(ബിനു.സി.ആറിന്)
നീയെന്നെ ബുദ്ധനായി തെറ്റിദ്ധരിച്ചു.
ഗൗതമായെന്നു വിളിച്ചു
നിന്നെ ഒറ്റക്കണ്ണനാക്കിയ
തെറ്റാലിയുടമ ഞാനായിട്ട് പോലും,
നിന്റെ പ്രാവുകളെ കെണിവെച്ച് പിടിച്ചവന്‍
ഞാനായിട്ട് പോലും
സ്വപ്നത്തെ രണ്ടായ് മുറിച്ച്
സൗഹൃദത്തിന്റെ തീക്കുതിരകള്‍
മേഘങ്ങളിലേക്ക് പറന്ന് കയറിയ കാലം
ഉന്മാദം ബാധിച്ച് ഞാന്‍ കടന്ന് കളഞ്ഞു...
(ചില കിളികളെപ്പോലെ)
കാറ്റ് കാട്ടുമരങ്ങളെ കരയിക്കുന്നൊരുച്ച നേരം-
ഞാന്‍ തിരികെ വന്നു
നീയെന്നെ ഗൗതമായെന്ന് വിളിച്ചു
നീ സ്നേഹ സുതാര്യന്‍....,
എന്റെ രഹസ്യങ്ങളെ വെടിവെച്ച് പൊട്ടിച്ച്
എന്നെ പരസ്യ പ്പെടുത്തിയവന്‍.
നീയായിരുന്നു ഗൗതമന്‍....
മഴക്കൊപ്പംഐസ് കഷ്ണങ്ങള്‍ വീഴുന്ന സന്ധ്യ,
സ്നേഹത്തിന്റെ മാമ്പഴക്കാറ്റില്‍
നമുക്കിനി പഴുത്തുനില്‍ക്കാമെന്ന് നീ...
ഉരിയാടാനൊന്നുമില്ലാതെ
ഞാന്‍ നിനക്കൊരു കിളിയെ സമ്മാനിച്ചു
ഒരപൂര്‍വ്വയിനം കിളി!
നീലയില്‍ വെള്ളപുള്ളിവാല്‍
ചിറകു മഞ്ഞയില്‍ ഓറഞ്ച് വരകള്‍
നമ്മുടെ സൗഹൃദം പോലെ സുന്ദരം
തിരിഞ്ഞ് നടക്കവെ,
നിന്റെ പിന്‍വിളി മഴയിലലിഞ്ഞു പോകുന്നു...
തിരിഞ്ഞ് നോക്കിയില്ല
നിന്റെ ശേഷിച്ച കണ്ണ്
ആ കിളി കൊത്തിയെടുക്കുമെന്നറിഞ്ഞിട്ട് പോലും...
1 അഭിപ്രായം:
കവിത നന്നായിരിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ