13/7/09

കണ്ണട കഥയിലേക്കു പോകുന്നു /എ ശാസ്‌തൃശര്‍മ്മന്‍

കുനിഞ്ഞു നോക്കും മുഖത്തു നിന്ന്
കിണറ്റിന്റെ ആഴങ്ങളിളെക്ക്
പറന്നു പോയി എന്റെ കണ്ണട.
ചിറകാര്‍ന്നൊരു മീനായി
ജലമുത്തശ്ശിയുടെ കിടക്കയിലത്
കുത്തിമറിഞ്ഞു കളിച്ചു.
തവളകളുടെ വായ്പ്പാട്ടില്‍
അതൊരല്‍പ്പവിരാമം കുത്തിവെച്ചു.
ഇരട്ടവാലുള്ള പുതുജീവിയെക്കണ്ട്
ആമകളുടെ ലജ്ജ
തല ചുരുക്കി.
നീരു നിറഞ്ഞ വെളിച്ചം കുടിച്ച്
കണ്ണട
പാറമടകലിലേക്ക് തുഴഞ്ഞു ചെന്നു.
മഴത്തണുപ്പുകള്‍ ചില്ലുകണ്ണിന്റെ സുതാര്യതയില്‍
ചെതുമ്പലുകളിളക്കി.
ഉറവകളതിനെ
വളഞ്ഞ കൈകളാല്‍
മുകളിലേക്ക് മുകളിലേക്ക്
ഉന്തിക്കൊണ്ടിരുന്നു.
ഉയരത്തിലേക്കുമാഴത്തിലേക്കും
വെളിച്ചത്തിലേക്കുമിരുട്ടിലേക്കും
വെളുപ്പാര്‍ന്നൊരു ചില്ലുകിളി
പറന്നു കളിച്ചു.
കരയ്ക്കു നിന്ന് ഞാനിപ്പോള്‍
പൊളിഞ്ഞ ആകാശം നോക്കുന്നു.
തവളകളുടെ ക്ലാസ്സുമുറിയിലെ
കണ്ണടക്കാരന്‍ വാദ്ധ്യാരെക്കുറിച്ച്
നാളെ
കൊറ്റികളും പൊന്മകളും
ചര്‍ച്ച ചെയ്തുകൊണ്ടിരിക്കും.

1 അഭിപ്രായം:

Sureshkumar Punjhayil പറഞ്ഞു...

Ivide kannada, kadhayilekkum ....

Manoharam, Ashamsakal....!!!