നാസര്‍ കൂടാളി
ഒമാനിലെ
സീബില്‍ നിന്നും
റൂബിയിലേക്കുള്ള
യാത്രയില്‍
നാലുവരി പാതയ്ക്കിരു വശവും
വരി വരിയായ് നില്‍ക്കുന്ന
ആല്‍ മരങ്ങളെ കാണാം..
ഇടക്ക്
തൊട്ട് തൊട്ടില്ലായെന്ന് മട്ടില്‍
ആരോ മാറി നട്ട
ഞാവലിന്‍ മരങ്ങള്‍
നീലിയാര്‍ കോട്ടത്തെ
പേടിപ്പിക്കുന്ന
ആല്‍ മരത്തെ,
പണിതീരാത്ത പുരയിടത്തിന്നരികില്‍
കുഞ്ചിയമ്മ
നട്ട് നനക്കുന്ന
ആ ഐശ്വര്യത്തിനെ,
എപ്പോഴും ചിരിച്ചു കൊണ്ട് നടക്കുന്ന
എന്റെ അറബി സുഹൃത്ത്
അവണ്ടെ
വണ്ടിയിലെ
ഡാഷ് ബോര്‍ഡിലൊട്ടിച്ച
മനോഹരമായ കുട്ടിയെന്ന
കൃഷ്ണനെ,
ഇലകളില്ലാതെ
ശാഖി കൊണ്ട്
മകള്‍ വരഞ്ഞ
ആദ്യ മരത്തെ...
അപ്പോള്‍
ഓരോ യാത്രയിലും
അതെന്നെ ഓര്‍മ്മിപ്പിക്കും
ചിലപ്പോള്‍ ഞാനും
ആഗ്രഹിച്ചിട്ടുണ്ട്
തണുത്ത പുല്‍തകിടിയില്‍ വീണ
ബാല്യത്തിണ്ടെ കറുത്ത
ഞാവല്‍ പഴങ്ങളെ
അറബികളുടേയും,
ബംഗാളികളുടേയും,
മിസിരികളുടേയൊ കൂടെ
പെറുക്കി കൂട്ടാന്‍...
ആലിന്‍ തണലിലിരുന്ന്
തിന്നുമ്പോള്‍
എല്ലാ വെയില്‍ ദിനങ്ങളേയും
മറന്നു പോവാന്‍...
പിന്നിടെപ്പോഴോ
വര്‍ഷങ്ങള്‍ കഴിഞ്ഞ്
ആ വഴി തിരിച്ച് വരുമ്പോള്‍
ആലിന്‍ മരങ്ങളുടെ സ്ഥാനത്ത്
വരി വരിയായി
തലയുയര്‍ത്തി നില്‍ക്കുന്ന
ഈന്തപ്പന മരങ്ങളെ കണ്ടു.
എന്നാലും
ഒരൊറ്റ മരവുമില്ലാത്ത
എന്റെ വീടിണ്ടെ
ടെറസ്സില്‍
ഒരു ബോണ്‍സായി മരമായ്
നിന്നെ ഞാന്‍ സൂക്ഷിച്ച് വെക്കും.
പിന്‍ കുറിപ്പ്:
2001 ല്‍ ആദ്യമായി ഒമാനില്‍ വന്നപ്പോള്‍ എഴുതിയതാണീ കവിത.പിന്നീട് ബ്ലോഗനയില്‍ കുഴൂറിണ്ടെ
ആ മരം.എന്ന കവിത കണ്ടപ്പോള്‍ അതപ്പടി ഒന്നു മിനുക്കാതെ ഇവിടെ പോസ്റ്റു ചെയ്യുന്നു.കുഴൂറിനു നന്ദി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ