22/1/09

സമുദ്രസാന്ത്വനം

ഒടുവിലെന്താണു പറയേണ്ടതെന്നോര്‍ത്തു
മനസ്സു വല്ലാതെ വീര്‍പ്പുമുട്ടുമ്പോഴെന്‍
മിഴികളൂറി നിന്‍ രൂപം ജലാര്‍ദ്രമൊരു
കണികയില്‍ നിന്നു താഴേയ്ക്കടര്‍ന്നു പോയ്‌!

പൊരുളഴിയ്ക്കുവാനാവാത്ത ചോദ്യങ്ങ-
ളിളകി മറിയുന്ന കടലിന്റെ മനസ്സുമായ്‌
ചൊരിമണല്‍ വാരി നമ്മള്‍ മെനഞ്ഞ പാഴ്‌-
ക്കനവുകള്‍ ഇനി തിരയെടുക്കെണ്ടവ

അകലെയൊരുപക്ഷേ അസ്തമയമില്ലാത്ത
പല നിറപ്പൂക്കള്‍ പുളകങ്ങള്‍ പേറുന്ന
ചലനമില്ലാത്തതായൊന്നുമില്ലാത്ത
തിര കയര്‍ക്കാത്ത തീരം തെളിഞ്ഞേക്കാം

ഇനിയതല്ലെങ്കിലെല്ലാം നശിക്കട്ടെ,
ഇരുളുമൂടട്ടെ,യെത്രയായാലുമ-
ത്തമ:സമുദ്രത്തിലെണ്റ്റെയൊപ്പം നിന്റെ
മൊഴികളുണ്ടെങ്കിലത്രമാത്രം മതി!

"ഒരു തമാശപോലെല്ലാം മറക്കുക,
ചിരി വിരിയ്ക്കുക, കടലുപോല്‍ സകലതും
കരളിലേന്തുക, കാലമെന്നൊന്നുണ്ട്‌"
മനസ്സിലാരോ പറഞ്ഞുവോ? തിരകളോ?

മഴ പൊടിയ്ക്കുന്നു മേഘങ്ങളായിരം
വിരലുകള്‍ നീട്ടി നമ്മില്‍ത്തണുപ്പിണ്റ്റെ
യലിവുചൊരിയുന്നു സ്മൃതികളിലാദിമ-
സ്സുഖ സുഷുപ്തി, നിതാന്തമാം ശാന്തത

മരണമില്ലിനി, കൂടിവന്നാലൊരു
ചെറിയ വേര്‍പാട്‌, നശ്വരമാണത്‌
മഴ കഴിഞ്ഞു, കുതിര്‍ന്ന ചിറകില്‍ നിന്നു
ജല കണങ്ങള്‍ പറക്കാം നമുക്കിനി

ശരിയിതാണെന്റെ പ്രണയിനീ നീ നിന്റെ
മിഴികളൊപ്പണം വിലപിച്ചു തള്ളുവാന്‍
സമയമില്ല, തുറക്കുക, മനസ്സിലേ-
യ്ക്കരുണ സൂര്യന്‍ പൊഴിയ്ക്കട്ടെ സാന്ത്വനം.

10 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

പഴഞ്ചന്‍ :(

Unni Sreedalam പറഞ്ഞു...

സാധാരണ ഉപയോഗിക്കാത്ത ഉപസര്‍പ്പിണി എന്ന വൃത്തത്തിലാണ്‌ ഈ കവിത എഴുതാന്‍ ശ്രമിച്ചിരിക്കുന്നത്‌.
ഒരു കൌതുകത്തിന്‌ വേണ്ടി മനപ്പൂര്‍വ്വം പഴയ രീതി ശ്രമിച്ചു നോക്കിയതാണ്‌.
എത്രത്തോളം വിജയിച്ചു എന്നറിയില്ല.
എട്ടു കൊല്ലം മുമ്പ്‌ ഞാന്‍ ഒരു ബിരുദ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കാണിച്ച കടും കൈയ്യാണ്‌.
വിജയിച്ചിട്ടില്ലെങ്കില്‍ സദയം ക്ഷമിക്കുക. പുതുകവികള്‍ക്ക്‌ ഈ വഹ യൊന്നും വഴങ്ങില്ലെന്ന്‌ ചിലര്‍ ഇപ്പോഴും കരുതുന്നുണ്ടല്ലോ.

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

ശരിയിതാണെന്റെ പ്രണയിനീ നീ നിന്റെ
മിഴികളൊപ്പണം വിലപിച്ചു തള്ളുവാന്‍
സമയമില്ല, തുറക്കുക, മനസ്സിലേ-
യ്ക്കരുണ സൂര്യന്‍ പൊഴിയ്ക്കട്ടെ സാന്ത്വനം.

നല്ല ശ്രമം ആയിരുന്നു... ആശംസകള്‍... ഇപ്പോള്‍ ഒന്നു കൂടി എഴുതി നോക്കാംആയിരുന്നുല്ലേ...
വേറൊരു രീതിയില്‍....

B Shihab പറഞ്ഞു...

ആശംസകള്‍

ഏകാന്തതാരം പറഞ്ഞു...

നന്നായിട്ടുണ്ട് ട്ടോ.....
നല്ല അടിത്തറയിട്ടു തന്നെയാണല്ലോ നിര്‍മ്മിതി...

മന്ഥര പറഞ്ഞു...

എന്തൊരു ധാര്‍ഷ്ട്യം.! പഴമയെ അടച്ചാക്ഷേപിക്കുന്നവര്‍ ഭാഷയുടെ മുഖത്തേക്ക്‌ തന്നെയാണ്‌ കാറിത്തുപ്പുന്നത്‌. പ്രതികരണശേഷി നശിച്ചോ എല്ലാവര്‍ക്കും? അതോ കാരണവര്‍ക്ക്‌ അടുപ്പിലും തൂറാമെന്ന പഴയ ഉടമസ്ഥതാന്യായം അംഗീകരിച്ചിരിപ്പാണോ എല്ലാവരും?

Thallasseri പറഞ്ഞു...

'ഇനിയതല്ലെങ്കിലെല്ലാം നശിക്കട്ടെ,
ഇരുളുമൂടട്ടെ,യെത്രയായാലുമ-
ത്തമ:സമുദ്രത്തിലെണ്റ്റെയൊപ്പം നിന്റെ
മൊഴികളുണ്ടെങ്കിലത്രമാത്രം മതി!

"ഒരു തമാശപോലെല്ലാം മറക്കുക,
ചിരി വിരിയ്ക്കുക, കടലുപോല്‍ സകലതും
കരളിലേന്തുക, കാലമെന്നൊന്നുണ്ട്‌"
മനസ്സിലാരോ പറഞ്ഞുവോ? തിരകളോ?'

വൃത്തത്തിലായാലും ചതുരത്തിലായാലും എഴുത്തില്‍ കവിതയുണ്ടായാല്‍ മതി. പഴമ്പാട്ടുകാരന്‍.

Unni Sreedalam പറഞ്ഞു...

thanx for all those who visited and commented
it is inspiring to know that people are eager to read poems nowadays..

ചെറിയനാടൻ പറഞ്ഞു...

ശ്രമം വിജയിച്ചിട്ടുണ്ട്...

അതുമൂലം കവിതയ്ക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല..

“കവിതകോറും കരാംഗുലി കൊണ്ടു നിൻ
കവിളിലൂറുന്ന കണ്ണീർകണങ്ങളെ
തളിരിൽ മേവും മഴത്തുള്ളി പോലന്നു
തഴുകി മാറ്റിയതോർമ്മയുണ്ടാകുമോ....?

...നിന്റെ സ്വപ്നങ്ങളോടൊത്തു നീ വാഴ്ക
എന്റെ ദുഃഖങ്ങൾ വിട്ടു തന്നേക്കുക
ദൈവമേകും വരും പിറവിക്കെന്റെ
മാത്രമായ് നീ പുനർജ്ജനിച്ചീടുക...“

എന്നു മാത്രം ഞാനും പറഞ്ഞുകൊള്ളട്ടേ...

ആശംസകളോടെ...

Unni Sreedalam പറഞ്ഞു...

thank u cheriyanadan..
wonderful lines..
thanx...