25/11/09

മൂസാമൌലവീം കുഞ്ഞന്‍പൂശാരീം

മൂസാമൌലവീം കുഞ്ഞന്‍‌പൂശാരീം
അസ്സല് കൂട്ടുകാരായിരുന്നു

മണ്ഡലക്കാലത്ത് മൌലവി വാവര്
ചന്ദനക്കൊടത്തിന് പൂശാരി മേലാവ്
ഒരമ്മ പെറ്റപോലായിരുന്നു

*

ഒരിക്കല്‍ കുടുമ്മക്കാവിലെ പൂജനാള്‍
നിനച്ചിരിക്കാതെ പെരുംമഴ

മൌലവി വന്നില്ല മൌലവി വന്നില്ല
പൂശാരിക്കാധീടെ പെരുംമഴ

ഉടുക്കെടുക്കുവാന്‍ തുടങ്ങീല കുഞ്ഞന്‍ ;
ഉമ്മറവാതിലിലിടിവെട്ട്
ഡും...ഡും...

തിടുക്കത്തില്‍ വാതില്‍ തുറക്കുമ്പോഴുണ്ട്
ഇടിയല്ല, മൂസ, മുഴുമിന്നല്‍ ...!

മൂസാമൌലവി ചിരിക്കുന്നു, പിന്നില്‍
പേമഴ നിന്നിളിക്കുന്നു

മൌലവിയ്ക്കിസ്തിരിവടിവില്‍ കുപ്പായം
മഴയ്ക്ക് മുച്ചൂടും നനഞ്ഞത്

മഴച്ചിരി കാളക്കരച്ചില്‍ ; കുഞ്ഞന്റെ
മനം നിറച്ചിതാ മൂസച്ചിരി

“തുള്ളി നനയാതെങ്ങനാ മൂസാ!
അള്ളാ ഇസ്തിരിയിട്ടതോ?”

“മഴേന്റെടേക്കൂടെ ഞാനിങ്ങു പോന്നതാ
പടച്ചോനെപ്പഴിക്കല്ലേ കുഞ്ഞാ”

*

ചാറ്റും തോറ്റവും പൂക്കളും നേദി-
ച്ചന്ത്യോളം പൂജ നീളുമ്പം

കള്ളും പൂങ്കോഴിച്ചോരയും ചൊരി-
ഞ്ഞെല്ലാരും നിന്നു തുള്ളുമ്പം

പരദൈവക്കല്ലിന്‍ കരിങ്കണ്ണീന്നതാ
തുടം തുടം തൂവി തെളിനീര്

“പുറംലോകപ്പെരുമഴയെല്ലാം കുഞ്ഞാ
പരദൈവമൂറ്റിക്കുടിച്ചതോ?”

“മഴേന്റെടേക്കൂടെ നടക്കും മൂസാ നീ
പരദൈവങ്ങളെപ്പഴിക്കല്ലേ”

*

കള്ളും കോഴിയും പേമഴേം കഴി-
ഞ്ഞേമ്പക്കംവിട്ടു പോയി നാട്ടാര്‍

സദ്യകഴിഞ്ഞ,ന്തിമുറ്റത്തു മോറാത്ത
ചട്ടിക്കരിയായ് കിടന്നിരുട്ട്

മൂസാമൌലവീം കുഞ്ഞന്‍പൂശാരീം
നൂറുംതേച്ചിറയത്തിരുന്നു

“ദൈവം കരയുന്നതെങ്ങനാ പൂശാരീ?”
“കുപ്പായം നനയാത്തതെങ്ങനാ മൌലവീ?”
-ഇരുവരും താംബൂലച്ചിരി ചിരിച്ചു

“പുതുമുണ്ടും കുപ്പായോം ഇലയില്‍ പൊതിഞ്ഞത്
ഇറയത്തുനിന്നങ്ങുടുത്തുമാറി
നനമുണ്ടു ദേണ്ടെയാ മാങ്കൊമ്പേ ഞാലുന്നു
മഴതോര്‍ത്തിവന്ന നിലാവിനൊപ്പം”

“പരദൈവക്കല്ലിന്റെ പുറകിലൊരോവുണ്ട്
തണുവെള്ളം തൂവുമെന്‍ പെമ്പ്രെന്നോര്
അവളതാ കിണറിന്റെ കരയിലിരിപ്പുണ്ട്
കരി മോറി മോറി ഇരുട്ടിനൊപ്പം”

പെട്ടെന്ന് ചിരിപൊട്ടി മൂസയ്ക്കും കുഞ്ഞനും
ഒരു വെള്ളിടി മുട്ടി മാനത്തിലും
ഡും... ഡും...

തൂമിന്ന,ലക്ഷണം പാരാകെ തൂവിയ
വെണ്മ, നക്ഷത്രങ്ങളായ് കുരുത്തു

മൂസാമൌലവീം കുഞ്ഞന്‍പൂശാരീം
അസ്സല് കൂട്ടുകാരായ് തുടര്‍ന്നു
·

10 അഭിപ്രായങ്ങൾ:

umbachy പറഞ്ഞു...

മുഴുമിന്നല്‍ ...!

അനാഗതശ്മശ്രു പറഞ്ഞു...

ഇതാ നല്ല കഥ
കവിതയില്‍ ...

പാവപ്പെട്ടവൻ പറഞ്ഞു...

മാങ്കൊമ്പേ ഞാലുന്നു
മഴതോര്‍ത്തിവന്ന നിലാവിനൊപ്പം”


ഇങ്ങനെ വളരെ പതിയ സ്വരത്തില്‍ ചില സത്യങ്ങള്‍ വിളിച്ചു പറയാന്‍ കരുത്ത് വേണം കരളിനു

പി എം അരുൺ പറഞ്ഞു...

വ്യത്യസ്തത ഇഷ്ടപ്പെട്ടു ........

Sanal Kumar Sasidharan പറഞ്ഞു...

മൂസാ പൂശാരീ
കുഞ്ഞൻ മൌലവീം നീണാൾ വാഴട്ടെ!
കവിതയുടെ രസം തലക്കെട്ടിലെ പരിഹാസച്ചുവയുള്ള പേരിൽ തന്നെയുണ്ട്.

Jayasree Lakshmy Kumar പറഞ്ഞു...

“പുതുമുണ്ടും കുപ്പായോം ഇലയില്‍ പൊതിഞ്ഞത്
ഇറയത്തുനിന്നങ്ങുടുത്തുമാറി
നനമുണ്ടു ദേണ്ടെയാ മാങ്കൊമ്പേ ഞാലുന്നു
മഴതോര്‍ത്തിവന്ന നിലാവിനൊപ്പം”

“പരദൈവക്കല്ലിന്റെ പുറകിലൊരോവുണ്ട്
തണുവെള്ളം തൂവുമെന്‍ പെമ്പ്രെന്നോര്
അവളതാ കിണറിന്റെ കരയിലിരിപ്പുണ്ട്
കരി മോറി മോറി ഇരുട്ടിനൊപ്പം”

അതാണു കാര്യങ്ങൾ :))

കവിതയിലൂടെ രസകരമായൊരു കഥപറഞ്ഞു. ഇഷ്ടപ്പെട്ടു

കവിതയുടെ സ്റ്റ്രക്ചറും ഉപയോഗിച്ച പദങ്ങളും വളരേ ഇഷ്ടപ്പെട്ടു.

“സദ്യ കഴിഞ്ഞ,ന്തിമുറ്റത്തു മോറാത്ത
ചട്ടിക്കരിയായ് കിടന്നിരുട്ട്“ തുടങ്ങിയ ബിംബങ്ങൾ വളരേ വളരേ ഇഷ്ടപ്പെട്ടു.

രസകരമായി ചൊല്ലാൻ തോന്നുന്നു ഒരു കവിത :))

Umesh Pilicode പറഞ്ഞു...

കൊള്ളാം മാഷെ നന്നായിട്ടുണ്ട്

Jayesh/ജയേഷ് പറഞ്ഞു...

രസികന്‍

ശ്രീകുമാര്‍ കരിയാട്‌ പറഞ്ഞു...

ITTHARAM MOOOLLYABODHAMGAL NAMMILOKKE KEDAAATHE NILKKATTE..
NANDI ANWAR !
ALLAAAHU AKHBAR.....!!!!
SWAAAMIYE SHARANAMAYYAPPA... !!!!!!

ടി പി സക്കറിയ പറഞ്ഞു...

മതേതരം
പെരുമഴയില്‍.
പൂശാരീം
മൊലവീം
മിന്നലിന്‍-
വെട്ടത്തില്‍.
-നന്ദി.