27/6/10

അധിനിവേശത്തിന്റെ ദൂരം /മൊയ്തീൻ അംഗടിമുഗർ



വാഷിങ്ടണില്‍ നിന്നും

ബാഗ്ദാദിലേക്കു എത്ര ദൂരമുണ്ട്
അതേ ദൂരമാണ്
ഇപ്പോള്‍ ടെഹ്റാനിലേക്കുമുളളത്

പെന്റഗണില്‍ നിന്നും
ഹിരോഷിമയിലേക്കുണ്ടായിരുന്ന ദൂരം
വെള്ളപ്പിശാചിന്റെ
കരങ്ങളാല്‍ ഞെരിഞ്ഞ
ഫലൂജയിലേക്കുള്ള ദൂരം
കാബൂളിലേക്കും,കാണ്ഡഹാറിലേക്കുമുള്ള ദൂരം
അതേ ദൂരം, അതേ അകലം
ആ ദൂരമേ
ഇനി ദമാസ്കസ്സിലേക്കും,സനായിലേക്കുമുള്ളു

ചിറകൊടിഞ്ഞ ഖാര്‍ത്തൂമിലേക്കും
ചേതനയറ്റ മൊഗാദിഷുവിലേക്കുമുള്ള
ദൂരവും ഇപ്പോള്‍ സമംതന്നെ
ഹവാനയിലേക്കും,കാരക്കസിലേക്കും
ഈ നരഭോജിയുടെ കൂര്‍ത്തനഖങ്ങള്‍
നീണ്ട് വരുന്നതും ഇതേ ദൂരത്തിലാണ്

ഒരഗ്നിഗോളം
സ്വന്തം ശിരസ്സില്‍ പതിയുവോളം
ദൂരമറിയാത്ത “അപരിചിത ലോകം“
ഉറക്കം നടിച്ചു കിടക്കും
അവരിലേക്കുള്ള ദൂരവും
അരികിലാകുന്നതു വരെ...

20/6/10

ഒളിവില്‍ ഒരാള്‍...

അതേ സര്‍
ഞാന്‍ തന്നെയാണ് ആ ഇര.
തടയാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ പിരിച്ചൊടിച്ചതാണ്
എന്റെയീ ഇടംകൈ.
കീഴ്ച്ചുണ്ട് കടിച്ചെടുക്കുമ്പോള്‍
ഞാന്‍ പറിച്ചെടുത്തതാണ്,
ദാ, ഈ മുടിച്ചുരുളുകള്‍.
എന്റെ നെഞ്ച്
മുറിച്ചെടുക്കുമ്പോലെ നോവിച്ചു അയാള്‍.
കരയാന്‍ തുടങ്ങിയപ്പോള്‍ പുലഭ്യം പറഞ്ഞു.
കുതറാന്‍ നോക്കിയപ്പോള്‍ മുഖത്തടിച്ചു.

ഞാന്‍ നന്നായി ഓര്‍ക്കുന്നുണ്ടു സാര്‍.
താടിയും മുടിയും നീട്ടിയിരുന്നു.
എന്റെ അത്രതന്നെ ഉയരം, വണ്ണം, നിറം.
കണ്ണില്‍ വല്ലാത്ത പരവേശം.
ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു,
ചാടിവീഴുമ്പോള്‍ മാത്രം
പൂച്ചകളെപ്പോലെ, നഖം കൂര്‍ത്തിരുന്നു.
പരിചിതമായ മുഖത്ത്
മുമ്പ് കാണാത്ത ഭാവങ്ങള്‍...

ഓഹ്.. എങ്ങനെ പരിചയമെന്നോ?
എത്ര കാലമായി സര്‍, ഞാന്‍ കൂടെ നടത്തുന്നു...
നിഴലിനേക്കാള്‍ ചേര്‍ന്ന്,
ശ്വാസം കൂട്ടിക്കലര്‍ത്തി,
ആത്മാക്കള്‍ ഇഴുകിച്ചേര്‍ന്ന്...

എന്നിട്ട് എവിടെയെന്നോ?
സാര്‍ കാണുന്നില്ലേ?
ഉള്‍ക്കണ്ണുകള്‍ ആത്മാവിലേക്ക് നീട്ടി
ഒന്നു ശ്രമിച്ചുനോക്കൂ.
കണ്ണാടിയിലെന്നപോലെ കാണുന്നില്ലേ?
എന്റെ നിറത്തില്‍, ഉയരത്തില്‍, വണ്ണത്തില്‍?
മുടി നീണ്ടിട്ട്?
അതെ, എന്റെ കണ്ണുകള്‍ തന്നെ,
കീഴ്ച്ചുണ്ട് പറിഞ്ഞിട്ടുണ്ട്,
ഇടംകൈ പിരിഞ്ഞിട്ടുണ്ട്..
അതെ.. അതു തന്നെ..
സാറിന്റെ ഇര...

16/6/10

വിശ്വാസം, അതല്ലല്ലോ എല്ലാം

നീട്ടിവിളിച്ചപ്പോൾ കരുതി
തീറ്റതരാനായിരിയ്ക്കുമെന്ന്

കയറിട്ട്‌ വലിച്ചപ്പോൾ
തൊഴുത്തിലേയ്ക്കാണെന്നും

ചാരിവച്ച പലകയിലൂടെ
ലോറിയിലേയ്ക്ക്‌ തള്ളിയപ്പോൾ
ഒരു പുൽത്തകിടി സ്വപ്നം കണ്ടു

യാത്ര ഞെരുങ്ങി
പതയൊഴുകിയപ്പോൾ
ഏതോയൊരു പുഴയോരവും

വണ്ടിയിൽ നിന്ന്
വലിച്ചിട്ടപ്പോൾ തോന്നി
കൈയ്യബദ്ധമായിരിയ്ക്കുമെന്ന്

അതോർത്ത്‌
നിന്റെ ചങ്കുരുകുകയാണെന്ന്

ഇപ്പോളീമരമുട്ടിയിൽ വച്ച്‌
കഴുത്തിനുനേരെ
കത്തിയുയർത്തിനിൽക്കുമ്പോൾ

കഴുത്തിലെ
കുരുക്കറുക്കാനായിരിയ്ക്കുമെന്ന്
കരുതിക്കോട്ടെ ഞാൻ......

നിന്നെക്കുറിച്ചൊരിക്കലും
മറിച്ച്‌ ചിന്തിയ്ക്കാനെനിക്കാകില്ലെന്ന്
നിനക്ക്‌ നന്നായറിയാമല്ലോ

15/6/10

ചാവേറിനോട്...

ഷോപ്പിംഗ്‌ മാളിലെ തിരക്കേറിയ കോണില്‍,
തിരയിളകുന്ന മിഴികളുമായി,
സമയമെണ്ണി നിന്ന യുവാവിനോട്...

നിനക്കുമുണ്ടാവില്ലേ?

ഇരുളേറും യാമങ്ങളില്‍
വിളമ്പി വെച്ച ചോറിനു മുന്നില്‍
വഴിക്കണ്ണുമായ് ഉറങ്ങാതിരിക്കുന്നോരമ്മ...

പിണങ്ങി പിരിഞ്ഞു നീയുറങ്ങുമ്പോള്‍,
അറിയാതെ വന്നു നിന്‍ നെറുകയില്‍
മൃദുവായ് ചുംബിക്കുന്നോരച്ചന്‍...

പരിഭവം വീര്‍പ്പിച്ച മുഖവുമായ്
കനവുകള്‍ ഒളിപ്പിച്ച കണ്ണുമായ്
എന്നും നിനക്കായ്‌ തോല്‍ക്കുന്നൊരു പെങ്ങള്‍...

നീയും കണ്ടു കാണില്ലേ?

കയ്യിലൊരു വെളുത്ത ബലൂണുമായി,
നിനക്ക് പിന്നില്‍ വന്നൊളിച്ച
ആ മാലാഖക്കുഞ്ഞിനെ?
അവള്‍ നിനക്ക് തന്ന പുഞ്ചിരിപ്പൂവിനെ?

അവളുടെ പിറകെ ഓടി തളര്‍ന്ന
ഗര്‍ഭിണിയായ അമ്മയെ?

ഉള്ളില്‍ നീ പുകയുന്നതറിയാതെ,
നിന്നോട് സൌഹ്രദം പറഞ്ഞു
തീപ്പെട്ടി നീട്ടിയ തൂപ്പുകാരനെ?

കാവല്‍ കണ്ണുകളില്‍ നിന്നും
ഒളിയിടമേകിയ ആള്‍ക്കൂട്ടത്തെ?

എന്നിട്ടും എങ്ങിനെയാണ്‌ നീ
മരണത്തിന്റെ ദൂതുമായി വന്നു
അഗ്നിഗോളമായി പൊട്ടിച്ചിതറിയത്‌?

ചിതറിയ മാംസക്കഷ്ണങ്ങല്കിടയിലെ
ചെഞ്ചുവപ്പാര്‍ന്ന ആ ബലൂണ്‍ കഷണങ്ങള്‍
ഇനി ഒട്ടിച്ചു ചേര്‍ക്കാനാവില്ല.

ചോര നനഞ്ഞ തീപ്പെട്ടി കൊള്ളികള്‍
ഇനി ആരുടെ കുളിരിനും തീപിടിപ്പിക്കില്ല.

നേരത്തെ ലോകം കണ്ട കുഞ്ഞിന്റെ
കണ്ണുകള്‍ ഭിത്തിയില്‍ തുറിച്ചു നോക്കുന്നുണ്ട്.

നിന്നെ നഷ്ടപെട്ടവരുടെയും
നീ നഷ്ടപെടുത്തിയവരുടെയും നിലവിളികള്‍,
ഏതു സ്വര്‍ഗത്തില്‍ പോയി ഒളിച്ചിരുന്നാലാണ്
നിന്നെ പിന്തുടരാതിരിക്കുക?

9/6/10

മുപ്പത്തഞ്ചിൽ ഒരുചന്ദ്രിക

മുപ്പത്തഞ്ചിന്റെ സമ്മര്‍ദ്ദം
അണപൊട്ടിയപ്പോള്‍
ചന്ദ്രിക വാങ്ങീ
പുത്തനാമൊരു മൊബൈല്‍ ഫോണ്‍
ചുവന്നതുജ്ജ്വലം

( എന്തുവന്നാലും
എനിയ്ക്കാസ്വദിക്കണം
മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം
എന്നൊരു റിങ്ങ് ടോണ്‍)

ഇടയ്ക്കിടക്കവള്‍
ചുണ്ടോടു ചേര്‍ത്തുപകര്‍ന്നൂ
വികാരവിവശം
വാക്കുകള്‍ ,
ഉമിനീര്‍,
നിശ്വാസങ്ങള്‍,
അടക്കം പറച്ചിലുകള്‍ :
മൊബൈല്‍ സംഭോഗ-
രതിസുഖ സീല്‍ ക്കാരങ്ങള്‍.

മാറിമാറി
ചെവിയില്‍ വെച്ചവള്‍ കേട്ടൂ
സ്നേഹത്തിന്റെ ബീജങ്ങള്‍
നീന്തിത്തുടിക്കുന്ന
കടലിന്റെ ആരവങ്ങള്‍.

ത്രസിച്ചു വിവശമായുടല്‍
അണിയിച്ചൊരുക്കീ പുരികങ്ങള്‍
ചായമിട്ടണിയിച്ചു ചുണ്ടുകള്‍
ശരീര മാളികയാകെയും
കസ്തൂരി ജലധാരയില്‍
കഴുകിത്തുടച്ചിട്ടു.

തന്നോടൊപ്പം
കൂടെക്കൊണ്ടുപോയ്ക്കാണിച്ചു
നഗരം,തുണിക്കട
സിനിമാ-ഭക്ഷണശാലകള്‍,
അടുക്കള ,ബാല്ക്കണി ഒക്കെയും

ഉറങ്ങുമ്പോള്‍
നെഞ്ചിലോ തലയോടു ചേര്‍ത്തോ
വിശ്വസ്തതയോടെ
കൂടെക്കിടത്തി.


അപ്പോഴും
മുറിയിലൊരു മൂലയിലുണ്ട്
പഴയ ലാന്റ്ഫോണ്‍,
കൂടെക്കൊണ്ടുനടക്കാന്‍ കൊള്ളാത്ത
മദ്ധ്യവയസ്കനെപ്പോലെ,
ആരുകണ്ടാലും
ആരാണച്ഛനാണോ
എന്നു ചോദിപ്പിക്കും വിധം
നരച്ച് ചാരനിറമാണ്ട്.

വല്ലപ്പോഴും മാത്രം
ഞെട്ടിയുണര്‍ന്ന്
വിഫലരതിപോലെ ഗര്‍ജ്ജിച്ചും
പിന്നെ വാടിത്തളര്‍ന്ന്
ഭൂതകാലത്തിന്റെ
മണികിലുക്കങ്ങള്‍ മാത്രം ശ്രവിച്ചും
പഴയതെല്ലാം പിന്നെയും സ്രവിപ്പിച്ചും
ഒട്ടും റൊമാന്റിക്കല്ലാത്ത
ഒരു യന്ത്രമായി.

റെയ്ഞ്ചില്ലാത്തപ്പോള്‍ മാത്രം
മടിച്ചു മടിച്ചു
കൈയ്യിലെടുത്ത്
പലതും പറഞ്ഞ്
കളിപ്പിക്കാനൊരെണ്ണമായി

ഇലകളുടെ ഗ്രാമം

എന്നിട്ട്
നഗരത്തിനു പിന്നിലേക്കു
നിന്നെ ഞാന്‍ വലിച്ചിഴയ്ക്കും
ഓവര്‍ബ്രിഡ്ജിനപ്പുറത്തെ
കുറ്റിക്കാട്ടിലേക്കു
നിന്നെ മലര്‍ത്തിക്കിടത്തും

നഗരം വിട്ടതിനു ശേഷമുള്ള
ഇലകള്‍ക്കിടയില്‍ നമ്മള്‍
പെട്ടെന്നുപെട്ടെന്ന്
നഗരവും
നഗരത്തിനു പിന്നിലെ ഗ്രാമവും
മറക്കും

മരച്ചുവട്ടില്‍
ആകാശം കാണുന്നില്ലെന്ന്
നമുക്കൊരില
മതിയാകും

കാട്ടുചോലയില്‍
ഒഴുകിയൊഴുകി
ഇല കൊഴിഞ്ഞു തീരില്ല

ആകാശത്തേക്കൊളിച്ചു
മതിയാവില്ല

ഇലകളുടെ കുറ്റിക്കാടിത്

ആനയും കുറുക്കനും
കുരങ്ങനും മുയലുമാമയും
പുലിയും മാനും
ഇലകള്‍ കൊണ്ടു കൊത്തിപ്പണിഞ്ഞ
കുറ്റിക്കാടിന്റെ കാട്

ആരും ഇലപ്പച്ച നനച്ച്
ആകാശം മായ്ക്കില്ല

മറ്റൊരു നഗരത്തില്‍ വെച്ചു
എളുപ്പത്തില്‍ കണ്ടുമുട്ടുമ്പോള്‍
മരമെന്ന്
രണ്ടും രണ്ടും നാലുകണ്ണുകള്‍
മറ്റെന്തോ കടഞ്ഞെടുക്കുമ്പോള്‍
ഇലകളങ്ങിനെ

വിഷമത്തോടെയിങ്ങനെ
തുറിച്ചു നോക്കും

ഉമ്മകളുടെ നഗരം

എന്നിട്ട്
മുറിവിന്റെ തീരത്തുകൂടെ നടന്നു
കുന്നിനപ്പുറമുള്ള
എന്റെ നഗരത്തിലേക്കു
നിന്നെ
കൂട്ടികൊണ്ടുപോകും.

ട്രാഫിക് ലഘിച്ചതിനു
ഓരോ ഉമ്മകൊടുത്തുകൊണ്ട്
നമ്മള്‍
ഇവിടെയുള്ള ജീവിതം തുടങ്ങും.

കാപ്പിപീടികയില്‍
കാപ്പിച്ചൂടുവിട്ടുപോകാതെ
ചുണ്ടുകള്‍കൊണ്ടൊരുമ്മ
മതിയാകും.

പെട്രോള്‍ ബങ്കിലഞ്ചുമ്മയെങ്കിലും
വേണ്ടി വരും.

ഉമ്മകളുടെ നഗരമിത്.

തേവിടിശ്ശികളും
പണിയില്ലാത്ത ചെറുപ്പക്കാരും
യാചകരും
കല്‍ബെഞ്ചിലിരുന്നു
ഉമ്മകള്‍കൊണ്ടു പടുത്തുയര്‍ത്തിയ
നഗരം.
ഇവിടെ
തണുപ്പാലൊരുവനും മരിക്കുകില്ല.

ഇവിടുത്തെ
ചൂതാട്ടകേന്ദ്രങ്ങളില്‍
ആയിരക്കണക്കിനുമ്മകള്‍വച്ചു
തള്ര്ന്നു വീഴുന്ന സുന്ദരികള്‍.

ബാറുകളില്‍
ഒന്നില്‍ക്കൂടുതല്‍ ഉമ്മകള്‍
തരാനാകാതെ
വേച്ചുനടക്കുന്ന പതിവുകാര്‍.

വരണ്ടുണങ്ങിയ ഉമ്മകളെ
നല്‍കി
കബളിപ്പിക്കുവാന്‍
ശ്രമിച്ചവനെ
കൈയ്യാമം വക്കുന്ന
പോലീസുകാര്‍

വൈകുന്നേരങ്ങളുടെ
ഉമ്മറപ്പടിയിലിരുന്നു
കച്ചവടം കഴിഞ്ഞ്
ഉമ്മകളേറ്റ് വീര്‍ത്തുപൊങ്ങിയ
പുരുഷന്മാരുടെ കവിളുകളില്‍
കുശുമ്പോടെ
ആവിപിടിക്കുന്ന
പെണ്ണുങ്ങള്‍.

ദേഹത്തുടനീളം
ഉമ്മകളൊളിപ്പിച്ചുവേണം
ഈ നഗരം വിടുവാന്‍.

വേറേതോ നഗരത്തില്‍ വച്ചു
വളംകടിയില്‍
മറ്റാരേക്കാളും
വഴക്കത്തോടെ വിരലോടിക്കുമ്പോള്‍
സമ്മാനമായിത്തരുവാന്‍
ഒളിപ്പിച്ചുവച്ച
ഉമ്മകളൊക്കെയും
ഇവിടെയെന്നെ
ഉമ്മവച്ചുമ്മവച്ചുറക്കിയപ്പോള്‍
കഴിഞ്ഞുപോയതിനാണോ
പ്രായമിത്രയായിട്ടും
വിഷമത്തോടെയിങ്ങനെ
തുറിച്ചുനോക്കുന്നതു?

ഒറ്റ

ഒറ്റയ്ക്കൊറ്റയ്ക്ക്
നാമെത്ര തങ്കപ്പെട്ടോര്‍

തമ്മില്‍ വിളക്കുമ്പോള്‍
കരിയും പുകയും പടരുവത്
തടയാനാമോ

?

7/6/10

ദൈവത്തിനും വേണ്ടാത്ത വാക്ക്

ശരിയ്ക്കുമൊരു ഭ്രാന്തി
യെന്നേ പറയൂ

ക്ലാസ്സെടുക്കുമ്പോള്‍
ജനലിന്റെ
മരയഴികള്‍ക്കപ്പുറത്തു നിന്ന്
കൈനീട്ടി വിളിയ്ക്കും പോലെ
പൊടിപിടിച്ച
കണ്ണുകളില്‍ നിന്ന്
വിശക്കുന്നുവെന്നൊരു
വിളി വരുമ്പോലെ

കൈയ്യിലിരുന്നൊരു
ചില്ലറത്തുട്ട്
അവര്‍ക്കുനേരെ നീട്ടി
ക്കൊണ്ടുറക്കെപ്പറഞ്ഞു
പോ...പോ...
കുട്ടികളുമുറക്കെച്ചിരിച്ചു പറഞ്ഞു

പെട്ടെന്നൊരു
കുഞ്ഞുകൈയ്യെന്റെ
വിരലില്‍ത്തൊട്ടു

"മാഷേ
അതെന്റെ
അമ്മയാണ്...
കരിങ്കല്ലു പണിയ്ക്കിടയില്‍
ഉച്ചക്കഞ്ഞിയുമായ് വന്നതാണ്.."

നൂറുനക്ഷത്രങ്ങള്‍ക്കു മുന്നില്‍
ഇരുട്ടിലാഴ്ന്നാഴ്ന്നു പോകുമൊരു
തോന്നല്‍ വന്നു മൂടുമ്പോള്‍
ദൈവത്തിനും
വേണ്ടാത്തൊരു വാക്കെന്റെ
ചുണ്ടില്‍നിന്നുമടര്‍ന്നു വീണു.

രണ്ട് കവിതകൾ




1.മരം.

ഇലകളൊക്കെയും
കൊഴിഞ്ഞുപോവുമ്പോൾ
കൂടുവച്ചോരുകിളികളൊക്കെയും
മിഴിനിറയാതെ പറന്നകലുമ്പോൾ.
കാറ്റുവന്നോരുകുരുന്നിലകളെ
പാട്ടിലാക്കിയെടുത്തുപോകുമ്പോൾ
വാക്കുകളാകാത്ത മൌനമായ്
ഭൂമിയിൽ ബന്ധിക്കപ്പെട്ട ഒരമ്മ.
ഏതോഭാഷയിൽ കൊത്തുന്നുണ്ടാകണം
ആത്മവിലാപത്തിന്റെ ഒരു കവിതയെങ്കിലും.

2.വേര്

വളഞ്ഞും പുളഞ്ഞും
എന്നിലെയെന്നെത്തന്നെ തിരയെ
മഴവെള്ളമെത്തിപ്പറയുന്നു:
‘’നീ കാണാത്തനിന്നെ
ഭൂമിക്കുമുകളിൽ
കാറ്റ് ബലാൽക്കാരം ചെയ്യുന്നു‘’

2/6/10

ജ്ഞാന വൃദ്ധം

നിറങ്ങളസ്തമിച്ച്
നിലാവുമാത്രമാകുമ്പോള്
നിഴല്പരക്കും......
പിന്നെ മരണം പോലെ
അറിവുദിക്കും.

പരകായമുപേക്ഷിച്ച്
മുഖത്തെഴുത്തും കളിവസ്ത്രങ്ങളും മാറ്റി
തെളിനീരില് നഗ്നനായി
നിരാലംബനായി ഞാന് ഏകനാകും..

കവ൪ന്നെടുക്കും മുമ്പുള്ള
നിസ്സഹായമായ അവളുടെ നിലവിളി
കൈവെള്ളയിലെ രക്തക്കറപോലെ
പിന്നെയും തെളിയുകയാണല്ലോ..

ഇടവഴികളിലുപേക്ഷിക്കപ്പെട്ടവ൪
കാരണമില്ലാതെ കാണാതായവ൪
ഉത്തരമില്ലാത്ത ചോദ്യങ്ങള്
പിന്നെയും എനിക്കുനേരെ.....

പാതകം

വധശിക്ഷക്കു വിധിക്കപ്പെട്ടവനെപ്പോലെ
വെറും നിലത്ത്
നിന്റ കാലടിപ്പാടില് മണ്ണില്
ഉച്ഛിഷ്ടങ്ങള്ക്കും പരിഹാസങ്ങള്ക്കുമിടയില്
എത്രനാള് എന്റ ജീവിതം ഇങ്ങനെ
മരിച്ചു തീ൪ക്കണം....

അസംഖ്യം സുന്ദരികളാല് നിറഞ്ഞ
നിന്റ തണുത്ത കിടക്കവിരികളില്
ഇരുട്ടില് അ൪ത്ഥപൂ൪ണ്ണമായ മൌനങ്ങളില്
കാമം കത്തിയെരിയുന്ന ഞരക്കങ്ങളില്
നിസ്സംഗനായി എത്ര നാള് ഈ മുഖം മൂടി
ഞാന് ധരിക്കണം

അതിരുവിട്ട വള൪ച്ചയെന്നു പറഞ്ഞ്
നീ അറുത്തുമാറ്റിയ അവയവങ്ങള്
ഒരു ദിനം കിളി൪ത്തുവരുമെന്ന്
നീ അറിയുക.

അന്ന് ...
വാക്യ ഘടനക്കു ചേരാത്ത വാക്കുപോലെ
നീയെന്നെ വെട്ടിമാറ്റുന്ന ദിവസ്സം..

പക്ഷെ.
തുട൪വായനക്കായി കാത്തിരിക്കുംമുന്പ്..
നിന്റ മരണവും എഴുതപ്പെട്ടിരിക്കും..
0 അഭിപ്രായം