31/1/09

ഇഴഞ്ഞുപോയത്‌

ഇതളുകള്‍ വിരിയുന്ന വേദനയോടെ
ജനനം.

പൂവിന്റെയെല്ലാം വലിച്ചെടുക്കുന്ന
വണ്ടിന്റെ ധാര്‍ഷ്ട്യത്തോടെ
മരണം.

ഇവയ്ക്കിടയിലൂടിഴഞ്ഞുപോയതെന്താണ്‌?

29/1/09

ബഖ്ബുക്ഖ്‌

[Dr. Shihab M. Ghanem എഴുതിയ BAKHBOOKH* എന്ന കവിതയുടെ വിവര്‍ത്തനം]
എന്റെ കൊച്ചുമകൾ ഹനൗഫിന്‌


ഞാൻ ഇടത്‌ കൈപ്പത്തി നടുവിൽ ഒരു നാണയം വച്ചു
അതിന്റെ മേലേക്കൊന്നൂതി
മറുകൈ കൊണ്ടതു മറച്ച്‌
അവളോടു പറഞ്ഞു: " പറ ബഖ്ബുക്ഖ്‌!"
അവൾ പറഞ്ഞു "ബ ബൂ"
ഞാൻ കൈകൾ തുറന്നു കാട്ടി
നാണയം എവിടെ?... എവിടെ?...
ഒരു ഞൊടികൊണ്ട്‌ അതപ്രത്യക്ഷമായി...
അവൾ പൊട്ടിച്ചിരിച്ചു... അദ്ഭുതം
അവളുടെ കണ്ണുകളിൽ തിളങ്ങി
അവൾക്ക്‌ - ദൈവം അവളെ കാക്കട്ടെ - രണ്ടു വയസ്സിൽ
താഴെയാണു പ്രായം
ബഖ്ബുക്ഖ്‌
ഞങ്ങളൂതിയ നാണയം അപ്രത്യക്ഷമായി.
അവൾ വെൽവറ്റുടുപ്പിട്ട
അവളുടെ വലിയ പാവയെ എടുക്കാനോടി
എന്റെ കൈകളിൽ വച്ചുതന്നു പറഞ്ഞു : "ബാ...ബൂ..."
ഞാൻ ഗദ്ഗദംകൊണ്ടടഞ്ഞുപോയ
ശബ്ദത്തിൽ ഒഴിഞ്ഞുമാറി:
"ഈ പാവ അപ്രത്യക്ഷമാക്കാൻ കഴിയുന്നതിനേക്കാളേറെ
മനോഹരമാണ്‌, എന്റെ പൊന്നുമോളേ..."

*"ബഖ്ബുക്ഖ്‌" എന്ന വാക്ക്‌ ചില അറേബ്യൻ രാജ്യങ്ങളിൽ വസ്തുക്കളെ അപ്രത്യക്ഷമാക്കാൻ മാന്ത്രികരുപയോഗിക്കുന്ന വാക്കാണ്‌, "അബ്രകദബ്ര"പോലെ.

28/1/09

മരണം

ഒരിയ്ക്കലേ ഞങ്ങളൊന്നു
ശ്രമിച്ചുളളൂ കവിതയ്ക്കായ്‌
ഉടന്‍ തന്നെ വിരല്‍ത്തുമ്പില്‍
പൊടിഞ്ഞു ചോര

വെളുത്തൊരു താളില്‍ വെട്ടും
തിരുത്തുമായ്‌ മുന്നേറുമ്പോള്‍
നിലത്തൊരു വാക്കു വീണു
മരിച്ചു പോയി

കവികളെ പുറത്താക്കി
കതകുകളടയ്ക്കുകെ-
ന്നലറിയ ശബ്ദം പോലും
കവിതയായി

പുറത്തൊരു കവിയുണ്ട്‌
മഴയത്തു നനഞ്ഞൊട്ടി-
യിരിക്കുന്നെന്നാരോ വന്നു
പറഞ്ഞു പണ്ട്‌

നടന്നിട്ടും നടന്നിട്ടും
പുറത്തുഞ്ഞാനെത്തുന്നില്ല,
കവിയേയും കാണാനില്ല,
കവിത മാത്രം

മുഴങ്ങുന്നു നിരന്തരം
ചെവിയ്ക്കുളളില്‍ അതില്‍പ്പിന്നെ
പുറത്തു നിന്നൊന്നും കേട്ടാ-
ലറിയാതായി

കവിയ്ക്കൊന്നേ അറിയേണ്ടു
അകത്തെങ്ങോ പുകയുന്ന
ചിതത്തീയിലെരിക്കേണ്ട
പദങ്ങള്‍ മാത്രം

കവിതയ്ക്കോ പക്ഷേ വീണ്ടും
ജനിയ്ക്കണം ജീവിയ്ക്കണം
ഉണങ്ങാത്ത നിറുകയും
മുറിവും പേറി

പഴുപ്പിച്ചുവിളക്കിയ
വരികള്‍ക്കുമീതേകൂകി
തിമിര്‍ത്തുകൊണ്ടാരൊക്കെയോ
കടന്നുപോയി

പുലര്‍ച്ചയ്ക്കുമുമ്പേ ചെല്ലാം
ഉരുക്കുപാളത്തില്‍ വീണ്ടും
തല ചേര്‍ക്കാം ചെവിയോര്‍ക്കാം
മരണം കേള്‍ക്കാം




*ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചത്‌

ഖനിത്തൊഴിലാളി

ഞാനൊരു ഖനിത്തൊഴിലാളി
മറവിയുടെ കാതു തുരന്ന്‌ ഞാന്‍
ഖനിച്ചെടുക്കുന്നു ചില വാക്കുകളെ
വേദനയുടെ ഉയര്‍ന്ന ഊഷ്മാവിലും
നിസ്സഹായതയുടെ മര്‍ദ്ദങ്ങളിലും
പരുവപ്പെട്ട്‌,
ജീവിതത്തിന്റെ വൈവിധ്യങ്ങളും
വൈരുദ്ധ്യങ്ങളും ഉള്ളില്‍ നിറച്ച്‌
അലറി പാഞ്ഞു പോകുന്ന കവിതയ്ക്ക്‌
ഇന്ധനമാകാന്‍ പാകത്തിലുള്ളവയെ

26/1/09

കോന്തല

കൂടെ
ഞാനും പൈക്കളും മാത്രമേ
ഉണ്ടായിരുന്നുള്ളൂ
അതിനാല്‍ വെല്ലിമ്മ ഒറ്റയ്ക്കായിരുന്നു.

അന്റെ തല പുറത്ത് കണ്ടപ്പോ
ഓന്റെ തല തെറിച്ചു.
ഇജ്ജോ വായിച്ച് വായിച്ച്
ഒസ്സാന്റെ കത്തിക്കല്ല് പോലെയായി.
വെല്ലിമ്മ എപ്പോഴും സങ്കടപ്പെടും.

അഴിച്ചെടുത്ത എന്റെ സ്വാതന്ത്ര്യം
ആ കോന്തലയില്‍ തൂങ്ങിക്കിടക്കും
ചെക്കാ,ചെക്കാ
ഇഞ്ഞും എണീക്കാറായില്ലേ,
കുണ്ടീല് സൂര്യന്‍ മുളഞ്ഞിട്ടും.

ഒരു നാള്‍
ചീത്ത പറയണത് കേക്കിണില്ല
ഞാന്‍ കണ്ണുതുറന്നു
പുറത്തിറങ്ങി നോക്കി

തൊഴുത്തില്‍ നിന്ന്
പയ്യ് നടന്ന് നടന്ന് പോണു
വാലില്‍ പിടിച്ച് വെല്ലിമ്മയും
സന്തോഷം കൊണ്ടും
സങ്കടം കൊണ്ടും
എന്റെ കണ്ണു മൂടി
ഇപ്പോള്‍
ഏതെങ്കിലും വരമ്പത്തിരുന്ന്
(സ്വര്‍ഗ്ഗം ഒരു വരമ്പോ?)
പൈക്കള്‍ക്ക് പുല്ലരിയുകയായിരിക്കും
കോന്തലയില്‍ തൂങ്ങിക്കിടന്ന്
ഒരു കണ്ണ്
എന്നെ മേയ്ക്കുകയായിരിക്കും.


മുഹമ്മദ് കവിരാജ്

24/1/09

ഒരു ഘടികാരത്തിന്‍റെ കഥ എപ്പിസോഡുകളായിട്ട്

കാര്യങ്ങളുടെ വരും വരായ്കകളുടെ
കൃത്യമായ അളവുകളില്‍
അസാദ്ധ്യ, സാദ്ധ്യതകളുടെ
ഊഹാപോഹങ്ങളില്‍
ടിക്ക്, ടിക്കെന്ന് ചുവട് വയ്ക്കുന്ന
ഒരു ഘടികാരമുണ്ട് ഞങ്ങടെ നാട്ടില്‍.
അതിന്‍റെ മണിയില്‍ തൂങ്ങിയിങ്ങനെ
ഇടത്തേക്കും വലത്തേക്കും
ഡിങ്ങ് ഡോങ്ങെന്നങ്ങ്
ആടുന്നതാണ് ഞങ്ങടെ രാഷ്ട്രീയം.

ഞങ്ങള്‍ തിന്നും, മൂത്രമൊഴിച്ചും, അപ്പിയിട്ടും ജീവിക്കുന്നത് തന്നെ
അതിങ്ങനെ കറങ്ങുന്നത് കൊണ്ടാണ്
ടിക്ക്, ടിക്കും ഡിങ്ങ്, ഡോങ്ങും മാറി മാറിക്കേട്ടാലേ
ഞങ്ങടെ ചോര തിളയ്ക്കുകയും ആറുകയും ചെയ്യൂ
ഘടികാരത്തിന്‍റെ ഓരോ മിനുട്ടും വച്ചാണ്
ഞങ്ങടെ ഹൃദയങ്ങള്‍ പ്രണയലോലമായി
70 പ്രാവശ്യം മിടിക്കുന്നത് തന്നെ.

തിന്നും കുടിച്ചും അങ്ങനെയിരിക്കെയാണ്
ഞങ്ങള്‍ കുറെ ചെറുപ്പക്കാര്‍ പെട്ടെന്ന്
തിരുത്തല്‍‌വാദികളായത്.

ആരോരുമറിയാതെ പാതിരായ്ക്ക് ഞങ്ങള്‍
ഘടികാരത്തിന്‍‌റെ സൂചി
മുന്നോട്ടും പുറകോട്ടുമെല്ലാം മാറ്റി വച്ചു.

ത്രില്ലടിച്ച് പിറ്റേന്ന് ചെന്ന് നോക്കുമ്പോള്‍
ഘടികാരം ടിക്ക് ടിക്കെന്ന് കൃത്യസമയത്ത് തന്നെ.

വെളുപ്പിനത്തെ ഞങ്ങടെ ശുദ്ധ‌ഉറക്കത്തിന്‍‌റെ അലസത
വെളിക്കിരിക്കാന്‍ പോയ വിരസതയേയും
കൂട്ട് പിടിച്ചൊപ്പിച്ച പണിയാണിതെന്ന്
ഞങ്ങള്‍ മണ്ടന്‍ വിപ്ലവകാരികള്‍ എങ്ങനെയറിയാനെന്ന്
ഘടികാരം ഡിങ്ങ് ഡോങ്ങെന്നൊരു ചിരി.

ഇപ്പോഴെല്ലാം പണ്ടത്തേതിന്‍‌റെ പിന്നത്തേത് തന്നെ
പോം പോമെന്ന് ഹോണടിക്കുന്ന മീന്‍‌കാരന്‍
മീന്‍ തലയ്ക്ക് മീശ വിറപ്പിച്ച് മ്യാവൂ മ്യാവൂന്ന് കരയുന്ന പൂച്ച
മണിക്കൂറുകള്‍ തെറ്റിയോടി കൃത്യസമയത്തെത്തുന്ന ഘടികാരം
ടിക്ക്, ടിക്ക്, ഡോങ്ങ്, ഡോങ്ങ്.

ആ മരത്തേയും കണ്ടു ഞാന്‍...

നാസര്‍ കൂടാളി

ഒമാനിലെ
സീബില്‍ നിന്നും
റൂബിയിലേക്കുള്ള
യാത്രയില്‍
നാലുവരി പാതയ്ക്കിരു വശവും
വരി വരിയായ് നില്‍ക്കുന്ന
ആല്‍ മരങ്ങളെ കാണാം..

ഇടക്ക്
തൊട്ട് തൊട്ടില്ലായെന്ന് മട്ടില്‍
ആരോ മാറി നട്ട
ഞാവലിന്‍ മരങ്ങള്‍

നീലിയാര്‍ കോട്ടത്തെ
പേടിപ്പിക്കുന്ന
ആല്‍ മരത്തെ,
പണിതീരാത്ത പുരയിടത്തിന്നരികില്‍
കുഞ്ചിയമ്മ
നട്ട് നനക്കുന്ന
ആ ഐശ്വര്യത്തിനെ,
എപ്പോഴും ചിരിച്ചു കൊണ്ട് നടക്കുന്ന
എന്റെ അറബി സുഹൃത്ത്
അവണ്ടെ
വണ്ടിയിലെ
ഡാഷ് ബോര്‍ഡിലൊട്ടിച്ച
മനോഹരമായ കുട്ടിയെന്ന
കൃഷ്ണനെ,
ഇലകളില്ലാതെ
ശാഖി കൊണ്ട്
മകള്‍ വരഞ്ഞ
ആദ്യ മരത്തെ...
അപ്പോള്‍
ഓരോ യാത്രയിലും
അതെന്നെ ഓര്‍മ്മിപ്പിക്കും

ചിലപ്പോള്‍ ഞാനും
ആഗ്രഹിച്ചിട്ടുണ്ട്
തണുത്ത പുല്‍തകിടിയില്‍ വീണ
ബാല്യത്തിണ്ടെ കറുത്ത
ഞാവല്‍ പഴങ്ങളെ
അറബികളുടേയും,
ബംഗാളികളുടേയും,
മിസിരികളുടേയൊ കൂടെ
പെറുക്കി കൂട്ടാന്‍...
ആലിന്‍ തണലിലിരുന്ന്
തിന്നുമ്പോള്‍
എല്ലാ വെയില്‍ ദിനങ്ങളേയും
മറന്നു പോവാന്‍...

പിന്നിടെപ്പോഴോ
വര്‍ഷങ്ങള്‍ കഴിഞ്ഞ്
ആ വഴി തിരിച്ച് വരുമ്പോള്‍
ആലിന്‍ മരങ്ങളുടെ സ്ഥാനത്ത്
വരി വരിയായി
തലയുയര്‍ത്തി നില്‍ക്കുന്ന
ഈന്തപ്പന മരങ്ങളെ കണ്ടു.

എന്നാലും
ഒരൊറ്റ മരവുമില്ലാത്ത
എന്റെ വീടിണ്ടെ
ടെറസ്സില്‍
ഒരു ബോണ്‍സായി മരമായ്
നിന്നെ ഞാന്‍ സൂക്ഷിച്ച് വെക്കും.


പിന്‍ കുറിപ്പ്:
2001 ല്‍ ആദ്യമായി ഒമാനില്‍ വന്നപ്പോള്‍ എഴുതിയതാണീ കവിത.പിന്നീട് ബ്ലോഗനയില്‍ കുഴൂറിണ്ടെ
ആ മരം.എന്ന കവിത കണ്ടപ്പോള്‍ അതപ്പടി ഒന്നു മിനുക്കാതെ ഇവിടെ പോസ്റ്റു ചെയ്യുന്നു.കുഴൂറിനു നന്ദി.

നിറം

നീലയായിരുന്നെന്റെ ഭാഗ്യനിറം.

കഴുകാനിട്ടപ്പോള്‍
കുളം നീലിച്ച്‌
തോട്‌ മുറിച്ച്‌
കടലിലേക്കൊരു നീലത്തിര
എന്നെ ഉപേക്ഷിച്ച്‌.

ഭാഗ്യം പച്ചയായപ്പോള്‍
കഴുകാന്‍ നനച്ചനേരം
ഒലിച്ചിറങ്ങിയ പച്ച
ഇലകളിലേക്ക്‌ ഓടിക്കയറി.

ചുവപ്പില്‍ ഭാഗ്യമെത്തിയപ്പോള്‍
പൈപ്പിന്‍ചോട്ടില്‍ ചോര്‍ന്നുപോയ നിറം
രക്തസാക്ഷിയായി
വിലാപയാത്ര പുറപ്പെട്ടു.

വെളുപ്പാണിപ്പോള്‍ ഭാഗ്യനിറം.
ആകാശത്തേക്ക്‌
ഒരു വെളുത്തമേഘം
പറന്നുപോകുന്നതും നോക്കി...

23/1/09

കൂണുകള്‍


അക്ഷരങ്ങളുടെ ആകാശത്തുനിന്നും തോരാത്ത പെരുമഴ
മഴയില്‍ക്കുതിര്‍ന്നോര്‍ക്കിടിവെട്ടേല്‍ക്കുമ്പോള്‍,
മുളച്ചുപൊന്തുന്നത്‌ ദശവര്‍ണ്ണക്കൂണുകള്‍.

22/1/09

സമുദ്രസാന്ത്വനം

ഒടുവിലെന്താണു പറയേണ്ടതെന്നോര്‍ത്തു
മനസ്സു വല്ലാതെ വീര്‍പ്പുമുട്ടുമ്പോഴെന്‍
മിഴികളൂറി നിന്‍ രൂപം ജലാര്‍ദ്രമൊരു
കണികയില്‍ നിന്നു താഴേയ്ക്കടര്‍ന്നു പോയ്‌!

പൊരുളഴിയ്ക്കുവാനാവാത്ത ചോദ്യങ്ങ-
ളിളകി മറിയുന്ന കടലിന്റെ മനസ്സുമായ്‌
ചൊരിമണല്‍ വാരി നമ്മള്‍ മെനഞ്ഞ പാഴ്‌-
ക്കനവുകള്‍ ഇനി തിരയെടുക്കെണ്ടവ

അകലെയൊരുപക്ഷേ അസ്തമയമില്ലാത്ത
പല നിറപ്പൂക്കള്‍ പുളകങ്ങള്‍ പേറുന്ന
ചലനമില്ലാത്തതായൊന്നുമില്ലാത്ത
തിര കയര്‍ക്കാത്ത തീരം തെളിഞ്ഞേക്കാം

ഇനിയതല്ലെങ്കിലെല്ലാം നശിക്കട്ടെ,
ഇരുളുമൂടട്ടെ,യെത്രയായാലുമ-
ത്തമ:സമുദ്രത്തിലെണ്റ്റെയൊപ്പം നിന്റെ
മൊഴികളുണ്ടെങ്കിലത്രമാത്രം മതി!

"ഒരു തമാശപോലെല്ലാം മറക്കുക,
ചിരി വിരിയ്ക്കുക, കടലുപോല്‍ സകലതും
കരളിലേന്തുക, കാലമെന്നൊന്നുണ്ട്‌"
മനസ്സിലാരോ പറഞ്ഞുവോ? തിരകളോ?

മഴ പൊടിയ്ക്കുന്നു മേഘങ്ങളായിരം
വിരലുകള്‍ നീട്ടി നമ്മില്‍ത്തണുപ്പിണ്റ്റെ
യലിവുചൊരിയുന്നു സ്മൃതികളിലാദിമ-
സ്സുഖ സുഷുപ്തി, നിതാന്തമാം ശാന്തത

മരണമില്ലിനി, കൂടിവന്നാലൊരു
ചെറിയ വേര്‍പാട്‌, നശ്വരമാണത്‌
മഴ കഴിഞ്ഞു, കുതിര്‍ന്ന ചിറകില്‍ നിന്നു
ജല കണങ്ങള്‍ പറക്കാം നമുക്കിനി

ശരിയിതാണെന്റെ പ്രണയിനീ നീ നിന്റെ
മിഴികളൊപ്പണം വിലപിച്ചു തള്ളുവാന്‍
സമയമില്ല, തുറക്കുക, മനസ്സിലേ-
യ്ക്കരുണ സൂര്യന്‍ പൊഴിയ്ക്കട്ടെ സാന്ത്വനം.

21/1/09

ടെററിസ്റ്റ് ,അവന്‍ നോക്കിക്കൊണ്ടിരിക്കുന്നു.

[ Wislawa Szymborska എഴുതിയ The Terrorist, He Watches എന്ന കവിതയുടെ വിവര്‍ത്തനം. ]


ബാറിനുള്ളിൽ ബോംബ്‌ ഉച്ചക്ക്‌ ഒന്നേ ഇരുപതിനു പൊട്ടിത്തെറിക്കും.
ഇപ്പോൾ സമയം ഒന്നേ പതിനാറുമാത്രം
ചിലർക്ക്‌ ഇനിയും അകത്തേക്കു പോകാൻ സമയമുണ്ട്‌,
ചിലർക്ക്‌ പുറത്തേക്കിറങ്ങാനും.
ആ ടെററിസ്റ്റ്‌ തെരുവിന്റെ മറുവശത്തേക്ക്‌ മാറിനിന്നു കഴിഞ്ഞു.
ദൂരം അയാളെ ഏതപകടത്തിൽ നിന്നും രക്ഷിക്കും,
മാത്രമോ, ക്രൗര്യം നിറഞ്ഞ കണ്ണുകൾക്ക്‌
എന്തൊരു കാഴ്ച്ചയാണിത്‌:
മഞ്ഞ ജാക്കറ്റണിഞ്ഞ ഒരു സ്ത്രീ, അവൾ അകത്തേക്കു പോകുന്നു.
കറുത്ത കണ്ണട വച്ചയൊരാൾ, പുറത്തേക്കിറങ്ങി.
ജീൻസിട്ട ചെറുപ്പക്കാർ, അവർ സംസാരിച്ചു കൊണ്ടു നിൽക്കുകയാണവിടെ.
ഒരു മണി പതിനേഴുമിനിട്ട്‌ നാലു സെക്കന്റ്‌.
ആ പൊക്കം കുറഞ്ഞയാൾ ശരിക്കും രക്ഷപെട്ടു, സ്കൂട്ടറിൽ കയറി പോകുന്നു.
ആ പൊക്കം കൂടിയ മനുഷ്യൻ, അയാൾ അകത്തേക്കു കടന്നു.
ഒരു മണി പതിനേഴു മിനിട്ട്‌ നാൽപത്‌ സെക്കന്റ്‌
അവിടെ ആ പെൺകുട്ടി, മുടിയിൽ പച്ച റിബ്ബൺ കെട്ടിയവൾ
കഷ്ടമായിപ്പോയി ബസ്സ്‌ കാഴ്ചയിൽ നിന്നു് അവളെ ഒന്നു മറച്ചത്‌.
ഒന്ന്‌ പതിനെട്ട്‌.
ആ പെൺകുട്ടിയെ അവിടിപ്പോൾ കാണാനില്ല.
അകത്തേക്കു പോകാൻ മാത്രം മണ്ടിയാണോ അവൾ, അതോ കയറിയിട്ടില്ലേ?
അത്‌ അവരെ പുറത്തേക്കെടുത്തുകൊണ്ടു വരുമ്പോൾ നമുക്കു കാണാം.
ഒന്ന്‌ പത്തൊൻപത്‌.
ആരും അകത്തേക്കു പോകുന്ന ലക്ഷണമില്ല.
മറിച്ച്‌, ഒരു തടിയൻ കഷണ്ടി പുറത്തേക്കിറങ്ങി വരുന്നുമുണ്ട്‌
അയാൾ പോക്കറ്റിൽ എന്തോ തപ്പിനോക്കുന്നതുപോലെ, എന്നിട്ട്‌
ഒന്ന് പത്തൊൻപത്‌ അൻപത്‌ സെക്കന്റ്‌
അയാളുടെ വൃത്തികെട്ട കയ്യുറകൾ തപ്പി അകത്തേക്കുതന്നെ തിരിച്ചുപോയി
ഒന്ന് ഇരുപത്‌
സമയം, എത്രയിഴഞ്ഞാണു പോകുന്നത്‌
ഇനി ഏതു നിമിഷത്തിലും സംഭവിക്കാം
ഇതുവരെ ആയിട്ടില്ല
അതെ, ഇതുതന്നെ
ബോംബ്‌, അത്‌ പൊട്ടിത്തെറിച്ചു.

18/1/09

ഗസ്സ

ഗസ്സ...
കരയില്ല
കരളലിയിക്കുന്ന കാഴ്ചകളില്‍
തളരില്ല
പോര്‍വിമാനങ്ങള്‍
തീമഴ പെയ്യിക്കുമ്പോള്‍
മാലാഖമാരുടെ ചിറകിലേറി
സ്വര്‍ഗത്തിലേക്കു പറക്കുന്ന കുഞ്ഞുങ്ങള്‍
ഉടുപ്പില്‍ മറന്നുപോയ പെന്‍സിലിനെ
പറ്റിയാണൊ പറയുന്നത്?

ഗസ്സ....
വെളുത്തവീട്ടിലെ യജമാനനു
മനുഷ്യമാംസംചേര്‍ത്തത്താഴമൊരുക്കാന്‍
കുരച്ചു വരുന്നു വേട്ടനായ്ക്കള്‍..
കുഞ്ഞു തലയോട്ടികൊണ്ടു
ജൂതന്റെ കുട്ടിക്കു കളിപ്പാട്ടം വേണമത്രെ
ക്രൂരമൌനം കൊണ്ടോശാന പാടുന്നവര്‍
‍പറയുന്നുണ്ട്
എലിപൂച്ച കളിയേക്കാള്‍ രസമാണത്രെ
ഈ പൊള്ളിപ്പിടയലും
ആര്‍ത്തനാദങ്ങളും.

ഗസ്സ...
നീ പറഞ്ഞില്ലേ
മണ്ണില്ലാത്തവന്റെ
മാനവും പ്രതിരോധവും
അപരാധമെന്നു...

ഗസ്സ...
മരിച്ചുപോയ ഓരോ കുഞ്ഞും
ഉയിര്‍ത്തെഴുനേല്‍ക്കും
തെല്‍അവീവിലെ തെരുവുകളിലേക്കു
തീക്കല്ലുകള്‍ എറിയും
തീക്കല്ലുവീഴുന്നിടമൊക്കെ
നിനക്കധീനപ്പെടൂം
നിന്റെ പ്രഭാതങ്ങളില്‍
അത്തിമരം പൂക്കും
ഒലീവു ചില്ലകള്‍ തളിര്‍ക്കും
ജറൂസലമിലെ ഭവനങ്ങളില്‍
ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കു
നിന്റെ പെണ്‍മക്കള്‍ മുലയൂട്ടും
ആണ്‍മക്കളവരെ
ഹ്രുദയത്തോടു ചേര്‍ക്കും.
വിമോചിക്കപ്പെട്ടവര്‍
‍അതിര്‍ത്തിതീര്‍ക്കില്ല...

ഗസ്സ...
നിന്റെ കുഞ്ഞുങ്ങള്‍
ശലഭങ്ങളെപ്പോലെ സ്വര്‍ഗത്തില്‍.......

15/1/09

തുരങ്കങ്ങൾ

യാത്രക്കിടയിൽ

തീവണ്ടി കടന്ന തുരങ്കങ്ങൾ

ഇവരുടെ ലോകം.

കല്ലടർത്തിയെടുത്തും കര കിളച്ചുമറിച്ചും

ഓരോ വഴികളടച്ചതിനെക്കുറിച്ച്‌,

എങ്ങോട്ടും പോവാനാവാതെ

തങ്ങിക്കിടക്കുന്നതിന്റെ ദുർഗന്ധത്തെക്കുറിച്ച്‌,

എതിർ സീറ്റിലെ കുട്ടിയുടെ അസുഖത്തെക്കുറിച്ച്‌,

-ഇവർക്കറിയാത്തത്തായി ഒന്നുമില്ല.

ഉറങ്ങുകയല്ല

ഉണർച്ചയുടെ തുരങ്കങ്ങളിലൂടെ

കടന്നുപോകുകയാണെന്നു പറഞ്ഞ

സുഹൃത്തിനെ ഇവർക്കു പരിചയപ്പെടുത്തി.

സംഭാഷണങ്ങളിൽ

പരസ്പര പരിചിതമായ പേരുകൾ,

പിന്നെ തുരങ്കങ്ങൾ കുറഞ്ഞു

ഇല്ലാതാവുന്നതിന്റെ

നീണ്ട ശൂന്യസ്ഥലങ്ങൾ ചുറ്റിലും നിറഞ്ഞു.

മരിച്ചുപോയ സുഹൃത്തുക്കൾ

ജീവിച്ചിരിക്കുന്ന സുഹൃത്തുക്കളേക്കാൾ വാചാലരാണ്‌

ഇവർ എല്ലാം ഓർമിപ്പിച്ചുകൊണ്ടിരിക്കും.

14/1/09

പരസ്യം

കുടിനീരിനായി
ചെങ്കല്‍മടയിലൊരു
കിണറുകുത്തി.

മുതലപ്പുഴയിലെ
മലിനജലമൊലിച്ചിറങ്ങാതിരിയ്ക്കാൻ
‍ചെങ്കല്ലുകൊണ്ട്‌
ചുറ്റുമതിലുംകെട്ടി.

ഞങ്ങളുടെ
വറ്റാത്ത സ്വപ്നമായിരുന്നു
ആ കിണര്‍.....

പക്ഷേ
ഋതുഭേദങ്ങളില്‍
കിണറിനും വേനലേറ്റു.

അതുകൊണ്ടാകാം,
മുതലപ്പുഴയില്‍നിന്നും
ചുറ്റുമതിലിനടിയിലൂടെ
കിണറുനടത്തിപ്പുകാരൊരു
രഹസ്യച്ചാലുകീറിയത്‌.

പറ്റുമോ?

മേശവിരിപ്പിനടിയില്‍
തിരുകിവച്ച ആത്മഹത്യാക്കുറിപ്പ്
കണ്ണില്‍പ്പെടാതെപോകുന്നതുപോലെ
വരികള്‍ക്കിടയില്‍ ഒളിപ്പിച്ചുവച്ച
മടുപ്പും, ആത്മപുച്ഛവും
ചിലപ്പോള്‍
വായിക്കപ്പെടാതെപോയേക്കാം

എന്നുവച്ച്
കുറിപ്പ് പോയെങ്കിലെന്ത്
ഹത്യ നടന്നില്ലേയെന്ന്
എഴുതിയവനെ ആശ്വസിപ്പിക്കാന്‍ പറ്റുമോ?

11/1/09

മലയാളത്തില്‍ എഴുതിയ കവിത

ചിലപ്പോഴെങ്കിലും
ഒരു കുട്ടിയെക്കുറിച്ച്‌ ഓര്‍ക്കുന്നത്‌ നന്നായിരിക്കും.
ആണോ പെണ്ണോ എന്നല്ല,
ഒരു കുട്ടി.
ഒരോര്‍മ്മ.

ഇത്‌ കവിത തന്നെയവണമെന്നില്ല,
ഒരോര്‍മ്മ പോലുമാവണമെന്നില്ല.

ഒരു കുട്ടി
മുമ്പിലങ്ങിനെ നില്‍ക്കുന്നുണ്ടാവും.
ഒരോര്‍മ്മ
അങ്ങിനെത്തന്നെ വിരല്‍ ഞൊടിക്കുന്നുണ്ടാവും.

എനിക്കുമാത്രം മനസ്സിലാവുന്ന ഭാഷയില്‍ പറയുമ്പോള്‍
മലയാളമല്ല
മലയാളമല്ല.

10/1/09

നീറ്റല്‍

എന്തെങ്കിലും തരണേയെന്ന്‌
വാതില്‍ക്കലാരോ തേങ്ങിയപ്പോള്‍,
നോട്ടമേറ്റത്‌
ജീവിതംകലങ്ങിയ കണ്ണുകളിലായിരുന്നില്ല;

അവളുടെ നെഞ്ചിലെ
ഒറ്റക്കണ്ണന്‍ മാന്‍പേടകളിലായിരുന്നു.

അന്നെന്റെ
നെറ്റിമുറിച്ച നാണയത്തുട്ട്‌
നെഞ്ചിലിന്നുമുരുളുകയാണ്‌....

9/1/09

അഭാവങ്ങളുടെ പ്രബോധകൻ

ഡൊം മൊറയ്സിന്‌

തിമിംഗലത്തിന്റെ പുറത്തിരിക്കുന്നതു

കണ്ടു അഭാവങ്ങളുടെ പ്രബോധകൻ .

വൃദ്ധന്റെ മുഖംമൂ ടിയണിഞ്ഞ്‌

കുട്ടി

ഒറ്റവിരൽ കൊണ്ട്‌ ജീവിതം ടൈപ്പു ചെയ്തുകൊണ്ടിരുന്നു .

അവസാനം കാണുമ്പോൾ കടൽത്തീരത്തായിരുന്നു

ഞണ്ടുകളുടെ വൃത്തത്തിനുള്ളിൽ

തന്റെ വൈകുന്നേരത്തിന്റെ നീളം എഴുതികൊണ്ടിരിക്കുന്നു .

വെറുതെ

വായ കൊണ്ട് കൊപ്ലിച്ച്
ഞാന്‍ ഒരു കവിതയുണ്ടാക്കി
കടലാസില്‍ പകര്‍ത്താതെ
പ്രകാശത്തിലേക്ക് തുപ്പി
ഒരു മഴവില്ലുണ്ടാക്കി

-മുഹമ്മദ് കവിരാജ്

8/1/09

ശ്മശാനപ്പൂക്കള്‍

സായാഹ്നനടത്തം
അവിചാരിതമായെത്തിയത്‌
ശ്മശാനത്തിലായിരുന്നു.

ഓരോ മണ്‍കൂനയ്ക്കും മുകളിൽ
‍പലവര്‍ണ്ണങ്ങളില്‍ വിടര്‍ന്ന പൂക്കള്‍
നീണ്ടും മലര്‍ന്നും പിരിഞ്ഞുമുള്ള ഇലകള്‍.....

ഓരോ സൗന്ദര്യത്തിനുമടിയില്‍
ചീഞ്ഞുനാറിയൊരു ശവമുണ്ടെന്നാണോ
അവര്‍ മൊഴിയുന്നത്‌.............?

7/1/09

ചാര്‍വാകദര്‍ശനം

ഇരുകാലിവിഷംതീണ്ടിയവള്‍ക്ക്‌
തമ്പുരാന്റെ നഷ്ടപരിഹാരം.






[ഔഷധമൂല്യമില്ലാത്ത ഒരൊറ്റപ്പുല്‍ക്കൊടിയും
ഭൂമിയിലില്ലെന്നാണ്‌ ചാര്‍വാകദര്‍ശനം.]

6/1/09

വീടിനെക്കുറിച്ചാണ്

ഇതെന്റെ വീട് തന്നെയാണ്

ലേബർക്യാമ്പെന്ന് പുറത്തെഴുതിവെച്ചാലും.

 

കട്ടിലിലല്ല

നിങ്ങളെന്റെ പൂമുഖത്ത് തന്നെയാണ്.

നാറുന്നുവെന്ന് തട്ടിത്താഴെയിട്ടത്

എന്റെ തലയിണ.

വിയർപ്പൊട്ടിയതെന്ന് കുടഞ്ഞെറിഞ്ഞത്

എന്റെ പുതപ്പ്.

 

ഇത് ഞാൻ തന്നെയാണ്

ഇതെന്റെ വീട് തന്നെയാണ്.

 

തലയിണക്കടിയിലവൾ ഒളിഞ്ഞ്

ആ പഴയനാണം തന്നെ

ചായയെടുക്കട്ടേയെന്ന്.

 

കട്ടിലിനടിയിൽ അഴിച്ചിട്ടതൊക്കെ

അലക്കിയെടുക്കാനുള്ള തിടുക്കമാണ്

അലക്കൊഴിഞ്ഞ നേരമില്ലെന്ന് കളിയാക്കുമ്പോൾ

ആ പഴയചിരിയാണ് മുഖംനിറയെ.

 

തൊട്ടപ്പുറത്തെ കട്ടിലിനിടക്കുള്ളത്

എന്റെ മുറ്റംതന്നെ

 

മക്കൾ അയലത്തെ കുട്ടികളോടൊപ്പം

മണ്ണപ്പം ചുട്ടുകളിക്കുകയാണ്.

വിളിച്ചാലും കേൾക്കില്ല.

വിളക്ക്കത്തിക്കാൻ നേരത്താണിനി

ഓടിക്കിതച്ച വരവ്

മെലാകെ മണ്ണും പൊടിയുമായ്.

 

അവിടെയാണ് കുളം.

മക്കളോടോപ്പം ഞാനും ചാടും

തണുത്ത വെള്ളത്തിലേക്ക്.

തലകുത്തി മറിയും

നെറുകയിലവൾ

രാസ്‌നാധിപ്പൊടി തിരുമ്മും.

ചോറ് വിളമ്പും

അണ്ണാക്ക് വരെ തീറ്റിക്കും.

 

പാത്രം കഴുകലും തുടക്കലും

കഴിഞ്ഞവളെത്തുമ്പോൾ

ഞാനുംമക്കളും ഉറക്കം നടിച്ച് കിടക്കും.

 

അല്ല

ഞാനുറങ്ങിയിട്ടുണ്ടാവും

 

നിങ്ങളെന്താണിങ്ങനെ നോക്കുന്നത്

ഇത് ഞാൻ തന്നെയാണ്

ഇതെന്റെ വീട് തന്നെയാണ്.

എന്റെ ഈ നിശ്ശബ്ദത

1
എത്ര നിശ്ശബ്ദമാണ്‌
തൊടാന്‍ ശ്രമിക്കമ്പോള്‍
പിടി തരാതെ
അപ്രതീക്ഷിതമായി
കോരിത്തരിപ്പിച്ച്‌
ചിലന്തിവലപോലെ
അകംപുറമില്ലാത്ത
ഒറ്റശ്വാസത്തില്‍നിന്ന്‌
ചാലുകീറി
ഒഴുകുന്ന വഴികളില്‍നിന്ന്‌
വെയിലും ആകാശവും കവര്‍ന്ന്‌
വേരില്‍നിന്ന്‌ തണ്ടിലൂടെ
ഇലകളിലേയ്ക്കു വളരുന്ന
ഏകാന്തതയുടെ
ഈ സംഗീതം.
2
ഞാന്‍
വിഘടിതകണങ്ങളായ്‌
മാറുന്ന കാലത്ത്‌
ഇമയിറുക്കംപോലും
ഇടിമുഴക്കംപോലെ
ചുറ്റും പിണരുമായിരിക്കും.

അതുവരേയ്ക്കും നിശ്ശബ്ദമാണ്‌
എന്റെ ഈ നിശ്ശബ്ദത.

അനശ്വരം


ചങ്ങലകള്‍
വിപ്ലവത്തിന്റെ
അക്ഷരമാലയായതിനാലാവാം,
ഒരൊറ്റയക്ഷരംപോലും പൊട്ടിച്ചെഴുതാന്‍
‍ആശാന്മാരനുവദിയ്ക്കാത്തത്‌!

5/1/09

ചില ചോറ്റാനിക്കര കാഴ്ചകള്‍

ഒരു സിഗരറ്റിന്റെ
ദൂരമേയുള്ളൂ
വീട്ടില്‍ നിന്നും നടക്കലേക്ക്.
പാടവും നടുക്കുള്ള
പള്ളിയാന്‍ ചേട്ടന്റെ
കൂരയും കടന്നാല്‍ ചോറ്റാനിക്കരയെത്താം.

കച്ചവടത്തിനായി വന്ന
ലോഡ്ജ്മുതലാളിമാരത്രെ
ചോറ്റാനിക്കരയമ്മയെ
ചീത്തയാക്കിയത്.
പാപപരിഹാരമായാകണം
ഇന്നും കുറേയവളുമാര്‍
ലോഡ്ജുകള്‍
കയറിയിറങ്ങുന്നുണ്ട്.

കീഴ്കാവില്‍
തറച്ചിരിക്കുന്ന ആണികളില്‍ നിന്നും
ഓടിയൊളിക്കാനാവില്ല
ഒരു ദേവിക്കും ദേവനും ഒരിക്കലും.
ഒന്നു കാതോര്‍ത്താല്‍
കേള്‍ക്കാവുന്നതേയുള്ളൂ
ഒരായിരം അമ്മേവിളികള്‍
ഈ ആണികളില്‍ നിന്നും.

ഇവിടെ മുങ്ങിമരിച്ച
ഏതാത്മാവിനെയാണ്
നിങ്ങളീയാണികളിലേക്ക്
തറച്ചിരുത്താന്‍ പോകുന്നത്.

പൂരപ്പറമ്പിലൂടെയുള്ള
മടക്കയാത്രയില്‍
ഒരു വെയിലിന്റെ
ദൂരക്കൂടുതല്‍ കാണാം.
ഇപ്പോഴും
ഒരു സിഗരറ്റിന്റെ ദൂരം
മാത്രമെ കാണൂ
എന്റെ വീട്ടിലേയ്ക്ക്.

സര്‍ക്കാര്‍ പഠിച്ച പാഠം

മെഡിക്കല്‍ അഡ്മിഷന്‍ കിട്ടാതെ

ക്രിസ്തു

തൂങ്ങിമരിച്ചത്‌

അള്‍ത്താരയില്‍.

സഭാനേതൃത്വം

തിരുശവവും പേറി

നിയമസഭയ്ക്കു മുന്നില്‍

സമരത്തോടുസമരം.

ഒടുവില്‍

കുഞ്ഞാടുകളില്‍ നിന്നും

കോഴ വാങ്ങുന്നത്‌

ദൈവഹിതമെന്നും

അത്‌

മനുഷ്യരുടെ കോടതിയ്ക്ക്‌

തടയാനാവില്ലെന്നുമുള്ള

പാഠം

സര്‍ക്കാര്‍ പഠിച്ചു

4/1/09

ലാപുടയുടെ കവിതാസമാഹാരം വരുന്നു...



നമ്മുടെ പ്രിയ സുഹൃത്ത് ലാപുട എന്ന ടി.പി വിനോദിന്റെ കവിതാ സമാഹാരം പുറത്തിറങ്ങുകയാണ്.നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന ഈ സമാ‍ഹാരത്തില്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച 35 കവിതകള്‍ കൂടാതെ 14 കവിതകള്‍ കൂടിയുണ്ട്.മലയാളം ബ്ലോഗര്‍മാരായ മുപ്പതോളം പേരുടെ ഒരു കൂട്ടായ്മ രൂപം നല്‍കിയ ബുക്ക് റിപ്പബ്ലിക് എന്നൊരു നൂതന പ്രസാധന വിതരണ സംഘമാണ് പുസ്തകം ചെയ്തിരിക്കുന്നത്.സംഘത്തിന്റെ ആദ്യത്തെ പുസ്തകമാണ് ഇത്.ജനുവരി പത്തിന് എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വെച്ചാണ് ഈ പുസ്തകത്തിന്റെ പ്രകാശനം.പി.പി രാമചന്ദ്രന്‍,ഗോപീ കൃഷ്ണന്‍,അന്‍‌വര്‍ അലി,ശ്രീകുമാര്‍ കരിയാട്,കവിതാ ബാലകൃഷ്ണന്‍,സെബാസ്റ്റ്യന്‍,വി.എം ഗിരിജ,മനോജ് കുറൂര്‍,ജി.ഉഷാകുമാരി,വി.കെ സുബൈദ,ക്രിസ്പിന്‍ ജോസഫ്,എസ് കണ്ണന്‍ തുടങ്ങിയ എഴുത്തുകാര്‍ ചടങ്ങില്‍ സംബന്ധിക്കും.സനല്‍ ശശിധരന്‍,കെ.വി മണികണ്ഠന്‍ എന്നീ ബ്ലോഗ് സുഹൃത്തുക്കള്‍ തയ്യാറാക്കിയ പരോള്‍ എന്ന ചെറുചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവും ഇതോടൊപ്പം നടക്കുന്നുണ്ട്.എല്ലാ കവിതാസ്നേഹികളേയും മലയാളം ബ്ലോഗ് കുടുംബാംഗങ്ങളേയും ചടങ്ങിലേക്ക് സാദരം ക്ഷണിക്കുന്നു.


അനുബന്ധം:
വായനയുടെ പരോളുകള്‍ ജി.പി.രാമചന്ദ്രന്‍
വെയില്‍ നേരെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ The Prophet Of Frivolity
വാക്കുപൊഴിയുമ്പോള്‍ ബാക്കിയാവുന്നത് - ഹരിതകത്തില്‍ പ്രമോദ്
‍കവിത പറക്കുന്ന ദൂരങ്ങള്‍ - വെള്ളെഴുത്ത്
ലാപുട സൂചിപ്പിക്കുന്നത് - വിശാഖ് ശങ്കര്‍
വിരസതക്ക് വിശക്കുമ്പോള്‍ - സനാതനന്‍
നിങ്ങളുടെ കോപ്പി ഇന്നു തന്നെ ഉറപ്പിക്കാന്‍

സുബര്‍ക്കം

വലിങ്ങനെ
മുരളാത്ത വണ്ടി കയറ്റം കയറുന്ന പോലെ
ആമിനുമ്മ ജിന്നുകളോടു പറഞ്ഞു:
"അര്‍ദ്ധരാത്രി എല്ലാ മക്കളും ഉറങ്ങുന്ന നേരം
ഒന്നു സുബര്‍ക്കം കാണിച്ചു തായോ."

കൈപിടിച്ച്‌ കെട്ടിയോനുറങ്ങുന്ന നേരം
ജിന്നു് അമിനുമ്മാനെ നക്ഷത്രങ്ങളിലൂടെ നടത്തി
സുബര്‍ക്കത്തിന്റെ പടിയിലെത്തിച്ചു.

മിന്നുന്ന നിലാവില്‍
തിളങ്ങി നിന്നിരുന്നു ആകാശം മുഴുവന്‍.
പ്രപഞ്ചം കീഴെ കോഴിമുട്ടപോലെ കിടക്കുന്നു.

ആമിനുമ്മ കൂട്ടിലെ കോഴികളെ, ആടുകളെ
സുബൈ ബാങ്കിനുണരുന്ന കെട്ടിയോനെ ഓര്‍ത്തു.

ജിന്നിന്റെ കൈവിട്ട്‌ പമ്പരം പോലെ കറങ്ങി
കറുത്തു പുകഞ്ഞ തന്റെ അടുക്കളയില്‍ വന്നു വീണു.
പാത്രങ്ങള്‍ കഴുകാനും ചായ വയ്കാനും തുടങ്ങി.

അടക്കം

ശവങ്ങളുടെ തണുപ്പു കൊണ്ട്
നിറഞ്ഞ ഒരു പകല്‍
പ്രപഞ്ചത്തെ നിശ്ശബ്ദതയുടെ
പെട്ടിയില്‍ അടക്കം ചെയ്തു;
മരങ്ങളെ നിന്ന നില്‍പ്പില്‍,
കിളികളെ ഇരുന്ന ഇരിപ്പില്‍,
വഴിക്കളെ കിടന്ന കിടപ്പില്‍.
സ്വപ്നങ്ങളുടെ നരകം
അപ്പോള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.
പ്രകാശത്തിന്റെ കുറച്ചു
വെളുത്ത പൂവുകള്‍ വിതറി
സൂര്യന്‍ മേഘങ്ങളുടെ
ഒരു കരിങ്കൊടി വെച്ച് തലകുനിച്ചു.
നിലച്ച മിടിപ്പുകള്‍ നക്ഷത്രങ്ങളാവുമെന്ന്
ഒരു മഴവില്ല് എഴുതിവായിച്ചു.