22/10/07

വഴികള്‍

മഴക്കാലത്ത്
എന്റെ ഇടവഴികളുടെ അതിരിടിഞ്ഞു,
കരയിലെ
ആള്‍പ്പാര്‍പ്പില്ലാത്ത വീടുകള്‍
നദിയിലേക്കൊലിച്ച് പോയി...
വരുവൊലിക്കുന്ന വഴിയിലൂടെ
നനഞ്ഞു പോയൊരോര്‍മ്മ...

ഇപ്പോള്‍
മഴക്കാലമല്ല
വഴിയരികില്‍ തകര പൂക്കുന്നു...
നാടു വിട്ട കൂട്ടുകാരന്‍ തിരിച്ചെത്തിയിട്ടും
അതുവഴിയൊന്നു വന്നതില്ല

ആരും നടന്നെത്താത്ത പച്ച വഴികള്‍...
മെല്ലെ മെല്ലെ വേനലെത്തുകയായിരുന്നു
കരിയിലകള്‍
ഇടവഴികളെ മൂടുന്നതെത്ര വേഗം.

ഉള്ളിലെ മുറിവുകളെല്ലാം
പഴുത്തൊലിക്കുന്ന കാലം
ആളൊഴിഞ്ഞ്
ഇലകള്‍ മൂടിയ വഴികള്‍ കാണുമ്പോള്‍
എനിക്കിടക്ക് കരച്ചില്‍ വരാറുണ്ട്...

4 അഭിപ്രായങ്ങൾ:

Sanal Kumar Sasidharan പറഞ്ഞു...

നന്നായി.
വരുവൊലിക്കുന്ന വഴിയിലൂടെ-മനസിലായില്ല

സുല്‍ |Sul പറഞ്ഞു...

ബിനീഷ്
നന്നായിരിക്കുന്നു കവിത.
ഓടോ: വരു - ഊറിവരുന്ന വെള്ള(ഒറു, ഉറവ) മാണെന്നു കരുതട്ടെ!

-സുല്‍

വിഷ്ണു പ്രസാദ് പറഞ്ഞു...

വരു-മഴവെള്ളം(ഒഴുകിവരുന്നത്)
ഇതൊരു വള്ളുവനാടന്‍ വാക്കാണ്...

വിശാഖ് ശങ്കര്‍ പറഞ്ഞു...

“കരിയിലകള്‍
ഇടവഴികളെ മൂടുന്നതെത്ര വേഗം”

ശരിയാണ് സുഹൃത്തേ, പക്ഷെ നിന്റെ ഈ “വഴികള്‍” അത്രപെട്ടന്നൊന്നും മൂടപ്പെടില്ല.