3/6/07

കുഴൂര്‍വിത്സണ്‍ കോപ്പിയടിക്കപ്പെട്ടു...?

കുഴൂര്‍ വിത്സന്റെ ‘നിങ്ങളുടെ പേരു ഞാന്‍ മറന്നിരിക്കുന്നു...’ എന്ന കവിതയും കാവ്യത്തില്‍ വന്ന ‘പരിചയം’എന്ന കവിതയും ഒരേ ആശയത്തെ ഒരേ വിധത്തില്‍ ആവിഷ്കരിക്കുന്നത് കണ്ടു.വിത്സന്റെ കവിത വര്‍ഷങ്ങള്‍ക്കു മുന്‍പ് കവിതാസംഗമം മാസികയില്‍ പ്രസിദ്ധീകരിച്ചതാണ്.കാവ്യത്തില്‍ വന്ന കവിതയാവട്ടെ അടുത്തകാലത്ത് പ്രസിദ്ധീകരിച്ചതുമാണ്.വിത്സണ്‍ തന്നെയാണ് ഈ സാമ്യം എനിക്കു കാണിച്ചു തന്നത്.വിത്സണെ അനുകരിച്ചതാണോ അതോ വിത്സനാല്‍ സ്വാധീനിക്കപ്പെട്ടതാണോ ഈ കവിയെന്ന് നമുക്കറിയില്ല.വിത്സന്റെ സങ്കടം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.ഒരെഴുത്തുകാരന്‍ അയാള്‍ വായിച്ച കൃതികളാല്‍ സ്വാധീനിക്കപ്പെടുന്നത് ഒരപരാധമല്ല.പക്ഷേ മാധ്യമങ്ങള്‍(വായനക്കാരും)ഇത് തിരിച്ചറിയുകയും എഴുത്തുകാരനെ ബോധ്യപ്പെടുത്തുകയും അത് പ്രസിദ്ധീകരിക്കാതിരിക്കാനുള്ള വിവേചനബുദ്ധി നേടുകയും ചെയ്യണം.ലപ്പോഴും ഞാന്‍ ഇത്തരം ചില പ്രശ്നങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്.മുഖ്യധാരാ മാധ്യമങ്ങള്‍ അപ്രാപ്യനായ ഒരെഴുത്തുകാരനാണല്ലൊ ഞാനിപ്പോഴും.ഞാനെഴുതിയ പല കവിതകളും

ഏതാണ്ട് സമാനമായ ആശയത്തോടെ ചിലപ്പോഴൊക്കെ സമാനമായ ശൈലിയോടെയും മറ്റു ചില കവികളുടേതായി പ്രസിദ്ധീകരിക്കപ്പെട്ടു കണ്ടിട്ടുണ്ട്.അവര്‍ എന്റെ രചനകളോ ഞാന്‍ അവരുടെ രചനകളോ കോപ്പിയടിച്ചതോ പരസ്പരം സ്വാധീനിക്കപ്പെട്ടതോ അല്ലെന്ന് വ്യക്തമാണ്(ചുരുങ്ങിയത് എനിക്കെങ്കിലും).ആകസ്മികത എന്ന ഒറ്റ വാക്കു കൊണ്ടു മാത്രമേ ഇതിനെ വിശദീകരിക്കാനാവൂ.ഏ.സി ശ്രീഹരി എഴുതിയ ‘പോടാ മോനേ ദിനേശാ’ എന്ന കവിത ഏതാണ്ട് അതേ പോലെ എന്റെ ഒരു കവിതയിലുണ്ടായിരുന്നു.ഹരിയുടെ കവിത കണ്ടതോടെ എന്റെ കവിത മടക്കിവെക്കുകയേ തരമുണ്ടായിരുന്നുള്ളൂ.വളരെ രസകരമായ ഒരു സംഗതി കൂടി പറയാം.പലപ്പോഴും ഞാനെഴുതിവെക്കുന്ന പല കവിതകളും അതേമട്ടില്‍ പ്രസിദ്ധീകരിക്കുന്ന ഒരാളുണ്ട്,കല്പറ്റ നാരായണന്‍.അദ്ദേഹത്തിന് ഇങ്ങനെ ഒരു വിഷ്ണു പ്രസാദ് ഉണ്ടെന്ന് പോലും അറിയില്ല.ഞാന്‍ അദ്ദേഹത്തിന്റെ ധാരാളം കവിതകള്‍ വായിച്ച് സ്വാധീനിക്കപ്പെട്ട ആളുമല്ല.മാത്രമല്ല,ഈ ബ്ലൊഗൊക്കെ ഉണ്ടാവുന്നതിനു മുന്‍പ് ഞാന്‍ കവിതയെഴുതി വീട്ടില്‍ വെക്കുകയേ തരമുണ്ടായിരുന്നുള്ളൂ.ആരും വായിച്ചിരുന്നില്ല.ചില സമാന്തരപ്രസിദ്ധീകരണങ്ങള്‍ മാത്രമാണ് എന്നോട് ദയവു കാട്ടിയിട്ടുള്ളത്.അത്തരം മാസികകളൊക്കെ അധികം വൈകാതെ പൂട്ടിപ്പോവുകയും ചെയ്യുമായിരുന്നു.രിക്കല്‍ ഞാന്‍ ഒരു ചങ്ങാതി(സുധീഷ് കൊട്ടേമ്പ്രം)യോട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ അവന്‍ തമാശയായി പറഞ്ഞു.അതൊരു സൌകര്യമാണല്ലോ.നമുക്ക് എഴുതാതെ കഴിക്കാമല്ലോ.ആരെങ്കിലും ഒരാള്‍ എഴുതിയാല്‍ മതി.ഒരേ ആശയം ഒരേശൈലിയില്‍ എന്തിന് രണ്ടു പേര്‍ എഴുതണം...എന്നൊക്കെ.മെയ് ആദ്യവാരത്തില്‍ ഞാന്‍ ആശ്ലേഷം എന്നൊരു കവിതയെഴുതി.സംക്രമണം എന്ന വെബ് മാസികയ്ക്ക് അയയ്ക്കുകയും ചെയ്തു.മെയ് അവസാനം ഞാന്‍ കോഴിക്കോട് പോയപ്പോള്‍
കുറച്ച് കവിതാസമാഹാരങ്ങള്‍ വാങ്ങി.അതില്‍ വീരാന്‍ കുട്ടിയുടെ ഓട്ടോഗ്രാഫ് എന്ന സമാഹാരവും ഉള്‍പ്പെടുന്നു.ആ സമാഹാരത്തില്‍ ആശ്ലേഷം എന്നൊരു കവിതയുണ്ട്.അതിലെ വരികളും എന്റെ കവിതയിലെ വരികളും കണ്ടാല്‍ ഞാന്‍ വീരാന്‍ കുട്ടിയെ കോപ്പിയടിച്ചെന്നേ പറയൂ...

സത്യം ആരെയും ബോധ്യപ്പെടുത്താന്‍ പറ്റാത്ത ഒന്നാവും ചിലപ്പോള്‍.

നിങ്ങളുടെ പേരു ഞാന്‍ മറന്നിരിക്കുന്നു

(കുഴൂര്‍ വിത്സണ്‍)

ഒരുമിച്ചു പഠിച്ചിട്ടുണ്ടോ?
അതല്ലെങ്കില്‍ ഒരു ചടങ്ങ്...
ഒരേ സീറ്റില്‍...


ക്യൂ നിന്നു മടുത്തപ്പോഴാണോ,
ഏതെങ്കിലും ബസ്സ്റ്റോപ്പില്‍ ,
അതുമല്ലെങ്കില്‍...
ടെലഫോണ്‍ ബുക്കില്‍ ഇല്ല.


ക്ഷണിക്കപ്പെടേണ്ടവരുടെലിസ്റ്റില്‍ ,
എപ്പൊഴെങ്കിലും
ഉപകാരപ്പെട്ടേക്കുമെന്നവരുടെ
കൂട്ടത്തില്‍ ...;
അങ്ങനെയുമില്ല.

നിങ്ങള്‍
ഇങ്ങനെത്തന്നെയായിരുന്നോ...?
എന്തെങ്കിലും കാര്യത്തിനു
നിങ്ങളുടെ പേരു ഉച്ചരിച്ചതായി
ഞാനോര്‍ക്കുന്നില്ല.
സ്വപ്നത്തിലെ
ആളുകളെപ്പോലെയാണു നിങ്ങള്‍ .
കിണറ്റില്‍ വീണ ആള്‍,
വണ്ടിയോടിച്ചിരുന്ന ആള്‍,
കടലിനും മുന്‍പു എന്നെ തടഞ്ഞ ആള്‍,
അങ്ങനെ
എനിക്കുമറക്കാനാണ്
നിങ്ങളുടെ പേരു
ഉണ്ടായിരിക്കുന്നതുഎന്നാണു തോന്നുന്നത്.


ഞാന്‍ മൂകനാണെന്നു
വിചാരിക്കുകയാണ്
ഇനിയുള്ള ഒരു വഴി
നിങ്ങള്‍ ബധിരനാണെന്നു
വിചാരിക്കുന്നതു
മറ്റൊരു വഴി

************************************************************************
പരിചയം

(കെ.സി മഹേഷ്,മാധ്യമം ആഴ്ചപതിപ്പ്)
ആരാണ്‌ നിങ്ങള്‍?
മറന്നുപോയതാകണം
ഓര്‍ത്ത് തുമ്പത്തെത്തുന്നുണ്ട്
സ്കൂളില്‍, നാട്ടില്‍
ഓടുന്ന വാഹനത്തില്‍
കണ്ടുകിട്ടുന്നില്ല.ഞാന്‍ ഉപയോഗിച്ചിരുന്ന പേന
എപ്പോഴോകാണാതായി
പഠിച്ചിരുന്ന സ്കൂളില്‍
ജോലിസ്ഥലത്ത്
പെന്‍ഷന്‍ ഒപ്പിട്ട് വാങ്ങുന്നിടത്ത്
എവിടെയോ വീണുപോയിരുന്നു
ഒന്നും എഴുതിവെക്കാന്‍ കഴിഞ്ഞില്ല
എല്ലാ പഴയകാര്യങ്ങളും മറന്നുപോയികണ്ണടയുണ്ട്
എന്നാലും കാഴ്ചയില്‍ വിശദാംശങ്ങള്‍
കാണാതായിരിക്കുന്നു
വലിയ അക്ഷരങ്ങള്‍ക്കിടയിലെ
ചെറിയ കാര്യങ്ങള്‍
കണ്ണടധരിച്ചാല്‍ കാണുന്നതേ കാണൂ
കാണാത്തത് കാണില്ലല്ലോനിങ്ങള്‍ ആരാണ്‌ എന്ന് മനസ്സിലായി
ആരായിരുന്നു എന്നാണ്‌ മനസ്സിലാകാത്തത്

**********************************************************************************
രണ്ടു കവിതകളും വായിച്ചല്ലോ,വായനക്കാരേ എന്തു പറയുന്നു...?

കടപ്പാട്:മാധ്യമം വാരിക,കുഴൂര്‍ വിത്സണ്‍,കെ.സി മഹേഷ്,കാവ്യം ബ്ലോകം

15 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

കുഴൂര്‍ വിത്സന്റെ നിങ്ങളുടെ പേരു ഞാന്‍ മറന്നിരിക്കുന്നു എന്ന കവിത തന്നെയല്ലേ പരിചയം എന്ന പേരില്‍ മാധ്യമത്തില്‍ കെ.സി മഹേഷിന്റേതായി വന്ന കവിത...?
കെ.സി മഹേഷ് എവിടെ നിന്നെങ്കിലും ഇതു കാണുകയാണെങ്കില്‍ (അല്ലെങ്കില്‍ മാധ്യമം)പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു....

SunilKumar Elamkulam Muthukurussi പറഞ്ഞു...

മാഷേ, ആധുനിക കവിക്ക്‌ വൈവിദ്ധ്യമാര്‍ന്ന വിഷയങള്‍ കിട്ടുന്നില്ല എന്ന്‌ ഇതില്‍നിന്നും വായിക്കാമോ? തന്നേപ്പോലെ ഒരാളെങ്കിലും കാണും നെന്നൊക്കെ പണ്ടുള്ളവര്‍ പറഞിരുന്നു. പക്ഷെ ആ അപരനെ കണ്ടുമുട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. ഇന്ന്‌ റിയാദിലിരിക്കുന്ന എനികും, മാഷക്കും ഒ‌‌രേതരം അനുഭവങളാണ് ഉണ്ടാകുന്നതെന്ന് ഉപരിപ്ലവമായെങ്കിലും പറയാമെന്ന്തോന്നുന്നു. അപ്പോ സ്വാഭാവികമായും ഒരേപോലെ ആശയങള്‍ കിട്ടാനും എഴുതാനും സാദ്ധ്യതകള്‍ കൂടുതല്‍ ആയിരിക്കും. അതു തന്നെയല്ല്ലേ മാഷ്ട്ടെ കേസ്സിലും വിത്സണ്ടെ കേസിലും സംഭവിച്ചിട്ടുണ്ടാകുക?
ഞാന്‍ എഴുതണ്മെന്ന് വിചാരിക്കുന്ന കാര്യങള്‍ ആരെങ്കിലും എഴുതികണ്ട്‌ ഞാന്‍ അത്ഭുതപ്പെടാറൂണ്ട്‌. വെറുതെ ഒരോരോ വിചാരങള്‍, അത്രമാത്രം.
ആധുനിക കവിത എനിക്കെന്റെ മനസ്സില്‍ കൊണ്ടുനടക്കാന്‍ പറ്റാത്തതാണെന്ന് എപ്പോഴോ മനസ്സിലായതുകാരണം, അധികം പണിപ്പെട്ട്‌വായിക്കാറില്ല. -സു-

riyaz ahamed പറഞ്ഞു...

കുഴൂര്‍ വില്‍സന്റെ 'കൊണ്ടു വരേണ്ട സാധനങ്ങള്‍' (?!) എന്ന കവിത വായിച്ചു ഞാന്‍ അത്‌ഭുതപ്പെട്ടിട്ടുണ്ട്. നാട്ടില്‍ നിന്നു ഗള്‍ഫില്‍ വരുന്ന എന്റെ കൂട്ടു കാരനു ഞാനയച്ച ഇ മെയിലിലുള്ള കിറുക്കന്‍ കാര്യങ്ങള്‍ അതിലുണ്ട് എന്നതായിരുന്നു കാരണം. സുനില്‍ പറഞ്ഞത് ശരിയാണ്. വിചിത്രമായ സാമ്യം!

Ajith Polakulath പറഞ്ഞു...

ബഹുമാന്യനായ "Riz" വായിക്കുന്നതിന്,

താങ്കളുടെ അഭിപ്രായം ചുവടെ ചേര്‍ക്കട്ടെ;

‘കുഴൂര്‍ വില്‍സന്റെ 'കൊണ്ടു വരേണ്ട സാധനങ്ങള്‍' (?!) എന്ന കവിത വായിച്ചു ഞാന്‍ അത്‌ഭുതപ്പെട്ടിട്ടുണ്ട്. നാട്ടില്‍ നിന്നു ഗള്‍ഫില്‍ വരുന്ന എന്റെ കൂട്ടു കാരനു ഞാനയച്ച ഇ മെയിലിലുള്ള കിറുക്കന്‍ കാര്യങ്ങള്‍ അതിലുണ്ട് എന്നതായിരുന്നു കാരണം. സുനില്‍ പറഞ്ഞത് ശരിയാണ്. വിചിത്രമായ സാമ്യം’

മേല്‍പ്പറഞ്ഞവയില്‍ ഞാന്‍ കണ്ട തെറ്റുകള്‍:
(1)കൊണ്ടുവരേണ്ട സാധനങ്ങള്‍ - കുഴൂര്‍ വിത്സന്റെയല്ല, ടി.പി.അനില്‍കുമാര്‍ കഷ്ടപ്പെട്ട് എഴുതിയ കവിതയാണ്.
ഒലിവ് ബുക്സിന്റെ “രണ്ടു അദ്ധ്യായങ്ങളുള്ള നഗരം” എന്ന സമാഹരത്തിലെ എനിക്ക് പ്രിയപ്പെട്ട കവിതകളില്‍ ഒന്ന്.

അതില്‍ (?!) മനസ്സിലായില്ല. ഒരു പക്ഷെ സംശയം!!! സംശയമുണ്ടെങ്കില്‍ പരാമര്‍ശിക്കരുതേ!

(2) “നാട്ടില്‍ നിന്നു ഗള്‍ഫില്‍ വരുന്ന എന്റെ കൂട്ടു കാരനു ഞാനയച്ച ഇ മെയിലിലുള്ള കിറുക്കന്‍ കാര്യങ്ങള്‍ അതിലുണ്ട്“

മേല്‍പ്പറഞ്ഞ താങ്കളുടെ വരികള്‍ വ്യക്തമാക്കുന്നത്;അതില്‍ കണ്ട തെറ്റുകള്‍ ഞാന്‍ നിരത്തട്ടെ!

(a)ടി.പി യുടെ കവിതയില്‍ കവിക്ക് നാട്ടില്‍ നിന്ന് ലഭിക്കുന്ന കത്താണ് ആ കവിതക്കടിസ്ഥാനം, കവിതയില്‍ കിറുക്കുകള്‍ ഉള്ളതായി തോന്നിയില്ല, അതുകൊണ്ട് സാമ്യതകള്‍ ഉണ്ടോ???

താങ്കള്‍ അയച്ച ഇമെയില്‍ നാട്ടിലേക്കാണ്
ഇവിടെ അങ്ങനെയല്ലല്ലോ!

ഒരു വിചിത്രവും ഇല്ല.

ഞാന്‍ താങ്കള്‍ എഴുതിയ കമന്റ്റു (കവിക്ക് സ്വന്തം കവിത വരെ നഷ്ടപ്പെടുന്നു) കണ്ട് ഞെട്ടിപോയി, അതു കൊണ്ടെഴുതി എന്ന് മാത്രം.

കവിതകള്‍ മോഷ്ടിക്കുന്നവരോടൊപ്പം ഈ അടുത്ത നാളുകളില്‍ വെറുതെ കമന്റിടുന്നവരുടെ എണ്ണം കൂടുകയാണ്. ചിലപ്പോള്‍ കവിത വായിച്ചിട്ടുപൊലും ഉണ്ടാകില്ല, ഞാന്‍ കണ്ട ചില അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പേടുത്തട്ടെ!!

‘നല്ല കവിത’, ‘വരികള്‍ നന്നായി’,‘അക്ഷരതെറ്റുകള്‍ നോക്കുമല്ലോ?’ ‘ഒന്നും മനസ്സിലാകുന്നില്ല’...ഇതെല്ലാം copy & paste comments

എന്റെ ബ്ലോഗില്‍ (ഒരു സുനില്‍ എന്നൊരാള്‍ എല്ലാ കവിതകള്‍ക്കും കമന്റിട്ടത് ഇങ്ങനെ;
‘നല്ല കവിത’
ഒരു copy & paste പ്രയോഗം ആയി തോന്നി.

ആ കമന്റു കണ്ട് എനിക്ക് നാണം ആയി, അങ്ങനെയും ഒരാള്‍?

സ്നേഹപൂര്‍വ്വം,

അജിത്ത് പോളക്കുളത്ത്
+970507766853

riyaz ahamed പറഞ്ഞു...

കുഴൂര്‍ വില്‍സന്റെ 'കൊണ്ടു വരേണ്ട സാധനങ്ങള്‍' (?!)- എന്നതിലെ (?!) സംശയം തന്നെയാണു! അതില്‍ സംശയിക്കേണ്ട! സംശയമുണ്ടോ അജിത്തേ...

മറ്റു കാര്യങ്ങള്‍ക്കു മറുപടിയില്ല. ഇ മെയില്‍ അയച്ചത് ഏതു സര്‍വറില്‍ നിന്ന്, ഏതു എസ്.എം.ടി.പി, ഏതു പ്രോക്സി ഏതു ഹോസ്റ്റിലേക്ക് എന്നീ തെറ്റുകള്‍ കൂടി തിരുത്താമായിരുന്നു!

കവിയുടെ പേരു തിരുത്തിത്തന്നതിനു നന്ദി!

SunilKumar Elamkulam Muthukurussi പറഞ്ഞു...

അജിത്ത്,, ദയാവായി ഐഡി നോക്കുക, അത് വെറും സുനിലല്ല “സുനില്‍‌രാജ്” ആണ്. വെറുതെ ചെളിവാരിയെറുതരുത് സുഹൃത്തേ.
ഒരു കവി എന്ന നിലക്ക് താങ്കള്‍‌ക്ക് താന്‍ങ്കളുuടേEതായ സ്റ്റാന്റ് ഉണ്ടായിരിക്കാം. എന്നു വെച്ച് വായന്‍nഅക്കാ‍ാരായ എന്നെപ്പോലുള്ളവര്‍ അഭിപ്രായം പറയരുത് എന്ന്നുണ്ടോ? പറയും.. അധികം അഅധുനികന്മാരെ വാ‍ായിക്കാറ് ഇല്ല എന്ന് ഞാ‍ാന്‍ പറയ്ഉം.അതിന് കാരണം ഇപ്പോഴത്തെ കവിതകള്‍ തന്നെ..(ഒരു പാട് തര്‍ക്കിച്ച കാരണം, ഇപ്പോ ഒരു രസവുമില്ലാതായിരിക്കുന്നു ഇക്കാര്യം. തര്‍ക്കിക്കാനില്ല, വാസ്തവം പറഞ്ഞു എന്നു മാത്രം) ഇതൊക്കെ ഒന്ന്‌ നോക്കൂ
http://chintha.com/node/803
http://chintha.com/node/833

Ajith Polakulath പറഞ്ഞു...

അതേ സുനില്‍,

കവികളെന്ന പോലെ വായനക്കാരനും അഭിപ്രായം പറയണം, പറയണ്ടാ എന്നു
ഒരിക്കലും പറഞ്ഞിട്ടുമില്ല,
ഞാന്‍ താങ്കളെ ഉദ്ധേശിച്ചു പറഞ്ഞതുമല്ല.
ചെളിവാരാനും ഉദ്ധേശിക്കുന്നില്ല.
പക്ഷെ ഞാന്‍ പറഞ്ഞ കാര്യം ശരിയെന്നു മനസ്സിലായി കാണും എന്നു വിചാരിക്കുന്നു. (ഉദാ: സുനില്‍ രാജ് കമന്റുകള്‍)
നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതുന്നവര്‍ക്ക് ഗുണങ്ങളും ചെയ്യും തീര്‍ച്ച...താങ്കള്‍ തെറ്റിദ്ധരിക്കപ്പേട്ടു പോയതില്‍ ഖേദിക്കുന്നു.

ചില കണ്ട കാര്യങ്ങള്‍ എടുത്തു കാട്ടി എന്നു മാത്രം!

സസ്നേഹം

അജിത്ത് പോളക്കുളത്ത്

അക്ഷരപ്പൊട്ടന്‍ പറഞ്ഞു...

വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌. മലയാള മനോരമയുടെ വാര്‍ഷികപ്പതിപ്പില്‍ എസ്‌.രമേശന്‍നായരുടെ ഒരു കവിത വന്നു. കുറ്റങ്ങളില്ലാത്ത രാജ്യത്ത്‌ ഒരു രാജാവ്‌ ഗോപുര കവാടത്തില്‍ ഒരു മണി സ്ഥാപിച്ചിരുന്നു. ആര്‍ക്കെന്തു പരാതി ഉണ്ടായാലും വന്നു മണി അടിക്കാം. അങ്ങിനെ മണി മുഴങ്ങിയതും തുടര്‍ന്ന്‌ ഉണ്ടായ സംഭവങ്ങളും ആയിരുന്നു ഇതിവൃത്തം. പിന്നീട്‌ ഇതേ കഥയെ അടിസ്ഥാനമാക്കി കെ.വി.രാമകൃഷ്‌ണന്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ മറ്റൊരു കവിതയുമെഴുതിയിരുന്നു. പിന്നെ പാടിപ്പതിഞ്ഞൊരു കഥക്കുമേല്‍ ആര്‍ക്കും അവകാശം സ്ഥാപിക്കാനാകില്ലെന്നു പറഞ്ഞ്‌ ഈ സാമ്യത്തിനുമേല്‍ നമുക്കു കൈകഴുകാം

ടി.സി.രാജേഷ്‌ പറഞ്ഞു...

കപടസ്‌നേഹിതാ നിന്നോടു ജീവിത
വ്യഥകള്‍ ചൊല്ലി പരാജയപ്പെട്ടുഞാന്‍.
വഴിയില്‍ വച്ചു നീ കാണുമ്പോഴൊക്കെയും
കുശലമെയ്യുന്നു, മുന്‍വരിപ്പല്ലിനാല്‍
ചിരിവിരിക്കുന്നു, കുരുതിചെയ്യുവാന്‍
കീശയില്‍ ആയുധം തിരയുന്നു....

- കുരീപ്പുഴ ശ്രീകുമാര്‍

ഇത്രമാത്രമേ പറയുവാനുള്ളു
മിത്രത്തില്‍ നിനക്കൊരു കണ്ണുവേണം.
.......
.......
....... ചിരിയുമായ്‌ സൂക്ഷിക്കുന്നുണ്ടവന്‍
കൂരിരുളിന്‍ മറവില്‍ കൃപാണം
- എ.അയ്യപ്പന്‍
(ഇടക്കുള്ള വരികള്‍ മറന്നുപോയി. ആശയം കുരീപ്പുഴയുടെ വരികളിലേതുതന്നെ, ഒരു വ്യത്യാസവുമില്ല)

Viswaprabha പറഞ്ഞു...

ആത്മാര്‍ത്ഥമായി എനിക്കു തോന്നുന്നതുപറയാം: ഈ രണ്ടു കവിതകളും പരസ്പരം സ്വതന്ത്രമാണ്. ഒരു പക്ഷേ ഒരേ ചിന്തയുടെ അഗ്നിസ്ഫുലിംഗങ്ങള്‍ രണ്ടു കവികളുടേയും തലച്ചോറില്‍ വീണീരിക്കാം. പക്ഷേ ഒന്ന് മറ്റൊന്നിന്റെ അനുകരണമല്ല.


സമഭാവനയുടെ അത്ഭുതങ്ങള്‍ പലപ്പോഴും നമ്മെ കുരങ്ങുകളിപ്പിക്കാറുണ്ടെന്നു തോന്നിയിട്ടുണ്ട്. കഴിഞ്ഞ അരമണിക്കൂറായി ഞാന്‍ അങ്ങനെ ഒരു ആഘാതത്തില്‍ സ്തംഭിച്ചിരിക്കയാണ്.

അംബി സ്കൂള്‍കുട്ടികള്‍ക്കുവേണ്ടി എഴുതിയ പോസ്റ്റിലൂടെയാണ് ഞാന്‍ ജീവിതത്തിലാദ്യമായി ഒറ്റവൈക്കോല്‍ വിപ്ലവത്തെക്കുറിച്ച് അറിയുന്നത്. പക്ഷേ ഒന്നാം ഭാഗം വായിച്ചപ്പോള്‍ ഹൃദയത്തിലൂടെ ഒരു കൊള്ളിമീന്‍ പാഞ്ഞുപോയി.

ഒട്ടും പ്രതീക്ഷയില്ലാഞ്ഞിട്ടും തിരിച്ചുകിട്ടിയ ഒരു ജീവിതത്തിന്റെ-സ്വന്തം ആത്മകഥയുടെ- ചാറ് പിഴിഞ്ഞൊഴിച്ചെഴുതിയ, ഞാന്‍ വിലപ്പെട്ടതായി കരുതുന്ന എന്റെ ഒരു പോസ്റ്റ് ഫുക്കുവോക്കയുടെ അനുഭവത്തിന്റെ വെറും കോപ്പിയടിയായി എനിക്കുതന്നെ തോന്നിപ്പോയി..

ഞാനെന്തു ചെയ്യണം? എങ്ങനെ ഞാന്‍ എന്നെത്തന്നെ ശിക്ഷിക്കണം?


വിഷ്ണു, ഈ പോസ്റ്റിന്റെ തലക്കെട്ട് കുറച്ചുകൂടി സൌമ്യമാക്കിയാല്‍ നന്നായിരുന്നു!

വിനോജ് | Vinoj പറഞ്ഞു...

ആശയ സാമ്യം അനുകരണമായി കാണരുത്‌. ഇന്നത്തെക്കാലത്ത്‌ കവികള്‍ക്ക്‌ വിഷയങ്ങള്‍ വളരെ കുറവാണ്‌. പലരും ഒരേ ആശയങ്ങള്‍ പല വിധത്തില്‍ എഴുതുന്നു. ഈ രണ്ടു കവിതകളില്‍ ആശയ സാമ്യം മാത്രമേ ഉള്ളു. ടൈറ്റിലിന്റെ കാര്യത്തില്‍ വിശ്വപ്രഭ പറഞ്ഞത്‌ ശരിയാണ്‌.

വിഷ്ണു പ്രസാദ് പറഞ്ഞു...

ആധുനിക(?)കവിതയ്ക്ക് ആശയ ദാരിദ്ര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.എഴുത്തുകാരുടെ ബാഹുല്യം ഉണ്ടായിട്ടുണ്ട്.രചനാശൈലിയില്‍ ഒരു ഏകീകൃത വ്യവസ്ഥ പലരും അറിഞ്ഞോ അറിയാതെയോ കൈവന്നിട്ടുമുണ്ട്.ബഹുസ്വരത പലപ്പോഴും മൌലികതയുടെ വ്യക്തമായ വിഭജനങ്ങള്‍ക്ക് വഴങ്ങാതെ
ഒരു കൂട്ടായ്മയുടെ ഏകീകൃതവ്യവസ്ഥ സ്വാംശീകരിച്ചുവെന്ന് തോന്നുന്നു.വേറിട്ടു നില്‍ക്കുന്നവര്‍ അസാമാന്യ പ്രതിഭയുള്ളവര്‍ തന്നെയാവുമെന്നതില്‍ തര്‍ക്കമില്ല.അനനുകരണീയവും സ്വാധീനങ്ങള്‍ക്കു വഴങ്ങാത്തതുമായ മാതൃകകള്‍ അവതരിപ്പിക്കാന്‍ കഴിയാത്തത് തന്നെയാണ് പ്രശ്നം.പുതിയ എഴുത്തുകാര്‍ രൂപത്തിനു മുകളില്‍
പരീക്ഷണം നടത്താന്‍ വിസമ്മതിക്കുന്നതായാണ് കാണുന്നത്.വൃത്തത്തെ കയ്യൊഴിഞ്ഞ് കവിതയെ നടത്തിച്ച് പരീക്ഷിച്ച സച്ചിദാനന്ദന്റെ കൌതുകം പോലും പുതുകവികള്‍ക്ക് ഇക്കാര്യത്തില്‍ ഉണ്ടെന്ന് തോന്നുന്നില്ല.

വിഷ്ണു പ്രസാദ് പറഞ്ഞു...

മറ്റൊന്ന്,ഇത്തരം പ്രശ്നങ്ങള്‍ പുതിയതല്ലെന്നുള്ളതാണ്.
എം.ടി യുടെ മഞ്ഞ് വിജയന്റെ കടല്‍ തീരത്ത്,ഖസാക്കിന്റെ ഇതിഹാസം തുടങ്ങിയ രചനകള്‍ ഇത്തരം പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്.പ്രതിഭാശാലികളായ ആ എഴുത്തുകാര്‍ അന്യഭാഷാ രചനകള്‍ കവര്‍ന്നതാവാന്‍ തരമില്ലല്ലോ.
സമാനമായ രചനകള്‍ ഉണ്ടാവുന്നത് സമാനമായി ചിന്തിക്കുന്നതു കൊണ്ടാവാനാണ് സാധ്യത.സമാനമായ ജീവിതസാഹചര്യം ഉണ്ടാവാം. ഇത് വിഷയക്കുറവ് കൊണ്ടാണെന്ന് തോന്നുന്നില്ല.ഞാന്‍ പോസ്റ്റില്‍ പറഞ്ഞതു തന്നെ നോക്കുക.ചില പ്രത്യേക ആളുകളുടെ രചനകളില്‍ മാത്രമേ ഈ സമാനത ഉണ്ടാവുന്നുള്ളൂ.

riyaz ahamed പറഞ്ഞു...

പി.പി.ആറിന്റെ ഹരിതകം.കോമില്‍ ശ്രീ പി. ഉദയഭാനു എഴുതിയ കവിത-

'തലമുടിയില്‍ വിരലുകള്‍ ഞെരടി
ഇയാളാരെന്ന്‌ കുഴിച്ചുനോക്കുമ്പോള്‍
ഹായ്‌ പിടികിട്ടി എന്ന്‌,
ഇതാ നാവിന്‍തുമ്പില്‍ പേരെന്ന്‌.
-------------------
-------------------
ഇപ്പൊഴാണ്‌ എനിയ്ക്കയാളെ ഓര്‍മ്മവന്നത്‌. '

ലിങ്ക് ഇവിടെ.

steephen george പറഞ്ഞു...

"അനനുകരണീയവും സ്വാധീനങ്ങള്‍ക്കു വഴങ്ങാത്തതുമായ മാതൃകകള്‍ അവതരിപ്പിക്കാന്‍ കഴിയാത്തത് തന്നെയാണ് പ്രശ്നം."

EE varikal adymezhuthiya articleil undayirunenkil ennu asichu poyi..

Purathekku nokkum munpu akathekku nokkunathakum uchitham !!!