24/5/10

കാപ്പിപ്പൂക്കളുടെ മണം

കാപ്പിമരങ്ങള്‍ക്ക് മീതെ
കോടമഞ്ഞിന്റെ പാട വകഞ്ഞ്
കാപ്പിപ്പൂക്കളുടെ മണത്തില്‍
ഡങ്കട്ടക്കാ ഡങ്കട്ടക്കാ കൂയ് കൂയ് കൂയ്
ആ‍‌അ‌അ‌അ ആ‍‌അ‌അ‌അ ആ‍‌അ‌അ‌അ എന്ന്
ഒരു പണിയക്കളി ആടിയാടി വരുന്നുണ്ട്


കവാത്ത്‌പണിക്കു വന്നിരുന്ന കെമ്പന്‍
അട്ടകടിക്കാതിരിക്കാനുള്ള വലിയ ഷൂസും
കവാത്തുകത്തിയുമായി തോട്ടത്തിലൂടെ പോയതാണ്
പണിമാറ്റി പോയത് നേരാണെങ്കില്‍
ഏതെങ്കിലും പ്രഭാതത്തില്‍
വളഞ്ഞ കാലുകള്‍ മുന്നോട്ട് വെച്ച്
ടക് ടക് എന്നു വരേണ്ടതാണ്.
.
വര്‍ഷങ്ങള്‍ കഴിഞ്ഞു
പടരുന്ന **റെക്കകള്‍ ആരോ കോതുന്നു
ബലമില്ലാത്ത*കമ്പിച്ചീറുകള്‍ ആരോ ഒടിച്ചുകളയുന്നു
ഒച്ചകേട്ട ദിക്കിലേക്ക് നോക്കുമ്പോള്‍
ഒരു കറുത്ത കുള്ളന്‍ കാപ്പിത്തോട്ടത്തിലെ ഇരുട്ടായി മാറുന്നു.

ഇടിയും മഴയും...
ചരിഞ്ഞ കുന്നില്‍ നിരന്നു നിന്നിരുന്ന
പണിയരും പണിച്ചികളും
കുള്ളന്‍‌കാപ്പിമരങ്ങളായി .
കാപ്പിമരങ്ങളായ പണിയര്‍
മനുഷ്യരായ പണിയന്മാരെ
കാപ്പിത്തോട്ടങ്ങളിലേക്ക് വിളിച്ചു.
തലമുറ തലമുറയായി അവര്‍
കാപ്പിത്തോട്ടങ്ങളിലേക്ക് ഒഴുകി
ചിലപ്പോള്‍ കാപ്പിത്തോട്ടം
ചുവന്നുരുണ്ട കാപ്പിപ്പഴങ്ങളുടെ
വളകളണിഞ്ഞ കാപ്പിക്കൈകള്‍ കാട്ടി.
അനേകം പണിയരുടെ കൈകള്‍
ഓരോ കാപ്പിച്ചുവട്ടില്‍ നിന്നും പൊന്തിവന്നു.
കാപ്പിപ്പഴങ്ങളുടെ വളകള്‍ അഴിഞ്ഞഴിഞ്ഞ്
ചാക്കുകളും കുട്ടകളും നിറഞ്ഞു.
കാപ്പിപ്പഴങ്ങള്‍ തമ്പ്രാന്റെ മുറ്റത്ത്
ഉണങ്ങുകയും കറുക്കുകയും ചെയ്തു.
ഒരു ടില്ലര്‍ വന്നു കയറുംവരെ
മുറ്റത്തെ കുഴികളില്‍ പണിയര്‍ കാപ്പിക്കുരു
കുത്തിക്കൊണ്ടിരുന്നു:സ്സെ..സ്സെ..സ്സെ..

കാപ്പിത്തോട്ടത്തില്‍ ഒറ്റയ്ക്ക് പോയാല്‍
മൊട്ടുകളും കവരകളുമുള്ള കാപ്പി
പണിയനോ പണിച്ചിയോ ആയി
അനങ്ങിത്തുടങ്ങും.
സൂക്ഷിച്ചുനോക്കിയാല്‍
‘’എനായ്ത്തവാ എന്ന്ചോദിക്കും.


പുതുമഴേന്റെ പിറ്റേന്ന്
തലമുറകളുടെ സുഗന്ധം കാപ്പിത്തോട്ടങ്ങള്‍ക്കു
മുകളിലൂടെ പറന്നു
കാപ്പിമരങ്ങള്‍ അവയുടെ വായ തുറന്ന്
വെളുവെളുത്ത പല്ലുകള്‍ കാട്ടിച്ചിരിച്ചു.
കുന്നുകയറുന്ന വണ്ടിയിലിരുന്ന്
കാപ്പിത്തോട്ടങ്ങളുടെ ചിരി കണ്ടു.
പൊരിച്ചാക്കുകള്‍ മറിഞ്ഞുകിടക്കുന്ന മാതിരി.
**റെക്ക-ഭൂമിക്ക് തിരശ്ചീനമായി വളരുന്ന പാര്‍ശ്വശാഖകള്‍
*കമ്പിച്ചീറ്-കമ്പച്ചികിറ്,തായ്ത്തടിയില്‍ നിന്ന് പൊട്ടി ലംബമായി വളരുന്ന ചെറുശിഖരങ്ങള്‍

16 അഭിപ്രായങ്ങൾ:

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

കാപ്പിപ്പഴങ്ങള്‍ തമ്പ്രാന്റെ മുറ്റത്ത്
ഉണങ്ങുകയും കറുക്കുകയും ചെയ്തു.
ഒരു ടില്ലര്‍ വന്നു കയറുംവരെ
മുറ്റത്തെ കുഴികളില്‍ പണിയര്‍ കാപ്പിക്കുരു
കുത്തിക്കൊണ്ടിരുന്നു:സ്സെ..സ്സെ..സ്സെ..

-കാപ്പിയുടെയും ചായയുടേയും കശുമാങ്ങയുടേയും പേരയ്ക്കയുടേയും മണം വരട്ടെ..പണിയരും പറയരും വരട്ടെ ..വയനാടൻ കാറ്റ്
ഡങ്കട്ടക്കാ ഡങ്കട്ടക്കാ കൂയ് കൂയ് കൂയ്
ആ‍‌അ‌അ‌അ ആ‍‌അ‌അ‌അ ആ‍‌അ‌അ‌അ എന്ന്
ഒരു പണിയക്കളി ആടിയാടി വരട്ടെ

വി.മോഹനകൃഷ്ണന്‍ പറഞ്ഞു...

കാപ്പിത്തോട്ടം,വയനാട്..,നന്ദി,,വിഷ്ണു.

മനോജ് കുറൂര്‍ പറഞ്ഞു...

കവിത ഇഷ്ടമായി :) എം. ആര്‍. അനിലനെ ആവര്‍ത്തിക്കട്ടെ :)

Jayesh / ജ യേ ഷ് പറഞ്ഞു...

മുമ്പെവിടെയോ വായിച്ച പോലെ..

Kalam പറഞ്ഞു...

അനേകം പണിയരുടെ കൈകള്‍
ഓരോ കാപ്പിച്ചുവട്ടില്‍ നിന്നും പൊന്തിവന്നു.
കാപ്പിപ്പഴങ്ങളുടെ വളകള്‍ അഴിഞ്ഞഴിഞ്ഞ്
ചാക്കുകളും കുട്ടകളും നിറഞ്ഞു.
കാപ്പിപ്പഴങ്ങള്‍ തമ്പ്രാന്റെ മുറ്റത്ത്
ഉണങ്ങുകയും കറുക്കുകയും ചെയ്തു.


ഒരു പാട് ആഴങ്ങളുള്ള കവിത...

രാജേഷ്‌ ചിത്തിര പറഞ്ഞു...

വെളുവെളുത്ത പല്ലുകള്‍;
പൊരിച്ചാക്കുകള്‍ മറിഞ്ഞുകിടക്കുന്ന മാതിരി.


കവിത ഇഷ്ടമായി

MyDreams പറഞ്ഞു...

kappi kudichu kondu vaayichu

സോണ ജി പറഞ്ഞു...

കാപ്പി കുടിച്ചു കൊണ്ട് ഈ കവിത ഒന്നൂടെ വായിക്കാന്‍ തോന്നുന്നു മാഷേ :)
നന്ദി!!

ദേശിംഗനാടന്‍ (J.D) പറഞ്ഞു...

ഒരു കാപ്പികുടിച്ചുകൊണ്ട് വീണ്ടുംവീണ്ടും വായിക്കാന്‍ പറ്റിയ നല്ല കവിത ....
ഇഷ്ട്ടമായി .....

വികടശിരോമണി പറഞ്ഞു...

കാപ്പിമണമുള്ള കവിത ഇഷ്ടമായി.

ലേഖാവിജയ് പറഞ്ഞു...

കാപ്പിപ്പൂക്കളുടെ മണം..
ഒരു കാപ്പിത്തോട്ടമാകെ വരച്ചുവച്ചിട്ടുണ്ട്..
:)

sreenadhan പറഞ്ഞു...

ഹായ്! നല്ല കാപ്പിമണക്കുന്ന കവിത, കാപ്പിയുടെ പിന്നിൽ പണിയുന്നവർ-പണിയർ- മണക്കുന്ന കവിത പുതിയ കവിത മണക്കുന്ന കവിത,ഇഷ്ടമായി.

വിഷ്ണു പ്രസാദ് പറഞ്ഞു...

കാപ്പി(പാനീയം/പൊടി)യുടെയും കാപ്പിപ്പൂക്കളുടെയും മണം ഒന്നല്ല.കാപ്പിപ്പൂക്കളുടെ മണം കവിതയില്‍ എങ്ങനെ കൊണ്ടുവരാ‍നാണ്?ഒരു താഴ്വരയാകെ ഒറ്റദിവസം കൊണ്ട് പൂക്കുന്നു കാപ്പികള്‍...അവയുടെ സുഗന്ധം ഒരു നാടാകെ നിറയുന്നു.ഒരിക്കലെങ്കിലും, കാപ്പി പൂക്കുന്ന കാലത്ത് കാപ്പിപ്പൂക്കളുടെ സുഗന്ധം പേറുന്ന കാറ്റിലൂടെ എല്ലാവര്‍ക്കും സഞ്ചരിക്കാനാവട്ടെ.

കിനാവ് പറഞ്ഞു...

kidilan

ചരിഞ്ഞ കുന്നില്‍ നിരന്നു നിന്നിരുന്ന
പണിയരും പണിച്ചികളും
കുള്ളന്‍‌കാപ്പിമരങ്ങളായി .
കാപ്പിമരങ്ങളായ പണിയര്‍
മനുഷ്യരായ പണിയന്മാരെ
കാപ്പിത്തോട്ടങ്ങളിലേക്ക് വിളിച്ചു.
തലമുറ തലമുറയായി അവര്‍
കാപ്പിത്തോട്ടങ്ങളിലേക്ക് ഒഴുകി.............................................................................................................................

അജ്ഞാതന്‍ പറഞ്ഞു...

ഇഷ്ടപ്പെട്ടു ഈ കവിത...ആശംസകള്‍..

ദ്രാവിഡന്‍ പറഞ്ഞു...

കക്കനക്കനെ കൂക്കനു വിന്ടെ അനുഭൂതി മാറും മുന്പേ
ഡങ്കട്ടക്കാ ഡങ്കട്ടക്കാ കൂയ് കൂയ് കൂയ്..
നന്നയിരിക്കുന്നു..
ആശംസകള്‍.