24/3/10

എന്റെ ..പഴയ സ്കൂളെ…




8 C യിലെ സുരേശാ,
ട്രിപ്പ്ജീപ്പിന്റെ പിന്നിൽ തൂങ്ങിനിന്നിങ്ങനെ
ഒറ്റക്കൈവിട്ടെന്നോട് സലാം ചൊല്ലല്ലെ.
അങ്ങാടീന്നെന്നെ കണ്ടിട്ട്
മിണ്ടാതെപോയതെന്തു നീ
9 D യിലെ ബുഷറെ,
പർദ്ദയിൽ നീ മുഖംകൂടി മൂടിയാൽ
എങ്ങിനെയറിയുമായിരുന്നു നിന്നെ ഞാൻ

കൈവേലിക്കള്ളുഷാപ്പിലിരുന്നു
പഴയ പദ്യം
പാടുന്നു മോഹനൻ
‘തിങ്കളൂം താരങ്ങളൂം
തൂവെള്ളിക്കതിർ ചിന്നും’
പണിയെന്ത്ന്നാ മോഹനാ..?
പാറപ്പണിതന്നെയച്ഛനെപ്പോൽ.

ചുവന്നപെയിന്റടിച ബസ്റ്റോപ്പിലിരുന്ന്
ല.സാ.ഘു ഉ.സാ.ഘ എന്ന്
പിറുപിറുക്കുന്നു
കണക്കിലെന്നുമൊന്നാമനായ
പിരാന്തായിപ്പോയ അന്ത് റു.

8 ൽ രണ്ടുകൊല്ലം പൊട്ടിയ
കറുമ്പിജാനു റേഷൻ കാർഡുമായി
അരിയിന്നുതള്ളിപ്പോവുമെന്ന്
വെളുക്കെച്ചിരിച്ചോടിപ്പോവുന്നു

റോഡരികിൽ
സ്കൂൾ ബസ്സും കാത്ത്
ടൈ കെട്ടിയ മക്കളെ ബസ്സുകേറ്റാൻ
നിൽക്കുന്നു 10 D യിലെരാധിക.

ഒപ്പരം പഠിച്ഛവരെ കണ്ടു നിന്നിലെത്തെ,
എന്റെ പഴയ സ്കൂളെ,
മാറ്റിയെഴുതാമായിരുന്നു
എന്നു തോന്നിയ കവിത പോലെ നീ.
പല്ലിളിച്ചുകാട്ടികളിയാക്കുന്നുണ്ടിപ്പോൾ
റിവേഴ്സ്ഗിയറില്ലാത്തജീവിതം.


ഉറങ്ങും മുൻപായി
തുറന്നയിൻബോക്സിൽ
അമേരിക്കയിൽനിന്നുമാദിത്യൻ:
How is our friends?
How is our School?
How is your Vacation?
നിദ്രയിൽ,
കറുത്തുകഠിനമാം പാറയിൽ
മോഹനൻ നട്ടുച്ഛയുടെകവിതയെഴുതെ,
അന്ത് റു വന്നെന്റെ
കഴുത്തുഞെരിച്ചു
ഞെട്ടിയുണരും മുൻപെ.
ഞാനെഴുതി മറുപടി.
All r Fine.
All r Perfect.

5 അഭിപ്രായങ്ങൾ:

എം പി.ഹാഷിം പറഞ്ഞു...

tharakkedilla

എന്‍.ബി.സുരേഷ് പറഞ്ഞു...

സിനൂ, പഴയതൊന്നും പഴയതല്ല.
പുതിയതൊന്നും പഴയതല്ല.
പുതിയ നമ്മള്‍ പഴയതല്ല
പഴയ നമ്മള്‍ പുതിയതല്ല.
ഓര്‍മ്മകളില്‍ ജീവിക്കാനാവില്ല.
ഓര്‍മ്മകളില്ലാതെ ജീവിക്കാനും.
വെറുതെ നടക്കെ വന്നു
കുത്തിനോവിക്കുന്നു,
പെരരിയുന്ന വിഷാദങ്ങള്‍.
മോഹനകൃഷ്ണന്‍ കാലടി ഇത്തരം ധാരാളം സ്കൂള്‍ കവിതകള്‍ എഴുതുന്നു.

സഹയാത്രികൻ പറഞ്ഞു...

നന്നായി സുഹ്രത്തെ
വായിച്ചശേഷം പഴയ പല സുഹ്രത്തുക്കളും ഓർമയിൽ വന്നു. മീൻ കച്ചവടക്കാരൻ മുതൽ ഡോക്ട്ടർ വരെ.

ശ്രീ പറഞ്ഞു...

നന്നായിരിയ്ക്കുന്നു. പഴയ സ്കുള്‍ സുഹൃത്തുക്കളൊക്കെ ഇപ്പോ എന്തു ചെയ്യുകയായിരിയ്ക്കും എന്ന് ഒരു വേള ഞാനുമോര്‍ത്തു.

MOIDEEN ANGADIMUGAR പറഞ്ഞു...

വളരെ ഇഷ്ടപ്പെട്ടു കവിത.
ഒരിക്കല്‍ കൂടി പഴയഗ്രാമത്തിലേക്ക്
ഈ കവിത എന്നെ കൊണ്ടുപോയി.