Xhevahir spahiu എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Xhevahir spahiu എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

14/7/09

എന്റെ ബാദ്ധ്യതകള്‍‌ -വിവര്‍‌ത്തനം

((അല്‍ബേനിയന്‍ കവി Xhevahir spahiu ന്റെ My debts എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)

(ഇങ്ക്ലീഷ് വിവര്‍‌ത്തനം ഇവിടെ വായിക്കാം)

മരിച്ചുപോകും ഞാന്‍
തീരാക്കടങ്ങളിലാണ്ട് തീര്‍‌ന്നുപോകും.
പുഴയൊഴുക്കിന്റെ ആഴങ്ങള്‍‌,
ഗ്യാസ്ചേം‍ബറുകള്‍‌,
ഇവിടൊന്നുമല്ല മരണം!

കുഴിമാടത്തില്‍‌ തലക്കല്ലിടാഞ്ഞതിന്‌
അമ്മയ്ക്കു ഞാന്‍ കടക്കാരന്‍‌
ഒരു മുന്തിരിത്തല പടര്‍‌ത്താതെ
ഓക്കുമരത്തിനോട്,
കഴിഞ്ഞ ഞായറില്‍‌ കവര്‍‌ന്നതിന്‌
പ്രണയത്തിനോട്,
പേര്‍ചൊല്ലി വിളിക്കാതെ
പാപത്തിനോട്.

മരിച്ചുപോകും ഞാന്‍
ഏറിയ ബാദ്ധ്യതകളിലൊടുങ്ങിപ്പോകും.

സ്വപ്നം കണ്ടില്ല,
വാക്കിനോടു കടം.
ചിറകില്‍‌ വെള്ളതേച്ചില്ല,
കാക്കയോടു കടം.
കടമാണ്‌, 1913 നോട്
തലോടിയില്ലഞാന്‍
അതിന്റെ മുറിവിലൊന്നും.
വാതില്‍‌പ്പടിയില്‍‌ വെച്ചുപോന്ന
വിദൂരഭൂതത്തിന്റെ കറുപ്പിന്‌
വരുംനാളിനോടാണു കടം.

കടങ്ങളില്‍‌മുങ്ങിയാവും എന്റെ ഉയിര്‍പോവുക..

കടക്കാരനാണുഞാന്‍‌
ജീവിച്ചിരിപ്പവരോട് ;
കടക്കാരന്‍‌തന്നെ
മരിച്ചവരോടും.

എല്ലാക്കടങ്ങളുമൊടുക്കാനായി
വില്‍ക്കും ഞാന്‍
കല്ലറയിലെ
എന്റെ ഓര്‍‌മ്മക്കല്ല്.

അത്രതന്നെ..
ഇനി
നീ പറയുക
നീയെനിക്കെന്തുമാത്രം കടപ്പെട്ടവനാണ്‌?

8/12/08

എന്റെ സഞ്ചാരങ്ങള്‍

(അല്‍ബേനിയന്‍ കവി Xhevahir spahiu ന്റെ My Travels എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)


മേഘമൊന്നിന്നു ഞാന്‍ കോപ്പണിയിയ്ക്കണം
മാമല മേലേ സവാരിക്കു പോകണം
വാടിവരണ്ടവര്‍ നീരിന്നു കേഴുകില്‍
ധാരയാര്‍ന്നശ്രുവാല്‍ ‍ആകെക്കുതിര്‍ക്കണം

കുതിരയൊന്നിന്നു ഞാന്‍ ചമയമൊരുക്കണം
ദ്രുതമതിന്‍മേലേക്കരേറി ഞാന്‍ പായണം
കാറ്റിന്റെ തനിരുചിയേറ്റുവാങ്ങീടണം
കാക്കുന്ന പ്രണയത്തിനരികിലെത്തീടണം

കടലിന്റെ മടിയിലേക്കെന്നെ നയിക്കുവാന്‍
പുഴകളിലൊന്നിനെ പതിയെ മെരുക്കണം
ഒഴുകേണമങ്ങനെയൊഴുകുന്ന നേരമെന്‍
തനുവിലൂടായിരം കപ്പലൂകള്‍ നീങ്ങണം

ഒരുനാളിലെന്നെയെനിയ്ക്കൊരുക്കീടണം
നിറയെ ഫലം തിങ്ങുമൊരു മരമാവണം
കിളിയൊച്ചയെവിടെന്നു പരിതാപമേലാതെ
ധരതന്നഗാധത്തില്‍ ജട പടര്‍ത്തമരണം

സ്വപ്നമൊന്നിന്നിനി ജീനിയിടുവിയ്ക്കണം
സംയതവേഗക്കടിഞ്ഞാണയക്കണം
സ്വാസ്ഥ്യമണയ്ക്കുന്ന വളയങ്ങള്‍ മാറ്റണം
സാഹസി, നാളെയിലേയ്ക്കു കുതിക്കണം

മധുഗാനമൊന്നിന്റെ ലഹരിയില്‍ മുഴുകണം
സുഖദമാലാപനശ്രുതിയെന്നില്‍ നിറയണം
അതിനിശ്ചലത്തിലും ഗതികമുദ്ഘോഷിക്കു-
മതുമൂളവേ തിന്നടിമ ഞാ-നുടമയും

(മൂലകവിതയും ഇങ്ക്‌ളീഷ്‌ വിവര്‍ത്തനവും )