4/11/09

അപ്രസക്തഭാഗങ്ങൾ

സര്‍, മട്ടണ്‍ ഒന്നരകിലോ മതിയല്ലോ, അല്ലേ?
ഫ്രെഷാണ്‌, ഇന്നലെയെത്തിയതേയുള്ളൂ.
ആ പീസെടുക്കണ്ട,അത്‌ വന്നിട്ട്‌ മുന്ന്നാലുദിവസായി.
ദേ ഈ പീസെടുക്കാം.ചെറുതായി കഷ്‌ണിക്കാല്ലേ?

ദേ, ആ തടിച്ചയൊരുത്തനുണ്ടല്ലോ,
ഈജിപ്റ്റീന്നാ.ഒരു പണിയും ചെയ്യില്ലാന്നേ.
മിക്കവാറും ജോലിയെനിയ്ക്കുതന്നെയാണ്‌
ഇവിടെ വൃത്തിയാക്കലടക്കം.

സൂപ്പര്‍മാര്‍ക്കറ്റെന്ന് പറഞ്ഞിട്ടെന്താ കാര്യം സാറേ,
അവരുതര്ണത്‌ ആകെ 100 റിയാലാ.
മിനിമം 60 റിയാലെങ്കിലും വേണ്ടേ
ഇവിടത്തെ റൂമിനും, ഭക്ഷണത്തിനും,
വെള്ളത്തിനും, കറന്റിനും, തുണിയ്ക്കുമെല്ലാമായിട്ട്‌?
ബാക്കിയോണ്ട്‌ നാട്ടിലെന്താകാനാണ്‌?
എനിയ്ക്കറബിയറിയാത്തോണ്ടാണ്‌ 100 റിയാലെന്ന്
ഫോര്‍മാന്‍ പറേണത്.
ആ തടിയന്‌ 150 റിയാലാ സാറേ ശമ്പളം.
സാറിന്റെ കൈയ്യില്‌ അറബി പഠിയ്ക്കാനായി വല്ല പുസ്തകോണ്ടോ?
അങ്ങിനേങ്കിലും 50 റിയാല്‌ കൂട്ടികിട്ടൂല്ലോ.
കഴിഞ്ഞമാസം കടംവേടിച്ചാ നാട്ടിലേയ്ക്കയച്ചത്‌.

വീട്ടിലാണെങ്കിലിപ്പോ ആരൂല്ല്യ.
ഏട്ടന്മാര്‍ രണ്ടും കല്ല്യാണം കഴിഞ്ഞ്‌ മാറിതാമസിയ്ക്കാണ്‌.
രണ്ടുപെങ്ങമ്മാരുടെയും കല്ല്യാണം കഴിഞ്ഞു.
ബാക്കി ഞാനും ഉമ്മയും മാത്രം.

സാറേ, എല്ല്‌ ദേയിങ്ങനെ കഷണിച്ചാല്‍ മതിയോ?
നെയ്യ്‌പ്പീസെന്തങ്കിലുമിടണോ?

അമ്മയ്ക്കു ചെറിയ ഷുഗറിന്റെ കുഴപ്പോണ്ടായിരുന്നു.
മിനിഞ്ഞാന്ന്‌ രാവിലെയാണ്‌
അമ്മ മരിച്ചത്‌.
ഹാര്‍ട്ടറ്റാക്കായിരുന്നു.
അമ്മയ്ക്കമ്പത്തഞ്ചുവയസ്സേണ്ടാര്‍ന്നുള്ളൂ.
ഏട്ടനെ വിളിച്ചപ്പോള്‍,
ഇനിയിപ്പോ വന്നിട്ട്‌ കാരില്ല്യാല്ലോന്ന്‌ പറഞ്ഞു.

ഞാന്‍ കുറെ കരഞ്ഞു.
കുറെ കരഞ്ഞു സാറേ.
ഫോര്‍മാന്‍ ഒരു ദിവസം ലീവ്‌ തന്നു.
ലീവെടുത്ത്‌ റൂമിലിരുന്നെന്തുചെയ്യാനാ‍?
ഒറ്റയ്ക്കിരിയ്ക്കിമ്പോള്‍ ഒട്ടും സഹിയ്ക്കാന്‍ പറ്റണില്ല.
അതോണ്ട്‌ ലീവെടുക്കാണ്ട്‌
ഇവിടെ ഇറച്ചി കഷ്ണിക്കാന്‍ വന്നു.

ഇനിയിപ്പോ വീട്ടിലാരൂല്ല്യാല്ലോ...
അതോണ്ട്‌ആറേഴുകൊല്ലംകഴിഞ്ഞേ തിരിച്ചുപോക്‌ണുള്ളൂ.

സാറേ, ദാ മട്ടണ്‍ റെഡി.
ആ പുസ്തകത്തിന്റെ കാര്യൊന്ന് നോക്കണേ.........


[ പക്ഷിയുടെ കവിത www.pakshi.blosgspot.com ]

3 അഭിപ്രായങ്ങൾ:

ഷൈജു കോട്ടാത്തല പറഞ്ഞു...

ലീവെടുത്ത്‌ റൂമിലിരുന്നെന്തുചെയ്യാനാ‍?
ഒറ്റയ്ക്കിരിയ്ക്കിമ്പോള്‍ ഒട്ടും സഹിയ്ക്കാന്‍ പറ്റണില്ല

Jayasree Lakshmy Kumar പറഞ്ഞു...

അപ്രസക്തഭാഗങ്ങൾ :(

എം പി.ഹാഷിം പറഞ്ഞു...

!!