10/4/08

താക്കോല്‍

മൊട്ടുകളില്‍ പൂക്കളെ എത്രനാള്‍
ഒളിച്ചുവെക്കാം ഒരു ചെടിക്ക്...
മേഘങ്ങള്‍ക്ക് മഴത്തുള്ളിയെ എത്രകാലം
ഒളിച്ചുവെക്കാം...
വായുവിനെ തള്ളിയും ഭൂമിയെ ചവുട്ടിയും
അടയാളങ്ങളൊന്നും വെക്കാതെ
ഓടുവാനാവുമോ ഒരു മാനിന്?
മുളയ്ക്കല്ലേ,മുളയ്ക്കല്ലേ എന്ന് ധ്യാനിച്ച്
എത്ര നാള്‍ ഒളിപ്പിക്കാനാവും
പൂണ്ടുപോയ വിത്തുകളെ മണ്ണിന്?

ആയതുകൊണ്ട്, നിഗൂഢതകളേ,
നിങ്ങളുടെ നിഗൂഢതകള്‍ നിങ്ങള്‍ക്ക്
നിലനിര്‍ത്താനാവില്ല.
ഓരോ നിമിഷവും ഒരു താക്കോലാണ്;
അനേകം രഹസ്യങ്ങളെ തുറക്കുന്ന താക്കോല്‍.
അങ്ങനെ എത്രയെത്ര രഹസ്യ വാതിലുകളെ
തുറന്ന് തുറന്ന് തുറന്നാണ്
ഓരോ ജീവിതവും മുന്നോട്ടുപോവുന്നത്!

അടച്ചുവെച്ചിരിക്കുന്ന ഈ മീന്‍‌കറിയും ചോറും
ഉച്ചവിശപ്പ് തുറന്നു തിന്നും കൂട്ടുകാരാ...

7 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

അടച്ചുവെച്ചിരിക്കുന്ന ഈ മീന്‍‌കറിയും ചോറും
ഉച്ചവിശപ്പ് തുറന്നു തിന്നും കൂട്ടുകാരാ...

ഈ വരികള്‍ എന്നെ
തുറന്നു തിന്നുന്നു കൂട്ടുകാരാ...

തണല്‍ പറഞ്ഞു...

എന്തോന്ന് പറയാന്‍?
വല്ലാതെ വിശക്കുന്നുവെന്നല്ലാതെ!

ജ്യോനവന്‍ പറഞ്ഞു...

ഓരോന്നിലേയ്ക്കും ഇങ്ങനെ പകര്‍ന്നാടി
നിരീക്ഷണത്തെ ഉള്‍കൊണ്ട് കാമ്പ് തുറന്നുകാട്ടുന്ന
ഈ താക്കോല്‍ വിദ്യയെ എങ്ങനെയാണ്
ഒന്നഭിനന്ദിച്ചു പൊലിപ്പിക്കുക.
എനിക്കു വയ്യ.
ഞാന്‍ തോറ്റു.
:)

പാമരന്‍ പറഞ്ഞു...

"ഓരോ നിമിഷവും ഒരു താക്കോലാണ്;
അനേകം രഹസ്യങ്ങളെ തുറക്കുന്ന താക്കോല്‍."!!!

oru rekshayumilla! namichchu!

Unknown പറഞ്ഞു...

എത്ര നാള്‍ ഒളിപ്പിക്കാനാവും
പൂണ്ടുപോയ വിത്തുകളെ മണ്ണിന്
എത്ര നാള്‍ ഒളിപ്പിക്കാനാകും അവള്‍ക്കുള്ള ഇഷ്ടം എന്നോട്

സീത പറഞ്ഞു...

‘ഓരോ നിമിഷവും ഓരോ താക്കോലാണ്.അനേകം രഹസ്യങ്ങളെ ഒളിപ്പിക്കുകയും ചെയ്യുന്ന താക്കോലല്ലേ?
ഒരു പെണ്‍ വായന

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor പറഞ്ഞു...

Kidilan....! Onnantharam..!!