വിശാഖ് ശങ്കര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിശാഖ് ശങ്കര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

14/1/09

പറ്റുമോ?

മേശവിരിപ്പിനടിയില്‍
തിരുകിവച്ച ആത്മഹത്യാക്കുറിപ്പ്
കണ്ണില്‍പ്പെടാതെപോകുന്നതുപോലെ
വരികള്‍ക്കിടയില്‍ ഒളിപ്പിച്ചുവച്ച
മടുപ്പും, ആത്മപുച്ഛവും
ചിലപ്പോള്‍
വായിക്കപ്പെടാതെപോയേക്കാം

എന്നുവച്ച്
കുറിപ്പ് പോയെങ്കിലെന്ത്
ഹത്യ നടന്നില്ലേയെന്ന്
എഴുതിയവനെ ആശ്വസിപ്പിക്കാന്‍ പറ്റുമോ?

7/4/08

നെടുവീര്‍പ്പ്

പെയ്ത്തു കഴിഞ്ഞുള്ള
ശൂന്യതയെക്കുറിച്ച്‌
പേന
കടലാസിനോട്‌ പരാതിപ്പെട്ടു.

നിറയ്ക്കപ്പെടാതെ
ബാക്കിവന്ന ശൂന്യതയെക്കുറിച്ച്‌
കടലാസ്‌ പ്രതിവചിച്ചു.

പിഴപ്പിക്കപ്പെട്ടില്ലല്ലൊ എന്ന്
വാക്ക്‌ നെടുവീര്‍പ്പിട്ടത്‌ മാത്രം
കറുക്കാതെ വെളുക്കാതെ
കാറ്റ് കൊണ്ടുപോയി.

27/3/08

മരം

കവലയില്‍
‍ഒരു വന്മരം
ഒടിഞ്ഞുവീഴുന്ന ഒച്ചകേട്ട്‌
ഓടിവന്നതാണ്‌.

പച്ച മങ്ങാത്ത
കൊടികള്‍ കൊണ്ട്‌
കാട്‌ നയിക്കുന്ന ജാഥ പോലെ
തെരുവിനെ അത്‌
പകുക്കുന്നത്‌കാണാന്‍.

ഇരുപുറങ്ങളിലായി
നിന്നുപോയ വാഹനങ്ങളില്‍
‍വേഗങ്ങള്‍ തളംകെട്ടുന്നത്‌
അറിയാന്‍.

വീണു നുറുങ്ങിയ ചില്ലകളില്‍
ഒരു പക്ഷിയെങ്ങാന്‍‍
കൂടുവച്ചിരുന്നുവോ എന്ന്
വ്യാകുലപ്പെടാന്‍.

ഞെട്ടല്‍ വിട്ട്‌
എഴുനേറ്റ നഗരം
കത്താളും കോടാലിയും കൊണ്ട്‌
തിന്നുപേക്ഷിച്ച
കൂറ്റന്‍ അസ്ഥികൂടം കണ്ട്‌
ആശ്ചര്യപ്പെടാന്‍.

ഒടുവില്‍‍
അറക്കവാളിന്റെ
അമൃതേത്തും കഴിഞ്ഞ്‌
മുറിത്തലയില്‍ തെളിഞ്ഞുവരുന്ന
മൂപ്പിന്റെ കഥ
വായിച്ചെടുക്കുവാന്‍.

വഴിമുടക്കല്‍
‍സമരം ഒഴിപ്പിച്ച്‌
തെരുവതിന്റെ വഴിക്കുപോയാലും
ഒരടയാളം
ബാക്കിയാവുമെന്ന് കരുതാമൊ?
മൂട്‌..? കുറ്റി..?
ഒരു വേരെങ്കിലും...!

6/2/08

കൊള്ളയടിക്കപ്പെട്ട വിലാപകാവ്യം

ഭാവനയുടെ
ഗോവണി ചവിട്ടുമ്പോള്‍
ദന്തഗോപുരത്തില്‍നിന്ന്
താഴേയ്ക്ക് വിടരേണ്ടൊരു
പക്ഷിജന്മമായിരുന്നു
മനസ്സില്‍.

പറന്നിറങ്ങുന്ന
പ്രജ്ഞയുടെ മേദസ്സ്
മണ്ണില്‍ വരക്കാമെന്നേറ്റ
പൂക്കളമായിരുന്നു
വാഗ്ദാനം.

തെറ്റിപ്പോയ
വാക്കുകളുടെ കൂട്ടത്തില്‍
ഒന്നുകൂടെന്ന്
നിസ്സാരമായ് ചിരിച്ച്
നിലത്തെത്താതെ
ഉടല്‍
കാറ്റിനൊത്ത്
പറന്നുപോയി.


ശിഷ്ടാത്മാവ്
മറന്നുപോയ പ്രണയം പോലെ
സ്വയമാ‍ളേണ്ട കനലുകളോട്
പരിഭവിച്ച് പരിഭവിച്ച്
ഉറഞ്ഞുതീര്‍ന്ന ഒരുനനവായി.

ചുരുട്ടിയെറിഞ്ഞിട്ടും
നിലം തൊടാതെ പോയ
ഒരു ജന്മംകൂടി കട്ടുപോയെന്ന്
പ്രസാധകരോട് പറഞ്ഞ്
മുങ്ങി ഞാന്‍...!

22/1/08

കടുവാ കുഴമ്പ്

കാലം കൊള്ളികൊണ്ട്‌
മുഖത്തെഴുത്ത്‌ നടത്താതെ
ബാക്കിവച്ചത്‌ ആകെയൊരു
നെറ്റിയായിരുന്നു.

വേദനയുടെ തല
മൂര്‍ദ്ധാവെന്നു ധരിച്ച്‌
നിര്‍ലോഭം പുരട്ടിക്കൊടുത്തു
വിക്സ്‌,അമൃതാഞ്ചന്‍
‍പിന്നെ നല്ല
സ്വയമ്പന്‍ വിദേശി
ടൈഗര്‍ ബാമും.

നോവുടുങ്ങാത്തൊരു
രാവിന്റെ കൊടുമുടി
താണ്ടിത്തടഞ്ഞു പകല്‍
കണ്ണാടി നോക്കുമ്പൊ
പൊള്ളിപ്പോയൊരു കാഴ്ച്ചയായ്‌
വിട്ടുപോയ നോവുകള്‍
‍സ്മാരകമായ്‌ കൊത്തിവച്ചത്‌,
കണ്ണുപെടാന്‍ ഇടയില്ലാത്ത നെറ്റിയില്‍
കാക്കപ്പുള്ളിപോലെ കരുവാളിച്ച
കുറേ കുമിളകള്‍!

പരാതികേട്ടപ്പോ
കടക്കാരന്‍ ആട്ടി,
"പിന്നെ ഈ വിലയ്ക്ക്‌
ഡ്യൂപ്ലികേറ്റല്ലാതെ കിട്ടുമോ ഹേ
കോപ്പ്‌ കടുവാ കുഴമ്പ് ! "

ഇനിയിപ്പൊ
കൊച്ചനോട്‌ പറയാം
കുറേ മച്ചിങ്ങ പറക്കി
അരച്ചു വയ്ക്കാന്‍.

നാടനാവുമ്പോ
മായത്തിലും കാണും
ഒരു മയം.
നാളെയും കാണേണ്ടതല്ലെ !

13/12/07

വാസം

ഇവിടെ
എനിക്കൊരു വീടുണ്ട്‌;
മാറ്റത്തെ മാത്രം
ഓര്‍മ്മിപ്പിക്കുന്നത്‌.

ചില്ലറ
സ്ഥാവരജംഗമങ്ങളും
മോഹം പ്രതീക്ഷ തുടങ്ങിയ
ചില കൗതുകവസ്തുക്കളും
ഒക്കെയുണ്ട്‌;
ഓരോന്നും
വിറ്റുപെറുക്കേണ്ട
ദിവസവും ചൂണ്ടി
വിരലറ്റു നില്‍ക്കുന്നത്‌.

ഇവിടെ
എനിക്കൊരു ജീവിതമുണ്ട്‌;
അല്ല അല്ല എന്ന്
നെറ്റിയില്‍ ആണിയടിച്ച്‌
എന്നെ ഇവിടെ തന്നെ
തളച്ചിടുന്നത്‌.

20/3/07

കുരുക്ക്

തൊടിയിലും മുറ്റത്തും
തളിരായ തളിരെല്ലാം
തൊട്ടും കടിച്ചും
ചവച്ച്‌ മദിക്കുന്ന
ആട്ടിന്‍കുട്ടിയോട്‌
അമ്മൂമ്മ കൊഞ്ചി,
"തുള്ളിക്കളിക്കേണ്ട
കള്ളിക്കറമ്പി,
കഴുത്തില്‍ കുരുക്കി-
ട്ടടക്കി നിര്‍ത്താനിനി
കാലമൊട്ടില്ലെന്ന്
കണ്ടുകൊള്‍ക"

കേട്ടുനിന്ന പെങ്കൊച്ച്‌
ആകെ പൂത്തുലഞ്ഞ്‌
പ്രായമറിയിച്ചു.

കൈപ്പത്തിയില്‍
ശൃംഗാരത്തിന്റെ
ആറാം വിരലുള്ള
കറവക്കാരന്റെ
ഇടം കണ്ണടഞ്ഞത്,
"കെട്ടിയിട്ടു
കറന്നു രസിക്കുവാന്‍
എട്ടു നാളിനി
തികച്ചു വേണ്ടെന്ന്."

മുറ്റത്തു നിന്ന മൂത്തവള്‍
‍മാറത്തെ നനവിലേക്ക്‌
തുണി വലിച്ചിട്ടു.

വേലിക്കപ്പുറം
തെരുവിലായിട്ടും
ക്ടാത്തന്റെ നോട്ടം കണ്ട്‌
അവളു പേടിച്ചു.
മുതുക്കികളാവട്ടെ
മുഴുക്കെ ചുവന്നു.

പ്ലാവിലക്കുമ്പിളും
അടികണ്ട കലവുമായി
ഒറ്റയ്ക്കിരിക്കുമ്പോള്‍
അമ്മയ്ക്കൊരാത്മഗതം,
"ആടൊരുത്തി
എരുത്തിലില്‍ ‍പെറ്റാലും
പെണ്ണൊരുത്തി
ഉരപ്പെരേല്‍ പെറ്റാലും
പെണ്ണായ്‌ പിറന്നോള്‍ക്ക്‌
പേറ്റുനോവ്‌ മിച്ചം."

കൊച്ചുവെളുപ്പിന്‌
കത്തിക്ക്‌ മൂര്‍ച്ചയിട്ടുനില്‍ക്കേ
രാത്രിവേല കഴിഞ്ഞ്‌
ചടച്ചുവന്ന പെണ്ണിനോട്‌
അറവുകാരന്റെ അശ്ലീലം,
"നേരം വെളുക്കും മുമ്പൊ-
ന്നൂടെ മൂര്‍ച്ച നോക്കുന്നോ?"

രാവു പോലും
വിജൃംഭിച്ച്‌ നിന്ന
നിമിഷത്തിന്റെ മൂര്‍ച്ചയില്‍
അയാള്‍ ‍
ചുര മാന്തി
തുള്ളിക്കയറി
കെട്ടിയിട്ട ആടിന്റെ
കഴുത്തറുത്ത്‌
കുരുക്ക്‌ വിടുവിച്ചു.