11/3/10

ഭോഗവൃക്ഷങ്ങളുടെ കാട്

കേമനാഷു? രുക്സാനാ ബംഗാളീ,
കരയാറുമാസം ഞങ്ങള്‍ മീന്‍ തിന്നുമെന്നും
കടലാറുമാസം മീന്‍ ഞങ്ങളെ തിന്നുമെന്നും,
ഒരു പ്രളയപ്പൊങ്ങലിനിക്കരെയീഗോപുര
നഗരത്തില്‍, നീ....
പ്രളയങ്ങളില്‍ ബാക്കിയാകുന്നത്
ദേഹാടനവും, പരദേഹങ്ങളുമാകുമെന്ന്
എന്റെ നാട്ടിലെ വെള്ളപ്പൊക്ക വേലിയേറ്റക്കാരുടെ
കടത്തിണ്ണകളിലെ ഞരക്കങ്ങളില്‍
നിന്ന് ഞാന്‍ പഠിച്ചെടുത്തിരുന്നു!

നാട്ടു പ്രണയത്തിന്റെ ആട,തോട
ലേലം ചെയ്ത കിഴിയുമായ്
നിന്റെ കടുകുപാടങ്ങളില്‍
ഞാനേറുമാടം പണിയുമ്പോള്‍
എന്റെ നഗരരുചികളുടെ ചേരുവ
നിന്റെയരകല്ലിലുരുട്ടിയെടുത്തുകൊണ്ടിരുന്നു!

നഗരമങ്ങനെയാണ്!
കരയില്ലാത്ത മെട്രോനദികള്‍ക്ക്-
മേലുയര്‍ന്നു പൊങ്ങിയ
ഭോഗവൃക്ഷങ്ങളുടെ കാട്!

ചിറക് നിറയെ മുള്ളുകൊണ്ട
നഗരവാതിലില്‍നിന്ന് ഏത് രാക്കിളികളാണ്
നിനക്ക് വഴി കാട്ടിയായത്?
മുളങ്കാടുകള്‍ക്കിടയിലൂടെ
ചെമ്പോത്തുകള്‍ ഊടുവഴി കണ്ടെത്തും പോലെ
നീയിനി നഗരതടങ്ങളില്‍ മാളങ്ങള്‍ പണിയും,
ഭോഗവൃക്ഷങ്ങളുടെ മേല്പ്പുരകളില്‍ നിന്ന്
ഓരുവെള്ളമിറങ്ങി,
നിന്റെയകം ചുമരിലൂടെ
കുഴല്‍ നദികളുറവ പൊട്ടും.

മാന്‍‌ഹോളിന്റെ മലിനരാശിയില്‍
തിടം വെച്ച്, വളഞ്ഞുപുളഞ്ഞൊഴുകുന്ന
കരയില്ലാത്ത കുഴല്‍നദികളുടെയരികുപറ്റി
സ്പന്ദിക്കുന്ന നവനാഗരികത,
ചെളിയിലിരതേടി ചെകിളയൊട്ടിയ
ഒരു കൂട്ടം,
കരുവില്‍ കുരുത്തും കരയില്‍
പിടഞ്ഞുമീ നഗരവാസികള്‍.....

നഗരമങ്ങനെയാണ്!
കരയില്ലാത്ത മെട്രോനദികള്‍ക്ക്-
മേലുയര്‍ന്നു പൊങ്ങിയ
ഭോഗവൃക്ഷങ്ങളുടെ കാട്!

17 അഭിപ്രായങ്ങൾ:

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

കരയില്ലാത്ത മെട്രോനദികള്‍ക്ക്-
മേലുയര്‍ന്നു പൊങ്ങിയ
ഭോഗവൃക്ഷങ്ങളുടെ കാട്!
ഇതെന്റെ നഗരം

piranthan... പറഞ്ഞു...

nannayirikunnu....adipoli

വിഷ്ണു പ്രസാദ് പറഞ്ഞു...

തനിക്കു മാത്രം ആവിഷ്കരിക്കാന്‍ കഴിയുന്ന കവിത എഴുതുമ്പോഴാണ് ഭാഷയില്‍ പുതിയ കവിത സംഭവിക്കുന്നത്.രഞ്ജിത്തിന് അതു കഴിയുമെന്ന് സമീപകാല കവിതകള്‍ ഓര്‍മ്മിപ്പിക്കുന്നു.ശില്പത്തില്‍ അല്പം കൂടി ശ്രദ്ധിക്കേണ്ടതല്ലേ എന്ന സംശയവും ഇവിടെ വെക്കുന്നു.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

കരയില്ലാത്ത നഗര നദില്‍
പൊങ്ങിയും ..മുങ്ങിയും

നഗരജീവിതത്തിന്‍റെ മടുപ്പ്
കോരിയൊഴിക്കുന്ന കവിത.

വേറിട്ട എഴുത്ത്

അനിലൻ പറഞ്ഞു...

രഞ്ജിത്
വളരെ നന്നായി എഴുതിയിട്ടുണ്ട്.
വിഷ്ണു പറഞ്ഞത് ശരിയാണ്.
കുറച്ചു ക്ഷമയുണ്ടായിരുന്നെങ്കില്‍, ഒന്ന് എഡിറ്റ് ചെയ്തിരുന്നെങ്കില്‍ ഒന്നുകൂടി മുറുകിക്കിട്ടുമായിരുന്നു എന്നു തോന്നി.

സല്യൂട്ട്!

Pramod.KM പറഞ്ഞു...

ഇഷ്ടമായി ഈ കവിത.

Sanal Kumar Sasidharan പറഞ്ഞു...

കുറേ നാളുകളായി ബ്ലോഗു കവിതകൾ - വാരികകളിലെ കവിതയും-ചാനലുകളിലെ സീരിയൽ നടിമാരെപ്പോലെയാണെന്ന് തോന്നിയിരുന്നു. സാരിമാറ്റിമാറ്റി വേറെ വേറെ താളുകളിൽ പലവേഷത്തിൽ ഒരേ ഭാവം അഭിനയിക്കുന്ന ഒരു ഫീൽ.

ഏറെ നാളായി വ്യത്യസ്തമായ ഒരു കവിത വായിച്ചിട്ട്.അഭിനന്ദനങ്ങൾ..

ഹാരിസ് പറഞ്ഞു...

വായിച്ചു. ഫേവറേറ്റില്‍ ചേര്‍ക്കുന്നു ഈ കവിത.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

നന്ദി, എല്ലാ സുമനസ്സുകള്‍ക്കും...

വിഷ്ണുമാഷേ, അനിലേട്ടാ,
ക്ഷമക്കുറവുകൊണ്ടും പരിചയ്ക്കുറവുകൊണ്ടും തന്നെയാണ്
ശില്പ ഭദ്രത കൈവിട്ടുപോയത്....

pavamsajin പറഞ്ഞു...

priya renjith,
iniyum ezhuthuka.
kavithayile manholukal sookshikkumallo?
ishtam
sajin

വിജയലക്ഷ്മി പറഞ്ഞു...

എനിക്കിഷ്ടായി ഈ കവിത ..

Vinodkumar Thallasseri പറഞ്ഞു...

ശരിയാണ്‌. തികച്ചും വ്യത്യസ്ഥമായ കവിത. അഭിനന്ദനങ്ങള്‍.

അജ്ഞാതന്‍ പറഞ്ഞു...

നല്ല കവിത...ആശംസകള്‍...

രാജേഷ്‌ ചിത്തിര പറഞ്ഞു...

നഗരമങ്ങനെയാണ്!
കരയില്ലാത്ത മെട്രോനദികള്‍ക്ക്-
മേലുയര്‍ന്നു പൊങ്ങിയ
ഭോഗവൃക്ഷങ്ങളുടെ കാട്!

രഞ്ചിത്തെ ,
ഇടയില്‍ നിന്നു ഇതു ഞാനെടുക്കുന്നു...

നല്ല കവിത........

Me പറഞ്ഞു...

നല്ല കവിത. നല്ല തുടക്കം. ആശംസകൾ.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ പറഞ്ഞു...

അതിമനോഹരം...
ആത്മഹർഷത്തിലൂം തളിർക്കുന്ന
കനൽ‌‌വൃക്ഷങ്ങൾ.

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

വ്യത്യസ്തത ഉള്‍കൊള്ളൂന്നതും പുതിയതുമായ വായന.
അഭിനന്ദനങ്ങള്‍
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍