രേറിയൻ) വായനശാലയിൽ വേറെ ആരും വരാറില്ല .ആളുകൾ വരാൻ വേണ്ടി കാരം ബോർഡ് വാങ്ങിവെച്ചു.തുന്നൽ ക്ലാസുകൾ തുടങ്ങി.  ആദ്യമൊക്കെ ചിലർ വന്നിരുന്നു .പിന്നെ ആരും വരാതെയായി. 2018 ലെ ഫിഫവേൾഡ്കപ്പിനാണ് പിന്നെ ആളുകൾ വന്നത്.വലിയൊരു ടിവി വാടകക്കെടുത്ത് പുറത്ത് പ്രദർശിപ്പിച്ചിരുന്നു. രാത്രി മുഴുവൻ ആളുകൾ ഉണ്ടായിരുന്നു. വേൾഡ് കപ്പ് കഴിഞ്ഞതോടെ എല്ലാവരും തിരിഞ്ഞുപോയി .പിന്നെ ആരെയും ഈ വഴിക്ക് കണ്ടിട്ടില്ല".'രാത്രിയായാൽ ആരും തിരിച്ചറിയില്ലല്ലോ, പുറത്തൊക്കെ ഒന്ന് കറങ്ങി വരാം' എന്ന് പറഞ്ഞ മാർത്താണ്ഡവർമ്മയോട് പകലും ആരും തിരിച്ചറിയില്ല എന്ന് 'സ്മാരകശിലകൾ' പറയാനൊരുങ്ങി. അത് കേൾക്കും മുമ്പേ മാർത്താണ്ഡവർമ്മ പുറത്തിറങ്ങിയിരുന്നു...

     'പുസ്തകവില്പനക്കാരന്റെ മരണം' എന്ന കഥയിലും കേന്ദ്രപ്രമേയം അതല്ലെങ്കിലും പുസ്തകങ്ങളുടെ അനാഥത്വം വിഷയമായി വരുന്നുണ്ട്.

    മറ്റു കഥകൾ എല്ലാംതന്നെ വളരെ സൂക്ഷ്മമായ അന്തരീക്ഷസൃഷ്ടി, വ്യത്യസ്തരായ, ഇരട്ട ജീവിതം നയിക്കുന്ന മനുഷ്യർ, ജീവിതത്തിൻറെ നിഗൂഢമായ ഭംഗി, കാലഹരണപ്പെടുന്ന ത്യാഗങ്ങൾ , നീട്ടിവെക്കപ്പെടുന്ന സ്നേഹം തുടങ്ങിയ വിവിധ വിഷയങ്ങൾ പ്രസാദാത്മകമായി അവതരിപ്പിക്കുന്നു.

  ജെ.സെന്തിലും  അൻപഴകനും മുസ്തഫയും വിയെസും പ്രൊഫസർ അരുണഗിരിനാഥനും  സാജൻ ഗണപതിയും ഹരിപ്രസാദും (പെണ്ണുങ്ങൾ ആരുംഇല്ല ട്ടോ)  ഒക്കെ മനസ്സിൻറെ  പൂമുഖത്ത് കസേരയിട്ടിരിക്കുന്നു ,

ഇറങ്ങിപ്പോകാതെ... ❤️


കഥയുടെ, 

സ്നേഹസൗഹൃദങ്ങളുടെ സൗമ്യവഴികളിലൂടെ 

ഇനിയും ദീർഘകാലം സുസ്മേരവദനനായി 

നടക്കൂ, കുട്ടേട്ടാ❤️

സുനീത ടിവി