6/1/09

വീടിനെക്കുറിച്ചാണ്

ഇതെന്റെ വീട് തന്നെയാണ്

ലേബർക്യാമ്പെന്ന് പുറത്തെഴുതിവെച്ചാലും.

 

കട്ടിലിലല്ല

നിങ്ങളെന്റെ പൂമുഖത്ത് തന്നെയാണ്.

നാറുന്നുവെന്ന് തട്ടിത്താഴെയിട്ടത്

എന്റെ തലയിണ.

വിയർപ്പൊട്ടിയതെന്ന് കുടഞ്ഞെറിഞ്ഞത്

എന്റെ പുതപ്പ്.

 

ഇത് ഞാൻ തന്നെയാണ്

ഇതെന്റെ വീട് തന്നെയാണ്.

 

തലയിണക്കടിയിലവൾ ഒളിഞ്ഞ്

ആ പഴയനാണം തന്നെ

ചായയെടുക്കട്ടേയെന്ന്.

 

കട്ടിലിനടിയിൽ അഴിച്ചിട്ടതൊക്കെ

അലക്കിയെടുക്കാനുള്ള തിടുക്കമാണ്

അലക്കൊഴിഞ്ഞ നേരമില്ലെന്ന് കളിയാക്കുമ്പോൾ

ആ പഴയചിരിയാണ് മുഖംനിറയെ.

 

തൊട്ടപ്പുറത്തെ കട്ടിലിനിടക്കുള്ളത്

എന്റെ മുറ്റംതന്നെ

 

മക്കൾ അയലത്തെ കുട്ടികളോടൊപ്പം

മണ്ണപ്പം ചുട്ടുകളിക്കുകയാണ്.

വിളിച്ചാലും കേൾക്കില്ല.

വിളക്ക്കത്തിക്കാൻ നേരത്താണിനി

ഓടിക്കിതച്ച വരവ്

മെലാകെ മണ്ണും പൊടിയുമായ്.

 

അവിടെയാണ് കുളം.

മക്കളോടോപ്പം ഞാനും ചാടും

തണുത്ത വെള്ളത്തിലേക്ക്.

തലകുത്തി മറിയും

നെറുകയിലവൾ

രാസ്‌നാധിപ്പൊടി തിരുമ്മും.

ചോറ് വിളമ്പും

അണ്ണാക്ക് വരെ തീറ്റിക്കും.

 

പാത്രം കഴുകലും തുടക്കലും

കഴിഞ്ഞവളെത്തുമ്പോൾ

ഞാനുംമക്കളും ഉറക്കം നടിച്ച് കിടക്കും.

 

അല്ല

ഞാനുറങ്ങിയിട്ടുണ്ടാവും

 

നിങ്ങളെന്താണിങ്ങനെ നോക്കുന്നത്

ഇത് ഞാൻ തന്നെയാണ്

ഇതെന്റെ വീട് തന്നെയാണ്.

20 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

ഇതു ഞാന്‍ തന്നെയാണ്..അല്ലെങ്കില്‍ പിന്നെ കണ്ണുകള്‍ നിറയേണ്ട കാര്യമില്ലല്ലോ..വല്ലാതെ പൊള്ളുന്നു മാഷേ.

ചന്ദ്രകാന്തം പറഞ്ഞു...

സ്വപ്നങ്ങളുടെ നിറം പോലും ചോര്‍ന്നുപോയ മനസ്സുകള്‍..
:(

അഗ്രജന്‍ പറഞ്ഞു...

പ്രാണന് തുടിക്കുന്ന കവിത...!

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

ഈ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് നമുക്കു ആകെ ഒരാശ്വാസം .....വീട് എന്റെ സ്വപ്നമാണ്....

നല്ല വരികള്‍...

കുമാരന്‍ പറഞ്ഞു...

കവിത ഇഷ്ടപ്പെട്ടു.

നജൂസ് പറഞ്ഞു...

പരോള്‍ കഴിഞ്ഞ്‌ തിരിച്ചെത്തിട്ട്‌ പതിമൂന്ന്‌ നാളായെങ്കിലും മണം വിട്ടുപോവുന്നില്ലെന്നെ. ഉമ്മാടെ, പെങളെ, ഉപ്പാടെ, ഉമ്മൂമ്മാടെ, കാറ്റിന്റെ, കുളത്തിന്റെ, മഴയുടെ, തോട്ടുമ്പുറത്തിന്റെ, തെങോലയുടെ, കണ്ണിമാങയുടെ, അവസാനം തറനനച്ച ഉമ്മാടെ കണ്ണീരിന്റെ, ഒരു വീടെന്റെ കൂടെ നടക്കുന്നു. എത്ര കുളിച്ചിട്ടും മാറികിട്ടുന്നില്ല.

ശ്രദ്ധേയന്‍ പറഞ്ഞു...

അല്ല; ഇതു നമ്മളാണ്... പ്രവാസികള്‍!
സത്യമായും കരയിച്ചു.

ഇത്തിരിവെട്ടം പറഞ്ഞു...

ഇഷ്ടായി... ഒത്തിരി.

കുറ്റ്യാടിക്കാരന്‍ പറഞ്ഞു...

ho...

can't stand this nazirkka...

വിജി പറഞ്ഞു...

കാണാന്‍ പറ്റുന്നുണ്ട് ആ വീട്‌
മണ്ണപ്പം ചുട്ട് കളിക്കുന്നതും.

Inji Pennu പറഞ്ഞു...

ഭാഗ്യവാന്‍!

Mahi പറഞ്ഞു...

ഇതിഷ്ടപ്പെട്ടു

കുഴൂര്‍ വില്‍‌സണ്‍ പറഞ്ഞു...

ഇത് ഞാന്‍ തന്നെയാണ്
അത് തന്നെയായിരിക്കും
മുന്‍പ് 3 തവണ വിളിച്ചപ്പോഴും ഞാന്‍
ഇത് എന്നോട് പറയാതിരുന്നത്

ഇത് ഞാന്‍ തന്നെയാണ്
ഇത് എന്റെ കവിതയാണ്

കമന്റുകളില്‍ പതിമൂന്നാമന്‍

രണ്‍ജിത് ചെമ്മാട്. പറഞ്ഞു...

വളരെയിഷ്ടമായി മാഷേ..

Melethil പറഞ്ഞു...

ഉലയ്ക്കുന്ന വരികള്‍..അസൂയ തോന്നുന്നു ഇങ്ങനത്തെ എഴുത്ത് കാണുമ്പോള്‍ ..!

mumsy-മുംസി പറഞ്ഞു...

ഇത് കൊള്ളാം...നല്ലത്, നന്ദി

നൊമാദ് | A N E E S H പറഞ്ഞു...

ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു കവിതയ്ക്ക് കണ്ണ് നിറഞ്ഞു.

വിശാഖ് ശങ്കര്‍ പറഞ്ഞു...

"തൊട്ടപ്പുറത്തെ കട്ടിലിനിടക്കുള്ളത്
എന്റെ മുറ്റംതന്നെ "
നാട്യങ്ങളില്ലാത്ത, ആര്‍ദ്രമായ ഈ എഴുത്തിന് അഭിനന്ദനങ്ങള്‍.

Jyothibai Pariyadath പറഞ്ഞു...

കവിത.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

ഇത് അനേകം പ്രവാസികളുടെ വീടാണ്.
മനസ്സ് നീറുന്നു മാഷേ.