11/10/09

നട്ടുച്ചകളുടെ പാട്ട് അഥവാ മീന്‍ പൊരിക്കുന്ന മണം

അമലനഗര്‍ ഹൌസിങ് കോളനിയില്‍
അന്‍പത്തൊന്ന് വീടുകളുണ്ട്.
അന്‍പത്തൊന്ന് വീടുകള്‍ക്കിടയില്‍
തണുത്ത് തണുത്ത് ചത്ത വഴിയുണ്ട്.

ഒരു ദിവസം നട്ടുച്ചയ്ക്ക് നമ്മുടെ പിച്ചക്കാരന്‍
അതിലൂടെ പോവുകയാണ്.
അന്‍പത്തൊന്ന് വീടുകളും അപ്പോള്‍
മീന്‍ വറുക്കുന്ന മണത്തെ പ്രക്ഷേപണം ചെയ്തുനമ്മുടെ പിച്ചക്കാരന്റെ കുട്ടിക്കാലത്ത്
ഉച്ചയ്ക്ക് വീട്ടിലേക്ക് സ്കൂള്‍ വിട്ടോടുമ്പോള്‍
മീന്‍ വറുക്കുന്ന മണത്തില്‍ പൊതിഞ്ഞ്
യേശുദാസിന്റെ പാട്ടുകള്‍ ഇറങ്ങി വരുമായിരുന്നു.

ഈ മീന്‍ വറുക്കുന്ന മണമാണ്
എന്റെ പേര് നട്ടുച്ചകളുടെ പാട്ട് എന്ന് പരിചയപ്പെടുത്തിക്കൊണ്ട്
നമ്മുടെ പിച്ചക്കാരന്റെ മയക്കത്തില്‍
ഇന്നലെയും വന്നുപോയത്.

നമ്മുടെ പിച്ചക്കാരന്‍
അന്‍പത്തൊന്ന് വീടുകളിലേക്കും
ഈ നട്ടുച്ചയ്ക്ക് ചുഴിഞ്ഞു ചുഴിഞ്ഞു നോക്കി.
എല്ലാ വീടുകള്‍ക്കും മതിലുണ്ട്
എല്ലാ വീടുകള്‍ക്കും ഗേറ്റുണ്ട്
എല്ലാവീടുകളുടെയും മുന്‍‌വാതിലുകള്‍
അടഞ്ഞ് മോന്തകൂര്‍പ്പിച്ച് നില്‍ക്കുകയാണ്
ജനാലകള്‍ ഒരു കാലത്തും തുറക്കുകയില്ലെന്ന്
മീശ പിരിക്കുകയാണ്

എങ്കിലും എല്ലാ വീടുകളില്‍ നിന്നും ആ മണം ഇറങ്ങിവരുന്നുണ്ട്.
മണത്തെ പ്രക്ഷേപണം ചെയ്യാന്‍ പാകത്തില്‍
എല്ലാ വീടുകള്‍ക്കും അടുക്കള കാണും
ഗ്യാസടുപ്പ് കാണും
എല്ലാ അടുപ്പുകളിലും ഇപ്പോള്‍ ചട്ടി കാണും
എല്ലാ ചട്ടികളിലും പൊരിഞ്ഞുകൊണ്ടിരിക്കുന്ന മീന്‍ കാണും
എല്ലാ ചട്ടികളിലേയും മീനുകളെ ഇളക്കിയിട്ടുകൊണ്ട്
എല്ലാ വീടുകളുടേയും എല്ലാ അടുക്കളകളില്‍
ഓരോ പെണ്ണു കാണും...

നമ്മുടെ പിച്ചക്കാരന്‍ കിടന്നുറങ്ങുന്ന
ഇടിഞ്ഞു പൊളിഞ്ഞ പീടികത്തിണ്ണയില്‍
നിറയെ കുഴിയാനകളുടെ കുഴികളുണ്ട്.
എല്ലാ കുഴികളിലും ഓരോ കുഴിയാന കാണും
കാണുമോ എന്ന സംശയത്തില്‍ അയാള്‍ ഊതി നോക്കും.
ഊതുമ്പോള്‍ മണ്ണ് പറന്നു മാറി
ഓരോ കുഴിയാനയെ കാട്ടിക്കൊടുക്കും

നട്ടുച്ചകളുടെ പാട്ട് ഒരു കറുത്ത തലേക്കെട്ടുമായി
അന്നും വന്ന് പരിചയപ്പെട്ടു.
‘ഞാനാണ് നട്ടുച്ചകളുടെ പാട്ട് അഥവാ മീന്‍ പൊരിച്ച മണം.’
എന്നിട്ട് അത് നടന്നു പോയി.

നമ്മുടെ പിച്ചക്കാരന്‍ ഒരേ സമയം
എല്ലാകുഴികളിലും ഊതി നോക്കുകയാണ്
എല്ലാ കുഴികളില്‍ നിന്നും മതിലുകള്‍
എല്ലാ കുഴികളില്‍ നിന്നും ഇരുമ്പു പടിവാതിലുകള്‍
എല്ലാ കുഴികളില്‍ നിന്നും വാതിലുകള്‍ ജനലുകള്‍
എല്ലാ കുഴികളില്‍ നിന്നും മേല്‍ക്കൂരകള്‍ ചുമരുകള്‍
എല്ലാ കുഴികളില്‍ നിന്നും അടുക്കളകള്‍ ഗ്യാസടുപ്പുകള്‍
എല്ലാ കുഴികളില്‍ നിന്നും മീന്‍ പൊരിക്കുന്ന ചട്ടികള്‍ പൊരിഞ്ഞ മീനുകള്‍
മണ്ണിനോടൊപ്പം പറന്നു പൊങ്ങി.

ഒടുക്കം എല്ലാ കുഴികളില്‍ നിന്നും
ഓരോ പെണ്ണുങ്ങള്‍ കയറിവന്നു.

അതാ നോക്കൂ
ഉറങ്ങിക്കിടക്കുന്ന നമ്മുടെ പിച്ചക്കാരനു ചുറ്റും
അന്‍പത്തൊന്ന് കുഴിയാനകള്‍!!!

25 അഭിപ്രായങ്ങൾ:

Raghunath.O പറഞ്ഞു...

ഒരു ദിവസം നട്ടുച്ചയ്ക്ക് നമ്മുടെ പിച്ചക്കാരന്‍
അതിലൂടെ പോവുകയാണ്.
അന്‍പത്തൊന്ന് വീടുകളും അപ്പോള്‍
മീന്‍ വറുക്കുന്ന മണത്തെ പ്രക്ഷേപണം ചെയ്തു

puyhumayullathanallo....

naakila പറഞ്ഞു...

കൊളളാം
പുതുമ തോന്നി

അജ്ഞാതന്‍ പറഞ്ഞു...

അതെ പുതുമതോന്നി,അതു മാത്രം തോന്നി

sudheesh kottembram പറഞ്ഞു...

നല്ല കവിതയാണ് മാഷേ,
എന്നാലും ഒരു ജാഗ്രതക്കുറവ് തോന്നുന്നുവല്ലോ.
എവിടെയാണ് ആ ദുര്‍മേദസ്സ്?

K G Suraj പറഞ്ഞു...

Impression of life..
nannaayi...

gireesh a s പറഞ്ഞു...

ചില വിഷയങ്ങള്‍
കവിതയില്‍
ഉള്‍ക്കൊള്ളിക്കാന്‍
പ്രയാസമുള്ളതു പോലെ തോന്നിയിട്ടുണ്ട്‌.
അതുപോലെ ഇതും..

വായിക്കുമ്പോള്‍
ഒരു വീര്‍പ്പുമുട്ടല്‍ മാത്രമെ
ഇതിന്‌ നല്‍കാനാവുന്നുള്ളു.

അനിലൻ പറഞ്ഞു...

ഒരു ചെറുചലച്ചിത്രം!

ഇരുമ്പുവാതിലുകള്‍, വാതിലുകള്‍, ജനലുകള്‍...
അമ്പത്തൊന്നു വീടുകള്‍ക്കിടയില്‍, നിഴലില്‍ തിരുട്ടുഗ്രാമത്തില്‍നിന്ന് ആരെങ്കിലും വിരുന്നു വന്നിട്ടുണ്ടോ?
അമ്പത്തൊന്ന് അടുക്കളകളിലും പെണ്ണുങ്ങള്‍ മാത്രം :(

സേതുലക്ഷ്മി പറഞ്ഞു...

നമ്മുടെ പിച്ചക്കാരന്റെ കുട്ടിക്കാലത്ത്
ഉച്ചയ്ക്ക് വീട്ടിലേക്ക് സ്കൂള്‍ വിട്ടോടുമ്പോള്‍
മീന്‍ വറുക്കുന്ന മണത്തില്‍ പൊതിഞ്ഞ്
യേശുദാസിന്റെ പാട്ടുകള്‍ ഇറങ്ങി വരുമായിരുന്നു.

ഒരു നിമിഷം കുട്ടിക്കാലത്തെ ഓര്‍ത്തുപോയി.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

എന്റെ ദഹനകുറവുകൊണ്ടാകാം, മുഴുവനും അങ്ങിട് ദഹിച്ചില്ല..കേട്ടൊ

Kuzhur Wilson പറഞ്ഞു...

ഇങ്ങനെയാണ് ഏതോ ഒരു പിച്ചക്കാരന്‍ നമ്മുടെ പിച്ചക്കാരന്‍
ആയി തീരുന്നത്. ഏത് പിച്ചക്കാരനേയും നമ്മുടേതാക്കുന്ന കവിതയുടെ തൊടല്‍.

വിഷ്ണു പ്രസാദ് പറഞ്ഞു...

അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച എല്ലാവര്‍ക്കും നന്ദി.മലയാളി വായനക്കാരനെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ ദൈവം തമ്പുരാന്‍ വിചാരിച്ചാലും സാധ്യമല്ല എന്ന നിരാശയില്‍ കുറച്ചു നേരമെങ്കിലും ഞാന്‍ പെട്ടു.എന്റെയും എന്റെ കവിതയുടെയും കുഴപ്പം തന്നെയാവും.എങ്കിലും ഇതിക്കൂടുതല്‍ നേരാവാന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല.

സുധീഷ്,മേദസ്സിന്റെ കല എന്നൊന്നുണ്ടോ?(കവിതയില്‍ പറ്റിയ കുഴപ്പങ്ങള്‍ക്ക് ന്യായമല്ല.പറ്റുന്നാതാണെങ്കില്‍ ഇനിയും തിരുത്താം.)ഇതും     ഇതുംചുമ്മാ വായനക്കാര്‍ കാണാന്‍ ഈ അവസരം ഉപയോഗിക്കട്ടെ.
അതുപോലെയാണ് ഇത് എന്ന അവകാശവാദമൊന്നുമില്ലേ...
എങ്കിലും എനിക്ക് ആ പെയിന്റിങുകള്‍ ഇഷ്ടമാണ്

Mahi പറഞ്ഞു...

വളരെ ഇഷ്ടമായി മാഷെ

cp aboobacker പറഞ്ഞു...

ആധുനികകവിതയുടെ ഏറ്റവും ശക്തമായ ഒരു മുഖം ഈ വരികളില്‍ ഞാന്‍ കാണുന്നു. ഓരോകുുഴിയില്‍നിന്നും നമ്മുടെ സാമൂഹ്യപൊങ്ങച്ചങ്ങള്‍വലിയ വിഷമമൊന്നുമില്ലാതെ തലയുയര്‍ത്തുകയാണ്. തുടക്ികത്തില്‍ ഒരു ചെറുവിവരണം മാത്രമായിപ്പോവുമെന്ന് ഭയന്നുപോയിരുന്നു. എന്നാല്‍ ( അല്പം സാങ്കേതികം പറഞ്ഞാല്‍) നല്ല പ്രകരണ ശുദ്ധിയുള്ള, ഏകാഗ്രതയുള്ള , ആദി മധ്യാന്തപ്പൊരുത്തമുള്ളരചന. വെറുതെ നല്ലതെന്ന് പറയുകയല്ല
നമ്മുടെ പിച്ചക്കാരന്‍ ഒരേ സമയം
എല്ലാകുഴികളിലും ഊതി നോക്കുകയാണ്
എല്ലാ കുഴികളില്‍ നിന്നും മതിലുകള്‍
എല്ലാ കുഴികളില്‍ നിന്നും ഇരുമ്പു പടിവാതിലുകള്‍
എല്ലാ കുഴികളില്‍ നിന്നും വാതിലുകള്‍ ജനലുകള്‍
എല്ലാ കുഴികളില്‍ നിന്നും മേല്‍ക്കൂരകള്‍ ചുമരുകള്‍
എല്ലാ കുഴികളില്‍ നിന്നും അടുക്കളകള്‍ ഗ്യാസടുപ്പുകള്‍
എല്ലാ കുഴികളില്‍ നിന്നും മീന്‍ പൊരിക്കുന്ന ചട്ടികള്‍ പൊരിഞ്ഞ മീനുകള്‍
മണ്ണിനോടൊപ്പം പറന്നു പൊങ്ങി.

ഉണ്ണി ശ്രീദളം പറഞ്ഞു...

i totally agree with what cp aboobaccker says...

rarely we see such poetic concepts as this...

there's a faint smell of p.n.gopikrishnan in vishnu's poems,craft wise and approach wise...(my personal,subjective opinion)

by the way,vishnu,yesterday sri.kalpetta naryanan talked about your poems coming of age...

ജയാനന്ദന്‍ പറഞ്ഞു...

കവിതയേക്കാള്‍ കവിയുടെ കമന്റ് ഇഷ്ടമായി.......
മീശ പിരിക്കുന്ന ജനലുകള്‍ തുടങ്ങിയ ചിത്രങ്ങള്‍ കേമം......

Sureshkumar Punjhayil പറഞ്ഞു...

Anakal, kuziyanakal...!

manoharam, Ashamsakal...!!!

വിഷ്ണു പ്രസാദ് പറഞ്ഞു...

കവിതയെ സംബന്ധിച്ച് ഇങ്ങനെ പലതരം ആരോപണങ്ങള്‍ നേരിട്ടുട്ടുള്ള ഒരാളാണ് ഞാന്‍.സച്ചിദാനന്ദന്‍,രാമന്‍,ബാലചന്ദ്രന്‍,കല്പറ്റ നാരായണന്‍ തുടങ്ങിയ പേരുകളേ ഇതു വരെ കേട്ടിരുന്നുള്ളൂ.ഗോപീകൃഷ്ണന്റെ പേര് ആദ്യമായാണ് കേള്‍ക്കുന്നത്.സത്യത്തില്‍ ഈ കവികളൊന്നും എന്നെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ല.എന്നെ സ്വാധീനിച്ച രണ്ടു കവികള്‍ ഉമ്പാച്ചിയും ടി.പി അനില്‍ കുമാറുമാണ്.

എന്തായാലും ഉണ്ണി പറഞ്ഞത് ഗൌരവമായി പരിഗണിക്കുന്നു.

ഉണ്ണി ശ്രീദളം പറഞ്ഞു...

it was not an accusation but rather a +ve observation based on the fact that you have imbibed, knowingly or unknowingly, the historicity of malayalam-poetic-lineage.

most people misconceive that having an echo of the foregone writers in one's writings is a black mark.

i think being a "literary-bastard" is the most despicable thing.

language and literature are living beings just like us.

having a "poetic father(s)" means that you belong here in the right sense.

വിഷ്ണു പ്രസാദ് പറഞ്ഞു...

പിതാക്കാന്മാരാവാന്‍ പലരും ഇറങ്ങിത്തിരിച്ചിട്ടുണ്ടെന്നാണ് പുതിയ കവിതയിലെ ഏറ്റവും പുതിയ പിന്നാമ്പുറ വര്‍ത്തമാനം.ഒരു ഭാഷയുടെ സംസ്കാരം ഉള്‍ക്കൊള്ളാതെ ഒരെഴുത്തും രൂപപ്പെടുന്നുണ്ടാവില്ല.പൂര്‍വ എഴുത്തുകളുടെ ഛായയില്‍ നില്‍ക്കാന്‍ ഒരെഴുത്തുകാരനും ആശിക്കുകയില്ല.
മൌലികമായ ഭാഷ പ്രയോഗിക്കുന്നതു കൊണ്ട് എഴുത്താളന്‍ തന്തയില്ലാത്തവനാവുന്നുവെന്നൊക്കെ പറയുന്നത് കടുങ്കൈയാണ്.

ഗോപിയുടെ കവിത എന്റെ കവിതയില്‍ കാണുന്നുവെന്നതിനെ ഉണ്ണി തന്നെ വിശദമാക്കേണ്ടി വരും...(ചുരുങ്ങിയ പക്ഷം എനിക്കെങ്കിലും അത് വിശ്വാസ്യമല്ല)

ഉണ്ണി ശ്രീദളം പറഞ്ഞു...

T.S. Elliot's 'Traditon and Individual Talent' and Harold Bloom's some writings made me speak about Literary Father Figures.

ഒരു ഭാഷയുടെ സംസ്കാരം ഉള്‍ക്കൊള്ളാതെ ഒരെഴുത്തും രൂപപ്പെടുന്നുണ്ടാവില്ല.പൂര്‍വ എഴുത്തുകളുടെ ഛായയില്‍ നില്‍ക്കാന്‍ ഒരെഴുത്തുകാരനും ആശിക്കുകയില്ല. These two are contradictory.May be from the pressure of this contradiction, language modifies itself.Writer only acts as a medium in that process.

in other words,Vishnu's poem will be written(the language as the author)even if vishnu doesn't write it.

My comparison between you and gopikrishnan was totally subjective and personal as i said earlier.

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

വളരെ വ്യത്യസ്തമായ ഫോക്കസ്സും.... സുതാര്യമായ ആഖ്യാനവുമാണ്‌ ഈ കവിതയെ ഏറെ ആസ്വാദ്യകരമാക്കുന്നത്‌... മീന്‍മണം പ്രക്ഷേപണം ചെയ്യുന്ന കുഴിയാനപ്പെണ്ണുങ്ങള്‍ വളരെ ശക്തമായ ഒരു ബിംബമാണ്‌... അന്‍പൊത്തന്നക്ഷര വീടുകളിലെ തണുത്ത ഇടവഴികളില്‍ നടക്കുന്ന ഒരു പിച്ചക്കാരന്‍ എന്നൊരു വികട വായനകൂടി എനിക്കീ കവിതയില്‍ നിന്നു വായിച്ചെടുക്കാനാവുന്നുണ്ട്‌.... ക്ഷമിക്കുക... :):)

നഗ്നന്‍ പറഞ്ഞു...

പിച്ചക്കാരനും
വറുത്ത മീനിന്റെ മണമുള്ള പാട്ടും
ചുറ്റും കുഴിയാനകളും

പിച്ചക്കാരന്റെ പൊള്ളുന്ന നട്ടുച്ച.

അജ്ഞാതന്‍ പറഞ്ഞു...

സഗീര്‍ പണ്ടാരത്തില്‍ ഇതിലും ബെസ്റ്റ് കവിയാ.. ! ഇതെന്താടോ ഇത്?

ഗുപ്തന്‍ പറഞ്ഞു...

മലയാളം ബ്ലോഗിലെ ‘ബ്ലോത്ര’സംസ്കാരം തലപൊക്കിത്തുടങ്ങിയല്ലോ. ഇനി കവിത വായനക്കാര്‍ സ്ഥലം വിട്ടു പോകേണ്ടിവരും :)

achumbitham പറഞ്ഞു...

koollam.........