27/11/09

മഗ്ദലനയോട്‌

മഗ്ദലനാ.................
പ്രിയപ്പെട്ടവളെ....
എന്താണ്‌ നീയെനിക്കായ്‌
കരുതിവച്ചിരിക്കുന്നത്‌
കാമം പുകച്ചു വലിച്ച്‌
ചുണ്ടു കറുത്തവളേ,
മഗ്ദലനാ................,
എന്താണ്‌ നീയെനിക്കായ്‌
കരുതിവച്ചിരിക്കുന്നത്‌?

ചമയമിട്ട, എന്റെ
പഴകിയ മാം സം
ലഹരിയുള്ള എന്റെ രക്തം
എന്റെ പാപത്തിന്റെ
നേർ പാതി.

രതി കുടിച്ചു മദിച്ച്‌
കരളു തകർന്നവളേ
മഗ്ദലനാ..............
മാറ്റുള്ള നിന്റെ ചിരിക്ക്‌
നീയെന്തിന്‌
അഭിസാരികയുടെ
വിലയിടുന്നു.....?
തീക്ഷ്ണമായ കണ്ണീര്‌
നീയെന്തിന്‌,തെരുവിന്റെ
തുപ്പലിൽ വീഴ്ത്തുന്നു...?
നീ വിശക്കാതെ ഭക്ഷിക്കുന്നു
ദാഹിക്കാതെ കുടിക്കുന്നു......
കാമാതുരതയുടെ നഖക്ഷതങ്ങൾ
വ്രണമായി നോവുന്നോളേ,
മഗ്ദലനാ..............
നീ വിശക്കാതെ ഭക്ഷിക്കുന്നു
ദാഹിക്കാതെ കുടിക്കുന്നു......


എന്റെ ചിരിക്കും കണ്ണീരിനും
വ്രണശാന്തിക്കും വേണ്ടി
ഞാനെന്റെ പശ്ചാതാപം
നിനക്കു നേദിക്കട്ടെ...........
പകരം നീയെനിക്കെന്റെ
പാപത്തിൻ ശമ്പളം തരിക.


പശ്ചാതാപം സത്യമെങ്കിൽ
പാപത്തിന്റെ ശമ്പളം
ഹൃദയത്തിൽ നോവിന്റെ
മുള്ളു പൂക്കളായ്‌ വിരിയും.
ഉള്ളും പുറവും മുള്ളുകൊണ്ടവളേ
മഗ്ദലനാ............
നിന്റെ പാപങ്ങൾ നീ മറക്കുക....

ദൈവമേ.........................

മഗ്ദലനാ..............
പ്രിയപ്പെട്ടവളേ .............
നീയെങ്കിലും വിശ്വസിക്കുമോ
ഞാനൊരു മനുഷ്യനാണെന്ന്.....
എന്റെയുള്ളിൽ
എപ്പൊഴും പൊട്ടാവുന്ന
ഒരു ഹൃദയമുണ്ടെന്ന്.........
നീയെങ്കിലും................

26/11/09

വാഴയില

ഏറെ നാള്‍
അഴുക്കു നനഞ്ഞ
ഒരില മതി
പ്രണയത്താല്‍ പാളിയെരിയും
എനിക്കിങ്ങനെ
നിവര്‍ന്നു വീഴാന്‍

ഉരുകി വാടുമെന്നറിഞ്ഞിട്ടും
എത്ര ശക്തമായി
മേനിയിലൊട്ടുന്നു
തണുപ്പിന്റെ
ചതുങ്ങിയ
കയ്യൊപ്പുകള്‍

പുല്ലിംഗം

അരികെ മേയുന്ന പശുവിന്റെ പിന്നില്
മുന്കാലുകളൂന്നി കയറാനായുന്ന കാളക്കുറുമ്പന്

അദ്ഭുതംകൂറും അഞ്ചുവയസ്സുകാരനോട്
അഛന് പറഞ്ഞു
‘അരികിലെ പുല്ലൊക്കെ തീറ്ന്നപ്പോ
അപ്പുറത്തെങ്ങാനൊണ്ടോന്ന് നോക്കുകാ’

....പുല്ലില്ലാതെന്തു പുല്ലിംഗം

25/11/09

ഫ്രഞ്ച് കിസ്സ്‌

ആരൊക്കെ എന്തൊക്കെ തന്നെ പറഞ്ഞാലും
സൈഫ് അലി ഖാന്‍ കരീന കപൂറിനെ
ഇങ്ങനെ തന്നെ ചുംബിക്കും.

അഞ്ചു മിനിട്ട് നേരത്തെക്കെന്നോ
അര മണിക്കൂര്‍ നേരത്തെക്കെന്നോ
ഒന്നും ഒരു നിശ്ചയവും പോരാ
റോഡഅരികിലൂടെ കടന്നു പോകുന്ന
തലകുനിച്ച്ചവരുടെ ജാഥയിലെ
മുദ്രാവാക്യം വിളി പോലെ
അല്ലെങ്കില്‍
വേലായുട്ടന്റെ കൈകോട്ടു കള പോലെ
അതിങ്ങനെ
ഒരു പ്രത്യേക
ഈണത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കും
കൈകാലുകള്‍ കുഴയുന്ന സമയത്ത്
ഒരു ഇടവേള എടുത്തു കൊണ്ട്
ഇങ്ങനെ തുട്സര്‍ന്നു കൊണ്ടിരിക്കും


ഇത് കണ്ടു പേടിച്ചിട്ടാണോ എന്നറിയില്ല
എം ടി നോവലിലെ നെല്‍കതിര്‍ പോലുള്ള
പെണ്‍കുട്ടി
കവലയിലെക്കുള്ള പോക്ക് നിര്‍ത്തിയത്!
എന്നാല്‍ ഇത് കണ്ടു പേടിച്ചിട്ടു തന്നെ ആണ്
പുകയിലതോട്ടങ്ങള്‍ വെട്ടി നിരത്തി
തീരെയും തിരക്ക് കുറഞ്ഞ
ദേവാലയങ്ങള്‍ പണി കഴിപ്പിച്ചവന്‍
തന്റെ തഴമ്പിച്ച ചുണ്ടുകള്‍
പാറ കല്ലില്‍ ഉരസി
രാകി മിനുക്കിയത് .

എന്തായാലും
ഉമിനീരില്‍ കുതിര്‍ന്ന തലയണ കവറിനും
ഈത്തായ ഒലിപ്പിച്ച്
ഉറങ്ങുന്ന പോലെ ജീവിക്കുന്നതോ
ഉറങ്ങുന്ന പോലെ മരിച്ചതോ
ആയ മുഖത്തിന്‌
ഇതുമായി
യാതൊരു ബന്ധവും ഇല്ല

എത്രയൊക്കെ ശ്രമിച്ചിട്ടും
നമ്മളിരുവരും
അലിഞ്ഞു തുടങ്ങുന്നേ ഇല്ലല്ലോ
എന്ന അസ്വസ്ഥതയിലോ
കണ്ണടച്ചുള്ള ഈ ഇരുട്ടിന്റെ ദ്വീപില്‍
എന്നെ തനിച്ചാക്കി പോയല്ലോ എന്റെ പ്രിയനേ
എന്ന പരിഭാവത്തിലോ ആണ്
പകരത്തിനു പകരം
എന്ന പോലെ കരീന
ഇടയ്ക്കു കണ്ണ് തുറന്നു നമ്മെ തുറിച്ചു നോക്കുന്നത് .

ഇതെല്ലം കണ്ടു
കൊള്ളാമല്ലോ
ഒന്ന് പരീക്ഷിച്ചു നോക്കിയേക്കാം
എന്ന് കരുതി മുഖമടുപ്പിച്ച
രണ്ടു പേര്
പരസ്പരം
ശവം !ഇന്നും പല്ല് തെചില്ലേ?
എന്ന് മനസ്സില്‍ ചോദിച്ചു
പെട്ടെന്ന് ഒരു നിമിഷത്തില്‍
കമ്മ്യൂണിസ്റ്റ്‌ കാരായി മാറി
ഇത് വിദേശീയന്‍ എന്നും പറഞ്ഞു
ബഹിഷ്കരിച്ചു കളഞ്ഞു

എന്നാലും എന്റെ ചുംബനമേ
നിന്നെ കണ്ടു പ്രകോപിതന്‍ ആയി
ഇല വിരിച്ചു പുഴ കടന്ന
ഏതു മഹര്‍ഷി ആണ്
ടി വി സ്ക്രീനില്‍ നീ
ഇങ്ങനെ തന്നെ ഉറഞ്ഞു പോകട്ടെ എന്ന്
ശപിച്ചു കളഞ്ഞത് .
നിനക്കിടയിലെ പുഴയില്‍
ആരൊക്കെ ഒഴുകി നടന്നാലും ശരി
വിക്കിന്റെയും നഖം കടിയുടെയും
രോഗാണുക്കള്‍
എന്റെ വന്‍കരയില്‍ വന്നടിയുന്നു .


ആരൊക്കെ എന്തൊക്കെ തന്നെ പറഞ്ഞാലും
സൈഫ് അലി ഖാന്‍ കരീന കപൂറിനെ
ഇങ്ങനെ തന്നെ ചുംബിക്കും.

പിന്നെയും ചിലര്‍ എഴുതുന്നത്‌
"പൂക്കളില്‍ കാറ്റ് ചുംബിക്കുന്നു മൃദുവായി "
എന്നാണല്ലോ?

മൂസാമൌലവീം കുഞ്ഞന്‍പൂശാരീം

മൂസാമൌലവീം കുഞ്ഞന്‍‌പൂശാരീം
അസ്സല് കൂട്ടുകാരായിരുന്നു

മണ്ഡലക്കാലത്ത് മൌലവി വാവര്
ചന്ദനക്കൊടത്തിന് പൂശാരി മേലാവ്
ഒരമ്മ പെറ്റപോലായിരുന്നു

*

ഒരിക്കല്‍ കുടുമ്മക്കാവിലെ പൂജനാള്‍
നിനച്ചിരിക്കാതെ പെരുംമഴ

മൌലവി വന്നില്ല മൌലവി വന്നില്ല
പൂശാരിക്കാധീടെ പെരുംമഴ

ഉടുക്കെടുക്കുവാന്‍ തുടങ്ങീല കുഞ്ഞന്‍ ;
ഉമ്മറവാതിലിലിടിവെട്ട്
ഡും...ഡും...

തിടുക്കത്തില്‍ വാതില്‍ തുറക്കുമ്പോഴുണ്ട്
ഇടിയല്ല, മൂസ, മുഴുമിന്നല്‍ ...!

മൂസാമൌലവി ചിരിക്കുന്നു, പിന്നില്‍
പേമഴ നിന്നിളിക്കുന്നു

മൌലവിയ്ക്കിസ്തിരിവടിവില്‍ കുപ്പായം
മഴയ്ക്ക് മുച്ചൂടും നനഞ്ഞത്

മഴച്ചിരി കാളക്കരച്ചില്‍ ; കുഞ്ഞന്റെ
മനം നിറച്ചിതാ മൂസച്ചിരി

“തുള്ളി നനയാതെങ്ങനാ മൂസാ!
അള്ളാ ഇസ്തിരിയിട്ടതോ?”

“മഴേന്റെടേക്കൂടെ ഞാനിങ്ങു പോന്നതാ
പടച്ചോനെപ്പഴിക്കല്ലേ കുഞ്ഞാ”

*

ചാറ്റും തോറ്റവും പൂക്കളും നേദി-
ച്ചന്ത്യോളം പൂജ നീളുമ്പം

കള്ളും പൂങ്കോഴിച്ചോരയും ചൊരി-
ഞ്ഞെല്ലാരും നിന്നു തുള്ളുമ്പം

പരദൈവക്കല്ലിന്‍ കരിങ്കണ്ണീന്നതാ
തുടം തുടം തൂവി തെളിനീര്

“പുറംലോകപ്പെരുമഴയെല്ലാം കുഞ്ഞാ
പരദൈവമൂറ്റിക്കുടിച്ചതോ?”

“മഴേന്റെടേക്കൂടെ നടക്കും മൂസാ നീ
പരദൈവങ്ങളെപ്പഴിക്കല്ലേ”

*

കള്ളും കോഴിയും പേമഴേം കഴി-
ഞ്ഞേമ്പക്കംവിട്ടു പോയി നാട്ടാര്‍

സദ്യകഴിഞ്ഞ,ന്തിമുറ്റത്തു മോറാത്ത
ചട്ടിക്കരിയായ് കിടന്നിരുട്ട്

മൂസാമൌലവീം കുഞ്ഞന്‍പൂശാരീം
നൂറുംതേച്ചിറയത്തിരുന്നു

“ദൈവം കരയുന്നതെങ്ങനാ പൂശാരീ?”
“കുപ്പായം നനയാത്തതെങ്ങനാ മൌലവീ?”
-ഇരുവരും താംബൂലച്ചിരി ചിരിച്ചു

“പുതുമുണ്ടും കുപ്പായോം ഇലയില്‍ പൊതിഞ്ഞത്
ഇറയത്തുനിന്നങ്ങുടുത്തുമാറി
നനമുണ്ടു ദേണ്ടെയാ മാങ്കൊമ്പേ ഞാലുന്നു
മഴതോര്‍ത്തിവന്ന നിലാവിനൊപ്പം”

“പരദൈവക്കല്ലിന്റെ പുറകിലൊരോവുണ്ട്
തണുവെള്ളം തൂവുമെന്‍ പെമ്പ്രെന്നോര്
അവളതാ കിണറിന്റെ കരയിലിരിപ്പുണ്ട്
കരി മോറി മോറി ഇരുട്ടിനൊപ്പം”

പെട്ടെന്ന് ചിരിപൊട്ടി മൂസയ്ക്കും കുഞ്ഞനും
ഒരു വെള്ളിടി മുട്ടി മാനത്തിലും
ഡും... ഡും...

തൂമിന്ന,ലക്ഷണം പാരാകെ തൂവിയ
വെണ്മ, നക്ഷത്രങ്ങളായ് കുരുത്തു

മൂസാമൌലവീം കുഞ്ഞന്‍പൂശാരീം
അസ്സല് കൂട്ടുകാരായ് തുടര്‍ന്നു
·

24/11/09

നാലുമണിപ്പൂക്കൾ







നാലുമണിയ്ക്ക്‌
കൂട്ടമണിയടിയ്ക്കും

കുട്ടികൾ കൂട്ടത്തോടെ
പുറത്തേയ്ക്ക്‌

പുസ്തകങ്ങളടുക്കുന്നതായി
നടിച്ച്‌

നീയും
ഞാനും

മറിയാമ്മേടത്തി
താഴുമായെത്തുംമുമ്പേ

ഇറുക്കിപ്പിടിച്ചുള്ള
നിന്റെയുമ്മകൾ

താഴിന്റേയുംചാവികളുടേയും
കിലുക്കമെത്തുമ്പോൾ

ഒരോട്ടമാണ്‌

വലതുവശത്തെ ജാനാലചാടി
നീയും

9-B യുടെ പിൻവാതിലിലൂടെ
ഞാനും

ഓടിയോടി വീട്ടിലെത്തും
മുഖം കിതച്ചുതുടുത്തിരിയ്ക്കും

കവിളിലെ വിയർപ്പുതുള്ളിയിലൊലിച്ച്‌
ചുണ്ടിലേയ്ക്കുമ്മകളൊഴുകുന്നുണ്ടാകും

ഓടിക്കിതച്ചതെന്നു കരുതി
ഓടരുതെന്നമ്മ മുഖം തുടയ്ക്കും

എത്ര തുടച്ചിട്ടും

അന്ന്
നീ വിതച്ച
ഉമ്മകളൊക്കെയും

ഇന്നും
അമ്മുവിന്റെ സ്കൂളിലെ
അവസാന കൂട്ടമണിയിൽ

നാലുമണിപ്പൂക്കളായി
വിടരുന്നുണ്ട്‌

(അമ്മുവിന്റച്ഛന്റെ
ബൈക്ക്‌ കണ്ണിൽപൂക്കുംവരെ)

23/11/09

അതല്ലിതല്ലേതുമല്ലൊന്നുമില്ല

ജീവനൊരു മഴവില്ലൂഞ്ഞാലായി
ഇഹപരങ്ങളിലേക്കാടിയതല്ല
വെറുതേ തുറന്നുവെച്ച
അഞ്ചിന്ദ്രിയങ്ങളില്‍ നിന്നവന്‍
ആറാമിന്ദ്രിയത്തിലേക്ക്
സ്വപ്നവാക്ച്യുതികൊണ്ട്
പാലം പണിഞ്ഞതിനെക്കുറിച്ചല്ല
തീയില്‍ നടക്കുമ്പൊഴെങ്ങനെ സാദ്ധ്യമീ മൌനമെന്ന മുഴക്കമുറ്റ ചോദ്യവുമല്ല
ലോകകരകളില്‍ മുറിഞ്ഞൊഴുകുമിടങ്ങളെ
ക്കുറിച്ചൊറ്റയ്ക്കല്ല
ഇലപോലെക്കരിയും ബാല്യങ്ങളെക്കുറിച്ചല്ല
സാക്ഷികള്‍ പലപ്പോഴും ശിലകളാണെന്നതുമല്ല
പ്രണയമൊരൊറ്റത്തിരിനാളമായി
കടലില്‍ കൊടുങ്കാറ്റുകള്‍ക്കുകുറുകെ
നമുക്കുള്ളില്‍ തുഴയുന്നതിനെക്കുറിച്ചല്ല
ധ്രുവത്തില്‍ മഞ്ഞുരുകുന്നതിനെക്കുറിച്ചോ
അതിര്‍ത്തിയില്‍ മഞ്ഞുരുകാത്തതിനെക്കുറിച്ചോ
സദ്ദാമിന്‍റെ ശ്വാസം നിലച്ചതിനേക്കുറിച്ചോ
സൂക്കിയുടെ വീട്ടുതടങ്കലിനെക്കുറിച്ചോ
അഞ്ചുവയസ്സുകാരന്‍റെ നെഞ്ചിലൂടെ വെടിയുണ്ട
ഇളങ്കാറ്റായി കടന്നതിനേക്കുറിച്ചോ
തൂങ്ങിമരിച്ച കര്‍ഷകന്റെ പെണ്‍മക്കളെക്കുറിച്ചോ
കടം ആല്‍മരമായ ഗ്രാമങ്ങളെക്കുറിച്ചോ അല്ല...
അല്ലെങ്കിലും കാണികളെന്താണ് കാണാറുള്ളത്?
കേള്‍വിക്കാരെന്താണറിയാറുള്ളത്?
കത്തിക്കൊഴിയും ധൂമകേതുവിന്നുള്ളറിയാതെ മുഖം കാണുമത്രമാത്രം
ആട്ടക്കാരന്റെ വീടിനെയറിയാതെ
മുദ്രകളില്‍ ലയിച്ചിരുന്നാനന്ദിക്കും
അറിയാം ഒരാളൊഴിച്ച് മറ്റെല്ലാവരും
നമ്മെ ഉപേക്ഷിച്ച് അവനവന്റെ
ദുഃഖങ്ങളിലേക്ക് കുടില്‍ കെട്ടാന്‍ പോകും
അറിയുക! ഈ നക്ഷത്രമൊരിക്കലും നമ്മുടെ വീട്ടുമുറ്റത്തൊതുങ്ങുകയില്ല
ഉള്ളതിനെക്കുറിച്ചുമാത്രമല്ല
സാക്ഷ്യങ്ങള്‍ ഇല്ലാത്തതിനെക്കുറിച്ചുമാണ്.

എങ്കിലും
പറയാന്‍ തുടങ്ങിയതതല്ലിതല്ലേതുമല്ലൊന്നുമില്ലൊന്നുമില്ലായ്മയിലൊന്നുമാത്രം!

മകള്‍ ഋതു*

ഏതോ ഗാന രംഗത്തിന്റെ വേഗ
മാന്ത്രികതയില്‍ ഋതുക്കള്‍ മാറുന്ന
കരയിലാണ് എന്‍റെ വീട്,
ഉറവ വെളിപ്പെടുത്താതെ
ഒരു നദി ഒഴുകി പോയതിന്‍റെ
കാല്‍പ്പാടുകളിലുണ്ട്
മുങ്ങിപ്പോയ എന്‍റെ നഗരം
കാല്‍ ചക്രങ്ങള്‍ വെച്ചു കെട്ടിയ
ഒരാളെപ്പോലെ ജീവിതം മുന്‍പേ പറക്കുന്നു
എനിക്കറിയാവുന്ന ഒരേയൊരു ഭാഷ അയാള്‍ക്കറിയില്ല.

മരുഭൂമികള്‍ കൊണ്ട് ഹൃദയത്തിനു
ചുട്ടി കുത്തുന്ന എന്‍റെ ജീവിതമേ,
എത്ര വേഷങ്ങളാടിയാലും
നിന്റെ കാല്‍ച്ചക്ര വേഗതയ്ക്ക് തൊടാനാവാതെ
ഒരു ഋതു എനിയ്ക്കൊപ്പം നടക്കും,
നിറയെ തൊങ്ങലുകളുള്ള പാവാടയിട്ടു
നൃത്തം വെയ്ക്കുന്ന എന്‍റെ മകളെ പോലെ
ഒരു വസന്തം ഭൂമി ഇതുവരെ കണ്ടിരിക്കില്ല.

(ജ്യോതിസ് പെണ്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)


*കവിതയ്ക്ക് പേരിടുമ്പോള്‍ അനൂപ്‌ ചന്ദ്രന്റെ
'മകള്‍ സൂര്യന്‍' എന്ന കവിതയുടെ പേര് ഓര്‍ത്തു.

22/11/09

പെങ്ങള്‍

മൊഞ്ചില്ലാത്തവള്‍
‍പെണ്ണായി പിറക്കരുതെന്നു
കാണാന്‍ വന്നവരൊക്കെ
പെങ്ങളെ ഓര്‍മ്മിപ്പിച്ചു

പുകയേറ്റു
മച്ചിലെ തേങ്ങപോലെ
ഉണങ്ങിപ്പോയ ഉമ്മ
അടുത്ത വിലപറച്ചിലുകാരന്
പലഹാരമുണ്ടാക്കാനേതു കടയില്‍
‍കടം പറയുമെന്ന ആധിയിലാണു.

ഉപ്പ ചുമച്ചു തുപ്പുന്ന
കഫത്തിലെ ചുവപ്പില്‍
‍ചോര്‍ന്നൊലിക്കുന്നൊരു ഖല്‍ബുണ്ട്

അഴകും പൊന്നും
പണവും വേണ്ടാത്തിടത്തേക്കു
പെങ്ങള്‍ മണവാട്ടിയായി
പോയപ്പോഴാണു
ഉപ്പയൊരു സ്വകാര്യംപറഞ്ഞതു
‘ഓളെ ഖബറുംപുറത്തെങ്കിലും
ഒരു മൈലാഞ്ചിച്ചെടിനടണം‘
....................................................
ഹാരിസ് എടവന

കരയുന്ന വീടുകള്‍

കരയുന്ന വീടുകള്‍
---------------
ഈ നശിച്ച വീട്ടില്‍
ഒരു സമാധാനവും ഇല്ലെന്ന്
പ്രാകുമ്പോള്‍
കാണരുതാത്തത്
നാല് ചുവരുകളാല്‍ നിശ്ശബ്ദം
കണ്ട് നില്‍ക്കുമ്പോള്‍

ചുമരില്‍ വരച്ചിക്കിളിയിട്ട
കുസൃതിത്തുടയില്‍
അടിവീണ് കരയുമ്പോള്‍

വീട്ടാക്കടം കേറി
പടിയിറങ്ങുന്ന കാലൊച്ചകള്‍
കേള്‍ക്കുമ്പോള്‍
ഉത്തരത്തില്‍ കുരുക്കുന്ന
കയര്‍ കാണുമ്പോള്‍

ഓടിക്കളിച്ച കുഞ്ഞുകാലുകള്‍
തിരിച്ച് വരുന്നോയെന്ന്
വഴിക്കണ്ണുമായി നില്‍ക്കുമ്പോള്‍

ആര്‍ക്കും വേണ്ടാതെ
ആരെയോ കാത്ത്
നെടുവീര്‍പ്പിട്ട്
കാട് പിടിക്കുമ്പോള്‍

മഞ്ഞും മഴയും
വെയിലുമേറ്റ്
കുമ്മായക്കൂട്ടുകള്‍
അടര്‍ന്ന് വീഴുമ്പോള്‍

ഓര്‍മ്മകളില്‍ ചികഞ്ഞ്
വിങ്ങുന്നുണ്ടായിരിക്കും,
ശബ്ദമടക്കി കരയുന്നുണ്ടാകും
ഉപേക്ഷിക്കപ്പെട്ട വീടുകളും.
------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

21/11/09

പ്രണയലേഖനം





ഓരോ ജന്മവും
ഒരു പ്രണയലേഖനം

സ്വർഗ്ഗം
ഭൂമിയ്ക്കയക്കുന്നത്‌
വായിച്ചുകഴിഞ്ഞാൽ
മാറോടമർത്തിക്കിടക്കും

അടുത്തതിനായി
ആർത്തിയോടെ കാത്തിരിയ്ക്കും

20/11/09

പബ്ബേ നിന്ടൊരു ഇതളനക്കം!

പബ്ബേ,
നിനക്ക് പരിഹസിക്കണമെങ്കില്‍ ആവാം
മഴവില്ലിനെ ഇടവിട്ട്‌ ഇടവിട്ട്‌
നീ നിവര്തിപ്പിടിക്കുമ്പോള്‍
എന്റെ വേനലും,മഴക്കാലവും
മഞ്ഞും വസന്തവും
ഓരോ തുള്ളി വീതം ചോര്‍ന്ന്
ഇവിടമാകെ
ഇവിടമാകെ
ഇതാ ഇങ്ങനെ
കുതിര്‍ന്നു കുതിര്‍ന്നു
പിന്നെ
പൊടിഞ്ഞു പൊടിഞ്ഞു
ഒരു കടല്‍തീരം വരും


മഴയില്‍

നിന്റെ പച്ച വെളിച്ചം
വള്ളിചെടികളായി നീണ്ടു വന്നു
ദേഹമാസകലം ഇഴഞ്ഞിട്ടു
ചൊറിഞ്ഞു പൊട്ടുന്നെനിക്കു
(ചൊറിഞ്ഞു ചൊറിഞ്ഞു കൊതി തീര്‍ന്നില്ലെനിക്ക് ഇതുവരെ )

നിന്റെ മഞ്ഞ വെളിച്ചം .

സവാരിക്കിറങ്ങിയിട്ടു
എന്റെ അയല്‍വാസിയായ ഒരൊറ്റ വീടിനെയും
അതിന്റെ ചില്ലകളിലിരുന്ന കുഞ്ഞുങ്ങളുടെ പാട്ടുകളേയും
വെമ്പി വെമ്പി പതിവായി
മുറിച്ചിരുന്ന
ഇന്നവരെ കാണാതെ പിണങ്ങി എന്റെ നെഞ്ജിലോട്ടു
ആഴ്ന്നു ഇറങ്ങിയ ഒരു സൂര്യ കിരണത്തെ
ഓര്‍മപ്പെടുത്തി

കിരണമേ നീ മുറിഞ്ഞു പോയി മുറിഞ്ഞു പോയി
അവസാനം ആ മരത്തെയും
മുറിച്ചിട്ടോ?

വെള്ളി വെളിച്ചമേ.

മഞ്ഞേ നീ കൂടുതലുള്ള
പുലര്‍ച്ചകളില്‍ വെള്ളം വന്നു വീഴുമ്പോള്‍
വിറക്കാനും പേര് പറഞ്ഞു കരയുവാനും
മുഖത്ത് സോപ്പ് തേക്കുമ്പോള്‍
കണ്ണില്‍ പോയെന്നു കാണിച്ചു ചിണുങ്ങി
കുളിമുറി വിട്ടോടി ഈ പബ്ബ് മുഴുവന്‍
നനക്കുവാനും പഠിപ്പിച്ചു തന്ന ഒരാളുണ്ട് .
ഞാന്‍ നിന്നോട് ഈ ഗ്ലാസിലോന്നിറങ്ങി
ആ നുരകളെല്ലാം കുടിച്ചു വറ്റിക്കുവാന്‍
പറഞ്ഞ കാര്യം പറയരുത്
പിച്ചുവാന്‍ എന്റെ വലതു ചെവി
വളര്‍ന്നു പാകമായിട്ടിരിപ്പാണ.
പറയരുതേ..


വസന്തമേ,
അഴിച്ചു വിട്ട ചിത്ര ശലഭങ്ങളെയും
മിന്നാ മിനുങ്ങുകളെയും
തെരട്ടകളെയും
വണ്ടുകളെയും
പെട്ടെന്ന് തിരിച്ചു വിളിക്കണം
ഈ പബ്ബില്‍ അവര്‍ക്കെന്താ കാര്യം
ഈ പ്ലേറ്റുകളില്‍ .
ലഹരി കുടിക്കുന്നതിനു
നിന്റെ മഴക്കാടുകള്‍ എല്ലാം
തീര്‍ന്നു പോയോ?


പബ്ബേ
പൊക്കിള്‍ ചുഴി കാണിച്ചു
നിന്റെ വയറിങ്ങനെ ഇളക്കാതെ
നിറങ്ങള്‍ ചിതറി
എന്റെ തലയ്ക്കു മുകളില്‍ നീയേതു
നക്ഷത്രങ്ങള്‍ ഏത് എന്ന്
എന്നെ ആശയക്കുഴപ്പത്തില്‍ ആക്കാതെ !

19/11/09

കാട്‌ കാടാകുന്നതിനുപിന്നിൽ

കാട്‌ കാടാകുന്നതിനുപിന്നിൽ
ചെറിയ ചില കാറ്റുകൾ
കരിയിലകളിലൂടെ പായുന്ന ജീവൻ
വിശപ്പ്‌
പുൽച്ചാടി
പതുങ്ങിയെത്തുന്ന ഗർജ്ജനങ്ങൾ
ചിതറിവീഴുന്ന കിളിയൊച്ചകൾ
തൂവൽ, ഇരുട്ടും എട്ടുകാലികളും
ശബ്ദമില്ലാതെ മണ്ണിനും മരത്തിനും
പുറത്തേക്കു തെറിക്കുന്ന കൂണുകൾ
ഇന്നലെ മഴയത്ത്‌
ഇലകളിൽ തങ്ങിയ വെള്ളം തുള്ളിയിടുന്നത്‌
എല്ലാം ഭാരമില്ലാതെ
നിശബ്ദമാകുന്നതാണ്‌

ഇന്നലെ ഒറ്റയിരുപ്പിൽനിന്നെണീറ്റുപോയ
കരിങ്കൽ ദൈവം
കൈതൊട്ട്‌ തീപിടിപ്പിച്ചെടുക്കുവോളം
അസ്തമയംവരെ പച്ചയായും
പിന്നെ കറുത്തും
കാട്‌ കാടാകുന്നു

കാട്‌ കാടാകുന്നതിനുപിന്നിൽ
ഞാൻ നാടുകണ്ടതിന്റെ ഓർമയാണ്‌
അടുപ്പൂതിയൂതി ചുവന്ന കണ്ണുകളാണ്‌
ചെറിയ ചില കാറ്റുകൾ
ഇപ്പോഴും പടർത്തുന്ന മണങ്ങളും
രാത്രിയുടെ നീലിച്ച ശബ്ദങ്ങളുമാണ്‌

കാട്‌ കാടാകുന്നതിനുപിന്നിൽ
ചെരുപ്പത്തിൽ കണ്ട നീലപാവാടയും
പിണഞ്ഞ കാലുകളും കിതപ്പുമാണ്‌
എല്ലാം ഭാരമില്ലാതെ
നിശബ്ദമാകുന്നതാണ്‌

ഏകാം‌ഗം

കണ്ണാശുപത്രി
രണ്ടുപേര്‍.

അപരിചിതന്‍:കണ്ണിനിതെന്തുപറ്റി?

ചങ്ങാതി:ദൂരെയുള്ളതൊന്നും കാണുന്നില്ല.
കൊടും‌കാടായാലും
കാട്ടാനയായാലും.

അപരിചിതന്‍:എനിക്കെല്ലാം കാണാം.
കാട് മാത്രമല്ല,
കാട്ടിലോടുന്ന മുയലിനേയും.
ദൂരെ നിന്നാല്‍.

ചങ്ങാതി:വരാന്തയുടെ
അങ്ങേ അറ്റത്താണല്ലേ നിങ്ങള്‍?
കാണുന്നില്ലല്ലോ
അപരിചിതാ,
അടുത്തേക്ക് വരാമോ
ഒന്നുകാണാനാണ്.

അപരിചിതന്‍:എങ്ങിനെ?
അടുത്തുവന്നാല്‍
അപരിചിതനാവില്ലേ നിങ്ങള്‍
ചങ്ങാതിയാവില്ലേ ഞാന്‍?

അകത്തുനിന്ന് ഒരു പേര് വിളിച്ചു.
ചങ്ങാതിയെന്നോ
അപരിചിതനെന്നോ അല്ല.
രണ്ടുപേരും
ഒരേ നേര്‍ക്കാഴ്ചയില്‍
പരിശോധനാമുറിയിലേക്ക് മാഞ്ഞു.

18/11/09

ഖനി


കവിയുടെ മരണചിന്ത സമ്പൂര്‍ണ്ണമത്രേ:
എന്തെന്നാല്‍
ഭയക്കുന്നതെന്തോ അതു തന്നെ അവന്‍ തിരയുന്നു.
തുരന്നു തുരന്ന്‌
ഒരു തുറന്ന ലോകത്തേയ്ക്ക്‌
ഒരു ദിവസം മഴു വഴുതുന്നു.

പിന്നിരുട്ടിലേയ്ക്ക്‌
ഒരു തിരിഞ്ഞു നോട്ടം പോലും വേണ്ട ഇനി.

സൂര്യന്‌ അച്ഛന്റെ മുഖമെന്ന്‌
അവനാദ്യമായി തിരിച്ചറിയുന്നു.
നല്ല സ്നേഹമുള്ള വെയില്‍
അമ്മയ്ക്ക്‌ ഒരു കുടന്ന വെള്ളം
ഭാര്യയ്ക്ക്‌ പേരറിയാത്ത ഒരു പൂവ്‌
മകള്‍ക്ക്‌ അപ്പൂപ്പന്‍ താടി

ആരോടെന്നില്ലാതെ തര്‍ക്കിച്ചു നില്‍ക്കുന്ന
ഒരാല്‍ മരത്തിനു കീഴെ
പൊഴിഞ്ഞ ഓര്‍മ്മകള്‍ പെറുക്കും അവന്‍.
കുഞ്ഞുന്നാളില്‍ മുങ്ങാങ്കുഴിയിട്ട കൂട്ടുകാരന്‍
പുഴയില്‍ നിന്നു തലയുയര്‍ത്തി കിതയ്ക്കും:

"ഇനി നീ"

17/11/09

പച്ചക്കള്ളം

കരഞ്ഞുടഞ്ഞ ഒരു പെണ്ണും,
വിളറി വെളുത്ത അവളുടെ കെട്ട്യോനും,
നാളേറെയായി
എന്റെ സ്റ്റേഷന്റെ തിണ്ണ നിരങ്ങുന്നു.

സ്ഥലത്തെ മാന്യന്മാരുടെ മക്കള്‍
അവളെ ബലാത്സംഗം ചെയ്തത്രേ!
കേസെടുക്കണമത്രേ!

പച്ചക്കള്ളമായിരിക്കും,
എനിക്കറിഞ്ഞൂടെ ആ പിള്ളേരെ,
ഏറിയാല്‍ ഒരു നേരമ്പോക്കിന്...

ഇനി പേടിക്കാനില്ല...
ഇന്നലെ സ്റ്റേഷനില്‍ വെച്ച്
അവര്‍ വിഷം കുടിച്ചു.
പെണ്ണ് കാഞ്ഞു പോയി.
കെട്ട്യോന്‍ കിടപ്പിലും.

സ്വസ്ഥം സമാധാനം.
സര്‍വ്വം ശുഭം!

Written on June 28th 2009.
ലോകസഭ തിരഞ്ഞെടുപ്പില്‍ മുങ്ങിപ്പോയ ഒരു വാര്‍ത്ത ...
http://ibnlive.in.com/news/haryana-cops-ignore-rape-woman-kills-herself/91957-3.html?from=search-relatedstories

16/11/09

റിയാലിറ്റി



ഇന്നു കുളിച്ചിട്ടില്ല
കഴിച്ചിട്ടില്ല...
പഠിപ്പിക്കാനിന്ന്
പള്ളിക്കൂടത്തിലും പോയില്ല...
കരഞ്ഞ്
കരഞ്ഞ്
ഒരേ കിടപ്പു
തന്നെയാണവള്‍...


(പലഹാരം
പൊതിഞ്ഞുകൊണ്ടുവന്ന
പത്രത്താളില്‍
ജിലേബിയെണ്ണ പുരണ്ടു
കിടപ്പുണ്ടായിരുന്നു
എങ്ങോ പട്ടിണി
കിടന്നു ചത്തൊരു
ചെക്കന്‍)


സാരമില്ലെന്നെത്ര
സ്വാന്ത്വനിപ്പിച്ചിട്ടുമവളീ
കരച്ചില്‍ മാത്രം...
ഒരൊറ്റ s m s
മതിയായിരുന്നു,
ഇനി അടുത്ത
സ്റ്റാര്‍ സിംഗര്‍ വരെ കാക്കണം...
ആ സുന്ദരികൊച്ചിനെന്നവള്‍...



ഓ ...
ഇന്നായിരുന്നോ,
എലിമിനേഷന്‍...
ഞാനാകെ
കണ്‍ഫ്യൂഷനിലായിപ്പോയി...

15/11/09

ഉമ്മയുടെ മകൻ

തോമാസിന്റെ കുപ്പായോം
രാജന്റേന്ന് മുന്നൂറുപ്പ്യേം
അരവയറും
നിറകണ്ണുമായി

കാശുണ്ടാക്കാൻ
കാശ്മീരിലേയ്ക്ക്‌
കാദറ്‌ക്കോടൊപ്പം
കള്ളവണ്ടികേറീതാണ്

പള്ളനിറച്ചുണ്ട്‌
നല്ല തുണീട്ത്ത്‌
എവിടേങ്കിലും
ജീവനോടിരിയ്ക്കട്ടേന്ന് കരുതി

അവനെയാണ്‌ മക്കളേ,

ഉടുതുണില്ല്യാണ്ട്‌
പള്ളനിറച്ചും വെടിയുണ്ടകളുമായി
പട്ടാളവണ്ടീലിടണത്‌
ടീവീല്‌ കണ്ടത്‌

ത്തിരി താടീം മുടീം നീട്ട്യാലും
'അതവനല്ലാ'ന്നോന്റെ
ചങ്ങാതിമാരൊക്കെ
കണ്ണീരടക്കി
ന്റെ അരികത്തിരുന്നാലും

ന്റെ പുള്ളേനെ
നിയ്ക്ക്‌ തിരിയാതിരിയ്ക്കോ

ന്നാലും
അവരെന്തിനാവനെ.........

ഒറ്റവഴിയിലവസാനിക്കുന്ന വീട്

മഴക്കൂടുകൾക്ക്
താഴെ
കുന്നിൻ ചെരുവിൽ
പേരറിയാത്ത
ഒരു കാട്ടുമരത്തിന്റെ
അടിയിലായിരുന്നു
അവളുറങ്ങിയിരുന്നത്
അവളുടെ അപ്പനുമമ്മയും
തകർന്നകൂരയെപ്പോലെ
തന്നെ തകർന്ന നെഞ്ചുമായ്
എവിടേയ്ക്കോ നടന്നുപോയി
അടുത്ത തിരഞ്ഞെടുപ്പിൽ
ആരെങ്കിലും അവരെ അന്വേഷിച്ചു
വരുമായിരിക്കും
ദയാലുവായ സർക്കാ‍ർ
അവർക്കനുവദിച്ച
മണ്ണെണെയും അരിയും
മാസാവസാനം
റേഷൻ കടക്കാരൻ
മറ്റൊരാൾക്ക് മറിച്ചുവിൽക്കുമായിരിക്കും
അതൊക്കെ അങ്ങനെതന്നെ
സംഭവിക്കട്ടെ
ഇടയ്ക്കിടയ്ക്ക്
ഉറക്കം ഞെട്ടിയുണരുമ്പോൾ
കാട്ടുമരത്തിന്റെ വേരുകളിൽ
മുഖമവർത്തിവച്ചവൾ
ആലോചിക്കും
തന്റെ നീലാകാശത്തെപ്പറ്റി
ജമന്തിയേയും കോഴിക്കുഞ്ഞുങ്ങളെയും
കരിവരച്ചുകൊടുത്ത ആട്ടിൻകുട്ടിളേയുപ്പറ്റി
അപ്പനമ്മമാരുടെ നടുവിൽ
നക്ഷത്രം കണ്ടുറങ്ങാത്ത രാത്രികളെപ്പറ്റി
ഒരിക്കലും അവൾ ഓർമ്മിക്കില്ല
തന്റെ നീലാകാശം ചുവപ്പിച്ചവരെയും
അപ്പനമ്മമാരെ കരയിച്ചവരെയുംപ്പറ്റി
അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിൽ
അവൾ സൂക്ഷിച്ചിരുന്ന
ഈശോയുടെ മുഖമായിരുന്നവൾക്കും

വിഷ്ണുപ്രസാദ്, സെറീന, ടി.പി. അനില്‍ കുമാര്‍,കെ.എം പ്രമോദ്, വി.ആര്‍.സന്തോഷ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ - ടാഗോറിന്റെ കവി

Get this widget | Track details | eSnips Social DNA

14/11/09

വയനാട്ടിലെ മഴയിലും കവിത

അമേരിക്കയിലെ ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലനില്‍പിന്‌ ഇപ്പോള്‍ കാശുകൊടുത്തു പഠിക്കുന്ന വിദേശീയരായ വിദ്യാര്‍ത്ഥികളെ ആശ്രയിക്കുകയാണ്‌. നമ്മുടെ നാട്ടിലും അത്തരത്തിലുള്ള സ്ഥാപനങ്ങള്‍ ഉണ്ടാക്കുകയെന്നത്‌ ഒരു നല്ല ആശയം തന്നെ. എന്നാല്‍ ഇന്നത്തെ നിലയില്‍ മറുനാടന്‍ മലയാളികളുടെ കുട്ടികളെയല്ലാതെ ആരെയും ആകര്‍ഷിക്കാനുള്ള കഴിവ്‌ കേരളത്തിനില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്ത്‌ കലാപങ്ങള്‍ കാരണം അസം, പഞ്ചാബ്‌, കാശ്‌മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോളജുകള്‍ ശരിക്കും പ്രവര്‍ത്തിച്ചിരുന്നില്ല. അതുകൊണ്ട്‌ അവിടങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും സാമ്പത്തികശേഷിയുള്ള മറ്റാളുകളും അവരുടെ മക്കളെ തടസ്സം കൂടാതെ പഠിക്കുവാനായി ഇതര സംസ്ഥാനങ്ങളിലെ കോളജുകളില്‍ ചേര്‍ക്കുകയുണ്ടായി. അവരില്‍ ഏറെയും എത്തിയത്‌ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലുമാണ്‌. ആരും കേരളത്തിലെത്തിയതായി അറിവില്ല. നിലവിലുള്ള സാഹചര്യങ്ങളില്‍ വെളിനാട്ടുകാര്‍ കേരളത്തെ അവരുടെ കുട്ടികളെ പഠിക്കാനയക്കാന്‍ പറ്റിയ സ്ഥലമായി കരുതാനുള്ള സാധ്യത കുറവാണ്‌. ഈ സ്ഥിതി മാറ്റിയെടുക്കുവാന്‍ നല്ല സ്‌കൂളുകളും കോളജുകളും ഉണ്ടായാല്‍ മാത്രം പോര.- ഇത്‌ ബി. ആര്‍. പി. ഭാസ്‌കറുടെ കാണാപ്പുറം കാഴ്‌ചയാണ്‌ (ഇന്ത്യാടുഡേ). മലയാള സാഹിത്യരചനകളുടെയും അവസ്ഥ വ്യത്യസ്‌തമല്ല. പ്രത്യേകിച്ചും കവിതയുടേത്‌.

ആനുകാലികം:

മലയാളകവിതയുടെ പാരമ്പര്യഘടന തകര്‍കത്താണ്‌ സിവിക്‌ ചന്ദ്രന്‍ ഓര്‍മകളുടെ സാനിറ്റോറിയം എഴുതിയത്‌. നാളിതുവരെ കവിതയുടെ രൂപം ഭദ്രമാണെന്ന്‌ കരുതുന്നവരുടെ കണക്കുപുസ്‌തകം തിരുത്തേണ്ടി വരും. കടമ്മനിട്ടയും അയ്യപ്പപ്പണിക്കരും മറ്റും ഈ സങ്കേതം പരീക്ഷിച്ചിട്ടുണ്ടെങ്കിലും സിവിക്‌ ഒന്നുകൂടി ഊര്‍ജ്ജം സംഭരിച്ചാണ്‌ മലയാളകവിതയുടെ നിലപാടു തറപൊളിച്ചത്‌. തിരക്കഥയുടെ രൂപഭാവത്തിലങ്ങനെ എഴുതിനിറയുമ്പോള്‍ കവിയുടെ ഓര്‍മ്മയില്‍ ഇന്ത്യന്‍ കമ്മ്യൂണിസം മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസം വരെ പന്തലിക്കുന്നു. ചരിത്രത്തോടൊപ്പം നേതാക്കളും സാമൂഹികപരിഷ്‌കര്‍ത്താക്കളും വന്നുചേരുന്നു. സിവിക്കിന്റെ കവിത വായിച്ച്‌ ആരെങ്കിലും കോപിച്ചാല്‍ അവര്‍ക്കുള്ള ശമനൗഷധവും കവിതയിലുണ്ട്‌. ചക്കിയുടെയും സതീഷിന്റെയും പ്രണയപര്‍വ്വം തിരനീക്കിക്കാണിക്കുകയാണ്‌ കവിതയില്‍. രാഷ്‌ട്രീയം, വിദ്യാഭ്യാസം, ഫെമിനിസം ഒന്നും സിവിക്‌ ഉപേക്ഷിക്കുന്നില്ല. എല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുപോലെയാണ്‌ സിവിക്കിന്റെ ഓര്‍മ്മകളുടെ സാനിറ്റോറിയം എന്നാരെങ്കിലും പറഞ്ഞാല്‍ മാതൃഭൂമിയുടെ പത്രാധിപരും കവിയും വാളോങ്ങിനില്ലെന്ന്‌ കരുതാം. അതിനുള്ള ന്യായം ഈ കവിതയില്‍ വേണ്ടുവോളമുണ്ട്‌. കവിതയില്‍ നിന്നും:

ചക്കി- ഓര്‍മ്മകള്‍ മാത്രമുള്ള അമ്മായിയപ്പനും

ഓര്‍മ്മകളേ ഇല്ലാത്ത അമ്മായിയമ്മയും

അവരുടെ മക്കള്‍ തമ്മില്‍ ഇണകളായാല്

ഈ സാനിറ്റോറിയത്തിലേക്ക്‌ ഒരു ഡോക്‌ടര്‍,

അല്ലേ സതീശാ, ഹഹഹ!

ഈ ആമ്പിള്ളേര്‍പ്രാക്‌ടിക്കലല്ലെന്നാരു പറഞ്ഞു.- (മാതൃഭൂമി, നവം.15).

മലയാളം വാരികയില്‍ ബിജോയ്‌ ചന്ദ്രന്‍ ഇരുമ്പുടുപ്പിട്ട ലോകത്തിന്റെ ഗായകനെപ്പറ്റിയാണ്‌ എഴുതിയത്‌:

തകര്‍ന്ന തീവണ്ടിയിലിരുന്നാണ്‌

ചില പാട്ടുകള്‍ തേടി നമ്മള്‍പോകുന്നത്‌.

ശരീരത്തിന്റെ ഏകാന്തതയില്‍ കൂടിപാഞ്ഞുപോകുന്ന

ഒരു കടല്‍പുകച്ചില്ലിനപ്പുറത്ത്‌ഓളം

പെരുക്കുന്നനരകത്തിലെ നദികള്‍.

.......

പാട്ടിന്റെ ഭ്രാന്ത്‌ പിടിച്ചുലയ്‌ക്കുകയാണ്‌

തെരുവുകളെഭൂമിയെ

ഏതോ തമോഗര്‍ത്തത്തിലേയ്‌ക്ക്‌

വലിച്ചെറിയുകയാണ്‌- (ഡേഞ്ചറസ്‌ എന്ന കവിത).- ഒരുപാട്‌ ഉള്ളറിവുകള്‍ വായനക്കാരിലേക്ക്‌ ധരിപ്പിച്ചുകൊണ്ടാണ്‌ ബിജോയ്‌ ചന്ദ്രന്റെ കവിത മുന്നോട്ടുപോകുന്നത്‌. ജീവിതത്തിന്റെയും സംഗീതത്തിന്റെയും വ്യത്യസ്‌ത വിതാനങ്ങളിലൂടെ. പാട്ടില്‍ നിറഞ്ഞാടുന്ന തെരുവ്‌ ഭൂമിയെ ഇരുട്ടിലേക്ക്‌ തള്ളുന്നതും ഈ എഴുത്തുകാരന്‍ കാണുന്നു.

വാരാദ്യമാധ്യമത്തില്‍ (നവം.8) സി. പി. ചന്ദ്രന്‍ പുരയ്‌ക്കകത്തെ മരങ്ങള്‍ എന്ന കവിതയില്‍ പറയുന്നു:

തറവാട്‌ തകര്‍ന്നാലെന്താ?

പുരക്കകത്തും പുരപ്പുറത്തും

പൊന്നു കായ്‌ക്കും മരങ്ങള്‍വളരട്ടെ സ്വച്ഛന്ദംതങ്കക്കായ്‌കള്‍ക്കായ്‌

സുവര്‍ണ്ണപുഷ്‌പങ്ങള്‍പൂത്തുലയട്ടെ.- ദീപസ്‌തംഭം മഹാശ്ചര്യം. നമുക്കും കിട്ടണം പണം. കുഞ്ചന്‍ നമ്പ്യാരുടെ നിരീക്ഷണം പുതിയ കാലത്തില്‍വച്ച്‌ വായിക്കുകയാണ്‌ സി. പി. ചന്ദ്രന്‍. സ്വാര്‍ത്ഥതയുടെ പാരമ്യതയാണ്‌ ഈ കവിത ഓര്‍മ്മപ്പെടുത്തുന്നത്‌.

കവിതാപുസ്‌തകം:

മലയാളകവിതയുടെ പുതുമ ഉറയുരിച്ച്‌ വ്യക്തമാക്കുന്ന കവിയാണ്‌ വി. മോഹനകൃഷ്‌ണന്‍. കവിത ഏകധാരയിലേക്ക്‌ ചുരുങ്ങിയോ എന്ന സംശയത്തിനുള്ള മറുപടിയാണ്‌ വി. മോഹനകൃഷ്‌ണന്റെ വയനാട്ടിലെ മഴ എന്ന പുസ്‌തകം. നാല്‌പത്തിയൊന്‍പത്‌ കവിതകളുടെ ഉള്ളടക്കം. നിശബ്‌ദതയുടെ വാളിന്‌ ഇരുതല മൂര്‍ച്ചയുണ്ടെന്ന്‌ വായനക്കാരെ ഓര്‍മ്മപ്പെടുത്തുകയാണ്‌ ഈ കാവ്യസമാഹാരം. ഹൃദയത്തെ ഈര്‍ന്നുമുറിക്കുന്ന വാക്കുകളും പ്രയോഗങ്ങളും കൊണ്ട്‌ സങ്കീര്‍ണ്ണത സൃഷ്‌ടിക്കുമ്പോഴും ഉള്ളിലെവിടെയോ ഒരു ശാന്തിമന്ത്രത്തിന്റെ കിലുക്കമുണ്ട്‌. വാക്കിന്റെ ചങ്ങലക്കണ്ണികളിലൂടെ ആസ്വാദകരെ കവിതയുടെ ആഴക്കാഴ്‌ചകളിലൂടെ നടത്തിക്കുകയാണ്‌ ഈ എഴുത്തുകാരന്‍.നിശബ്‌ദതയുടെ ചിത്രം വരച്ചുകൊണ്ടാണ്‌ മോഹനകൃഷ്‌ണന്‍ തന്റെ കാവ്യസമാഹാരം തുറന്നിടുന്നത്‌. ഓര്‍മ്മകളുടെ കല്ലെടുത്ത്‌ എന്നെ എറിയരുതെന്ന അപേക്ഷയാണ്‌ പുസ്‌തകത്തിലെ അവസാന കവിത- (ഉണ്ടായിരുന്നിട്ടുണ്ടാവില്ല). നിശബ്‌ദതയ്‌ക്കും വെളിപ്പെടുത്തലിനും ഇടയിലുള്ള ജീവിതത്തിന്റെ കയറ്റിറക്കമാണ്‌ വയനാട്ടിലെ മഴ.പഥികനും പാഥേയവും മാത്രമല്ല, വഴിയോര കാഴ്‌ചകളും വിസ്‌മയങ്ങളും കൊണ്ട്‌ സമ്പന്നമാണ്‌ മോഹനകൃഷ്‌ണന്റെ വയനാട്ടിലെ മഴ എന്ന കൃതി. വയനാട്ടിലെ മഴ നനഞ്ഞ്‌ ചരിത്രവും വര്‍ത്തമാനവും ഓര്‍മ്മകളായി ഒഴുകുകയാണ്‌. കുത്തൊഴുക്കില്‍ തിടംവയ്‌ക്കുന്ന ജീവിതഖണ്‌ഡങ്ങള്‍ കവി കണ്ടെടുക്കുന്നു. മോഹനകൃഷ്‌ണനെ പുതുകവിതയില്‍ വേറിട്ടുനിര്‍ത്തുന്നത്‌ കാഴ്‌ചയ്‌ക്കും മൗനത്തിനും സാക്ഷിയാകുമ്പോഴും എല്ലാം ആറ്റിക്കുറുക്കി സൂക്ഷ്‌മതയുടെ കണ്ണട നല്‍കുന്നതിലാണ്‌. ജീവജാലങ്ങളെ നെഞ്ചേറ്റുന്ന ഈ കവി ഒരേ സമയം ആകാശത്തിലേക്കും ഭൂമിയിലേക്കും ശാഖികള്‍ വിരിച്ചു നില്‍ക്കുന്ന വടവൃക്ഷം പോലെയാണ്‌. സ്വപ്‌നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലൂടെ സഞ്ചാരമാണ്‌ മോഹനകൃഷ്‌ണന്റെ കവിതകള്‍. ഓരോ വായനയിലും പ്രകൃതിയുടെയും മനുഷ്യന്റെയും അകം തൊട്ടുകാണിച്ച്‌ നമുക്ക്‌ മുന്നില്‍ നടക്കുന്ന കവിയും കവിതയുമാണ്‌ വയനാട്ടിലെ മഴയില്‍ തെളിയുന്നത്‌. പുതുകവിതയുടെ ഊടുംപാവുമാണിത്‌ നേദിക്കുന്നത്‌. കാവ്യരചനയുടെ പാഠവും പാഠാന്തരവുമാണ്‌ വി. മോഹനകൃഷ്‌ണന്റെ കാവ്യതട്ടകം. പി. പി. രാമചന്ദ്രന്റെ അവതാരിക. -( കറന്റ്‌ ബുക്‌സ്‌, തൃശൂര്‍. 55 രൂപ).

ബ്ലോഗ്‌ കവിത:

ബൂലോകകവിതാ ബ്ലോഗില്‍ ഉണ്ണിശ്രീദളം യാത്രയെപ്പറ്റിയാണ്‌ എഴുതിയത്‌: മുകളിലേക്ക്‌ നോക്കുമ്പോള്‍ഹൗ!

എന്റെ കുഞ്ഞുനക്ഷത്രം മാത്രം

ദൈവത്തിന്റെ കണ്ണ്‌

എന്റെ കണ്ണായ ദൈവം

ദൈവമേ,ഞാന്‍വേഗം നടന്നു.- താരാപഥകാഴ്‌ചയില്‍ കവി തന്റെ മനസ്സിലേക്ക്‌ തിരിഞ്ഞു നോക്കുന്നു. ജി.ശങ്കരക്കുറുപ്പ്‌ അലഞ്ഞുതീര്‍ത്ത തീരത്ത്‌ പുതിയ കാലത്തും ഒരാളുണ്ടാകുന്നത്‌ നല്ലതുതന്നെ. അത്‌ ഉണ്ണി ശ്രീദളമായാലും കുഴപ്പമില്ല.അമ്മു ബ്ലോഗില്‍ ബിജോയ്‌ സാമുവല്‍:

അവള്‍ എന്റെതാകുന്ന ആ


ദിവസത്തിനായി ആ കാത്തിരിപ്പിനും

ഒരു തണുത്ത കാറ്റിന്റെ സുഖം- (കാത്തിരിപ്പ്‌). ഈ കവിത ആര്‍ദ്രതയുടെയും കാരുണ്യത്തിന്റെയും വാതിലുകളാണ്‌ തുറന്നിടുന്നത്‌.

പുതുകവിതാ ബ്ലോഗില്‍ ഋതുഭേദങ്ങള്‍ എന്ന ബ്ലോഗില്‍ മയൂര എഴുതി:

ചൂണ്ട

ദു:ഖം

സന്തോഷം-(തലകെട്ടില്ലാതെ). എപ്പോഴും ആരും ഇരയാക്കപ്പെടുന്ന ഒരു അവസ്ഥയുടെ ആവിഷ്‌കാരമാണ്‌ മയൂരയുടെ കവിത.

തര്‍ജ്ജനി ബ്ലോഗില്‍ ബാലകൃഷ്‌ണന്‍ മൊകേരി എഴുതിയ നളിനി എന്ന കവിത കുമാരനാശാന്റെ കാവ്യം പുതിയ കാലത്തിന്റെ ലാബില്‍ കിടത്തി ഓപ്പറേഷന്‍ നടത്തുന്നു. കാലത്തിന്റെ ശബ്‌ദം കേള്‍പ്പിക്കാന്‍ ബാലകൃഷ്‌ണന്റെ എതിരെഴുത്തിന്‌ സാധിച്ചു. കാലകാഹളം ശ്രവിക്കാന്‍ സാധിക്കുന്നവരാണ്‌ കവികളെന്ന്‌ വൈലോപ്പിള്ളി ഓര്‍മ്മിപ്പിട്ടുണ്ടല്ലോ. പുതിയ നളിനിയില്‍ നിന്നും:

മരവിപ്പിന്‍ മഞ്ഞുമലയില്‍ നിന്ന്‌

ദിവാകരനിറങ്ങി വരുമ്പോള് ‍ഓര്‍മ്മകള്‍

തന്‍ കാട്ടുചോലയില്‍

മുങ്ങിനിവരുന്നൂ നളിനി.- കാമുകന്‌ നല്‍കാന്‍ പുതിയ നളിനിക്ക്‌ പ്രണയമൊഴികളില്ല. സ്‌നേഹസൂത്രം കൗമാരത്തിന്റെ പാറയില്‍ തലതല്ലിച്ചത്തുപോയിരിക്കുകയാണെന്ന്‌ ബാലകൃഷ്‌ണന്‍ കണ്ടെടുക്കുന്നു.

സ്‌കൂള്‍ബ്ലോഗ്‌:

ബ്ലോഗ്‌ ഈടുറ്റ മാധ്യമമായി തിരഞ്ഞെടുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. പത്രങ്ങള്‍ക്കും വ്യക്തികള്‍ക്കും പുറമെ വിദ്യാലയങ്ങളും ബ്ലോഗിലേക്ക്‌ പ്രവേശിച്ചു. കൂട്ടായ്‌മയുടെ ആലേഖനമെന്ന നിലയില്‍ ശ്രദ്ധേയമായ നിരവധി സ്‌കൂള്‍ ബ്ലോഗുകളുണ്ട്‌. കോഴിക്കോട്‌ ജില്ലയിലെ രണ്ടു സ്‌കൂള്‍ ബ്ലോഗുകള്‍. ഒന്ന്‌ നരിപ്പറ്റ രാമന്‍ നായര്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിന്റെ പുനത്തില്‍ ടൈംസ്‌. രണ്ട്‌. പുതുപ്പണം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഓല. ഈ രണ്ടു ബ്ലോഗുകളിലും സ്‌കൂള്‍ വിശേഷങ്ങള്‍ കൂടാതെ കുട്ടികളുടെ സര്‍ഗരചനകളുണ്ട്‌. വ്യക്തിഗത ബ്ലോഗുകളില്‍ നിന്നും വ്യത്യസ്‌തമായി പുനര്‍വായനക്ക്‌ ശേഷമായിരിക്കും സ്‌കൂള്‍ബ്ലോഗുകളില്‍ രചനകള്‍ പ്രസിദ്ധീകരിക്കുന്നത്‌. എന്നാല്‍ ഈ രണ്ടു ബ്ലോഗുകളിലെയും കുട്ടികളുടെ രചനകള്‍ എഴുത്തിലും വായനയിലും പാകപ്പെടാത്ത അവസ്ഥ നിറഞ്ഞുനില്‍പ്പുണ്ട്‌. ഉദാഹരണത്തിന്‌ പുനത്തില്‍ ടൈംസില്‍ സ്വാതി സുരേഷ്‌ എഴുതിയ അനുജത്തി എന്ന രചന. തന്റെ അനുജത്തിയെക്കുറിച്ചാണ്‌ സ്വാതി എഴുതിയത്‌. പക്ഷേ, എഴുത്തിലെല്ലാം മുതിര്‍ന്നവരുടെ കാഴ്‌ചയാണ്‌ പതിഞ്ഞുനില്‍ക്കുന്നത്‌. അനുജത്തിയെ മകളെപ്പോലെയും പൊന്‍മകള്‍തന്നെയായും സ്വാതി വിശേഷിപ്പിട്ടുണ്ട്‌: പൊന്നനുജത്തീ

നീയെനിക്കൊരു

മകളെപ്പോലെയാണല്ലോ

അല്ലല്ല നീയെന്റെപൊന്‍

മകള്‍ തന്നെയാണല്ലോ-(അനുജത്തി).

വടകര പുതുപ്പണം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഓല ഓണ്‍ലൈന്‍ മാസികയില്‍ സ്‌കൂള്‍ വിവരങ്ങള്‍ക്കപ്പുറം കുട്ടികളുടെ സര്‍ഗസഞ്ചയിക അവതരിപ്പിക്കുന്നു. ഈടുറ്റ കവിതകളും ഭാവനയുടെ ചിറകുണര്‍ച്ചയും ഓലയിലുണ്ട്‌. ദുര്‍ഗ എസ്‌. കുമാര്‍ എഴുതിയ അനാഥ എന്ന രചനയില്‍ തോറ്റുപോയ ഒരു ജന്മമാണ്‌ നിറയുന്നത്‌:

എന്റെ സ്വപ്‌നങ്ങള്‍ കേവഞ്ചി

കയറിപ്പോകുമ്പോഴും

കടമ്പകള്‍ കടന്നുവന്ന

ദു:ഖംഎനിക്ക്‌ കൂട്ടിരിക്കുന്നു.- ഈ കൂട്ടിരിപ്പും പിന്നീടുള്ള ജീവിതത്തിന്റെ വൈതരണികളും വകഞ്ഞുമാറ്റി അനാഥപ്രേതമാകുമ്പോഴും അവളുടെ മൗനത്തില്‍ ഒരു സന്ദേശം ദുര്‍ഗ വായിക്കുന്നു:പുതുതലമുറയ്‌ക്കൊരുതാക്കീതുണ്ടായിരുന്നു.- എല്ലാ തോല്‍വികളും വഴിമാറി നടപ്പുശീലത്തിന്റെ എഴുത്തോലയാണ്‌ അനാഥ.

കാമ്പസ്‌ കവിത

കാമ്പസിന്റെ തീക്ഷ്‌ണതയും ചടുലതയും അനുഭവപ്പെടുത്തുന്ന രണ്ടു രചനകളാണ്‌ ഈ ആഴ്‌ചയിലെ കവിതകള്‍. നിരത്തിലെ ടാപ്പ്‌ തുറന്നിടുകയാണ്‌ മാതൃഭൂമി മാഗസിനില്‍ (നവം.15) വിന്നി ഗംഗാധരന്‍, തളിപ്പറമ്പ്‌ എഴുതിയ നിരത്തിലെ ടാപ്പ്‌ തുറന്നപ്പോള്‍ എന്ന രചന:

വിശപ്പിന്റെ കൊടും വഴികളത്രയുംതാണ്ടിയാണ്‌ ഞാനിവിടെയെത്തിയത്‌

അപ്പോഴേക്കും മരിച്ചിരുന്നു വിശപ്പ്‌ ദാഹം

ഒരിറ്റു നീരിനായിനിരത്തിലെ ടാപ്പു തുറന്നപ്പോള്

എവിടെയോ ഉറഞ്ഞുപോയ

ഒരു പുഴ കരയുകയായിരുന്നുകണ്ണുനീരില്ലാതെ.- മനോഹരമായ രചന. വിശപ്പിന്റെ വിളിയില്‍ പുഴയുടെ രോദനം കേള്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. പുഴയെഴുത്തിനപ്പുറം ജീവധാരയുടെ അകംകാഴ്‌ചയാണ്‌ ഈ രചന അനുഭവപ്പെടുത്തുന്നത്‌.ലോങ്‌സൈറ്റ്‌ എന്ന കവിതയില്‍ സുധീഷ്‌ കെ, കാസര്‍ക്കോട്‌ എഴുതി:

ഞാന്‍ വായിക്കാറുണ്ട്‌പക്ഷേ,

ഞാന്‍ വായിക്കുന്നതൊന്നും

എന്നെ വായിക്കാറില്ല.- വായനയിലൂടെ ജീവിതത്തെ വിശകലനം ചെയ്യുകയാണ്‌ സുധീഷ്‌. നരച്ച വായനയും ചുളിഞ്ഞ വാക്കുകളും ഉടഞ്ഞ ചിത്രങ്ങളും എന്നെ കണ്ടെത്തുമെന്ന്‌ കരുതുന്നതിലര്‍ത്ഥമില്ല. പുതുകവിതയുടെ പ്രഖ്യാപനവും മറ്റെന്നല്ല.

കാവ്യനിരീക്ഷണം : കാലമേറെ കടന്നുപോകുമ്പോള്‍ നമ്മളോരുത്തരും അകമേ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്‌. കണക്കെടുപ്പുകളുണ്ട്‌. നമ്മുടെ ചെയ്‌തികള്‍, വാക്കുകള്‍ വേദനിപ്പിച്ചത്‌ ആരെയെല്ലാം. ഏതെല്ലാം സ്‌നേഹബന്ധങ്ങളെ നമ്മള്‍ തന്നെ ബന്ധനങ്ങളാക്കി മാറ്റി? വേദനിപ്പിക്കുന്ന ഈ അറിവുകളില്‍ നിന്നും ഓര്‍മ്മകളില്‍നിന്നും വിടുതല്‍ നേടിയില്ലെങ്കില്‍ നമുക്ക്‌ പുതിയൊരാളായിത്തീരാനാവില്ല.-(ഒ. വി. ഉഷ). സര്‍ഗരചന തുറന്നിടുന്ന വാതിലുകളും സ്വയം തിരിച്ചറിവിന്റേതാണ്‌.-നിബ്ബ്‌, ചന്ദ്രിക 15-11-2009

ഞാന്‍ പാടിനടന്ന ഫ എന്ന ഭാഷ


മലയാളത്തില്‍

ഇംഗ്ലീഷില്‍

പാട്ടില്‍.

അന്ധനും
മൂകനും
ബധിരനും
മൂന്ന് കുരങ്ങുകള്‍.

മണ്ണിലായാലും
കല്ലിലായാലും
ലോഹത്തിലായാലും
വില്‍ക്കപ്പെട്ട ശില്പങ്ങള്‍.

12/11/09

സ്വയംപര്യാപ്തന്‍

വായില്‍ വെള്ളമൂറുന്നു

കൊഴുത്തു തടിച്ച്
മുഴുത്തുരുണ്ട്...
വായില്‍ വെള്ളമൂറുന്നു

അറത്തെടുത്ത്
ഉപ്പുകൂട്ടി
മുളകുകൂട്ടി
ചുട്ടെടുത്താല്‍...
ഹൊ! വായിലിപ്പം കപ്പലോട്ടാം!!

വയറുകുറച്ച്
സിക്സ്പാക്കപ്പാക്കാന്‍
കരാറെടുത്ത
ഇന്‍സ്ട്രക്റ്ററെ പേടിയാണ്
എന്നിട്ടും...

ഞാനെന്നെതന്നെ
മുറിച്ച്... മുറിച്ച്...

എല്ലാം പരിഹരിക്കപ്പെട്ടു
ഒരു മുട്ടുമില്ല
അന്നത്തിനന്നം
തിന്നുംതോറും വളരുന്ന ഞാനും.
മുറിച്ചെടുക്കുമ്പോള്‍
അളവുകള്‍
പാകമാകുന്നു

സ്വയം പര്യാപ്തനാണ്
തിന്നും തോറും വളരുക
വളരും തോറും തിന്നുക
സമൂഹമേ എന്നെക്കണ്ട് പഠിക്ക്...

മടി


തീരുമാനങ്ങള്‍ മാറ്റി വയ്ക്കുന്നതാണെപ്പോഴും-
എന്‍ പരാജയകാരണം എന്നറിഞ്ഞതിനാല്‍,
അവയിനിയൊരിക്കലും മാറ്റിവയ്ക്കില്ലെന്ന തീരുമാനം,
ഞാന്‍ തല്‍ക്കാലം മാറ്റിവയ്ക്കുന്നു........

കാരണം.....
എനിക്കുറക്കം വരുന്നു!.....

11/11/09

പീഡിപ്പിക്കപ്പെട്ടവളുടെ അമ്മ





കടലിലേക്കുള്ള
യാത്രയില്‍
കൊല ചെയ്യപ്പെട്ട
പുഴയുടെ ശവമാണ്
കൂട്ടിയിട്ടിരിക്കുന്ന
മണലിനടിയില്‍.

പീഡിപ്പിക്കപ്പെട്ടു
ചത്ത
പെണ്‍കുട്ടിയുടെ അമ്മ
ഇന്നും വരാറുണ്ട്
അഴുക്കു പുരളാ‍ത്ത
അവളുടെ
യൂണിഫോം അടിച്ചലക്കാന്‍.


മണല് നിറയെ
വെയില് കാവല്‍ നില്‍ക്കുന്ന നട്ടുച്ച പറയും:
“തള്ളേ
തുള്ളി വെള്ളമില്ല“


എന്നിട്ടുമവരാ ദു:ഖത്തെ
അലക്കിയുണക്കും


പീഡിപ്പിക്കവളുടെ അമ്മ
മരുഭൂമിയിലെ
കള്ളിമുള്‍ചെടി പോലുമല്ല

ചരിത്രകാരൻ


അവർ ചരിത്രം എഴുതുകയായിരുന്നു.
നാരായം കൊണ്ടല്ല,
പേനകൊണ്ടും പെൻസിൽകൊണ്ടുമല്ല.
താളിയോലയിലോ കടലാസിലോ,
ഗുഹാഭിത്തികളിലോ അല്ല.
അക്ഷരങ്ങൾകൊണ്ടോ ചിഹ്നങ്ങൾ കൊണ്ടോ,
ചിത്രങ്ങൾ കൊണ്ടോ
അവർക്ക് എഴുതാനറിയില്ല.
അവരുടെ കാതുകളിൽ ഈയം...
അവരുടെ കണ്ണിൽ കണ്ണീരുണങ്ങിയ കുന്തിരിക്കം...
വിത്ത് വിതയ്ക്കുമ്പോൾ അവർ പാടിയിരുന്നത്
കവിതകളല്ല.
അവരുടെ നാവുകൾ കടുത്ത മണ്ണ് ഉഴുത് മറിച്ച്
തളർന്ന് പോയിരുന്നു..

അവർ എഴുതിയ ചരിത്രം
തെങ്ങുകളായി നാടുമുഴുവൻ കുത്തനെ നിൽക്കുന്നു.
അവർ എഴുതിയ ചരിത്രം വയലുകളായി
വരമ്പിന് ഇരുവശവും വിരിഞ്ഞു കിടക്കുന്നു.
അവർ എഴുതിയ ചരിത്രം മലപിളർന്ന്
തോട്ടുവെള്ളമായി കലങ്ങി ഒഴുകുന്നു.
അവർ എഴുതിയ ചരിത്രം റോഡുകൾ, പാലങ്ങൾ,
റോഡിനിരുവശവും തണൽമരങ്ങൾ.
അവർ എഴുതിയ ചരിത്രം കാറ്റ്, വെയിൽ, മഴ,
തട്ടുതട്ടായ മലനിരകൾ.
ഇന്നിതാ ഞാനും എഴുതി അതിൽ ഒരു വാക്ക്...
നനഞ്ഞ മണ്ണിൽ കുഴിച്ചിട്ട വിത്ത്..
പുഴുക്കളേ, കിളികളേ, മേഘങ്ങളേ
ഇനിയിതിൻ ബാക്കി നിങ്ങൾ പൂരിപ്പിച്ചുകൊള്ളുക..

untitled

നിന്റെ മലകളില്‍,ഉലകളില്‍
ഉരുകി
എന്റെ നെഞ്ചിലേയ്ക്ക് പെയ്യുന്നു

ഒഴുകിപ്പരന്ന്‍
ആഴങ്ങളില്‍ അലഞ്ഞ്

പിന്നെയും
വിങ്ങി
ആവിയായി

നിന്റെ മലകളില്‍,ഉലകളില്‍
ഉരുകി
എന്റെ നെഞ്ചിലേയ്ക്ക് പെയ്യുന്നു

10/11/09

ഛായ

ഉല്‍പ്പത്തി
സമദൂര സിദ്ധാന്തത്തിന്‍മേല്‍
മെര്‍ക്കുറിയുടെ ത്രിമാന കവചം
അനന്തം
ആഴത്തെളിമ
തീപിടിച്ച കപ്പല്‍പ്പായകളില്‍
ആര്‍ക്കമെഡീസ്‌ പഴമ്പെരുമ
സില്‍വിയാപ്ളാത്ത്‌
ഇടപ്പള്ളി
നിഷേധി ആത്മാക്കളുടെ സ്നാനഘട്ടം കടക്കുമ്പോള്‍
നാര്‍സിസ്സിനോട്‌ ഒന്നും ചോദിയ്ക്കരുതെന്ന്‌ കല്‍പന

ഛായ
ചിതറി വീണുടഞ്ഞാലും അദ്വൈതം
വിരല്‍ മുക്കിയ സ്ഥാനഭ്രംശത്തില്‍ ബാല്യം
ഉപ്പൂറ്റി തേഞ്ഞ നൂറ്റാണ്ടുകള്‍ക്കന്ത്യം ദര്‍ശനസൌഖ്യം
ക്രമേണ നിശ്ചലതയിലേക്ക്‌ വളര്‍ന്ന പൌരുഷം
ഒടുവില്‍ നേടിയത്‌ സൂര്യനോട്‌ ഉരുളയ്ക്കുപ്പേരിച്ചങ്കൂറ്റം

ചിരിച്ചും കരഞ്ഞും
ചിരിപ്പിച്ചും കരയിപ്പിച്ചും
അസൂയപ്പെട്ടും പെടുത്തിയും
ദ്വേഷിച്ചും അഹങ്കരിച്ചും
പേടിച്ചും പ്രണയിച്ചും
തലയ്ക്കു തീപിടിച്ചും
മുങ്ങി മരിച്ചു മറഞ്ഞ
നിലവിളികളിലൊന്നില്‍
ഒരു സ്വത്വാന്വേഷി - ചെമ്പഴന്തി മുഖം.

ഛായ
ചിലപ്പോള്‍ ഉന്‍മാദവേഗികള്‍ക്ക്‌
മുന്നറിയിപ്പിന്റെ പിന്‍കാഴ്ച
മുഖത്ത്‌ പൊട്ടിമുളച്ച്‌
നിറഞ്ഞു കവിഞ്ഞ്‌
ഉണങ്ങിയൊടുങ്ങിയ
കൊച്ചുകൊച്ചഗ്നിപര്‍വതങ്ങളിലേയ്ക്ക്‌
ഉള്‍ക്കാഴ്ച്ചയുടെ തണുത്ത ലാവാപ്രവാഹം

ശിശിരം
കറുപ്പുകൊഴിഞ്ഞു തുടങ്ങിയ
കോണിഫറസ്‌ വനങ്ങളിലേയ്ക്ക്‌
തിരിച്ചറിവിന്റെ
പൊള്ളുന്ന സെര്‍ച്ച്‌ ലൈറ്റ്‌ മഞ്ഞളിപ്പ്‌

ഒടുക്കം
ഒടുവിലത്തെ ആണിയടിയുടെ മുഴക്കം
കേള്‍ക്കാം
ചില്ലുടയുന്ന കിലുക്കം
മരിച്ച മാലാഖയുടെ മുഖംമൂടിയ്ക്കുവേണ്ടി
ക്യൂ നില്‍ക്കുന്ന ശബ്ദതാരാവലികളോട്‌
അവസാനമായി ഒരു വാക്ക്‌ -
"പാകമായില്ലെങ്കില്‍പ്പിന്നെ ആറന്‍മുളക്കാര്‍ക്കും..."






*1998 ഇല്‍ പ്രസിദ്ധീകരിച്ച കവിതയാണ് . ഒരു പതിനെട്ടു വയസ്സുകാരന്റെ അപക്വ രചനയാണ് .
ശ്രീ കല്പറ്റ നാരായണന്റെ "ഛായാഗ്രഹിണി" എന്നകവിത വായിച്ചപ്പോള്‍ ഇതു പൊടിതട്ടി എടുക്കണമെന്നു തോന്നി .

ഇല/പുഴു എന്നിങ്ങനെ

പുഴു തന്നെ തിന്നാന്‍ വരുമ്പോ
ഴെന്തുകൊണ്ടിലകള്‍
പുഴുവിനെത്തിന്നുന്നില്ല...?

കണ്ടില്ലേ
ഞെട്ടോടെ പറിച്ചെടുത്ത്
കുട്ടികളിങ്ങനെ
കണ്ണും
വായും
തുളച്ച്
മുഖംമൂടി വച്ച്
ഓടിക്കളിക്കുന്നത്

തന്നെ തിന്നാന്‍ വന്ന
ഒരു പുഴുവിനെയെങ്കിലും
തിന്നിരുന്നെങ്കില്‍
കുട്ടികളിങ്ങനെ
ചെയ്യുമായിരുന്നോ !

9/11/09

ചൂത്

കള്ളകരുക്കളെ കൊണ്ടു
തന്നെ നീ കളിക്കുക
നിന്റെ രാജധാനിയില്‍
ഇനിയും ഞാന്‍ വരും
തോല്‍ക്കുവാന്‍
തോറ്റുകൊണ്ടേയിരിക്കാന്‍

തവണകളെത്ര തന്നിട്ടും
നിനക്കു തരാനുള്ളത്രയും ബാക്കി
ശിഷ്ടം നഷ്ടമാവുന്ന
കണക്കു പുസ്തകങ്ങളില്‍
ഗുണിച്ചും ഹരിച്ചും വെറുതെ.......

കവിതയും ഞാനും
വഴി പിരിയുന്നിടം
നീ എനിക്കായി ഒരു പേനതരണം
വെട്ടിയും തിരുത്തിയും
നിന്റേതു മാത്രമാവാനൊരു
കവിത തരാനല്ല
വെറുമൊരു ഫുള്‍സ്റ്റോപ്പിടാന്‍.

2007ല്‍ എഴുതിയത്

8/11/09

ഞാനാരെന്ന് പറഞ്ഞേപറ്റൂ

ഞാൻ ഹിന്ദുവല്ല
അച്ഛനും അമ്മയുമെന്ന്
വിളിച്ചു ശീലിച്ചുപോയെങ്കിലും.
ഇസ്ലാമല്ല
ഉമ്മയും ബാപ്പയും
ജീവിച്ചിരിക്കുന്നുവെങ്കിലും
ക്രിസ്ത്യാനിയല്ല
അമ്മച്ചീന്നും
അപ്പച്ചാന്നും
നാവു വഴങ്ങിക്കൊടുക്കുമ്പോഴും
ബുദ്ധനോ ജൈനനോ
സിക്ക് മതക്കാരനോ അല്ല
പിന്നെ കമ്മ്യൂണിസ്റ്റുമല്ല
മൂലധനവും
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും
പ്രസംഗിച്ചു നടന്നെങ്കിലും.
എങ്കിൽ പിന്നെ
ഞാനാരായിരിക്കുമെന്ന്
ഞാനും
ഇവനാരായിരിക്കുമെന്ന്
നിങ്ങളും
തീർച്ചപ്പെടുത്തേണ്ടിയിരിക്കുന്നു
അലസരെ വിട്ടേയ്ക്കാം
ക്ഷമയുള്ള ആ മാടുകൾ
കവിതയുടെ അവസാനം
ഉത്തരം തെളിയുന്നതും കാത്തിരിപ്പുണ്ടാകും
"ഞാനൊരു മനുഷ്യനാണെന്ന്"
പറഞ്ഞാൽ കൂകിവിളിക്കും
നിങ്ങൾ ആലസം വിട്ടെണീറ്റവർ-
എന്റെയുള്ളിലെ ഒരായിരം ഞാനുകൾ
കുരുങ്ങിയല്ലോ
പിന്നെന്താണൊരു പോംവഴി
ഒരു തകർപ്പൻ ക്ലൈമാക്സിന്

ഈ കലാപം ഏറ്റെടുക്കേണ്ടതാര് ?

പ്രിയപ്പെട്ട കവികളേ.... കവിതാ വായനക്കാരേ... പുതുകവിതയെക്കുറിച്ച് വാക്കുകൾകൊണ്ട് എണ്ണയിട്ട് വഴുവഴുക്കൻ വാൾപ്പയറ്റു നടത്തുന്ന വടവൃക്ഷങ്ങളേ നിങ്ങൾ എന്തുകൊണ്ട് ഇത് കേൾക്കുന്നില്ല....? ഈ കലാപം !!!!.ഉറങ്ങുന്നുവോ അതോ ഉറക്കം നടിക്കുന്നുവോ...

7/11/09

യാത്ര

നടക്കുകയായിരുന്നു;
രാത്രി വെട്ടിത്തിരിഞ്ഞു നിന്നു - വാടീ വാ!
ഞാനൊറ്റയ്ക്ക്‌!

നിഴല്‍ക്കവുങ്ങില്‍ കുലുങ്ങിച്ചിരി
ഹി ഹി കൊള്ളാം എന്ന്‌ ഒരു വാഴയില
പിന്നില്‍... ?
ഇരുട്ട്‌ തന്നെ
എന്തിനും തയ്യാറെന്ന്‌ ചിറികോട്ടുന്നു

ചിരിയില്ല
ഒച്ചയില്ല
ആരുമില്ല

അയ്യോ!പാവം എന്ന്‌ ദൂരെ നിന്നൊരു
തെരുവു ബള്‍ബ്‌
ഇനി?

മുകളിലേയ്ക്കു നോക്കുമ്പോള്‍...
ഹൗ!
എന്റെ കുഞ്ഞു നക്ഷത്രം മാത്രം
ദൈവത്തിന്റെ കണ്ണ്‌
എന്റെ കണ്ണായ ദൈവം
ദൈവമേ
ഞാന്‍!

വേഗം നടന്നു.

അമ്മ പറയുന്നു


പറഞ്ഞുകൊണ്ടിരിക്കുന്നു അമ്മ
മുളകുചെടികളോട്
അലക്കുകല്ലിനോട്
കലപില കൂട്ടുന്ന കരിപ്പാത്രങ്ങളോട്
ചിലപ്പോള്‍ ശാസനയുടെ സ്വരത്തില്‍
ചിലപ്പോള്‍
നിശ്ശബ്ദതയുടെ ഭാഷയില്‍

സ്നേഹത്തോടെ
അമ്മ ചേര്‍ത്തു നിര്‍ത്തുമ്പോള്‍
അവയെല്ലാം കുഞ്ഞുങ്ങളായ് മാറുന്നു
കിളിക്കൂട്ടം പോലെ
ചിറകിനിടയില്‍ ചേക്കേറുന്നു

വെളുപ്പിന്
കാക്കകളോട്
ബഹളം വയ്ക്കുന്നതു കേള്‍ക്കാം
ബാക്കി വന്ന അപ്പം
ഒറ്റയ്ക്കു കൊത്തികൊണ്ടു പോയ
ഒറ്റക്കണ്ണനോട് ദേഷ്യപ്പെടുകയാവും

പറഞ്ഞു പറഞ്ഞ്
മടുത്തിട്ടെന്ന പോലെ
പറഞ്ഞിട്ട് കാര്യമില്ലെന്ന പോലെ
ചിലപ്പോള്‍ അമ്മ
ഒന്നും മിണ്ടാതിരിക്കും, കുറേ ദിവസം

മുളകുചെടികള്‍
ആദ്യത്തെ പൂവിടര്‍ത്തിയ വഴുതന
ചാരം തൂര്‍ന്ന അടുപ്പ്
വിറകുപുരയ്ക്കു പിന്നിലെ
കറിവേപ്പില മരം
ചെവിയോര്‍ത്തിരിക്കുന്നതു കാണാം

ജനല്‍ച്ചില്ലില്‍
ഒന്നു രണ്ടു തവണ ചിറകടിച്ച്
ഒറ്റക്കണ്ണന്‍ മരക്കൊമ്പത്തിരിപ്പുണ്ടാകും
അമ്മ വന്നില്ലല്ലോ
അടുക്കളവാതില്‍ തുറന്നില്ലല്ലോ
ഒന്നും പറഞ്ഞില്ലല്ലോ

അമ്മ പറഞ്ഞുതുടങ്ങും വരെ
അവയും
മിണ്ടാതിരിക്കും.

6/11/09

ട്വന്റി-ട്വന്റി -യുടെ കുഞ്ഞ്, അഥവാ ടു-ടു.....

പ്രവിത്താനം കവലയിലേക്കു തിരിയുന്ന പൊതുവഴിയിലെ,
ആദ്യത്തെ വഴിവിളക്കു തകര്‍ത്തതു ഞാനാണെന്നു കേള്‍ക്കുമ്പോള്‍,
നിങ്ങള്‍ക്കു തോന്നും.....
ഞാനൊരു സാമൂഹ്യ ദ്രോഹിയാണെന്ന്.....

ഭരണപ്പാര്‍ട്ടിയുടെ ഓഫീസ് കെട്ടിടത്തിന്റെ
ജനല്‍ച്ചില്ല് തകര്‍ത്തത് ഞാനാണെന്നു കേള്‍ക്കുമ്പോള്‍,
നിങ്ങള്‍ക്കു തോന്നും.....
പ്രതിപക്ഷത്തിന്റെ കറുത്ത കൈകളാണു ഞാനെന്ന്...

ബാലുവിന്റെ വിരലൊടിച്ചതു ഞാനാണെന്നു കേള്‍ക്കുമ്പോള്‍,
നിങ്ങള്‍ക്കു തോന്നും...
ഗുണ്ടാ ലിസ്റ്റില്‍ എന്റെയും പേരുണ്ടെന്ന്.....

ഔസേപ്പു ചേട്ടന്റെ വീടിന്റെ ഓടിളക്കിയതു ഞാനാണെന്നു കേള്‍ക്കുമ്പോള്‍,
നിങ്ങള്‍ക്കു തോന്നും,
ഞാനൊരു മോഷ്ടാവാണെന്ന്...

അല്ലേയല്ല.....
വിശദീകരണം തരാം.

ഞാന്‍ അപ്പുക്കുട്ടന്‍; ഒരു പാവം എട്ടാം ക്ലാസ്സുകാരന്‍.

ഞാന്‍ കാരണം ഇതെല്ലാം സംഭവിച്ചത്....
ഞങ്ങളുടെ ക്രിക്കറ്റ് ഗ്രൌണ്ടിനു വെറും,
മുപ്പതു വാര മാത്രം വ്യാസമുള്ളതു കൊണ്ടാണ്.

ഓഫ്‌ സൈഡ് ബൌണ്ടറി പഞ്ചായത്താപ്പീസ്.....
ലെഗ് സൈഡ് ബൌണ്ടറി ഭരണപ്പാര്‍ട്ടി ഏരിയ കമ്മിറ്റി ആപ്പീസ്‌......
മീഡിയ ബോക്സ്‌, ഔസേപ്പ് ചേട്ടന്റെ ഓടിട്ട വീട്.....
ബാലു, സ്ഥിരം സില്ലി പോയിന്റ്‌ ഫീല്‍ഡറും..!

ഇടക്കിടക്ക്, ഒരു ലൂസ് ബാള്‍ വരുമ്പോള്‍.....
അറിയാതെ, ഒരു പവര്‍ ഷോട്ട് കളിച്ചു പോവുന്നതാണോ,
ഞാന്‍ ചെയ്ത കുറ്റം?.


പിന്‍കുറിപ്പ്:
സൂചി കുത്താന്‍ ഇടം കിട്ടുന്നിടതൊക്കെ
കോണ്‍ക്രീറ്റ് മരം നാട്ടാന്‍ മത്സരിക്കുന്ന മുതിര്‍ന്നവരേ...
അവസാനം തിരിച്ചു വരാന്‍ ദൈവം, ഒരു സൂപ്പര്‍ ഓവര്‍
വച്ചു നേടുമെന്ന് പ്രതീക്ഷിക്കേണ്ട......






കല്ലുപ്പില്‍ വിരിഞ്ഞ കവിത


ചുറ്റുപാടുകള്‍ ഒന്നു ശ്രദ്ധിക്കൂ. മനുഷ്യജീവിതം കഴിഞ്ഞ രണ്ട്‌ മൂന്ന്‌ ദശകങ്ങള്‍ക്കിടയില്‍ വമ്പിച്ച മാറ്റത്തിനു വഴിപ്പെട്ടു. ചിരിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്ന മനുഷ്യരെയാണ്‌ ഇപ്പോള്‍ തെരുവുകളില്‍ കാണുന്നത്‌- ഇത്‌ അശോകന്‍ ചരുവിലിന്റെ പൂമരച്ചോട്ടില്‍ എന്ന കഥയില്‍ നിന്നും (അശോകന്‍ ചരുവിലിന്റെ കഥകള്‍). കാലത്തിന്റെ മാറ്റത്തെപ്പറ്റിയാണ്‌ കഥാകൃത്ത്‌ പറയുന്നത്‌. ഈ കഥയിലെ നായകന്‍ എക്കൗണ്‍ന്റ്‌ വാസുദേവനും കുടുംബത്തിനും മാത്രം മാറ്റമില്ല. അവരിപ്പോഴും ഓലമേഞ്ഞ വീട്ടില്‍ ദാരിദ്ര്യത്തോട്‌ പോരടിക്കുന്നു. മലയാളഭാഷയും കവിതയും ഒരര്‍ത്ഥത്തില്‍ അശോകന്‍ ചരുവിലിന്റെ കഥാപാത്രംപോലെയാണ്‌. ആനുകാലികം: പവിത്രന്‍ തീക്കുനി സഫലം എന്ന കവിതയില്‍ (?) കാഴ്‌ചയെപ്പറ്റിയാണ്‌ എഴുതിയത്‌. അകമെഴുത്തു മടുത്തതുകൊണ്ടാകാം കവി അന്യരിലേരിക്ക്‌ പേന നീട്ടിപ്പിടിച്ചത്‌. കവിയുടെ പുകഴ്‌ത്തലുകള്‍ ചെന്നുതൊടുന്നത്‌ പ്രശംസയെ ദൂരെ മാറ്റിനിര്‍ത്തുന്ന വിഷ്‌ണുനാരായണന്‍ നമ്പൂതിരിയെയാണ്‌. കവിതയും ഭ്രാന്തും പ്രണയവും കാറ്റും കോളും എല്ലാം കുടിച്ചുവറ്റിച്ച പവിത്രന്‍ വിഷ്‌ണുനാരായണന്‍ നമ്പൂതിരിയുടെ ബഹുകായ പ്രതിമ വാക്കുകളില്‍ കൊത്തിയുണ്ടാക്കുന്നു. കാനായി കുഞ്ഞിരാമന്‍ ജാഗ്രത പാലിക്കുക. ഇനിയും ഇതുപോലെ ആരെയൊക്കെ പവിത്രന്‍ വാക്കുകളില്‍ തീര്‍ക്കും. പവിത്രന്‍ സഫലമാകുന്നതിങ്ങനെ : എത്രമേലുദാത്തം/ എത്രമേലുഷ്‌മളം/ കവിത, തന്നയാ സാന്നിധ്യം! സഫലമെനിക്കീയെഴുത്തും ജന്മവും/ സഫലമെനിക്കീ പരിക്കും ദു:ഖവും- സാക്ഷാല്‍ ഒറവങ്കര രാജമാര്‍പോലും ഇങ്ങനെ പ്രശംസ എഴുതിയിട്ടില്ല. പവിത്ര ജന്മം സഫലമാകട്ടെ എന്നാകും കലാകൗമുദി (1783 ലക്കം) നിവര്‍ക്കുന്ന വായനക്കാരുടെ പ്രാര്‍ത്ഥന. അനിത തമ്പി വിചാരണചെയ്യുന്നത്‌ കമ്മ്യൂണിസത്തെയാണ്‌. കമ്മ്യൂണിസം ആര്‍ക്കും എളുപ്പം കൊട്ടാവുന്ന ചെണ്ടയാണ്‌. കമ്മ്യൂണിസ്റ്റുകാരോട്‌ എഴുത്തുകാരി: സ്വന്തം മണ്ണില്‍/ ഞങ്ങള്‍ അന്നുച്ചരിച്ച/ ആദ്യ പ്രാര്‍ത്ഥനയുടെ വരി?/ അതിന്റെ ആദ്യത്തെ വാക്ക്‌?- തുടര്‍ന്ന്‌ അനിത തമ്പിയുടെ വാക്കുകള്‍ക്ക്‌ തീപിടിക്കുന്നു: മറവി ഞങ്ങളുടെ കുലദേവത/ എഴുപതാണ്ട്‌ മുമ്പ്‌ പ്രതിഷ്‌ഠിച്ച/ കല്‍ത്തറയില്‍/ ഓര്‍മ/ നിത്യബലി- (മറക്കരുത്‌- മാതൃഭൂമി, നവം. 8). ഇതിലും ഭേദം മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇത്തരം രചനകള്‍ വായിക്കാനിടവരുമ്പോഴാണ്‌ മലയാളകവിതക്ക്‌ കുരുഡാന്‍ തളിക്കണെമെന്ന്‌ ചിലരെങ്കിലും വിളിച്ചുപറയുന്നത്‌.മലയാളം വാരികയില്‍ (നവം.6) അസ്‌മോ പുത്തന്‍ചിറ മനസ്സിലേക്ക്‌, യാഥാര്‍ത്ഥ്യത്തിലേക്ക്‌ നീണ്ടുചെല്ലുന്ന ചോദ്യത്തിലാണ്‌ ഉടക്കിനില്‍ക്കുന്നത്‌. പ്രതി എന്ന കവിതയില്‍ അസ്‌മോ പുത്തന്‍ചിറയുടെ നോട്ടം അല്‌പം കടുപ്പിച്ചാണ്‌: വിഡ്‌ഢിയെക്കുറിച്ച്‌/ പറഞ്ഞപ്പോഴാണ്‌/ രൂക്ഷമായി നോക്കിയിട്ട്‌ അയാള്‍/ എഴുന്നേറ്റുപോയത്‌.- വീട്‌ ആടും ഭക്ഷണം ശാസ്‌ത്രവും രോഗം ഭോഗവും ജീവിതം ജാതിയും മരണം ഭരണവും കവിത ചന്തയുമായി മാറുന്നു. ഇതൊക്കെയും വലിയ ചോദ്യത്തിലേക്കാണ്‌ കവിയെ കൂട്ടിക്കൊണ്ടുപോകുന്നത്‌. അബ്‌ദുസ്സലാം അത്‌ എന്ന കവിതയില്‍ (തൂലിക, ഒക്‌ടോ.): കുതിച്ചു പായുന്നു/ മീനുകള്‍ പോലെ/ പുഴ ഓര്‍മപോല്‍/ ഒഴുകിമറയുന്നു.- തന്നില്‍ നിന്നും നഷ്‌ടപ്പെട്ടത്‌ ആര്‍ക്കാണ്‌ ലഭിക്കുക എന്ന ചിന്ത ഈ കവിയെ അസ്വസ്ഥനാക്കുന്നു. ശാകുന്തളത്തിലെ മോതിരംപോലെ മത്സ്യത്തിന്റെ വയറ്റില്‍ നിന്നും ലഭിച്ചാല്‍ കവിയോടൊപ്പം നമ്മളും രക്ഷപ്പെടും. കവിതാപുസ്‌തകം: കെ. എം. സുധീഷിന്റെ മൂന്നാമത്തെ കാവ്യസമാഹാരത്തിന്‌ കല്ലുപ്പ്‌ എന്നാണ്‌ പേര്‌. വേദനയില്‍ നിന്നും കവിതയുടെ ഉപ്പ്‌ കുറുക്കിയെടുക്കുന്ന എഴുത്തുകാരന്റെ പുസ്‌തകത്തിന്‌ അനുയോജ്യമായ പേരു തന്നെ. വേദന പറയാതെ, ഭ്രഷ്‌ടിന്റെ നിറം എന്നീ കവിതാ സമാഹാരങ്ങള്‍ക്ക്‌ ശേഷം കല്ലുപ്പ്‌. രോഗഗ്രസ്‌തമായ കവിമനസ്സിന്റെ അസ്വസ്ഥതകളും അതിജീവനവും ഇഴചേര്‍ന്നു നില്‍ക്കുന്ന കവിതകളുടെ കലവറയാണ്‌ കല്ലുപ്പ്‌. വേദനയുടെ കവിയാണ്‌ കെ. എം. സുധീഷ്‌. ഹൃദയത്തില്‍ വഹിക്കുന്ന നൊമ്പരങ്ങളുടെ മൃദുസ്‌പര്‍ശനം കല്ലുപ്പില്‍ ആര്‍ദ്രത നിറയ്‌ക്കുന്നു. മനസ്സും ശരീരവും വേദനയുടെ നീരൊഴുക്കില്‍ ആഴ്‌ന്നിറങ്ങുമ്പോള്‍ കവിതയുടെ കുത്തൊഴുക്ക്‌ സുധീഷിന്റെ വിരല്‍പ്പാടുകളില്‍ പതിയുന്നു: എഴുതി ഫലിപ്പിക്കുവാന്‍/ കഴിയാത്ത വേദന/ പുണ്ണായി പൊട്ടിയൊലിച്ച്‌/ ദുര്‍ഗന്ധം വമിച്ചപ്പോള്‍/ തോല്‍വി സമ്മതിച്ച്‌/ തിരിച്ചു നടന്നു- (ഫ്രീഓഫര്‍ എന്ന കവിത).അപ്രതീക്ഷിതമായി കവിയുടെ ശരീരത്തിലേക്ക്‌ കയറിവന്ന മഹാരോഗത്തോട്‌ ശരീരവും പ്രജ്ഞയും കൊണ്ട്‌ പോരാടുന്ന എഴുത്തുകാരന്റെ ശക്തമായ ചെറുത്തുനില്‍പ്പാണ്‌ കല്ലുപ്പിലെ രചനകള്‍. അന്തമില്ലാത്ത കയങ്ങളില്‍ ഒഴുകിനടക്കുന്ന മനസ്സിന്റെ സജീവസാന്നിധ്യമാണ്‌ ഈ പുസ്‌തകത്തിന്റെ കരുത്ത്‌. വേദനകള്‍ കോറിവരച്ചിട്ട ഉത്‌കണ്‌ഠകളും വിഹ്വലതകളും ഇച്ഛാശക്തിയാക്കി മാറ്റുന്ന ഭാവനയുടെ സമരമാണ്‌ സുധീഷിന്‌ കവിതയെഴുത്ത്‌. സ്‌നേഹം എന്ന കവിതയില്‍ സുധീഷ്‌ എഴുതി: നിണം കുടിച്ചുവറ്റിച്ചെടുക്കും മുമ്പ്‌/ കണ്ണീരുപ്പില്‍ പിറന്ന ഏകാന്തതയ്‌ക്ക്‌/ ഓര്‍മകള്‍ കാവലും.- വ്യക്തിതലത്തില്‍ നിന്നും നീതികാരുണ്യത്തിനുവേണ്ടിയുള്ള ന്യൂക്ലിയസ്സായി മാറുമ്പോഴാണ്‌ സ്‌നേഹം വിപ്ലവകരമായിത്തീരുന്നത്‌. സുധീഷിന്റെ കവിതകള്‍ വായനക്കാരുമായി പങ്കുവെക്കുന്നതും മറ്റൊന്നല്ല.മുപ്പത്തിയെട്ട്‌ കവിതകള്‍ ഉള്‍ക്കൊള്ളുന്ന കല്ലുപ്പ്‌ ഉന്നയിക്കുന്ന പ്രധാന ചോദ്യം- ശാന്തിയുടെ വെണ്‍ചിറകില്‍ ഒളിച്ചിരിക്കുന്നത്‌ എന്താണെന്നാണ്‌. കല്ലുപ്പിലെ കവിതകള്‍ തുടങ്ങുന്നത്‌ നമ്മുടെ ഹൃദയത്തെ എയ്‌തുമുറിക്കുന്ന ചോദ്യാവലിയോടെയാണ.്‌ ഈ സമാഹാരത്തിലെ അവസാന കവിതയില്‍ സകല പിഴവുകളും ഏറ്റെടുക്കുന്ന മനസ്സാണ്‌ എഴുതിനിറയുന്നത്‌: ഇന്നിതാ/ ഒരു പൂവുപോലെ/ സ്വീകരിക്കുന്നു/ നിന്റെ പിഴയെ.- തന്നിലേക്ക്‌ വന്നുചേരുന്ന സകല വേദനകളും ചോദ്യാവലികളും മനസ്സുതുറന്നു സ്വീകരിക്കാന്‍ തയാറെടുക്കുന്ന കവിയുടെ ജീവിതമാണ്‌ കല്ലുപ്പ്‌. അഥവാ ജീവിതത്തിന്റെ സാക്ഷ്യപത്രമാണ്‌ ഈ കാവ്യകൃതി.പഠനത്തില്‍ എം. മുകുന്ദന്‍ എഴുതി: വേദനകളെ അക്ഷരങ്ങളാക്കി കവിത രചിക്കുന്ന ഒരു കവിയും ഈ ഭൂമിയില്‍ ഏകാകിയല്ല. നീയും ഏകാകിയല്ല. കവീ, നിന്റെ വ്യഥകളിലും നിന്റെ സര്‍ഗയജ്ഞങ്ങളിലും നീ തനിച്ചല്ല. കെ. ഇ. എന്‍ ലേഖനത്തില്‍ പറയുന്നു: സര്‍വവേദനകളും സഹിച്ച്‌ സ്വയം കുഴിച്ചുമാണ്‌ സുധീഷ്‌ സ്വയം കണ്ടെടുക്കുന്നത്‌. രോഗപീഢകളില്‍ ശരീരം പിടയുമ്പോഴും പോര്‍നിലങ്ങളിലേക്കാണ്‌ മനസ്സ്‌ മുഷ്‌ടി ചുരുട്ടുന്നത്‌.- കവി സ്വയം വെളിപ്പെടുന്ന ഒരു സന്ദര്‍ഭം: എന്തിലും അലിഞ്ഞലിഞ്ഞു തീര്‍ന്നിട്ടും/ നെഞ്ചേറ്റിയത്‌ കൊടുംകയ്‌പ്പ്‌/ അധികമാവരുത്‌ ഒരു നുള്ളുപോലും/ ചുമലേറ്റിയ വായ്‌വാക്കിലെല്ലാം/ ആഴിയുടെ അഗാധത തന്നെ കൂട്ട്‌- (കല്ലുപ്പ്‌). നമ്മുടെ ഉണര്‍വ്വുകളിലെ ഊര്‍ജ്ജരാഹിത്യത്തെ വിചാരണചെയ്യുന്ന കല്ലുപ്പ്‌ പൊള്ളുന്ന ചോദ്യത്തില്‍ നീറ്റലനുഭവിക്കുന്ന ജന്മത്തിന്റെ നീക്കിയിരിപ്പാണ്‌.- (കേരള സാഹിത്യഅക്കാദമി, 45 രൂപ). ബ്ലോഗ്‌ കവിത: എഴുത്ത്‌ സ്വയം വിചാരണ നടത്തലാണ്‌. വാക്കിന്റെ അര്‍ത്ഥ സാധ്യതയിലൂന്നിയുള്ള ആത്മാന്വേഷണം തന്നെ. ബ്ലോഗെഴുത്തുകളില്‍ ഈ പ്രവണത കുറയുന്നു. കാരണം മറ്റൊരു നോട്ടം ഏല്‍ക്കാതെ വെളിപ്പെടുകയാണ്‌ ബ്ലോഗുകളില്‍. ഇത്‌ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാണെന്ന്‌ അംഗീകരിക്കുമ്പോഴും സര്‍ഗാത്മകതയുടെ വിസ്‌മയം നഷ്‌ടപ്പെടുകയാണ്‌ പല ബ്ലോഗ്‌ രചനകളിലും. ഇതിന്‌ നിരവധി ഉദാഹരങ്ങള്‍ നല്‍കുന്നതാണ്‌ ഈ ആഴ്‌ചയിലെ ബ്ലോഗെഴുത്തുകള്‍. വളരെ ശക്തമായ രചനകളെ കാണാതിരിക്കുകയോ, വായിക്കാതിരിക്കുകയോ ചെയ്യുന്നില്ല. അവയെ അതതിന്റെ ഗൗവരത്തോടെ അംഗീകരിക്കുന്നു. ബ്ലോഗ്‌ കവിതകളില്‍ വേറിട്ടുനില്‍പ്പുകളിലേക്ക്‌. ഉറുമ്പിന്‍കൂട്‌ എന്ന ബ്ലോഗില്‍ അന്‍വര്‍ അലി എഴുതിയ പവര്‍കട്ട്‌ എഴുന്നേല്‌പിനെക്കുറിച്ചാണ്‌. അവനവനിലേക്ക്‌ തന്നെയുള്ള തിരിഞ്ഞുനോട്ടമാണ്‌ ഈ കവിത അനുഭവപ്പെടുത്തുന്നത്‌. അന്‍വര്‍ അലിയുടെ വരികളില്‍ നിന്നും: വരാന്ത വരാന്തയിലിരിക്കുന്നു/ ഇരുട്ടിന്റെ കവുങ്ങ്‌/ മടിയില്‍ കേറിയിരിക്കുന്നു/ കൂട്ടുകാരി അതില്‍നിന്നൊരു കുത്തുപാള തെറുക്കുന്നു- (പവര്‍കട്ട്‌). കവിതയുടെ അവസാനത്തിലെത്തുമ്പോള്‍ കവി സൂചിപ്പിക്കുന്നു: വരാന്ത എഴുന്നേല്‍ക്കുന്നു/ വീട്ടിലേക്കോ പുറത്തേക്കോ?. ജീവിതത്തെ തലകീഴയാക്കിപ്പിടിക്കുകയാണ്‌ എഴുത്തുകാരന്‍. ഇന്ദ്രപ്രസ്ഥം ബ്ലോഗില്‍ മനോഹരന്‍ മാനിക്കത്ത്‌ തുറന്നിട്ട ജാലകത്തിലൂടെ കണ്ണോടിക്കുന്നു. ജീവിതത്തിന്റെ വ്യത്യസ്‌ത ചിത്രങ്ങളാണ്‌ മനോഹരന്‍ അവതരിപ്പിക്കുന്നത്‌. അതില്‍ കയ്‌പ്പും ചവര്‍പ്പുമുണ്ട്‌. മനോഹരന്റെ കവിത ശരീരത്തിലൂടെ ഇഴയുകയാണ്‌. ഒരിടത്ത്‌ മനോഹരന്‍ സംശയിക്കുന്നു: ആരോഗ്യം നശിച്ച പേനയും/ വാലും തലയും നഷ്‌ടപ്പെട്ട/ കഥകളും കവിതകളും/ എന്നോട്‌ പറയാന്‍ മടിക്കുന്നതെന്താണ്‌?. ബൂലോകകവിതാ ബ്ലോഗില്‍ സിനു കക്കട്ടില്‍ ഉള്ളെഴുതുകയാണ്‌. പുറംകാഴ്‌ചകളെ കവി നിഷേധിക്കുന്നു. ഒരു തരത്തിലുള്ള കവിതയുടെ മറുപുറംതപ്പല്‍. സിനു എഴുതുന്നു: ചിരിച്ചു തലയാട്ടുമ്പോഴും/ ഇലകള്‍ക്കറിയില്ലല്ലോ/ വേരുകളുടെ ജാരസംഗമങ്ങള്‍.- ഇങ്ങനെ സംശയഗ്രസ്‌തനാകുന്ന കവി സ്വയം കണ്ടെടുക്കുന്നു: എല്ലാമറിഞ്ഞിട്ടും/ എനിക്കറിഞ്ഞു കൂടാത്ത/ എത്ര ഞാനാണ്‌/ എന്റെയുള്ളില്‍-(ഉള്ളില്‍). ഗഫൂര്‍ കരുവണ്ണൂരിന്റെ ചേപ്ര ബ്ലോഗില്‍ നിന്നും ക്ലസ്റ്റര്‍ ബോംബ്‌ എന്ന കവിത. അധ്യയനത്തിലേക്കും അധ്യാപനത്തിലേക്കും വെളിച്ചംപകരുന്ന ഒരു കവിത. പറഞ്ഞുശീലിക്കുന്ന ചില നുണകളുടെ ഉള്ള്‌ തുറക്കുകയാണ്‌ ഗഫൂര്‍ കരുവണ്ണൂര്‍. ക്ലാസ്‌മുറിയിലെത്തുന്ന നുണകളെക്കുറിച്ചാണ്‌ കവി എഴുതുന്നത്‌: ചില നുണകള്‍/ ക്ലസ്റ്ററിലേക്ക്‌ വരുമ്പോഴേക്കും/ പഴുത്തു പാകമായിട്ടുണ്ടാവില്ല/പറഞ്ഞു ഫലിപ്പിക്കാനുള്ള/ എഡിറ്റിംഗിന്റെ തിരക്കിലാവും.- നമ്മുടെ അറിവടയാളങ്ങളുടെ യാഥാര്‍ത്ഥ്യം തിരയുകയാണ്‌ ഈ കവിത. കുട്ടികള്‍ മറന്നുവച്ച പുസ്‌തകത്തില്‍ ചില നുറുങ്ങുകളെങ്കിലും കയറിക്കിടക്കുന്നുണ്ടാവും എന്ന്‌ ഗഫൂര്‍ തിരിച്ചറിയുന്നുണ്ട്‌. കാമ്പസ്‌ കവിത: കാമ്പസ്‌ കവിതയില്‍ പുതുശബ്‌ദങ്ങള്‍ തളിര്‍ക്കാതെയാണ്‌ കഴിഞ്ഞ വാരം പിന്നിട്ടത്‌. മഴച്ചിന്തും യാത്രാമൊഴിയും സമസ്യയും തന്നെ മുഖ്യവിഷയം. കത്തുന്ന വര്‍ത്തമാന ജീവിതം കാമ്പസിന്റെ മനമുടച്ചില്ല. മഴച്ചിന്തുകള്‍ എന്ന രചനയില്‍ നിന്നും: ഉണങ്ങിയ ആകാശങ്ങളില്‍/ കൊടും വെയില്‍ പെയ്‌ത്‌/ തീക്കാറ്റു പടരാന്‍/ ഇനി വെറുതെ കാത്തിരിക്കുക-(സൈനുല്‍ ആബിദ്‌, കൊണ്ടോട്ടി- മാതൃഭൂമി മാഗസിന്‍). പലതും ഓര്‍മക്കേടായിമാറുന്ന ജീവിതമാണ്‌ ഇവിടെ എഴുതുന്നത്‌. യാത്രാമൊഴിയില്‍ സൗദാബി എ. ടി കോട്ടക്കല്‍ മതവൈരമാണ്‌ പ്രതിപാ ദിക്കുന്നത്‌. സനാതനധര്‍മം വിസ്‌മരിക്കുന്ന മനുഷ്യരെ നോക്കി കവി കണ്ണീരൊഴുക്കുന്നു: അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു/ നെയ്‌ത സ്വപ്‌നഗോപുരത്തിന്റെ/ ചില്ലുകള്‍ പൊട്ടിച്ചിതറി. തൂലിക മാസികയുടെ കാമ്പസ്‌പേജില്‍ കെ. എം. ഫസീല മൂര്‍ശിദ്‌, ഒറ്റപ്പാലം പഴയ സമസ്യയെ പുറത്തെടുക്കുന്നു. കവിതയില്‍ നിന്നും വാക്കുകള്‍ ഇറങ്ങി ഓടി- തെരുവുയുദ്ധം എന്നിങ്ങനെ ഫസീല മൂര്‍ശിദ എഴുതുമ്പോള്‍ മാസിക ദൂരെവെച്ച്‌ വായനക്കാര്‍ ഓടുന്നത്‌ കാണുന്നില്ല. കവിത അകക്കണ്ണിന്റെ ആലേഖനമാണ്‌. എല്ലാറ്റിനും മൂകസാക്ഷിയായ കവിയുടെ പേനത്തുമ്പില്‍ നിന്നും ചോരത്തുള്ളികള്‍ ഒഴുകുന്നു. കവി നടന്നുപോകുന്നത്‌ ഒരു പിടിചാരം കാറ്റില്‍പറത്തിക്കൊണ്ടാണ്‌. ഫലീല മൂര്‍ശിദിന്റെ വരികള്‍: വാക്കുകള്‍പരി/ പേനത്തുമ്പില്‍ നിന്നിറ്റി വീഴുന്നത്‌/ ചോരത്തുള്ളികള്‍- (സമസ്യ). കവിതയുടെ കുതിപ്പാണ്‌ കാമ്പസ്‌ എഴുത്തുകളെ സജിവമാക്കുന്നത്‌. പക്ഷേ, കാമ്പസിലും ഇലകൊഴിയും കാലമെന്നാണ്‌ ഈ ആഴ്‌ചത്തെ രചനകള്‍ നല്‍കുന്ന പാഠം. കാവ്യനിരീക്ഷണം: വി. സി. ശ്രീജന്‍ കാലി കപ്രസക്തിയുള്ള ഒരു വിഷയത്തിലേക്ക്‌ നമ്മുടെ കവികളെ നടത്തിക്കുന്നു: ഭാഷയെന്ന നിലയില്‍ മലയാളവും കവിയെന്ന നിലക്ക്‌ താനും അതിജീവിക്കാന്‍ വല്ല സാധ്യതയുമുണ്ടോ എന്ന്‌ ഈയടുത്ത കാലംവരെ ഒരു കവിയും സ്വയം ചോദിച്ചു കാണുകയില്ല. കാരണം അത്ര സുരക്ഷിതമായ ഒരു ഭാഷയാണ്‌ മലയാളമെന്നും അത്രതന്നെ ഭദ്രമായ കലയാണ്‌ കവിതയെന്നുമായിരുന്നു എല്ലാവരുടെയും വിശ്വാസം. കാലം മാറിയതോടെ ഭാഷയുടെയും കവിതയുടെയും അടിത്തറ ഇളകിത്തുടങ്ങി. ഞാന്‍ എന്തിനു എഴുതുന്നു. കാലഹരണപ്പെട്ട ഈ സാഹിത്യകലയില്‍ എന്തിന്‌ ഇനിയും പ്രവര്‍ത്തിക്കുന്നു തുടങ്ങിയ ചോദ്യങ്ങള്‍ എഴുത്തുകാര്‍ക്ക്‌ അവഗണിക്കാന്‍ പറ്റാതായിട്ടുണ്ട്‌. ഒരു കവി പുതുതായി എഴുതുന്ന ഓരോ കവിതയിലും കവിതയെഴുത്തു തുടരാന്‍ എന്തു കൊണ്ട്‌ തീരുമാനിച്ചു എന്നതിന്റെ ന്യായം കൂടിവേണം- (നിലാവില്‍ തിമിംഗിലമുയരുന്നു- മാധ്യമം, നവം.9). കവി അയ്യപ്പന്‌ അറുപത്‌ തികയുന്നു (താഹാ മാടായി- മലയാളം വാരിക,നവം. 6). ജീവിതത്തിന്റെ സാമ്പ്രദായികമായ എല്ലാ ഉള്ളടക്കങ്ങളെയും ഈ കവി നിരാകരിക്കുന്നു. നോവുകളെയെല്ലാം പൂവായി കാണുന്നു. തള്ളവിരല്‍ കടിച്ചുമുറിച്ച്‌ സത്യവചസ്സിന്റെ രുചിയറിയുന്നു. വീടു വേണ്ടാത്ത ഈ കവി വാറുപൊട്ടിയ തന്റെ പാദരക്ഷകള്‍ കൊണ്ട്‌ കാലത്തെ മുറിച്ചുകടക്കുന്നു.- ഈടുറ്റ വിശകലനമാണ്‌ താഹ മാടായി നടത്തിയത്‌. അയ്യപ്പന്റെ കവിതകളും ജീവിതവും നമ്മുടെ അടുത്തിരുത്തി മനസ്സിലേക്ക്‌ ചേര്‍ത്തുപിടിക്കുന്ന അനുഭവം. കവിതകള്‍ എഴുതുപ്പെടുന്നതുകൊണ്ടുമാത്രം കവിയാകുന്നില്ല. കവിത ഉള്‍ക്കൊള്ളുന്ന മനസ്സുകളും അനിവാര്യം. അയ്യപ്പന്‌ ലഭിച്ച സുകൃതമാണത്‌.- നിബ്ബ്‌, ചന്ദ്രിക 8-11-2009

5/11/09

വാഷിങ്‌ടണിലേക്കുള്ള വരമ്പ്‌ / പി പി രാമചന്ദ്രന്‍




















നാളെനാളെയെ-
ന്നിത്രനാളും നീട്ടിവെച്ചു

നാണിച്ചും നാമംജപിച്ചും
കൂന്നും കുനിഞ്ഞും
മറച്ചും മറന്നും
നടന്നു

പരിചയമില്ലാപ്പാത
എന്നിട്ടും
വഴികള്‍ കാലടികളെ
എടുത്തോടുന്നു

കുന്നിറങ്ങി
ഇടവഴി താണ്ടി
നെടുവരമ്പിലെത്തിയപ്പൊഴേ കണ്ടു
പാടത്തിനക്കരെ
ഇരമ്പുന്ന വാഷിങ്‌ടണ്‍
വൈറ്റ്‌ഹൗസ്‌
സ്വാതന്ത്ര്യപ്രതിമ

ആരാണ്‌ എതിരേ
ഓടിക്കിതച്ചുവരുന്നത്‌?
ഹേ ഭഗവന്‍,
ഇത്ര അകലെനിന്നേ
അങ്ങെന്നെ തിരിച്ചറിഞ്ഞുവെന്നോ? 

4/11/09

ഭൂമി ഉരുണ്ടതായതുകൊണ്ടാവാം

ബീരാവുക്ക ചവിട്ടുപടിയിലിരിക്കും
കോലായ തൊടില്ല
ഭൂമിയേക്കാള്‍ വലിയൊരു ചോറുരുള
ചവിട്ടുപടിയില്‍

പേരക്കുട്ടികള്‍ മടിയില്‍
പാടം മുഴുവന്‍ നെഞ്ചില്‍
പൂട്ടിച്ചേലാക്കുന്നുണ്ട്
വെള്ളം തേവുന്നുണ്ട്
ഞാറ് നടുന്നുണ്ട്

നെഞ്ചത്ത് പച്ചപ്പാടം
കതിരിന്റെ മഞ്ഞപ്പാടം
അടിവയറ്റത്ത് കറ്റക്കളം
ചവുട്ടി മെതിക്കുന്നതാണോ
വയറുഴിയുന്നതാണോ?

ഭൂമിയേക്കാള്‍ വലിയൊരു ചോറുരുള
ചവിട്ടുപടിയില്‍

പേരക്കുട്ടികളേ,
മാമതേ ജമീലാ കുഞ്ഞാമതേ പാത്തിമാ...
ഓരോ ഉരുള ഉരുട്ടിയുരുട്ടി
ഒറ്റവറ്റും കൊഴിയല്ലേയെന്ന്
ഒറ്റയുരുളയില്‍ വിശപ്പാറ്റി
ഓടിപ്പോയ പൊന്നുമക്കളേ
ഭൂമിയെ കണ്ടോ
ഭൂമിയെ തൊട്ടോ?

കോലായ തൊടാതെ
ചവിട്ടുപടിയിലിരിക്കുന്നുണ്ട്
തട്ടിയിട്ടുമാട്ടിയിട്ടും പോവാതെ
ഭൂമിയേക്കാള്‍ വലിയൊരു ചോറുരുള

അപ്രസക്തഭാഗങ്ങൾ

സര്‍, മട്ടണ്‍ ഒന്നരകിലോ മതിയല്ലോ, അല്ലേ?
ഫ്രെഷാണ്‌, ഇന്നലെയെത്തിയതേയുള്ളൂ.
ആ പീസെടുക്കണ്ട,അത്‌ വന്നിട്ട്‌ മുന്ന്നാലുദിവസായി.
ദേ ഈ പീസെടുക്കാം.ചെറുതായി കഷ്‌ണിക്കാല്ലേ?

ദേ, ആ തടിച്ചയൊരുത്തനുണ്ടല്ലോ,
ഈജിപ്റ്റീന്നാ.ഒരു പണിയും ചെയ്യില്ലാന്നേ.
മിക്കവാറും ജോലിയെനിയ്ക്കുതന്നെയാണ്‌
ഇവിടെ വൃത്തിയാക്കലടക്കം.

സൂപ്പര്‍മാര്‍ക്കറ്റെന്ന് പറഞ്ഞിട്ടെന്താ കാര്യം സാറേ,
അവരുതര്ണത്‌ ആകെ 100 റിയാലാ.
മിനിമം 60 റിയാലെങ്കിലും വേണ്ടേ
ഇവിടത്തെ റൂമിനും, ഭക്ഷണത്തിനും,
വെള്ളത്തിനും, കറന്റിനും, തുണിയ്ക്കുമെല്ലാമായിട്ട്‌?
ബാക്കിയോണ്ട്‌ നാട്ടിലെന്താകാനാണ്‌?
എനിയ്ക്കറബിയറിയാത്തോണ്ടാണ്‌ 100 റിയാലെന്ന്
ഫോര്‍മാന്‍ പറേണത്.
ആ തടിയന്‌ 150 റിയാലാ സാറേ ശമ്പളം.
സാറിന്റെ കൈയ്യില്‌ അറബി പഠിയ്ക്കാനായി വല്ല പുസ്തകോണ്ടോ?
അങ്ങിനേങ്കിലും 50 റിയാല്‌ കൂട്ടികിട്ടൂല്ലോ.
കഴിഞ്ഞമാസം കടംവേടിച്ചാ നാട്ടിലേയ്ക്കയച്ചത്‌.

വീട്ടിലാണെങ്കിലിപ്പോ ആരൂല്ല്യ.
ഏട്ടന്മാര്‍ രണ്ടും കല്ല്യാണം കഴിഞ്ഞ്‌ മാറിതാമസിയ്ക്കാണ്‌.
രണ്ടുപെങ്ങമ്മാരുടെയും കല്ല്യാണം കഴിഞ്ഞു.
ബാക്കി ഞാനും ഉമ്മയും മാത്രം.

സാറേ, എല്ല്‌ ദേയിങ്ങനെ കഷണിച്ചാല്‍ മതിയോ?
നെയ്യ്‌പ്പീസെന്തങ്കിലുമിടണോ?

അമ്മയ്ക്കു ചെറിയ ഷുഗറിന്റെ കുഴപ്പോണ്ടായിരുന്നു.
മിനിഞ്ഞാന്ന്‌ രാവിലെയാണ്‌
അമ്മ മരിച്ചത്‌.
ഹാര്‍ട്ടറ്റാക്കായിരുന്നു.
അമ്മയ്ക്കമ്പത്തഞ്ചുവയസ്സേണ്ടാര്‍ന്നുള്ളൂ.
ഏട്ടനെ വിളിച്ചപ്പോള്‍,
ഇനിയിപ്പോ വന്നിട്ട്‌ കാരില്ല്യാല്ലോന്ന്‌ പറഞ്ഞു.

ഞാന്‍ കുറെ കരഞ്ഞു.
കുറെ കരഞ്ഞു സാറേ.
ഫോര്‍മാന്‍ ഒരു ദിവസം ലീവ്‌ തന്നു.
ലീവെടുത്ത്‌ റൂമിലിരുന്നെന്തുചെയ്യാനാ‍?
ഒറ്റയ്ക്കിരിയ്ക്കിമ്പോള്‍ ഒട്ടും സഹിയ്ക്കാന്‍ പറ്റണില്ല.
അതോണ്ട്‌ ലീവെടുക്കാണ്ട്‌
ഇവിടെ ഇറച്ചി കഷ്ണിക്കാന്‍ വന്നു.

ഇനിയിപ്പോ വീട്ടിലാരൂല്ല്യാല്ലോ...
അതോണ്ട്‌ആറേഴുകൊല്ലംകഴിഞ്ഞേ തിരിച്ചുപോക്‌ണുള്ളൂ.

സാറേ, ദാ മട്ടണ്‍ റെഡി.
ആ പുസ്തകത്തിന്റെ കാര്യൊന്ന് നോക്കണേ.........


[ പക്ഷിയുടെ കവിത www.pakshi.blosgspot.com ]

ലവ് ജിഹാദിന്റെ ബാക്കി......


ഉന്നം തെറ്റി വീശി, വീശിയല്ല,
എന്റെ വാക്കുകള്‍ക്ക് മൂര്‍ച്ച പോയത്....

നിന്റെ നോക്കു കൊണ്ടു വിരല്‍ തളര്‍ന്നിട്ടാണ്....

മരിക്കാന്‍ പോകുന്ന ഇരയുടെ കണ്ണില്‍ നോക്കരുതെന്ന് ,
ആരോ പറഞ്ഞത്‌ ഞാന്‍ മറന്നു....

അതുകൊണ്ടാണ്....

നിന്റെ തിളക്കമറ്റ കണ്ണുകള്‍ പേക്കിനാവായി വന്ന്,
എന്റെ ഉറക്കത്തെ തിന്നു തീര്‍ക്കുന്നത്...

നിന്റെ ഹൃദയ ധമനി പൊട്ടിച്ചെടുത്ത് ഞാന്‍ തീര്‍ത്ത
ഒറ്റക്കമ്പി വീണ, തനിയെ കരഞ്ഞു കരഞ്ഞ്.....
എനിക്ക് സ്വസ്ഥത തരാത്തത്....

നിന്റെ ഹൃദയ രക്തം ചാലിച്ചു ഞാനെഴുതിയ ചിത്രം,
തനിയെ തറയിലൊഴുകി, എന്നെ തെന്നി വീഴ്ത്തുന്നത്...

വീണ്ടും, വെളുത്ത പൂവായി വിടര്‍ന്നു, മണം പൂശി,
എനിക്ക് ചെന്നിക്കുത്ത് സമ്മാനിക്കുന്നത്.....

നരകത്തിലെങ്കിലും, പിന്തുടരരുതെന്നു പറഞ്ഞെങ്കിലും,
നീയില്ലാത്ത നരകം, വീണ്ടുമെനിക്കിന്നൊരു നരകം !.....

3/11/09

അനാഗരികം

ഓരോ നഗരത്തിനുമുണ്ടല്ലോ
നാഗരികമല്ലാത്ത ഒരുപാട് കാര്യങ്ങൾ
എന്നിട്ടും
നഗരങ്ങൾ നഗരങ്ങളായിത്തന്നെ...
കടന്നുപോകുമ്പോഴറിയാം,
നഗരത്തിൽ നിന്നും
ഓർമ്മകൾ,
നിലവിളികൾ,
അഴുക്കുചാലുകൾ,
വഴിമുടക്കങ്ങൾ...
പിന്നാലെയെത്തുന്ന
ഗ്രാമീണതയിലാണ്
ഓരോ നഗരത്തിന്റെയും ജീവൻ.
എന്നാലും
എല്ലാ ഗ്രാമങ്ങൾക്കുമുണ്ടല്ലോ
ഗ്രാമീണമല്ലാത്ത ഒരുപാട് ജീവിതങ്ങൾ.

2/11/09

ഉള്ളില്‍...




ചിരിച്ചു തലയാട്ടുമ്പൊഴും
ഇലകള്‍ക്കറിയില്ലല്ലൊ..
വേരുകളുടെ ജാരസംഗമങ്ങള്‍..?

നമ്മെ തഴുകുമ്പൊഴും
കാറ്റിനറിയില്ലല്ലോ...
അകലെ കാറ്റ് തന്നെ കട പുഴക്കുന്ന ജീവിതങ്ങള്‍...


പായ്യാരം പറഞ്ഞൊഴുകുമ്പൊഴും
പുഴക്കറിയില്ലല്ലോ...
പളളക്കകത്തുനിന്നും
സ്വപ്നപ്പരലുകളെയും
കൊത്തിക്കൊണ്ടുപോകുന്ന
ചൂണ്ടകളെ...


എല്ലാമറിഞ്ഞിട്ടും,
എനിക്കറിഞ്ഞുകൂടാത്ത
എത്ര ഞാനാണ്
എന്റെയുള്ളില്‍...

1/11/09

ഒഴുക്കില്‍

പുഴയ്ക്കക്കരെ സൂര്യന്‍ താഴുന്നത്
മുളങ്കാടുകള്‍ക്കിടയ്ക്കു നിന്ന് കണ്ടു
തൂകിവീണ മഞ്ഞവെട്ടം
മുളയിലയില്‍ കെട്ടിനിന്നു
ഇല വകഞ്ഞുമാറ്റിമാറ്റി
മഞ്ഞയെ, ഇളംചുവപ്പിനെ തെളിച്ചെടുത്തു.
കൂര്‍ത്തവെട്ടം മുഖത്തു മഞ്ഞപെയിന്റടിച്ചു
ചാഞ്ഞ മുള താഴെ ഒഴുക്കില്‍
ഒരില മുക്കിയെടുത്തു മഞ്ഞയേ നേര്‍പ്പിച്ചും വിട്ടു.

ഇല വകഞ്ഞു പുഴയിറമ്പില്‍ നില്ക്കെ
ഇലയായി, പെട്ടന്നൊഴുക്കിലേക്കു പൊഴിഞ്ഞുവീണു.
ചുഴികളുടെ വിളികേട്ടു ശബ്ദമില്ലാതെ
ചെവിയില്‍ വെള്ളം കയറുന്നതറിയുന്നുണ്ട്.
കൈകളില്‍ വാക്കുകള്‍ പ്രവേശിച്ചപോലെ
എഴുന്നുനിന്നവ പറഞ്ഞുതുടങ്ങി
നിരപ്പില്‍ അലയടി ഏങ്ങലടിയായി
ശബ്ദമിശ്രണത്തിന്റെ രേഖാചിത്രം
തെളിഞ്ഞപോലെ

ഒഴുക്കിലേക്ക് അവളെങ്ങനെ ഒഴുകിവന്നു
അടുത്ത കടവില്‍ കുളിച്ചോണ്ടിരുന്നവളല്ലേ
കൈകളില്‍ കൊളുത്തിയെടുത്തു ജീവന്‍
നിരപ്പില്‍ പച്ചമണ്ണില്‍ കിടത്തിയെന്നെ.
ഇരുട്ടെത്തി, മുളങ്കാട്ടില്‍ നിന്നും എഴുന്നേറ്റ്
ജീവനുമായി വീട്ടിലേക്ക് പോയി.

ഇരുട്ടുമാറി, പ്രകാശമെത്തി
സൂര്യന്‍ താണുതാണുപോയ കണ്ടത്
ഓര്‍ത്തെടുത്തെങ്കിലും
അവളുടെ മുഖം ഓര്‍മ്മയില്‍ കണ്ടില്ല
കാല്‍മുട്ടില്‍ മലര്‍ന്നു കിടക്കുന്നുണ്ട്
ഒരു തവിട്ടുസൂര്യന്‍
അതില്‍ തൊട്ടുതൊട്ടിരുന്നു.

വേലുമ്മാന്‍

അമ്മവീടിനടുത്താണ്
വേലുമ്മാന്റെ വീട്

ആകാശം തൊടുന്ന കുന്നുമ്പുറത്ത്
കാറ്റുപോലും വാലുചുരുട്ടി കടന്നുപോണ
തെങ്ങുവരമ്പു കടന്ന്
കൈതവളപ്പു മുറിച്ച്
കല്ലുവെട്ടു വഴിയിലൂടെ
കുന്നുകയറി വിയര്‍ക്കുമ്പോഴേക്കും
നരച്ചു കുമ്പളങ്ങയായൊരു തല
ചിരിച്ചോണ്ട് വരണകാണാം

മുറ്റത്ത് പാട്ടുപാടണ പഴഞ്ചന്‍ മരബഞ്ചിലിരുന്ന്
കട്ടന്‍കാപ്പി തിളച്ച് ചുറ്റും നോക്കുമ്പോള്‍
ഉമ്മറത്തിണ്ടില്‍
നിര്‍വികാരത ചൂണ്ടി ചാരിവെച്ചൊരു തോക്ക്

കാറ്റിട്ടു തന്ന കുത്തിക്കുടിയന്‍ മാമ്പഴമായ്
അവധിക്കാലം കടിച്ചീമ്പിക്കുടിച്ച
കുട്ടിക്കാലത്ത് വരച്ചതാണ്
വെടിയേറ്റ കൊറ്റിയോ കാട്ടുമുയലോ തൂക്കിപ്പിടിച്ച്
കുന്നിറങ്ങി വരുന്നൊരു രൂപം

കുറേ കേട്ടിട്ടുണ്ട്
പഴങ്കഥകള്‍ മൂടിപ്പുതച്ച്
രാത്രിയുറങ്ങാന്‍ കിടക്കുമ്പോള്‍...

വെടിയേറ്റ കാട്ടുപന്നി
തേറ്റകൊണ്ടു പിളര്‍ന്ന
വയറു പൊത്തിക്കെട്ടി
രാത്രികടന്ന് ആശുപത്രിയിലെത്തിയപ്പോഴേക്കും
മിണ്ടാതെ മരവിച്ച ശരീരം
(ഇപ്പോഴും കാണാം
മണ്ണിട്ടു തൂര്‍ത്ത കഴായപോലെ
തുന്നിക്കെട്ടിയ പാട്)

രാത്രിവഴിയില്‍
മഞ്ഞുകുതിര്‍ന്ന് വഴുക്കുന്ന വരമ്പിലൂടെ
മുറിബീഡിയെരിഞ്ഞ നാട്ടുവെളിച്ചത്തില്‍
കരയ്ക്കുപിടിച്ചിട്ട വരാലിന്റെ വഴുപ്പുപോലെ
കാലിനടിയില്‍ പുളഞ്ഞ് കണങ്കാലില്‍ ദംശിച്ചപ്പോള്‍
തിരഞ്ഞുപിടിച്ച്,
തിരിച്ചു കടിച്ചത്

ഇന്ന്
പുല്‍പ്പായില്‍ തലമൂടിക്കിടന്ന്
ചുറ്റും കൂടിനിന്ന നിശ്ശബ്ദതയുടെ മുഖത്തേക്ക്
നീട്ടിത്തുപ്പിയ വെറ്റിലക്കറയില്‍
സൂര്യനാറിയ നേരത്ത്
ഒരുകൂട്ടം കാട്ടുമുയലുകള്‍
തൊടിയിലൂടെ
തുളളിച്ചാടി പോകുന്നതു കണ്ടു.