യാത്രക്കിടയിൽ
തീവണ്ടി കടന്ന തുരങ്കങ്ങൾ
ഇവരുടെ ലോകം.
കല്ലടർത്തിയെടുത്തും കര കിളച്ചുമറിച്ചും
ഓരോ വഴികളടച്ചതിനെക്കുറിച്ച്,
എങ്ങോട്ടും പോവാനാവാതെ
തങ്ങിക്കിടക്കുന്നതിന്റെ ദുർഗന്ധത്തെക്കുറിച്ച്,
എതിർ സീറ്റിലെ കുട്ടിയുടെ അസുഖത്തെക്കുറിച്ച്,
-ഇവർക്കറിയാത്തത്തായി ഒന്നുമില്ല.
ഉറങ്ങുകയല്ല
ഉണർച്ചയുടെ തുരങ്കങ്ങളിലൂടെ
കടന്നുപോകുകയാണെന്നു പറഞ്ഞ
സുഹൃത്തിനെ ഇവർക്കു പരിചയപ്പെടുത്തി.
സംഭാഷണങ്ങളിൽ
പരസ്പര പരിചിതമായ പേരുകൾ,
പിന്നെ തുരങ്കങ്ങൾ കുറഞ്ഞു
ഇല്ലാതാവുന്നതിന്റെ
നീണ്ട ശൂന്യസ്ഥലങ്ങൾ ചുറ്റിലും നിറഞ്ഞു.
മരിച്ചുപോയ സുഹൃത്തുക്കൾ
ജീവിച്ചിരിക്കുന്ന സുഹൃത്തുക്കളേക്കാൾ വാചാലരാണ്
ഇവർ എല്ലാം ഓർമിപ്പിച്ചുകൊണ്ടിരിക്കും.
1 അഭിപ്രായം:
മരിച്ചുപോയ സുഹൃത്തുക്കൾ ജീവിച്ചിരിക്കുന്ന സുഹൃത്തുക്കളേക്കാൾ വാചാലരാണ് .......
നന്നായിരിക്കുന്നു ഈ കവിത..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ