21/10/07

തൊടിയില്‍ നിന്നും വീട്ടിലേക്ക്‌

വീടിന് താഴേ
മൂന്ന് തട്ടായിട്ട് തൊടി,
താഴത്തെത്തൊടിയില്‍
കുഞ്ഞിലേ കളിക്കുമ്പോള്‍
ആള്‍പ്പൊക്കത്തിലസംബ്ലി കൂടി-
ക്കുറെ കപ്പച്ചെടികള്‍.
കപ്പ പറിച്ച്
തരിശാക്കുമ്പോള്‍ കാണാം
ദൂരെ പഴഞ്ചന്‍ ചിറ,
ചിറയ്ക്കുയരെ പാലം.
തൊടിക്ക് നടുക്ക്
കപ്പത്തലപ്പ് വെട്ടിയിട്ട് നിറയ്ക്കുന്ന,
തലങ്ങും വിലങ്ങും
മണ്ടന്‍ ചേരകള്‍ നീന്തുന്ന
പൊട്ടക്കിണര്‍.

ഈര്‍ക്കില്‍ത്തുമ്പില്‍
മച്ചിങ്ങ കോര്‍ത്തെറ്റി-
പ്പറത്തുമ്പോഴാണ്-
പെരുമരക്കൊമ്പത്തൊരു
കാക്കക്കൂട്.
കുതൂഹലം
തോട്ടിക്കമ്പിലേറി-
ക്കുത്തിച്ചാടിച്ചപ്പോളതില്‍
തൂവല്‍ മുളയ്ക്കാത്ത,
അമ്മ
ഇര തപ്പാന്‍ പോയൊരു
കാക്കക്കുഞ്ഞ്.
എടുത്തപ്പോള്‍
വയറ് പൊട്ടിക്കുടല്‍ ചാടി-
ച്ചത്തിരിക്കുന്നു.

ചോര കയ്യില്‍പ്പറ്റിയപ്പോളറപ്പ് തോന്നി
കിണറ്റിലിട്ടു.
വട്ടയിലയില്‍
കൈ കഴുകുമ്പോള്‍
പനിക്കോള്‍ പിടിച്ചൊരാകാശം
തുമ്മുന്നു.
കാല്‍പ്പുറക് തണുക്കും മുന്‍പ്
ഒന്ന്, രണ്ടെന്നെണ്ണി
തൊടികള്‍
കുതിച്ച് കയറി
കുശിനിപ്പുരയിലെ
തൈല മണം
പിടിക്കാന്‍ നില്‍ക്കാതെ,
തൊഴുത്തിലെ
വൈക്കോലിനൊടു
ചൊറിയാന്‍ നില്‍ക്കാതെ
അടുക്കളയില്‍ക്കൂടി
പാഞ്ഞുമ്മറത്തെത്തിയപ്പോള്‍
വഴിയിലെ
ചെമ്മണ്ണിനേയെടുത്തോണ്ട് പോകുന്നു
വലിയൊരു മഴ,
ഒരു കുഞ്ഞുറുമ്പിനെക്കൊന്നതിന്റെ
പുളി കുടിച്ചോണ്ട്.

6 അഭിപ്രായങ്ങൾ:

aneeshans പറഞ്ഞു...

പാഞ്ഞുമ്മറത്തെത്തിയപ്പോള്‍
വഴിയിലെ
ചെമ്മണ്ണിനേയെടുത്തോണ്ട് പോകുന്നു
വലിയൊരു മഴ,
ഒരു കുഞ്ഞുറുമ്പിനെക്കൊന്നതിന്റെ
പുളി കുടിച്ചോണ്ട്.


:)നല്ല വരികള്‍

കുഞ്ഞന്‍ പറഞ്ഞു...

സുനീഷെ
വീണ്ടും ശക്തമായ വരവും വരികളും..!

വേണു venu പറഞ്ഞു...

നല്ല വരികള്‍.:)

Harold പറഞ്ഞു...

സുനീഷേ
ആള്‍പ്പൊക്കത്തിലസംബ്ലി കൂടി നില്‍ക്കുന്ന കപ്പച്ചെടികള്‍ പറിച്ച് തരിശാക്കുമ്പോള്‍ അനാവൃതമാകുന്ന പഴഞ്ചന്‍ ചിറയും അതിനക്കരെയുള്ള പാലവും മനസ്സില്‍ തെളിയുന്നുണ്ട്. അതു പോലെ ശ്രദ്ധേയമാണ്, ഈര്‍ക്കിലില്‍ മച്ചിങ്ങ കോര്‍ത്തെറ്റിപ്പറത്തുന്നതും കുതൂഹലം തോട്ടിക്കമ്പിലേറുന്നതും . വട്ടയിലയില്‍ ചോര കഴുകുമ്പോള്‍ പ്രകൃതി പോലും കരയുന്നു, നഷ്ടമായ ഒരു പിഞ്ചു ജീവനെയോര്‍ത്ത് .

Sanal Kumar Sasidharan പറഞ്ഞു...

മനോഹരമായി..

Sethunath UN പറഞ്ഞു...

ന‌ന്നായി കവിത.