ചുറ്റുപാടുകള്‍ ഒന്നു ശ്രദ്ധിക്കൂ. മനുഷ്യജീവിതം കഴിഞ്ഞ രണ്ട് മൂന്ന് ദശകങ്ങള്‍ക്കിടയില്‍ വമ്പിച്ച മാറ്റത്തിനു വഴിപ്പെട്ടു. ചിരിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്ന മനുഷ്യരെയാണ് ഇപ്പോള്‍ തെരുവുകളില്‍ കാണുന്നത്- ഇത് അശോകന്‍ ചരുവിലിന്റെ പൂമരച്ചോട്ടില്‍ എന്ന കഥയില്‍ നിന്നും (അശോകന്‍ ചരുവിലിന്റെ കഥകള്‍). കാലത്തിന്റെ മാറ്റത്തെപ്പറ്റിയാണ് കഥാകൃത്ത് പറയുന്നത്. ഈ കഥയിലെ നായകന്‍ എക്കൗണ്‍ന്റ് വാസുദേവനും കുടുംബത്തിനും മാത്രം മാറ്റമില്ല. അവരിപ്പോഴും ഓലമേഞ്ഞ വീട്ടില്‍ ദാരിദ്ര്യത്തോട് പോരടിക്കുന്നു. മലയാളഭാഷയും കവിതയും ഒരര്‍ത്ഥത്തില്‍ അശോകന്‍ ചരുവിലിന്റെ കഥാപാത്രംപോലെയാണ്. ആനുകാലികം: പവിത്രന്‍ തീക്കുനി സഫലം എന്ന കവിതയില്‍ (?) കാഴ്‌ചയെപ്പറ്റിയാണ് എഴുതിയത്. അകമെഴുത്തു മടുത്തതുകൊണ്ടാകാം കവി അന്യരിലേരിക്ക് പേന നീട്ടിപ്പിടിച്ചത്. കവിയുടെ പുകഴ്‌ത്തലുകള്‍ ചെന്നുതൊടുന്നത് പ്രശംസയെ ദൂരെ മാറ്റിനിര്‍ത്തുന്ന വിഷ്‌ണുനാരായണന്‍ നമ്പൂതിരിയെയാണ്. കവിതയും ഭ്രാന്തും പ്രണയവും കാറ്റും കോളും എല്ലാം കുടിച്ചുവറ്റിച്ച പവിത്രന്‍ വിഷ്‌ണുനാരായണന്‍ നമ്പൂതിരിയുടെ ബഹുകായ പ്രതിമ വാക്കുകളില്‍ കൊത്തിയുണ്ടാക്കുന്നു. കാനായി കുഞ്ഞിരാമന്‍ ജാഗ്രത പാലിക്കുക. ഇനിയും ഇതുപോലെ ആരെയൊക്കെ പവിത്രന്‍ വാക്കുകളില്‍ തീര്‍ക്കും. പവിത്രന്‍ സഫലമാകുന്നതിങ്ങനെ : എത്രമേലുദാത്തം/ എത്രമേലുഷ്‌മളം/ കവിത, തന്നയാ സാന്നിധ്യം! സഫലമെനിക്കീയെഴുത്തും ജന്മവും/ സഫലമെനിക്കീ പരിക്കും ദു:ഖവും- സാക്ഷാല്‍ ഒറവങ്കര രാജമാര്‍പോലും ഇങ്ങനെ പ്രശംസ എഴുതിയിട്ടില്ല. പവിത്ര ജന്മം സഫലമാകട്ടെ എന്നാകും കലാകൗമുദി (1783 ലക്കം) നിവര്‍ക്കുന്ന വായനക്കാരുടെ പ്രാര്‍ത്ഥന. അനിത തമ്പി വിചാരണചെയ്യുന്നത് കമ്മ്യൂണിസത്തെയാണ്. കമ്മ്യൂണിസം ആര്‍ക്കും എളുപ്പം കൊട്ടാവുന്ന ചെണ്ടയാണ്. കമ്മ്യൂണിസ്റ്റുകാരോട് എഴുത്തുകാരി: സ്വന്തം മണ്ണില്‍/ ഞങ്ങള്‍ അന്നുച്ചരിച്ച/ ആദ്യ പ്രാര്‍ത്ഥനയുടെ വരി?/ അതിന്റെ ആദ്യത്തെ വാക്ക്?- തുടര്‍ന്ന് അനിത തമ്പിയുടെ വാക്കുകള്‍ക്ക് തീപിടിക്കുന്നു: മറവി ഞങ്ങളുടെ കുലദേവത/ എഴുപതാണ്ട് മുമ്പ് പ്രതിഷ്‌ഠിച്ച/ കല്‍ത്തറയില്‍/ ഓര്‍മ/ നിത്യബലി- (മറക്കരുത്- മാതൃഭൂമി, നവം. 8). ഇതിലും ഭേദം മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇത്തരം രചനകള്‍ വായിക്കാനിടവരുമ്പോഴാണ് മലയാളകവിതക്ക് കുരുഡാന്‍ തളിക്കണെമെന്ന് ചിലരെങ്കിലും വിളിച്ചുപറയുന്നത്.മലയാളം വാരികയില്‍ (നവം.6) അസ്‌മോ പുത്തന്‍ചിറ മനസ്സിലേക്ക്, യാഥാര്‍ത്ഥ്യത്തിലേക്ക് നീണ്ടുചെല്ലുന്ന ചോദ്യത്തിലാണ് ഉടക്കിനില്‍ക്കുന്നത്. പ്രതി എന്ന കവിതയില്‍ അസ്‌മോ പുത്തന്‍ചിറയുടെ നോട്ടം അല്‌പം കടുപ്പിച്ചാണ്: വിഡ്‌ഢിയെക്കുറിച്ച്/ പറഞ്ഞപ്പോഴാണ്/ രൂക്ഷമായി നോക്കിയിട്ട് അയാള്‍/ എഴുന്നേറ്റുപോയത്.- വീട് ആടും ഭക്ഷണം ശാസ്‌ത്രവും രോഗം ഭോഗവും ജീവിതം ജാതിയും മരണം ഭരണവും കവിത ചന്തയുമായി മാറുന്നു. ഇതൊക്കെയും വലിയ ചോദ്യത്തിലേക്കാണ് കവിയെ കൂട്ടിക്കൊണ്ടുപോകുന്നത്. അബ്‌ദുസ്സലാം അത് എന്ന കവിതയില്‍ (തൂലിക, ഒക്‌ടോ.): കുതിച്ചു പായുന്നു/ മീനുകള്‍ പോലെ/ പുഴ ഓര്‍മപോല്‍/ ഒഴുകിമറയുന്നു.- തന്നില്‍ നിന്നും നഷ്‌ടപ്പെട്ടത് ആര്‍ക്കാണ് ലഭിക്കുക എന്ന ചിന്ത ഈ കവിയെ അസ്വസ്ഥനാക്കുന്നു. ശാകുന്തളത്തിലെ മോതിരംപോലെ മത്സ്യത്തിന്റെ വയറ്റില്‍ നിന്നും ലഭിച്ചാല്‍ കവിയോടൊപ്പം നമ്മളും രക്ഷപ്പെടും. കവിതാപുസ്‌തകം: കെ. എം. സുധീഷിന്റെ മൂന്നാമത്തെ കാവ്യസമാഹാരത്തിന് കല്ലുപ്പ് എന്നാണ് പേര്. വേദനയില്‍ നിന്നും കവിതയുടെ ഉപ്പ് കുറുക്കിയെടുക്കുന്ന എഴുത്തുകാരന്റെ പുസ്‌തകത്തിന് അനുയോജ്യമായ പേരു തന്നെ. വേദന പറയാതെ, ഭ്രഷ്‌ടിന്റെ നിറം എന്നീ കവിതാ സമാഹാരങ്ങള്‍ക്ക് ശേഷം കല്ലുപ്പ്. രോഗഗ്രസ്‌തമായ കവിമനസ്സിന്റെ അസ്വസ്ഥതകളും അതിജീവനവും ഇഴചേര്‍ന്നു നില്‍ക്കുന്ന കവിതകളുടെ കലവറയാണ് കല്ലുപ്പ്. വേദനയുടെ കവിയാണ് കെ. എം. സുധീഷ്. ഹൃദയത്തില്‍ വഹിക്കുന്ന നൊമ്പരങ്ങളുടെ മൃദുസ്‌പര്‍ശനം കല്ലുപ്പില്‍ ആര്‍ദ്രത നിറയ്‌ക്കുന്നു. മനസ്സും ശരീരവും വേദനയുടെ നീരൊഴുക്കില്‍ ആഴ്‌ന്നിറങ്ങുമ്പോള്‍ കവിതയുടെ കുത്തൊഴുക്ക് സുധീഷിന്റെ വിരല്‍പ്പാടുകളില്‍ പതിയുന്നു: എഴുതി ഫലിപ്പിക്കുവാന്‍/ കഴിയാത്ത വേദന/ പുണ്ണായി പൊട്ടിയൊലിച്ച്/ ദുര്‍ഗന്ധം വമിച്ചപ്പോള്‍/ തോല്‍വി സമ്മതിച്ച്/ തിരിച്ചു നടന്നു- (ഫ്രീഓഫര്‍ എന്ന കവിത).അപ്രതീക്ഷിതമായി കവിയുടെ ശരീരത്തിലേക്ക് കയറിവന്ന മഹാരോഗത്തോട് ശരീരവും പ്രജ്ഞയും കൊണ്ട് പോരാടുന്ന എഴുത്തുകാരന്റെ ശക്തമായ ചെറുത്തുനില്‍പ്പാണ് കല്ലുപ്പിലെ രചനകള്‍. അന്തമില്ലാത്ത കയങ്ങളില്‍ ഒഴുകിനടക്കുന്ന മനസ്സിന്റെ സജീവസാന്നിധ്യമാണ് ഈ പുസ്‌തകത്തിന്റെ കരുത്ത്. വേദനകള്‍ കോറിവരച്ചിട്ട ഉത്‌കണ്‌ഠകളും വിഹ്വലതകളും ഇച്ഛാശക്തിയാക്കി മാറ്റുന്ന ഭാവനയുടെ സമരമാണ് സുധീഷിന് കവിതയെഴുത്ത്. സ്‌നേഹം എന്ന കവിതയില്‍ സുധീഷ് എഴുതി: നിണം കുടിച്ചുവറ്റിച്ചെടുക്കും മുമ്പ്/ കണ്ണീരുപ്പില്‍ പിറന്ന ഏകാന്തതയ്‌ക്ക്/ ഓര്‍മകള്‍ കാവലും.- വ്യക്തിതലത്തില്‍ നിന്നും നീതികാരുണ്യത്തിനുവേണ്ടിയുള്ള ന്യൂക്ലിയസ്സായി മാറുമ്പോഴാണ് സ്‌നേഹം വിപ്ലവകരമായിത്തീരുന്നത്. സുധീഷിന്റെ കവിതകള്‍ വായനക്കാരുമായി പങ്കുവെക്കുന്നതും മറ്റൊന്നല്ല.മുപ്പത്തിയെട്ട് കവിതകള്‍ ഉള്‍ക്കൊള്ളുന്ന കല്ലുപ്പ് ഉന്നയിക്കുന്ന പ്രധാന ചോദ്യം- ശാന്തിയുടെ വെണ്‍ചിറകില്‍ ഒളിച്ചിരിക്കുന്നത് എന്താണെന്നാണ്. കല്ലുപ്പിലെ കവിതകള്‍ തുടങ്ങുന്നത് നമ്മുടെ ഹൃദയത്തെ എയ്‌തുമുറിക്കുന്ന ചോദ്യാവലിയോടെയാണ.് ഈ സമാഹാരത്തിലെ അവസാന കവിതയില്‍ സകല പിഴവുകളും ഏറ്റെടുക്കുന്ന മനസ്സാണ് എഴുതിനിറയുന്നത്: ഇന്നിതാ/ ഒരു പൂവുപോലെ/ സ്വീകരിക്കുന്നു/ നിന്റെ പിഴയെ.- തന്നിലേക്ക് വന്നുചേരുന്ന സകല വേദനകളും ചോദ്യാവലികളും മനസ്സുതുറന്നു സ്വീകരിക്കാന്‍ തയാറെടുക്കുന്ന കവിയുടെ ജീവിതമാണ് കല്ലുപ്പ്. അഥവാ ജീവിതത്തിന്റെ സാക്ഷ്യപത്രമാണ് ഈ കാവ്യകൃതി.പഠനത്തില്‍ എം. മുകുന്ദന്‍ എഴുതി: വേദനകളെ അക്ഷരങ്ങളാക്കി കവിത രചിക്കുന്ന ഒരു കവിയും ഈ ഭൂമിയില്‍ ഏകാകിയല്ല. നീയും ഏകാകിയല്ല. കവീ, നിന്റെ വ്യഥകളിലും നിന്റെ സര്‍ഗയജ്ഞങ്ങളിലും നീ തനിച്ചല്ല. കെ. ഇ. എന്‍ ലേഖനത്തില്‍ പറയുന്നു: സര്‍വവേദനകളും സഹിച്ച് സ്വയം കുഴിച്ചുമാണ് സുധീഷ് സ്വയം കണ്ടെടുക്കുന്നത്. രോഗപീഢകളില്‍ ശരീരം പിടയുമ്പോഴും പോര്‍നിലങ്ങളിലേക്കാണ് മനസ്സ് മുഷ്‌ടി ചുരുട്ടുന്നത്.- കവി സ്വയം വെളിപ്പെടുന്ന ഒരു സന്ദര്‍ഭം: എന്തിലും അലിഞ്ഞലിഞ്ഞു തീര്‍ന്നിട്ടും/ നെഞ്ചേറ്റിയത് കൊടുംകയ്‌പ്പ്/ അധികമാവരുത് ഒരു നുള്ളുപോലും/ ചുമലേറ്റിയ വായ്‌വാക്കിലെല്ലാം/ ആഴിയുടെ അഗാധത തന്നെ കൂട്ട്- (കല്ലുപ്പ്). നമ്മുടെ ഉണര്‍വ്വുകളിലെ ഊര്‍ജ്ജരാഹിത്യത്തെ വിചാരണചെയ്യുന്ന കല്ലുപ്പ് പൊള്ളുന്ന ചോദ്യത്തില്‍ നീറ്റലനുഭവിക്കുന്ന ജന്മത്തിന്റെ നീക്കിയിരിപ്പാണ്.- (കേരള സാഹിത്യഅക്കാദമി, 45 രൂപ). ബ്ലോഗ് കവിത: എഴുത്ത് സ്വയം വിചാരണ നടത്തലാണ്. വാക്കിന്റെ അര്‍ത്ഥ സാധ്യതയിലൂന്നിയുള്ള ആത്മാന്വേഷണം തന്നെ. ബ്ലോഗെഴുത്തുകളില്‍ ഈ പ്രവണത കുറയുന്നു. കാരണം മറ്റൊരു നോട്ടം ഏല്‍ക്കാതെ വെളിപ്പെടുകയാണ് ബ്ലോഗുകളില്‍. ഇത് സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാണെന്ന് അംഗീകരിക്കുമ്പോഴും സര്‍ഗാത്മകതയുടെ വിസ്‌മയം നഷ്‌ടപ്പെടുകയാണ് പല ബ്ലോഗ് രചനകളിലും. ഇതിന് നിരവധി ഉദാഹരങ്ങള്‍ നല്‍കുന്നതാണ് ഈ ആഴ്‌ചയിലെ ബ്ലോഗെഴുത്തുകള്‍. വളരെ ശക്തമായ രചനകളെ കാണാതിരിക്കുകയോ, വായിക്കാതിരിക്കുകയോ ചെയ്യുന്നില്ല. അവയെ അതതിന്റെ ഗൗവരത്തോടെ അംഗീകരിക്കുന്നു. ബ്ലോഗ് കവിതകളില്‍ വേറിട്ടുനില്‍പ്പുകളിലേക്ക്. ഉറുമ്പിന്‍കൂട് എന്ന ബ്ലോഗില്‍ അന്‍വര്‍ അലി എഴുതിയ പവര്‍കട്ട് എഴുന്നേല്‌പിനെക്കുറിച്ചാണ്. അവനവനിലേക്ക് തന്നെയുള്ള തിരിഞ്ഞുനോട്ടമാണ് ഈ കവിത അനുഭവപ്പെടുത്തുന്നത്. അന്‍വര്‍ അലിയുടെ വരികളില്‍ നിന്നും: വരാന്ത വരാന്തയിലിരിക്കുന്നു/ ഇരുട്ടിന്റെ കവുങ്ങ്/ മടിയില്‍ കേറിയിരിക്കുന്നു/ കൂട്ടുകാരി അതില്‍നിന്നൊരു കുത്തുപാള തെറുക്കുന്നു- (പവര്‍കട്ട്). കവിതയുടെ അവസാനത്തിലെത്തുമ്പോള്‍ കവി സൂചിപ്പിക്കുന്നു: വരാന്ത എഴുന്നേല്‍ക്കുന്നു/ വീട്ടിലേക്കോ പുറത്തേക്കോ?. ജീവിതത്തെ തലകീഴയാക്കിപ്പിടിക്കുകയാണ് എഴുത്തുകാരന്‍. ഇന്ദ്രപ്രസ്ഥം ബ്ലോഗില്‍ മനോഹരന്‍ മാനിക്കത്ത് തുറന്നിട്ട ജാലകത്തിലൂടെ കണ്ണോടിക്കുന്നു. ജീവിതത്തിന്റെ വ്യത്യസ്‌ത ചിത്രങ്ങളാണ് മനോഹരന്‍ അവതരിപ്പിക്കുന്നത്. അതില്‍ കയ്‌പ്പും ചവര്‍പ്പുമുണ്ട്. മനോഹരന്റെ കവിത ശരീരത്തിലൂടെ ഇഴയുകയാണ്. ഒരിടത്ത് മനോഹരന്‍ സംശയിക്കുന്നു: ആരോഗ്യം നശിച്ച പേനയും/ വാലും തലയും നഷ്‌ടപ്പെട്ട/ കഥകളും കവിതകളും/ എന്നോട് പറയാന്‍ മടിക്കുന്നതെന്താണ്?. ബൂലോകകവിതാ ബ്ലോഗില്‍ സിനു കക്കട്ടില്‍ ഉള്ളെഴുതുകയാണ്. പുറംകാഴ്‌ചകളെ കവി നിഷേധിക്കുന്നു. ഒരു തരത്തിലുള്ള കവിതയുടെ മറുപുറംതപ്പല്‍. സിനു എഴുതുന്നു: ചിരിച്ചു തലയാട്ടുമ്പോഴും/ ഇലകള്‍ക്കറിയില്ലല്ലോ/ വേരുകളുടെ ജാരസംഗമങ്ങള്‍.- ഇങ്ങനെ സംശയഗ്രസ്‌തനാകുന്ന കവി സ്വയം കണ്ടെടുക്കുന്നു: എല്ലാമറിഞ്ഞിട്ടും/ എനിക്കറിഞ്ഞു കൂടാത്ത/ എത്ര ഞാനാണ്/ എന്റെയുള്ളില്‍-(ഉള്ളില്‍). ഗഫൂര്‍ കരുവണ്ണൂരിന്റെ ചേപ്ര ബ്ലോഗില്‍ നിന്നും ക്ലസ്റ്റര്‍ ബോംബ് എന്ന കവിത. അധ്യയനത്തിലേക്കും അധ്യാപനത്തിലേക്കും വെളിച്ചംപകരുന്ന ഒരു കവിത. പറഞ്ഞുശീലിക്കുന്ന ചില നുണകളുടെ ഉള്ള് തുറക്കുകയാണ് ഗഫൂര്‍ കരുവണ്ണൂര്‍. ക്ലാസ്‌മുറിയിലെത്തുന്ന നുണകളെക്കുറിച്ചാണ് കവി എഴുതുന്നത്: ചില നുണകള്‍/ ക്ലസ്റ്ററിലേക്ക് വരുമ്പോഴേക്കും/ പഴുത്തു പാകമായിട്ടുണ്ടാവില്ല/പറഞ്ഞു ഫലിപ്പിക്കാനുള്ള/ എഡിറ്റിംഗിന്റെ തിരക്കിലാവും.- നമ്മുടെ അറിവടയാളങ്ങളുടെ യാഥാര്‍ത്ഥ്യം തിരയുകയാണ് ഈ കവിത. കുട്ടികള്‍ മറന്നുവച്ച പുസ്‌തകത്തില്‍ ചില നുറുങ്ങുകളെങ്കിലും കയറിക്കിടക്കുന്നുണ്ടാവും എന്ന് ഗഫൂര്‍ തിരിച്ചറിയുന്നുണ്ട്. കാമ്പസ് കവിത: കാമ്പസ് കവിതയില്‍ പുതുശബ്‌ദങ്ങള്‍ തളിര്‍ക്കാതെയാണ് കഴിഞ്ഞ വാരം പിന്നിട്ടത്. മഴച്ചിന്തും യാത്രാമൊഴിയും സമസ്യയും തന്നെ മുഖ്യവിഷയം. കത്തുന്ന വര്‍ത്തമാന ജീവിതം കാമ്പസിന്റെ മനമുടച്ചില്ല. മഴച്ചിന്തുകള്‍ എന്ന രചനയില്‍ നിന്നും: ഉണങ്ങിയ ആകാശങ്ങളില്‍/ കൊടും വെയില്‍ പെയ്‌ത്/ തീക്കാറ്റു പടരാന്‍/ ഇനി വെറുതെ കാത്തിരിക്കുക-(സൈനുല്‍ ആബിദ്, കൊണ്ടോട്ടി- മാതൃഭൂമി മാഗസിന്‍). പലതും ഓര്‍മക്കേടായിമാറുന്ന ജീവിതമാണ് ഇവിടെ എഴുതുന്നത്. യാത്രാമൊഴിയില്‍ സൗദാബി എ. ടി കോട്ടക്കല്‍ മതവൈരമാണ് പ്രതിപാ ദിക്കുന്നത്. സനാതനധര്‍മം വിസ്‌മരിക്കുന്ന മനുഷ്യരെ നോക്കി കവി കണ്ണീരൊഴുക്കുന്നു: അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു/ നെയ്‌ത സ്വപ്‌നഗോപുരത്തിന്റെ/ ചില്ലുകള്‍ പൊട്ടിച്ചിതറി. തൂലിക മാസികയുടെ കാമ്പസ്‌പേജില്‍ കെ. എം. ഫസീല മൂര്‍ശിദ്, ഒറ്റപ്പാലം പഴയ സമസ്യയെ പുറത്തെടുക്കുന്നു. കവിതയില്‍ നിന്നും വാക്കുകള്‍ ഇറങ്ങി ഓടി- തെരുവുയുദ്ധം എന്നിങ്ങനെ ഫസീല മൂര്‍ശിദ എഴുതുമ്പോള്‍ മാസിക ദൂരെവെച്ച് വായനക്കാര്‍ ഓടുന്നത് കാണുന്നില്ല. കവിത അകക്കണ്ണിന്റെ ആലേഖനമാണ്. എല്ലാറ്റിനും മൂകസാക്ഷിയായ കവിയുടെ പേനത്തുമ്പില്‍ നിന്നും ചോരത്തുള്ളികള്‍ ഒഴുകുന്നു. കവി നടന്നുപോകുന്നത് ഒരു പിടിചാരം കാറ്റില്‍പറത്തിക്കൊണ്ടാണ്. ഫലീല മൂര്‍ശിദിന്റെ വരികള്‍: വാക്കുകള്‍പരി/ പേനത്തുമ്പില്‍ നിന്നിറ്റി വീഴുന്നത്/ ചോരത്തുള്ളികള്‍- (സമസ്യ). കവിതയുടെ കുതിപ്പാണ് കാമ്പസ് എഴുത്തുകളെ സജിവമാക്കുന്നത്. പക്ഷേ, കാമ്പസിലും ഇലകൊഴിയും കാലമെന്നാണ് ഈ ആഴ്‌ചത്തെ രചനകള്‍ നല്‍കുന്ന പാഠം. കാവ്യനിരീക്ഷണം: വി. സി. ശ്രീജന്‍ കാലി കപ്രസക്തിയുള്ള ഒരു വിഷയത്തിലേക്ക് നമ്മുടെ കവികളെ നടത്തിക്കുന്നു: ഭാഷയെന്ന നിലയില്‍ മലയാളവും കവിയെന്ന നിലക്ക് താനും അതിജീവിക്കാന്‍ വല്ല സാധ്യതയുമുണ്ടോ എന്ന് ഈയടുത്ത കാലംവരെ ഒരു കവിയും സ്വയം ചോദിച്ചു കാണുകയില്ല. കാരണം അത്ര സുരക്ഷിതമായ ഒരു ഭാഷയാണ് മലയാളമെന്നും അത്രതന്നെ ഭദ്രമായ കലയാണ് കവിതയെന്നുമായിരുന്നു എല്ലാവരുടെയും വിശ്വാസം. കാലം മാറിയതോടെ ഭാഷയുടെയും കവിതയുടെയും അടിത്തറ ഇളകിത്തുടങ്ങി. ഞാന്‍ എന്തിനു എഴുതുന്നു. കാലഹരണപ്പെട്ട ഈ സാഹിത്യകലയില്‍ എന്തിന് ഇനിയും പ്രവര്‍ത്തിക്കുന്നു തുടങ്ങിയ ചോദ്യങ്ങള്‍ എഴുത്തുകാര്‍ക്ക് അവഗണിക്കാന്‍ പറ്റാതായിട്ടുണ്ട്. ഒരു കവി പുതുതായി എഴുതുന്ന ഓരോ കവിതയിലും കവിതയെഴുത്തു തുടരാന്‍ എന്തു കൊണ്ട് തീരുമാനിച്ചു എന്നതിന്റെ ന്യായം കൂടിവേണം- (നിലാവില്‍ തിമിംഗിലമുയരുന്നു- മാധ്യമം, നവം.9). കവി അയ്യപ്പന് അറുപത് തികയുന്നു (താഹാ മാടായി- മലയാളം വാരിക,നവം. 6). ജീവിതത്തിന്റെ സാമ്പ്രദായികമായ എല്ലാ ഉള്ളടക്കങ്ങളെയും ഈ കവി നിരാകരിക്കുന്നു. നോവുകളെയെല്ലാം പൂവായി കാണുന്നു. തള്ളവിരല്‍ കടിച്ചുമുറിച്ച് സത്യവചസ്സിന്റെ രുചിയറിയുന്നു. വീടു വേണ്ടാത്ത ഈ കവി വാറുപൊട്ടിയ തന്റെ പാദരക്ഷകള്‍ കൊണ്ട് കാലത്തെ മുറിച്ചുകടക്കുന്നു.- ഈടുറ്റ വിശകലനമാണ് താഹ മാടായി നടത്തിയത്. അയ്യപ്പന്റെ കവിതകളും ജീവിതവും നമ്മുടെ അടുത്തിരുത്തി മനസ്സിലേക്ക് ചേര്‍ത്തുപിടിക്കുന്ന അനുഭവം. കവിതകള്‍ എഴുതുപ്പെടുന്നതുകൊണ്ടുമാത്രം കവിയാകുന്നില്ല. കവിത ഉള്‍ക്കൊള്ളുന്ന മനസ്സുകളും അനിവാര്യം. അയ്യപ്പന് ലഭിച്ച സുകൃതമാണത്.- നിബ്ബ്, ചന്ദ്രിക 8-11-2009
8 അഭിപ്രായങ്ങൾ:
വേദനയില്‍ നിന്നും കവിതയുടെ ഉപ്പ് കുറുക്കിയെടുക്കുന്ന എഴുത്തുകാരന്റെ പുസ്‌തകത്തിന് അനുയോജ്യമായ പേരു തന്നെ.
ശക്തമായ വരികള്‍ .
ശ്ശൊടാ
ഇവനെക്കൊണ്ട് വലിയ ശല്യമായല്ലോ
കൂട്ടുകാരാ
ഇത് വായിക്കാന്‍ തോന്നുന്നില്ല
വെറുതെ മറ്റുളളവരെ ദ്രോഹിയ്ക്കല്ലേ
വാണിമേല്‍,വായനക്കാരനെ കൊഞ്ഞനം കുത്തുന്നു താങ്കളുടെ ഈ ലേഖനം.വായിക്കാവുന്ന വിധത്തില്‍ ഖണ്ഡിക തിരിച്ചെഴുതിയാല്‍ എത്ര നന്ന്...
പ്രിന്റിനു വേണ്ടി എഴുതുന്നതാണെന്ന വാദം ഇരിക്കെത്തന്നെ അതുമുഴുവന്‍ ബ്ലോഗില്‍ പോസ്റ്റു ചെയ്ത് വായനക്കാരെ ബോറടിപ്പിക്കുന്നതെന്തിന് എന്ന ചോദ്യവും താങ്കള്‍ നേരിടും എന്ന് കരുതുന്നു.വേണേല്‍ വായിച്ചാല്‍ മതി എന്ന ലൈനാണെങ്കില്‍ കഷ്ടം എന്നേ പറയാനുള്ളൂ
മനോഹരന്റെ കവിത ശരീരത്തിലൂടെ ഇഴയുകയാണ്. ഒരിടത്ത് മനോഹരന്‍ സംശയിക്കുന്നു: ആരോഗ്യം നശിച്ച പേനയും/ വാലും തലയും നഷ്‌ടപ്പെട്ട/ കഥകളും കവിതകളും/ എന്നോട് പറയാന്‍ മടിക്കുന്നതെന്താണ്?.
ശരിയാണ് ....വായിച്ചിരുന്നു അദ്ദേഹത്തിന്റെ ബ്ലോഗില്‍ !
എന്റെ സൂപ്പര്‍ ബ്ലോഗര്‍ സുഹൃത്തേ, എഴുതുന്നത് മുഴുവനും ബ്ലോഗില്‍ പോസ്‌റ്റ് ചെയ്യുന്നില്ലെന്ന് ആദ്യമേ താങ്കളെ അറിയിക്കുന്നു. പാരഗ്രാഫ് തിരിച്ചു കൊടുത്തിരുന്നു. ചില സാങ്കേതികപ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ അതങ്ങ് ഒഴിവാക്കി. ഇതൊന്നും താങ്കളുടെ വാദഗതിക്കുള്ള ന്യായീകരണമല്ല. തല്‍ക്കാലം ചെയ്യാന്‍ കഴിയുന്നത് അതങ്ങ് അവതരിപ്പിക്കുന്നു. പിന്നെ ബോറ് അതൊക്കെ താങ്കളെപ്പോലുള്ള വലിയവരുടെ വിധി. അത് ഏറ്റെടുക്കുന്നു. ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും പ്രയോജനപ്പെടുമോ? അറിയില്ല. കാലം തീരുമാനിക്കട്ടെ. നല്ലതേ ചെയ്യൂ എന്നുന്നില്ലാലോ!! സ്‌പെഷ്യലിസ്റ്റുകളുടെ അടുത്തു പോകുന്നതിനുമുമ്പ് ജനറല്‍ മെഡിസിന്‍ ഒന്നു നോക്കുന്നതും നല്ലതാണേ.. താങ്കളുടെ ഗൗരവ വായനയോട് ആദരവോടെ. നന്ദി.
കിച്ചുവിന് മറ്റുള്ളവര്‍ താന്‍ ജീവിക്കുന്നതുപോലെ ആയിരിക്കണമെന്ന് ആഗ്രഹിക്കാം. ശരി. അതുപോലെ മറ്റുള്ളവര്‍ക്കും ആഗ്രഹമുണ്ടാകില്ലേ. അപ്പോള്‍ ശല്യം എന്ന വാക്കിന് അര്‍ത്ഥം എവിടംവരെയാണ്. റോഡിലൊക്കെ എന്തൊക്കെ നമുക്ക് ഇഷ്ടമില്ലാത്തത് കാണുന്നു. ആ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി ഒഴിവാക്കാം. കിച്ചു മറ്റുള്ളവര്‍ക്ക് ശല്യമാകാന്‍ ഇടവരാതിരിട്ടെ എന്ന പ്രാര്‍ത്ഥനയോടെ, സ്‌നേഹപൂര്‍വ്വം.
മാഷേ,
ഗൌരവ പൂർവ്വം വായിക്കുന്നു.സൂചനകളിൽ നിന്ന് കുറച്ചുകൂടെ ആഴത്തിൽ സഞ്ചരിക്കാമെന്ന് തോന്നി.കവിതകളുടെ തലക്കെട്ടും നാലഞ്ചു വരികളെയും പരിചയപ്പെടുത്തുന്നതിനപ്പൂറം താങ്കൾ സഞ്ചരിച്ചെങ്കിലെന്ന് ആഗ്രഹിക്കുന്നു. എന്റെ പരിമിതമായ വായനയിൽ താങ്കളുടെ പുസ്തകങ്ങൾ ബ്ലോഗിൽ നാം കണ്ടുമുട്ടുന്നതിനു മുൻപ് തന്നെ ഉൾപ്പെട്ടിരുന്നൂവെന്നത് അദൃശ്യമായ ഒരു സൌഹൃദത്തിന്റെ സാന്നിദ്ധ്യം പങ്കുവയ്ക്കുന്നുണ്ട്, അതിനാലാണീ കുറിപ്പ്.
കൂട്ടുകാരാ, അടുത്തറിഞ്ഞതില്‍ സന്തോഷം. നിബ്ബ് പത്രത്തിലെ കോളമായതിനാല്‍ വലിയ ആഴത്തില്‍ പോകാറില്ല. ഞങ്ങളുടെ വായനക്കാരെ മുന്നില്‍ കാണുന്നു. ഇനി മുതല്‍ താങ്കള്‍ സൂചിപ്പിച്ചതുപോലെ കുറച്ച് ആഴത്തിലും വിശാലതയിലും പോകാം. അപ്പോള്‍ രചനകളുടെ എണ്ണം കുറയ്‌ക്കണം. പത്രത്തില്‍ സ്ഥലപരിമിതി.ുണ്ട്. എങ്കിലും താങ്കളൊക്കെ വായിക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം. നന്ദി.
ഒരു അഭിപ്രായം പോസ്‌റ്റ് ചെയ്യൂ