14/11/07

അലക്ക്‌


നിറുകയില്‍
‍വേനല്‍ തിളച്ച നട്ടുച്ചയ്ക്ക്‌
മുന്നറിയിപ്പില്ലാതെ
അലക്കുയന്ത്രം അനങ്ങാതായി.

കറങ്ങിമടുത്ത അഴുക്കിന്‌
അടിത്തട്ടില്‍ വിശ്രമം.
ജാക്കറ്റില്‍നിന്നൊരു ഹുക്കും
പോക്കറ്റില്‍ നിന്നൊരു തുട്ടും
പതനുരയില്‍ താഴേയ്ക്ക്‌.

തുണികള്‍ വ്യാകുലരായി
യന്ത്രം ധ്യാനത്തിലും


ഉഷ്ണം പഴുപ്പിച്ച ഉടലുകള്‍
അകായില്‍ ഉറകളൂരി
ഊഴം കാത്ത്‌ പെരുകുന്ന ഉറകള്‍
‍കുതിര്‍ന്ന ഉടലുകള്‍
പ്രാചീനമൊരു വംശസ്മൃതിയില്‍
സാകല്യം.
യന്ത്രസമാധി.

അന്തിയ്ക്കറച്ചു നില്‍ക്കാതെ
'അമ്രാളേ' വിളിയില്ലാതെ
തലമുറകള്‍ക്കപ്പുറത്തുനിന്നെത്തി
ഉള്ളും ഉടലും ഉറകളും
ഒന്നൊന്നായലക്കി
ആവാഹിച്ചടങ്ങിയവനെ
അരുമയോടെ നോക്കി
അവള്‍ പടിയിറങ്ങുമ്പോള്‍
വെളുത്തിരുന്നു.

3 അഭിപ്രായങ്ങൾ:

P.Jyothi പറഞ്ഞു...

യന്ത്രസംസ്കാരത്തിന്റെ പുഴുക്കത്തിലും പെരുക്കത്തിലും നാം അറിയാതെ തന്നെ ആവാഹിച്ചുവരുത്തുന്ന ചില ജൈവസാന്നിദ്ധ്യങ്ങള്‍ക്കായി......

എന്റെ ഇഷ്ടകവിത.മാധ്യമത്തിലും പുഴയിലും ജ്യോതിസ്സിലും വന്നത്‌.
അലക്ക്‌

ആരോ ഒരാള്‍ പറഞ്ഞു...

ഉള്ളും ഉടലും ഉറകളും
ഒന്നൊന്നായലക്കി
ആവാഹിച്ചടങ്ങിയവനെ
അരുമയോടെ നോക്കി
അവള്‍ പടിയിറങ്ങുമ്പോള്‍
വെളുത്തിരുന്നു.

നല്ല കവിത. പറഞ്ഞതിലേറെ വായിക്കപ്പെടുന്നു.
അടിയൊഴുക്കളെ കാണാതെ പോവുന്നതെങ്ങനെ

വിശാഖ് ശങ്കര്‍ പറഞ്ഞു...

അലക്കെന്നു കേട്ടപ്പൊ മനസ്സു കുഴൂരെത്തി ഒരു വിത്സനെയും കൂട്ടി കടല്‍ത്തീരത്തു പോയി രണ്ട് എണ്ണം അടിച്ചെല്ലാം അലക്കിവെളുപ്പിച്ച് അന്നുതന്നെ തിരികെ വന്നു.

ഇഷ്ടമായി ഇതും.