22/4/08

തോന്നലായിരിയ്ക്കുമോ...

കുളത്തിലേയ്ക്ക്‌
തണല്‍ ഇറക്കിമേഞ്ഞ്‌
വെള്ളത്തില്‍ വേരുപടര്‍ത്തി
ഏറെക്കാലമായി ഈ നില്‍പ്പ്‌.

പുതുമഴയുടെ കുളിര്‌
തുറന്നിട്ട കവാടത്തിലൂടെ
സ്വാതന്ത്ര്യം തേടി
അണിയണിയായ്‌ നീന്തിപ്പോയവര്‍

ഈയമണികള്‍ താഴ്‌ന്നുവന്ന്‌
ചിന്തകള്‍ക്കുമേലെ വലയിട്ട്‌
കൂട്ടത്തോടെ
ഉയര്‍ത്തിക്കൊണ്ടു പോയവര്‍

രസമുകുളങ്ങള്‍ ത്രസിച്ചപ്പോള്‍,
ഇര വിഴുങ്ങിയ കൊളുത്തില്‍ തൂങ്ങി
പറന്നു പൊങ്ങിയവര്‍

ആരും ഇതുവരെ തിരിച്ചെത്തിയില്ല

ജലരേഖയ്ക്ക്‌ അപ്പുറത്ത്‌
പലനിറങ്ങളില്‍
അവര്‍ സ്വപ്നം കണ്ടിരുന്ന സ്വര്‍ഗ്ഗം
ദത്തെടുത്തിരിയ്ക്കാം.

എന്നിട്ടും എന്താണ്‌ ഇടയ്ക്ക്‌
ഒഴുകിവരുന്ന വെള്ളത്തിന്‌
അവരുടെ മനസ്സിന്റെ നിറം..
ഒടിഞ്ഞമരുന്ന മര്‍മ്മരം..
കരിയുന്ന മണം..

26 അഭിപ്രായങ്ങൾ:

G.MANU പറഞ്ഞു...

രസമുകുളങ്ങള്‍ ത്രസിച്ചപ്പോള്‍,
ഇര വിഴുങ്ങിയ കൊളുത്തില്‍ തൂങ്ങി
പറന്നു പൊങ്ങിയവര്‍

ആരും ഇതുവരെ തിരിച്ചെത്തിയില്ല

കുറിപ്പെഴുതാതെ ആത്മഹത്യ ചെയ്ത ഒരു കര്‍ഷകനെ ഇതില്‍ ഞാന്‍ കാണുന്നതെന്തുകൊണ്ട്.

‘ലാസ്റ്റ് സപ്പറില്‍’ ഫെഡഡ്യൂന്‍ കലര്‍ത്തിയവന്റെ പാട്ടുപോലെ..

അപ്പു ആദ്യാക്ഷരി പറഞ്ഞു...

വാക്കുകളും അവയുടെ പ്രയോഗങ്ങള്‍ഊം മനോഹരം.
ആകെപ്പാടെയുള്ള കവിതയുടെ അര്‍ത്ഥം മാത്രം പിടികിട്ടിയില്ല. കമന്റുകള്‍ കുറേയാവട്ടെ. അപ്പോള്‍ വന്ന് ഒന്നുകൂടെ നോക്കാം മനസ്സിലാവുന്നുണ്ടോയെന്ന്.

Kaithamullu പറഞ്ഞു...

എന്നിട്ടും എന്താണ്‌ ഇടയ്ക്ക്‌
ഒഴുകിവരുന്ന വെള്ളത്തിന്‌
അവരുടെ മനസ്സിന്റെ നിറം..
ഒടിഞ്ഞമരുന്ന മര്‍മ്മരം..
കരിയുന്ന മണം..

-അപ്പൂ, ഒന്നൂടെ വായിക്കൂ.
അപ്പോഴറിയാം കരിഞ്ഞ മണം വരുന്നതെവിടെ നിന്നാണെന്ന്!

മഴത്തുള്ളി പറഞ്ഞു...

"രസമുകുളങ്ങള്‍ ത്രസിച്ചപ്പോള്‍,
ഇര വിഴുങ്ങിയ കൊളുത്തില്‍ തൂങ്ങി
പറന്നു പൊങ്ങിയവര്‍"

പറന്നു പൊങ്ങിയവര്‍ എങ്ങനെയാ തിരിച്ചു വരുക :)

കരീം മാഷ്‌ പറഞ്ഞു...

തോന്നലല്ലത്
ഞാനും മണക്കുന്നുവിന്നത്.

അപ്പു ആദ്യാക്ഷരി പറഞ്ഞു...

ശശിയേട്ടന്റെയും കരീം‌മാഷിന്റെയും കമന്റുകള്‍ കണ്ടുകഴിഞ്ഞപ്പോള്‍ ഞാനെന്റെ ക്യാമറക്കണ്ണിലൂടെ ഈ കവിതയിലേക്ക് ഒന്നുകൂടെഒന്നു നോക്കി. അപ്പോ ദേ ഇങ്ങനെ കണ്ടു:

ഒരു വലിയ കുളം, അതിന്റെ കരയില്‍ തളല്‍ വിരിച്ച് നില്‍ക്കുന്ന ഒരു മരം. ചില്ലകള്‍ കുളത്തിന്റെ മേലേക്ക് ചാഞ്ഞ് തണല്‍ വിരിച്ചുനില്‍ക്കുന്നു. വേരുകളുടെപോക്കും കുളത്തിലെ വെള്ളത്തിലേക്ക് തന്നെ.

കുളത്തില്‍ കുറേ മീനുകള്‍. ഞാന്‍ സൂം ലെന്‍സെടുത്ത് സൂം ചെയ്തു. മഴപെയ്തു കുളത്തില്‍ വെള്ളം നിറഞ്ഞപ്പോള്‍, പുറത്തേക്കു പോകുന്ന ചാല്‍ വഴി കുറേയെണ്ണം അതാ കുളത്തില്‍ നിന്നു പുറത്തേക്ക് പോകുന്നു!

വീണ്ടും ക്യാമറതിരിച്ചപ്പോള്‍, ഈയമണീകള്‍ കെട്ടിയ വലവീശുന്ന കുറേ മീന്‍‌‌പിടുത്തക്കാരെ കണ്ടൂ. അവരുടെ വലയില്‍ കുരുങ്ങി കുറേ മീനുകള്‍ പിടിയിലായി. പിടയ്ക്കുന്ന മീനുകളുടെ ഒരു ക്ലോസ്‌അപ്പ് ഷോട്ട്.

വീണ്ടും സൂംചെയ്തു. കുളക്കരയില്‍ ചൂണ്ടയുമായി ഒരാള്‍. ചൂണ്ടയുടെ കൊളുത്തില്‍ കുടുക്കി, മറച്ചുവച്ചിരിക്കുന്നത് കൊളുത്താണെന്നറിയാതെ ഒരു മീന്‍ അതാ അത് കൊത്തിവിഴുങ്ങുന്നു.

ആരും തിരിച്ചുവരുന്നില്ല... ക്യാമറ ഒരു മൂവിക്യാമറയായി അടുത്ത കണ്ട നാടന്‍ഹോട്ടലിലേക്കും, കള്ളുഷാപ്പിന്റെ അടുക്കളയിലേക്കും പോകുന്നു.

അവിടെ തിളയ്ക്കുന്ന എണ്ണയില്‍ കിടന്ന് വറുവറാ വറുക്കപ്പെടുന്ന മീനുകള്‍. അവയുടെ കരീഞ്ഞമണം മൂക്കിലേക്ക് അടിക്കുന്നു. വീണ്ടും മരത്തിന്റെ ചിത്രം.. അത് ആത്മഗതം ചെയ്യുന്നു..

ജലരേഖയ്ക്ക്‌ അപ്പുറത്ത്‌
പലനിറങ്ങളില്‍
അവര്‍ സ്വപ്നം കണ്ടിരുന്ന സ്വര്‍ഗ്ഗം
ദത്തെടുത്തിരിയ്ക്കാം.

എന്നിട്ടും എന്താണ്‌ ഇടയ്ക്ക്‌
ഒഴുകിവരുന്ന വെള്ളത്തിന്‌
അവരുടെ മനസ്സിന്റെ നിറം..

സൂം ഔട്ട്.. ഫേഡ്... ഇരുട്ട്...

ഇതാണോ ഇതിന്റെ അര്‍ത്ഥം. ഇനി പറയൂ കവിതയോ എന്റെ ഫോട്ടോപോസ്റ്റോ നല്ലത്?!! ഞാനോടീയേ...

അഭിലാഷങ്ങള്‍ പറഞ്ഞു...

“എന്നിട്ടും എന്താണ്‌ ഇടയ്ക്ക്‌
ഒഴുകിവരുന്ന വെള്ളത്തിന്‌
അവരുടെ മനസ്സിന്റെ നിറം..
ഒടിഞ്ഞമരുന്ന മര്‍മ്മരം..
കരിയുന്ന മണം..“

ഒഴുകിവരുന്ന വെള്ളത്തിന് മനസ്സിന്റെ നിറം...!! ചോര നിറം.... !?

എല്ലുകള്‍ ഓടിഞ്ഞമരുന്ന മര്‍മ്മരം....!!?

പിന്നെ എല്ലാം കത്തിക്കരിയുന്ന മണവും....!!?

കണ്ണൂര്‍കാരനായതു കൊണ്ടാണോ ആവോ ഈ കവിത ഞാന്‍ ഈ ഡയമെന്‍ഷനില്‍ വായിക്കുന്നത്. എല്ലാവരും എന്റെ നാട്ടിലേക്ക് വന്നേ... എന്നിട്ട് ഈ കവിത മുഴുവന്‍ ഒന്നു വീണ്ടും വായിച്ചേ....

:-)

(ശ്ശോ.. ഇപ്പോ വരാമേ..... ബോസ് വിളിക്കുന്നു.. ഇയാളെ കൊണ്ട് തോറ്റു! ഈ ബോസിനെ ഞാന്‍ മിക്കവാറും മനസ്സിന്റെ നിറമുള്ള വെള്ളവും, ഒടിഞ്ഞമരുന്ന മര്‍മ്മരവും, കരിയുന്നമണവും ഒക്കെ അനുഭവിപ്പിക്കും..! ഈശ്വരാ‍ അയാള്‍ ഇതൊക്കെ തിരിച്ചനുഭവിപ്പിക്കാതിരുന്നാല്‍ മതിയായിരുന്നു!)

:-)

അഗ്രജന്‍ പറഞ്ഞു...

മരം

മീന്‍

മീന്‍ പിടുത്തക്കാര്‍

കോളിളക്കത്തിലെ ജയന്‍

(ആരും ഇതുവരെ തിരിച്ചെത്തിയില്ല)
ഓരോരുത്തരും കറി വെച്ചു തിന്ന് കാണും

..............

(കരിയുന്ന മണം)
ചിലര്‍ അവരെ ചുട്ട് തിന്നുകയും ചെയ്തു

അപ്പു ആദ്യാക്ഷരി പറഞ്ഞു...

ഇനിയും വേറെ ഡയമെന്‍ഷന്‍സ് വേണമോ... ദേ ഒന്നൂടെ.

ഇന്റര്‍നെറ്റ് എന്ന മരം
ബ്ലോഗര്‍ എന്ന കുളം.

കുളത്തില്‍ പലവിധ ബ്ലോഗുകള്‍, ബ്ലോഗര്‍മാര്‍.

ബ്ലോഗിംഗ് മതിയായി സ്വാതന്ത്ര്യം തേടീപ്പോയവര്‍...
മറ്റുപല ബ്ലോഗര്‍മാരും വന്ന് പറഞ്ഞ പറഞ്ഞ് ചിന്തകള്‍ മുരടിച്ചു പോയവര്‍...
തര്‍ക്കങ്ങളില്‍പ്പെട്ട് വാക്കുമുട്ടി പറന്നു പൊങ്ങിപ്പോയവര്‍.
ആരും തിരികെ വരുന്നില്ലേ... ആ..


എന്നിട്ടും എന്താണ് ചില പുതിയ ബ്ലോഗുകള്‍ക് അവരുടെ കരിഞ്ഞമണം.
എന്നിട്ടും എന്തിനാ

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

ഞാനായിട്ട് കുറക്കുന്നില്ല.

മനോഹരമായ നാട്..
സനാതനമായ വേരുകള്‍..
എന്നിട്ടും
ചിലര്‍ ആദര്‍ശത്തിനുവേണ്ടി സ്വയം അര്‍പ്പിക്കുന്നു..
ചിലര്‍ പ്രേരണകളില്‍ ഉയര്‍ന്നുപോകുന്നു...
മറ്റുചിലര്‍ പ്രലോഭനങ്ങളുടെ കൊളുത്തില്‍ തൊണ്ടകോര്‍ത്ത് സ്വയം അവസാനിക്കുന്നു..
ആദര്‍ശങ്ങള്‍ മാത്രം ബാക്കിയാവുമ്പോള്‍
ബലിയര്‍പ്പിക്കപ്പെട്ടവന്റെ ചോരയും
ജീവിതങ്ങളുടേയും സംസ്കൃതിയുടേയും കരിഞ്ഞമണവും..
എല്ലാം തോന്നലല്ല..നാട്ടില്‍ നടക്കുന്നത് തന്നെ!!

ചന്ദ്രകാന്തത്തിന്റെ കവിതകളില്‍ പൊതുവായിക്കാണുന്ന സാധാരണജീവിതത്തിന്റെ ചിത്രീകരണം..ഒളിപ്പിച്ചുവക്കുന്ന സാമൂഹികവീക്ഷണം.
ഇതില്‍ സാമൂഹികം കൂടി.നന്നായി..

ഉത്തരോത്തരോത്തരോ...(സോറി തൊണ്ടയിടറി)ആവുന്നുണ്ടേ...

Kaithamullu പറഞ്ഞു...

അപ്പൂ,
ആ “സൂം” ദൃശ്യത്തിന് എന്റെ വക പൊരിച്ച ഒരു കരിമീന്‍!

തണല്‍ പറഞ്ഞു...

ഈ കുത്തൊഴുക്കില്‍ ഒലിച്ചങ്ങുപോയി
“തോന്നലായിരിക്കുമോ..?”

ഗിരീഷ്‌ എ എസ്‌ പറഞ്ഞു...

ചന്ദ്രേ...
നിന്റെ ഓരോ കവിതയും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്‌...
ഒടുവിലിതും....

ഒരു വലിയ സ്വപ്നത്തിന്റെ പടവിലൂടെ മേറ്റ്വിടേക്കോ എടുത്തെറിയപ്പെടുമ്പോള്‍ അത്‌ മരണമായിരുന്നുവെന്നും അല്‍പം മുമ്പ്‌ കിട്ടിയത്‌ ക്ഷണികമായിരുന്നുവെന്നും തിരിച്ചറിയേണ്ടി വരുന്ന ദൈന്യത....

അത്‌...ജീവിതത്തെ ഭീതിപ്പെടുത്തുന്നു...

ആശംസകള്‍...

ആഗ്നേയ പറഞ്ഞു...

ചന്ദ്രേ..കുറഞ്ഞ വാക്കുകളില്‍,ലളിതവും ഹൃദ്യവുമായ ശൈലിയില്‍ ഒരു കുഞ്ഞുകവിത.വായിക്കും തോറും മാറിമാറിവരുന്ന അര്‍ത്ഥതലങ്ങള്‍!ഓരോ ബിംബങ്ങള്‍ക്കും അനേകമുഖങ്ങള്‍.ആര്‍ക്കും എങ്ങനേയും വ്യാഖ്യാനിക്കാം..(എന്നെപ്പോലെ ഒരുപാട് ബുദ്ധിപാടില്ല്യാന്നേ ഉള്ളൂ..)കൂടുതല്‍ കമന്റുകള്‍ക്കായി കാത്തിരിക്കുന്നു..ഇനിയുമിനിയും വ്യത്യസ്തമായ ആസ്വാദനതലങ്ങള്‍ തേടി..
പിന്നെ മറ്റുവരികളിലെ ആന്തരാര്‍ത്ഥങ്ങള്‍ വിസ്മയിപ്പിച്ചപ്പോള്‍ കുളത്തിലേയ്ക്ക്‌
തണല്‍ ഇറക്കിമേഞ്ഞ്‌
വെള്ളത്തില്‍ വേരുപടര്‍ത്തി
ഏറെക്കാലമായി ഈ നില്‍പ്പ്‌.
ഈ വരികളുടെ ചന്തം ഒരുപാടിഷ്ടപ്പെട്ടു.:)))

Unknown പറഞ്ഞു...

എന്താണു ചന്ദ്രകാന്തം ഉദേശിച്ചത്.എനിക്കൊന്നും പുടുത്തം കിട്ടിയില്ല

കുഞ്ഞന്‍ പറഞ്ഞു...

ചന്ദ്രകാന്തം,

കവിത വായിച്ചാല്‍ എനിക്കു പെട്ടൊന്നൊന്നും മനസ്സിലാകില്ല. മറ്റുള്ളവര്‍ എഴുതുന്ന കമന്റുകള്‍ നോക്കിയാണ് കവിതയുടെ അര്‍ത്ഥം മനസ്സിലാക്കുന്നത്.

അപ്പു എഴുതിയ കമന്റു വായിച്ചപ്പോള്‍ സംഭവം ഞാനും കണ്ട അതേ ചിത്രം, പക്ഷെ സൂം ചെയ്യാന്‍ ക്യാമറയില്ലാതെ പോയി

siva // ശിവ പറഞ്ഞു...

നന്നായി ആസ്വദിച്ച കവിത.....

siva // ശിവ പറഞ്ഞു...

നന്നായി ആസ്വദിച്ച കവിത.....

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഒന്നും പൂര്‍ത്തിയാക്കാതെ പറ്ന്നുപൊകുമ്പോള്‍ അവരുടെ മനസ്സ് ഇടയ്ക്കെങ്കിലും തേങ്ങുന്നുണ്ടാവും...

:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

‘ജലരേഖയ്ക്ക്‌ അപ്പുറത്ത്‌
പലനിറങ്ങളില്‍
അവര്‍ സ്വപ്നം കണ്ടിരുന്ന സ്വര്‍ഗ്ഗം
ദത്തെടുത്തിരിയ്ക്കാം‘

ഈ സ്വപ്നമാണ് ലോകസമൂഹങ്ങളെ മുന്നോട്ടു നയിച്ചിട്ടുള്ളത്.

കാവലാന്‍ പറഞ്ഞു...

"സ്വപ്നം കണ്ടിരുന്ന സ്വര്‍ഗ്ഗം
ദത്തെടുത്തിരിയ്ക്കാം.

എന്നിട്ടും എന്താണ്‌ ഇടയ്ക്ക്‌
ഒഴുകിവരുന്ന വെള്ളത്തിന്‌
അവരുടെ മനസ്സിന്റെ നിറം..
ഒടിഞ്ഞമരുന്ന മര്‍മ്മരം..
കരിയുന്ന മണം.."

..............................
സമ്മോഹാല്‍ സ്മൃതി വിഭ്രമഃ
സ്മൃതി നശാല്‍ ബുദ്ധിനാശോ
ബുദ്ധിനാശാല്‍ പ്രണശ്യതി.

പാമരന്‍ പറഞ്ഞു...

ഇഷ്ടപ്പെട്ടു..

വേണു venu പറഞ്ഞു...

എല്ലാം അറിയുന്ന വട വൃക്ഷം സാക്ഷിയായി നില്‍ക്കട്ടെ. തിരിച്ചെത്തില്ല എന്ന തിരിച്ചറിവില്ലാത്ത കുഞ്ഞു മീനുകള്‍ക്കുള്ളിലെ സ്വര്‍ഗ്ഗമറിഞ്ഞവിടെ, അങ്ങനെ എന്നും കാണുമായിരിക്കും. കാണട്ടെ....

Sanal Kumar Sasidharan പറഞ്ഞു...

മനോഹരമായ കവിത.കാണാന്‍ വൈകിപ്പോയി

thoufi | തൗഫി പറഞ്ഞു...

കുറഞ്ഞ വാക്കുകളില്‍
ഒത്തിരി കാര്യങ്ങള്‍
ഒതുക്കിപ്പറഞ്ഞിരിക്കുന്നു.

പൂര്‍ത്തിയാകാത്ത
മോഹങ്ങളുപേക്ഷിച്ച്
പറന്നുപോയവര്‍..
ജലരേഖകള്‍ക്കപ്പുറത്ത്
അവര്‍ പ്രണയിച്ച
സ്വര്‍ഗത്തിലിപ്പോള്‍
നൊമ്പരക്കിനാക്കള്‍
അവരെ വേട്ടയാടുന്നുണ്ടാകുമൊ..?

എല്ലാം തോന്നലായിരിക്കട്ടെ..!

--മിന്നാമിനുങ്ങ്

സുല്‍ |Sul പറഞ്ഞു...

ഗംഭീരം ചന്ദ്രേ...

“കുളത്തിലേയ്ക്ക്‌
തണല്‍ ഇറക്കിമേഞ്ഞ്‌
വെള്ളത്തില്‍ വേരുപടര്‍ത്തി
ഏറെക്കാലമായി ഈ നില്‍പ്പ്‌.“
ഈ നില്‍പ്പിനും ഒരവസാനമുണ്ടായിരിക്കും. അപ്പോഴറിയാം നിറവും മണവും മര്‍മ്മരവും ഉറവയെടുക്കുന്നതെവിടെയെന്ന്. പോയവര്‍ അതു കുറച്ചു നേരത്തെ അറിഞ്ഞെന്നു മാത്രം.

-സുല്‍