28/3/10

കാലവർഷം

പെരുവിരൽ
കനംവച്ച
മഴയുടെ
താളം
മുറിച്ച്
പ്യൂൺ ഗോപാലേട്ടൻ
മണിയിൽ
ഇടിവെട്ടിക്കും.
ചോറ്റുപാത്രവും
പുസ്തക സഞ്ചിയുമെടുത്ത്
കൂട്ടുകാരന്റെ
കുടയിൽകയറാൻ
മത്സരം.
പകുതി
നനയുമ്പോൾ
ചെളിക്കാലുകളുടെ
വേഗതയ്ക്ക്
വീട്ടുമുറ്റത്ത്
ബ്രേക്ക്.
ഒരു വാഴയിലയും
കുടയാകുമെന്ന്
പറഞ്ഞ്
അമ്മ ശാസിക്കും.
ഒരിഴ തോർത്ത്
ചുക്കുകാപ്പി
മഴ തന്ന
വിസ്മയങ്ങൾ.
2
പിന്നൊരു മഴയത്ത്
മിഴിയുടഞ്ഞ്
തുളുമ്പാതെ
മിന്നലുകളാൽ
വെന്ത്
ഒരു വാഴയിലയും
കുടയാകുമെന്നോർക്കാതെ
പഴയ
സാരിക്കുരുക്കിൽ
ജീവിതക്കനലു-
തീർത്തമ്മ പോകവേ
മഴ തന്നതൊക്കെയും
ഉടഞ്ഞയുൾനോവുകൾ.
* 2008-ലെ സംസ്കൃത സർവകലാശാല യുവജനോത്സവത്തിൽ ഒന്നാം-സമ്മാനാർഹമായ കവിത.

5 അഭിപ്രായങ്ങൾ:

n.b.suresh പറഞ്ഞു...

പെരുവിരലോളം ചുരുങ്ങിയ മഴ എന്ന് ഖസാക്ക്.
വലത്തേ നീണ്ടു, പരന്നു. അനാഥത്വം, ഒറ്റപ്പെടല്‍ അമ്മയുടെ സ്വാന്ത്വനം
എല്ലാം ശരി. പക്ഷെ കുറച്ചുകൂടി ഡെപ്ത് വേണം.
പറഞ്ഞത് പറയാത്ത രീതിയില്‍ പറയുംപോഴല്ലേ പുതുമ.
കവിതയില്‍ സ്നേഹനഷ്ടത്തിന്റെ ഫീല്‍ ഉണ്ട്.
ഓരോ വാക്കും താഴെത്തഴെ എഴുതുന്നതും ഏതാണ്ട് പഴഞ്ഞനായി.
ജീവിതം മുറിഞ്ഞ ഫീല്‍ ഉണ്ടാക്കാന്‍ എവിടെ അതിനെ കഴിഞ്ഞിട്ടുണ്ട്.
ഹരീഷ്, പെരുങ്കടവിള കീഴാരൂര്‍ ആണോ, അതോ പുഴക്കക്കരെയോ?
ഞാന്‍ സ്കൂളില്‍ 3 വര്ഷം ഉണ്ടായിരുന്നു.

ഹരീഷ് കീഴാറൂർ പറഞ്ഞു...

മാഷെ,
2008ന്റെ തുടക്കത്തിലാണ് ഈ കവിതയെഴുതുന്നത്.സർവകലശാലാ മത്സരത്തിന്റെ അങ്കലാപ്പോടെ.അതിന്റെ പോരായ്മകൾ, ആഴമില്ലായ്മ ഉണ്ടാകും.സർവകലാശാല യൂണിയൻ അവരുടെ മാഗസിനിൽ അന്ന് പ്രസ്ദ്ധീകരിച്ച കവിത കാണുന്നത് അടുത്തകാലത്താണ്.അത് അങ്ങനെ തന്നെ ബൂലോകത്തിൽ ഇട്ടു.സ്ഥലം പെരുങ്കടവിള കീഴാറൂർ തന്നെ.മാഷിനെ കണ്ടിട്ടുണ്ട്. അന്ന് ഞാൻ അടുത്തുള്ള പാരൽ കോളേജിൽ അധ്യാപകനായിരുന്നു.

സോണ ജി പറഞ്ഞു...

kavitha..vedanippichu :(

മനോജ് കുറൂര്‍ പറഞ്ഞു...

ഹരീഷ്, ജീവിതമുള്ള നല്ല കവിത. എന്‍. ബി. സുരേഷിന്റെ നിരീക്ഷണങ്ങളും ശ്രദ്ധേയം. ന്നാലും യുവജനോത്സവത്തില്‍ പെട്ടെന്നു കേള്‍ക്കുന്ന വിഷയത്തില്‍ പരിമിതസമയംകൊണ്ട് ഇങ്ങനെയൊരു കവിത! ഒട്ടും കുറച്ചു കാണുന്നില്ല. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

ഹരീഷ് കീഴാറൂർ പറഞ്ഞു...

നന്ദി കുറൂർമാഷെ,പിന്തുടരുന്ന സ്നേഹത്തിന്,തരുന്ന ഊർജ്ജത്തിന്.