ജ്യോതീബായ്‌ പരിയാടത്ത്‌ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ജ്യോതീബായ്‌ പരിയാടത്ത്‌ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

20/9/09

വീടുവെപ്പ്

പണ്ടത്തെ പാക്കനാര്‍‌ക്ക്
പുര, ഒറ്റമുറിയായിരുന്നത്രേ.

പിന്നത്തെ നൂറുപൊറുതിക്കാര്‍‌ക്ക്
പലമുറിമാളിക പത്ഥ്യമായി
എടുപ്പുകള്‍‌,(എടുത്തുവെയ്പ്പുകളും!)
വടക്കിനി,തെക്കിനി
ഇടനാഴി ,നടുമുറ്റം
നിലവറ,അടുക്കളക്കലവറ
അകത്തൂട്ടും പുറത്തൂട്ടും തിരുതകൃതി.

ഇങ്ങനായാല്‍‌എങ്ങനെ?
(എങ്ങനെയിങ്ങനെ!)
പുതുമുറപ്പേച്ചങ്ങനെ.

പുറമൊക്കെ അകത്തും
അകമൊക്കെ അതിനകത്തും
(ഉള്‍‌പ്പുറമെന്നും ഉള്ളകമെന്നും)
പടുത്താലെന്താ?
(അടപ്പും)അടച്ചുറപ്പും
വേണ്ടെന്നാണോ?
അടുക്കളയാവാം
കലവറ വേണ്ട.
ഇടച്ചുമരുകളിരിക്കട്ടെ
എടുത്തുമാറ്റാവുന്നവ
സ്ഥാവരങ്ങള്‍‌ക്ക് ഉറപ്പേറും

എന്നെങ്കിലും
പഴയ ഓരറപ്പുര എന്നായാല്‍‌
പൊളിച്ചുപണികള്‍‌
അടിത്തറയിളക്കരുതല്ലോ!

14/7/09

എന്റെ ബാദ്ധ്യതകള്‍‌ -വിവര്‍‌ത്തനം

((അല്‍ബേനിയന്‍ കവി Xhevahir spahiu ന്റെ My debts എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)

(ഇങ്ക്ലീഷ് വിവര്‍‌ത്തനം ഇവിടെ വായിക്കാം)

മരിച്ചുപോകും ഞാന്‍
തീരാക്കടങ്ങളിലാണ്ട് തീര്‍‌ന്നുപോകും.
പുഴയൊഴുക്കിന്റെ ആഴങ്ങള്‍‌,
ഗ്യാസ്ചേം‍ബറുകള്‍‌,
ഇവിടൊന്നുമല്ല മരണം!

കുഴിമാടത്തില്‍‌ തലക്കല്ലിടാഞ്ഞതിന്‌
അമ്മയ്ക്കു ഞാന്‍ കടക്കാരന്‍‌
ഒരു മുന്തിരിത്തല പടര്‍‌ത്താതെ
ഓക്കുമരത്തിനോട്,
കഴിഞ്ഞ ഞായറില്‍‌ കവര്‍‌ന്നതിന്‌
പ്രണയത്തിനോട്,
പേര്‍ചൊല്ലി വിളിക്കാതെ
പാപത്തിനോട്.

മരിച്ചുപോകും ഞാന്‍
ഏറിയ ബാദ്ധ്യതകളിലൊടുങ്ങിപ്പോകും.

സ്വപ്നം കണ്ടില്ല,
വാക്കിനോടു കടം.
ചിറകില്‍‌ വെള്ളതേച്ചില്ല,
കാക്കയോടു കടം.
കടമാണ്‌, 1913 നോട്
തലോടിയില്ലഞാന്‍
അതിന്റെ മുറിവിലൊന്നും.
വാതില്‍‌പ്പടിയില്‍‌ വെച്ചുപോന്ന
വിദൂരഭൂതത്തിന്റെ കറുപ്പിന്‌
വരുംനാളിനോടാണു കടം.

കടങ്ങളില്‍‌മുങ്ങിയാവും എന്റെ ഉയിര്‍പോവുക..

കടക്കാരനാണുഞാന്‍‌
ജീവിച്ചിരിപ്പവരോട് ;
കടക്കാരന്‍‌തന്നെ
മരിച്ചവരോടും.

എല്ലാക്കടങ്ങളുമൊടുക്കാനായി
വില്‍ക്കും ഞാന്‍
കല്ലറയിലെ
എന്റെ ഓര്‍‌മ്മക്കല്ല്.

അത്രതന്നെ..
ഇനി
നീ പറയുക
നീയെനിക്കെന്തുമാത്രം കടപ്പെട്ടവനാണ്‌?

8/12/08

എന്റെ സഞ്ചാരങ്ങള്‍

(അല്‍ബേനിയന്‍ കവി Xhevahir spahiu ന്റെ My Travels എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)


മേഘമൊന്നിന്നു ഞാന്‍ കോപ്പണിയിയ്ക്കണം
മാമല മേലേ സവാരിക്കു പോകണം
വാടിവരണ്ടവര്‍ നീരിന്നു കേഴുകില്‍
ധാരയാര്‍ന്നശ്രുവാല്‍ ‍ആകെക്കുതിര്‍ക്കണം

കുതിരയൊന്നിന്നു ഞാന്‍ ചമയമൊരുക്കണം
ദ്രുതമതിന്‍മേലേക്കരേറി ഞാന്‍ പായണം
കാറ്റിന്റെ തനിരുചിയേറ്റുവാങ്ങീടണം
കാക്കുന്ന പ്രണയത്തിനരികിലെത്തീടണം

കടലിന്റെ മടിയിലേക്കെന്നെ നയിക്കുവാന്‍
പുഴകളിലൊന്നിനെ പതിയെ മെരുക്കണം
ഒഴുകേണമങ്ങനെയൊഴുകുന്ന നേരമെന്‍
തനുവിലൂടായിരം കപ്പലൂകള്‍ നീങ്ങണം

ഒരുനാളിലെന്നെയെനിയ്ക്കൊരുക്കീടണം
നിറയെ ഫലം തിങ്ങുമൊരു മരമാവണം
കിളിയൊച്ചയെവിടെന്നു പരിതാപമേലാതെ
ധരതന്നഗാധത്തില്‍ ജട പടര്‍ത്തമരണം

സ്വപ്നമൊന്നിന്നിനി ജീനിയിടുവിയ്ക്കണം
സംയതവേഗക്കടിഞ്ഞാണയക്കണം
സ്വാസ്ഥ്യമണയ്ക്കുന്ന വളയങ്ങള്‍ മാറ്റണം
സാഹസി, നാളെയിലേയ്ക്കു കുതിക്കണം

മധുഗാനമൊന്നിന്റെ ലഹരിയില്‍ മുഴുകണം
സുഖദമാലാപനശ്രുതിയെന്നില്‍ നിറയണം
അതിനിശ്ചലത്തിലും ഗതികമുദ്ഘോഷിക്കു-
മതുമൂളവേ തിന്നടിമ ഞാ-നുടമയും

(മൂലകവിതയും ഇങ്ക്‌ളീഷ്‌ വിവര്‍ത്തനവും )


2/12/08

നീഗ്രോ പറയുന്നു, നദികളെക്കുറിച്ച്‌

(അമേരിക്കന്‍ കവി Langston Hughes ന്റെ The Negro Speaks Of Rivers )


അറിയാമെനിയ്ക്കുനദികളെ .
ഭൂമിയോളം പ്രാചീനവും
മര്‍ത്ത്യസിരകളിലെ
രക്തപ്പാച്ചിലിനേക്കാളൂം
പഴക്കവുമുള്ള നദികളെ
എനിയ്ക്കറിയാം .

നദികളെപ്പോലെ
ന്റെ ഉള്ളും
ആഴമുള്ളതായിത്തീര്‍ന്നിരിക്കുന്നു .

ഇളയപുലരികളില്‍
കുളിച്ചിട്ടുണ്ട്‌ ഞാന്‍ ,യൂഫ്രട്ടീസില്‍
അരികത്തെ എ
ന്റെ കുടിലില്‍
കോംഗോ എന്നെ താരാട്ടിയുറക്കിയിട്ടുണ്ട്‌ .
നൈലിനെ നോക്കി ,
അതിനും മേലെ
പിരമിഡുകള്‍ പണിഞ്ഞിരിക്കുന്നൂ ഞാന്‍
ലിങ്കണ്‍ ന്യൂഓര്‍ലിയന്‍സില്‍ പോയകാലത്ത്‌
മിസ്സിസ്സിപ്പി പാടുന്നത്‌ കേട്ടിട്ടുണ്ട്‌ .
അസ്തമയവേളയില്‍
അതി
ന്റെ കലങ്ങിയ മാര്‍ത്തടം
സ്വര്‍ണ്ണാഭമാവുന്നതു കണ്ടിട്ടുണ്ട്‌ .

എനിക്കറിയാം നദികളെ
പ്രാചീനമായ ,
ഇരുണ്ട നദികളെ .

അവയെപ്പോലെ
തന്നെ
ആഴത്തില്‍
വളര്‍ന്നിരിക്കുന്നു
ഞാനും.

23/11/08

ആറാമത്തെ കാവല്‍ക്കാരന്‍

വിശ്വസിക്കുക.
അലംഭാവമാര്‍ന്നും
അഗാധമായും ഉറങ്ങുക.
നാട്ടുവെട്ടമണഞ്ഞോട്ടെ,
രാവിരുള്‍ കനത്തോട്ടെ,
ഉയരം പിളരട്ടെ,
ചെരിവില്‍ പടരട്ടെ,
അകലെ മുഴങ്ങട്ടെ,
ഞങ്ങളില്ലേ? കാവലല്ലേ?

കാഴ്ച്ചയില്‍ മിന്നല്‍വേരാഴ്ത്തി
കേള്‍വിയിലിടികുടുക്കി
മണ്‍മണംകൊണ്ടുമയക്കി
രുചിമുകുളങ്ങളെ മരവിപ്പിച്ച്‌
തൊട്ടുപൊള്ളിച്ച്‌
മഴ തിമര്‍ത്തൂ.

ഇന്ദ്രിയങ്ങള്‍
സംവേദനം മറന്ന കാവല്‍ക്കാര്‍

ദിക്കുകളുടെ
ശരമൂര്‍ച്ചകളില്‍
മൂര്‍ച്ഛിക്കാതെ
അഞ്ചും ജാഗരമാക്കി
ഒരാള്‍.....ആറാമന്‍

9/9/08

പൂശാരിയമ്മന്‍






ഈറന്‍തറ്റും മേലേ പട്ടും
മാറില്‍ നിറയെ കളഭക്കൂട്ടും
ഉച്ചിയില്‍നില്‍ക്കും നാലിഴമുടിയില്‍
തെച്ചിപ്പൂവും തുളസിക്കതിരും
കണ്ണിലെഴുത്തും
ചുണ്ടില്‍ മുറുക്കാന്‍ചണ്ടിച്ചോപ്പും
അരിയും നീരും
ഊറ്റം വാളാല്‍ തോറ്റിയുണര്‍ത്തിയ
നെറ്റിയില്‍ മഞ്ഞക്കുറി, കുങ്കുമവും
കോമരമൂഴം കാത്തുകിടന്നൂ
*പൂമിതിയുണരും കോവില്‍വഴിയില്‍.

ഒപ്പാരിന്നല തപ്പുംപറയും
ഒപ്പമുയര്‍ന്നൂ ശംഖുമുഴങ്ങീ
നീറ്റുനെരുപ്പിന്‍ ശയ്യയൊരുങ്ങീ
കാറ്റില്‍ ചെന്തീക്കനലു മിനുങ്ങീ.

കോമരമുള്ളില്‍ പോറ്റിയ പെണ്ണോ
കൂടു വെടിഞ്ഞൂ കൂട്ടുപിരിഞ്ഞോള്‍.

അരമണിയില്‍നിന്നുതിരും ചിരിയായ്‌
വിറവാള്‍മുറിവില്‍ മഞ്ഞള്‍ത്തണുവായ്‌
പൂമിതി താണ്ടും കാലിനു വിരിയായ്‌
ചൂടും വേവുമകറ്റും കുളിരായ്‌
കോപം വിത്തായ്‌ പാകീട്ടൊപ്പം
താപമണയ്ക്കാന്‍ വേപ്പിലയായോള്‍
എന്നും തുണയായ്‌ കൂടെ നടന്നോള്‍
നിന്നൂ കോവില്‍വഴിയില്‍ത്തനിയേ

ആടികറുത്തുതിമര്‍ത്തൊരുരാവില്‍
കൂടിയതാണവള്‍ തുണയായൊപ്പം
കോമരമന്നൊരു ചേക്കിടമായീ
കോവിലൊരുങ്ങീ കുംഭമൊരുങ്ങീ
വെളിപാടായീ കല്‍പ്പനയായീ
വഴിയായ്‌ നേര്‍ച്ചകള്‍,കാഴ്ച്ചകളായീ
പൊങ്കല്‍നാളിലുടുക്കും പാട്ടും
പൊന്തീ തകിലടി നാദസ്വരവും
രാവിലൊരുങ്ങീ പൂമിതി
ഭക്തനു നോവറിയാതെ നടത്തീ ദേവി
കനലിന്‍മേലേ കനിവിന്‍ വിരിയായ്‌
കാലടി തഴുകിക്കാത്തൂ ദേവി

എങ്കിലുമൊരുനാളൊരുവെളിപാടി-
ന്നൂറ്റമടങ്ങിയ നേരത്തൊടുവില്‍
കോവിലിലവളെയുമൊറ്റയ്ക്കാക്കി
കോമരമെന്തേ തിരികെപ്പോയീ?

ചെത്തിപ്പൂവിന്‍ ചോപ്പും മങ്ങീ
വിണ്ണിന്‍ ചെന്തീക്കണ്ണു മയങ്ങീ
ഒപ്പാരിന്നൊലി മെല്ലെയടങ്ങീ
തപ്പുംപറയും തേങ്ങിമടങ്ങീ
എന്നും തുണയായ്‌ കൂടെ നടന്നോള്‍
പൊള്ളും വെയിലില്‍ തണലായ്‌ നിന്നോള്‍
ചേക്കയുടല്‍പോയ്‌ താങ്ങുംപോയോള്‍
നില്‍പ്പൂ കണ്ണീര്‍മഴയില്‍ത്തനിയേ
നില്‍പ്പൂ കാണാമറയില്‍ത്തനിയേ.

*പൂമിതി-മാരിയമ്മന്‍ പൊങ്കല്‍ ഉത്സവനാളിലെ ഒരു ചടങ്ങായ കനല്‍ചാട്ടത്തിനായി ഒരുക്കുന്ന ഇടം. കനല്‍ക്കിടക്കയില്‍ കിടക്കുന്ന ദേവിയാണ്‌ അതില്‍ നടക്കുന്ന ഭകതനെ കാക്കുന്നത്‌ എന്നു സങ്കല്‍പം

16/12/07

തീരുന്നേയില്ല....



നിഴലുകള്‍ക്കിടയില്‍
ഒരാത്മാവ്‌
ഉടലിനെ
തിരയുകയാണ്‌

ചാഞ്ഞ വെയിലില്‍
നീളമാര്‍ന്നതിനാല്‍
അവയെല്ലാം
അതിരുകള്‍ തേഞ്ഞും
അടയാളങ്ങള്‍
മാഞ്ഞുമിരുന്നു

പുനരപിമരണം
ഭയന്ന
ദേഹമോ
ഇപ്പോഴും
നിഴല്‍നിഴലില്‍ത്തന്നെ
മറഞ്ഞിരിപ്പാണ്‌

ആത്മാവ്‌
ഉടലിനെ
തിരയുകയാണ്‌

12/12/07

പൂവുകളെഴുതിയ സുവിശേഷം


സ്റ്റാഫ്‌ കൗണ്‍സിലോണം
മാര്‍ക്കിടാനെത്തണം
അത്തം ഈയാണ്ടി-
ലാശുപത്രിയില്‍.

കാഷ്വാലിറ്റിയിടനാഴിയില്‍
പേറ്റിടത്തൊട്ടിലരികില്‍
ഐ സി യൂവിന്നടഞ്ഞ
വാതില്‍വഴിയില്‍
ഓ. പി. കൗണ്ടറിന്‍
പേരേടുകൂനക്കിടയില്‍
കോവണിച്ചോട്ടില്‍
കൈകാല്‍ നിരന്ന
ലിംബ്‌ സെന്ററില്‍
ചെണ്ടുമല്ലി, ചേമന്തി,
വാടാമുല്ല, ചമ്പങ്കി,
വാളയാര്‍ വരവു വര്‍ണ്ണങ്ങള്‍
വാടും കളങ്ങള്‍.

സ്നേഹം സമത്വം,
സ്വാതന്ത്ര്യം സാഹോദര്യം
മതസഹനസമാധാനപ്പറവകള്‍
പനിക്കാറ്റില്‍
പ്പാറീപൊരുളുകള്‍.

പുറത്തകത്തും കളമെന്നു
കൈകൂപ്പി
വാതില്‍ക്കാവലാള്‍
മഞ്ഞില്‍ വിളര്‍ത്ത
മഞ്ഞവിരല്‍പ്പൂക്കള്‍
കാല്‍ത്താമര
മുടിക്കറുപ്പില്‍
ചെമ്പരത്തി
ഒരുക്കം തീര്‍ത്തും
വിധി കാത്തും.

കുറ്റിക്കാട്ടില്‍
കൈതപ്പൊന്തയില്‍
ചേറ്റുതോട്ടില്‍
ആറ്റുനീറ്റില്‍
നാടോടി, കാടോടി-
ക്കൊണ്ടുവന്നൊക്കെയും
ചേര്‍ച്ചയിലൊപ്പിച്ച്‌
ചന്തം തികച്ചത്‌.

തര്‍ക്കമില്ലാതെ മാര്‍ക്കിട്ട്‌
സമ്മാനമുറപ്പിച്ച്‌
മോര്‍ച്ചറിപ്പടിയിറങ്ങി

28/11/07

സീസ്മോഗ്രാഫ്‌


നീ നീട്ടും കോപ്പയില്‍
നോക്കാതെ
കൈനീട്ടും നേരം
കണ്ടൂ
തിരനോട്ടം
ഇരമ്പവുമിളക്കവും.

എന്നിട്ടും
എന്തുകൊണ്ടാണാവോ
വിരുന്നുചായയില്‍
‍പതുങ്ങിയ
സുനാമിയെ
എന്റെ മാപനി
രേഖപ്പെടുത്താഞ്ഞത്‌ !

14/11/07

അലക്ക്‌


നിറുകയില്‍
‍വേനല്‍ തിളച്ച നട്ടുച്ചയ്ക്ക്‌
മുന്നറിയിപ്പില്ലാതെ
അലക്കുയന്ത്രം അനങ്ങാതായി.

കറങ്ങിമടുത്ത അഴുക്കിന്‌
അടിത്തട്ടില്‍ വിശ്രമം.
ജാക്കറ്റില്‍നിന്നൊരു ഹുക്കും
പോക്കറ്റില്‍ നിന്നൊരു തുട്ടും
പതനുരയില്‍ താഴേയ്ക്ക്‌.

തുണികള്‍ വ്യാകുലരായി
യന്ത്രം ധ്യാനത്തിലും


ഉഷ്ണം പഴുപ്പിച്ച ഉടലുകള്‍
അകായില്‍ ഉറകളൂരി
ഊഴം കാത്ത്‌ പെരുകുന്ന ഉറകള്‍
‍കുതിര്‍ന്ന ഉടലുകള്‍
പ്രാചീനമൊരു വംശസ്മൃതിയില്‍
സാകല്യം.
യന്ത്രസമാധി.

അന്തിയ്ക്കറച്ചു നില്‍ക്കാതെ
'അമ്രാളേ' വിളിയില്ലാതെ
തലമുറകള്‍ക്കപ്പുറത്തുനിന്നെത്തി
ഉള്ളും ഉടലും ഉറകളും
ഒന്നൊന്നായലക്കി
ആവാഹിച്ചടങ്ങിയവനെ
അരുമയോടെ നോക്കി
അവള്‍ പടിയിറങ്ങുമ്പോള്‍
വെളുത്തിരുന്നു.

27/4/07

വിരുന്ന്

വേനല്‍ചപ്പ്‌ എരിഞ്ഞമര്‍ന്ന നനഞ്ഞ ചാമ്പലില്‍
പാതിയുടല്‍ മറച്ചുറങ്ങിയ പാണ്ടന്‍പട്ടി
പതിവില്ലാതെ ഉച്ചത്തില്‍ മോങ്ങിയത്‌
പുറകിലെ തൊടിയില്‍ കുത്തിച്ചുടാനെ കേട്ടാണോ
എന്നു തിട്ടമില്ലാഞ്ഞു
പൊട്ടി വന്ന കൊക്കരക്കൊ ഉള്ളിലടക്കി
പുള്ളിച്ചിയേം മക്കളേം ഉണര്‍ത്താതെ
കൂടിന്റെ ഇത്തിരിപ്പാളി വെട്ടത്തിലേക്കു
പൂവന്‍ എത്തിച്ചു നോക്കി.

മുത്തശ്ശി മാവില്‍
കൂടൊഴിയുന്നവരുടെ കലപില .
കാളിപ്പയ്യ്‌ ചുരന്നതും മറന്ന്
മുഖമുയര്‍ത്തി വാട്ടം പിടിച്ചു.
വിളിക്കേണ്ടോരുടെ കണക്കെടുത്ത്‌
ആഞ്ഞിലിക്കൊമ്പിലെ കാക്കച്ചി
പടിക്കലേക്കു ചെരിഞ്ഞു നോക്കി.

പയ്യും പൂവനും പുള്ളിച്ചിയും പാണ്ടനും
വിരുന്നു മണത്തു ക്ഷമയോടെ കാത്തു.
ഇളംതിണ്ണയില്‍
വെറ്റിലയും കോളാമ്പിയും ഒന്നിച്ചു വരണ്ടു.
പടിഞ്ഞാറേത്തൊടിയില്‍
വേനല്‍ ചപ്പു പിന്നെയും ആളിയടങ്ങി .
ഉടയോനില്ലാമണിയൊച്ചകളില്‍
കാക്കക്കരച്ചില്‍ മുങ്ങിപ്പോയി .

പിന്നെയെപ്പോഴോ
അജ്ഞാതരായ അനേകം അതിഥികള്‍
വിരുന്നുപുരയില്‍
നിശ്ശബ്ദമായി വിരുന്നു തുടങ്ങി,
ആതിഥേയനില്ലാതെ...

21/4/07

ശിവം

ദൂരഭാഷിണിക്കിരുപുറം നമ്മെ
ചൂഴ്‌ന്നു നില്‍പ്പൂ മഹാമൗനമേഘം
ഇടയില്‍ ശാന്തം, കടല്‍ ശ്യാമനീലം
അടി, ഇരമ്പുന്നൊരുഷ്ണപ്രവാഹം
അടരുമോരോനിമിഷവും ചേര്‍ത്തുള്ള
തുടലുകൊണ്ടു നീ നിന്നെ ബന്ധിച്ചുവോ?

ഇനിയ വാക്കായി ഞാന്‍ നിന്നില്‍ നിറയവെ
ഇനിയുമെന്തീ നിശ്ശബ്ദത? നെഞ്ചിലെ-
നിഭൃതകാമമഗ്നിസ്ഫുടം ചെയ്ത നിന്‍
പ്രണയവാങ്മയം പ്രിയനായ്‌ പകര്‍ത്തുക

സ്വയമടങ്ങിയൊടുങ്ങുവാന്‍ സതിയല്ല
മൃതിയുമമൃതവും നീ വശ്യമോഹിനി
ഭവതപസ്സില്‍ നീ നര്‍മ്മദയാവുക
തപനമുക്തയായ്‌ ഉമയായുണരുക
ചടുലനര്‍ത്തനം ചെയ്യുന്ന ചുവടുമായ്‌
ജടയില്‍ ഗംഗയായ്‌ പെയ്തിറങ്ങീടുക.

എന്റെ വാഗ്‌രേതസ്സു ഹവ്യമാക്കീടുക
ഉള്ളിലെത്തീയിനു ഭോജ്യമാക്കീടുക
ഉറയുമാമേഘമൌനങ്ങളെയുരുക്കുക
ഉയിര്‍കൊണ്ട വാക്കായി നീ പകര്‍ന്നാടുക.