23/7/09

ശവങ്ങള്‍ സംസാരിക്കാറില്ല! /കലാം

മാണിക്യന്‍ ചത്തു!

അറുപതിന്റെ നിറവില്‍,

പ്രവാസത്തിന്റെ മുറിവില്‍,

മരുഭൂവിന്റെ കനിവില്‍,

വിറങ്ങലിച്ചു കിടന്നു.ശവങ്ങള്‍ സംസാരിക്കാറില്ല!

ചുട്ടു പൊള്ളിച്ച പകലുകളില്‍,

തീക്കാറ്റ് വീശിയ രാവുകളില്‍,

വിയര്‍പ്പും കണ്ണീരും ചേര്‍ത്ത്,

ഉപ്പു കുറുക്കിയ,

കഥകള്‍ പറയാറില്ല.എഴഴകാര്‍ന്ന തഞ്ചാവൂര്‍ പെണ്ണിന്റെ,

കണ്‍കാന്തങ്ങളെ കിനാവ് കണ്ടു,

കരഞ്ഞു തീര്‍ത്ത കാലത്തിന്റെ,

കണക്കുകള്‍ പറയാറില്ല.ഇരുനില കട്ടിലിന്‍ മുകളില്‍ കിടന്നു,

ഇരുനില വീടിന്റെ നെഞ്ഞകത്തേക്ക്,

പ്രായത്തിന്റെ പ്രയാസങ്ങള്‍

പറഞ്ഞു കത്തയക്കാറില്ല.ത്യാഗത്തിന്റെ നിറവില്‍,

സ്നേഹത്തിന്റെ മറവില്‍,

ഊറ്റിത്തീര്‍ന്ന കരുത്തില്‍

കണ്ണയക്കാറില്ല.കണ്ണായ്‌ കരുതിയ

കണ്മണിപ്പൂക്കള്‍

പിണത്തില്‍ നിന്നും

പണമൂറ്റുമ്പോള്‍,

അനാഥത്വത്തെ,

തിരിച്ചറിയാറില്ല.ആ ശവംതീനികള്‍ക്കെന്നെ

എറിഞ്ഞു കൊടുക്കല്ലേ,-

എന്നു കരഞ്ഞു പറയാറില്ല.

***************************

Ref: http://fidhel.blogspot.com/2009/07/blog-post_08.html