എ ശാസ്‌തൃശര്‍മ്മന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
എ ശാസ്‌തൃശര്‍മ്മന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

12/2/10

ആരണ്യക് /എ ശാസ്തൃശര്‍മ്മന്‍














നിലാവു കാണുവാ-
നെവിടെപ്പോകുവാന്‍ ...?
മലകളില്‍പ്പോകാം
മുളകളാടുന്ന
മലകളില്‍പ്പോകാം
വഴികളൊക്കെയും
കുഴഞ്ഞു വീണൊരാ
വനാന്തരത്തിലേ-
ക്കരിച്ചു കേറുന്ന
തണുപ്പില്‍പ്പോയിടാം.
നദിയുറങ്ങുന്ന
കരകളില്‍പ്പോകാം
മൈലുകള്‍ നീണ്ട
വയല്‍കളില്‍പ്പോകാം.

മലകളില്ലെന്നാല്‍ ...?
മുളകളാടുന്ന
മലകളില്ലെന്നാല്‍
മൈലുകള്‍ നീണ്ട
വയല്‍കളില്ലെന്നാല്‍
നദിയുറങ്ങുന്ന
കരകളില്ലെന്നാല്‍
നിലാവു കാണുവാന്‍..?

നിലാവു കാണുവാന്‍
നമുക്കു പോയിടാം
ബിഭൂതി ഭൂഷന്റെ
വചോഹയത്തിന്റെ
മുതുകിലേറിയാ
വനസ്ഥലികളി-
ലതീവ ശാന്തമാം
നിശീഥിനികളി-
ലതിരഹസ്യമായ്
വനഹൃദയത്തി
ലൊരു മിടിപ്പു പോല്‍
നമുക്കിരുന്നിടാം.

നിലാവിന്‍ ഭംഗികള്‍
അടക്കിവെച്ചൊരാ
ചെറിയ പുസ്തക
ത്തുരുത്തിലെപ്പൊഴും
നമുക്കുപോയിടാം
നിലാവു കാണുവാന്‍ ...

13/7/09

കണ്ണട കഥയിലേക്കു പോകുന്നു /എ ശാസ്‌തൃശര്‍മ്മന്‍

കുനിഞ്ഞു നോക്കും മുഖത്തു നിന്ന്
കിണറ്റിന്റെ ആഴങ്ങളിളെക്ക്
പറന്നു പോയി എന്റെ കണ്ണട.
ചിറകാര്‍ന്നൊരു മീനായി
ജലമുത്തശ്ശിയുടെ കിടക്കയിലത്
കുത്തിമറിഞ്ഞു കളിച്ചു.
തവളകളുടെ വായ്പ്പാട്ടില്‍
അതൊരല്‍പ്പവിരാമം കുത്തിവെച്ചു.
ഇരട്ടവാലുള്ള പുതുജീവിയെക്കണ്ട്
ആമകളുടെ ലജ്ജ
തല ചുരുക്കി.
നീരു നിറഞ്ഞ വെളിച്ചം കുടിച്ച്
കണ്ണട
പാറമടകലിലേക്ക് തുഴഞ്ഞു ചെന്നു.
മഴത്തണുപ്പുകള്‍ ചില്ലുകണ്ണിന്റെ സുതാര്യതയില്‍
ചെതുമ്പലുകളിളക്കി.
ഉറവകളതിനെ
വളഞ്ഞ കൈകളാല്‍
മുകളിലേക്ക് മുകളിലേക്ക്
ഉന്തിക്കൊണ്ടിരുന്നു.
ഉയരത്തിലേക്കുമാഴത്തിലേക്കും
വെളിച്ചത്തിലേക്കുമിരുട്ടിലേക്കും
വെളുപ്പാര്‍ന്നൊരു ചില്ലുകിളി
പറന്നു കളിച്ചു.
കരയ്ക്കു നിന്ന് ഞാനിപ്പോള്‍
പൊളിഞ്ഞ ആകാശം നോക്കുന്നു.
തവളകളുടെ ക്ലാസ്സുമുറിയിലെ
കണ്ണടക്കാരന്‍ വാദ്ധ്യാരെക്കുറിച്ച്
നാളെ
കൊറ്റികളും പൊന്മകളും
ചര്‍ച്ച ചെയ്തുകൊണ്ടിരിക്കും.

10/7/09

കണ്ണാടി /എ ശാസ്‌തൃശര്‍മ്മന്‍

കുട്ടി കണ്ണാടി നോക്കുമ്പോള്‍
അവന്റെ ഓമന മുഖം അതില്‍ കാണാം
കുറച്ചകലെ പിടിച്ചെങ്കില്‍
ഉമ്മറത്തൂണുകളും മുറ്റവും കാണാം
കുറച്ചുകൂടി അകലെയെങ്കില്‍
മുറ്റത്തെ തുളസിച്ചെടികളും
തുളസിയിലകളിലെ തുപ്പല്‍ക്കൂടുകളും
ചരല്‍‌ക്കല്ലുകള്‍ക്കിടയിലെ കട്ടുറുമ്പുകളും കാണാം.
കുറച്ചുകൂടി അകലെയെങ്കില്‍
അയല്‍ക്കാരുടെ മാളികകളും
മുതുമുത്തച്ഛന്‍ മാവുകളും
നീലക്കുന്നുകളും പുഴയും കാണാം.
കുറച്ചുകൂടി അകലെയെങ്കില്‍...
ഒരു വെള്ളി വെളിച്ചം മാത്രം കാണാം.

7/7/09

മഞ്ഞ /എ ശാസ്‌തൃശര്‍മ്മന്‍

പുല്ലുകളുടെ മണം
മഞ്ഞു നിറച്ച വണ്ടികളില്‍
മലകളിലേക്ക് കയറിപ്പോയി

മരങ്ങളുടെ കറുത്ത തണലുകളില്‍
കൊറ്റിച്ചിറകുകളുടെ വെളുത്ത മഴ

കുളത്തിലെ മണ്ണില്‍
ഒറ്റപ്പെട്ട മീനിന്റെ മുള്ളുകള്‍
മാനത്തെ മഞ്ഞനിറം കുടിച്ചുകൊണ്ടിരുന്നു.

ഉടല്‍ നഷ്ടപ്പെട്ട
ഞണ്ടിന്‍ കാലുകള്‍ക്കിടയില്‍
വരമ്പ് ഒതുങ്ങിക്കിടന്നു.

6/7/09

യക്ഷിക്കഥ /എ ശാസ്‌തൃശര്‍മ്മന്‍

പകലിതുവഴി നടന്നുപോകുമ്പോ-
ഴിരുട്ടുവന്നെത്തി മുറുക്കാന്‍ ചോദിച്ചു
കഥയറിയാത്ത പകലിരുട്ടിന്റെ
കരിമ്പനക്കാട്ടിലവളൊത്തു ചെന്നു
കഥയെന്തു പിന്നെ മുടിയുമെല്ലുമാ-
യതാ കിടക്കുന്നു പകല്‍ പടിഞ്ഞാറ്

5/7/09

കാട് /എ ശാസ്‌തൃശര്‍മ്മന്‍

പ്രാര്‍ഥിച്ചു
പ്രാര്‍ഥിച്ചു മരിച്ചുപോയ
ഒരു പച്ച പ്രാണിയുടെ
നിരന്തരമായ നിലവിളി
ഈ കാട്

4/7/09

എ ശാസ്‌തൃശര്‍മ്മന്‍

ഒച്ച വെക്കരുത് !
വാതിലുകള്‍ പരസ്പരം പറഞ്ഞു
ഒരേ ശബ്ദമായിരുന്നു അവയ്ക്ക്
ഒരേ നിശ്ശബ്ദതയുടെ
ഉടലായിരുന്നു അവ.

3/7/09

പെഡ്രോ പരാമോ /എ ശാസ്‌തൃശര്‍മ്മന്‍

വെയിലു പോലെ വിജനം
ഓരോ തെരുവും
തുറന്ന വാതിലുകളോടെ
തുറിച്ചു നോക്കുന്നു
ആളില്ലാത്ത വീടുകളുടെ തലയോടുകള്‍
ഓരോ കാല്‍ച്ചെത്തവും
ഓടിയൊളിക്കുന്നു
കറുത്ത അകത്തളങ്ങളിലേക്ക്.


എ ശാസ്‌തൃശര്‍മ്മന്‍

2/7/09

നീ /എ ശാസ്‌തൃശര്‍മ്മന്‍

ഒരൊറ്റപ്പടയാളി മാത്രമുള്ള
സൈന്യമായിരുന്നു നിന്റേത്
സ്വര്‍ണ്ണച്ചിറകും സ്വപ്നവേഗവുമില്ലാത്ത
കിഴവന്‍ കുതിരയായിരുന്നു നിന്റേത്

മാറില്‍ പടച്ചട്ടയും
കൈയില്‍ വാളും
നിനക്കുണ്ടായിരുന്നില്ല
പിറകില്‍
കാറ്റിന്റെ ആരവമല്ലാതെ
കൊമ്പും കുഴലും കൂടെയുണ്ടായിരുന്നില്ല
നിന്റെ നിഴലല്ലാതെ
ഒരൊളിത്താവളമുണ്ടായിരുന്നില്ല.

നീ ശത്രുവിനെ കണ്ടതേയില്ല.
നിന്റെ പോര്‍വിളിയുടെ മറുപടി
ഒരു മരുഭൂമിയായിരുന്നു.
നീ കടന്നുപോയ ഭൂമികളെ
തിരിഞ്ഞുനോക്കിയതേയില്ല

നിന്റെ കുതിര
ഇരുട്ടു പോലെ കുതിച്ചുകൊണ്ടിരുന്നു.
ആരുമില്ലാത്ത താഴ്വരയില്‍
നിനക്ക് കൂട്ട്
വിശപ്പും സ്വപ്നവും മാത്രമായിരുന്നു.
നീ നിന്നെത്തന്നെ തോല്‍പ്പിച്ചു.
മലമുകളിലെ ഒറ്റവൃക്ഷം പോലെ.

1/7/09

ചത്തുവോ? /എ ശാസ്‌തൃശര്‍മ്മന്‍

ചത്തുവോ?
ചോര പുരണ്ട ടയര്‍ ചോദിക്കുന്നു
ചുട്ടു പഴുത്ത നാക്കിനാല്‍ ഉച്ച വെയിലും

ചത്തുവോ?
മുഖം കുനിക്കുന്ന വഴിപ്പോക്കനും
മണം പിടിക്കുന്ന തെരുവുനായയും
ഒഴിഞ്ഞു പോകുന്ന വണ്ടികളും
ഇഴഞ്ഞുപോകുന്ന കാറ്റുകളും
ചോദിക്കുന്നു

വളവും തിരിവുമുള്ള വഴിയില്‍
പരന്നു പരന്നു നീളും ശവം
പിന്തുടര്‍ന്നു ചോദിക്കുന്നു
കൊന്നുവോ...?

എ ശാസ്‌തൃശര്‍മ്മന്‍