31/5/10
കരിമ്പനയോല കൊത്തിക്കൊത്തി
വിരല്‍ത്തുമ്പിലുണ്ടാവും
ഒരു തത്തക്കൂട്
കൂട്ടില്‍ കുനിഞ്ഞിരിക്കും
രണ്ടു പച്ചച്ചിറകുകള്‍
ചുവന്ന ചുണ്ടുകള്‍
എനിക്കെന്തിനാണു ചിറകെന്ന്
ദൈവങ്ങളുടെ ചിത്രം കൊത്തുമ്പോള്‍
ചുണ്ടൊന്നു ചുവക്കും
ചിറകൊന്നു പച്ചയ്ക്കും
ആരെക്കണ്ടാലും
ഞാനൊരു ത ത്ത
കൂട്ടില്‍
വിരല്‍ത്തുമ്പില്‍
തൂങ്ങിപ്പറന്ന്
പറഞ്ഞു പഠിച്ചത്
പൂച്ചയെന്നായാലും
പട്ടിയെന്നായാലും
പറഞ്ഞു
പറന്നു കൊണ്ടേയിരിക്കും
24/5/10
കാപ്പിപ്പൂക്കളുടെ മണം
കോടമഞ്ഞിന്റെ പാട വകഞ്ഞ്
കാപ്പിപ്പൂക്കളുടെ മണത്തില്‍
ഡങ്കട്ടക്കാ ഡങ്കട്ടക്കാ കൂയ് കൂയ് കൂയ്
ആഅഅഅ ആഅഅഅ ആഅഅഅ എന്ന്
ഒരു പണിയക്കളി ആടിയാടി വരുന്നുണ്ട്
കവാത്ത്‌പണിക്കു വന്നിരുന്ന കെമ്പന്‍
അട്ടകടിക്കാതിരിക്കാനുള്ള വലിയ ഷൂസും
കവാത്തുകത്തിയുമായി തോട്ടത്തിലൂടെ പോയതാണ്
പണിമാറ്റി പോയത് നേരാണെങ്കില്‍
ഏതെങ്കിലും പ്രഭാതത്തില്‍
വളഞ്ഞ കാലുകള്‍ മുന്നോട്ട് വെച്ച്
ടക് ടക് എന്നു വരേണ്ടതാണ്.
.
വര്‍ഷങ്ങള്‍ കഴിഞ്ഞു
പടരുന്ന **റെക്കകള്‍ ആരോ കോതുന്നു
ബലമില്ലാത്ത*കമ്പിച്ചീറുകള്‍ ആരോ ഒടിച്ചുകളയുന്നു
ഒച്ചകേട്ട ദിക്കിലേക്ക് നോക്കുമ്പോള്‍
ഒരു കറുത്ത കുള്ളന്‍ കാപ്പിത്തോട്ടത്തിലെ ഇരുട്ടായി മാറുന്നു.
ഇടിയും മഴയും...
ചരിഞ്ഞ കുന്നില്‍ നിരന്നു നിന്നിരുന്ന
പണിയരും പണിച്ചികളും
കുള്ളന്‍കാപ്പിമരങ്ങളായി .
കാപ്പിമരങ്ങളായ പണിയര്‍
മനുഷ്യരായ പണിയന്മാരെ
കാപ്പിത്തോട്ടങ്ങളിലേക്ക് വിളിച്ചു.
തലമുറ തലമുറയായി അവര്‍
കാപ്പിത്തോട്ടങ്ങളിലേക്ക് ഒഴുകി
ചിലപ്പോള്‍ കാപ്പിത്തോട്ടം
ചുവന്നുരുണ്ട കാപ്പിപ്പഴങ്ങളുടെ
വളകളണിഞ്ഞ കാപ്പിക്കൈകള്‍ കാട്ടി.
അനേകം പണിയരുടെ കൈകള്‍
ഓരോ കാപ്പിച്ചുവട്ടില്‍ നിന്നും പൊന്തിവന്നു.
കാപ്പിപ്പഴങ്ങളുടെ വളകള്‍ അഴിഞ്ഞഴിഞ്ഞ്
ചാക്കുകളും കുട്ടകളും നിറഞ്ഞു.
കാപ്പിപ്പഴങ്ങള്‍ തമ്പ്രാന്റെ മുറ്റത്ത്
ഉണങ്ങുകയും കറുക്കുകയും ചെയ്തു.
ഒരു ടില്ലര്‍ വന്നു കയറുംവരെ
മുറ്റത്തെ കുഴികളില്‍ പണിയര്‍ കാപ്പിക്കുരു
കുത്തിക്കൊണ്ടിരുന്നു:സ്സെ..സ്സെ..സ്സെ..
കാപ്പിത്തോട്ടത്തില്‍ ഒറ്റയ്ക്ക് പോയാല്‍
മൊട്ടുകളും കവരകളുമുള്ള കാപ്പി
പണിയനോ പണിച്ചിയോ ആയി
അനങ്ങിത്തുടങ്ങും.
സൂക്ഷിച്ചുനോക്കിയാല്‍
‘’എനായ്ത്തവാ എന്ന്ചോദിക്കും.
പുതുമഴേന്റെ പിറ്റേന്ന്
തലമുറകളുടെ സുഗന്ധം കാപ്പിത്തോട്ടങ്ങള്‍ക്കു
മുകളിലൂടെ പറന്നു
കാപ്പിമരങ്ങള്‍ അവയുടെ വായ തുറന്ന്
വെളുവെളുത്ത പല്ലുകള്‍ കാട്ടിച്ചിരിച്ചു.
കുന്നുകയറുന്ന വണ്ടിയിലിരുന്ന്
കാപ്പിത്തോട്ടങ്ങളുടെ ചിരി കണ്ടു.
പൊരിച്ചാക്കുകള്‍ മറിഞ്ഞുകിടക്കുന്ന മാതിരി.
**റെക്ക-ഭൂമിക്ക് തിരശ്ചീനമായി വളരുന്ന പാര്‍ശ്വശാഖകള്‍
*കമ്പിച്ചീറ്-കമ്പച്ചികിറ്,തായ്ത്തടിയില്‍ നിന്ന് പൊട്ടി ലംബമായി വളരുന്ന ചെറുശിഖരങ്ങള്‍
21/5/10
ഏതുശബ്ദമാണ് ഏതുശബ്ദം
അവന് അമ്പുകൊരുത്തു,
മുനയിൽ മൂർച്ചകൊടുത്തു,
ചിരിയിൽ സമം ചാലിച്ച ചതി
മണത്തുപോലും നോക്കാതെ വിഴുങ്ങി,
പാതിജീവൻ സ്വയം ഒറ്റുകൊടുത്തു.
കാമറയിൽ ഉന്നം പിടിപ്പിച്ച്
കൃത്യം സമയമുറപ്പിച്ച്,
സ്വയമൊരു ഫോട്ടോയിൽ, ധൃതിയിൽ
ഓടിവന്നു പ്രതിഷ്ഠിതനാവുമ്പോലെ
വേട്ടക്കാരന്റെ ലക്ഷ്യത്തുമ്പ്
നെഞ്ചിൽ അടയാളപ്പെടുത്തി നിന്നു.
ആാാാാാാാ
ആാാാാാാാ
ആാാാാാാാ
ഇരയുടെ ഇറച്ചി ഇപ്പോൾ
വേട്ടക്കാരന് സ്വന്തം
ഇരയുടെ കരച്ചിൽ
കാറ്റിൽ അനാഥം,
ഏതോ മൃഗത്തിന്റെ/പക്ഷിയുടെ ഏതോ ശബ്ദം....
ഏതു ശബ്ദമാണത്?
ചിരിയോ കരച്ചിലോ..?
പെണ്ണിനായി ജീവൻ ചൂതുപറഞ്ഞ്
കൊമ്പുകൾ പരസ്പരം കണ്ണിൽ കുത്തിയിറക്കുന്ന
മുട്ടൻ കാട്ടുപോത്തുകളുടെ ആൺപോർ വിളിയോ?
ഇണചേരലിന്റെ അന്ത്യപ്രഹരത്തിൽ
തെറിച്ചുവീഴുന്ന ശ്വാസത്തിന്റെ പാറത്തുണ്ടോ?
പേറ്റുനോവിന്റെ മലമുകളിൽ നിന്ന്
ഉരുൾപൊട്ടുന്ന കാട്ടുകുത്തൊഴുക്കോ?
നഷ്ടപ്രണയത്തിന്റെ വിഷം കുടിക്കുന്ന
ഇണമൃഗത്തിന്റെ നെഞ്ചുപൊട്ടുന്ന മുഴക്കമോ?
........................................................................
ഏത് ശബ്ദം...?
ശബ്ദത്തിൽ അടയാളപ്പെടുന്നുണ്ടോ
ഒരു ചരിത്രം?
ചരിത്രത്തിൽ ആരുടെ ശബ്ദമാണ് ആരുടെ ശബ്ദം!
ഇരയുടെ ഇറച്ചിയുമായി മലകയറുന്നു
വേട്ടക്കാരൻ
ഇരയിപ്പോൾ ഒരു തോളിലൊരു വേതാളം
മറുതോളിൽ ആയുധങ്ങൾ.
അവന്റെ വില്ലിൽ വളഞ്ഞുനിൽക്കുന്നത്
അടങ്ങാത്ത തൃഷ്ണയുടെ ആവേഗം.
ആവനാഴിയിൽ അലസമായി കിടക്കുന്നത്
അടുത്ത ലക്ഷ്യത്തിലേക്കുള്ള കൃത്യപ്രവേഗം.
ഇറച്ചിയുടെ മണം കേട്ടെത്തുന്നു
മാംസഭുക്കായ ഒരു ചോദ്യം
അവന്റെ കണ്ണിൽ എഴുതിയ കാഴ്ച
ഇറച്ചിതിന്നു കൊഴുത്ത ഇറച്ചി
അവന്റെ കാതിൽ മുഴങ്ങുന്നു
ചോരകുതറുന്ന കാട്ടുചോലകൾ
അവന്റെ കൈപ്പാദങ്ങളിലൊളിച്ചിരിക്കുന്നു
ആഴത്തിലുള്ള മുറിവുകളുടെ ശില്പവിദ്യ
അവൻ സ്വയം മുറുകിവളഞ്ഞുനിൽക്കുന്ന കുതി
അവൻ സ്വയം ചടുലമൊരായുധവിദ്യ
അവനുമുന്നിൽ, പെട്ടെന്ന് പൊട്ടിത്തുറിച്ച
വെളിച്ചത്തിന്റെ തൂണിൽ ഇടിച്ചുവീണ
രാത്രിജീവിപോലെ വേട്ടക്കാരൻ...
ഇരയുമായൊരിര....
ഇറച്ചിയുമായൊരിറച്ചി....
വില്ലെടുക്കാനായും മുൻപ്
അമ്പെടുക്കാനാവും മുൻപ്
ചോദ്യം ഒരൊറ്റ എയ്ത്ത്
ആാാാാാാാാാ
ആാാാാാാാാാ
ആാാാാാാാാാ
ഏത് ശബ്ദമാണത്....
ഏത് ശബ്ദം...?
ശബ്ദത്തിൽ അടയാളപ്പെടുന്നുണ്ടോ
ഒരു ചരിത്രം?
ചരിത്രത്തിൽ ആരുടെ ശബ്ദമാണ് ആരുടെ ശബ്ദം!
19/5/10
കൈത്തണ്ടയിലെ രോമങ്ങള്‍ക്കിടയില്‍
രോമങ്ങള്‍ക്കിടയില്‍
ഒരനക്കം
സൂക്ഷിച്ചു നോക്കിയപ്പോള്‍
ഒരുറുമ്പ്
നടന്നു പോകുന്നു
വലിയ മരങ്ങള്‍ക്കിടയില്‍
വഴിതെറ്റി വന്ന
അപരിചിതനെപ്പോലെ
കരിയിലകളില്‍ ചവിട്ടി
ഓര്‍മയുടേയും മറവിയുടേയും
സമാന്തരരേഖകള്‍ക്കു നടുവിലൂടെ
അതറിയുന്നില്ല
ചെറുതില്‍ ചെറുതായ
കാല്‍പ്പാടുപോലും
തിരിച്ചറിയുന്ന ഭൂമിയെ
ആകാശത്തിരുന്ന്
ഓരോ ചലനവും
ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന
കണ്ണുകളെ
ഞെരിച്ചമര്‍ത്താന്‍
നീണ്ടു നീണ്ടു വരുന്ന
വിരലുകളെ
15/5/10
ബ്ലോഗിൽ കവിത എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്
Koyamparambath Satchidanandan An open request: a major publisher in Kerala has assigned to me the work of editing Malayalam poetry from blogs. Please forward links , your own and of others you like,so that I can choose.I have only around 120 pages, not more than 40 poets or so. Forward to satchida@hotmail.com
12/5/10
ഇന്നുമാവളവിലെത്തുമ്പോള്‍
സ്കൂട്ടറില്‍ നിന്നും
തെറിച്ചുവീണു മരിച്ചയാളെ
ഓര്‍മവരും
നില്‍പ്പുണ്ടാവുമിപ്പോഴുമവിടെ
അറ്റുപോവുന്നതിനു
തൊട്ടുമുന്‍പുളള
അതേ നോട്ടത്തിലതേ വേഗതയിലതേ
ബോധത്തില്‍
ഇപ്പോഴവിടെയില്ല
തെറിച്ചു വീണപ്പോളയാളുടെ
തലയിടിച്ചു പിളര്‍ത്തിയ
ട്രാക്ടറിന്റെ തുരുമ്പു ചക്രങ്ങള്‍
മഴവെളള
മെടുത്തുമാറ്റിയിട്ടുണ്ടാവുമയാളുടെ
വാറുപൊട്ടിയ ചെരിപ്പുകള്‍
ഇനിയൊരുപക്ഷേയാ ചെരിപ്പിട്ടയാള്‍
പോയിരിക്കുമോ
സ്നേഹിച്ചിരുന്നവരുടെ
മറവിയിലേക്ക് ?
എന്നാല്‍
അതേ ചെരിപ്പിട്ടതേ വേഗത്തി
ലിപ്പോഴുമയാള്‍
നില്‍ക്കുന്നുണ്ടവിടെ
റോങ് സൈഡ് വന്നത്
താനല്ലായിരുന്നുവെന്ന്
കൊലവിളിച്ചു കടന്നുപോയ
മണല്‍ലോറിയെച്ചൂണ്ടി
11/5/10
ഒറ്റമുറിയിലെ താമസക്കാര്‍
8/5/10
വെറുതെ വിടുകയെന്നാല്‍
1/5/10
ഓര്‍മ്മ എന്ന സമരം

പഠിച്ച സ്‌കൂളില്‍
ഞങ്ങള്‍ താമസിച്ചിട്ടുണ്ട്.
ചിലപ്പോഴൊക്കെ അറിവ്
ഒരഭയമാകുന്നതുപോലെ
...........................................
പഠിച്ച സ്‌കൂളിന്റെ
ജനാലയിലിരുന്ന്
തൂറുമ്പോള്‍
താഴെ പുളയ്‌ക്കും
വെള്ളത്തിലും ഒരു സ്‌കൂള്‍
(സ്‌കൂള്‍ / ബിനു എം. പള്ളിപ്പാട്)
ഓര്‍മ്മയുടെ അരം കൊണ്ട് മുറിയുന്ന വാക്കുകളാണ് ബിനു എം. പള്ളിപ്പാടിന്റെ 'പാലറ്റി'ല്‍ ഉള്ളത്. വളച്ചുകെട്ടില്ലാതെ ചരിത്രത്തെ കവിതയില്‍ പിടിച്ചുവെയ്‌ക്കുന്നു ബിനു. പഠിച്ച സ്‌കൂള്‍ കവിക്ക് ജീവിതത്തിന്റെ പാഠപുസ്‌തകമല്ല. അനിവാര്യമായ അഭയം മാത്രമാണ്. ഗൃഹാതുരതയെ പുനരാനയിക്കലല്ല ഈ ഓര്‍ത്തെഴുത്ത്. അനുഭവിച്ച നേരുകളെ വേരോടെ കവിതയില്‍ നടുന്ന/ വൈയക്‌തിക ഓര്‍മ്മയെ ചരിത്രവല്‍ക്കരിക്കുന്ന എഴുത്തിന്റെ രാഷ്‌ട്രീയമാണത്. നഷ്‌ടബോധത്തിന്റെയോ വീണ്ടെടുപ്പിന്റെയോ ശീതളച്ഛവിയല്ല 'പാലറ്റി'ലെ കവിതകള്‍ പകര്‍ന്നുതരുന്നത്. ഓര്‍മ്മ ഒരുതരം സമരമായാണിവിടെ ആഖ്യാനം ചെയ്യപ്പെടുന്നത്. ഇടഞ്ഞുനില്‍ക്കുന്ന ഓര്‍മ്മയെ മെരുക്കുക എന്നതത്രേ ഈ കവിതകളുടെ ഇച്ഛ. ഭക്‌തിപ്രസ്ഥാനത്തിനും ഉത്തരാധുനികതയ്‌ക്കും ഇടയില്‍ ഈ കവി ക്ഷുഭിതയൗവ്വനങ്ങളുടെ വിഫലസ്വപ്‌നങ്ങളെ ചേര്‍ത്തുവെയ്‌ക്കുന്നു. രൂപാന്തരപ്പെട്ട ഒരു കാലത്തിന്റെ കണക്കെടുപ്പാണിവിടെ കവിത. അതില്‍ അശരണമായ ഒരു നിലവിളിയുണ്ട്. കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത ഒരാദര്‍ശത്തിന്റെ വഴുക്കുന്ന ഉപമകളുണ്ട്.
നെഞ്ചുതടവുമ്പോള്‍
കൈമുറിയുന്ന
ചിലര്‍
ഇപ്പോഴും
ജീവിച്ചിരിപ്പുണ്ട്
വസന്തം പിടിച്ച്
ചൊമച്ച് ചൊമച്ച്
(വസന്തത്തിന്റെ ഇടിമൊഴക്കം)
ഇത് ഗതകാലത്തെ കാല്‍പ്പനികമായി രേഖപ്പെടുത്തുകയല്ല, മറിച്ച് കാല്‍പ്പനികവത്‌കരിക്കപ്പെട്ട കാലത്തെ പുതിയ കാവ്യരീതിയില്‍ നിന്നുകൊണ്ട് നോക്കിക്കാണുകയാണ്. ഏറ്റിവെച്ച ഭാരങ്ങളൊക്കെയും അയത്‌നലളിതമായി ഇറക്കിവെയ്‌ക്കാന്‍ കഴിയുന്ന ഓര്‍മ്മയുടെ ഈ പിരിച്ചെഴുത്താണ് പള്ളിപ്പാടിലെ കവിയെ ജാഗരൂകനാക്കുന്നത്. നാം പങ്കിട്ട പൗരത്വവും ആദര്‍ശജീവിതവും അലങ്കാരങ്ങളില്ലാതെ പ്രശ്‌നവല്‍കരിക്കുന്ന എഴുത്തകം ബിനുവിന്റെ പല കവിതകളിലും വായിക്കാം.
'മര്‍ച്ചന്റ് ഓഫ് ഫോര്‍ സീസണ്‍സ് 'എന്ന കവിത നോക്കുക. ഋതുക്കള്‍ നിര്‍വ്വ(ഹി)ചിക്കപ്പെട്ട സൗന്ദര്യത്തില്‍ നിന്നും ഒളിച്ചുകടത്തപ്പെടുന്നു ഇവിടെ. അതിനാല്‍ നികൃഷ്‌ടമായ ഋതുക്കളുണ്ടാകുന്നു. വളംകടിയുടെ കാലം, അണയ്‌ക്കുന്ന വിശപ്പിന്റെയും നാറിപ്പോലീസുകാരുടേയും ശിശിരം, കണ്ണീച്ചകളുടെയും കെട്ട പഴങ്ങളുടെയും കാലം എന്നിങ്ങനെ അസൗന്ദര്യത്തെ സൗന്ദര്യമായി പ്രയോഗിക്കുന്ന മറുപാഠമുണ്ടാകുന്നു. പോസ്റ്ററൊട്ടിച്ചും പൊറോട്ട തിന്നും ചുവരെഴുതിയും നടന്ന ദിവസങ്ങളിലെ രാഷ്‌ട്രീയജീവിതത്തെ എഴുതുമ്പോഴും മനുഷ്യച്ചങ്ങല കഴിഞ്ഞ് വഴിതെറ്റിയതും കവിതയാവുമ്പോള്‍ വെളിപ്പെടുന്നത് മുഖ്യധാരാ രാഷ്‌ട്രീയ ശരികള്‍ക്ക് പിറകില്‍ അരികുചേര്‍ക്കപ്പെട്ട പൗരാനുഭവമാണ്. സമൂഹനിര്‍മ്മിതിയിലെ ഈ പൗരത്വത്തെ സങ്കടഭരിതമായ പൂര്‍വ്വകാലം എന്ന നിലയ്‌ക്കല്ല വായിക്കേണ്ടത്. അരക്ഷിതമായ(?) പൗരത്വത്തിന്റെ രേഖപ്പെടാതെ പോകുന്ന സാമൂഹ്യപാഠം കൂടിയാണിവ. സമത്വവും സോഷ്യലിസവും സ്വപ്‌നം കണ്ടവന്റെ നിരാഹാരവ്രതങ്ങള്‍ അധികാരരൂപങ്ങള്‍ക്ക് മുന്നില്‍ അപഹസിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നു. ആശ നശിച്ച കാലത്തില്‍ ഈ കവി ഭ്രാന്തുപറയുകയും പൂക്കള്‍ കൊരുക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന നിറയെ മുഖക്കുരുവുള്ള ദൈവത്തെ പ്രതീക്ഷിക്കുന്നു. അത് മലയാളകവിതയുടെ ചരിത്രത്തോടും വര്‍ത്തമാനത്തോടും സംവാദമുയര്‍ത്തുന്ന പ്രതിഭാവനയുടെ എഴുത്തായും മാറുന്നു.