വിപ്ലവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിപ്ലവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2/3/11

ആന, ഒരു വീട്ടുമൃഗമല്ല!


കലാം

മന്ദം മന്ദം വീശി
സുഖം പകരുന്ന
വലിയ ചെവികളാണ്
ഭീമാകാരമായ ഒരു ശരീരത്തെ
കണ്ണില്‍ നിന്നും മറച്ചു പിടിക്കുന്നത്‌

അരയാല്‍ തണലിലെ
പനയോല നിറവില്‍
പണിക്കു നിൽക്കുമ്പോഴാണ്
തല വിച്ഛേദിക്കപ്പെടുന്നത്

മുറിവായിൽ
കൊളുത്തി വലിക്കുമ്പോഴും
ചങ്ങലക്കിലുക്കം ആസ്വദിച്ചാണ്
താളത്തില്‍ നടക്കുന്നത്

ജടപിടിച്ച ഒരേയൊരോർമ്മയുടെ മറവില്‍
ഒരു മുറിവു പോലെ
കാട് ഉറങ്ങാതിരിപ്പുണ്ട്.

സ്വാതന്ത്ര്യമെന്നു പറയാവുന്ന
പുളഞ്ഞൊഴുകുന്ന കാട്ടാറില്‍
തിമിര്‍ത്താടിയ കുറുമ്പ്
സിംഹാസനങ്ങളെ നോക്കി
ചിന്നംവിളിച്ച രണ്ട് കുടുസ്സുകണ്ണുകൾ

കടന്നല്‍ കൂട്ടിലേക്കൊരു കല്ലുപോലെ
ആത്മ ബോധത്തിലേക്കൊരു ചവിട്ടു മതി
കരുത്തിന്റെ മല മണ്ണ് കുഴിക്കും

ചങ്ങലകെട്ടുകള്‍ തമാശയാകും
ഏകാധിപത്യം കാട്ടിലേക്കുള്ള വഴി ചോദിക്കും
സ്വാതന്ത്ര്യമെന്നൊക്കെ ആനക്കുട്ടികൾ
റോഡ് മുറിച്ചു കടക്കും

മുറിവേറ്റവരുടെ
ചരിത്രമെന്നൊക്കെ
ചരിത്രത്തിനും മുറിവേറ്റേക്കാം

കരുതിയിരിക്കുക
ആന,ഒരു വീട്ടുമൃഗമല്ല