12/5/10

ഇന്നുമാവളവിലെത്തുമ്പോള്‍

ഇന്നുമാവളവിലെത്തുമ്പോള്‍
സ്കൂട്ടറില്‍ നിന്നും
തെറിച്ചുവീണു മരിച്ചയാളെ
ഓര്‍മവരും

നില്‍പ്പുണ്ടാവുമിപ്പോഴുമവിടെ
അറ്റുപോവുന്നതിനു
തൊട്ടുമുന്‍പുളള
അതേ നോട്ടത്തിലതേ വേഗതയിലതേ
ബോധത്തില്‍

ഇപ്പോഴവിടെയില്ല
തെറിച്ചു വീണപ്പോളയാളുടെ
തലയിടിച്ചു പിളര്‍ത്തിയ
ട്രാക്ടറിന്റെ തുരുമ്പു ചക്രങ്ങള്‍

മഴവെളള
മെടുത്തുമാറ്റിയിട്ടുണ്ടാവുമയാളുടെ
വാറുപൊട്ടിയ ചെരിപ്പുകള്‍

ഇനിയൊരുപക്ഷേയാ ചെരിപ്പിട്ടയാള്‍
പോയിരിക്കുമോ
സ്നേഹിച്ചിരുന്നവരുടെ
മറവിയിലേക്ക് ?

എന്നാല്‍
അതേ ചെരിപ്പിട്ടതേ വേഗത്തി
ലിപ്പോഴുമയാള്‍
നില്‍ക്കുന്നുണ്ടവിടെ

റോങ് സൈഡ് വന്നത്
താനല്ലായിരുന്നുവെന്ന്
കൊലവിളിച്ചു കടന്നുപോയ
മണല്‍ലോറിയെച്ചൂണ്ടി

5 അഭിപ്രായങ്ങൾ:

സലാഹ് പറഞ്ഞു...

എന്നുമോര്മ്മയിലുണ്ടായിരിക്കും

പി എ അനിഷ്, എളനാട് പറഞ്ഞു...

മഴവെളള
മെടുത്തുമാറ്റിയിട്ടുണ്ടാവുമയാളുടെ
വാറുപൊട്ടിയ ചെരിപ്പുകള്‍

Ranjith chemmad പറഞ്ഞു...

നന്നായി, അനീഷ്..

മീരാജെസ്സി പറഞ്ഞു...

നല്ല കവിത.. ചെവിയോർത്താൽ, റോഡരുകിൽ നിന്നും നമ്മളെ വേട്ടയാടിയെത്തും, ഈ വാക്കുകൾ... ഇഷ്ടപ്പെട്ടു.

വിഷ്ണു പ്രസാദ് പറഞ്ഞു...

അപകടമരണങ്ങളെക്കുറിച്ച് എഴുതാതിരിക്കാനാവില്ല മലയാളിക്ക്.അയ്യപ്പന്റെയും വില്‍‌സന്റെയും ഓരോ കവിതകള്‍ കൂടെ വെക്കാമെങ്കിലും ഇത് കൂടുതല്‍ ഹൃദയസ്പര്‍ശിയായി.