27/4/07

വിരുന്ന്

വേനല്‍ചപ്പ്‌ എരിഞ്ഞമര്‍ന്ന നനഞ്ഞ ചാമ്പലില്‍
പാതിയുടല്‍ മറച്ചുറങ്ങിയ പാണ്ടന്‍പട്ടി
പതിവില്ലാതെ ഉച്ചത്തില്‍ മോങ്ങിയത്‌
പുറകിലെ തൊടിയില്‍ കുത്തിച്ചുടാനെ കേട്ടാണോ
എന്നു തിട്ടമില്ലാഞ്ഞു
പൊട്ടി വന്ന കൊക്കരക്കൊ ഉള്ളിലടക്കി
പുള്ളിച്ചിയേം മക്കളേം ഉണര്‍ത്താതെ
കൂടിന്റെ ഇത്തിരിപ്പാളി വെട്ടത്തിലേക്കു
പൂവന്‍ എത്തിച്ചു നോക്കി.

മുത്തശ്ശി മാവില്‍
കൂടൊഴിയുന്നവരുടെ കലപില .
കാളിപ്പയ്യ്‌ ചുരന്നതും മറന്ന്
മുഖമുയര്‍ത്തി വാട്ടം പിടിച്ചു.
വിളിക്കേണ്ടോരുടെ കണക്കെടുത്ത്‌
ആഞ്ഞിലിക്കൊമ്പിലെ കാക്കച്ചി
പടിക്കലേക്കു ചെരിഞ്ഞു നോക്കി.

പയ്യും പൂവനും പുള്ളിച്ചിയും പാണ്ടനും
വിരുന്നു മണത്തു ക്ഷമയോടെ കാത്തു.
ഇളംതിണ്ണയില്‍
വെറ്റിലയും കോളാമ്പിയും ഒന്നിച്ചു വരണ്ടു.
പടിഞ്ഞാറേത്തൊടിയില്‍
വേനല്‍ ചപ്പു പിന്നെയും ആളിയടങ്ങി .
ഉടയോനില്ലാമണിയൊച്ചകളില്‍
കാക്കക്കരച്ചില്‍ മുങ്ങിപ്പോയി .

പിന്നെയെപ്പോഴോ
അജ്ഞാതരായ അനേകം അതിഥികള്‍
വിരുന്നുപുരയില്‍
നിശ്ശബ്ദമായി വിരുന്നു തുടങ്ങി,
ആതിഥേയനില്ലാതെ...

4 അഭിപ്രായങ്ങൾ:

Jyothi P പറഞ്ഞു...

പിന്നെയെപ്പോഴോ
അജ്ഞാതരായ അനേകം അതിഥികള്‍
വിരുന്നുപുരയില്‍
നിശ്ശബ്ദമായി വിരുന്നു തുടങ്ങി,
ആതിഥേയനില്ലാതെ...

അനിലന്‍ പറഞ്ഞു...

നട്ടുച്ചയുടെ നിശ്ശബ്ദത... നാമം ജപിക്കുന്ന പൂഴിത്തവളകള്‍. കാറ്റില്‍ കിലുങ്ങുന്ന മരങ്ങള്‍.. ഒക്കെ ഓര്‍മ്മ വന്നു.
സന്തോഷം.

vishak sankar പറഞ്ഞു...

വൃത്തനിബദ്ധമായ മുന്‍ കവിതയെക്കാള്‍ എറെ ഇഷ്ടമായി അത്തരം ആഭരണങ്ങളോന്നുമില്ലാതെ വാക്കുകള്‍ നഗ്നമായി സ്വയം വെളിപ്പെട്ട ഈ കവിത.തീവ്രമായ ഈ വായനാനുഭവത്തിന് നന്ദി.

G.manu പറഞ്ഞു...

Sundaramaya kavitha