കലാം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കലാം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

8/9/14

ഗസ്സ, ഒരു ചോരക്കാഴ്ച്ച!



ഫേസ്ബുക്കില്‍ കുഞ്ഞുങ്ങളുടെ
ശവങ്ങളുടെ കൊളാഷ്,
ആയുധമഴ കൊള്ളുന്ന ജനക്കൂട്ടം,
ചുണ്ടങ്ങയുടെയും വഴുതനങ്ങയുടെയും
തമാശ പറഞ്ഞു ഞങ്ങള്‍ ആര്‍ത്തു ചിരിച്ചു.

ഇളംമാംസം,
പൂത്തിരി പോല്‍ ചിതറുന്ന കാഴ്ച്ച,
എത്രവട്ടം കണ്ടിട്ടും മതിവരുന്നില്ല.
ഹാ... ചുട്ടമാംസത്തിന്റെ മണം
മൂക്കിലേക്ക് തുളച്ചു കയറുന്നു...

ഗസ്സ...
ലോകത്തിലെ ഏറ്റവും വലിയ
തുറന്ന ജയില്‍ എന്നാരാണ് പറഞ്ഞത്?
ചുറ്റുഭാഗവും ഞങ്ങള്‍
മതില്‍ കെട്ടി അടച്ചിട്ടുണ്ടല്ലോ?
ഞങ്ങളുടെ കൊലക്കോപ്പുകള്‍
നിത്യേനെയെന്നോണം
അവിടെ പരീക്ഷിക്കുന്നുമുണ്ട്.

എന്നിട്ടും,
മൃതപ്രായമായ ശരീരത്തില്‍
നിലക്കാത്ത സ്പന്ദനം പോലെ,
ഇടയ്ക്കിടെ വരുന്ന റോക്കറ്റുകള്‍,
എന്തൊരു ശല്യമാണെന്നോ?
എലിവാണം പോലുള്ള റോക്കറ്റുകളില്‍
കീഴടങ്ങില്ലെന്ന് ഇത്ര കടുപ്പത്തില്‍
അവര്‍ എഴുതിവെച്ചതെങ്ങിനെ?
എത്ര കിട്ടിയാലാണ് ഇവര്‍
കീഴടങ്ങാന്‍ പഠിക്കുക?

ഇവരുടെ നേതാക്കള്ക്കു
ജനക്കൂട്ടത്തില്‍ നിന്നകന്നു
കൊട്ടാരങ്ങളില്‍ ജീവിച്ചു കൂടെ?
അവരെന്തിനാണ് ജനങ്ങള്‍ക്കിടയില്‍,
ജലത്തില്‍ മത്സ്യങ്ങളെന്ന പോലെ, ജീവിക്കുന്നത്?

കീഴടങ്ങലിന്റെ
സുഖവും സമാധാനവും,
ഇവര്‍ക്കെന്നാണ് ബോദ്ധ്യപ്പെടുക?

അപ്പുറത്ത്,കൊട്ടാരത്തില്‍,
ഞങ്ങള്‍ വളര്‍ത്തുന്നുണ്ടൊന്നിനെ.
ഇടക്കിടെ മോങ്ങുമെന്നല്ലാതെ, ഒരു ശല്യവുമില്ല.
അങ്ങിനെ, എത്രയെത്ര കൊട്ടാരങ്ങൾ!

ഞങ്ങൾ ചരിത്രത്തിൽ നിന്നും
പാഠം പഠിച്ചവരാണ്
ഹിറ്റ്ലരിൽ നിഷ്ടൂരത,
ഗീബല്സിൽ നിന്നും തന്ത്രം,
ഫരോവയിൽ നിന്നും ശിശുഹത്യ.

കുഞ്ഞുങ്ങള്‍...
അവരെയാണ് കൊല്ലേണ്ടത്.
ആണവശക്തിയെ, കരിങ്കല്‍ ചീളു
കൊണ്ടെതിര്‍ക്കാന്‍ വരുന്ന
ചങ്കൂറ്റ്‌ത്തിന്റെ വിത്തുകള്‍,
ഞങ്ങളെങ്ങിനെ വളരാന്‍ വിടും...
ചിതറിക്കിടക്കുന്നത് കണ്ടില്ലേ,
വിപ്ലവത്തിന്റെ ചെഞ്ചോരപ്പൂക്കൾ!
മരണം ഭയക്കാത്ത പോരാളികള്‍ക്ക്
ഞങ്ങളുടെ സമ്മാനം!

ഭയമുണ്ട് ഞങ്ങള്‍ക്ക്.
നിരപരാധിയുടെ ചോര
കൈകളില്‍ പുരളുമ്പോള്‍,
അനീതിയുടെ മണ്ണില്‍
ചവിട്ടി നില്‍ക്കുമ്പോള്‍,
ഞങ്ങള്‍ എങ്ങിനെ ഭയക്കാതിരിക്കും...

ഒഷ്വിട്സിലെ കാപാലികരുടെ കണ്ണിലും
ഇതേ ഭയം ഉണ്ടായിരുന്നുവത്രേ...

ഒട്ടും പ്രതിഷേധിക്കാതെ,
എത്ര അനുസരണയോടെയാണ്
അന്ന് ഞങ്ങള്‍ കോന്സേന്ട്രഷ്ന്‍
കാമ്പിലേക്കു നടന്നു പോയത്.
പക്ഷെ...
എന്നിട്ടും, എത്ര ശവങ്ങളാണ്
ലോറികളില്‍ അട്ടിയട്ടിയായ്
തിരിച്ചു പോയത്.

ചരിത്രത്തില്‍ നിന്നും
ചില പക്ഷേകള്‍
ഇളിച്ചു കാണിക്കുന്നുണ്ട്.

അന്ന് വേട്ടക്കാര്‍ക്കൊപ്പം കുരച്ചവര്‍
ഇന്ന് ഞങ്ങളോടൊപ്പം കുരക്കുന്നുന്ടു.
ചോരയുടെ മണമോര്ത്തു
നൊട്ടി നുണക്കുന്നുന്ടു.
വേട്ടക്കാരുടെ ഉച്ചിഷ്ടം
അവര്‍ക്കുള്ളതാണത്രേ!

Photo:Reuters

23/1/12

മഞ്ഞു കാലം വന്നില്ലെന്നാരാണ് പറഞ്ഞത്?





ഓരോ ചെറു കാറ്റിലും
പ്രതിഷേധം മുരണ്ട് 
ഇളകിയാര്‍ത്ത
ഇലക്കൂട്ടങ്ങളെ,
കുടഞ്ഞെറിഞ്ഞു
തണുപ്പില്‍ നിശ്ശബ്ദം 
വിറങ്ങലിച്ചു നില്‍ക്കുന്ന
വഴിയോരമരങ്ങള്‍.

മരിച്ചു വീഴുമ്പോഴും
വഴിമുടക്കാതിരിക്കാന്‍
വശങ്ങളിലേക്ക്
വലിച്ചു കെട്ടപ്പെട്ടവ..

ചില്ലകളില്‍ മഞ്ഞുറഞ്ഞ
വെളുത്ത രൂപങ്ങള്‍
ആത്മഹത്യ ചെയ്ത
കുടുംബാംഗങ്ങളെ പോലെ
തൂങ്ങിയാടുന്നു.

തൂമഞ്ഞു തൂകിയ
പ്രകൃതി,
ചോര വാര്‍ന്ന
ശവം പോലെ
വിളറി വെളുത്ത് .

സന്ധികളിലേക്ക്
അരിച്ചിറങ്ങുന്ന തണുപ്പ്..
നാക്ക് വളക്കാനാവാതെ,
മുഷ്ടികള്‍ ചുരുട്ടാനാവാതെ,
മരവിപ്പിക്കുന്ന തണുപ്പ്.

ഇരുന്നിരുന്നങ്ങിനെ
തണുത്തുറയുമ്പോള്‍
തിരിച്ചറിയാത്തതാവണം..

ഓരോ ശ്വാസത്തിലും
ഹൃദയത്തോളം തൊട്ടുവരുന്ന
തണുപ്പിന്റെ പൊള്ളല്‍.

എത്ര മരവിച്ചാലും
മരിച്ചു തീരും വരെ
മിടിക്കേണ്ടതിന്റെ ആളല്‍.

തലയോട്ടി പിളര്‍ന്നു
ഉള്ളിലെ അവസാനത്തെ
കനലിലും നനഞ്ഞിറങ്ങുന്ന മഞ്ഞ്..

എന്നിട്ടും..
എന്നിട്ടും..
മഞ്ഞു കാലം വന്നില്ലെന്നാരാണ് പറഞ്ഞത്?




ചിത്രം കടപ്പാട്: http://free-extras.com

2/3/11

ആന, ഒരു വീട്ടുമൃഗമല്ല!


കലാം

മന്ദം മന്ദം വീശി
സുഖം പകരുന്ന
വലിയ ചെവികളാണ്
ഭീമാകാരമായ ഒരു ശരീരത്തെ
കണ്ണില്‍ നിന്നും മറച്ചു പിടിക്കുന്നത്‌

അരയാല്‍ തണലിലെ
പനയോല നിറവില്‍
പണിക്കു നിൽക്കുമ്പോഴാണ്
തല വിച്ഛേദിക്കപ്പെടുന്നത്

മുറിവായിൽ
കൊളുത്തി വലിക്കുമ്പോഴും
ചങ്ങലക്കിലുക്കം ആസ്വദിച്ചാണ്
താളത്തില്‍ നടക്കുന്നത്

ജടപിടിച്ച ഒരേയൊരോർമ്മയുടെ മറവില്‍
ഒരു മുറിവു പോലെ
കാട് ഉറങ്ങാതിരിപ്പുണ്ട്.

സ്വാതന്ത്ര്യമെന്നു പറയാവുന്ന
പുളഞ്ഞൊഴുകുന്ന കാട്ടാറില്‍
തിമിര്‍ത്താടിയ കുറുമ്പ്
സിംഹാസനങ്ങളെ നോക്കി
ചിന്നംവിളിച്ച രണ്ട് കുടുസ്സുകണ്ണുകൾ

കടന്നല്‍ കൂട്ടിലേക്കൊരു കല്ലുപോലെ
ആത്മ ബോധത്തിലേക്കൊരു ചവിട്ടു മതി
കരുത്തിന്റെ മല മണ്ണ് കുഴിക്കും

ചങ്ങലകെട്ടുകള്‍ തമാശയാകും
ഏകാധിപത്യം കാട്ടിലേക്കുള്ള വഴി ചോദിക്കും
സ്വാതന്ത്ര്യമെന്നൊക്കെ ആനക്കുട്ടികൾ
റോഡ് മുറിച്ചു കടക്കും

മുറിവേറ്റവരുടെ
ചരിത്രമെന്നൊക്കെ
ചരിത്രത്തിനും മുറിവേറ്റേക്കാം

കരുതിയിരിക്കുക
ആന,ഒരു വീട്ടുമൃഗമല്ല





26/10/10

കവിയേ.. ശവമേ..

നീ എന്നും ഒറ്റക്കായിരുന്നു,
ആരോരുമില്ലാത്തവന്‍,
തെരുവ് തെണ്ടി,
പിച്ചക്കാരന്‍.

നീ ജീവിച്ചിരുന്നപ്പോള്‍ തന്നെ
ഞങ്ങളിത് പറഞ്ഞു.
അപ്പോള്‍ നീ,
കവിത കാര്‍ക്കിച്ചു തുപ്പി,
ഞങ്ങളെ പൊള്ളിച്ചു.

ഇപ്പോഴിതാ നിന്റെ
ശവത്തെ പോലും
ഞങ്ങള്‍ ഒറ്റക്കുകിടത്തിയിരിക്കുന്നു.

ചോദിക്കാനും പറയാനും
ആരുമില്ലാത്തവന്‍ എന്ന്,
റീത്തും വെച്ചു.

അക്ഷരങ്ങള്‍ ഉറുമ്പരിക്കുന്ന
നിന്റെ കറുത്ത ചുണ്ടു കണ്ടു,
ആര്‍ത്തു ചിരിക്കാതെ വയ്യ...

നിന്റെ നെഞ്ചിന്‍ കൂട് തകര്‍ത്തു,
ആ പൂവ് ഞങ്ങളെടുത്തു.
കറുപ്പ് പടര്‍ന്നൊരു
രക്തപുഷ്പം നാളെ
വിപണിയിലിറങ്ങും.

ഇനി കൈകള്‍ കഴുകട്ടെ,
നിന്റെ മാംസം പാകമായെന്നു
അറിയിപ്പ് വന്നിരിക്കുന്നു.
വിശന്നിട്ടു വയ്യ...

9/7/10

വെറുപ്പിന്റെ വിളവെടുപ്പ്

അതെ,
അത് അവനാണ്,
അവന്‍ തന്നെയാണ്.

ഇന്നലെ,
കറുത്ത രാത്രിയുടെ
കനത്ത കമ്പിളി പുതപ്പണിഞ്ഞു വന്നവന്‍.

ഇരുളിന്റെ മറവില്‍
അവന്‍ ചെയ്തതെന്തെന്നറിയില്ല.

എങ്കിലും,
ചെയ്തത് അവനാകയാല്‍
അതൊരു ഘോരകൃത്യം
തന്നെ ആയിരുക്കുമെന്നുറപ്പാണ് .

അതെ,
അവനെ തന്നെയാണ് കൊല്ലേണ്ടത്.

അവന്റെ കൊലക്ക്,
അവന്‍ തന്നെയാണ് ഉത്തരവാദി.
അവന്‍, അവനാണെന്നതില്‍ കവിഞ്ഞ
മറ്റെന്തു കാരണമാണ് നമുക്ക് വേണ്ടത്?

ഇന്നലെ ഞങ്ങള്‍ ഇത് പറഞ്ഞിരുന്നു.
ഇന്നും ഇത് തന്നെ പറയുന്നു.
നാളെയും പറഞ്ഞു കൊണ്ടിരിക്കും.

അങ്ങിനെ നമ്മുടെ
ഹൃദയങ്ങള്‍ തിളക്കട്ടെ.

തിളച്ചു, തിളച്ചു, തിളച്ചു,
കനിവിന്റെ അവസാനത്തെ
നനവും വറ്റിയാല്‍...
പിന്നെ,
പുകഞ്ഞു കരിയാന്‍ തുടങ്ങും.

കരി പിടിച്ച ഹൃദയങ്ങള്‍
നിര നിരയായി ജാഥ നടത്തുന്നത്,
എത്ര മനോഹരം!

ആഘോഷിക്കുക,
വെറുപ്പിന്റെ വിളവെടുപ്പ് കാലമായി...

15/6/10

ചാവേറിനോട്...

ഷോപ്പിംഗ്‌ മാളിലെ തിരക്കേറിയ കോണില്‍,
തിരയിളകുന്ന മിഴികളുമായി,
സമയമെണ്ണി നിന്ന യുവാവിനോട്...

നിനക്കുമുണ്ടാവില്ലേ?

ഇരുളേറും യാമങ്ങളില്‍
വിളമ്പി വെച്ച ചോറിനു മുന്നില്‍
വഴിക്കണ്ണുമായ് ഉറങ്ങാതിരിക്കുന്നോരമ്മ...

പിണങ്ങി പിരിഞ്ഞു നീയുറങ്ങുമ്പോള്‍,
അറിയാതെ വന്നു നിന്‍ നെറുകയില്‍
മൃദുവായ് ചുംബിക്കുന്നോരച്ചന്‍...

പരിഭവം വീര്‍പ്പിച്ച മുഖവുമായ്
കനവുകള്‍ ഒളിപ്പിച്ച കണ്ണുമായ്
എന്നും നിനക്കായ്‌ തോല്‍ക്കുന്നൊരു പെങ്ങള്‍...

നീയും കണ്ടു കാണില്ലേ?

കയ്യിലൊരു വെളുത്ത ബലൂണുമായി,
നിനക്ക് പിന്നില്‍ വന്നൊളിച്ച
ആ മാലാഖക്കുഞ്ഞിനെ?
അവള്‍ നിനക്ക് തന്ന പുഞ്ചിരിപ്പൂവിനെ?

അവളുടെ പിറകെ ഓടി തളര്‍ന്ന
ഗര്‍ഭിണിയായ അമ്മയെ?

ഉള്ളില്‍ നീ പുകയുന്നതറിയാതെ,
നിന്നോട് സൌഹ്രദം പറഞ്ഞു
തീപ്പെട്ടി നീട്ടിയ തൂപ്പുകാരനെ?

കാവല്‍ കണ്ണുകളില്‍ നിന്നും
ഒളിയിടമേകിയ ആള്‍ക്കൂട്ടത്തെ?

എന്നിട്ടും എങ്ങിനെയാണ്‌ നീ
മരണത്തിന്റെ ദൂതുമായി വന്നു
അഗ്നിഗോളമായി പൊട്ടിച്ചിതറിയത്‌?

ചിതറിയ മാംസക്കഷ്ണങ്ങല്കിടയിലെ
ചെഞ്ചുവപ്പാര്‍ന്ന ആ ബലൂണ്‍ കഷണങ്ങള്‍
ഇനി ഒട്ടിച്ചു ചേര്‍ക്കാനാവില്ല.

ചോര നനഞ്ഞ തീപ്പെട്ടി കൊള്ളികള്‍
ഇനി ആരുടെ കുളിരിനും തീപിടിപ്പിക്കില്ല.

നേരത്തെ ലോകം കണ്ട കുഞ്ഞിന്റെ
കണ്ണുകള്‍ ഭിത്തിയില്‍ തുറിച്ചു നോക്കുന്നുണ്ട്.

നിന്നെ നഷ്ടപെട്ടവരുടെയും
നീ നഷ്ടപെടുത്തിയവരുടെയും നിലവിളികള്‍,
ഏതു സ്വര്‍ഗത്തില്‍ പോയി ഒളിച്ചിരുന്നാലാണ്
നിന്നെ പിന്തുടരാതിരിക്കുക?

18/12/09

വൃത്തികെട്ട വര്‍ഗ്ഗം?

പകല്‍.

ഗേറ്റിനു മുന്‍പില്‍
പാത്ര കിലുക്കം.
ഒറ്റ രൂപ തുട്ടില്‍
തീരാത്ത ദൈന്യം.

'അമ്മാ വിശക്കുന്നു.'
കരിഞ്ഞുണങ്ങിയ
ഒരമ്മയും കുഞ്ഞും.

'അകത്തു കേറ്റരുത്‌,
കണ്ണ് തെറ്റിയാല്‍ കക്കും.
വൃത്തികെട്ട വര്‍ഗ്ഗം!'

'ഞാന്‍ വരാന്‍ വൈകും'
തൂവെള്ള മുണ്ട് മടക്കി കുത്തി,
പടിയിറങ്ങും പുരുഷപ്രതാപം.

രാത്രി.

ഇരുള്‍ മുറ്റിയ
പീടിക തിണ്ണയില്‍ ആളനക്കം.
അടുത്ത് ചെന്നപ്പോള്‍
വെപ്രാളവും ഓട്ടവും.

നിലത്തു, ഇരുളിന്റെ ഇരുളായി,
ഒരു പെണ്‍കുഞ്ഞു പിടയുന്നു.
കറുപ്പിലും അഴുക്കിലും
തിളങ്ങുന്ന ചോര.
അമ്മിഞ്ഞ മണം
മാറാത്ത ചുണ്ടു പിളര്‍ന്നു
ചുടുനിണം വാര്‍ക്കുന്നു.

തൊട്ടടുത്ത്‌,
ചോരയും ശുക്ലവും പടര്‍ന്ന
ഒരു തൂവെള്ള മുണ്ട്...

17/11/09

പച്ചക്കള്ളം

കരഞ്ഞുടഞ്ഞ ഒരു പെണ്ണും,
വിളറി വെളുത്ത അവളുടെ കെട്ട്യോനും,
നാളേറെയായി
എന്റെ സ്റ്റേഷന്റെ തിണ്ണ നിരങ്ങുന്നു.

സ്ഥലത്തെ മാന്യന്മാരുടെ മക്കള്‍
അവളെ ബലാത്സംഗം ചെയ്തത്രേ!
കേസെടുക്കണമത്രേ!

പച്ചക്കള്ളമായിരിക്കും,
എനിക്കറിഞ്ഞൂടെ ആ പിള്ളേരെ,
ഏറിയാല്‍ ഒരു നേരമ്പോക്കിന്...

ഇനി പേടിക്കാനില്ല...
ഇന്നലെ സ്റ്റേഷനില്‍ വെച്ച്
അവര്‍ വിഷം കുടിച്ചു.
പെണ്ണ് കാഞ്ഞു പോയി.
കെട്ട്യോന്‍ കിടപ്പിലും.

സ്വസ്ഥം സമാധാനം.
സര്‍വ്വം ശുഭം!

Written on June 28th 2009.
ലോകസഭ തിരഞ്ഞെടുപ്പില്‍ മുങ്ങിപ്പോയ ഒരു വാര്‍ത്ത ...
http://ibnlive.in.com/news/haryana-cops-ignore-rape-woman-kills-herself/91957-3.html?from=search-relatedstories

24/7/09

ഗാസ: ഒരു കണ്ണീര്‍ കാഴ്ച/കലാം

അല്ല കുഞ്ഞേ, അത് തുമ്പികളല്ല

നമ്മെ തേടി വരും മോക്ഷത്തിന്‍ മരണപ്പറവകള്‍.



ഒളിച്ചിരിക്കാന്‍ ഇടം തിരയേണ്ട,

ഈ മണ്‍ കൂമ്പാരത്തില്‍ നിന്ന്,

ഇനി നമ്മുടെ വീട് കണ്ടെടുക്കനാവില്ല.



മാനത്തേക്ക് നോക്കാതെ സ്വീകരിക്കുക

പൊട്ടി ചിതറുന്ന അഗ്നിപ്പൂക്കള്‍.

ആ വലിയ മതിലിന്നപ്പുറത്തേക്ക്,

ഇന്നലെ നീയെറിഞ്ഞ കൊച്ചു കല്ലുകളാണത്രേ

ഇന്നു അഗ്നിച്ചിറകുകളില്‍ പറന്നിറങ്ങുന്നത്.



കണ്ണടച്ച് പ്രാര്‍ത്ഥിക്കുക,

പാതിജീവനായി ബാക്കിയാവതിരിക്കാന്‍,

നമ്മുടെ ആശുപത്രികള്‍ നിറഞ്ഞിരിക്കയാണ്.



അറിയാതെയെങ്കിലും ആ മാംസപിണ്ഡത്തില്‍

ചവിട്ടിയേക്കല്ലേ, അത് നിന്റെ അച്ഛനാണ്.

ഇന്നലെ, നിനക്ക് റൊട്ടി തേടി പുറപെട്ടു പോയതാണ്.

ഇനി നീ റൊട്ടിക്ക് വേണ്ടി കരയേണ്ടി വരില്ല.

മോക്ഷത്തിന്റെ പറവകള്‍ അടുത്തെത്തിക്കഴിഞ്ഞു.



ഹോളോകാസ്റ്റിന്റെ ഇരകള്‍ക്കറിയാം

പുതിയ ഹോളോകാസ്റ്റുകള്‍ എങ്ങിനെ നടപ്പാക്കണമെന്ന്.



ഒളിത്താവളങ്ങളില്‍ ഇനിയും

ഇന്‍തിഫാദ വിളികള്‍ ഉണരും.

അവസാനത്തെ ആളെയും കൊലക്ക് കൊടുക്കുന്നത് വരെ,

വഴിപാടുകള്‍ പോലെ, റോക്കറ്റുകള്‍ പറക്കും.



ലോകം പുതുവര്‍ഷാഘോഷത്തിന്റെ തിരക്കിലാണ്.

പ്രതികരണത്തിന്റെ അവസാനത്തെ അലയും

നിലച്ചു കഴിഞ്ഞാല്‍, അവര്‍ വരും.

ചത്തു മലച്ച ഒരു രാജ്യത്തെ,

കണ്ണീര് കൊണ്ടു കുളിപ്പിക്കാന്‍.



അതുവരെ കാത്തിരിക്കാം,

വയറില്‍ കാളുന്ന വിശപ്പിനെ

കണ്ണില്‍ നിറയുന്ന ഭയം കൊണ്ടു കെടുത്താം.

തീവിതറും പക്ഷികള്‍ വിഴുങ്ങും വരെ.

***************************

എഴുതിയത് : 03 - Jan - 2009

23/7/09

ശവങ്ങള്‍ സംസാരിക്കാറില്ല! /കലാം

മാണിക്യന്‍ ചത്തു!

അറുപതിന്റെ നിറവില്‍,

പ്രവാസത്തിന്റെ മുറിവില്‍,

മരുഭൂവിന്റെ കനിവില്‍,

വിറങ്ങലിച്ചു കിടന്നു.



ശവങ്ങള്‍ സംസാരിക്കാറില്ല!

ചുട്ടു പൊള്ളിച്ച പകലുകളില്‍,

തീക്കാറ്റ് വീശിയ രാവുകളില്‍,

വിയര്‍പ്പും കണ്ണീരും ചേര്‍ത്ത്,

ഉപ്പു കുറുക്കിയ,

കഥകള്‍ പറയാറില്ല.



എഴഴകാര്‍ന്ന തഞ്ചാവൂര്‍ പെണ്ണിന്റെ,

കണ്‍കാന്തങ്ങളെ കിനാവ് കണ്ടു,

കരഞ്ഞു തീര്‍ത്ത കാലത്തിന്റെ,

കണക്കുകള്‍ പറയാറില്ല.



ഇരുനില കട്ടിലിന്‍ മുകളില്‍ കിടന്നു,

ഇരുനില വീടിന്റെ നെഞ്ഞകത്തേക്ക്,

പ്രായത്തിന്റെ പ്രയാസങ്ങള്‍

പറഞ്ഞു കത്തയക്കാറില്ല.



ത്യാഗത്തിന്റെ നിറവില്‍,

സ്നേഹത്തിന്റെ മറവില്‍,

ഊറ്റിത്തീര്‍ന്ന കരുത്തില്‍

കണ്ണയക്കാറില്ല.



കണ്ണായ്‌ കരുതിയ

കണ്മണിപ്പൂക്കള്‍

പിണത്തില്‍ നിന്നും

പണമൂറ്റുമ്പോള്‍,

അനാഥത്വത്തെ,

തിരിച്ചറിയാറില്ല.



ആ ശവംതീനികള്‍ക്കെന്നെ

എറിഞ്ഞു കൊടുക്കല്ലേ,-

എന്നു കരഞ്ഞു പറയാറില്ല.

***************************

Ref: http://fidhel.blogspot.com/2009/07/blog-post_08.html

22/7/09

ഒട്ടകപ്പന്തയം/ കലാം




ഉയര്‍ന്നു താഴ്ന്നും,
മുന്നോട്ടാഞ്ഞും
കുതിച്ചു പായുമൊട്ടകക്കൂട്ടം.

ചാട്ടവാര്‍ വീശി,
ഒട്ടകപ്പുറത്ത്,
കവചമണിഞ്ഞ
കുറിയ രൂപങ്ങള്‍.

ആര്‍ത്തും പേര്‍ത്തും,
അറഞ്ഞു ചിരിച്ചും,
കറുത്ത പട്ട കെട്ടിയ
വെളുത്ത കുപ്പായക്കാര്‍.

ഇടക്കൊരു നൊടി
നിലവിട്ടൊരൊട്ടകം
മറിഞ്ഞു വീഴുന്നു,
പാതയോരത്ത്.

തെറിച്ചു വീഴുന്നു,
പഴന്തുണിക്കെട്ട്‌ പോല്‍,
ചോരയില്‍ പൊതിഞ്ഞു,
കുറിയൊരാ രൂപം.

ഉരുണ്ടു വന്നപ്പോള്‍,
ഇരുണ്ടൊരു പയ്യന്‍.

ദാക്കയിന്‍ തെരുവില്‍ നിന്നും
പറിച്ചെടുത്ത ബാല്യം.
ഇരുണ്ട ഭൂതത്തില്‍
കരിഞ്ഞ വേരുകള്‍.
ഓര്‍മ്മകള്‍ ഉറയ്ക്കും മുന്‍പേ
കരകടത്തപ്പെട്ടവന്‍.
ഒട്ടകക്കൂട്ടില്‍
പട്ടിണി തിന്നവന്‍.
ഒട്ടകപ്പുറത്തിരുന്നു
വരിയുടഞ്ഞവന്‍.
മരുക്കോട്ടകളിലെ
ആധുനിക അടിമ.

ചുവപ്പും നീലയും തിളങ്ങി,
സ്ട്രെചെരില്‍ അവന്‍ മറഞ്ഞു.

ആര്‍പ്പുവിളികള്‍ വീണ്ടും,
പന്തയം കഴിഞ്ഞിട്ടില്ല!
***************************
ref: http://www.ansarburney.org/news/camel-jockeys.html
എഴുതിയത് : 06 - July - 2009