9/6/09

സൂര്യന്‍

രാവിലെ എഴുന്നേറ്റപ്പോള്‍
എനിക്കൊരു സൂര്യനെ കിട്ടി
ഞാ‍നെന്റെ കാറെടുത്ത്
അതിവേഗം ഓടിച്ചുപോയി
അതിനെ കാട്ടില്‍ കൊണ്ടുപോയി വിട്ടു..
മരങ്ങള്‍ക്കും കൊമ്പുകള്‍ക്കുമിടയില്‍ കുടുങ്ങി
അത് നൂ‍ലുനൂലായി പിരിഞ്ഞ്
എന്റെ പിന്നാലെകുതിച്ചു

പിന്നെയും എഴുന്നേറ്റപ്പോള്‍
എനിക്കൊരു സൂര്യനെ കിട്ടി.
ഞാ‍നെന്റെ കാറെടുത്ത്
അതിവേഗം ഓടിച്ചുപോയി
അതിനെ കടലില്‍ കൊണ്ടു പോയാക്കി.
തിരകള്‍ അതിനെ തട്ടിത്തട്ടി
കരയിലേക്കു തന്നെ വലിച്ചെറിഞ്ഞു.

ഇന്നും എഴുന്നേല്‍‌ക്കുമ്പോള്‍
എനിക്കൊരു സൂര്യനെ കിട്ടി.
ഞാനതിനെ കുന്നുകളുടെ
മണ്ടയില്‍ കൊണ്ടുപോയിവെച്ചു.
അതിവേഗം കാറോടിച്ച് തിരിച്ചു വരുമ്പോള്‍
അത് എന്റെ പിന്നാലെ ഉരുണ്ടുരുണ്ടു വന്നു.

എല്ലാ ദിവസവും എഴുന്നേല്‍‌ക്കുന്നതുകൊണ്ടാണീ പ്രശ്നം.
ഒരു ദിവസം എഴുന്നേല്‍ക്കുകയില്ലെന്ന്
ഞാനൊരു കടുത്ത തീരുമാനമെടുക്കും.
അന്ന് സൂര്യന്‍ എന്തു ചെയ്യുമെന്നറിയാമല്ലോ...

10 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

യുക്തിരഹിതമായ ചിലതൊക്കെ കവിതയിലുണ്ട്
അത് പരിഹരിക്കണോ എന്ന് ആലോചിച്ചു.ഒടുവില്‍ വേണ്ടെന്ന് വെച്ചു.

ഹാരിസ് പറഞ്ഞു...

യുക്തിയുക്തമായി ഇവിടെ എന്താണുള്ളയത്...?

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പാവപ്പെട്ടവൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പാവപ്പെട്ടവൻ പറഞ്ഞു...

ഒന്നും മനസ്സിലായില്ലന്നു എഴുതണ്ടി വന്നതില്‍ ഖേദിക്കുന്നു

അനിലൻ പറഞ്ഞു...

എന്നാണത്?
കേട്ടിട്ടു കൊതിയാവുന്നു :)

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH പറഞ്ഞു...

( ശേഷം പ്രളയമല്ലേ!)
ഇടിവെട്ടും
മഴ തിമർക്കും
ഉണരാത്ത
വീട്ടിന്റെ
എറാൽവെള്ളച്ചുഴിക്കുത്തിൽ
സൂര്യൻ
മുങ്ങിച്ചാവും .

ഇതല്ലതെ മറ്റെന്തുണ്ടാവാനാ ?

Neena Sabarish പറഞ്ഞു...

നന്നായിരിക്കുന്നു.....

jinovi പറഞ്ഞു...

kollaam

ഷൈജു കോട്ടാത്തല പറഞ്ഞു...

അന്ന് സൂര്യന്‍ ഉറക്കെ പറഞ്ഞു ചിരിക്കും
പുല്തുംപിലെ ഒരു സൂര്യനെ അയാള്‍ എടുത്തു....