7/6/12

പുകയില്ലാത്ത അടുപ്പുകള്‍

വീട്
നേരം വെളുക്കുമ്പത്തൊട്ടന്തിയാവോളം
പലകുറിയിങ്ങനെ
പുകയൂതി... പുകുയൂതി... നിന്നു.

തൊടിയിലെ മുരിങ്ങക്കൊമ്പില്‍,
ശീമക്കൊന്നപ്പൂക്കളില്‍,
അരോടൊ മുഖമിരുണ്ടങ്ങനെ
അടക്കിപ്പിടിച്ചൊരു കരച്ചില്‍പോലെ..
ആരെയൊ വിട്ടുപോകാനോരാതെ
നിന്നു കരയുംമ്പോലെ,
പുക നിന്നഴിക്കുന്നുണ്ട്
പിഞ്ഞുകീറിക്കറുത്ത ചേലകള്‍...

പെരിമുറ്റത്തു നിന്നാല്‍ കാണാം
അടുക്കള ജനാലക്കലൊരു
പെണ്‍ചുമയുടെ കുഴലൂത്ത്..
ചായ, ചോറ്,
ചൂട് വെള്ളം, കറി, കഞ്ഞി...
ജഗ്ഗപൊഗ്ഗ....

ഉള്ളടുപ്പെരിഞ്ഞ്
പുകഞ്ഞ് പുകഞ്ഞ്
കരിമഷിപടര്‍ന്ന കണ്ണടുപ്പുമായ്
അന്തി തീകൂട്ടുന്നതുംനോക്കി
ചലപ്പോഴൊക്കെ
പൂമുഖത്തിരിപ്പതുകാണാം.

ഇല്ലായേം വല്ലായേം പറയല്ലേ..
ഒച്ചകേള്‍പ്പിച്ചിങ്ങനെ
നാട്ടാരുകാണെ കരയല്ലേ...
വെറുതെ പരിഭവം പറയല്ലേ...
എന്ന് മക്കള്‍... മരുമക്കള്‍..

ഉളളുതുറന്ന്
വല്ലപ്പോഴുമൊന്ന്
കരഞ്ഞോട്ടെ..
ഇനിയിതുംകൂടിയില്ലെങ്കില്‍....

വീട് പുതുക്കിപ്പണിതപ്പോള്‍
മകന്‍ പുകയില്ലാത്ത രണ്ടടുപ്പുവച്ചു.

ഇപ്പോഴും കത്തുന്നുണ്ട്
നീലനിറത്തില്‍.
ഏറ്റം ചൂടോടെ അച്ചടക്കത്തോടെ...
പുകയാതെ... കരിമഷി പടരാതെ...
നിന്നുവേവുന്നുണ്ട്
രണ്ട് കണ്ണടുപ്പുകളില്‍,
തിളച്ചുതൂവുന്നുണ്ട്
കണ്ണീര്‍വെള്ളത്തില്‍,
ശിഷ്ടജന്മത്തിന്റെ കനലരികള്‍....

3 അഭിപ്രായങ്ങൾ:

എം പി.ഹാഷിം പറഞ്ഞു...

:)

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

മനോഹരമായ പ്രയോഗങ്ങള്‍ .. വാചാലമായ വരികള്‍

Unknown പറഞ്ഞു...

enik kavithakal valare ishtamanu. njanum cheruthyit ezutharund. ee kavith enik othiri ishtamayi. very good