21/2/10

രാഷ്ട്രീയ ജാഗ്രതയുടെ എഴുത്ത്


ഓര്‍മ കേവല കാല്പനികതയുടെ വിഷാദ സ്ഥലികളില്‍ അല്ല വര്‍ത്തമാന മലയാള കവിതയില്‍ പ്രവൃത്തിക്കുന്നത്. ചരിത്രത്തെ അപനിര്‍മിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ജാഗ്രതയുടെ അടയാളമായാണ്. കേരളീയ ജീവിതത്തിന്‍റെ സമീപ ഭൂതകാലത്തെ, സാമാന്യ മനുഷ്യന്‍റെ പൌരത്വത്തെ കവിതയില്‍ ആഖ്യാനം ചെയ്യുന്ന പുസ്തകമാണ് പ്രമോദ് കെ എമ്മിന്‍റെ 'അടിയന്തരാവസ്ഥ നഷട്പ്പെടുത്തിയ ആറു വര്‍ഷങ്ങള്‍ ( കറന്റ് ബുക്സ് തൃശ്ശൂര്‍ ‍) . മൂല്യാധിഷ്ടിത ജീവിതത്തെ ശിശുസഹജമായ നിഷ്കളങ്കതയോടെ പുനര്‍വായിക്കുന്ന എഴുത്ത് ഈ കവിതാപുസ്തകത്തിലുണ്ട്. അത് ഒരേ സമയം അപചയം വന്ന ഇടതു മാനവികതയോടുള്ള സംവാദമായും വിമര്‍ശമായും ആഖ്യാനപ്പെടുന്നു. കവിതയുടെ രസധ്വനിക്കപ്പുറം ജനതയുടെയും ദേശത്തിന്റെയും വിനിമയ മേഖലകളാണ് അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങളിലെ പ്രമേയ പരിസരം. കാവ്യരൂപത്തെ കുറിച്ചുള്ള ഉത്കണ്ഠകളില്‍ അല്ല ഈ കവിയുടെ ശ്രദ്ധ. തന്റേതു മാത്രമായ ഓര്‍മകളെ, അനുഭവങ്ങളെ തദ്ദേശീയവും സാമൂഹികവുമായ രാഷ്ട്രീയ ആദര്‍ശങ്ങളുടെ സമീപസ്ഥതയില്‍ വെച്ച് ഇതിലെ കവിതകള്‍ ആവിഷ്കരിക്കപ്പെടുന്നു.
അനങ്ങാതെ കിടക്കുന്ന ചരിത്രത്തെ ഈ കവി തൊട്ടു വിളിക്കുന്നു. മിണ്ടാട്ടം മുട്ടിപ്പോയ 'വിപ്ലവത്തെ' പൊതുസ്ഥലത്ത് വെച്ച് ചോദ്യം ചെയ്യുന്നു.
അമ്പത്തിമൂന്നു ദിവസം മുന്‍പ് മരിച്ച
അമ്പുവേട്ടന്റെ വോട്ടു ചെയ്തതിനു ശേഷം
ഞാന്‍ സംതൃപ്തിയോടെ പാടി
ഇല്ലാ നിങ്ങള്‍ മരിച്ചിട്ടില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ.
‘തെരഞ്ഞെടുപ്പ്’ എന്ന കവിത ഇങ്ങനെയാണ്. കൈവിട്ടുപോയ ആദര്‍ശത്തിന് ഇണങ്ങുന്ന അര്‍ത്ഥോല്പാദനം ഈ കവിത സാധ്യമാക്കുന്നു. ഫലിതയുക്തിയോടെ ചരിത്രത്തെ പുനര്‍ വായിക്കുന്ന എഴുത്താണിത്. ഓര്‍മകളുടെ ചാക്രികതയില്‍ ഈ കവി ' വസന്തത്തിന്‍റെ ഇടിമുഴക്കങ്ങളെ ' പ്രതീക്ഷിക്കുന്നു. ബോംബു പൂക്കുന്ന നാട്ടില്‍ കണ്ണാടിയില്‍ സ്വന്തം തല കാണാതാവുന്ന സാംസ്കാരിക നായകനെ കുറിച്ച് പറയുമ്പോഴും (ഒരു വിലാപം ) അകാരണമായി കിണറ്റിലേക്ക് നോക്കവേ , വര്‍ഷങ്ങള്‍ക്കു മുന്‍പ് അതിനകത്ത് ഒളിവില്‍ക്കഴിഞ്ഞ കാന്തലോട്ട് കുഞ്ഞമ്പു കാപ്പി കുടിക്കാന്‍ ക്ഷണിക്കുമ്പോഴും(കിണര്‍ ) അനുസരണയില്ലത്തൊരു കാലം കവിതയിലുടനീളം പരക്കുന്നു. കാവ്യ സൌഭഗങ്ങളല്ല ഇവയൊന്നും നല്‍കുന്നത്. ചിലപ്പോള്‍ കഥാത്മകം എന്ന് തോന്നിക്കുന്ന ആഖ്യാന പരതയിലാണ് ഇവിടെ വാക്കുകള്‍ അനുഭവത്തെ പ്രക്ഷേപിക്കുന്നത്.
രൂപാന്തരപ്പെടുന്ന ആദര്‍ശങ്ങളുടെ വര്‍ത്തമാനമാണ്‌ ഒരര്‍ത്ഥത്തില്‍ പ്രമോദ് ആവിഷ്കരിക്കുന്നത്. വൈയക്തികമായ അനുഭൂതി ദേശങ്ങളുടെ പ്രകാശനമല്ലിത്. 'ഞാന്‍ ആരുടെ തോന്നലാണ്?' എന്ന കുഞ്ഞുണ്ണി തത്വം പോലെ ഉറഞ്ഞുകൂടി നില്‍ക്കുന്ന കര്‍തൃത്വം ഇക്കവിതകളുടെയെല്ലാം അന്തര്‍ധാരയാണ്. സ്വാനുഭവങ്ങളുടെ തുച്ഛതയിലല്ല, അതുകൊണ്ട് തന്നെ ഇവയുടെ പിറപ്പ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം പിറന്നവനാകയാല്‍ തനിക്കു നഷ്ടമായ ആ 'അസുലഭ കാലഘട്ട' ത്തെ കവിതയില്‍ കയറ്റി വെക്കുന്നു ഈ ചെറുപ്പക്കാരന്‍ . സ്വന്തം വാല് തിന്നു വിശപ്പടക്കുന്ന പെരുംപാമ്പായി ഇടത് ആദര്‍ശത്തെ ഇതിലെ കവിതകള്‍ ആഖ്യാനം ചെയ്യുന്നു. ചരിത്രത്തിന്റെ ഘര്‍ഷണങ്ങളില്‍ നിന്നെന്ന പോലെ ദേശത്തിന്റെ ഭൂഗുരുത്വത്തില്‍ നിന്നും അടിയന്തരാവസ്ഥയുടെ കവിക്ക്‌ ഒഴിഞ്ഞു മാറാനവുന്നില്ല.


ബാര്‍ബര്‍
ബാര്‍ബര്‍ കണ്ണേട്ടനും, മൊയ്തൂക്കയും, കുട്ട്യപ്പയും, കുഞാക്കമ്മയും, ചന്തൂട്ടി വൈശറും, ഉണ്ണിച്ചിരുതയും, കുഞ്ഞമ്പുവേട്ടനും, കുമാരേട്ടനും, ബാലേട്ടനും, നാരാണ്യേച്ചിയും, ശ്രീധരേട്ടനും, ദാമോദരേട്ടനും, കടൂരിലെ കണ്ടാലറിയുന്ന അനേകരും ഉടലോടെ പ്രമോദിന്റെ കവിതയില്‍ പാര്‍ക്കുന്നു. ഉത്തര മലബാറിന്റെ നാട്ടുഭാഷയില്‍ അവര്‍ ജീവിതത്തെ വരയ്ക്കുന്നു. ഇണക്കങ്ങളും പിണക്കങ്ങളും ഉള്ള ആള്‍പ്പാര്‍പ്പുള്ള വീടുപോലെ അടിയന്തരാവസ്ഥയിലെ കവിതകള്‍ ദേശ സ്വത്വത്തെ തിരിച്ചു പിടിക്കുന്നു. എരിഞ്ഞു തീരുന്ന മനുഷ്യത്വത്തിന്റെ നാളത്തെ ഇരുകയ്യും കൊണ്ട് അണച്ചു പിടിക്കുന്നു ഈ ദേശ ബോധം. പങ്കു വെയക്കപ്പെടുന്ന കാലത്തെ തന്നെയാണ് അത് സാകൂതം നോക്കുന്നത്. കാലത്തിന്റെ കൂട്ടുകൃഷിയിലെ ഒരംഗം മാത്രമാണ് ഇവിടെ കവിയും. ഓര്‍മയുടെ ചൂരില്‍ അയാള്‍ വാക്കിന്റെ വെള്ളവും വളവും ഏകുന്നു.
കാവ്യ കൌതുകത്തിന്റെ നിര്‍മാണ ഫാക്ടറിയില്‍ നിന്നല്ല ഈ കവി ഉത്തേജിതനാവുന്നത് എന്നത് കൊണ്ടും ഇതുവരെ കവിതയ്ക്ക് കടന്നു ചെല്ലാന്‍ കഴിയില്ലെന്ന് തോന്നിയ പൊതു ബോധത്തിന്റെ / പൊതു ഇടത്തിന്റെ രാഷ്ട്രീയ പരിസ്ഥിതിയിലേക്ക് കവിതയെ നടത്തുന്നു എന്നത് കൊണ്ടും പ്രമോദ് കെ എമ്മിന് പുതിയ കവിതയുടെ ബഹുവിധമായ വ്യവഹാരികതയില്‍ ചെറുതല്ലാത്ത ഇടമുണ്ട്. ദേശോന്മുഖമായ കവിത വര്‍ത്തമാനത്തിനു 'അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍ ' ആമുഖമാകുമെന്നു പ്രതീക്ഷിക്കാം. ആഖ്യാന സാധ്യതകളുടെ പുതിയ മേഖലകളിലേക്ക് വാക്കിന്റെ ഈ ഉള്‍ബലം കരുത്തു പകരട്ടെ.

6 അഭിപ്രായങ്ങൾ:

വിനു പറഞ്ഞു...

അടിയന്തരാവസ്ഥയുടെ കവിക്കും സുധീഷേട്ടനും......
ആശംസകള്‍..!!

പുതു കവിത പറഞ്ഞു...

nalla vaayana

കുഴൂര്‍ വില്‍‌സണ്‍ പറഞ്ഞു...

സുധീ, പ്രമോദിന്റെ കവിതകളെക്കുറിച്ച് നീ ഓടിച്ചിട്ട് എഴുതിയ പോലെ. എന്നാലും ആരും മിണ്ടാത്തതിനാല്‍ ഭേദമല്ലേ. നീയെങ്കിലും മിണ്ടുന്നത്.

പുതിയ കാലത്തെ ചെറുപ്പക്കാരുടെ രാഷ്ട്രീയം(അരാഷ്ട്രീയവും) അടയാളപ്പെടുത്തുന്ന നിരവധി കവിതകള്‍ പ്രമോദിന്റേതായുണ്ട്.

പ്രമോദിന്റെ കവിതക്കും നിന്റെ വായനക്കും ലൌസലാം

ഉഷാകുമാരി.ജി. പറഞ്ഞു...

നന്നായി.

perilla പറഞ്ഞു...

nannaye ttund

perilla പറഞ്ഞു...

nannaye