20/3/07

കുരുക്ക്

തൊടിയിലും മുറ്റത്തും
തളിരായ തളിരെല്ലാം
തൊട്ടും കടിച്ചും
ചവച്ച്‌ മദിക്കുന്ന
ആട്ടിന്‍കുട്ടിയോട്‌
അമ്മൂമ്മ കൊഞ്ചി,
"തുള്ളിക്കളിക്കേണ്ട
കള്ളിക്കറമ്പി,
കഴുത്തില്‍ കുരുക്കി-
ട്ടടക്കി നിര്‍ത്താനിനി
കാലമൊട്ടില്ലെന്ന്
കണ്ടുകൊള്‍ക"

കേട്ടുനിന്ന പെങ്കൊച്ച്‌
ആകെ പൂത്തുലഞ്ഞ്‌
പ്രായമറിയിച്ചു.

കൈപ്പത്തിയില്‍
ശൃംഗാരത്തിന്റെ
ആറാം വിരലുള്ള
കറവക്കാരന്റെ
ഇടം കണ്ണടഞ്ഞത്,
"കെട്ടിയിട്ടു
കറന്നു രസിക്കുവാന്‍
എട്ടു നാളിനി
തികച്ചു വേണ്ടെന്ന്."

മുറ്റത്തു നിന്ന മൂത്തവള്‍
‍മാറത്തെ നനവിലേക്ക്‌
തുണി വലിച്ചിട്ടു.

വേലിക്കപ്പുറം
തെരുവിലായിട്ടും
ക്ടാത്തന്റെ നോട്ടം കണ്ട്‌
അവളു പേടിച്ചു.
മുതുക്കികളാവട്ടെ
മുഴുക്കെ ചുവന്നു.

പ്ലാവിലക്കുമ്പിളും
അടികണ്ട കലവുമായി
ഒറ്റയ്ക്കിരിക്കുമ്പോള്‍
അമ്മയ്ക്കൊരാത്മഗതം,
"ആടൊരുത്തി
എരുത്തിലില്‍ ‍പെറ്റാലും
പെണ്ണൊരുത്തി
ഉരപ്പെരേല്‍ പെറ്റാലും
പെണ്ണായ്‌ പിറന്നോള്‍ക്ക്‌
പേറ്റുനോവ്‌ മിച്ചം."

കൊച്ചുവെളുപ്പിന്‌
കത്തിക്ക്‌ മൂര്‍ച്ചയിട്ടുനില്‍ക്കേ
രാത്രിവേല കഴിഞ്ഞ്‌
ചടച്ചുവന്ന പെണ്ണിനോട്‌
അറവുകാരന്റെ അശ്ലീലം,
"നേരം വെളുക്കും മുമ്പൊ-
ന്നൂടെ മൂര്‍ച്ച നോക്കുന്നോ?"

രാവു പോലും
വിജൃംഭിച്ച്‌ നിന്ന
നിമിഷത്തിന്റെ മൂര്‍ച്ചയില്‍
അയാള്‍ ‍
ചുര മാന്തി
തുള്ളിക്കയറി
കെട്ടിയിട്ട ആടിന്റെ
കഴുത്തറുത്ത്‌
കുരുക്ക്‌ വിടുവിച്ചു.

17 അഭിപ്രായങ്ങൾ:

വിശാഖ് ശങ്കര്‍ പറഞ്ഞു...

ഈ കൂട്ടായ്മയിലേക്കുള്ള എന്റെ പങ്ക്... ‘കുരുക്ക്’

വിഷ്ണു പ്രസാദ് പറഞ്ഞു...

കഴുത്തറുത്താല്‍ മാത്രം വിടാവുന്നതാണ് ഈ കുരുക്കെന്ന് ഓരോ പെണ്ണും അറിയുന്നുണ്ടാവണം.
പുരുഷന്‍ എഴുതിയ നല്ലൊരു പെണ്‍പക്ഷ കവിത .അഭിനന്ദനങ്ങള്‍

വിശാഖ് ശങ്കര്‍ പറഞ്ഞു...

പെണ്‍പക്ഷകവിത എന്നു പറഞ്ഞിട്ടെന്താ കാര്യം വിഷ്ണു...ബ്ലോഗിനിമാരില്‍ ഒരാളെയും ഇതുവഴി കാണുന്നില്ലല്ലൊ..

പരാജിതന്‍ പറഞ്ഞു...

ഇതിപ്പോഴാ വായിച്ചത്‌. നന്നായിരിക്കുന്നു.

Sujith S V Panicar പറഞ്ഞു...

വിശാഖേട്ടാ നല്ല കവിത.ഇപ്പോള്‍ ആ‍ണ് ഈ കവിത കണ്ടത്.അതും വിഷ്ണു മാഷ് അറിയിച്ചപ്പോള്‍. ഇത്രയും നല്ല കവിതയെക്കുറിച്ചു പറഞ്ഞതിനു മാഷിനോടും നന്ദി.
("ആടൊരുത്തി
എരുത്തിലില്‍ ‍പെറ്റാലും
പെണ്ണൊരുത്തി
ഉരപ്പെരേല്‍ പെറ്റാലും
പെണ്ണായ്‌ പിറന്നോള്‍ക്ക്‌
പേറ്റുനോവ്‌ മിച്ചം.")തീഷ്ണമായ വാക്കുകള്‍.

അപ്പു ആദ്യാക്ഷരി പറഞ്ഞു...

നന്നായി ഈ കവിത.

അനിലൻ പറഞ്ഞു...

വായിക്കാന്‍ വൈകി വിശാഖ്,
അതൊരു കുറ്റമാണെന്നു തോന്നുന്നു.
നല്ല കവിത

വിശാഖ് ശങ്കര്‍ പറഞ്ഞു...

ഹരിക്കും സുജിത്തിനും അപ്പുവിനും നന്ദി.വിഷ്ണുവിന് ഒരു നന്ദി കൂടി.
അനിലേ,ബൂലോകത്ത് മൂന്നുനാലുമാസങ്ങള്‍ പിന്നിട്ട ശേഷമാണ് നിങ്ങളെ പരിചയപ്പെടാനായത്.അതും ഹരി പറഞ്ഞിട്ട്.അന്നെനിക്കും കുറ്റബോധം തോന്നിയിരുന്നു.പുതിയ കവിതയ്ക്കായി കാത്തിരിക്കുന്നു...

അജ്ഞാതന്‍ പറഞ്ഞു...

കൊള്ളാം, നല്ല കവിത.

വേണു venu പറഞ്ഞു...

വിശാഖേ നല്ലൊരു കവിത വായിച്ചു.:)

Kuzhur Wilson പറഞ്ഞു...

അറവുകാരന്‍ പിന്നെയും വില്ലനായതു മാത്രം സങ്കടപ്പെടുത്തി. കിടിലന്‍ വിശാഖ്.

വിശാഖ് ശങ്കര്‍ പറഞ്ഞു...

വാളെടുത്തവരെല്ലാം അറവുകാരല്ലെന്ന സൂചന മനസിലാക്കുന്നു...വാളെടുക്കാതെ അറുത്തൊടുക്കുന്നവരാണേറെയും..പാവം അറവുകാരന്‍ നിരന്തരം ക്രൂശിക്കപ്പെടുന്നൊരു ബിംബം മാത്രം...
നന്ദി വിത്സണ്‍.

ജ്യോതീബായ്‌ പരിയാടത്ത്‌ പറഞ്ഞു...

ഒന്നു മനസ്സിലായി കവി 'ഇളക്കങ്ങള്‍" എന്ന സിനിമ കണ്ടിട്ടുണ്ടെന്നു . പിന്നെ പെണ്‍പക്ഷ കവിത തന്നെയോ എന്നു പെണ്‍പക്ഷത്തിനൊരു സംശയം.നമ്മടെ സുസന്നമ്മേടെ പടത്തിനേം ആരൊക്കെയോ പെണ്‍പക്ഷം ന്നു പറഞ്ഞിരുന്നു. നല്ല കവിത വിശാഖ്‌ ശങ്കര്‍..

വിശാഖ് ശങ്കര്‍ പറഞ്ഞു...

നന്ദി,പുനര്‍ജനി..
‘ഇളക്കങ്ങള്‍’എന്ന സിനിമയെക്കുറിച്ച് ഓര്‍മയില്ല.കണ്ടിരിക്കാം..എന്തെങ്കിലും സൂചന തന്നാല്‍ ഓര്‍മ്മ വരും.സ്ത്രീപക്ഷ രചനയ്യണെന്നൊന്നും അവകാശവാദമില്ല.സ്ത്രീവിരുദ്ധരചനായ് തോന്നിയെങ്കില്‍ ദയവായ് കാരണം പറയണം....

ജ്യോതീബായ്‌ പരിയാടത്ത്‌ പറഞ്ഞു...

സ്ത്രീപക്ഷം എന്ന ഒരു തരംതിരിവിണ്റ്റെ ആവശ്യമൊന്നും അതിനില്ലെന്നു മാത്രമാണു ഉദ്ദേശിച്ചതു.പക്ഷങ്ങള്‍ രണ്ടാണെന്നതു ശരി അതിണ്റ്റെ പേരില്‍ രണ്ടു പക്ഷം ആവുന്നതിനോടു വലിയ അഭിപ്രായമൊന്നും ഇല്ലാത്ത ഒരാളെന്ന നിലയിലുള്ള ഒരു comment എന്നു കരുതിയാല്‍ മതി . 'ഇളക്കങ്ങള്‍' മോഹന്‍ ആണു സംവിധാനം എന്നൊരൊരോര്‍മ്മ. ഡേവിഡ്‌ കാച്ചപ്പള്ളി -ഇന്നസണ്റ്റ്‌ ടീം. ചില വരികള്‍ അതിലെ ഒരു കഥപാത്രത്തെ ഓര്‍മിപ്പിച്ചു

വിശാഖ് ശങ്കര്‍ പറഞ്ഞു...

താങ്കളുടെ അഭിപ്രായത്തോടു ഞാനും യോജിക്കുന്നു.
‘ഇളക്കങ്ങള്‍‘ കണ്ടിട്ടില്ല.ഒന്നു കാണണമെന്നുണ്ട് ഇപ്പോ..
നന്ദി പുനര്‍ജനി.

രാഗേഷ് പറഞ്ഞു...

കലാകൌമുദി മലയാളം ബ്ലോഗിനെ ഒന്നടങ്കം അപമാനിച്ചതില്‍ പ്രതിഷേധിച്ച് 11 - 2 - 2008 തിങ്കളാഴ്ച രാവിലെ 6 മണിമുതല്‍ 24 മണിനേര ബ്ലോഗ്ഗര്‍ത്താല്‍ പ്രഖ്യാപിച്ച വിവരം അറിയിക്കുന്നു . ആയതിനാല്‍ 11.2.08 രാവിലെ 6 മണി മുതല്‍ 12.2.08 രാവിലെ 6 മണി വരെ ആരും തന്നെ ബ്ലോഗ് പോസ്റ്റാതെയും മറ്റ് ബ്ലോഗുകള്‍ വായിക്കാതെയുംകമന്റ് എഴുതാതെയും ബ്ലോഗുകള്‍ അടച്ച് ഈ പ്രതിഷേധ ബ്ലോഗ്ഗര്‍ത്താലില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .