
മലയാളത്തിലെ പുതുകവിതയില്‍ തനിക്കുള്ള സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുകയാണ് ശ്രീകുമാര്‍ കരിയാട് തന്റെ ‘നിലാവും പിച്ചക്കാരനും’ എന്ന കവിതാസമാഹാരത്തിലൂടെ (ഫേബിയന്‍ ബുക്സ്). കവിതയെ തൊടാനുള്ള 41പരിശ്രമങ്ങള്‍ എന്ന പ്രവേശികയിലൂടെയാണ് ശ്രീകുമാര്‍ ഈ കവിതാസമാഹാരത്തിലേക്ക് വായനക്കാരനെ ക്ഷണിക്കുന്നത്.കവികളേയല്ലാത്ത സാധാരണക്കാര്‍ ജീവിതം അഭിമുഖീകരിക്കുമ്പോഴുണ്ടാകുന്ന ഒരുതരം വിറയല്‍ കവിതയെഴുതുമ്പോള്‍ താനെപ്പോഴും അനുഭവിക്കുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞുവെക്കുന്നു.അതുകൊണ്ടുതന്നെയായിരിക്കും ശ്രീകുമാറിന്റെ കവിത മനുഷ്യപ്പറ്റുള്ളതാകുന്നത്.
‘പ്ലാവില്‍ ’ എന്ന ആദ്യ കവിതയില്‍ കവിതയെഴുതാനുള്ള തന്റെ അടങ്ങാത്ത ആഗ്രഹത്തെയും അതിനു സഹിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളെയും പറ്റിയുള്ള വിവരണമാണ്. പ്ലാവില്‍ കയറുമ്പോള്‍ പ്ലാവിലകള്‍ മാനത്തേക്ക് മാനുകളെപ്പോലെ കുതിക്കുന്നു. ഉയരം കൂടിക്കൂടി വരുന്ന പ്ലാവില്‍ നിന്നും കവിതപ്പഴച്ചക്ക ഇടണമെങ്കില്‍ ഇനിയും ഏറെ ദൂരം കയറണം. എങ്കിലും മടങ്ങിപ്പോകാന്‍ നിവൃത്തിയില്ല. കവിതപ്പഴച്ചക്ക അങ്ങനെ ഉയരെ നില്‍ക്കുന്നതാണ് കവിതയുടെ ഗുണത്തിന് നല്ലത്. കെ.എ. ജയശീലന്റെ ‘ജിറാഫ് ശ്രമമുപദേശിക്കുന്നു’ എന്ന കവിതയില്‍ ജിറാഫ്, കവിയോട് സംവാദത്തിലേര്‍പ്പെടുന്നുണ്ട്, കാവ്യവൃക്ഷത്തിന്റെ താഴത്തെ കായ പറിച്ചുതുടങ്ങിയാല്‍ നാള്‍ക്കുനാള്‍ കൈകള്‍ ചുരുങ്ങിപ്പോകുമെന്നും,എത്താത്ത പൊക്കത്തില്‍ നീട്ടി നീട്ടി കൈകള്‍ക്ക് നീളം വെയ്പ്പിക്കണമെന്നും പറഞ്ഞ്. ഇവിടെ പഴച്ചക്കയുടെ ഉയരം കൂട്ടിക്കൂട്ടി ശ്രീകുമാറിന്റെ കവിതയെ സഹായിക്കുകയാണ് ഒരര്‍ത്ഥത്തില്‍ പ്ലാവ്. എല്ലാവരും അവരവരുടെ മതങ്ങളില്‍ അവരവരുടെ ദൈവങ്ങളോട് യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന ഇറാക്കിലെ ജനതയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പറയുകയാണ് ‘നരസിംഹം’ എന്ന കവിത. സഹജീവികളുടെ സംസ്കാരത്തില്‍ കടന്നു കയറുന്ന മനുഷ്യനോടുള്ള പരിഹാസമായാണ് ‘ഏകാന്തതയുടെ നൂറു ഹര്‍ഷങ്ങള്‍ ’ എന്ന കവിതയെ ഞാന്‍ വായിച്ചത്. സാഹചര്യത്തിനനുസരിച്ച് നിറം മാറുന്ന ഓന്ത്,വാന്‍ ഗോഗിന്റെ സൂര്യകാന്തിപ്പൂക്കളില്‍ ചെന്നിരുന്ന് സൂര്യകാന്തിയാകില്ലെന്നും,പ്രതിഭാശാലികളുടെ സൃഷ്ടികളെ ധിക്കരില്ലെന്നും നമ്മുടെ കലയെയും സംസ്കാരത്തെയും തൊടില്ലെന്നും പറയുന്നു ഈ കവിത. പ്രകൃതിയിലെ ഇടങ്ങളാണ് അതിനു പഥ്യം. അതിന്റെ രാഷ്ട്രീയം,മതം എല്ലാം തൊടിയിലെ ലളിതമായ ഇരിപ്പുകള്‍.
കടലില്‍ നിന്നും രക്ഷപ്പെട്ട മീന്‍ കടലിന്റെ ഭാരം കുറയ്ക്കുകയും കൊടികള്‍ക്കടയാളമായി കരയുടെ ഭാരം കൂട്ടുകയും ചെയ്യുന്നുവെന്ന് ‘മീനും കടലും’ എന്ന കൊച്ചു കവിത. വിവിധ സ്ഥാപനവല്ക്കരണങ്ങള്ക്കുവേണ്
“അവര്‍ വാഴും ചെറ്റക്കുടില്‍ / കുടിലിലെ കടല്‍ മത്സ്യം/ മത്സ്യം റാഞ്ചും കരിമ്പൂച്ച /പൂച്ച മായും കൂരിരുട്ട്/ ഇരുട്ടത്തെ പെരും മരം/ മരത്തിലെ പനങ്കള്ള്/ കള്ളിറക്കും മഹാകവി/ കവിയുടെ കിളിത്തൂവല്‍ ”
ലോകത്തിലെ സകലമാന ചരാചരങ്ങളെയും ഭാഷയുടെ, കവിതയുടെ കുടത്തിനകത്ത് ആവാഹിക്കാം എന്ന് തിരിച്ചറിയുന്നുണ്ട് ശ്രീകുമാര്‍ .മരുഭൂമിയില്‍പ്പോലും ഇടിമിന്നലിനെ കുറിച്ച് കവിതയെഴുതാം. മഴയ്ക്കു മുന്‍പേ വന്ന അറബി ലിപി എന്നും അദൃശ്യ സൂഫി ഭാണ്ഡം തുറന്ന് ഖുറാന്‍ ഗ്രന്ഥം പുറത്തേക്കെടുത്തെന്നും ഇടിമിന്നലിനെ പറ്റി പറയാം. ഇത്തരത്തിലുള്ള ഒരു രൂപകം ‘ജൂലൈ’ എന്ന കവിതയില്‍ , ജൂലൈ മഴയുടെ ഭാണ്ഡത്തില്‍ ആയിരം കൊല്ലം പഴക്കമുള്ളൊരോലക്കെട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് കയറിവരുന്നുണ്ട്. ഒറ്റ രോമാഞ്ചം കൊണ്ട് ആണിന് പെണ്ണാകാം എന്നത് വളരെ വ്യത്യസ്തമായ ഒരു പെണ്‍പക്ഷ ദര്‍ശനമാണ്. പെണ്‍കുട്ടി, സ്ത്രീ, ഫെമിനിസ്റ്റ്, ലോകത്തെ നീറ്റുന്ന മുളകുമുത്തശ്ശി ഇതൊക്കെ ഒറ്റ രോമാഞ്ചത്തില്‍ നിന്നും ഉണ്ടാകും. ‘പെണ്ണായേ ജനിക്കൂ ഞാനിനി’ എന്ന് പറഞ്ഞത് ടി.പി.അനില്‍ കുമാറാണ് ‘നമ്മള്‍ ’ എന്ന കവിതയില്‍ . നൂറുകവിതകളാണെന്റെ പുഴയതിന്‍/തീരത്തു വിരല്‍ കൊണ്ട് പോറുമ്പോള്‍ നൂറ്റൊന്നാകും എന്ന വരികള്‍ കവിതയുടെ ലാളിത്യത്തെ പ്രകടിപ്പിക്കുന്നു (നൂറ്റൊന്നു കവിതകള്‍ ).ആര്‍നോള്‍ഡ് ഷ്വാസ്നെഗ്ഗര്‍ കേരളത്തിലെ ഒരു വൈദ്യശാലയില്‍ ഉഴിയാന്‍ വന്നതിനെ പറ്റിയുള്ള സരസമായ പ്രതിപാദ്യം ഒരിടത്തു കാണാം (തികച്ചും വ്യക്തിപരമാണ്). ഈ കവിതയില്‍ ഷ്വാസ്നെഗ്ഗര്‍ , അയാളുടെ ഉറക്കം,ചികിത്സിക്കുന്ന ബാലന്‍ വൈദ്യര്‍ , വൈദ്യശാലയിലേക്ക് അയാളെ കൊണ്ടുപോകുന്ന കാളവണ്ടി, വൈദ്യശാലയിലെ ഏക സ്ത്രീയായ പച്ചയായ വാസന്തി, ഷ്വാസ്നെഗ്ഗര്‍ കിടക്കുന്ന മഹാഗണിക്കട്ടില്‍ , അയാളുടെ മൊബൈല്‍ ഫോണ്‍ , പ്രഭാതം എന്നിവ ആര്‍നോള്‍ഡ് ഷ്വാസ്നെഗ്ഗറിന്റെ യാത്രയെക്കുറിച്ചും അയാളുടെ പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുന്നു. അയാളുടെ വിടവാങ്ങല്‍ തികച്ചും വ്യക്തിപരം എന്ന് പറഞ്ഞുകൊണ്ട് കവിത അവസാനിക്കുകയും ചെയ്യുന്നു. ‘യന്ത്രത്തെ അനുകരിച്ചതാണ് നിനക്കു പറ്റിയ തെറ്റ്’ എന്ന് കണ്ടെത്തുന്നു ബാലന്‍ വൈദ്യര്‍ .
‘ഒറ്റക്കയ്യടി’ എന്ന കവിത, മനുഷ്യജീവിതം കണ്ട് വട്ടുപിടിച്ച കിളിയുടെയും,മന:ശാസ്ത്രജ്ഞന്റെയും പരസ്പര സംഭാഷണമാണ്. കിളി സ്വന്തം ചിറകറുത്ത് അതിന്റെ ആത്മാര്‍ത്ഥമായ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ മന:ശാസ്ത്രജ്ഞന്‍ തന്റെ ‘ഗൌളിവാല്‍ ’ അറുത്ത് തന്റെ അഭിപ്രായങ്ങള്‍ പറയുന്നു. വിമാനങ്ങളും റോക്കറ്റുകളും ബഹിരാകാശയാത്രകളുമൊക്കെ കൊണ്ട് തന്റെ ചരിത്രത്തെ മനുഷ്യന്‍ പരിഹസിക്കുന്നു എന്ന പരിഭവത്തില്‍ നിന്നുമാണ് കിളിയുടെ തുടക്കം. വാക്കുകളെ കുറിച്ച് നന്നായി ബോധ്യമുള്ള ശ്രീകുമാറിനോട്, അയാളുടെ കവിതകളിലെ കിളിസാന്നിദ്ധ്യത്തെപ്പറ്റി ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം ‘നെസ്റ്റാള്‍ജിയ’ എന്നാണ്.
ജീവിതം മടുത്ത് കടലില്‍ച്ചാടാന്‍ വന്നയാള്‍ , കടലിന്റെ ലേറ്റസ്റ്റ് പടവും വരച്ച് കക്ഷത്തു വെച്ച് ഓട്ടോയില്‍ തിരിച്ചുവരുന്നു (‘ഒരോട്ടോ വിളിച്ച്’). പ്രകൃതിയെ നന്നായി മനസ്സിലാക്കുന്ന കലാകാരന്‍ തന്റെ സൃഷ്ടിയിലൂടെ മടുപ്പില്‍ നിന്നും മോചിതനാകുന്നു.
സെബാസ്റ്റ്യന്റെ പച്ചക്കറിച്ചന്തയെ സൌരയൂഥവുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള കവിത കൌതുകം ജനിപ്പിക്കുന്നതാണ്. ലോകം മുഴുവന്‍ മോഷണവുമായി നടക്കുന്ന ‘ജി’ എന്ന കള്ളനെ പറ്റി കവി പറയുന്നു ഒരിടത്ത്(‘ന്യൂയോര്‍ക്ക്, കാലടി, ചേലാമറ്റം..’). ജി എന്നത് ഗ്ലോബലൈസേഷന്‍ തന്നെയാവും. ‘എല്ലാം മോഷ്ടിക്കപ്പെടുന്നു/ അവ മറ്റൊരിടത്ത് കുമിഞ്ഞുകൂടുകയും ചെയ്യുന്നു’ എന്ന വരികളിലൂടെ സകലവിധ ചൂഷണങ്ങളെയും അഭിസംബോധന ചെയ്യുകയാണ് ശ്രീകുമാര്‍ . നമ്മുടെ പുതുകവിതകളില്‍ ‘ബദല്‍ ’ പോലെ മികച്ച കവിതകള്‍ അപൂര്‍വ്വം. സഞ്ചരിക്കാന്‍ കഴിയില്ലെങ്കിലും, മുള്ളുകള്‍ നിറഞ്ഞതാണ് മേനിയെങ്കിലും, സൌന്ദര്യവും സൌരഭ്യവും വഴിയുന്ന പൂക്കള്‍ പേറി നില്‍ക്കുന്ന പനിനീര്‍ ചെടിയെ
“ഉള്ളിലെ ബദല്‍ ലോക രഹസ്യ സന്ദേശത്തെ
ഉള്ള ശബ്ദത്തില്‍ ചുറ്റും പ്രചരിപ്പിപ്പൂ റോസ” എന്ന്‍ ദര്‍ശിക്കുന്നത് കവിതയുടെ പ്രസരിപ്പ്.വരികള്‍ വരികളോടും വാക്കുകള്‍ വാക്കുകളോടും കലഹിച്ച് കടന്നല്‍ക്കൂട്ടം പോലെ വരുന്ന (‘നേര്‍ക്ക്’) കവിതയെ കവി കരുതലോടെ കാണുന്നു. വാക്ക് വരിയെ കൊല്ലാം എന്ന് ഉത്തമ ബോധ്യത്തോടെ തന്നെ [‘കീരിയും പാമ്പും’] കവിതയെഴുതുന്നു. നിലാവും പിച്ചക്കാരനും തമ്മില്‍ കവിതയിലൂടെ മാത്രം സാദ്ധ്യമായ സംവേദനത്തെ അനുഭവവേദ്യമാക്കുന്നു.










