18/3/07

ഞാനും നീയും...

ഒരിയ്ക്കലെങ്കിലും രാത്രിയില്‍
തനിച്ച്‌,
പൂര്‍ണ്ണമായും തനിച്ച്,
നടന്നിട്ടുണ്ടോ നീ?

വലിപ്പമേറി വരുന്ന ഭൂഗോളത്തിന്റെ
ഇങ്ങേത്തലക്ക്,
ആകാശവും ഭൂമിയും
കൂട്ടിമുട്ടുന്ന അപാരതയ്ക്കു കീഴെ,
തനിച്ചിരുന്നു വിറയ്ക്കുന്ന
ഒറ്റത്താരകയുടെ കണ്‍കോണില്‍,
ഓര്‍മ്മകളുടെ ഇല കൊഴിയുന്ന
ക്രൂരമായ ശിശിരത്തില്‍,
നിരന്തരം പിന്തുടരുന്ന
വീണ്‍വാക്കുകളുടെ മരുപ്പറമ്പില്‍,
ഒറ്റയ്ക്കകപ്പെട്ടിട്ടുണ്ടോ നീ?

കണ്ണെത്താദൂരത്തോളം
പരന്നു കിടക്കുന്ന
ഊഷരഭൂമി നിന്നെ
പേടിപ്പിച്ചിട്ടുണ്ടോ?

ഒരു ചെറുപുല്‍ക്കൊടിയുടെ
സൌഹൃദം തേടി
ഒരു ചെറുനീരുറവയുടെ ഹൃദയം തേടി
നെഞ്ചുപൊട്ടി അലഞ്ഞിട്ടുണ്ടോ നീ?

അപാരതയുടെ അനാഥമായ മണല്‍വഴികളില്‍
നിന്റെ പേര് കോറിയിട്ടിട്ടുണ്ടോ,
ആരും ഒരിയ്ക്കലും കാണില്ലെന്നുറപ്പുണ്ടായിട്ടും,
കാറ്റിനാല്‍ മായ്ക്കപ്പെടാന്‍
മാത്രമാണെങ്കിലും?

എങ്കില്‍ നമുക്കു പരസ്പരം
പരിചയപ്പെടാം
ഞാന്‍ ഏകാന്തത,
നീ അനാഥത്വം...!

8 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

എല്ലാ ചോദ്യങ്ങള്‍ക്കും ഉണ്ട് ..ഉണ്ട്...എന്ന് ഉത്തരം പറഞ്ഞു വന്ന് ഒടുവില്‍ ഞാനെന്റെ പേര് വായിച്ച് അക്ഷരാര്‍ഥത്തില്‍ ഞെട്ടി:അനാഥത്വം.

സുനീത...

പൊന്നപ്പന്‍ - the Alien പറഞ്ഞു...

ഇല്ലെന്നൊരുത്തരമില്ലെങ്കിലും
കഷ്ടം! ഒറ്റയായിട്ടില്ലയൊട്ടുമിന്നും..

ഒന്നുമില്ലെങ്കിലും
ഒന്നിനൊന്നാകുവാന്‍‍,
എന്നെപ്പിളര്‍ന്നു ഞാന്‍ രണ്ടായിടും.
രണ്ടെത്ര തുശ്ചം !
അടുത്ത പുലരിയില്‍,
രണ്ടായിരത്തിന്റെ കൂക്കു കേട്ടു.

ഓര്‍‌ക്കുവാനാകും -
വരുന്ന പേമാരിയില്‍,
ആര്‍ത്തലക്കുന്ന നിശബ്ദപ്പെരുക്കത്തില്‍,
ഓരോ കുടക്കീഴില്‍,
ഒന്നായിരിക്കാതെ,
ചിന്നിത്തെറിച്ചു നാം പെയ്തൊടുങ്ങും.

ഒറ്റയ്ക്കിരിക്കുവാ‍നെത്രയ്ക്കു
ഞങ്ങളെ തമ്മിലലിച്ചു ഞാനൊന്നാവണം!
ഒറ്റയ്ക്കു മുന്‍പേ തുടങ്ങിയതാകയാല്‍
അറ്റമില്ലാതെയലിഞ്ഞും പോകും..
എത്ര വിചിത്രം!
അനാഥനാണിന്നും ഞാനെങ്കിലും
ഞാനെന്നതെത്ര ഞങ്ങള്‍!

Kuzhur Wilson പറഞ്ഞു...

നമ്മള്‍ ആരെയെങ്കിലും മറന്നാല്‍ അല്ലേ പരിഭവം ഉണ്ടാവുക. വഴക്കു ഉണ്ടാവുക.
അതുകൊണ്ടു ഇപ്പോള്‍
സ്വയം മറന്നാണു ഇരിപ്പു.

കവിത നല്ല ഇഷ്ടമായി.
ആ വഴികളിലൂടെ ഒന്നു കൂടി നടക്കുകയും ചെയ്തു

വിശാഖ് ശങ്കര്‍ പറഞ്ഞു...

ഈ കവിതയും പതിവുപോലെ ആര്‍ദ്രമായ കല്‍പ്പനകളാല്‍ സമ്പുഷ്ടമാണ്.എങ്കിലും എനിക്ക് ഏറെ ഇഷ്ടം ‘ലോലമനസ്കയുടെ ഇ-പ്രണയം’,‘എനിക്കും നിങ്ങള്‍ക്കും ഇടയില്‍’ തുടങ്ങിയ കവിതകളില്‍ ഒളിഞ്ഞിരിക്കുന്ന നിഷേധത്തിന്റെ കരുത്താണ്..

രണ്ടു പെണ്മക്കളുടെ അച്ഛനെന്നനിലയ്ക്ക് ഏതൊരു സ്ത്രീഹൃദയത്തിലും ആര്‍ദ്രതയിലേറെ കരുത്താണ് എനിക്ക് പ്രതീക്ഷിക്കുവാനുള്ളത്..അല്ലേ...

സുനീത.ടി.വി. പറഞ്ഞു...

വിഷ്ണുപ്രസാദ്-നിങ്ങളുടെ കമന്റിന്റെ മുന്നില്‍ കവിത തോറ്റു, ഞാനും.വളരെ നന്ദി
പൊന്നപ്പാ-ഒരു കഞ്ഞു പാവം കവിതയ്ക്ക് മറുപടി ഇത്രയ്ക്ക് കേമമായ ഒരു കവിതയോ!വളരെ ഇഷ്ടായി
ധനാ- നന്ദി
കുഴൂര്‍ വില്‍സന്‍-വളരെ നന്ദി-നിങ്ങളുടെ കവിതകള്‍ ഞാന്‍ വായിക്കാറുണ്ട് ,ഇഷ്ടമാണ്.
വിശാഖ്-നന്ദി,ഞാന്‍ നന്നാവാന്‍ ശ്രമിക്കാഞ്ഞിട്ടല്ല, പക്ഷേ പറ്റണ്ടേ...എനിക്കും നിങ്ങളുടെ അതേ അഭിപ്രായമാണ്.

ജ്യോതീബായ്‌ പരിയാടത്ത്‌ പറഞ്ഞു...

നമുക്കു പരസ്പരം
പരിചയപ്പെടാം....

Promod P P പറഞ്ഞു...

വായിച്ചപ്പോള്‍ എവിടേയൊക്കേയോ പോയി.തിരിച്ച് ബോധത്തിലെത്തിയപ്പോള്‍ അനാഥത്വം ഒരു സംഭവമല്ല മറിച്ച് ഒരു അവസ്ഥയായി മാറിയിരിക്കുന്നു എന്ന സത്യം മനസ്സിലായി..

കവിത അതീവ ഹൃദ്യം.. അഭിനന്ദനങ്ങള്‍..

qw_er_ty

S.Harilal പറഞ്ഞു...

2004-August 30-നു ഞാന്‍ എഴുതിയ "अपनों के बीच" എന്ന ഹിന്ദി കവിത ഇപ്പൊള്‍ "അന്ന്യന്‍" എന്ന പേരില്‍‌ മലയാത്തില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിരിക്കുന്നു.
സുനീതയുടെ കവിതയും അതിശയകരമായി അനാഥത്വത്തില്‍ അവസാനിക്കുന്നുവെങ്കില്‍ അന്ന്യന്‍ എന്ന എന്റെ കവിത വായിച്ചുനോക്കുക.
മലയാളം‌ കവിതകള്‍: അന്ന്യന്‍‌