22/11/09

കരയുന്ന വീടുകള്‍

കരയുന്ന വീടുകള്‍
---------------
ഈ നശിച്ച വീട്ടില്‍
ഒരു സമാധാനവും ഇല്ലെന്ന്
പ്രാകുമ്പോള്‍
കാണരുതാത്തത്
നാല് ചുവരുകളാല്‍ നിശ്ശബ്ദം
കണ്ട് നില്‍ക്കുമ്പോള്‍

ചുമരില്‍ വരച്ചിക്കിളിയിട്ട
കുസൃതിത്തുടയില്‍
അടിവീണ് കരയുമ്പോള്‍

വീട്ടാക്കടം കേറി
പടിയിറങ്ങുന്ന കാലൊച്ചകള്‍
കേള്‍ക്കുമ്പോള്‍
ഉത്തരത്തില്‍ കുരുക്കുന്ന
കയര്‍ കാണുമ്പോള്‍

ഓടിക്കളിച്ച കുഞ്ഞുകാലുകള്‍
തിരിച്ച് വരുന്നോയെന്ന്
വഴിക്കണ്ണുമായി നില്‍ക്കുമ്പോള്‍

ആര്‍ക്കും വേണ്ടാതെ
ആരെയോ കാത്ത്
നെടുവീര്‍പ്പിട്ട്
കാട് പിടിക്കുമ്പോള്‍

മഞ്ഞും മഴയും
വെയിലുമേറ്റ്
കുമ്മായക്കൂട്ടുകള്‍
അടര്‍ന്ന് വീഴുമ്പോള്‍

ഓര്‍മ്മകളില്‍ ചികഞ്ഞ്
വിങ്ങുന്നുണ്ടായിരിക്കും,
ശബ്ദമടക്കി കരയുന്നുണ്ടാകും
ഉപേക്ഷിക്കപ്പെട്ട വീടുകളും.
------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

23 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഗംഭീരം...!

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ബൂലോക കവിതയില്‍ ആദ്യ പോസ്റ്റ്.

Kuzhur Wilson പറഞ്ഞു...

രാമചന്ദ്രന്‍ വെട്ടിക്കാടിന്റെ പുതിയ കവിതകള്‍ ശരിക്കും അതിന്റെ വഴി കണ്ടെത്തുന്നുണ്ട്.

കവിത ബൂലോകത്തോളും ഭൂമിമലയാളത്തോളം വളരട്ടെ/


ബൂലോക കവിതയിലേക്ക് സ്വാഗതം

Anil cheleri kumaran പറഞ്ഞു...

ഓര്‍മ്മകളില്‍ ചികഞ്ഞ്
വിങ്ങുന്നുണ്ടായിരിക്കും,
ശബ്ദമടക്കി കരയുന്നുണ്ടാകും
ഉപേക്ഷിക്കപ്പെട്ട വീടുകളും.

നല്ല വരികള്‍.

നജൂസ്‌ പറഞ്ഞു...

ആര്‍ത്ത്‌ നിലവിളിക്കുക തന്നെയാവും.

കാപ്പിലാന്‍ പറഞ്ഞു...

:(

Melethil പറഞ്ഞു...

നന്നായി മാഷേ

ശ്രീജ എന്‍ എസ് പറഞ്ഞു...

വീടുകള്‍ സംസാരിക്കും എന്ന് മുന്‍പെവിടെയോ വായിച്ചതു ഓര്‍മ്മിപ്പിച്ചു ഈ വരികള്‍..നന്നായി ..

Vinodkumar Thallasseri പറഞ്ഞു...

വെറും വായനക്കപ്പുറത്തേക്ക്‌ കൊണ്ടുപോവുന്ന വരികള്‍.

Deepa Bijo Alexander പറഞ്ഞു...

വീടെന്നും കാത്തിരിക്കും...വിട്ടു പോകുന്നത്‌..പൊളിച്ചു കളയുന്നത്‌ ഒക്കെ അതിലൊരിക്കൽ താമസിച്ചിരുന്നവർ തന്നെയല്ലേ.....

.. പറഞ്ഞു...

മാഷെ ഒരായിരം ആശംസകള്‍..........................

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

വല്ലാണ്ട് വല്ലാതായീ...

Umesh Pilicode പറഞ്ഞു...

കൊള്ളാംനന്നായിട്ടുണ്ട്

വികടശിരോമണി പറഞ്ഞു...

എവിടെയോ ഒന്നു വിങ്ങുന്നുണ്ട്,രാമചന്ദ്രാ.അടുത്തകാലത്ത് കണ്ട തന്റെ സഫലമായ ശ്രമങ്ങളിൽ ഒന്നാണിത്.

Kalam പറഞ്ഞു...

കണ്ടു കണ്ടങ്ങിരിക്കെ,
രാമചന്ദ്രന്റെ കവിത വളരുന്നു.
ആശംസകള്‍!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

നന്നായി,
ആശംസകള്‍

ചന്ദ്രകാന്തം പറഞ്ഞു...

വിട്ടുപോകുന്ന വീടുകള്‍ ദേഹത്തിന്റേയും ദേഹിയുടേയും ബാക്കികളെന്നു തന്നെ കരുതണം.

മുറിച്ചുമാറ്റുന്ന നഖമോ മുടിയോ പോലെയോ, ഉപേക്ഷിയ്ക്കുന്ന ഒരു കുപ്പായം പോലെയോ അല്ല; അതിലുമെത്രയോ കൂടുതലായിത്തന്നെ.

son of dust പറഞ്ഞു...

ഡാ നീ കേട്ടതല്ലേ , കേൾപിച്ചതുമല്ലേ

അഭിജിത്ത് മടിക്കുന്ന് പറഞ്ഞു...

വെട്ടിക്കാടിന്റെ മനസ്സില്‍ ഇനിയും വീടുകളും മണ്ണും മരവുമെല്ലാം കരയട്ടെ!!!
അവയ്ക്കും ജീവിതം ഉണ്ടാകുന്നത് എഴുത്തുകാരന്റെ മനസ്സില്‍ മാത്രമല്ലേ ഏട്ടാ.
പുതിയ വീടെടുത്താല്‍ പറയണേ.
;-)

Madhavikutty പറഞ്ഞു...

നന്നായി.ഇനിയും മുന്നോട്ട് ..

ഹാരിസ്‌ എടവന പറഞ്ഞു...

വായിക്കും തോറും
കവിത നിറയുന്നു
എന്നിലും
എന്റെ വീട്ടിലും

jayanEvoor പറഞ്ഞു...

മഞ്ഞും മഴയും
വെയിലുമേറ്റ്
കുമ്മായക്കൂട്ടുകള്‍
അടര്‍ന്ന് വീഴുമ്പോള്‍...

എന്റെ പഴയ വീട് ഓര്‍മ്മ വന്നു!
നല്ല രചന.

പാവത്താൻ പറഞ്ഞു...

നന്നായിട്ടുണ്ട്..ഒരു മുള്ളു പോലെ എവിടെയൊക്കെയോ ഉടക്കി മുറിവേല്‍പ്പിച്ച് നീറ്റുന്നു.