രൺജിത്ത് ചെമ്മാട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രൺജിത്ത് ചെമ്മാട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

1/2/11

സ്വത്വം / രൺജിത്ത് ചെമ്മാട്

പുഴയും കടലും കാടുകളും നാടിനെ
'ട്രൂകോപ്പി അറ്റസ്റ്റ്' ചെയ്തപോലെ,
വയർ, മീശ, താടി, കഷണ്ടി എന്നീ ഗസറ്റഡ്
ഉദ്യോഗസ്ഥന്മാരെക്കൊണ്ട് കൈയ്യൊപ്പിട്ടാണ്‌
ഞാൻ സമുദ്രങ്ങൾ മുറിച്ച് കടക്കാറുള്ളത്

ജാത്യാലുള്ളത് തൂത്താപ്പോകൂലാന്ന്
ഓരോ ക്ളീൻ ഷേവിലും അമ്മ
ചിത്രം മാറിയ മുഖത്തേയ്ക്ക് കണ്ണുരുട്ടും!

'എന്റെ നാട്ടിൽ വരുന്നോ' എന്ന് ഓരോ
സമുദ്രാതിർത്തിയിലും വലിയ കണ്ണിയുള്ള
വലയെറിഞ്ഞ് ഞാൻ മീൻപൊലിപ്പളക്കും

ഓരോ യൂറോപ്യൻ തീരങ്ങളിലും
ഞാനൊരേഷ്യൻ പ്രതിനിധിയായ്
കുറുകിച്ചുരുങ്ങാറുണ്ട്‌!
ചിത്രലിപികളിൽ തീണ്ടപ്പെട്ട്
കണ്ണുമങ്ങുന്ന ഏഷ്യൻ തെരുവുകളിൽൽ
'അമേസിംഗ് ഇന്ത്യ' ക്കാരനായി
ഞാൻ നമസ്തേ സ്വീകരിക്കുന്നു.

ഉരുക്കു വ്യാളിയുടെ വയറുകീറി പുറത്തിറങ്ങിയ
മുംബായ് റെയില്‌വേ സ്റ്റേഷനിൽ
ചെമ്മാട്ടുകാരനായ എന്റെ വിളിയ്ക്ക്
അരേ മദിരാശിഭായ്, തുമാരീ ഗോഡ്സ് ഓൺ
കണ്ട്രി മേം സരൂർ ആവൂംഗാ അകേലാ ബാർ
എന്ന് വായിൽ വെള്ളമൂറിച്ച് അവരെന്നെ ഒരു
മലയാളി ഭായ്ജാനാക്കുന്നു!

കേരളപ്പെരുമയിലൊരു പൂരപ്പറമ്പിൽ
മിണ്ടിപ്പറഞ്ഞിരിക്കേ അവനെന്നോട്
ങ്ങള്‌ മലപ്പൊറത്തോ കോയിക്കോടോ
എന്ന് ചോദ്യത്തിലൂടെ എന്റെ ഇടവഴികളെ
തിരിച്ചറിയുന്നു.

പാളയം സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുമ്പോൾ
ങ്ങള്‌ ചെമ്മാട്ട്കാരനല്ലേന്ന് കൈകൊട്ടി വിളിച്ച്
അവന്റെ കാറിലൊരു ലിഫ്റ്റ് തരുന്നു..

ചെമ്മാട് മാർക്കറ്റ്ന്ന് മീൻ വാങ്ങി
ഒരു ലുങ്കിയിൽ തിരിച്ചു നടക്കുമ്പോൾ,
പാങ്ങോട്ടും പാടത്തേയ്ക്കാണാ? ഓട്ടോ കാലിയായി
പോവുകയാണെന്ന് ഒരുവൻ ഓട്ടോയിലേയ്ക്ക് കയറ്റുന്നു!

പാങ്ങോട്ടും പാടത്തെ സെവൻസ് ഗ്രൗണ്ടിലെ
ആൾക്കൂട്ടത്തിൽ നിന്ന് അവനെന്നോട് അമ്മ
അന്വോഷിക്കുന്നുവെന്ന് വീട്ടിലേയ്ക്ക് കൈ ചൂണ്ടുന്നു.

മീശയും വയറും കഷണ്ടിയും ചിത്രപ്പണി ചെയ്ത
എന്നെ ഏതാൾക്കൂട്ടവും വീട്ടിലേക്കെത്തിയ്ക്കുന്നത്
ഞാനൊരു നാട്ടിൻപുറത്തുകാരനായതുകൊണ്ടാവണം!

കുടിയേറ്റത്തിലെ കോർപ്പറേറ്റ് കൂലിക്കാലാളായി,
സ്യൂട്ടിനകം തണുപ്പിക്കാൻ മദ്യശാലയിലെത്തുമ്പോൾ
ഞാനാ മദ്യശാലാ കസ്റ്റമറായും
കാർപ്പാർക്കിനകത്തൊരു ലക്സസ് തണുപ്പിൽ
അവളെന്നെ ഉരസിത്തീപടർത്തുമ്പോൾ
ഞാനവളുടെമാത്രം ക്ളൈന്റായും
പിസാഹട്ടിലിരുന്നൊരു പിസ മാന്തുമ്പോൾ
ഞാനാ ടേബിൾ നമ്പറുകാരൻ മാത്രമായും മാറുന്നത്
പ്രവാസത്തിലേയ്ക്ക് കുടിയേറുന്നവന്റെ
ഊരും പേരും വർത്തമാനത്തിലേയ്ക്ക്
വിവർത്തനം ചെയ്യുന്ന്തുകൊണ്ടാകണം.

20/1/11

ഡിജിറ്റൽ ഭോഗാ/നന്തര സാധ്യതകൾ

രണ്‍‌ജിത്ത് ചെമ്മാട്




ഒരു ചരിവു നോട്ടത്തിന്റെ
വടം പിടിച്ച് കുത്തനെയുള്ള
പടവുകയറുന്ന,
അശ്രദ്ധയുടെ അരനിമിഷത്തിലൂടെ
വഴുക്കലുള്ള പടവിറങ്ങുന്ന,
ഉഭയജീവികളുള്ള പെരുംകുളത്തിന്റെ
പടവുകളിലൊന്നിലാണ്‌
എന്റെ പോറ്റുപുര.

കയറ്റിറക്കങ്ങളിലൂടെ പരുപരുത്ത്
പുറംതോടിന്‌ കട്ടി കൂടി
ഓരോ ആൺപൂവും
ഇന്നിലേയ്ക്ക പാകമാകുന്നു..

ഒഴുക്കും അഴുക്കുമില്ലാത്ത
ഉരസാത്ത രോമങ്ങളുള്ള,
പകരാത്ത പനിയുള്ള,
പെരുക്കാത്ത മുലകളുള്ള,
വരളാത്ത ചുണ്ടുകളുള്ള,
കൂമ്പാത്ത മിഴികളുള്ള,
ത്രിമാനവും ദ്വിമാനവുമായ
ചലിതവും നിശ്ചലവുമായ
ഡിജിറ്റൽ ഭോഗമാർഗ്ഗങ്ങളിപ്പോൾ
പുറം തോടിന്റെ കട്ടികുറയ്ക്കുന്നു...

ഏതു താഴ്വരകളിലും ഞാനിപ്പോൾ
അരളിപ്പൂക്കൾ വിരിയിക്കുന്നുണ്ട്,
ഉരച്ചുപൊള്ളിച്ചിടങ്ങളിൽ
ഉമ്മചേർത്ത് മായ്ക്കുന്നുണ്ട്
ഏത് മാന്തോപ്പിലെയും
ചുനയിൽ പൊള്ളുന്നുണ്ട്
ഏത് ചെമ്പരത്തിയും
പൂജയ്ക്കെടുക്കുന്നുണ്ട്...

ഓരോപൂജയ്ക്കുമൊടുവിൽ
വിഗ്രഹവും ശ്രീകോവിലും
തച്ചുടച്ച് കടലിൽതാഴ്ത്തുന്ന
താന്ത്രികവിദ്യ എത്ര ലളിതമായാണ്‌
ഞാൻ സ്വായത്തമാക്കിയത്!

90ഡിഗ്രിയിൽ ഷൂട്ട് ചെയ്ത്
ഏത് ആകാശഗോപുരങ്ങളെയും
ഞാൻ മറിച്ചിടാറുണ്ട്.

29/11/10

ഞങ്ങളഞ്ച് പേരുള്ള മുറിയിൽ

രണ്‍‌ജിത്ത് ചെമ്മാട്

ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എല്ലാ വ്യാഴാഴ്ചയും
ഏതെങ്കിലുമൊരുൾക്കടലിൽ നിന്ന്
ന്യൂനമർദ്ദം ഉൽഭവിച്ച്
കാവൽക്കാരന്റെ കണ്ണുവെട്ടിച്ച്
മുറിയിലേക്ക് ഉരുണ്ടു കൂടും
പാളത്തിലുടക്കി ചുഴിയിൽപെരുക്കി
പൊത്തിലുരച്ച് പത്തിവിരിച്ച്
ഉറപൊഴിച്ച് അത് കോറിഡോറിലൂടെ
ഇഴഞ്ഞിറങ്ങിയിരുന്നു...


ഞങ്ങളഞ്ചപേരുള്ള മുറിയിൽ
എന്നുമൊരു ശരീരം കുഴിച്ചുമൂടാൻ തുടങ്ങി
ഓരോരുത്തരെ ഓരോനാൾ കൊന്ന്
അല്ലെങ്കിൽ ഒരാൾ തന്നെ എന്നും മരിച്ച്
ഓരോ മരണത്തിലും ഒരാൾക്കൂട്ടാമുണ്ടാക്കി
ഞങ്ങളോരോ മരിപ്പിൽ കൂടിയാടാറുണ്ട്!



ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എന്നുമോരോ തീവണ്ടി പാളം തെറ്റാറുണ്ടായിരുന്നു
ഒന്നാമനൊരു ഐ.ടി. അഡ്മിനിസ്റ്റ്രേറ്റർ!
ചെവിയും ഫോണും തമ്മിലുള്ള ദൂരത്തെ
ബ്ളൂടൂത്തുകൊണ്ടളന്ന് മൈക്രോവേവ്
റേഡിയോ സിഗ്നലുലുകളുടെ
പ്രസരണവ്യതിയാനങ്ങളിൽ
വേവലാതി പൂണ്ട്
ഭാര്യയിലേക്കുള്ള ഡയലിനെ
മറവികൊണ്ട് ഹരിച്ച്
തിരിഞ്ഞും മറിഞ്ഞും...


ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എന്നുമൊരു മൂർഖൻ
കൂടപൊക്കിപ്പുറത്തു ചാടാറുണ്ടായിരുന്നു
രണ്ടാമൻ നെറ്റ്‌വർക് എഞ്ചിനീയർ!
കട്ടിലും ടിവിയും തമ്മിലുള്ള
അകലത്തെ എട്ടായിപ്പെരുത്ത്
ഒരു പൊത്തിനുള്ളിലേക്ക്
വലിഞ്ഞുരുണ്ട് മകന്റെ
പിറന്നാൾ ദിനം പോലും
മറന്ന്....മറന്ന്....

ഞങ്ങളഞ്ച് പേരുള്ള മുറിയിൽ
എന്നുമോരോ വിമാനം
ആകാശച്ചുഴിയിൽ പെടാറുണ്ടായിരുന്നു
മൂന്നാമനൊരു സോഫ്റ്റ്‌വെയർ ഡിസൈനർ
ഡോർ ആക്സസ്സിന്റെയും
തമ്പ് ഇമ്പ്രഷന്റെയും
ബാകപ് അപ്‌ലോഡിംഗ്
പ്രൊസ്സസ്സുകളിലൂടെ നടുവൊടിഞ്ഞ്
സ്വയം ഭോഗം ചെയ്യാൻപോലുമാകാതെ
കാമുകിയെ കോൾ,ബാർ ചെയ്ത്
മലർന്ന് കമിഴ്ന്ന്....

ഞങ്ങളഞ്ചപേരുള്ള മുറിയിൽ
എന്നുമൊരു ശരീരം കുഴിച്ചുമൂടാൻ തുടങ്ങി
ഓരോരുത്തരെ ഓരോനാൾ കൊന്ന്
അല്ലെങ്കിൽ ഒരാൾ തന്നെ എന്നും മരിച്ച്
ഓരോ മരണത്തിലും ഒരാൾക്കൂട്ടാമുണ്ടാക്കി
ഞങ്ങളോരോ മരിപ്പിൽ കൂടിയാടാറുണ്ട്!

8/11/10

അറബിക്കല്യാണം

രണ്‍‌ജിത്ത് ചെമ്മാട്


ഓളെ അറബിസൗദീക്കെണ്ടോയി, കൊണ്ടന്നപ്പോള്‍ക്കി
പസര്‍മ മുയുമനും പോയി
അവടൊന്ന് മുറുക്കാനും കൂടി കുട്ടൂല,
കുടീന്ന് പൊറത്തെറങ്ങണെങ്കെ പര്‍‌ദ്ദടും മാണം
അപ്പപ്പിന്നെ മാന്തലും കോറലും കാണൂലല്ലോ?

സെക്കന്റ് ടെര്‍‌മിനലിലെ ക്ലിയറന്‍സ് ലൈനില്‍
ഉമ്മുട്ടിമ്മ ഒരു വേലിത്തറി നാട്ടി
വേലി വിടവുകളുള്ള ഒരു സാരിയാണ്
വേലിയിലൂടെ ചുരുണ്ടും,
തോളില്‍ ചുറ്റിയും കാലില്‍ പിണച്ചും
അരയില്‍ ചുറ്റിയും
ഉമ്മുട്ടിമ്മ വേലിയിലൂടെയൊഴുകി.
വേലി വളഞ്ഞും തിരിഞ്ഞും
നീണ്ടും കുറുകിയുമൊഴുകി.
വേലി എവിടെ മുളച്ചാലും
അപ്പുറം ചുണ്ടുകള്‍ മുളയ്ക്കും
ഇപ്പുറം കാതുകളും
വേലിക്കപ്പുറത്ത്‌ന്ന് രണ്ടു കണ്ണുമാത്രമുള്ള പര്‍ദ്ദ!
ങ്ങളോട്ന്നാ? ഞാന്‍ മാഹീന്ന്,
ങ്ങളോ? നെലമ്പൂര്!
ഒട്ടോരൊ കിട്ട്യോ?
പ്പാനോട് ചോയ്ച്ച്‌‌ട്ട്‌ല്ലാ,
ലച്ചത്തിന്റെ മോള്‌ലുണ്ടാവും

ഈത്തപ്പഴത്തിന്‌ ഷുഗറില്ലെന്നും
ഒട്ടകയിറച്ചിയില്‍ കൊളസ്റ്റോറില്ലെന്നും
ഈത്തപ്പഴക്കുരുവിന്റെ വിടര്‍ന്ന വിള്ളലിലേക്ക്
വിരലു ചലിപ്പിച്ചൊരു സ്വദേശികണ്ണിറുക്കി

ടെര്‍മിനലിനടിയില്‍ മെട്റോ മാളുണ്ട്!
അവിടെ അര വിക്ക്‌ണ ലബനോണ്‍ തരുണികള്‍
കുന്നോളം മൊലയുള്ള ആഫ്രിക്കരും
വടിവൊത്ത മിസിരികളും
ആണിന്റെം പെണ്ണിന്റെം ഉള്ള
ഫിലിപ്പിനോ കുണ്ടന്മാരും!
എന്നിട്ടും ഞങ്ങളെന്തിനാ ങ്ങളെ ത്ര ദൂരെന്ന്
കെട്ടിക്കൊണ്ടോര്ണ്ന്നറിയോ

പത്തോളം പെറാന്‍ മലബാറിക്കേ പറ്റൂ
താക്കത്ത് അച്ചാ ഹൈ,
ജഗടാ ബീ നഹീ കര്‍ത്തേ,
ഇന്തോനീഷ്യ രണ്ടെണ്ണം പെറ്റാല്‍ നടുവിന്
കൊള്ളി കുത്തണം
മിസിരിയാണേല്‍ പെറാനേ സമ്മതിക്കില്ല
തജിക്കി, കസാക്കി പെറ്റിട്ടാല്‍ പിന്നെ
കാശു ചെലവാക്കുന്ന വഴിയറിയില്ല
ഹ്യൂമന്‍ റിസ്സോര്‍‌സ്സസ്സ് ആര്‍ അവര്‍
നെക്സ്റ്റ് സെഞ്ച്വറീസ് സ്റ്റ്റ്റ്റെംഗ്‌ത്!
സോ ഇറ്റ്സ് മൈ സിക്സ്ത് വണ്‍ ഫ്രം കേരള.

നാട്ടിലിപ്പോഴും വേലി അകവും പുറവുമില്ലാതെ
ഒഴുകുന്നുണ്ടെന്ന് അറബിയാണ് പറഞ്ഞത്
വേലിക്കു മുകളില്‍ ആറാനിട്ട
ഈറന്‍ ശരീരങ്ങളുണ്ടെന്നും.

26/10/10

അയ്യപ്പനെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍

ഉല്പ്പം ചേര്‍ത്ത് തിരയുമ്പോള്‍
അയ്യപ്പനെ കാണുന്നത് വിരളം!
വീട്ടുപേരില്ലാതെ തിരയുമ്പോള്‍
അയ്യപ്പന്‍ സര്‍‌വ്വവ്യാപിയാകുന്നു
അവന്റെ ലീലാവിലാസങ്ങള്‍
പുലിപ്പുറത്ത്, കാട്ടില്‍, മലയില്‍...
മണ്ണുകൊണ്ടുണ്ടാക്കിയ അയ്യപ്പന്‍
പ്ലാസ്റ്റര്‍ ഓഫ് പാരീസ് അയ്യപ്പന്‍
സ്വര്‍ണ്ണം, പഞ്ജലോഹമയ്യപ്പന്‍.
ചില ചിത്രങ്ങളിലെ അയ്യപ്പന്‍ പതിനെട്ട്
പടികള്‍ക്കു മുകളില്‍
ചിലപ്പോള്‍ മഹിഷിയെ നിഗ്രഹിച്ച്
അതിന്മേല്‍ ചവിട്ടി ചുമ്മാ ചിരിച്ച്...
ചിലപ്പോള്‍ പൂക്കള്‍ തലയില്‍ വെച്ച്
(ചിലര്‍ക്ക് ഭ്രാന്തെന്ന് തോന്നുന്നുവെങ്കിലും
അത് മലരഭിഷേകമാണ്‌..
ഭക്തി വേണം ഹേ, ഭക്തി, അല്ലേല്‍ വ്രതം.
അതില്ലേല്‍ അനുശീലത്തെ ഭ്രാന്തായും
അഭിഷേകത്തെ വട്ടായും ഉല്പ്പ്രേക്ഷാഖ്യായലംകൃതി)
ചില സെര്‍ച്ച് എഞ്ചിനുകളില്‍ അയ്യപ്പന്‍
മിനിയാന്ന് മുതല്‍ കറുത്തിരിക്കുന്നു...
ചിലതിന്റെ ചെരാതുകളില്‍ അണയാദീപം
എന്നും കത്തുന്നവന്, എന്നും കറുക്കുന്നവന്‌
അണയാവിളക്ക് അലോസരം.
അയ്യപ്പനന്ന് കൊല്ലത്തിലൊരു പൂജമാത്രം
ഇടയ്ക്കെപ്പെഴോ മാസപൂജ!
ഇനി ദിവസപൂജയ്ക്ക് പ്രജകളെത്തും
കെട്ടിലെ കര്‍പ്പൂരം കത്തിക്കഴിഞ്ഞാല്‍
അവരെല്ലാം മലയിറങ്ങും...
പിന്നെ സുകുമാരകളില്‍ ലയിച്ചുറങ്ങും
ഇനി അയ്യപ്പനെ തിരയുമ്പോള്‍
ഉല്പ്പമില്ലാതെ തിരയുക!
അത് കവിതയുടെ കലിയുഗാവതാരമാണ്‌!

11/3/10

ഭോഗവൃക്ഷങ്ങളുടെ കാട്

കേമനാഷു? രുക്സാനാ ബംഗാളീ,
കരയാറുമാസം ഞങ്ങള്‍ മീന്‍ തിന്നുമെന്നും
കടലാറുമാസം മീന്‍ ഞങ്ങളെ തിന്നുമെന്നും,
ഒരു പ്രളയപ്പൊങ്ങലിനിക്കരെയീഗോപുര
നഗരത്തില്‍, നീ....
പ്രളയങ്ങളില്‍ ബാക്കിയാകുന്നത്
ദേഹാടനവും, പരദേഹങ്ങളുമാകുമെന്ന്
എന്റെ നാട്ടിലെ വെള്ളപ്പൊക്ക വേലിയേറ്റക്കാരുടെ
കടത്തിണ്ണകളിലെ ഞരക്കങ്ങളില്‍
നിന്ന് ഞാന്‍ പഠിച്ചെടുത്തിരുന്നു!

നാട്ടു പ്രണയത്തിന്റെ ആട,തോട
ലേലം ചെയ്ത കിഴിയുമായ്
നിന്റെ കടുകുപാടങ്ങളില്‍
ഞാനേറുമാടം പണിയുമ്പോള്‍
എന്റെ നഗരരുചികളുടെ ചേരുവ
നിന്റെയരകല്ലിലുരുട്ടിയെടുത്തുകൊണ്ടിരുന്നു!

നഗരമങ്ങനെയാണ്!
കരയില്ലാത്ത മെട്രോനദികള്‍ക്ക്-
മേലുയര്‍ന്നു പൊങ്ങിയ
ഭോഗവൃക്ഷങ്ങളുടെ കാട്!

ചിറക് നിറയെ മുള്ളുകൊണ്ട
നഗരവാതിലില്‍നിന്ന് ഏത് രാക്കിളികളാണ്
നിനക്ക് വഴി കാട്ടിയായത്?
മുളങ്കാടുകള്‍ക്കിടയിലൂടെ
ചെമ്പോത്തുകള്‍ ഊടുവഴി കണ്ടെത്തും പോലെ
നീയിനി നഗരതടങ്ങളില്‍ മാളങ്ങള്‍ പണിയും,
ഭോഗവൃക്ഷങ്ങളുടെ മേല്പ്പുരകളില്‍ നിന്ന്
ഓരുവെള്ളമിറങ്ങി,
നിന്റെയകം ചുമരിലൂടെ
കുഴല്‍ നദികളുറവ പൊട്ടും.

മാന്‍‌ഹോളിന്റെ മലിനരാശിയില്‍
തിടം വെച്ച്, വളഞ്ഞുപുളഞ്ഞൊഴുകുന്ന
കരയില്ലാത്ത കുഴല്‍നദികളുടെയരികുപറ്റി
സ്പന്ദിക്കുന്ന നവനാഗരികത,
ചെളിയിലിരതേടി ചെകിളയൊട്ടിയ
ഒരു കൂട്ടം,
കരുവില്‍ കുരുത്തും കരയില്‍
പിടഞ്ഞുമീ നഗരവാസികള്‍.....

നഗരമങ്ങനെയാണ്!
കരയില്ലാത്ത മെട്രോനദികള്‍ക്ക്-
മേലുയര്‍ന്നു പൊങ്ങിയ
ഭോഗവൃക്ഷങ്ങളുടെ കാട്!

20/1/10

അതിക്രമങ്ങളെക്കുറിച്ചുള്ള തത്വശാസ്ത്രം

കിതച്ചോടുന്ന ഒരു വണ്ടി
പുകതുപ്പിക്കളയുന്നപൊലെയാണ്,
തിരക്കിലുമല്ലാതെയുമോടുന്ന ഒരു ഡ്രൈവര്‍
തെറി തുപ്പിക്കൊണ്ടിരിക്കുന്നതെന്ന്
ഓട്ടം തുടങ്ങിയന്നുമുതല്‍ ഞാന്‍ നിരൂപിച്ചത്!

അയല്‍ ട്രാക്കുകാരന്റെ അതിക്രമം
നുഴഞ്ഞ് കയറ്റം, ധാര്‍ഷ്ട്യം.....
ഇവയ്ക്കെല്ലാം ഒന്നിന് പത്തെന്ന നീതിബോധത്തില്‍
തെറി തെരുപ്പിടിപ്പിക്കുമ്പോഴത്രേ,
അതിക്രമങ്ങള്‍ക്ക് മേല്‍, ദുര്‍ബലമായ ക്രമങ്ങള്‍
സമം പ്രാപിക്കുന്നതെന്ന തത്വശാസ്ത്രം
ഷാര്‍ജ - ദുബായ് കാര്‍ പൂളിംഗ് നടത്തുന്ന
പലസ്തീനി സുന്ദരി മെഹ്റൂസ എന്നെ പഠിപ്പിച്ചത്!

പുകയുന്ന, ഇസ്രായേല്‍ ടാങ്കറുകളുടെ
ലോഹത്തൊലികളില്‍ കല്‍ച്ചെതുമ്പലുതിരുന്നതിന്റെ
സമരാഹിത്യം, എല്ലാ രാത്രികളിലും
മെഹ്രൂസ ഓര്‍ക്കുന്നുണ്ടാകണം.

യൂടേണ്‍ എടുക്കാന്‍ ഊഴം കാത്ത് കിടക്കാറുള്ള
എന്റെ 'നിസാന്‍ സണ്ണിയ്ക്ക്' മുന്നിലേക്ക്,
പതിഞ്ഞമര്‍‌ന്ന് കുതിച്ചുതുള്ളി, മറുട്രാക്കില്‍ നിന്ന്
ഓതിരം മറഞ്ഞെത്തുന്ന
ഹമ്മറിനോടും ഫോര്‍ഡിനോടും
രണ്ട് ബേം...ചൂയും ഒരു തേരീ...യും
മൂന്നാല് ഹറാം സാലേയും മേമ്പൊടിയായി
കുടഞ്ഞിടുമ്പോഴാണ് എന്റെ പള്‍സ് റേറ്റ്
അല്പ്പമെങ്കിലും നേര്‍‌വഴിക്കെത്തുന്നതെന്ന്,
ഞാനെപ്പോഴും കൃതജ്ഞതയോടെ
മെഹ്റൂസയുടെ തത്വശാസ്ത്രമോര്‍ക്കുന്നു.


ക്രമങ്ങളുടെ സുഖവീഥികളില്‍
അതിരുകള്‍ക്ക് മുകളിലെ അതിവേഗതയില്‍,
സമം പ്രാപിക്കേണ്ടിടാത്ത മേല്‍ക്കോയ്മയുടെ
വിരല്പ്പുറ്റുകളത്രേ, തൊലിപ്പുറം തടിക്കുന്നതിന്റെ
നനവാര്‍ന്ന അരക്ഷിതാവസ്തയ്ക്ക് ഹേതുവെന്ന്,
കോക്‌പിറ്റിലെ സഹയാത്രകളെക്കുറിച്ച്
നീരുപമ ബാട്ടിയ എന്ന എയര്‍ ക്രൂ സുഹൃത്ത്
ബിയറടിച്ചിരുന്നപ്പോള്‍
ഒരു പ്രസ്ഥാവനയിറക്കിയത്...

3/6/08

പേര്‍ഷ്യാപര്‍വ്വം

'ബാന്ദ്രേ അബ്ബാസിന്‍' വേലിയേറ്റത്തില്‍
തിരതീണ്ടിയ പരദേശി നീ,
അമീര്‍ ജഹാംഗീര്‍ ചാച്ചാ.....

കല്ലിച്ച അകപ്പൂഞ്ഞകളില്‍ സ്വപ്നം കുതിര്‍ന്ന മണല്‍പ്പച്ചകള്‍...
മദ്ധ്യധരണ്യാഴിയിലെ സ്വയം ഭൂവായ ഒട്ടകച്ചാലുകളിലൂടെ,
കടല്‍ കാമിച്ച് വറ്റിച്ച്, ഒടുവില്‍
ശിരോപാദം എണ്ണപ്പുഴകളെ സുരതം ചെയ്ത
മഞ്ഞത്താഴ്വരകളിലേക്ക്
താങ്കളടങ്ങിയ സാറ്ത്ഥവാഹക സംഘം.

കരുത്തുറ്റ പേശിയും വെയിലുരുക്കാത്ത കണ്ണുകളുമുണ്ടെങ്കില്‍
പൊക്കിള്‍കയറിനും കൊടിയടയാളങ്ങള്‍ക്കുമെന്തു പ്രസക്തി?
എന്നു നിരൂപിച്ചു കുതിച്ച യൗവ്വനം.
ഞാനീമണ്ണിന്റെ കനിവ്;
ഒടുവിലതിലെനിക്കൊരു പെട്ടി!
എന്നൊരു മദ്ധ്യപര്‍വ്വം
ഋതുവിന്‍ പീള ചേറ്ത്തടഞ്ഞ പ്രവാസത്തിന്‍റ്റെ
ഒറ്റമുറിയിലൊരു സായം കാലം

വരണ്ട കണ്ണുകളിലെ തീക്കാറ്റിന്
ചത്വര തണുപ്പിന്റെ ഭൗതികച്ചുമരുകളില്‍
ഒരു നേര്‍ത്ത വിള്ളലേല്പ്പിക്കാന്‍പോലുമാകില്ല.

പ്രവാസത്തില്‍ ചുരുങ്ങിയ ചുമരുകളില്‍
നിന്നടര്‍ന്ന മണ്‍കട്ടക്കിടയിലൂടെ
സ്വത്വകല്പ്പനയുടെ ഏത് കറുത്ത മേഘങ്ങളാണ്‌
താങ്കള്‍ക്ക് കുളിരു തന്നിരുന്നത്?
(നഗരമോടിയുടെ വെളുത്ത കാവല്‍ക്കാര്‍
കമ്പി കെട്ടിയ വണ്ടിയിലേക്ക്
താങ്കളെ വലിച്ചിഴക്കുന്നത് വരെ)

കവിള്‍ത്തീരങ്ങളില്‍ കീറിപ്പടര്‍ന്ന
കപ്പല്‍ചാലുകളിലെവിടെയോ ഭൂതകാലത്തിന്റെ
പായക്കപ്പലുകള്‍ നങ്കൂരമിട്ടുവോ?


ഏലവും തേക്കും പൂത്ത പനന്തടുക്കില്‍ നിന്ന്
താങ്കളടര്‍ന്നപ്പോള്‍
അതിനെന്റെ തുറമുഖത്തിന്റെ അണ്ടിയെണ്ണയുടെ ഗന്ധം

ഇടിഞ്ഞു കുതിര്‍ന്ന ചുണ്ടുകളില്‍
ദ്രാവിഡ ചുംബനത്തിന്റെ കരിവളപ്പൊട്ടുകള്‍

നീ കുടിച്ചു തുഴഞ്ഞ ആര്യകുംബത്തിന്റെ
മുലക്കണ്ണുകളുടെ തീരസ്മൃതികളില്‍
അസുരകാലത്തിന്റെ അണുവിന്യാസമാണ്‌.

ആശ്രിതപ്രേതാത്മാക്കള്‍ക്കായ്
അറേബ്യാധീശ സ്നാനഘട്ടങ്ങളില്‍
നഗരമോടിയുടെ നാക്കിലയില്‍ ബലിതര്‍പ്പണം.

പക്ഷേ അതിന്റെ ബലിച്ചോറുപോലും
കടല്‍കടന്ന നരച്ച ബലിക്കാക്കകള്‍ക്കന്യം.


പേര്‍ഷ്യാപര്‍വ്വം(കവിത) രണ്‍ജിത്ത് ചെമ്മാട്