9/7/10

വെറുപ്പിന്റെ വിളവെടുപ്പ്

അതെ,
അത് അവനാണ്,
അവന്‍ തന്നെയാണ്.

ഇന്നലെ,
കറുത്ത രാത്രിയുടെ
കനത്ത കമ്പിളി പുതപ്പണിഞ്ഞു വന്നവന്‍.

ഇരുളിന്റെ മറവില്‍
അവന്‍ ചെയ്തതെന്തെന്നറിയില്ല.

എങ്കിലും,
ചെയ്തത് അവനാകയാല്‍
അതൊരു ഘോരകൃത്യം
തന്നെ ആയിരുക്കുമെന്നുറപ്പാണ് .

അതെ,
അവനെ തന്നെയാണ് കൊല്ലേണ്ടത്.

അവന്റെ കൊലക്ക്,
അവന്‍ തന്നെയാണ് ഉത്തരവാദി.
അവന്‍, അവനാണെന്നതില്‍ കവിഞ്ഞ
മറ്റെന്തു കാരണമാണ് നമുക്ക് വേണ്ടത്?

ഇന്നലെ ഞങ്ങള്‍ ഇത് പറഞ്ഞിരുന്നു.
ഇന്നും ഇത് തന്നെ പറയുന്നു.
നാളെയും പറഞ്ഞു കൊണ്ടിരിക്കും.

അങ്ങിനെ നമ്മുടെ
ഹൃദയങ്ങള്‍ തിളക്കട്ടെ.

തിളച്ചു, തിളച്ചു, തിളച്ചു,
കനിവിന്റെ അവസാനത്തെ
നനവും വറ്റിയാല്‍...
പിന്നെ,
പുകഞ്ഞു കരിയാന്‍ തുടങ്ങും.

കരി പിടിച്ച ഹൃദയങ്ങള്‍
നിര നിരയായി ജാഥ നടത്തുന്നത്,
എത്ര മനോഹരം!

ആഘോഷിക്കുക,
വെറുപ്പിന്റെ വിളവെടുപ്പ് കാലമായി...

4 അഭിപ്രായങ്ങൾ:

Kalam പറഞ്ഞു...

ആഘോഷിക്കുക,
വെറുപ്പിന്റെ വിളവെടുപ്പ് കാലമായി...

ചിത്രഭാനു Chithrabhanu പറഞ്ഞു...

വരികളിൽ അഗ്നിയുണ്ട്...... പൊള്ളുന്നു

മുകിൽ പറഞ്ഞു...

ആ ജാഥയുടെ രൌദ്ര സൌന്ദര്യം പേക്കൂത്തു നടത്തുമ്പോ‍ൾ, നമ്മുടെയീ‍ ഭൂമീ തീരും...

Pranavam Ravikumar പറഞ്ഞു...

Good!