11/5/10

ഒറ്റമുറിയിലെ താമസക്കാര്‍

കുടിയരങ്ങവസാനിപ്പിച്ച്
കൂട്ടരൊക്കെ പൊയ്ക്കഴിഞ്ഞ്
പൊടുന്നനെ ഒറ്റയ്ക്കായെന്ന്
കണ്ണടയാത്ത ചില മുറികളുണ്ട്

ഒന്നും രണ്ടും പറ-
ഞ്ഞുറക്കവുമായ് തെറ്റി
ഇരുട്ടുണര്‍ന്നവിടെ
കുത്തിയിരിക്കുന്ന രാത്രികളുണ്ട്

ചീവീടുകളും രാപ്പാട്ട് നിര്‍ത്തി
പൊന്തകളില്‍ പാ നിവര്‍ത്തുന്ന നേരത്ത്
ഉയിരെരിച്ചങ്ങിങ്ങായ് വീണ്
കെട്ടുപോയ സിഗരറ്റ് കുറ്റികളും
നീരുവാര്‍ന്നവിടിവിടെയായ്
കുഴഞ്ഞുവീണ കുപ്പികളും
ചാവുഗന്ധവും രുചിയുമായുയിര്‍ത്ത്
അകം നിറഞ്ഞ സന്ദിഗ്ധതകളെ
സംവാദത്തിനു ക്ഷണിക്കും

ശൂന്യതയുടെ തായ്‌വഴികളിലൂടെ
അസംബന്ധത്തിന്റെ കവലകളോളം
സവാരി കൊണ്ടുപോകും

പകലിരമ്പുന്നത്
അകലെ കേള്‍ക്കുമ്പോഴേക്ക് പക്ഷേ
പറഞ്ഞാല്‍ കേള്‍ക്കാത്ത കാലുകള്‍
പതിവുവഴികളിലൂടെ
മടങ്ങിയെത്തിക്കഴിഞ്ഞിരിക്കും

ഉള്ളതില്‍ മുഴുത്തൊരു
കുറ്റിയെടുത്ത് കത്തിച്ച്
‘താമസമെന്തേ’ പാടി
ഇരുള്‍ കടവിറങ്ങാന്‍ പോകും

ആ തക്കത്തിന്
ആടുകിടന്നിടത്ത് പൂടയെങ്കിലുമെന്ന്
ഒഴിഞ്ഞൊരു കുപ്പിയെടുത്ത്
വെയില്‍ അണ്ണാക്കിലോട്ട് കമഴ്ത്തും

ഇറങ്ങുമ്പൊഴാ
കതകൊന്നടച്ചേക്കണേയെന്ന്
ഒച്ചയില്ലാതെ പറഞ്ഞതുമാത്രം
മുറിയില്‍ തുറന്നുതന്നെ കിടക്കും

5 അഭിപ്രായങ്ങൾ:

Mohamed Salahudheen പറഞ്ഞു...

ശൂന്യത

Kuzhur Wilson പറഞ്ഞു...

ഹൊ.
നീ നിന്നെയെഴുതുന്നു
ഞാനെന്നെ വായിക്കുന്നു

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

ഉള്ളതില്‍ മുഴുത്തൊരു
കുറ്റിയെടുത്ത് കത്തിച്ച്
‘താമസമെന്തേ’ പാടി
ഇരുള്‍ കടവിറങ്ങാന്‍ പോകും
-നന്നായി... അങ്ങനെ ഒരു കുടിയന്റെ ഏകാന്തത നൂറുവർഷം പിന്നിടും..

Kalavallabhan പറഞ്ഞു...

പകലിരമ്പുന്നത്
അകലെ കേള്‍ക്കുമ്പോഴേക്ക് പക്ഷേ
പറഞ്ഞാല്‍ കേള്‍ക്കാത്ത കാലുകള്‍
പതിവുവഴികളിലൂടെ “ഉഷാ”യിൽ
മടങ്ങിയെത്തിക്കഴിഞ്ഞിരിക്കും

കേരളത്തിലെ ഒരു പ്രധാന കാഴ്ച്ചയാണിത്, ബിവറേജസ് കോർപ്പിന്റെ മൻപിലേക്കുള്ള വരവും കാത്തുനില്പും.

Unknown പറഞ്ഞു...

ശുന്യത എന്തിനെല്ലാം കാരണമാകുന്നു