15/3/10

ദൈവമ്പോലത്തെ മനിച്ചന്‍ / പ്രമോദ് കെ. എം.

ന്നൊരിക്കല്‍ അപ്പാപ്പന്‍
അനന്തന്‍ മണിയാണിയുടെ

നാട്ടിക്കണ്ടത്തിനടുത്ത്
പശൂനെക്കെട്ടി പോലും.

പശു ഞാറ് തിന്നപ്പോള്‍
മണിയാണീന്റോള് ചീയൈയ്യേച്ചി:
‘എന്റെ നെല്ലിലാന്നോ നായ്നാറേ
നിങ്ങളെ പയീനെ കെട്ടണ്ടത്?’‘അല്ല, നിന്റമ്മേന്റെ എടങ്കാലില് ‘ എന്ന്

അപ്പാപ്പന്റെ വേണ്ടാതീനം.

പിറ്റേന്നും അപ്പാപ്പന്‍

പശൂനേം കൊണ്ട് കണ്ടത്തില്‍ .
കണ്ണും മീച്ചോണ്ട് വന്ന്വല്ലോ
അനന്തന്‍ മണിയാണി.
കണ്ണടപ്പനൊരടിയും വീണു
അപ്പാപ്പന്‍
കണ്ടത്തിലെ ചളിയിലും വീണു.
‘ഉയെന്റെ മണിയാണീ
ഒന്നും കയിച്ചിറ്റ്ണ്ടാവൂല്ല ആ നായ്നാറ്
വെറുമ്പയറ്റില് നിങ്ങളിങ്ങനെ
അയാളെ തല്ലല്ല’എന്നു പറഞ്ഞു
കാലി പൂട്ടുന്ന ചിണ്ടന്‍ നമ്പ്യാറ്.

തച്ച് തച്ച് തളര്‍ന്നപ്പോള്‍
മണിയാണി മടങ്ങിപ്പോയ്
അപ്പാപ്പന്‍ മെല്ലെ എണീറ്റ്
വെള്ളേരിക്കുണ്ടില്‍ പോയ്
മുങ്ങിയും നീര്‍ന്നും
നീ ആയുസ്സെത്താണ്ട് ചാവും എന്ന്
മണിയാണീനെ പ്രാകി.

ഒന്നുരണ്ടാഴ്ച കഴിഞ്ഞേരം
അനന്തന്‍ മണിയാണി
പണിക്കിടയില്‍
കെണറിടിഞ്ഞ് വീണ് മരിച്ചു.

അപ്പാപ്പന്‍ മരിച്ചേനു ശേഷം ഒരിക്കല്‍
ചീയൈയ്യേച്ചി എന്നോട് പറഞ്ഞു.
‘നിന്റപ്പാപ്പന്‍ ദൈവമ്പോലത്തെ മനിച്ചനേര്ന്നു.’

എല്ലാര്‍ക്കും
എല്ലാ ദൈവങ്ങളോടും
എല്ലാ സമയത്തും
ഇഷ്ടം തോന്നണമെന്നില്ലല്ലോ.


പ്രമോദിന്റെ ബ്ലോഗ്              വര :  സുധീഷ്  കോട്ടേമ്പ്രം

21 അഭിപ്രായങ്ങൾ:

ദിനേശന്‍ വരിക്കോളി പറഞ്ഞു...

പ്രിയ പ്രമോദ്,
വളരെ മനോഹരമായ കവിത
ബഷീര്‍കഥകളിലെന്നോണം അറിയാതെ വായിച്ചു പോകുന്ന അവസ്ഥ.

‘ഉയെന്റെ മണിയാണീ
ഒന്നും കയിച്ചിറ്റ്ണ്ടാവൂല്ല ആ നായ്നാറ്
വെറുമ്പയറ്റില് നിങ്ങളിങ്ങനെ
അയാളെ തല്ലല്ല’എന്നു പറഞ്ഞു
കാലി പൂട്ടുന്ന ചിണ്ടന്‍ നമ്പ്യാറ്.
തികച്ചും വ്യത്യസ്ഥം.

Me പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Me പറഞ്ഞു...

എന്റെ നെല്ലിലാന്നോ നായ്നാറേ
നിങ്ങളെ പയീനെ കെട്ടണ്ടത്?’

‘നിന്റപ്പാപ്പന്‍ ദൈവമ്പോലത്തെ മനിച്ചനേര്ന്നു.’

എല്ലാ ദൈവങ്ങളോടും
എല്ലാ സമയത്തും
ഇഷ്ടം തോന്നണമെന്നില്ലല്ലോ.

വെറുംആറു വരികളല്ല ,കവിത മൊത്തം വായിക്കാം ഇവയിൽ. പറയാത്തതും പറയുന്നവ. നന്നായി പ്രമോദ്‌
ആശംസകൾ

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

പ്രമോദ്, കവിത ഇഷ്ടമായി.

എന്താണ് എപ്പോഴും പ്രമോദിന്‍റെ കവിതകളില്‍ ചര്‍ച്ച ചെയ്യുന്നത്? ഒന്നൂല്ല
ആഗോള താപനയമോ, അമേരിക്കന്‍ വാണിഭ കരാറോ, റഷ്യ-ഉക്രയിന്‍ ചര്‍ച്ചയോ
പെണ്‍ വാണിഭമോ..അങ്ങിനെ ഒന്നും ഇല്ല.

എന്നാല്‍ പ്രമോദിന്‍റെ കവിതകള്‍ നല്‍കുന്നത്
ഒരു നാടിന്‍റെ സംസ്കാരത്തെയും പാരമ്പര്യത്തേയും ഉണര്‍ത്തിവിടുകയും പുതു വായനക്കാരിലേക്ക്
പകര്‍ന്നു നല്‍കുകയും ചെയ്യുന്നു എന്ന് തന്നെ പറയാം.

ഇന്നത്തെ തലമുറയ്ക്ക് പ്രമോദ് വിളമ്പുന്ന പുന്നെല്ലാണ് അദ്ദേഹത്തിന്‍റെ ചില പ്രയോഗങ്ങളും ബിംബങ്ങളും.

മുഖ്യധാരാ എഴുത്തുകാര്‍ തള്ളിക്കളയുന്ന ബ്ലോഗിടത്തെ മിനുക്കി തുടച്ച് സൂക്ഷിക്കുന്നത് പ്രമോദിന്‍റെ കവിതകള്‍ പോലുള്ളവയാണ്.

പ്രമോദ് മിനുക്കി സൂക്ഷിക്കുന്നത്
നാട്ടിക്കണ്ടവും,പയ്യിനേയും നിന്റമ്മേന്റെ എടങ്കാലലും ഒക്കെയാണ്. അതിലുമുപരി
മണ്ണിന്റെ മണം കവിതയില്‍ വായിക്കാന്‍ കഴിയുന്നത്

“ഉയെന്റെ മണിയാണീ
ഒന്നും കയിച്ചിറ്റ്ണ്ടാവൂല്ല ആ നായ്നാറ്
വെറുമ്പയറ്റില് നിങ്ങളിങ്ങനെ
അയാളെ തല്ലല്ല’എന്നു പറഞ്ഞു
കാലി പൂട്ടുന്ന ചിണ്ടന്‍ നമ്പ്യാറ്.“

തുടങ്ങിയ വരികളിലാണ്.

കഴിഞ്ഞ ദിവസം പ്രശസ്ത കഥാകാരന്‍ ശ്രീ പി സുരോന്ദ്രനോട് ബ്ലോഗിനേയും ബ്ലോഗ് രീതികളേ കുറിച്ചും സംസാരിക്കാനിടവരികയുണ്ടായി.
“അലസമായ എഴുത്ത്” എന്നാണ് അദ്ദേഹം ബ്ലോഗിനെ വിശേഷിപ്പിച്ചത്. തീര്‍ച്ചയായും അലസമായ എഴുത്ത് ബ്ലോഗിടത്തെ നല്ല എഴുത്തില്‍ നിന്ന്, നല്ല വായനയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നുണ്ടെങ്കിലും
നല്ല എഴുത്തുകളും ബ്ലോഗില്‍ കുറിക്കപ്പെടുന്നു എന്ന് മുഖ്യധാരാ എഴുത്തുകാര്‍ മനസ്സിലാക്കെണ്ടതുണ്ടെന്ന്
ഞാന്‍ വിശ്വസിക്കുന്നു.

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

ബിജു കോട്ടപ്പുറം പറഞ്ഞു...

ഇന്നത്തെ തലമുറയ്ക്ക് പ്രമോദ് വിളമ്പുന്ന പുന്നെല്ലാണ്...

വിളമ്പുകയാണെങ്കില്‍ പുന്നെല്ലരിയുടെ ചോറു മതിയായിരുന്നു, ക്ഷമിക്കണം ഞാന്‍ നെല്ലു തിന്നാറില്ല.
ശ്രീ പി സുരോന്ദ്രനോട്...
രാജു തെറ്റിച്ചെഴുതിയതാണോ? ആണെങ്കിലും കുഴപ്പമില്ല, കഥകളുടെ കാര്യത്തില്‍ മൂപ്പരൊരു സുരോന്ദ്രനാണ്‌. (ലോട്ടറി വില്‍ക്കുന്ന ഗോപാലേട്ടനോട് ബ്ലോഗെഴുത്തിനെക്കുറിച്ചു ചോദിച്ചില്ലേ ഇരിങ്ങലേ?)

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

ബിജു കോട്ടപ്പുറം...,
എലികള്‍ പുന്നെല്ലാണ് ഉണ്ണുന്നത്. ഓരോ വായനക്കാരനും ഓരോ എലിയെ പോലെയാകണം.
ചാക്കുകള്‍ തുരന്ന് കഴിക്കേണ്ടത് അരിയല്ല എലികള്‍ പുന്നെല്ല് തന്നെ കഴിക്കണം. പ്രമോദ് വിളമ്പുന്ന പുന്നെല്ല് എളുപ്പം വിഴുങ്ങാന്‍ നില്‍ക്കരുത്.
അരിയായ് പാറ്റി ഉണക്കി അടുപ്പത്ത് വച്ച് ചോറുണ്ടാക്കേണ്ടത് വായനക്കാരാണ്.

ശ്രീ പി സുരേന്ദ്രന്‍ സാറിനോട് പലതും സംസാരിക്കുന്ന കൂട്ടത്തില്‍ ബ്ലോഗ് വായിക്കാറുണ്ടോ എന്നാണ് ചോദിച്ചത്. സമയം കിട്ടാറില്ലെന്ന്
മറുപടിയും
എന്നാല്‍ പ്രിന്‍റ് ചെയ്ത വിശാലന്റേയോ കുറുമാന്‍റേയോ അതുമല്ലെങ്കില്‍ കൈതമുള്ളിന്‍റേയോ ബുക്ക് വായിച്ചിട്ടുണ്ടോന്ന് ചോദിച്ചു.

അപ്പോഴാണ് “അലസമായ എഴുത്തിനെ കുറിച്ച് പറഞ്ഞത്.

എഴുത്ത് എനിക്ക് അത് ബ്ലോഗായാലും പത്രമായാലും വാരികയായാലും ഒന്നു തന്നെ. അതുകൊണ്ട് ലോട്ടറി വില്‍കുന്ന ഗോപാലേട്ടനോട് “ എന്‍റെ കവിത വായിച്ചില്ലേന്ന്” ചോദിക്കേണ്ടി വന്നിട്ടില്ല അങ്ങിനെ ചോദിച്ചാലും കുഴപ്പമുണ്ടെന്ന് ഞാന്‍ കരുതുകയുമില്ല.
വായനയും എഴുത്തും മുഖ്യധാര എന്നോ ബ്ലോഗ് എന്നോ വേര്‍തിരിക്കേണ്ട കാര്യവുമില്ലെന്ന് തന്നെ ഞാന്‍ കരുതുന്നു.
എന്നാല്‍ പുതിയ ഒരു മീഡിയം എന്ന നിലയില്‍ ബ്ലോഗ് മീഡിയത്തിലെ എഴുത്തുകളെ ഒരു പൊതു സമൂഹം നോക്കി കാണുന്ന രീതികളെകുറിച്ച്
ഓരോ എഴുത്തുകാരനും ബോധവാനായിരിക്കുക തന്നെ വേണം.

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

ബിജു കോട്ടപ്പുറം പറഞ്ഞു...

* എലികള്‍ പുന്നെല്ലാണ് ഉണ്ണുന്നത്.

** ഇന്നത്തെ തലമുറയ്ക്ക് പ്രമോദ് വിളമ്പുന്ന പുന്നെല്ലാണ്...

അപ്പൊ ഇന്നത്തെ തലമുറ ആരായി?

* ലോട്ടറി വില്‍ക്കുന്ന ഗോപാലേട്ടനോട് ബ്ലോഗെഴുത്തിനെക്കുറിച്ചു ചോദിച്ചില്ലേ ഇരിങ്ങലേ?

**ലോട്ടറി വില്‍കുന്ന ഗോപാലേട്ടനോട് “ എന്‍റെ കവിത വായിച്ചില്ലേന്ന്” ചോദിക്കേണ്ടി വന്നിട്ടില്ല

സത്യത്തില്‍ ഇങ്ങനെത്തന്നെയാണോ ഇരിങ്ങല്‍ കവിതകള്‍ വായിച്ചിട്ടു നിരൂപണം എഴുതുന്നതും?
ഒരുമ്മ തരട്ടെ നിരൂപകാ?

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

കോട്ടപ്പുറമേ..,
ഇത് താങ്കള്‍ക്കുള്ള ഇവിടത്തെ അവസാന കമന്‍ റാണ്.
“ലോട്ടറിവില്പനക്കാരനോട്..”
ചോദ്യം മനസ്സിലാവാത്തതു കൊണ്ടോന്നുമല്ല ആ ഉത്തരം നല്‍കിയത്.
കുമ്പളക്കാരനോട് കുമ്മായത്തെ കുറിച്ച് ചോദിക്കരുതെന്ന് പഴയ ചോല്ലാണ്.
നമ്മുടെ കവികളില്പലരും മീന്‍ വിലപ്പനക്കാരും കഞ്ചാവടിക്കാരും, വാര്‍പ്പ പണിക്കാരുമാണ്.
ദന്തഗോപുരങ്ങളില്‍ നിന്ന് കവിത എഴുതുന്നതൊക്കെ നിന്നു. കവിക്ക് ഇന്ന് അത്രയ്ക്കേ മാര്‍ക്കറ്റുമുള്ളൂ.
പണ്ട് കവി വരുമ്പോള്‍ മാടിക്കെട്ടിയത് താഴ്ത്തിയിട്ട് ബഹുമാനം പ്രകടിപ്പിക്കും. ഇന്ന് അതിന്‍ റെ ആവശ്യമില്ല.
സുരേന്ദ്രന്‍ സാര്‍ ബ്ലോഗ് സമൂഹത്തില്‍ പെടുന്നില്ല എന്നൊന്നും അദ്ദേഹത്തിന്‍ റെ അഭിപ്രായത്തെ കണക്കിലെടുക്കുകയും വേണ്ട.

കൂടുതലൊന്നും പറയാതെ നിര്‍ത്തുന്നു മാഷേ..

pavamsajin പറഞ്ഞു...

പ്രിയ പ്രമോദ്,
കവിത നന്നായിരിക്കുന്നു. ഒരു പുതിയ വഴിയിലൂടെ കുറച്ചു ദൂരം നടന്ന സുഖം.
ഇനിയും പ്രതീക്ഷിക്കുന്നു.
ഇഷ്ടം
സജിന്‍

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

“സുരേന്ദ്രന്‍ സാര്‍ ബ്ലോഗ് സമൂഹത്തില്‍ പെടുന്നില്ല എന്നൊന്നും അദ്ദേഹത്തിന്‍ റെ അഭിപ്രായത്തെ കണക്കിലെടുക്കുകയും വേണ്ട“
എന്നെഴുതിയത്
സുരേന്ദ്രന്‍ സാര്‍ ബ്ലോഗ് സമൂഹത്തില്‍ പെടുന്നില്ല എന്നിരിക്കിലും അദ്ദേഹത്തിന്‍ റെ അഭിപ്രായത്തെ കണക്കിലെടുക്കാതിരിക്കേണ്ട കാര്യവുമില്ല എന്ന് തിരുത്തി വായിക്കാനപേക്ഷ

Ranjith chemmad പറഞ്ഞു...

പ്രമോദിന്റെ മഞ്ഞുപെയ്യുന്ന നാട്ടുബിംബങ്ങളും
അത്രമേല്‍ പരിചിതമില്ലാത്ത
കണ്ണൂരിലെ പദപ്രയോഗങ്ങളും
തികച്ചും വ്യത്യസ്ഥവും ലളുതവുമായ ആഖ്യാനശൈലിയും
എനിക്കേറെയിഷ്ടം...

ബിജു കോട്ടപ്പുറം പറഞ്ഞു...

1) കഴിഞ്ഞ ദിവസം പ്രശസ്ത കഥാകാരന്‍ ശ്രീ പി സുരോന്ദ്രനോട് ബ്ലോഗിനേയും ബ്ലോഗ് രീതികളേ കുറിച്ചും സംസാരിക്കാനിടവരികയുണ്ടായി.
“അലസമായ എഴുത്ത്” എന്നാണ് അദ്ദേഹം ബ്ലോഗിനെ വിശേഷിപ്പിച്ചത്.

2)ശ്രീ പി സുരേന്ദ്രന്‍ സാറിനോട് പലതും സംസാരിക്കുന്ന കൂട്ടത്തില്‍ ബ്ലോഗ് വായിക്കാറുണ്ടോ എന്നാണ് ചോദിച്ചത്. സമയം കിട്ടാറില്ലെന്ന്
മറുപടിയും
എന്നാല്‍ പ്രിന്‍റ് ചെയ്ത വിശാലന്റേയോ കുറുമാന്‍റേയോ അതുമല്ലെങ്കില്‍ കൈതമുള്ളിന്‍റേയോ ബുക്ക് വായിച്ചിട്ടുണ്ടോന്ന് ചോദിച്ചു.

അപ്പോഴാണ് “അലസമായ എഴുത്തിനെ കുറിച്ച് പറഞ്ഞത്.

3)സുരേന്ദ്രന്‍ സാര്‍ ബ്ലോഗ് സമൂഹത്തില്‍ പെടുന്നില്ല എന്നൊന്നും അദ്ദേഹത്തിന്‍ റെ അഭിപ്രായത്തെ കണക്കിലെടുക്കുകയും വേണ്ട.

എന്താണ് ഇരിങ്ങലേ താങ്കളിങ്ങനെയൊക്കെ പറയുന്നത്?

ലോട്ടറിക്കാര്യം ഏകദേശം കുളമാക്കിത്തന്നതിനു നന്ദി.
അപ്പൊ പുന്നെല്ലോ?

കുമ്പളക്കാരനോട് കുമ്മായത്തെ കുറിച്ച് ചോദിക്കരുതെന്ന്...
കെഴങ്ങന്മാരോട് പൂളക്കെഴങ്ങിനെക്കുറിച്ച് ചോദിക്കരുതെന്ന്...

അജ്ഞാതന്‍ പറഞ്ഞു...

സുധീഷ് കൊട്ടേ അപേക്ഷ വരവ്‌ വച്ചിരിക്കുന്നു.
കവിതയിൽ മാത്രമേ അശ്ലീലം ആകാവൂ എന്നുണ്ടോ..? കാവ്യബാഹ്യകമന്റുകളിൽ ശ്ലീലമല്ലാത്തത് കടന്നുവരുന്നത്‌ ചോദിച്ചുവാങ്ങലാണ്.

Thomas AJ പറഞ്ഞു...

Sorry to write this comment in English because, I do not have the facility on this computer to use Malayalam fonts.

This is a crytal-clear, poem pristine purity.A real diamond. The many facets sparkle.

The rural voice comes through as a fresh summer shower.

My congratulations.

A.J.Thomas,
Libya.

സനാതനൻ | sanathanan പറഞ്ഞു...

പ്രമോദിന്റെ കവിതയ്ക്ക് ഉണ്ടായിരുന്ന ശക്തി നാട്ടു‌ബിംബങ്ങളുടേയോ നാടൻ ഭാഷയുടെയോ പ്രയോഗങ്ങൾകൊണ്ട് ഉണ്ടായിരുന്നതല്ല. രാഷ്ട്രീയത്തെയും പൊതുജീവിതത്തെയും ഒരു തുരുമ്പിച്ച ചിരികൊണ്ട് മൂക്കരിഞ്ഞ് വായനക്കാരുടെ മുന്നിൽ നിർത്തുന്ന ശൈലീവിശേഷമായിരുന്നു പ്രമോദ് കവിതയുടെ വ്യത്യസ്തത. അത് എവിടെപ്പോയി.... കണ്ണൂർ ഭാഷയും കഥാപാത്രങ്ങളും ഒക്കെ അല്പം കൌതുകം ഉണ്ടാക്കുന്നു എന്നല്ലാതെ പഴയ പ്രമോദിനെ ഈ കവിതയിൽ കാണുന്നില്ല...(അതിലും ശക്തനായ പുതിയ പ്രമോദിനേയും)

വിഷ്ണു പ്രസാദ് പറഞ്ഞു...

കവിതയില്‍ ഒരു ജീവിതം ഒതുങ്ങിക്കിടക്കുന്നുണ്ട്.

രഞ്ജിത് മാധവന്‍ പറഞ്ഞു...

സനാതനാ‍,

കുറെ നാള്‍ പരാതി പ്രമോദിന്റെ കവിതകള്‍ ഒരേ കുറ്റിയില്‍ കറങ്ങുന്നുവെന്നായിരുന്നു. ഒന്നു കളം മാറ്റി ചവിട്ടി നോക്കട്ടേന്ന് :)

ശ്രീജിത്ത് പറഞ്ഞു...

തനതു ഭാഷയില്‍ ഒരു അവതരണം ... നല്ല പരിശ്രമം ... എന്തുകൊണ്ടും ആത്മാര്‍ത്ഥമായ ശ്രമം എന്ന് പറയാവുന്ന എന്തോ ഒന്ന് അത് ജീവിതമോ കവിതയോ എന്തുമാവട്ടെ

Melethil പറഞ്ഞു...

പ്രമോദ്‌,അഭിനന്ദനങ്ങള്‍!

എസ്‌.കലേഷ്‌ പറഞ്ഞു...

പ്രമോദ്
കവിത നന്നായി
നാട്ടുഭാഷയിലേക്കു കയറി
ചുരുങ്ങിച്ചുരുങ്ങി തീരുന്നോ
എന്നൊരു സംശയവും.

നാട് കടന്നുവരുന്നത്
വായനയ്ക്ക് പച്ചനിറമടിക്കുന്നു.
അടിയന്തരാവസ്ഥാ പുസ്തകത്തില്‍ നിന്ന്
മാറിക്കൊണ്ടിരിക്കുന്നു
കവിത

moideen angadimugar പറഞ്ഞു...

വളരെ മനോഹരവും ,വ്യത്യസ്തവുമാണ് വരികൾ.
വായിക്കാൻ വളരെ സുഖമുള്ള കവിത.
നന്ദി പ്രമോദ്.