വിഷ്ണു പ്രസാദ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിഷ്ണു പ്രസാദ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

1/10/12

ഞാനുണ്ട്,ഞാനിപ്പോഴുമുണ്ട്...

ഉരുകുന്നു.
നടന്നുപോവുന്ന ആ പെണ്‍കുട്ടി
നടുറോട്ടില്‍ ഉരുകിയുരുകി ഒലിക്കുന്നു.
അവളുടെ പച്ചപ്പാവാട
ഉരുകിപ്പരക്കുന്നു.
നിമിഷം മുന്‍പ്
അരയ്ക്കു താഴെ ഉരുകിപ്പോയതിനാല്‍
അവള്‍
പച്ചപ്പാവാട വട്ടത്തില്‍
കൂമ്പി നില്‍ക്കുന്ന ജലപുഷ്പം.
ഇപ്പോള്‍ ഈ നിമിഷത്തില്‍
ആ പകുതിയും
ചിതറിച്ചിതറിപ്പോകുന്നു.
നടന്നു വരുന്ന മനുഷ്യരെല്ലാം
പൊടുന്നനെ അരയോളം
ഉരുകിയവരായി നിരത്തില്‍
മുറിഞ്ഞുവീഴുന്നു.
ഒഴുകിയൊഴുകി വരുന്ന ആ‍ കാറ്,
അതിനു പിന്നിലെ അസംഖ്യം കാറുകള്‍
അലിഞ്ഞലിഞ്ഞ് പോകുന്നു.
വരുന്ന വരവില്‍ത്തന്നെ
അവയുടെ തലവിളക്കുകളുടെ
വെളിച്ചങ്ങളില്‍ നിന്ന്
നിറങ്ങള്‍ ♫♫♫♫♫ എന്ന്
പറന്നുപോവുന്നു.
കെട്ടിടനിരകള്‍ അവയുടെ
നിറങ്ങളും ഘടനയും ഉപേക്ഷിച്ച
കേവലഘടനകളാവുന്നു.
അവയും
ആ ചതുരങ്ങളും ദീര്‍ഘചതുരങ്ങളും
ത്രികോണങ്ങളും വൃത്തങ്ങളും
ഇളകിപ്പറക്കുന്നു.
മങ്ങിമങ്ങിമങ്ങി മറയുന്നു.
ആളുകള്‍ വന്നിരിക്കാറുള്ള
ഈ പാര്‍ക്കിലെ
മുഴുവന്‍ ചെടികളില്‍ നിന്ന്,
മുഴുവന്‍ പൂക്കളില്‍ നിന്ന്,
മുഴുവന്‍ പൂമ്പാറ്റകളില്‍ നിന്ന്
അവയുടെ നിറങ്ങള്‍ ഇറങ്ങിപ്പോവുന്നു.
ആകൃതികള്‍ മാത്രം അവശേഷിപ്പിച്ച്
ദ്രവ്യം അതിന്റെ പാട്ടിനു പോവുന്നു.
സുതാര്യതയുടെ ഒരു കടല്‍.
തിരകളുടെ തുമ്പുകളിലെങ്ങാനും
ബോധത്തിന്റെ മീനുകള്‍ കണ്ടേക്കാം


വിദൂരതിയില്‍ നിന്ന് തുടങ്ങിയ ഉരുക്കം
എല്ലാം തകര്‍ത്ത്
ഞാനിരിക്കുന്ന ഈ ഹോട്ടലിനെ സമീപിക്കുന്നു.
എനിക്ക് ചായ അടിക്കുന്ന
ആ മനുഷ്യന്‍ നിന്ന നില്പില്‍
അലിഞ്ഞലിഞ്ഞു പോവുന്നു.
മുന്നിലെ എല്ലാ മേശകളും
ആളുകളും ഉരുകിയുരുകി മായുന്നു.
ഈ മേശപ്പുറത്തുവെച്ച എന്റെ വിരലുകള്‍
ഒരു നിറവുമില്ലാത്ത
ഒരു മണവുമില്ലാത്ത
അഞ്ചുനദികളായി വിരലറ്റങ്ങളില്‍ നിന്ന്
പൊട്ടിപ്പുറപ്പെട്ട് ഒഴുകുന്നു.
ഇളകുന്ന വെള്ളത്തിലെ
തെങ്ങിന്‍ നിഴലുപോലെ
ഉടയുന്നു,
ചിതറുന്നു,
മായുന്നു.
ഞാനുണ്ട്,
ഞാനിപ്പോഴുമുണ്ട്...


29/1/12

റാ

ററററററററ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചെഴുതുന്നു
എല്ലാ റ കളും വരിക്ക് നില്‍ക്കുന്നു
എല്ലാ റ കളുടെയും നടയിലൂടെ ഒരു കാര്‍ കടന്നുപോവുന്നു
റ കള്‍ അവയുടെ കാലുകള്‍ അകറ്റിവെക്കുന്നു
ഒരു പാണ്ടിലോറി കടന്നുപോവുന്നു
ഒരു വെടിയുണ്ട ചീറിപ്പായുന്നു
മറുതലയ്ക്കല്‍ നടന്നുപോവുന്ന ഒരാള്‍ മരിച്ചുവീഴുന്നു
മരിച്ചവന്റെ ചുറ്റും ആളുകള്‍ ഓടിക്കൂടി
ഇങ്ങേത്തലയ്ക്കലേക്ക് നോക്കുന്നു
ഇങ്ങേത്തലയ്ക്കല്‍ ഒരു പീരങ്കി സജ്ജമാവുന്നു
വെടി പൊട്ടുന്നു
റ കള്‍ ആകാശത്ത് ചിതറുന്നു
എല്ലാം കൂടിച്ചേര്‍ന്ന് ഒരു പൂവായ്
നഗരത്തിനുമുകളില്‍ നില്‍ക്കുന്നു
ഇതളിതളായ്
എല്ലാ റകളെയും ഒരു കൊക്കയിട്ട് വലിച്ച്
താഴെ എത്തിക്കുന്നു
നിരത്തി നിര്‍ത്തി ഉത്സവത്തിനു കൊണ്ടുപോയാലോ
എന്ന് ചിന്തിക്കുന്നു,വേണ്ടെന്ന് വെക്കുന്നു.
എല്ലാ റകളെയും വരിക്കു നിര്‍ത്തി ഒരു ഒളിച്ചുകളി
ആരംഭിക്കുന്നു.
എല്ലാവരുടെ കയ്യിലും തോക്ക്
എല്ലാവരും ശത്രുക്കള്‍
കണ്ടാലുടന്‍ വെടി
ഓരോ റയുടെ കാലിലും ഓരോരുത്തര്‍
ഒളിഞ്ഞുനില്‍ക്കുന്നു,പാളിനോക്കുന്നു
ഓരോന്നിനെ ഓരോന്നിനെ തട്ടി മുന്നേറുന്നു
അവസാനത്തെ റയുടെ കാലും വെടിപ്പാക്കി
വിജയസൂചകമായ ചിഹ്നം കാണിച്ച്
കാമുകിയെകെട്ടിപ്പിടിച്ച് ഉമ്മവെച്ചുകൊണ്ടിരിക്കുമ്പോള്‍
ഒരു കള്ള റ പിന്നില്‍ നിന്ന് ഒറ്റ വെടിയാണ്

മരിച്ചുവീഴുന്നു
എല്ലാ റകളും ഒരു പുഷ്പചക്രമായി
എന്റെ നെഞ്ചത്തുകേറുന്നു
മരിച്ചവര്‍ക്കുവേണ്ടി പ്രത്യേകം തയ്യാര്‍ ചെയ്ത
കള്ളക്കരച്ചില്‍ എനിക്കും കിട്ടുന്നു
ചടങ്ങുകള്‍ക്കുശേഷം ഒരു റ അവളെ/എന്റെ കാമുകിയെ
പൊക്കിയെടുത്ത് ഹേയ് എന്ന ആഹ്ലാദശബ്ദം പുറപ്പെടുവിച്ച്
ഉമ്മവെക്കുന്നു
പുണരുന്നു
ഇറുകെപ്പുണരുന്നു
പിടുത്തം വിടാതെ അടുത്തുകണ്ട മുറിയിലേക്ക് പോകുന്നു
വാതിലടയുന്നു

അവള്‍ ഒരു റയുടെ പുറത്തേറി നഗരം ചുറ്റുന്നു
ആകാശത്ത് ഒരു ഒരു റ വിരിഞ്ഞ്
റ ഭരണം പ്രഖ്യാപിക്കുന്നു
ഞാന്‍ മണ്ണിനടിയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു
എന്റെ ആത്മാവ് റ ആകൃതിയില്‍
ഒരു രാത്രി പുറത്തിറങ്ങുന്നു
അവളുടെ വാതിലില്‍ മുട്ടിവിളിക്കുന്നു
റ എന്നു കരുതി അവള്‍ സ്വീകരിക്കുന്നു
ഞാനാരാണെന്ന് അവളോട് പറയുന്നു
അവള്‍ പേടിക്കുന്നു
ഞാനെന്റെ റ -കാലുകളിലിട്ട്
അവളെ ഞെക്കിഞെക്കിക്കൊല്ലുന്നു
പറന്നുപറന്നു പോകുന്നു
കറുത്തരാത്രിയുടെ റ
റാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

24/5/10

കാപ്പിപ്പൂക്കളുടെ മണം

കാപ്പിമരങ്ങള്‍ക്ക് മീതെ
കോടമഞ്ഞിന്റെ പാട വകഞ്ഞ്
കാപ്പിപ്പൂക്കളുടെ മണത്തില്‍
ഡങ്കട്ടക്കാ ഡങ്കട്ടക്കാ കൂയ് കൂയ് കൂയ്
ആ‍‌അ‌അ‌അ ആ‍‌അ‌അ‌അ ആ‍‌അ‌അ‌അ എന്ന്
ഒരു പണിയക്കളി ആടിയാടി വരുന്നുണ്ട്


കവാത്ത്‌പണിക്കു വന്നിരുന്ന കെമ്പന്‍
അട്ടകടിക്കാതിരിക്കാനുള്ള വലിയ ഷൂസും
കവാത്തുകത്തിയുമായി തോട്ടത്തിലൂടെ പോയതാണ്
പണിമാറ്റി പോയത് നേരാണെങ്കില്‍
ഏതെങ്കിലും പ്രഭാതത്തില്‍
വളഞ്ഞ കാലുകള്‍ മുന്നോട്ട് വെച്ച്
ടക് ടക് എന്നു വരേണ്ടതാണ്.
.
വര്‍ഷങ്ങള്‍ കഴിഞ്ഞു
പടരുന്ന **റെക്കകള്‍ ആരോ കോതുന്നു
ബലമില്ലാത്ത*കമ്പിച്ചീറുകള്‍ ആരോ ഒടിച്ചുകളയുന്നു
ഒച്ചകേട്ട ദിക്കിലേക്ക് നോക്കുമ്പോള്‍
ഒരു കറുത്ത കുള്ളന്‍ കാപ്പിത്തോട്ടത്തിലെ ഇരുട്ടായി മാറുന്നു.

ഇടിയും മഴയും...
ചരിഞ്ഞ കുന്നില്‍ നിരന്നു നിന്നിരുന്ന
പണിയരും പണിച്ചികളും
കുള്ളന്‍‌കാപ്പിമരങ്ങളായി .
കാപ്പിമരങ്ങളായ പണിയര്‍
മനുഷ്യരായ പണിയന്മാരെ
കാപ്പിത്തോട്ടങ്ങളിലേക്ക് വിളിച്ചു.
തലമുറ തലമുറയായി അവര്‍
കാപ്പിത്തോട്ടങ്ങളിലേക്ക് ഒഴുകി
ചിലപ്പോള്‍ കാപ്പിത്തോട്ടം
ചുവന്നുരുണ്ട കാപ്പിപ്പഴങ്ങളുടെ
വളകളണിഞ്ഞ കാപ്പിക്കൈകള്‍ കാട്ടി.
അനേകം പണിയരുടെ കൈകള്‍
ഓരോ കാപ്പിച്ചുവട്ടില്‍ നിന്നും പൊന്തിവന്നു.
കാപ്പിപ്പഴങ്ങളുടെ വളകള്‍ അഴിഞ്ഞഴിഞ്ഞ്
ചാക്കുകളും കുട്ടകളും നിറഞ്ഞു.
കാപ്പിപ്പഴങ്ങള്‍ തമ്പ്രാന്റെ മുറ്റത്ത്
ഉണങ്ങുകയും കറുക്കുകയും ചെയ്തു.
ഒരു ടില്ലര്‍ വന്നു കയറുംവരെ
മുറ്റത്തെ കുഴികളില്‍ പണിയര്‍ കാപ്പിക്കുരു
കുത്തിക്കൊണ്ടിരുന്നു:സ്സെ..സ്സെ..സ്സെ..

കാപ്പിത്തോട്ടത്തില്‍ ഒറ്റയ്ക്ക് പോയാല്‍
മൊട്ടുകളും കവരകളുമുള്ള കാപ്പി
പണിയനോ പണിച്ചിയോ ആയി
അനങ്ങിത്തുടങ്ങും.
സൂക്ഷിച്ചുനോക്കിയാല്‍
‘’എനായ്ത്തവാ എന്ന്ചോദിക്കും.


പുതുമഴേന്റെ പിറ്റേന്ന്
തലമുറകളുടെ സുഗന്ധം കാപ്പിത്തോട്ടങ്ങള്‍ക്കു
മുകളിലൂടെ പറന്നു
കാപ്പിമരങ്ങള്‍ അവയുടെ വായ തുറന്ന്
വെളുവെളുത്ത പല്ലുകള്‍ കാട്ടിച്ചിരിച്ചു.
കുന്നുകയറുന്ന വണ്ടിയിലിരുന്ന്
കാപ്പിത്തോട്ടങ്ങളുടെ ചിരി കണ്ടു.
പൊരിച്ചാക്കുകള്‍ മറിഞ്ഞുകിടക്കുന്ന മാതിരി.




**റെക്ക-ഭൂമിക്ക് തിരശ്ചീനമായി വളരുന്ന പാര്‍ശ്വശാഖകള്‍
*കമ്പിച്ചീറ്-കമ്പച്ചികിറ്,തായ്ത്തടിയില്‍ നിന്ന് പൊട്ടി ലംബമായി വളരുന്ന ചെറുശിഖരങ്ങള്‍

11/10/09

നട്ടുച്ചകളുടെ പാട്ട് അഥവാ മീന്‍ പൊരിക്കുന്ന മണം

അമലനഗര്‍ ഹൌസിങ് കോളനിയില്‍
അന്‍പത്തൊന്ന് വീടുകളുണ്ട്.
അന്‍പത്തൊന്ന് വീടുകള്‍ക്കിടയില്‍
തണുത്ത് തണുത്ത് ചത്ത വഴിയുണ്ട്.

ഒരു ദിവസം നട്ടുച്ചയ്ക്ക് നമ്മുടെ പിച്ചക്കാരന്‍
അതിലൂടെ പോവുകയാണ്.
അന്‍പത്തൊന്ന് വീടുകളും അപ്പോള്‍
മീന്‍ വറുക്കുന്ന മണത്തെ പ്രക്ഷേപണം ചെയ്തു

9/6/09

സൂര്യന്‍

രാവിലെ എഴുന്നേറ്റപ്പോള്‍
എനിക്കൊരു സൂര്യനെ കിട്ടി
ഞാ‍നെന്റെ കാറെടുത്ത്
അതിവേഗം ഓടിച്ചുപോയി
അതിനെ കാട്ടില്‍ കൊണ്ടുപോയി വിട്ടു..
മരങ്ങള്‍ക്കും കൊമ്പുകള്‍ക്കുമിടയില്‍ കുടുങ്ങി
അത് നൂ‍ലുനൂലായി പിരിഞ്ഞ്
എന്റെ പിന്നാലെകുതിച്ചു

പിന്നെയും എഴുന്നേറ്റപ്പോള്‍
എനിക്കൊരു സൂര്യനെ കിട്ടി.
ഞാ‍നെന്റെ കാറെടുത്ത്
അതിവേഗം ഓടിച്ചുപോയി
അതിനെ കടലില്‍ കൊണ്ടു പോയാക്കി.
തിരകള്‍ അതിനെ തട്ടിത്തട്ടി
കരയിലേക്കു തന്നെ വലിച്ചെറിഞ്ഞു.

ഇന്നും എഴുന്നേല്‍‌ക്കുമ്പോള്‍
എനിക്കൊരു സൂര്യനെ കിട്ടി.
ഞാനതിനെ കുന്നുകളുടെ
മണ്ടയില്‍ കൊണ്ടുപോയിവെച്ചു.
അതിവേഗം കാറോടിച്ച് തിരിച്ചു വരുമ്പോള്‍
അത് എന്റെ പിന്നാലെ ഉരുണ്ടുരുണ്ടു വന്നു.

എല്ലാ ദിവസവും എഴുന്നേല്‍‌ക്കുന്നതുകൊണ്ടാണീ പ്രശ്നം.
ഒരു ദിവസം എഴുന്നേല്‍ക്കുകയില്ലെന്ന്
ഞാനൊരു കടുത്ത തീരുമാനമെടുക്കും.
അന്ന് സൂര്യന്‍ എന്തു ചെയ്യുമെന്നറിയാമല്ലോ...

1/10/08

ങുര്‍‌ര്‍

ഉപേക്ഷിക്കപ്പെടുന്നതിന്‍ മുന്‍പ്
പൂച്ചക്കുട്ടിയുടെ ദയനീയമായ നോട്ടമുണ്ട്.
കട്ടു തിന്നത്,
അടുക്കളയിലും കിടപ്പുമുറിയിലും
അപ്പിയിട്ടത്,
വെറിപിടിച്ച് മീന്‍ തിന്ന്
വാതില്‍പ്പടിയില്‍ ഛര്‍ദ്ദിച്ചു വെച്ചത്,
പാലുതിരഞ്ഞ് പാത്രങ്ങള്‍ തട്ടിമറിച്ചത്...
ഒന്നും ഉപേക്ഷിക്കപ്പെടാനുള്ള
കാരണങ്ങളായിത്തീരുമെന്ന്
അതു വിചാരിച്ചു കാണില്ല.
ഉപേക്ഷിക്കപ്പെട്ടതിനു ശേഷവും
ഒരു ങുര്‍‌ര്‍ ഒച്ച അരികില്‍
ചുരുണ്ടുകിടക്കുന്നുണ്ടോ എന്ന്
ഉറക്കത്തില്‍ നിന്നെഴുന്നേറ്റ്
പരതുമ്പോഴാണ്,
അപ്പോള്‍ മാത്രമാണ്,
സ്വന്തം ക്രൂരത ഒരാള്‍ക്ക്
വെളിപ്പെട്ടുകിട്ടുന്നത്...

3/7/08

ഉണ്ണാമന്‍

പടിപ്പുരയില്ല
കുളിപ്പുരയില്ല
വണ്ടിപ്പുരയില്ല
പശുത്തൊഴുത്തില്ല
പശുക്കളുമില്ല

ഇതൊന്നുമില്ലാത്ത വീട് വീടേയല്ല

തറവാടിത്തത്തിന് ചേര്‍ന്ന മട്ടില്‍
വീടിന് ചില പരിഷ്കാരങ്ങള്‍ വരുത്താന്‍
ഉണ്ണാമന്‍ തീരുമാനിച്ചു

ഒന്ന് തീരുമാനിച്ചാല്‍
അത് നടപ്പാക്കിയേ അടങ്ങൂ
അതാണ് ഉണ്ണാമന്‍ .

പണിക്കരെ വരുത്തി
സ്ഥാനം നോക്കി
കുറ്റിയടിച്ചു
പടം വരപ്പിച്ചു
പണി തുടങ്ങി

അപ്പോഴാണ് ഒരു പന്തിയില്ലായ്മ:
പണമില്ല.

പണമില്ലെങ്കിലും തലയുണ്ടല്ലോ
എന്നായി ഉണ്ണാമന്‍

വീടിന്റെ ഒരുഭാഗം പൊളിച്ച് പടിപ്പുര
മറുഭാഗം പൊളിച്ച് കുളിപ്പുര
വേറൊരുഭാഗം പൊളിച്ച് വണ്ടിപ്പുര
വേറൊരുഭാഗം പൊളിച്ച് കന്നാലിപ്പുര
വീട് മാത്രം ഇല്ലാതായി

ഇനി എന്തു പൊളിച്ച് വീടുണ്ടാക്കും എന്ന
ആലോചനയിലാണിപ്പോ ഉണ്ണാമന്‍

24/5/08

തള്ള

ഭര്‍ത്താവു മരിച്ചതാണ്.
അറുപതിലേറെ പ്രായവുമുണ്ട്.
കുഞ്ഞുങ്ങളെ നോക്കാനാണ് വരുന്നത്.
എന്നാലും എന്നെ കാണുമ്പോള്‍
അവര്‍ക്കൊരു ചിരി വരും,
അവര്‍ക്കൊരു നാണം വരും.
ഇന്നലെയും വന്നു അത്.
നോക്കുമ്പോള്‍ അവരുണ്ട്
കണ്ണെഴുതിയിരിക്കുന്നു.
വെപ്പുപല്ലുകള്‍ക്ക്
വല്ലാത്ത വെണ്മ.
അപ്പോഴാവണം ഒരറപ്പ്,
കുളിമുറിയിലെ ഒച്ച്,
എന്റെയുള്ളില്‍ അരിച്ചരിച്ചുപോയി.
അതില്‍പ്പിന്നെ
എഴുതാനിരിക്കുമ്പോഴും
വായിക്കാനിരിക്കുമ്പോഴും
ഏകാഗ്രതയില്ല.
നേരേ ചൊവ്വേ ഒന്ന് തൂറാന്‍ പോലും
ഏകാഗ്രത വേണം.
അവര്‍ അകത്ത് അടിച്ചു വാരുമ്പോള്‍
ചൂല് തറയില്‍ തട്ടിയുണ്ടാകുന്ന ഒച്ചയില്‍
എന്നെ പരിഗണിക്കുമ്പോലെ എന്തോ ഒന്ന്...
അവര്‍ കുട്ടികളോട് വര്‍ത്തമാനം പറയുമ്പോള്‍
അവിടവിടെ കലര്‍ത്തുന്ന ചിരിക്ക്
എന്റെ ചെവികളിലേക്ക്
ഉന്നം പിടിക്കുമ്പോലെ ഒരു ഒരു...

4/5/08

പൂച്ചമ്മ

കുറിഞ്ഞിപ്പൂച്ച പ്രസവിച്ചു
മൂന്ന് കുഞ്ഞുങ്ങള്‍
സിസേറിയനായിരുന്നില്ല
സ്കാനിങ്ങുകളോ ടെസ്റ്റുകളോ
ഒന്നും വേണ്ടിവന്നില്ല.
കണ്ടന്‍ പൂച്ച പ്രസവമുറിക്കുപുറത്ത്
ടെന്‍ഷനടിച്ച് സിഗരട്ട് വലിച്ച് നടന്നിരുന്നില്ല.
രക്തം നല്‍കാന്‍ ആളെ ഏര്‍പ്പാടാക്കിയിരുന്നില്ല.

തട്ടിന്‍ പുറത്ത് കരച്ചില്‍ കേട്ട്
അമ്മൂം അപ്പൂം ചെന്നു നോക്കിയപ്പോള്‍
മൂന്ന് പൊന്നോമനകള്‍ പാലുകുടിക്കുന്നു..
കുറിഞ്ഞി ഈ വീട്ടിലെയല്ല.
അത് എവിടെത്തെയുമല്ല,
അതിന് വീടില്ല.
പ്രസവ രക്ഷ നല്‍കാന്‍ ആളില്ല.
കണ്ടന്‍പൂച്ച പരിസരത്തൊന്നുമില്ല.
പ്രസവത്തിന് ഈ വീടിന്റെ തട്ടിന്‍പുറം തന്നെ
എന്തിനു തെരഞ്ഞെടുത്തുവെന്ന്
അതിനോട് ചോദിച്ചു നോക്കി,
മിണ്ടണ്ടേ...
എവിടെയെങ്കിലും ഒന്ന് പ്രസവിക്കണമല്ലോ.
പ്രസാവാനുകൂല്യം എന്ന നിലയ്ക്ക്
രണ്ടു ദിവസം ഇവിടെ കഴിഞ്ഞോട്ടേന്ന് പാത്തു.

മൂന്നുകുട്ടികളും പാലു വലിച്ചുകുടിച്ചതുകൊണ്ട്
അതിന് വിശപ്പു കൂടി
പകലൊക്കെ അത് വിശന്നു കരഞ്ഞു നടന്നു
പാത്തു അതിന് ഒന്നും കൊടുത്തില്ല.
കൊടുത്താല്‍ അതിവിടെത്തന്നെ കൂടുമത്രേ...

മൂത്രവും കാട്ടവും കോരി മടുത്തപ്പോള്‍
പാത്തു ക്രുദ്ധയായി
പ്രസവാനുകൂല്യം നിലച്ചു.
മൂന്നുമക്കളും അമ്മയും ചാക്കോടെ പുറത്ത്...

മക്കളേം കൂട്ടി തിരിഞ്ഞുനോക്കിക്കൊണ്ട്
കുറിഞ്ഞിപ്പൂച്ച അതാ പോകുന്നു...
അടുത്ത വീട്ടിലെ വിറകുപുരയില്‍
സ്ഥലമുണ്ടെന്നാവുമോ
അത് മക്കളെ ആശ്വസിപ്പിക്കുന്നത്..

ഇതെല്ലാം കണ്ട്, രാവിലത്തെ സര്‍ക്കീട്ട് കഴിഞ്ഞ്
കയറിവന്ന കണ്ടന്‍ പൂച്ച എന്നെ നോക്കി ഒരു ചിരി.

10/4/08

താക്കോല്‍

മൊട്ടുകളില്‍ പൂക്കളെ എത്രനാള്‍
ഒളിച്ചുവെക്കാം ഒരു ചെടിക്ക്...
മേഘങ്ങള്‍ക്ക് മഴത്തുള്ളിയെ എത്രകാലം
ഒളിച്ചുവെക്കാം...
വായുവിനെ തള്ളിയും ഭൂമിയെ ചവുട്ടിയും
അടയാളങ്ങളൊന്നും വെക്കാതെ
ഓടുവാനാവുമോ ഒരു മാനിന്?
മുളയ്ക്കല്ലേ,മുളയ്ക്കല്ലേ എന്ന് ധ്യാനിച്ച്
എത്ര നാള്‍ ഒളിപ്പിക്കാനാവും
പൂണ്ടുപോയ വിത്തുകളെ മണ്ണിന്?

ആയതുകൊണ്ട്, നിഗൂഢതകളേ,
നിങ്ങളുടെ നിഗൂഢതകള്‍ നിങ്ങള്‍ക്ക്
നിലനിര്‍ത്താനാവില്ല.
ഓരോ നിമിഷവും ഒരു താക്കോലാണ്;
അനേകം രഹസ്യങ്ങളെ തുറക്കുന്ന താക്കോല്‍.
അങ്ങനെ എത്രയെത്ര രഹസ്യ വാതിലുകളെ
തുറന്ന് തുറന്ന് തുറന്നാണ്
ഓരോ ജീവിതവും മുന്നോട്ടുപോവുന്നത്!

അടച്ചുവെച്ചിരിക്കുന്ന ഈ മീന്‍‌കറിയും ചോറും
ഉച്ചവിശപ്പ് തുറന്നു തിന്നും കൂട്ടുകാരാ...

17/3/08

കസര്‍ത്ത്

ഞാനും അവളും ഉമ്മവെച്ചിരുന്നത്
കെട്ടിപ്പിടിച്ചിരുന്നത്
പ്രാപിച്ചിരുന്നത്
മൊബൈല്‍ ചൂടു പിടിക്കുവോളം
സംസാരിച്ചിരുന്നത്
ഒരു നാള്‍ വിളിച്ചില്ലെങ്കില്‍
കണ്ടില്ലെങ്കില്‍
മിണ്ടിയില്ലെങ്കില്‍
പരിഭവിച്ചിരുന്നത്
കയര്‍ത്തിരുന്നത്
തലോടിയിരുന്നത്
പിണങ്ങിയപ്പോള്‍
നൂറായിരം ചിന്തകളോടെ
നഗരവെളിച്ചങ്ങളും വേഗങ്ങളും
മുറിച്ചു നടന്നിരുന്നത്
എല്ലാം കലങ്ങിത്തെളിയുമ്പോള്‍
ഒന്നായി ചിരിച്ചിരുന്നത്
ഉപേക്ഷിക്കപ്പെട്ടപ്പോള്‍
ഒരു പൊട്ടനെപ്പോലെ
നിര്‍ത്താതെ കരഞ്ഞിരുന്നത്
എല്ലാം ഒരു ദിവസം ഒറ്റവാക്കിലേക്ക് ചുരുങ്ങി:
കസര്‍ത്ത്.

3/3/08

മടക്കിവെക്കാത്തത്


ആര്‍ക്കും കയറിയിരിക്കാന്‍
ഇരുന്നുകൊടുക്കുന്ന
തന്റെ ജീവിതത്തെക്കുറിച്ചാലോചിച്ച്
ഒരേ ഇരുപ്പാണ്
മുന്‍‌പുറത്തുള്ള കസേര.

പറമ്പിലെ വാഴക്കുണ്ടയെ,
തെങ്ങുകളെ,
വെയിലറയ്ക്കുമ്പോള്‍ പാടിത്തുള്ളി വരുന്ന
പൂത്താങ്കീരികളെ,
ആവിപൊങ്ങുന്ന നട്ടുച്ചയെ,
വെള്ളിവാര്‍പ്പുമായി വരുന്ന
കുംഭമാസ നിലാവിനെ,
കുറ്റിരുട്ടില്‍ ഭയം ജപിക്കുന്ന കൂമനെ,
എല്ലാറ്റിനേയും നിസ്സംഗമായി നേരിട്ട്
ഈ ഉമ്മറത്ത് ഒരേ ഇരിപ്പാണ്.

ആരാലും മടക്കിവെക്കപ്പെടരുതെന്ന്
പിറക്കും മുന്‍പേ തീര്‍ച്ചപ്പെടുത്തിയ
അന്തമില്ലാത്ത ഈ *ഇരുപ്പിനേക്കാള്‍
നിങ്ങള്‍ക്ക് കയറിയിരിക്കാന്‍
പാകവും പ്രതീകാത്മകവുമായ
ദുരന്തം വേറെയെന്തുണ്ട്?

------------------------------



*irippiTavum



ചിത്രം:ശ്രീകല

18/2/08



കവിതയുടെ പിടച്ചില്‍
എന്നും കാത്ത് സൂക്ഷിക്കാന്‍ പിടയുന്ന
ബൂലോക കവിതയുടെ അമരക്കാരന്‍
വിഷ്ണുമാഷിന്റെ അലര്‍ച്ച എന്ന കവിത കേള്‍ക്കാം

ആ പിടച്ചിലിന് ഒരു ചെറുകൂട്ട്

അലര്‍ച്ച

25/12/07

മുതിരല്‍

ഏതുറക്കത്തിലും ഒരു കട്ടിലിന്റെ
അതിരുകളെ ലംഘിക്കും ഒരു കുട്ടി.
ഒരു മുറ്റത്തും ഒതുങ്ങുകയില്ല
അവന്റെ കാലുകള്‍.
ഒരു വീടിന്റെ ചുവരുകള്‍ക്കുള്ളില്‍
കെട്ടി നില്‍ക്കില്ല കരച്ചില്‍,ചിരി.
മേശപ്പുറത്തിരിക്കുന്ന ചില്ലുപാത്രത്തെ
താഴെ ചിതറിക്കിടക്കുന്ന ചില്ലു പാത്രമാക്കും.
അലമാരിയില്‍ ഒതുങ്ങിയിരിക്കുന്ന തുണികളും
പുസ്തകങ്ങളും അവന്റെ കയ്യാല്‍ സ്വതന്ത്രമാവും.
നിശ്ചിതമായവയെ മുഴുവന്‍
അനിശ്ചിതമാക്കുന്ന കെല്പാണ് ബാല്യം.

ഇപ്പോള്‍ വീതികുറഞ്ഞ ഒരു ബെഞ്ചു പോലും
കിടത്തിയോടത്ത് കിടക്കുമെന്ന് സാക്ഷ്യപത്രം തരും
ഒരാളെയും കേള്‍പ്പിക്കാതെ കരയും ചിരിക്കും
എല്ലാ അതിരുകളും നിശ്ചയം.
ആര്‍ക്കുവേണ്ടിയാണ് ഈ ഒതുക്കത്തിലേക്ക്
മുതിര്‍ന്നതെന്ന് ഒരു തവണയെങ്കിലും
ചോദിക്കാന്‍ മുതിരുമോ....?

21/12/07

ലിംഗരാജ്

ഇന്ദീവരാക്ഷി കവലയുടെ പടിഞ്ഞാറേ അറ്റത്തുള്ള
കമ്പ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരിയാണ്
രാവിലെ പത്തുമണിയോടെ കിഴക്കു നിന്നു പടിഞ്ഞാട്ടും
വൈകിട്ട് നാലുമണിയോടെ പടിഞ്ഞാട്ടു നിന്നു കിഴക്കോട്ടും
അവളീ കവലയിലൂടെ കടന്നു പോവും.
എല്ലാ പെണ്ണുങ്ങളെയും നോക്കുന്നതു പോലെ
ഞാന്‍ ഇന്ദീവരാക്ഷിയേയും നോക്കിയിരുന്നു.
എനിക്കു നോക്കാന്‍ പാകത്തിനാണ് പഞ്ചായത്ത്
ഈ വെയ്റ്റിങ്ഷെഡ്ഡ് ഉണ്ടാക്കി വെച്ചിരിക്കുന്നത്.

ഇന്ദീവരാക്ഷി എല്ലാ പെണ്ണുങ്ങളെയും പോലെ
തലകുനിച്ച് ,ഓരോ കാലടിയും എടുത്തുവെക്കുമ്പോള്‍
വെളിപ്പെടുന്ന പുതിയ ഒരടി ദൂരം മാത്രം മുന്നില്‍ കണ്ട്
നടന്നു പോവും...

ആവശ്യമില്ലാത്ത ചോദ്യങ്ങളൊക്കെ
ചോദിക്കുന്ന ശീലമുള്ളതുകൊണ്ട്
ഞാന്‍ ഇന്ദീവരാക്ഷിയോട് ഒരു ചോദ്യം ചോദിച്ചു:

എല്ലാ ഇടത്തരം കവലകളിലെയും പോലെ
ഈ കവലയിലും പെണ്ണുങ്ങള്‍ എന്തുകൊണ്ടാണ്
തലകുനിച്ച്, മുന്നോട്ടുള്ള നടത്തത്തില്‍ വെളിപ്പെട്ടുകിട്ടുന്ന
ഒരടി റോഡിനെ മാത്രം നോക്കി നടന്നു പോവുന്നത്?

ശബ്ദമില്ലാത്ത ചോദ്യമായതുകൊണ്ട്
ഇന്ദീവരാക്ഷി പോയിട്ട് ഇന്ദീവരാക്ഷിയുടെ പട്ടി പോലും
മിണ്ടിയില്ല.


പക്ഷെ വേണ്ടത്ര ഭാവനയുള്ള ഒരുത്തനായതുകൊണ്ട്
ഇന്ദീവരാക്ഷിയുടെ ഒരു ഡ്യൂപ്ലിക്കേറ്റിനെ പടച്ച്
ഞാന്‍ കിഴക്കോട്ടും പടിഞ്ഞാട്ടും നടത്തി.
ഇന്ദീവരാക്ഷി എന്റെ ചോദ്യം കേട്ട്
വെയ്റ്റിങ് ഷെഡ്ഡില്‍ വായില്‍ നോക്കിയിരിക്കുന്ന
എന്നോടു വന്നു പറഞ്ഞു:


എടാ പൊട്ടന്‍ ക്ണാപ്പാ,
ഈ കവല എന്താണെന്ന് നിനക്കറിയാമോ?
തൊണ്ണൂറ് ഡിഗ്രിയില്‍ നില്‍ക്കുകയോ നടക്കുകയോ
ചെയ്യുന്ന ആണ്‍ലിംഗങ്ങളുടെ സമുച്ചയമാണിത്.
ഈ കെട്ടിടങ്ങള്‍,ലംബവും നിശ്ചലവുമായ ബഹുനിലലിംഗങ്ങള്‍
ഈ വാഹനങ്ങള്‍,തിരശ്ചീനമായി ചലിക്കുന്ന ലിംഗങ്ങള്‍
ഈ റോഡാകെ പാഞ്ഞു നടക്കുന്നത്,
കടകളില്‍ സാധനം പൊതിഞ്ഞുകൊണ്ടിരിക്കുന്നത്,
നിറുത്തിയിട്ട ടാക്സിവണ്ടികളില്‍ നിന്ന്
പ്ലവരൂപത്തില്‍ ചിറി തെറിപ്പിക്കുന്നത്
എല്ലാം ഉദ്ധൃത ലിംഗങ്ങളാണ്.


പത്തുമണിക്ക് പടിഞ്ഞാട്ടും
നാലുമണിക്ക് കിഴക്കോട്ടും നടക്കുമ്പോള്‍
ഈ ലിംഗങ്ങള്‍ എന്നെ തുറിച്ചു നോക്കും;
പഞ്ചാര പൊതിയുന്ന ലിംഗങ്ങള്‍,
നോട്ടെണ്ണുന്ന ലിംഗങ്ങള്‍,
കൂട്ടുകാരോട് കുശലം പറയുന്ന ലിംഗങ്ങള്‍,
ബസ്സു കാക്കുന്ന ലിംഗങ്ങള്‍ ...

പുരുഷഭീകരതയുടെ കോട്ട
ചുറ്റോടു ചുറ്റും പീരങ്കികള്‍
അതിനിടയിലൂടെ ആത്മപുച്ഛത്തോടെ
ശരീരത്തെക്കുറിച്ച് വേവലാതിപ്പെട്ട്
ഇങ്ങനെയല്ലാതെ എങ്ങനെയാണ് നടക്കുക...?

ഇന്ദീവരാക്ഷി കിതച്ചുകൊണ്ട് പറഞ്ഞു നിര്‍ത്തി.


പുരുഷന്‍ എന്ന ഗര്‍വിനെ വലിച്ചെറിഞ്ഞ്
ഒരു നിമിഷം പെണ്ണായി നോക്കി,ഞാനീ ലോകത്തെ.
പെണ്ണായി നടക്കാത്ത വഴികള്‍,
പെണ്ണായി വാഴാത്ത വീട്,
പെണ്ണായി നോക്കാത്ത ആകാ‍ശം, ഭൂമി
എല്ലാം അപരിചിതമായ ഭയങ്ങളായി
ഈ വെയ്റ്റിങ്ഷെഡ്ഡിലേക്ക് ഇരച്ചുവരികയായ്.

15/11/07

തിന്നും വിളമ്പിയും

സമയത്ത് മുലപ്പാല്‍ കിട്ടാ‍തായപ്പോള്‍
ഉണ്ണി വിരലീമ്പിത്തുടങ്ങി.
വിശപ്പ് ശക്തമായപ്പോള്‍
രണ്ടു കയ്യും ഒന്നിച്ച് വായിലിട്ട്
തിന്നാന്‍ തുടങ്ങി.

ഇങ്ങനെയാവും അവനവനെ തീറ്റ
ഒരു മനുഷ്യജന്മം തുടങ്ങി വെക്കുന്നത്...
പിന്നെപ്പിന്നെ ഇഷ്ടഭോജ്യമാവും ഒരാള്‍ക്ക് അയാള്‍.
മറ്റുള്ളവര്‍ക്കും വിളമ്പിത്തുടങ്ങും

എത്ര തിന്നാലും വിളമ്പിയാലും തീരാത്ത
ഈ വിഭവം എത്ര ഇച്ഛാഭംഗങ്ങളുടെ
ഒരു ജീവിതത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്..

7/11/07

11/10/07

ക്രിമിനല്‍

നിങ്ങളെ കാണുമ്പോള്‍ തന്നെ
നിങ്ങള്‍ മരിക്കുന്നതിനെ
സങ്കല്പിക്കും.
അങ്ങനെ നിങ്ങടെ കുട്ടികള്‍
അനാഥരാവുന്നത്,കഷ്ടപ്പെടുന്നത്
ഒടുക്കം നിങ്ങടെ ഭാര്യ...
എനിക്കു വയ്യ.

ദയാരഹിതമായ എന്റെ
ഭാവനകളുടെ തിരക്കഥ
ചിലപ്പോഴൊക്കെ ദൈവം(അല്ലാണ്ടാര്?)
സംവിധാനം ചെയ്തുകളയും.

ചുരം കയറുന്ന വണ്ടിയിലിരുന്ന്
അത് താഴോട്ട് തലകുത്തിവീഴുന്നത്
വീണ്ടും വീണ്ടും കാണും.
ആളുകള്‍ കൂടുന്നത്,
ബസ്സിന്റെ കിടപ്പ്,
ഒരു ഞെട്ടലുമില്ലാതെ;
ഒരു സങ്കടവുമില്ലാതെ.

സ്വന്തം ഭാര്യ മരിച്ചുപോവുന്നത്,
കുട്ടികളെ നോക്കാനെന്ന വ്യാജേന
വീണ്ടും കല്യാണം കഴിക്കാന്‍
അവസരം വരുന്നത്...
ഹോ!എനിക്കു വയ്യ.
ഒരാളെ എത്ര തവണയാണ്
കൊല്ലുക.

8/9/07

തുപ്പലം കൂട്ടി

തുപ്പലേ,
പൊയ്ക്കോളുക.
ഈ കത്തിന്‍ പശയിളക്കി,
ഒട്ടുമ്പോള്‍ കൂടെയിരുന്ന്
നാലുനാള്‍ സഞ്ചരിച്ചോളുക.
അങ്ങെത്തുമ്പോള്‍
ഈ കത്ത് പൊട്ടിക്കുമ്പോള്‍
എന്റെ മണം കൊടുത്തോളുക.
ഒരക്ഷരത്തിലും ഞാനില്ലെങ്കിലും
ഓര്‍മിപ്പിച്ചോളുക.
ആ കള്ള പോസ്റ്റ്മാന്
പൊട്ടിച്ചുവായിക്കാന്‍
വിട്ടുകൊടുക്കല്ലേ കുട്ടാ...
തുപ്പലേ,
ഇല്ലെങ്കില്‍
തുപ്പലം കൂട്ടി
നിന്നോട് തെറ്റുമെന്ന്
അറിഞ്ഞോളുക.

28/8/07

കഴപ്പ്

അറിയുകില്ലൊരു സ്ത്രീയും ഒരു
പുല്ലിംഗത്തിന്റെ യാതനകള്‍.
ഓരോ പെണ്ണിനേയും ചുംബനങ്ങള്‍
കൊണ്ട് കത്തിക്കാനാണെന്ന്
നിരന്തരം ഓര്‍മപ്പെടുത്താന്‍
മസ്തിഷ്കത്തില്‍ ഒരു പ്രത്യേക വിംഗ്
തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഉടലിന്റെ അടങ്ങാത്ത കൊതികള്‍
കൊള്ളക്കാരുടെ കുതിരപ്പട പോലെ
ഇടയ്ക്കിടെ വന്ന് അതിനെ പീഡിപ്പിക്കുകയും
തീവെച്ച് പോവുകയും ചെയ്യുന്നു.

അഗ്നിശമന സേനയ്ക്ക് കെടുത്താനാവാത്ത
ഈ തീ കൊണ്ട് പൊറുതിമുട്ടാനാണ്
പുരുഷജന്മമെന്നു തോന്നുന്നു.

ശരീരത്തെ ശരീരം കൊണ്ട്
ഇല്ലാതാക്കാനാണ് പ്രാപിക്കുന്നത്.
എല്ലാഭോഗങ്ങള്‍ക്കു ശേഷവും
ശരീരത്തെ വിട്ടുകിട്ടുന്നതാണ്
ഓരോ പുരുഷന്റെയും ദുരിതം.