15/6/10

ചാവേറിനോട്...

ഷോപ്പിംഗ്‌ മാളിലെ തിരക്കേറിയ കോണില്‍,
തിരയിളകുന്ന മിഴികളുമായി,
സമയമെണ്ണി നിന്ന യുവാവിനോട്...

നിനക്കുമുണ്ടാവില്ലേ?

ഇരുളേറും യാമങ്ങളില്‍
വിളമ്പി വെച്ച ചോറിനു മുന്നില്‍
വഴിക്കണ്ണുമായ് ഉറങ്ങാതിരിക്കുന്നോരമ്മ...

പിണങ്ങി പിരിഞ്ഞു നീയുറങ്ങുമ്പോള്‍,
അറിയാതെ വന്നു നിന്‍ നെറുകയില്‍
മൃദുവായ് ചുംബിക്കുന്നോരച്ചന്‍...

പരിഭവം വീര്‍പ്പിച്ച മുഖവുമായ്
കനവുകള്‍ ഒളിപ്പിച്ച കണ്ണുമായ്
എന്നും നിനക്കായ്‌ തോല്‍ക്കുന്നൊരു പെങ്ങള്‍...

നീയും കണ്ടു കാണില്ലേ?

കയ്യിലൊരു വെളുത്ത ബലൂണുമായി,
നിനക്ക് പിന്നില്‍ വന്നൊളിച്ച
ആ മാലാഖക്കുഞ്ഞിനെ?
അവള്‍ നിനക്ക് തന്ന പുഞ്ചിരിപ്പൂവിനെ?

അവളുടെ പിറകെ ഓടി തളര്‍ന്ന
ഗര്‍ഭിണിയായ അമ്മയെ?

ഉള്ളില്‍ നീ പുകയുന്നതറിയാതെ,
നിന്നോട് സൌഹ്രദം പറഞ്ഞു
തീപ്പെട്ടി നീട്ടിയ തൂപ്പുകാരനെ?

കാവല്‍ കണ്ണുകളില്‍ നിന്നും
ഒളിയിടമേകിയ ആള്‍ക്കൂട്ടത്തെ?

എന്നിട്ടും എങ്ങിനെയാണ്‌ നീ
മരണത്തിന്റെ ദൂതുമായി വന്നു
അഗ്നിഗോളമായി പൊട്ടിച്ചിതറിയത്‌?

ചിതറിയ മാംസക്കഷ്ണങ്ങല്കിടയിലെ
ചെഞ്ചുവപ്പാര്‍ന്ന ആ ബലൂണ്‍ കഷണങ്ങള്‍
ഇനി ഒട്ടിച്ചു ചേര്‍ക്കാനാവില്ല.

ചോര നനഞ്ഞ തീപ്പെട്ടി കൊള്ളികള്‍
ഇനി ആരുടെ കുളിരിനും തീപിടിപ്പിക്കില്ല.

നേരത്തെ ലോകം കണ്ട കുഞ്ഞിന്റെ
കണ്ണുകള്‍ ഭിത്തിയില്‍ തുറിച്ചു നോക്കുന്നുണ്ട്.

നിന്നെ നഷ്ടപെട്ടവരുടെയും
നീ നഷ്ടപെടുത്തിയവരുടെയും നിലവിളികള്‍,
ഏതു സ്വര്‍ഗത്തില്‍ പോയി ഒളിച്ചിരുന്നാലാണ്
നിന്നെ പിന്തുടരാതിരിക്കുക?

5 അഭിപ്രായങ്ങൾ:

Kalam പറഞ്ഞു...

നിന്നെ നഷ്ടപെട്ടവരുടെയും
നീ നഷ്ടപെടുത്തിയവരുടെയും നിലവിളികള്‍,
ഏതു സ്വര്‍ഗത്തില്‍ പോയി ഒളിച്ചിരുന്നാലാണ്
നിന്നെ പിന്തുടരാതിരിക്കുക?

ഇട്ടിമാളു അഗ്നിമിത്ര പറഞ്ഞു...

കസബിനെ കണ്ടാൽ എന്തു ചോദിക്കുമെന്ന് ഒരു പത്രക്കാരൻ സുഹൃത്ത് ചോദിച്ചിരുന്നു..

ഈ കവിത കൊടുക്കാമല്ലെ..?

Mohamed Salahudheen പറഞ്ഞു...

ചോര നനഞ്ഞ തീപ്പെട്ടി കൊള്ളികള്‍
ഇനി ആരുടെ കുളിരിനും തീപിടിപ്പിക്കില്ല

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

നീയും കണ്ടു കാണില്ലേ?

കയ്യിലൊരു വെളുത്ത ബലൂണുമായി,
നിനക്ക് പിന്നില്‍ വന്നൊളിച്ച
ആ മാലാഖക്കുഞ്ഞിനെ?
അവള്‍ നിനക്ക് തന്ന പുഞ്ചിരിപ്പൂവിനെ?


ഇല്ലെടോ... ഇവറ്റകളൊക്കെ അന്ധരായിരിക്കണം. അല്ലെങ്കിലെങ്ങനെ....!!?

ജസ്റ്റിന്‍ പറഞ്ഞു...

ഇരുളേറും യാമങ്ങളില്‍
വിളമ്പി വെച്ച ചോറിനു മുന്നില്‍
വഴിക്കണ്ണുമായ് ഉറങ്ങാതിരിക്കുന്നോരമ്മ...

ഈ ഒരു ചോദ്യം ആവശ്യമെ ഇല്ല...

ഇങനെ ഒരനുഭവം ഉണ്ടായിരുന്നെങ്കില്‍??!!